Campus Alive

ഫ്രണ്ട്ഷിപ്പ്: കീഴാള ദൈനംദിനാനുഭവങ്ങളും ലിബറൽ ജാതിവിരുദ്ധതയും

പോസ്റ്റ്-മണ്ഡൽ കാമ്പസ് ചർച്ചകളിൽ ഏറ്റവും നിർണ്ണായകമായി മാറിയത് ജാതിവിരുദ്ധ രാഷ്ട്രീയം തന്നെയാണ്. കീഴാള വിദ്യാർത്ഥികളുടെ രംഗപ്രവേശനം/കടന്നുവരവ് കാമ്പസ് രാഷ്ട്രീയത്തെ അടിമുടി മാറ്റിയെഴുതി. ഫ്രണ്ട്ഷിപ്പ് എന്ന പുസ്തകം വായിക്കുന്ന വിഥ്യാർത്ഥികൾക്കും രാഷ്ട്രീയനിരീക്ഷകർക്കും സൂക്ഷ്മരാഷ്ട്രീയത്തിന്റെ ആവശ്യകതയെ പറ്റി ബോധ്യം ഉണ്ടാക്കുന്ന തരത്തിലാണ് പുസ്തകത്തെ പി.കെ രതീഷ് എന്ന എഴുത്തുകാരൻ കൊണ്ടുപോവുന്നത്.

രോഹിത് വെമുലയുടെ കാമ്പസായ ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പി.കെ രതീഷ് സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ രൂപപ്പെടുത്തിയെടുത്തതാണ് ഫ്രണ്ട്ഷിപ്പ് എന്ന ഈ പുസ്തകം. സുഹൃദ്ബന്ധങ്ങളെ പറ്റി വളരെ നിഷ്കളങ്കമായുള്ള മനസ്സിലാക്കലുകൾക്കപ്പുറത്ത് സുഹൃദ്ബന്ധങ്ങൾക്കുള്ളിലെ സംഘർഷങ്ങളെയും അവയിലെ അധികാര ബന്ധങ്ങളെയും ഈ പുസ്തകം വിശകലന വിധേയമാക്കുന്നു. അഞ്ച് അദ്ധ്യായങ്ങളുള്ള പുസ്തകം പിൻകുറിപ്പോടുകൂടി എഴുത്തുകാരൻ അവസാനിപ്പിക്കുകയും ചെയ്യുന്നു. പുസ്തകത്തിലെ നാലാം അദ്ധ്യായത്തിൽ കമ്മട്ടിപ്പാടം, ഒഴിവ്ദിവസത്തെ കളി എന്നീ രണ്ട് സിനിമകളിലെ ജാതീയമായ ഹിംസകളെ വിശകലനം ചെയ്യുന്നുണ്ട്. അതിൽ കമ്മട്ടിപ്പാടത്തെ പറ്റി എ.എസ് അജിത്കുമാർ മുന്നോട്ടുവെച്ച എത്നോഗ്രഫിക് വയലൻസ് എന്ന ആശയത്തെ ഒന്നുകൂടി വിശകലനം ചെയ്ത് എഴുത്തുകാരൻ മുന്നോട്ടുപോവുന്നു. തുടർന്ന് എത്നോഗ്രാഫർ ദുൽഖർ സൽമാന്റെ കഥാപാത്രം എങ്ങനെയാണ് ഗംഗയെന്ന വിനായകനെ ഒതുക്കുന്നതെന്നും അതിലെ ‘നിസ്സഹായനായ’ ദലിത് കഥാപാത്രം എന്ത് തരം രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്നും ഈ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു. എത്നോഗ്രഫി എഴുത്തും ആധിപത്യവും എന്ന ഉപശീർഷകത്തിൽ ഈ നാലാം അദ്ധ്യായത്തിൽ തന്നെ ഫിലിംമേക്കർ(എത്നോഗ്രാഫർ) എന്ന അർത്ഥത്തിൽ ജാതിയെ എങ്ങനെയാണ് ആസ്വാദന ഇടമാക്കി മാറ്റിയതെന്ന് ഒന്ന് കൂടി ഊന്നി പറയുന്നു. അതായത് ഫിലിംമേക്കർ എങ്ങനെയാണ് ആധിപത്യത്തിന് ശ്രമിക്കുന്നത് എന്ന കാതലായ ചോദ്യം ഈ സിനിമയെ പറ്റിയുള്ള പഠനത്തിൽ ഉയർത്തുന്നുണ്ട്. പഴയകാല(distance) അകറ്റി നിർത്തുക എന്ന ബ്രാഹ്മണിക് രീതിയിൽ നിന്ന് മോഡേൺ ബ്രാഹ്മിൺ എങ്ങനെയാണ് പുതിയ അന്യത്തെ സൃഷ്ടിക്കുന്നതെന്നും ഈ പുസ്തകം പറയുന്നു. ഇവിടെ പി.കെ. രതീഷിന്റെ സുഹൃത്തായ അരുൺ അശോകൻ (അദ്ദേഹമാണ് ഈ പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്) എന്ന ഗവേഷകന്റെ സമയത്തെ പറ്റിയുള്ള ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണം എഴുത്തുകാരൻ കൊണ്ടുവരുന്നുണ്ട്. വായനക്കാരൻ എന്ന നിലയിൽ അരുൺ അശോകന്റെ പ്രസ്തുത വീഡിയോ ദലിത് കാമറയിൽ അപ്‌ലോഡ് ചെയ്തത് ഞാനായിരുന്നു. ആ പ്രഭാഷണം രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിനെ ആസ്പദമാക്കിയുള്ളതായിരുന്നു. അതിൽ സമയം എങ്ങനെയാണ് ദലിതരെ ഇല്ലാതാക്കുന്നത്, ബ്രാഹ്മണിക് സമയം(bhrahmanical temperality) എങ്ങനെയാണ് ദലിതരെ ഭൂതകാലങ്ങളിൽ ഫിക്സ് ചെയ്യാൻ ശ്രമിക്കുന്നത് എന്നീ ആശയങ്ങളെ ഉൾക്കൊള്ളുന്നതായിരുന്നു. ഇവിടെ കമ്മട്ടിപ്പാടത്തിൽ ഗംഗയും ബാലനും എങ്ങനെയാണ് അക്രമസ്വഭാവമുള്ള പ്രകൃതരും നിഷ്കളങ്കരുമായി മാറുന്നത്. ‘റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങുക’ എന്ന പരമാവധി എത്തിപ്പിടിക്കാൻ കഴിയുന്ന സാംസ്കാരിക അവസ്ഥയിലേക്ക് മാറ്റിയത് ‘ലിബറൽ ജാതിവിരുദ്ധ’ രാഷ്ട്രീയത്തിന്റെ പ്രശ്നമായി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

ദലിത് ബഹുജൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് നവജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ രാഷ്ട്രീയം കൂടി ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഒരു കീഴാള വിദ്യാർഥി എന്ന നിലയിലുള്ള വായനക്കാർക്ക് ഗ്രഹിക്കാൻ കഴിയും. അത്കൊണ്ട് തന്നെ ദലിത്-മുസ്‌ലിം രാഷ്ട്രീയം ചർച്ച ചെയ്ത് വർഗ്ഗീയ പട്ടവും തീവ്രവാദി പട്ടവും കിട്ടിയ വിദ്യാർത്ഥികൾക്കായി ഈ പുസ്തകം തത്ത്വചിന്താപരമായ ചില ആശയങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.

അദ്ധ്യായം ഒന്ന് തുടങ്ങുന്നത് പുസ്തകത്തിന്റെ പേരിൽ നിന്ന് തന്നെയാണ്, ഫ്രണ്ട്ഷിപ്പ് ബ്രാക്കറ്റിന് (അകത്തും) പുറത്തും. ഫ്രണ്ട്ഷിപ്പ് എന്നത് ഒരു തരത്തിൽ ബ്രാക്കറ്റിംങ് അവസ്ഥയാണ്. ബ്രാക്കറ്റിൽ വലപോലെ എത്തുന്ന സുഹൃദ് ബന്ധങ്ങളെ നിർണ്ണയിക്കുന്നതെന്താണ്? എന്ന ചോദ്യം ചോദിച്ച് കൊണ്ടാണ് ഗ്രന്ഥകർത്താവ് മുന്നോട്ട് പോവുന്നത്. PMD എന്ന ദലിത് സുഹൃത്ത് പറഞ്ഞ കാര്യം “ഉന്നതജാതിക്കാരുമായി സൗഹൃദത്തിലാകുവാൻ എനിക്കാവില്ല”, ഇത് ഉന്നതജാതിക്കാർക്ക് ദലിത് യുവാവിനെ നേരിട്ട് ഉൾക്കൊള്ളാൻ പറ്റില്ല എന്ന് പറയുന്നത് ദലിത് യുവാവിന്റെ തോന്നലല്ല മറിച്ച് ഉന്നത ജാതി സുഹൃത്തുകളുടെ സമീപനത്തിൽ നിന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ട കാര്യമാണ്. പുരോഗമന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി സവർണ്ണ വിദ്യാർത്ഥികൾ ഉൾപ്പെടുത്തുകയും കുറച്ച് കഴിയുമ്പോൾ സിസ്റ്റമാറ്റിക്കായി ഒതുക്കുന്നതും PMD എഴുത്തുകാരനുമായി പങ്കുവെക്കുന്നു. ഇത്തരത്തിൽ വിദ്യാർഥികളുടെ ദൈനംദിന അനുഭവങ്ങളെ വിശകലനം ചെയ്യുന്നു എന്നതിലാണ് പുസ്തകത്തിന്റെ പ്രസക്തി കിടക്കുന്നത്. അത്തരത്തിൽ കീഴാള വിദ്യാർഥികളുടെ ദൈനംദിന രാഷ്ട്രീയ ജീവിതത്തെയും ഫ്രണ്ട്ഷിപ്പിനെയുമാണ് ഈ പുസ്തകം അടയാളപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് വായനക്കാരന് മനസ്സിലാക്കാൻ കഴിയും. 2006-കാലഘട്ട ജീവിതത്തിലെ മണ്ഡൽ കമ്മീഷൻ ചർച്ചകളുടെ കാലത്താണ് PMD തന്റെ ഈ അനുഭവങ്ങളിലൂടെ കടന്ന് പോവുന്നത്. ഈ സംഭാഷണം ഗ്രന്ഥകർത്താവിനെ സൂക്ഷ്മമായ സവർണ്ണ സുഹൃത്തുക്കളെ നിരീക്ഷിക്കുന്നതിലേക്കും നയിച്ചു. പൗലോ ഫെയർ വിശേഷിപ്പിച്ചിട്ടുള്ള കപട ഔദാര്യം(Fake Generosity) പ്രകടിപ്പിക്കുന്ന ഒരുപാടുപേരെ സവർണ്ണ സുഹൃത്തുക്കൾക്കിടയിൽ എനിക്ക് കാണാനിടയായിട്ടുണ്ട് എന്ന് സവർണ്ണ ജാതി സുഹൃത്തുക്കളുമായുള്ള അക്കാദമിക് ഇടപാടുകളുടെ പല എപ്പിസോഡുകളും പരിശോധിക്കുമ്പോൾ മിക്ക ദലിത്-ബഹുജൻ ആളുകൾക്കും ബോദ്ധ്യപ്പെട്ട കാര്യമായി എഴുത്തുകാരൻ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒന്നാം അദ്ധ്യായം അക്കാദമിക സമുദായങ്ങളിലെ അകത്താക്കൽ പുറത്താക്കൽ രാഷ്ട്രീയത്തെ കൂടി ചർച്ച ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

രണ്ടാം അദ്ധ്യായം, പി.കെ രതീഷ് എന്ന എഴുത്തുകാരൻ വിദ്യാർഥിയായും അധ്യാപകനായും ജീവിച്ച ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രവും ദലിത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഇടപെടലിന്റെ ചരിത്രവും കൂടിയാണ്. മലയാളി വിദ്യാർഥികളെ സംബന്ധിച്ച് ഇടത്-വലത് വിദ്യാർഥി രാഷ്ട്രീയത്തിനപ്പുറത്ത് ജാതിയെ അടിസ്ഥാനമാക്കിയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾ പുതിയ അനുഭവമാകുകയും ജാതിയെ പറ്റി തുറന്ന് പറയുകയും ജാതി വേരുകൾ കീഴാള വിദ്യാർഥികൾ സ്വീകരിച്ച് ജാതി രാഷ്ട്രീയം വളരെ വിസിബിളായി നിലനിൽക്കുന്ന സമയത്തെ പറ്റി കൂടി ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ജാതിയെ പറ്റി പറയുക എന്നത് സവർണ്ണ വിദ്യാർഥി രാഷ്ട്രീയക്കാരെ സംബന്ധിച്ച് അവരുടെ ജാതി ശ്രേണിയെ അല്ലെങ്കിൽ ജാതിയെ തിരിച്ചറിയാൻ സഹായിച്ചിരുന്ന ഒന്നുകൂടിയായി മാറിയതിന്റെ പ്രശ്നത്തെ കൂടി സുക്ഷ്മരാഷ്ട്രീയത്തിന്റെ ഭാഗമായി തിരിച്ചറിയുന്നതിന്റെ നിമിഷത്തെ ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

‘അരക്ഷിതമാവുന്ന സവർണ്ണയിടങ്ങൾ’ എന്ന തലക്കെട്ടിൽ രണ്ടാം അദ്ധ്യായത്തിൽ എങ്ങനെയാണ് 2002-03 കാലത്തെ കാമ്പസ് വിത്യസ്ത ദേശ-ജാതി-മതങ്ങളിൽ പെട്ട വിദ്യാർഥികൾ സവർണ്ണ വിദ്യാർഥി രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്നതെന്നും പരിശോധിക്കുന്നു. ഇതിനെ 2003-ഫെബ്രുവരിയിൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ രാജൻ പാർഷെയും സുജാത പട്ടേലും ചേർന്ന് ഇന്ത്യൻ കാമ്പസുകളിൽ സ്വത്വരാഷ്ട്രീയം കടന്ന് കയറുന്നതിന്റെ പ്രതിസന്ധിയായാണ് ചർച്ച ചെയ്യുന്നത്. ഈ പുസ്തകം അത്രമാത്രം കീഴാള വിദ്യാർഥി രാഷ്ട്രീയ മുന്നേറ്റത്തെ അടയാളപ്പെടുത്തുകയും ഈ നവ-വിദ്യാർഥി രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്ന തരത്തിൽ, കാമ്പസുകൾക്കുള്ളിൽ ഏറ്റവും പ്രധാനപ്പെട്ട, സൗഹൃദം എന്ന സങ്കീർണ്ണമായ ഒന്നിനെ ദലിത്-ബഹുജൻ വിദ്യാർഥികളുടെ പക്ഷത്ത് നിന്ന് നോക്കികാണാൻ ശ്രമിക്കുകയും ചെയ്യുന്നു.

‘മെന്ററിങ്ങും ഇരകളും’ എന്ന രണ്ടാം അദ്ധ്യായത്തിലെ തലക്കെട്ടിൽ യൂണിവേഴ്സിറ്റിയിൽ മെന്റർമാരെ നിയമിക്കുന്നതിന്റെയും അവരുടെ ഇടപെടലിന്റെയും രാഷ്ട്രീയം എഴുത്തുകാരൻ പരിശോധിക്കുന്നു. ഇതിലൂടെ മെന്റർമാർ എപ്പോഴും സവർണ്ണരാവുകയും ഇരകൾ കീഴാള വിദ്യാർഥികളാവുകയും ചെയ്യുന്നതിന്റെ പ്രശ്നത്തെ വായിക്കാൻ ശ്രമിക്കുന്നു. പൊതുബോധത്തിൽ സഹായം ആവശ്യമുള്ളവർ എന്ന ധാരണയെ പറ്റിയാണ് ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്. ഇവിടെ വീടുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് മാത്രമായി കീഴാള വിദ്യാർഥികളുടെ പ്രശ്നങ്ങളെ ചുരുക്കിയിരുന്ന സമ്പ്രദായങ്ങൾ മാറിയത് നിരവധി ദലിത് വിദ്യാർഥി സമരങ്ങളിയൂടെയാണ്. ജാതി അടിസ്ഥാനത്തിൽ കൂടി ആളുകൾ ഇരകളാകുന്നുണ്ടെന്നും മാത്രമല്ല ഈ ഇരകളെ ഉത്പാദിപ്പിക്കുന്ന വേട്ടക്കാരെപ്പറ്റി പഠിക്കാതിരിക്കുന്നതിന്റെ പ്രശ്നവും ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു.

സൗഹൃദത്തിന്റെ സാമൂഹ്യശാസ്ത്രം എന്ന മൂന്നാം അദ്ധ്യായത്തിൽ എന്തുകൊണ്ടാണ് സൗഹൃദത്തെ പറ്റി കൂടുതൽ പഠനങ്ങൾ നടക്കാതിരിക്കുന്നത് എന്ന ചർച്ച മുന്നോട്ടു വെക്കുകയും അരിസ്റ്റോട്ടിലിന്റെ ഫ്രണ്ട്ഷിപ്പ് എന്ന ഐഡിയയെ വിശകലനം ചെയ്യുകയുമാണ് എഴുത്തുകാരൻ ചെയ്യുന്നത്. സൗഹൃദത്തിന്റെ ദൈനംദിന രാഷ്ട്രീയഭൂമികയെ സംബന്ധിച്ച് ചർച്ച ചെയ്ത് കൊണ്ട് സൗഹൃദത്തിനുള്ളിലെ സ്വത്വം എങ്ങനെയാണ് അധികാര ബലതന്ത്രങ്ങളെ നിർമ്മിക്കുന്നത് എന്ന് കൂടി എഴുത്തുകാരൻ നമ്മോട് സംവദിക്കാൻ ശ്രമിക്കുന്നു.

ഗ്രന്ഥകാരൻ പി.കെ രതീഷ്

ഫ്രണ്ട്ഷിപ്പിനെ പറ്റിയുള്ള സാമൂഹികതലങ്ങളെ സ്പർശിക്കാൻ ശ്രമിക്കുന്നുണ്ട് പുസ്തകം. പലപ്പോഴും സ്വത്വപരമായ ചിന്തകളെ മറികടന്ന് തത്ത്വചിന്താപരമായ തലത്തിലേക്ക് അത് മാറുന്നതായി കാണാം. ഈ പുസ്തകത്തിൽ ആത്മീയമായ ഒരു തലമുണ്ട്. ദെറീദയെ കൂട്ടുപിടിച്ച് കൊണ്ട് പുസ്തകം അവസാനിപ്പിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നത് അപരനെ കുറിച്ച ചിന്തയാണ് സൗഹൃദം രൂപപ്പെടുത്തുന്നത് എന്നും കാൾ ഷ്മിത്തിന്റെ ശത്രുവിനെ കുറിച്ചുള്ള ചിന്തയിൽ നിന്ന് സൗഹൃദങ്ങൾ രൂപം കൊള്ളുന്നതെന്നും ശത്രു എന്ന വിപരീത സൂചകത്തിൽ നിന്ന് സൗഹൃദത്തെ പറ്റി ചിന്തിച്ച് തുടങ്ങണമെന്നും എഴുത്തുകാരൻ നമ്മോട് പറയുന്നു. ഈ പുസ്തകം മലയാളികൾക്ക് നവരാഷ്ട്രീയത്തിലേക്കുള്ള ഒരു പാഠപുസ്തകമാണ്. സിനിമ, തത്ത്വചിന്ത, വിദ്യാർഥി രാഷ്ട്രീയം, കല, ആന്ത്രോപോളജി, എത്നോഗ്രഫി തുടങ്ങി പല വിഷയങ്ങളിലുമുള്ള സൗഹൃദത്തിന്റെ സങ്കീർണ്ണതകളെ ഈ പുസ്തകം അന്വേഷിക്കുന്നു. ഈ പുസ്തകം സൗഹൃദത്തെ പറ്റി മാത്രമാണ് എന്ന് പറയാം. എല്ലാതരം രാഷ്ട്രീയ സംഘർഷങ്ങൾക്ക് ശേഷവും ശത്രുവിനെ കാണാൻ പറ്റുന്നിടത്ത് നിന്നാണ് സൗഹൃദങ്ങൾ ഉണ്ടാവുന്നത് എന്നാണ് വ്യക്തിപരമായി ഈ പുസ്തകത്തിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്.

ഹാഷിര്‍ കെ മുഹമ്മദ്‌