Campus Alive

ഹിംസക്ക് ശേഷമുള്ള ഹിംസ-ഡൽഹി വംശഹത്യാനന്തര ആഖ്യാനങ്ങളുടെ രാഷ്ട്രീയം-2

വംശഹത്യയുടെ സൂക്ഷ്മാവസ്ഥകൾ

എല്ലാ മുസ്‌ലിംകളും പുണ്യാളന്മാരാണെന്ന് പറയാനല്ല ഇത്, അങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും. 93 ശതമാനം മുസ്‌ലിംകളും 7 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെട്ടത് പോലെ ഡൽഹി വംശഹത്യയിലും കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളുമുണ്ട്. ജനസംഖ്യയിൽ 12 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഒരു നഗരത്തിൽ ഇരകളുടെ കാര്യത്തിൽ 71 ശതമാനമാണ് മുസ്‌ലിംകൾ. ഒരോ സമുദായത്തിൽ നിന്നും എത്ര പേർ കൊല്ലപ്പെട്ടു എന്ന അമാനവികമായ വംശീയ കണക്കെടുപ്പ് നടത്തുന്നതിലുമുപരിയായി, ഡൽഹിയിലെ ആക്രമണങ്ങൾ -അതിന്റെ എല്ലാതരത്തിലും അസമത്വം നിറഞ്ഞ അധികാര സമവാക്യങ്ങളും; സംഘാടനം, ലക്ഷ്യം, ഭരണകൂടത്തിന്റെയും, മുഖ്യധാരാ മാധ്യമങ്ങളുടെയും പങ്ക്- മൂന്ന് കാരണങ്ങൾ കൊണ്ട് വംശഹത്യയാവുന്നു എന്നാണ് ഞാൻ പറയുന്നത്.

ആദ്യമായി, ഈ പഠനത്തിന്റെ തുടക്കത്തിൽ തന്നെ സൂചിപ്പിച്ച, കലാപത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ അതിന്റെ പൊടുന്നനെയുള്ള പ്രക്ഷോഭ(convulsive) സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായിക്കൊണ്ട്, ഡൽഹിയിൽ നടന്നത് വ്യക്തമായ ഉദ്ദേശ്യത്തോടു കൂടെ ചെയ്തതും(purposive) അസ്വാഭാവികവുമായിരുന്നു. ഒരു വംശഹത്യയെ കലാപത്തിൽ നിന്നും വേർതിരിച്ച് മനസ്സിലാക്കുന്നതിന് ഈ കൺവൾസീവ് സ്വഭാവത്തിൽ നിന്നും പർപ്പസീവ് സ്വഭാവത്തിലേക്കുള്ള വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും. ഇവ രണ്ടിനെയും ഒരു സ്പെക്ട്രത്തിന്റെയെയോ അല്ലെങ്കിൽ ഒരു തുടർച്ചയുടെയോ ഭാഗമായി വിശകലനം ചെയ്യണം. കാരണം, കലാപമായി തുടങ്ങുന്നതുപോലും ഒരു വംശഹത്യയാവാനുള്ള സാഹചര്യമുണ്ടാവാം. അതിലുപരിയായി, “സ്വാഭാവികം” എന്ന വ്യാഖ്യാനം ചിലപ്പോൾ സ്വാഭാവികപ്രതിഭാസം എന്നതിലപ്പുറം പലപ്പോഴും “സ്വഭാവികം” എന്ന ലേബലിൽ അവതരിപ്പിക്കാൻ വേണ്ടി ആസൂത്രിതമായി ചെയ്തതുമാവാം. ഈ ലേബൽ, പ്രത്യേകിച്ചും “ആൾക്കൂട്ട” ഹിംസയുടെ കാര്യത്തിൽ അപരാധികളെ തിരിച്ചറിയുന്നതിൽ നിന്ന് തടയുകയും അതുവഴി ഫലത്തിൽ അവരെ ശിക്ഷയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ 1938-ലെ ജൂത വിരുദ്ധ വംശഹത്യയെ “സ്വാഭാവികം”(spontaneous) എന്ന് ചിത്രീകരിക്കാൻ ജോസഫ് ഗീബൽസ് തന്നാലാവും വിധം ശ്രമിച്ചിരുന്നു എന്ന് ചരിത്രകാരനായ ലിയോനിഡാസ് ഹിൽ നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഈ പോയിന്റ് ആവശ്യത്തിലധികം വിശദീകരിക്കുന്നത് യോഗേന്ദ്ര യാദവിന്റെ അഭിപ്രായത്തെ വിമർശിക്കാൻ കൂടിയാണ്. ഡൽഹിയിൽ നടന്നതിനെ കലാപം എന്ന് വിളിക്കുക മാത്രമല്ല അത് “സ്വയംപ്രേരകം“ (auto triggered) ആണെന്ന് കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതസിദ്ധമായ യാദവ് ശൈലിയിലുള്ള ഈ വാദം പൂർണ്ണമായും നിഗൂഢമാണ്.

പോൾ ബ്രാസ്

ഇന്ത്യയിലെ രാഷ്ട്രീയ ഹിംസകളെകുറിച്ച് പഠിക്കുന്ന പോൾ ബ്രാസ് എന്ന ചിന്തകൻ ഈ “സ്വാഭാവികത” എന്ന മിത്ത് പൊളിക്കുകയും പകരം വർഗീയ അക്രമങ്ങളെ “സ്ഥാപനവത്കരിക്കപ്പെട്ട കലാപ വ്യവസ്ഥ”(institutionalized riot system) എന്ന് വിളിക്കുന്നുമുണ്ട്. ഒരു കലാപത്തെ വംശഹത്യയിലേക്ക് തിരിക്കുന്നതെന്താണെന്ന് അദ്ദേഹം എഴുതുന്നുണ്ട്: “പോലീസും ഭരണകൂടവും ഏറെ വ്യാപകമായി ഇടപെടുന്നുണ്ടെന്ന് തെളിയിക്കപ്പെടുകയും ഒരു സമുദായത്തിലെ അംഗങ്ങൾ മാത്രമോ അല്ലെങ്കിൽ ഭൂരിപക്ഷമോ ഇരകളാവുകയും ചെയ്യുമ്പോഴാണത്”. കൊലപാതകം എന്നത് വെറുതെ സംഭവിക്കുന്നില്ല എന്നതുകൊണ്ട്, ഒരു വംശഹത്യയുടെ മുന്നേയുള്ള “അന്തരീക്ഷ“ത്തെ കൃത്യമായി വിശകലനം ചെയ്യണമെന്ന് ബ്രാസ്സ് ഊന്നിപ്പറയുന്നുണ്ട്. ഈ അന്തരീക്ഷം എന്നത് കേവലമൊരു മുന്നുപാധി എന്നതിലുപരിയായി അതിന്റെ ഒരു കാരണം കൂടിയാണ് എന്നത്കൊണ്ടാണിങ്ങനെ പറയുന്നത്. ഇത് തന്നെയാണ് ഡൽഹിയിൽ നടന്നത് ഒരു വംശഹത്യയാണ് എന്ന് പറയാനുള്ള രണ്ടാമത്തെ കാരണം.

യഥാർത്ഥ വംശഹത്യ നടക്കുന്നതിന് മുമ്പ് തന്നെ അതിനനുകൂലമായ ഒരന്തരീക്ഷം വളരെ കൃത്യമായി നിലനിന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ദേശീയവ്യാപകമായി, ജനാധിപത്യപരമായും സമാധാനപരമായും നടന്ന മുസ്‌ലിം-വിരുദ്ധ നിയമനിർമ്മാണമായി പലരും നിരീക്ഷിച്ച സി.എ.എ വിരുദ്ധ പ്രക്ഷോഭമായിരുന്നു ആ അന്തരീക്ഷം. ആദ്യഘട്ടങ്ങളിൽ ഈ സമരങ്ങളെ അവഗണിച്ച ബി.ജെ.പി പിന്നീട് അപ്രതീക്ഷിതമായ ചെറുത്തുനിൽപ് കാരണം രോഷാകുലരാകുകയും, ശേഷം രാഷ്ട്രീയ മേഖലയിലെ തങ്ങളുടെ വിവിധങ്ങളായ സഖ്യകക്ഷികളെ ഉപയോഗിച്ചുകൊണ്ട് ഈ സമരത്തെ “ആന്‍റി-നാഷണൽ” ആയി ചിത്രീകരിക്കാനും തുടങ്ങി. വലതുപക്ഷ നിഘണ്ടുവിൽ ആന്റി നാഷണൽ എന്ന പദത്തിന് സാധാരണക്കാരായ ജനങ്ങളെ മുടിപ്പിക്കുന്ന നയനിലപാടുകൾ എന്നല്ല അർത്ഥം, മറിച്ച്, പ്രധാനമായും ഇന്ത്യൻ മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അടിസ്ഥാനരഹിതമായ, ശത്രുതാപരമായ “പാകിസ്ഥാൻ അനുകൂലി” എന്ന ടാഗാണ് അവരെ സംബന്ധിച്ചിടത്തോളം ആന്റി നാഷണൽ എന്നത്. കേവലം താഴേതട്ടിലുള്ള പാർട്ടി നേതാക്കൾ മാത്രമല്ല, പാർട്ടിയുടെയും ഭരണകൂടത്തിന്റെയും ഉന്നതങ്ങളിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ളവർ ഈ പ്രതിഷേധങ്ങൾ “ദേശവിരുദ്ധവും പാക് അനുകൂല”വുമാണെന്ന സൂചനകൾ നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയായ ഠാക്കൂർ തന്റെ വെറുപ്പിന്റെ രാഷ്ട്രീയം പ്രകടിപ്പിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ജനങ്ങളോട് മുസ്‌ലിംകളെ കൊല്ലാൻ ആഹ്വാനം ചെയുന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു. “ദേശ് കേ ഗദ്ദാറോം കോ, ഗോലി മാറോം സാലോം കോ (ദേശദ്രോഹികളായ നായിക്കളെ വെടിവെച്ചുകൊല്ലണം എന്ന് അർത്ഥം) എന്നതായിരുന്നു ഠാക്കൂർ വിളിച്ച മുദ്രാവാക്യം. ഠാക്കൂറിന്റെ ഈ ആഹ്വാനത്തിന് ചെവി കൊടുത്തായിരുന്നു പതിനേഴ് വയസ്സുകാരനായ ഹിന്ദുത്വ പ്രവർത്തകൻ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സർവകലാശാലയിലെ പ്രതിഷേധക്കാരെ ഭീക്ഷണിപ്പെടുത്താൻ പോയത്. അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കെടുക്കുകയും ജനക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയും ചെയ്ത ശേഷം, അത് വരെ കാഴ്ച്ചക്കാരായി നോക്കി നിന്ന പോലീസിനു നേരെ അലസമായി നടന്നടുക്കുകയായിരുന്നു. അതിനുശേഷം തന്നെ, മോദി അനുകൂലിയായ കപിൽ ഗുജ്ജാർ എന്നയാൾ ഷഹീൻ ബാഗിലെ സമരസ്ഥലത്തേക്ക് അതിക്രമിച്ച്കടക്കുകയയും വെടിയുതിർക്കുകയും ചെയ്തു. “ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമേ ജീവിക്കുകയുള്ളൂ“ എന്ന് ഗുജ്ജാർ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

ഡൽഹിയിൽ നിന്നും കേവലം പതിനഞ്ച് മൈലുകൾക്കപ്പുറം, ഗാസിയാബാദിൽ, യതി നർസിംഗനാദ് എന്ന വ്യക്തി മുസ്‌ലിംകളെയും അത്പോലെ ഇസ്‌ലാമിനെയും ഉന്മൂലനം ചെയ്യുമെന്ന തരത്തിലുള്ള അക്രമാസക്തമായ ഒരുപാട് പ്രസ്താവനകൾ നടത്തുകയുണ്ടായി. ദേവീ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ നർസിംഗനാദ് ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത് പരിഷത്തിന്റെ പ്രസിഡണ്ടും കൂടിയാണ്. “മാനവികതയെ രക്ഷിക്കാൻ ഇസ്‌ലാമിനെ തുടച്ചുനീക്കിയേ മതിയാവൂ” എന്ന് പറഞ്ഞ നർസിംഗനാദ് “മുസ്‌ലിംകൾക്കെതിരെയുള്ള ഒരു അവസാന യുദ്ധ”ത്തെ കുറിച്ചും സംസാരിച്ചിരുന്നു. മാത്രമല്ല “ഡൽഹിയിലെ ജിഹാദികൾക്കെതിരെ ഒറ്റക്ക് ഹിന്ദുക്കൾക്ക് വേണ്ടി പൊരുതിനിന്ന” ബി.ജെ.പി നേതാവായ കപിൽ മിശ്രയെ അഭിനന്ദിക്കാനും ഇയാൾ മറന്നില്ല.

ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണർ അടുത്ത് നിൽക്കുമ്പോളാണ് നർസിംഗനാദ് മിശ്രയെ അഭിനന്ദിച്ചതും, പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകരെ അധിക്ഷേപിക്കുകയും പോലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചിട്ടില്ലെങ്കിൽ താനും തന്റെ ആളുകളും ഇടപെടുമെന്ന് ഭീക്ഷണിപ്പെടുത്തിയതും. മിശ്ര തന്റെ പ്രസംഗം നടത്തിയപ്പോൾ അയാൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അനുസരണയോടെ കേട്ട് നിന്ന കമ്മീഷണർ ഒരു സൂചനയായിരുന്നു. മിശ്രയുടെ പ്രസംഗം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും വംശഹത്യ ആരംഭിച്ചിരുന്നു. എമർജൻസി നമ്പറായ 100-ലേക്ക് അപകടത്തിലായ ജനങ്ങൾ വിളിച്ചപ്പോൾ മൂന്ന് രാത്രികളും പകലുകളും അതിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. കൂടുതൽ അക്രമങ്ങൾ നടന്ന സ്ഥലങ്ങളുടെ ഇടയിൽ പോലീസിന്റെ അഭാവം വളരെ ശ്രദ്ധേയമായിരുന്നു. അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ ഒരു റിപ്പോർട്ടിന്റെ പ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന് ഇതായിരുന്നു; ബജൻപുര, ചാന്ദ്ബാഗ്, ഗോകുൽപുരി, ചാമൻ പാർക്ക്, ശിവ് വിഹാർ, മുസ്തഫാബാദ്, ഭഗീരഥി വിഹാർ, ബ്രിജ്പുരി എന്നീ സ്ഥലങ്ങൾ ഇതിൽപെടും.

എവിടെയൊക്കെ സന്നിഹിതരായിരുന്നോ, അവിടെയല്ലാം കൊലപാതകികൾക്കെതിരെ നടപടികളെടുക്കുന്നതിന് പകരം നിരായുധരും നിസ്സഹായരുമായ ജനങ്ങളെ അക്രമിക്കുന്ന തിരക്കിലായിരുന്നു പോലീസ്. ഉദാഹരണത്തിന്, ഒൻപത് മാസം ഗർഭിണിയായ പർവീണ എന്ന സ്ത്രീയെ പോലീസ്, വയറ്റിൽ ക്രൂരമായി ലാത്തി കൊണ്ടടിക്കുകയും “യെ ലോ ആസാദി” (ഇതാ, നിന്റെ സ്വാതന്ത്ര്യം) എന്ന് പരിഹസിക്കുകയും ചെയ്തു.  വിവേചനബുദ്ധിയോടെയുള്ള നയങ്ങളിൽ നിന്നു അനീതി പുരണ്ട സംവിധാനങ്ങളിൽ നിന്നും നീതിക്കും സമത്വത്തിനും അഭിമാനത്തിനും വേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയ സമരക്കാർക്കെതിരെയുള്ള പോലീസിന്റെ പ്രതികാരമായിരുന്നു ഇത്. മുസ്‌ലിംകളെ  ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിപ്പിക്കുന്ന ആൾക്കൂട്ടങ്ങൾ വിളിച്ചിരുന്ന “പോലീസ് നീണാൾ വാഴട്ടെ” “ഇത് നമ്മുടെ ഭരണം, നമ്മുടെ നിയമം, നമ്മുടെ ഭരണകൂടം” തുടങ്ങിയ മുദ്രാവാക്യങ്ങളിൽ നിന്നും പോലീസിന്റെ അപരാധങ്ങളും കുറ്റകൃത്യങ്ങളിലെ പങ്കും കൂടുതൽ വെളിപ്പെടുന്നുണ്ട്. അത് പോലെ, തെളിവുകൾ നശിപ്പിക്കുവാൻ വേണ്ടി സി.സി.ടി.വി ക്യാമറകളെ പോലീസുകാർ തന്നെ നശിപ്പിക്കുകയും ചെയ്തു. ഭജൻപുരയിൽ പോലീസ് സ്റ്റേഷന്റെ തൊട്ട് മുന്നിലായിരുന്നു ഒരു മുസ്‌ലിം ദേവാലയത്തിന് അക്രമകാരികൾ തീയ്യിട്ടത്.

മൂന്നാമതായി, ഒരു വംശഹത്യയുടെ മറ്റൊരു പ്രധാന വശം എന്നത് അതിന്റെ ലക്ഷ്യം ഒരിക്കലും ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കൂട്ടമോ ആയിരിക്കില്ല, മറിച്ച് കൃത്യമായ ഒരു സമുദായമായിരിക്കും എന്നതാണ്. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ വ്യഖ്യാനപ്രകാരം വംശഹത്യ എന്നത് “ഏതെങ്കിലും ശരീരത്തിന് നേരെയോ ഒരു വർഗത്തിനുനേരെയോ ഉള്ള സംഘടിതമായ കൂട്ടക്കൊല”യാണ്. അതേസമയം വെബ്സ്റ്റെർ തേർഡ് ന്യൂ ഇന്റർനാഷണൽ ഡിക്ഷ്ണറി പ്രകാരം അത് “നിസ്സഹായരായ ഒരു കൂട്ടം ജനങ്ങളെ ഉദ്യോഗസ്ഥരുടെ സഹായത്തോട് കൂടി സംഘടിതമായി കവർച്ച ചെയ്യലും കൊലപാതകം നടത്തലുമാണ്; ജൂത കൂട്ടകൊല ഉദാഹരണം“. ഭാഷാപരമായി റഷ്യൻ ഉത്ഭവമുള്ള, സാർ ഭരണകാലത്തെ റഷ്യയിൽ നടന്ന ജൂതവിരുദ്ധ ഹിംസയുടെ സാഹചര്യത്തിൽ രൂപപ്പെട്ടുവന്ന പോഗ്രോം അഥവാ വംശഹത്യ എന്ന പദം ഇന്ന് വിവിധങ്ങളായ സാഹചര്യങ്ങളിൽ പ്രസക്തമാണ്. വംശഹത്യയുടെ നിലനിൽക്കുന്ന നിർവചനങ്ങളിൽ ലക്ഷ്യം വെച്ചേക്കാവുന്ന വർഗത്തിനും ജനങ്ങൾക്കുമൊപ്പം “സമുദായം” എന്ന് കൂടെ ബ്രാസ്  കൂട്ടിച്ചേർക്കുന്നുണ്ട്.

വിശ്വസനീയമായ പല റിപ്പോർട്ടുകളും മുസ്‌ലിംകൾക്കു നേരെയുള്ള അക്രമത്തിന്റെ ഉന്നംവെച്ചുള്ള സ്വഭാവം വ്യക്തമാക്കുന്നുണ്ട്. മേല്‍പറഞ്ഞ റിപ്പോർട്ട് പ്രകാരം ഇത് 1984-ലെ സിഖ് കൂട്ടക്കൊലയോടും 2002-ലെ ഗുജറാത്ത് കലാപത്തോടും സാദൃശ്യമുള്ള അക്രമമാണ്. “മരണസംഖ്യ താരതമ്യേന വളരെ കുറവാണെങ്കിലും, ഈ ലക്ഷ്യംവെക്കൽ ഏറെ ഭയപ്പെടുത്തുന്നതാണ്- തൊട്ടടുത്തുള്ള രണ്ട് കടകളെ ഒഴിവാക്കിക്കൊണ്ട് നടുവിലത്തെ കട മാത്രം കത്തിച്ചത് ഉദാഹരണം”. തിരഞ്ഞെടുത്ത് ലക്ഷ്യംവെച്ച് അക്രമിച്ച വീടുകൾക്കും, കടകൾക്കും, ബിസിനസ് സ്ഥാപനങ്ങൾക്കുമൊപ്പം ഒരുപാട് ആരാധനാലയങ്ങളും അക്രമിക്കപ്പെട്ടിരുന്നു. പലതിന്റെയും അവസ്ഥ വളരെ ദാരുണമായിരുന്നു. ഈ വംശഹത്യയുടെ മതകീയ സ്വഭാവവും അതിന്റെ തോതും പത്തിലധികം മുസ്ലിം പള്ളികളുടെയും, ഒരു ദർഗയുടെയും, ഒരു ഖബർസ്ഥാനിന്റെയും തകർച്ചകളിൽ നിന്നും കൂടുതൽ വ്യക്തമാകും. എല്ലാം ഉപേക്ഷിച്ച് കൊണ്ട് തന്റെ കുട്ടികളോടൊത്ത് പലായനം ചെയ്യാനൊരുങ്ങിയ സ്ത്രീയെ അക്രമകാരികളായ ആൾക്കൂട്ടം ഓടിക്കുകയും “നിന്നെ ഞങ്ങൾ പിടിക്കുകയും നിന്നെക്കൊണ്ട് ശ്രീരാമന്റെ സന്താനത്തെ പ്രസവിപ്പിക്കുകയും ചെയ്യും” എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പിന്തുടരുകയും ചെയ്തു. ഭീതി നിറഞ്ഞ ഈ രാത്രികളിൽ ജയ് ശ്രീറാമും ദേശ് കേ ഗദ്ദാറോം കോ, ഗോലീ മാറോം സാലോം കോ തുടങ്ങിയ അക്രമാസക്തമായ മുദ്രാവാക്യങ്ങളും പലയിടങ്ങളിൽ നിന്നായി മുഴങ്ങിക്കൊണ്ടേയിരുന്നു. അധികം ഉദാഹരണങ്ങൾ പറയാതെ തന്നെ അക്രമാസക്തരായ ആൾക്കൂട്ടങ്ങൾ പോലീസുകാരുടെ സഹായത്തോടു കൂടെ നിർദ്ദിഷ്ടരായ ആൾക്കാരെ മാത്രം വധിക്കുകയും അവരുടെ സ്വത്തുവകകൾ കവർച്ച ചെയ്യുകയും അവരുടെ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുകയും ചെയ്യുകയാണ് ചെയ്തതെന്ന് ഇപ്പോൾ വ്യക്തമാണ്. ഇതെല്ലാം ഒരു വംശഹത്യയുടെ കൃത്യമായ അടയാളങ്ങളാണ്.

ഇതുകൂടാതെ. ഈ ലക്ഷ്യംവെച്ചുള്ള അക്രമണം വ്യക്തമായും മതപരമാണെന്ന് പറയുന്നത് രണ്ട് തലത്തിലാണ്. മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിലൂടെ അക്രമകാരികൾ സ്വയം മതബോധമുള്ളവരാണെന്നത് പ്രകടമാക്കുകയുണ്ടായി. അതുപോലെ, അവർ ഇരകളെ തിരഞ്ഞെടുത്തതും അവരുടെ മതസ്വത്വം കണ്ട്പിടിച്ച്കൊണ്ടായിരുന്നു. ലിംഗാഗ്രചർമ്മത്തെ കുറിച്ചുള്ളതടക്കം പലതരത്തിലുള്ള അസഭ്യങ്ങളോടുകൂടിയായിരുന്നു ഈ അക്രമണം. ജൻചൗക്ക് എന്ന ഹിന്ദി ന്യൂസ് പോർട്ടലിന്റെ ലേഖകനായ സുഷീൽ മാനയ് എന്നയാൾ മൗജ്പൂർ പ്രദേശത്ത് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ എന്തുകൊണ്ടാണ് താൻ ഹിന്ദു പ്രദേശത്ത് വന്നന്വേഷിക്കുന്നതെന്നും തനിക്കെന്തുകൊണ്ട് “മുല്ല“കളുടെ (മുസ്‌ലിംകളെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിക്കുന്ന വാക്ക്) സ്ഥലത്ത് പോയി അന്വേഷിച്ചുകൂടാ എന്നും അവിടെയുണ്ടായിരുന്ന ഹിന്ദു ആൾക്കൂട്ടം അയാളെ ചോദ്യം ചെയ്തു. പെട്ടെന്നുതന്നെ ആ ആൾക്കൂട്ടം അയാളെ തല്ലാൻ തുടങ്ങി. അയാൾ തന്റെ ഹിന്ദുനാമമുള്ള തിരിച്ചറിയൽ കാർഡെടുത്ത് കാണിക്കുന്നത് വരെ മർദ്ദനം തുടർന്നു. ആൾക്കൂട്ടം വർദ്ധിച്ചതോടെ കൂട്ടത്തിലൊരാൾ തന്റെ തോക്കെടുക്കുകയും അത് ലോഡ് ചെയ്ത് മാനായ്ക്ക് നേരെ ചൂണ്ടുകയും ചെയ്തു. പേടിച്ചരണ്ട മാനയ് “നിങ്ങളെല്ലാവരെയും പോലെ ഞാനും ലിംഗാഗ്രചർമ്മം ഛേദിക്കാത്ത ഹിന്ദുവാണ്” എന്ന് വിളിച്ച് കൂവിക്കൊണ്ടിരുന്നു. തന്റെ ഹിന്ദു അടയാളം തെളിയിച്ച്, പിന്നീട് പോലീസ് എത്തിയ ശേഷമാണ് മാനയിയെ അവർ വെറുതെ വിട്ടത്. മാനയ് തന്നെ പറയുന്നത്, പോലീസ് വന്നിട്ടും അക്രമകാരികൾ പിരിഞ്ഞുപോയില്ല എന്നും അവർ സ്വാഭാവികതയോടെ അവിടെ കളിതമാശകൾ പറഞ്ഞുകൊണ്ട് നിന്നു എന്നുമാണ്.

 കുറിയ മനുഷ്യന്മാർ

1989-ലെ ബഗൽപൂർ വംശഹത്യക്ക് ശേഷം അന്നത്തെ ബീഹാർ മുഖ്യമന്ത്രി നടത്തിയ സാധാരണനിലയിലേക്ക് തിരിച്ചുപോകാനുള്ള ആഹ്വാനമോർക്കുക. യാതൊരു തെളിവുമില്ലാതെ തന്നെ അദ്ദേഹം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ആരാധനാലയങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട് എന്ന രീതിയിൽ സംസാരിച്ചു. ഈ ലേഖനം അപനിർമ്മാണം ചെയ്യുന്ന ഡിറ്റോ തിയറിയിൽ പ്രധാന ഭാഗമായ സമീകരണത്തിന്റെ ഈ യുക്തിയെ ആവർത്തിച്ചുകൊണ്ട് 2020-ലെ ഡൽഹി വംശഹത്യക്ക് ശേഷവും ബി.ജെ.പി സ്വാധീനമുള്ള വാർത്താ മാധ്യമങ്ങൾ “ബലാൽക്കാരമായി പിടിച്ചുവെക്കപ്പെട്ട”തും ഇസ്‌ലാമിക മതമൗലികവാദികളാൽ “അക്രമി“ക്കപ്പെട്ടതുമായ ഒരമ്പലത്തിന്റെ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ ന്യൂസ് ലോണ്ട്രിയുടെ ധീരമായ അന്വേഷണ മാധ്യമപ്രവർത്തനം വഴി ഈ വ്യാജവാർത്തക്കുപിന്നിലെ പ്രൊപഗണ്ട വെളിവാക്കപ്പെട്ടു.

ഹിന്ദു മുസ്‌ലിം അക്രമങ്ങളെ “സ്വാഭാവികം” (Spontaneous) ആയി കരുതുന്ന വളരെ വ്യാപകമായ ധാരണകളെ വിശകലനം ചെയ്യുക എന്നതായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. അതിന് വിപരീതമായി, ഡൽഹിയിൽ നടന്നതിനെ കലാപം എന്ന് വിശേഷിപ്പിക്കുന്നതിന് പകരം എന്ത്കൊണ്ട് വംശഹത്യ എന്നുതന്നെ പറയണം എന്നാണ് ഞാൻ പ്രധാനമായും വാദിച്ചത്. കൃത്യമായ പേരടയാളങ്ങളെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ പരാജയം ശാരീരിക ഹിംസകളുടെ ശേഷമുള്ള വ്യാഖ്യാന-അപഗ്രഥന-പ്രതീകാത്മക ഹിംസകളുടെ തുടർച്ചകളിലുള്ള നമ്മുടെ പങ്കാളിത്തമായി മാറുന്നുണ്ട്. ബഗൽപൂരിനെയും ഡൽഹിയെയും കേസ് സ്റ്റഡികളായി എടുക്കുക എന്ന എന്റെ തീരുമാനം മനപ്പൂർവ്വമായിരുന്നു. സെക്യുലറിസത്തിന്റെ ഇരുമുഖമണിഞ്ഞ കോൺഗ്രസ് ഭരണത്തിലായിരുന്നു ബഗൽപൂർ വംശഹത്യ നടന്നെതെങ്കിൽ വർഗീയ ശക്തികളായ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് 2020-ലെ ഡൽഹി വംശഹത്യ നടന്നത്. ഇത് വഴി വംശഹത്യകൾ എങ്ങനെയാണ് കേവല മുന്നണി രാഷ്ട്രീയത്തിനപ്പുറത്ത് സംവിധാനം ചെയ്യപ്പെടുന്ന പ്രതിഭാസങ്ങളാവുന്നത് എന്ന് കാണിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. അതുപോലെ മറ്റൊരു ദ്വന്ദസ്വഭാവവും ഈ ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ യോഗേന്ദ്ര യാദവ് പറഞ്ഞത് പോലെ ഒരു ലേഖനത്തിൽ ഒബ്സേർവർ ആൻഡ് റിസേർച്ച് ഫൗണ്ടേഷന്റെ സുശാന്ത് സരീൻ പറഞ്ഞത് ഡൽഹിയിലെ കലാപം വെറുതെ “പൊട്ടിപുറപ്പെട്ടു” എന്നാണ്. നേരത്തെ പറഞ്ഞ ഡിറ്റോ സിദ്ധാന്തം പുനരുൽപാദിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം സത്യത്തെ പാടെ അവഗണിച്ചത്. ഇതിന് വിപരീതമായി. എന്റെ അഭിപ്രായത്തിൽ, ധീരമായി അന്വേഷിക്കുകയാണെങ്കിൽ സത്യം ഈ ഇരു ദന്ദ്വങ്ങളുടെയും മുകളിൽ, സരീൻ അന്വേഷിക്കാൻ ഭയക്കുന്നതിനുമപ്പുറത്ത് നിലനിൽക്കും എന്നാണ്.

അവസാനമായി, ഭൂരിപക്ഷം ദേശരാഷ്ട്രങ്ങളുടെയും ചരിത്രപരമായ സഞ്ചാരപഥങ്ങളെ പരിഗണിച്ച്കൊണ്ട്, ദേശീയത –അതിന്റെ അപരഭയത്തോടും ആന്തരിക ശത്രുതയോടുമൊപ്പം- എന്ന ജയിൽ മുറിക്കപ്പുറത്തേക്ക് നമ്മൾ ചിന്തിക്കാത്തിടത്തോളം കാലം, സത്യം ഒരു അപകടമായി തന്നെ നിലനിൽക്കുമെന്നും, ചോരചിന്തൽ എന്നത് ഏകദേശം ഒരു ദൈനംദിന യാഥാർത്ഥ്യമായും നിലനിൽക്കുമെന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മൾ ദേശസ്നേഹികൾ എന്ന രീതിയിലും അവർ ദേശദ്രോഹികൾ എന്ന രീതിയിലും, നമ്മൾ ഹിന്ദുക്കൾ എന്ന രീതിയിലും അവർ മുസ്‌ലിംകൾ എന്ന രീതിയിലുമുള്ള ദേശീയതയുടെ ഈ  അപകടകരമായ  വിനോദം നമുക്ക് അൽപനേരം നിർത്തിവെക്കാം- നമുക്കിടയിൽ ഏതെങ്കിലും മനുഷ്യരുണ്ടോ എന്നു നോക്കാം.

ബഗൽപൂർ വംശഹത്യക്ക് ശേഷം, മനാസിർ ആഷിഖ് ഹർഗാൻവി എന്ന  ബഗൽപൂർ സർവകലാശാലയിലെ പ്രൊഫസറുടെ കവിതാ പുസ്തകങ്ങൾ തേടി ഞാൻ പാറ്റ്നയിലെ സബ്സി ബാഗിലെ ഉർദു പുസ്തകശാലകൾ കയറിയിറങ്ങിയിരുന്നു. “ആംഖോൻ ദേഖി”(Eyewitnessed) എന്ന തലക്കെട്ടോട് കൂടിയുള്ള പുസ്തകം, ബഗൽപൂരിലെ അക്രമങ്ങളുടെ കഥയായിരുന്നു:

“ആദ്മി ബഹുത് ഹി ബൗനാ ഹോ ചുകാ ഹേ

അപ്നി ലാംബായ് കാ ജൂഠാ എഹ്സാസ് ഭീ ബാഖീ നഹീ ബചാ”

(മനുഷ്യർ ഏറെ ചെറുതായിരിക്കുന്നു,

ഉയരത്തിന്റെ മിഥ്യബോധവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു)

ജീവനാശകമായ ദേശീയത മനുഷ്യരെ ഇന്ത്യാക്കാരനെന്നും, ജർമൻകാരനെന്നും, ഇറ്റാലിയനെന്നും, ചൈനാകാരനെന്നും തുടങ്ങി ദേശവത്കരിക്കപ്പെട്ട മെഷീനുകളാക്കി മാറ്റി. അതിന്റെ ദർപ്പണങ്ങളിൽ നമുക്ക് സ്വയം തന്നെ തേടുന്ന മാനവികതയുടെ ഭീതിപ്പെടുത്ത നിഴലുകൾ കാണാം. ഹർഗാൻവി കാവ്യഭാഷയിൽ പറഞ്ഞ ചെറുതായ മനുഷ്യർ ഈ വർഗീകരിക്കപ്പെട്ട ദേശീയതയുടെ ആപത്കാരികളായ സന്താനങ്ങളെന്ന് പറഞ്ഞാൽ അത് അധികമായിപ്പോവുമോ? ഇല്ല, ചിലപ്പോൾ അത് വളരെ ചെറുതായിപ്പോകും.

(അവസാനിച്ചു)

വിവ: അഫീഫ് അഹ്മദ്

ലേഖനത്തിന്റെ ഒന്നാം ഭാഗം

ഇര്‍ഫാന്‍ അഹ്മദ്‌