Campus Alive

മതേതരത്വം: മൂന്ന് വിമർശനങ്ങൾ

തികഞ്ഞ മതേതര യുഗത്തിൽ മതേതരത്വത്തെ വിമർശിക്കാൻ സാധിക്കുമോ? ക്ഷണികമായ ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ദൈവികതയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും സാധ്യമാണോ? അഥവാ, ആധുനികതയ്ക്ക് പ്രസ്തുത ചട്ടക്കൂടിന് പുറത്തുള്ള മനോവ്യവഹാരാതീതമായ (Transcendent), ദൈവികമായ ഒന്നിനെ പരാമർശിക്കാതെ ലോക ക്രമത്തെ മനസ്സിലാക്കാൻ സാധിക്കുമോ എന്ന അന്വേഷണമാണ് ഞാൻ നടത്താൻ ആഗ്രഹിക്കുന്നത്.

മതേതരത്വത്തിന്റെ മെറ്റാഫിസിക്കൽ അതിരുകളെ തിരിച്ചറിയുന്നതിലൂടെ മാത്രമാണ് ഇവിടെ മതേതരത്വത്തോടുള്ള വിമർശനം സാധ്യമാകുന്നത്.അവ നിർമ്മിച്ചിരിക്കുന്നത് സെക്യുലറിസത്തിന്റെ സ്വന്തം നിബന്ധനകളിലല്ല, മറിച്ച് മതേതര ക്രമത്തിനപ്പുറത്ത് നിന്നാണ്. ഇത്തരം വിമർശനങ്ങൾ ഒരു പുതിയ ശ്രമമല്ലെന്ന ബോധ്യം എനിക്കുണ്ട്. സമീപ കാലത്ത് മതേതരത്വത്തെ കുറിച്ചുള്ള, തലാൽ അസദ് നടത്തിയ ജ്ഞാനശാസ്ത്രപരമായ അന്വേഷണങ്ങൾ മുതൽ ജോൺ മിൽബാങ്ക് അടക്കമുള്ള ചിന്തകർ നടത്തിയ മെറ്റാഫിസിക്കൽ അന്വേഷണങ്ങളും മതേതരത്വത്തോട് അവർ ഉയർത്തിയ ആഴത്തിലുള്ള വിമർശനങ്ങളും ശ്രദ്ധേയമാണ്.

ഈ പഠനങ്ങൾക്ക് അനുസൃതമായി, ഖുർആനിൻ്റെ മെറ്റാഫിസിക്കൽ വീക്ഷണകോണിൽ നിന്ന് മതേതരത്വത്തെകുറിച്ചുള്ള മൂന്ന് വിമർശനങ്ങൾ ഉയർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സെക്യുലറിസം അന്യവൽക്കരണത്തിന്റെ തത്വശാസ്ത്രമാണെന്നുള്ള (Philosophy of Alienation) ഒരു പ്രധാന വിമർശനത്തെ ചുറ്റിപ്പറ്റിയാണ് ഈ മൂന്ന് വിമർശനങ്ങളും നിലകൊള്ളുന്നത്.

മതേതരത്വവും ഫെറ്റിഷൈസേഷനും

മതേതരത്വം ഫെറ്റിഷൈസേഷനെ പ്രോത്സാഹിപ്പിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു. ഇവിടെ ഫെറ്റിഷൈസേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ സൃഷ്ടിച്ച ഒരു വസ്തുവിനെ പവിത്രമായും ശാശ്വതമായും കാണുന്നതിനെയാണ്. ഖുർആനിൽ രണ്ട് തോട്ടങ്ങളുടെ ഉടമയായ ഒരു വ്യക്തിയുടെ കഥ പരാമർശിക്കുന്നത് കാണുവാൻ സാധിക്കും. അതിൽ ധനികനായ തോട്ടക്കാരൻ ദൈവത്തെ നിഷേധിക്കുകയും തന്റെ സമ്പത്തിനെ അഹങ്കാരത്തോടെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. (എന്നിട്ട് അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ചു പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല, ഖുർആൻ 18:35) അവസാനം ദൈവം കൊടുങ്കാറ്റിനെ അയക്കുകയും തോട്ടം നശിപ്പിക്കുകയും ചെയ്യുന്നു.

ഫെറ്റിഷൈസേഷൻ അടിസ്ഥാനപരമായി സാധൂകരിക്കപ്പെട്ടതും പ്രചാരത്തിലുള്ളതുമായ ഒരു രാഷ്ട്രീയ/ സാമ്പത്തിക ക്രമത്തെ പോലെ , ഒരു വ്യവസ്ഥിതി സൃഷ്ടിക്കുന്ന പ്രവർത്തനത്തിൽ വേരൂന്നിയതാണ്. അത് സെക്കുലറിസത്തെ സംഭവ്യമോ (Contingent) ചരിത്രപരമോ ആയി അവതരിപ്പിക്കുന്നതിന് പകരം ശൂന്യതയിൽ നിന്നും ആവിർഭവിച്ചതുപോലെ സ്വയം ദിവ്യമായും പരമമായും അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

“ഇസ്തിഗ്നാ” (ٱسْتَغْنَىٰٓ) അഥവാ സ്വയം പര്യാപ്തത എന്നാണ് ഖുർആൻ ഇതിനെ വിശേഷിപ്പിക്കുന്നത്. (അല്ല, തീർച്ചയായും മനുഷ്യൻ അതിക്രമം കാണിക്കുന്നു, കാരണം അവൻ സ്വയം പര്യാപ്തനാണെന്ന് അവൻ വിശ്വസിക്കുന്നു. ഖുർആൻ 96:6-7)

ഏതൊരു അടിച്ചമർത്തൽ വ്യവസ്ഥിതിയുടെയും പ്രധാന സവിശേഷത, അത് പുറം ലോകത്തിൽ നിന്നും സ്വയം അകലാനും അതിലേക്കുള്ള വാതിലുകൾ അടയ്ക്കാനും അഥവാ പുറം ലോകത്തിന് ഇടപെടാനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു എന്നതാണ്. ഒരു അടിച്ചമർത്തൽ സംവിധാനത്തിന് സ്വന്തം നിയന്ത്രണത്തിന് പുറത്തുനിന്ന് വരുന്ന എന്തിനെയും ഒഴിവാക്കുകയോ അടിച്ചമർത്തുകയോ ചെയ്തുകൊണ്ടിരിക്കണം. അല്ലാത്ത പക്ഷം, പുറത്തു നിന്ന് വരുന്ന ആശയങ്ങളാലും സ്വാധീനങ്ങളാലും അടിച്ചമർത്തൽ വ്യവസ്ഥ തകർക്കപ്പെടും. മനുഷ്യന്റെ നിയന്ത്രണത്തിന് പുറത്തുള്ള ദൈവികതയെയാണ് ഇവിടെ പുറത്തുനിന്നുള്ളവ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫിലോസഫി ഓഫ് ലിബറേഷനിൽ “ടോട്ടാലിറ്റി” എന്നത് സ്വയം സമ്പൂർണ്ണമാവാനും സ്വന്തത്തിൽ കേന്ദ്രീകരിക്കാനും ഐഹികമായ അവസ്ഥയിൽ നിന്നും ശാശ്വതമായ അവസ്ഥ കൈവരിക്കാൻ ശ്രമിക്കുകയും സ്ഥലപരമായി സാധ്യമായ എല്ലാ ബാഹ്യതകളെയും ഉൾക്കൊള്ളിക്കാനുള്ള പ്രവണതകൾ ദൃശ്യമാക്കുകയും ചെയ്യുമെന്ന് എൻറിക് ദുസ്സേൽ നിരീക്ഷിക്കുന്നുണ്ട്.

ലോകം പൂർണ്ണമായും സ്വതന്ത്രവും സ്വയം പര്യാപ്തവും ആണെന്ന് കരുതുമ്പോൾ അതിന് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുകയും അത് ഉയർന്നതും ശ്രേഷ്ഠവുമായ മൂല്യങ്ങളിൽ നിന്ന് അകലുകയും ചെയ്യുന്നു. ദൈവികവും-ലൗകികവും തമ്മിലുള്ള അധികാര ക്രമത്തെയും ബന്ധത്തെയും നിഷേധിക്കുന്നതിലൂടെ ദേശം, വംശം, സമ്പത്ത് തുടങ്ങിയവയെ അതിന്റെ ആത്യന്തിക രൂപങ്ങളായി ലോകം കാണുകയും അവയെ വഴക്കമുള്ളതും സന്ദർഭത്തെ ആശ്രയിക്കുന്നതുമായി ഉൾക്കൊള്ളുന്നതിന് പകരം സ്ഥിരവും മാറ്റമില്ലാത്തതുമായി കണക്കാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഭൗതികവും അടിയന്തിരവുമായ വശങ്ങൾ മാത്രം പരിഗണിക്കുന്ന ഒരു ലോക വീക്ഷണത്തിൽ ലൗകികതയ്ക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. അതുമൂലം ലോകം വിഗ്രഹങ്ങളുടെ ഒരു ശേഖരം പോലെയായിത്തീരുകയും അവിടെ ലൗകിക ഘടകങ്ങളെ ദൈവിക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

മതേതരത്വവും അതീന്ദ്രിയതയും

ആദ്യത്തേതിനെ പിൻപറ്റികൊണ്ടുതന്നെയാണ് രണ്ടാമത്തെ വിമർശനവും ഉയർത്താൻ ശ്രമിക്കുന്നത്.മതേതരത്വം ദൈവികമായ അതീന്ദ്രിയതയെ ക്ഷണികമായ ഒരു ചട്ടക്കൂടിനുള്ളിലുള്ള ഒന്നിനെ (Secularism) ഉപയോഗിച്ച് തെറ്റായി മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്നു. യാഥാർഥ്യത്തിന്റെ ആത്യന്തിക ഉറവിടത്തെ മതേതരത്വം എങ്ങനെയാണ് ക്ഷണികമായ ഒരു ചട്ടക്കൂടിലേക്ക് ഒതുക്കിയതെന്ന് എറിക് വോഗലിൻ വിശദീകരിക്കുന്നുണ്ട്. മതേതരത്വം ദൈവത്തെ സമവാക്യത്തിൽ നിന്നും ഒഴിവാക്കി മറ്റൊരിടത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് വോഗലിൻ പറഞ്ഞുവെക്കുന്നുണ്ട്.

‘’ഇമ്മനെന്റ്’’ (immanent) എന്നത് ദൈവികമായ സ്രോതസ്സിനെ ആശ്രയിക്കാതെ സ്വന്തമായി നിർമ്മിച്ച നിയമങ്ങളും അധികാരങ്ങളുമുള്ള, സ്വയം ഉൾകൊള്ളുന്നതോ സ്വയം പ്രവർത്തിപ്പിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നതോ ആയ ഒന്നായിട്ടാണ് Mapping the Secular Mind: Modernity’s Quest for a Godless Utopia യിൽ ഡോ.ഹജ്ജാജ് അലി വിശേഷിപ്പിക്കുന്നത്.

ഞാൻ ആരാണ്? ഈ പ്രപഞ്ചവുമായുള്ള എന്റെ ബന്ധം എന്താണ് ? എന്നിങ്ങനെയുള്ള ജീവതത്വപരമായ (ontological) ചോദ്യങ്ങൾ പ്രകൃതിപരമായിതന്നെ മനുഷ്യൻ നിലനിർത്തുകയും ജന്മനാ ദൈവികതയിലേക്ക് ബന്ധിപ്പിക്കുന്ന അംശങ്ങളെ എപ്പോഴും മനുഷ്യൻ അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ക്ഷണികമായ വ്യവസ്ഥിതിയെ പവിത്രമായി കാണുന്നതിലൂടെ മനുഷ്യന്റെ അതുല്യതയേയും അതിവിശിഷ്ടമായ സൃഷ്ടിപ്പിനെയും മതേതരത്വം നിരാകരിക്കുകയും ദൈവികമായ/അതീന്ദ്രിയമായതിൽ നിന്നും മനുഷ്യനെ അകറ്റുകയും ചെയ്യുന്നു.

മതേതരത്ത്വവും അടിച്ചമർത്തൽ വ്യവസ്ഥയും

The politics of reality: Essays in Feminist theory എന്ന ഗ്രന്ഥത്തിൽ മെർലിൻ ഫ്രെയർ എന്ന തത്വ ചിന്തക, അടിച്ചമർത്തൽ എന്നത് ‘അമർത്തുക’ അഥവാ ‘Press’ എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണെന്ന് നിരീക്ഷിക്കുന്നുണ്ട്. അതായത് വിവിധ ശക്തികളാൽ ഞെരുക്കപ്പെടുകയും പരിമിതപ്പെടുത്തപെടുകയും ചെയ്യുന്നതിനെയാണ് അടിച്ചമർത്തൽ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത്. അത് മനുഷ്യന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും പരിമിതപ്പെടുത്തുന്നു.ഈ സന്ദർഭത്തിൽ മനുഷ്യന്റെ ആത്മീയ പരിശ്രമങ്ങൾക്കുള്ള ആഗ്രഹങ്ങൾ ലംബമായ (Vertical) അവസ്ഥയിൽ നിന്നും തിരശ്ചീനമായ (Horizontal) അവസ്ഥയിലേക്ക് പരിവർത്തിപ്പിക്കപ്പെടുന്നു അഥവാ ക്ഷണികമായ ഒന്നിലേക്ക് ചുരുക്കപ്പെടുന്നു. അതുവഴി മനുഷ്യന് ഉയർന്ന ആത്മീയാനുഭൂതി നഷ്ടപ്പെടുന്നു.

ദൈവത്തിനെ കേവലം ഒരു വാച്ച്മേക്കറായി മതേതരത്ത്വം കണക്കാക്കുന്നു. അതിലൂടെ മഹത്തായ ഒന്നിനായുള്ള മനുഷ്യന്റെ ആഗ്രഹവും ഉയർന്ന ആത്മീയ ലക്ഷ്യങ്ങളും പ്രേരണകളും പരിമിതപ്പെടുകയും മനുഷ്യൻ, ദൈവം, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വന്തം അജണ്ടയിൽ നിർവചിക്കുക വഴി സെക്യുലറിസം മനുഷ്യനെ അന്യവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് പോൾ തില്ലിച്ച് നിരീക്ഷിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ മനുഷ്യൻ കാണുന്ന ലോകത്തും കാണാത്ത ലോകത്തും ജീവിതമുള്ള, പ്രകൃതിപരമായിത്തന്നെ ‘തവാജൂദ്’ അഥവാ ലംബമായ(Vertical being) സൃഷ്ടി ആണെന്ന് മൊറോക്കൻ പണ്ഡിതനായ താഹ അബ്ദുറഹ്മാൻ പറയുന്നുണ്ട്. നേരെ മറിച്ച് മതേതരത്വത്താൽ വികലമാകുമ്പോൾ മനുഷ്യൻ ഭൗതിക ലോകത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരശ്ചീനമായ ‘ഇൻവിജാദ്’ (Horizontal) സൃഷ്ടിയായി മാറുന്നു.മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണിൽ നിന്നും അതേസമയം ആത്മാവിൽ നിന്നും ആണെന്ന ഇരട്ട പ്രകൃതത്തെക്കുറിച്ച് ഖുർആൻ വിശദീകരിക്കുന്നുണ്ടെന്ന് അലി ശരിഅത്തി കൂട്ടിച്ചേർക്കുന്നുണ്ട്. ക്ഷണികമായ ഒന്നിൽ പരിമിതപ്പെടുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അതീന്ദ്രിയമായ ആത്മീയ ജീവിതമാണ്.

മതേതര യുഗത്തിൽ മനുഷ്യർക്ക് ഉയർന്നതും ആത്മീയവുമായ ലക്ഷ്യങ്ങൾ തേടാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹം നഷ്ടപ്പെടുകയും ലോകത്തിന് അതിന്റെ ദൈവിക അർത്ഥം ഇല്ലാതാവുകയും ചെയ്യുന്നു. മതേതര യുഗം സ്വാതന്ത്ര്യവും പുരോഗതിയും കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് യഥാർത്ഥത്തിൽ അന്യവൽക്കരണത്തിൽ കലാശിക്കുന്നു

വിവർത്തനം: സയ്യിദ് ഖുതുബ്

അലി എസ്. ഹർഫൂഷ്