Campus Alive

ഫലസ്തീൻ പ്രശ്നം: തുർക്കി വിദേശനയത്തിന്റെ ഗതിമാറ്റങ്ങൾ

ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണ പശ്ചാത്തലത്തിൽ തുർക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം വിമർശിക്കപ്പെടുന്നുണ്ട്. ഈ വംശഹത്യയുടെ സാഹചര്യത്തിലും എന്തുകൊണ്ടാണ് തുർക്കി ഇസ്രായേലിനോട് നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നത് എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആദ്യമായി ഇസ്രായേലിനെ അംഗീകരിച്ച ഒരു മുസ്‌ലിം രാഷ്ട്രം എന്ന നിലയ്ക്ക് തുർക്കിയുടെ ഈ മേഖലകളിലെ ഇടപെടലുകളും നയതന്ത്ര ബന്ധങ്ങളും പശ്ചിമേഷ്യൻ- ഉത്തരാഫ്രിക്കൻ രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ സ്വാധീനം ചെലുത്തുന്നവയാണ്. രാഷ്ട്രത്തിന്റെ ദേശീയ- അന്താരാഷ്ട്ര നയങ്ങളിൽ പോലും മാറ്റങ്ങൾ വരുത്താൻ മാത്രം പ്രാധാന്യമുള്ളതാണ് ഫലസ്തീൻ വിഷയം എന്നതിനാൽ ശ്രദ്ധാപൂർവമാണ് തുർക്കിയുടെ നീക്കങ്ങൾ. 

സാമ്പത്തികമായ അരക്ഷിതാവസ്ഥ, വിഘടനവാദികളുടെ വെല്ലുവിളികൾ, ഒറ്റ കക്ഷി എന്ന നിലയിൽ നിന്ന് മാറി സഖ്യകക്ഷികളുടെ സഹായത്തോടുകൂടി ഭരിക്കേണ്ടി വരുന്ന സാഹചര്യം, 2001ൽ നിന്ന് 2024ലേക്ക് എത്തുമ്പോൾ പല നേതാക്കന്മാരും കൊഴിഞ്ഞു പോവുകയും സ്വതന്ത്രമായ പാർട്ടികൾ രൂപീകരിക്കുകയും ചെയ്ത പശ്ചാത്തലം, ആഭ്യന്തര രാഷ്ട്രീയ മേഖലയിൽ ഭീകരമായ കുടിയേറ്റ വിരുദ്ധത, സിറിയയിലെ ആഭ്യന്തര സംഘർഷത്തെതുടർന്ന് സിറിയൻ പൗരന്മാരെ തുർക്കിയിൽ അധിവസിപ്പിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ എ കെ പാർട്ടിയുടെ വോട്ട് കുറയ്ക്കുവാൻ കാരണമായിട്ടുണ്ട്. അതിനാൽ തന്നെ ആഭ്യന്തര നയങ്ങൾ രാജ്യത്തിൻ്റെ വൈദേശിക നിലപാടുകളെ സ്വാധീനിക്കുന്നു എന്നതിനാൽ സൂക്ഷ്മവും ഗൗരവപ്രദവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട് എന്നതാണ് തുർക്കി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗത്വ മോഹവും ഇസ്രായേലിന്റെ കാര്യത്തിൽ തീക്ഷ്ണമായ തീരുമാനങ്ങൾ എടുക്കുന്നതിൽ തുർക്കിയെ തടയുന്നത് കാണാം. എങ്കിലും മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു ഫലസ്തീൻ വിഷയത്തിൽ കൈകൊണ്ട കർക്കശ സമീപനരീതിയും നെതന്യാഹുവിനെ പ്രത്യക്ഷമായിത്തന്നെ വിമർശിക്കുന്നതും മേൽപ്പറഞ്ഞ പ്രതിബന്ധങ്ങൾ മറികടക്കാൻ തുർക്കി ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. 

ഉർദുഗാൻ

ഇസ്രായേലിനെ പരുഷമായ ഭാഷയിൽ എതിർക്കുന്നതും സിയോണിസ്റ്റു ഭരണാധികാരികളെ ക്രിമിനൽ, വംശഹത്യയുടെ ആൾക്കാർ, ഗസ്സയുടെ കശാപ്പുകാരൻ എന്നൊക്കെ പ്രസ്താവനകൾ നടത്തുന്നതും ഈയൊരു സാഹചര്യത്തിൽ  ഗൗരവകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് തുർക്കി ഭരണകൂടത്തിന് വ്യക്തമായ ധാരണയുണ്ട്. 2023 ൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ, എർദോഗാൻ ഇസ്രായേലിൻ്റെ നടപടികളെ ശക്തമായി വിമർശിക്കാൻ തുടങ്ങിയിരുന്നു. ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി താൻ കണക്കാക്കുന്നില്ലെന്ന് ഒക്‌ടോബർ 25 ന് പ്രഖ്യാപിച്ച അദ്ദേഹം ഹമാസ് പോരാളികളെ ‘മുജാഹിദീൻ’ എന്നാണ് അഭിസംബോധനം ചെയ്തത്. പിന്നീട് അദ്ദേഹം ഇസ്രായേലിനെ രാഷ്ട്ര ഭീകരത പ്രയോഗിക്കുന്ന ‘ഭീകര രാഷ്ട്രം’ എന്ന് വിളിക്കുന്നു. നവംബർ 28-ന് ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ ‘അന്താരാഷ്ട്ര കോടതികളിൽ ഉത്തരവാദികളാകണം’ എന്ന് അദ്ദേഹം യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനോട് പറഞ്ഞു.

ഫലസ്തീനിനുള്ള ഐക്യദാർഢ്യം പ്രാദേശിക രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം ഉറപ്പുവരുത്തുമെന്ന് തുർക്കിക്കു അറിയാം. പട്ടാള അട്ടിമറികളുടെ കാലത്ത് പട്ടാള ഭരണകൂടങ്ങൾ തന്നെ ഫലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നത് ദേശവാസികളുടെ താല്പര്യം പരിഗണിച്ചു കൊണ്ടായിരുന്നു. തുർക്കിയുടെ പ്രതിപക്ഷ പാർട്ടിയിൽ പ്രമുഖരായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവ് പോലും ഇസ്രായേലിനെ ഭീകരവാദി എന്ന് വിളിച്ചത് തുർക്കിയുടെ പൊതു കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന പ്രസ്താവനയാണ്. തുർക്കി-ഹമാസ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഫലസ്തീൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം തുർക്കിയുടെ മധ്യസ്ഥതയിൽ അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. ഗാസയോടും ഹമാസിനോടും പ്രത്യേക പ്രതിബദ്ധത പുലർത്തുന്ന തുർക്കി ഹമാസ് നേതൃത്വത്തിന് സാമ്പത്തിക സഹായങ്ങളും നയതന്ത്രപരമായ പിന്തുണയും നൽകി വരുന്നു. ഫലസ്തീൻ പ്രതിരോധ സംഘടനകളുടെ നേതാക്കൾക്ക് തുർക്കിയുടെ മണ്ണ് പലപ്പോഴും ഒരു സുരക്ഷിതമായ ഇടമായിരുന്നു.  മുസ്‌ലിം ലോകത്തെ പല സുപ്രധാന ചർച്ചകൾക്കും വേദിയൊരുക്കുന്ന തുർക്കിയുടെ മണ്ണിൽ ഹമാസ് നേതാക്കൾ പലതവണ സന്ദർശിക്കുകയും തുർക്കി പ്രസിഡണ്ട് റജബ് തയ്യിബ് എർദോഗാനുമായി നിരവധി തവണ ചർച്ചകൾ  നടത്തുകയും ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ദേയമായ വസ്തുതയാണ്.

തുർക്കിയും ഇസ്രായേലും 2022 ന് മുമ്പുള്ള നയതന്ത്ര ബന്ധങ്ങളിൽ നിന്നും നേരിയ വളർച്ച ഉണ്ടായെങ്കിൽ പോലും ഇസ്രായേൽ ഫലസ്തീന് എതിരെ വർഷാവർഷങ്ങളിൽ നടത്തുന്ന അക്രമണ പരമ്പരയോട് വളരെ വിമർശനാത്മകമായ നിലപാട് തന്നെയാണ് ഇപ്പോഴും തുർക്കി സ്വീകരിക്കുന്നത്. ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിന് മുമ്പ് തുർക്കി-ഇസ്രായേൽ അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പൂർണ്ണമായും സാധാരണ ഗതിയിലായിരുന്നു. എർദോഗാനും ബെഞ്ചമിൻ നെതന്യാഹുവും ഒക്ടോബർ 7 ന് ആഴ്ചകൾക്ക് മുമ്പ് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. അത് പോലെ നവംബറിൽ നെതന്യാഹു തുർക്കി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഊർജ്ജ, ഗതാഗത മേഖലയിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരണം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

സിറിൽ റമാഫോസ

നിലവിൽ ദേശീയ-അന്താരാഷ്ട്ര തലങ്ങളിലെല്ലാം ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന തുർക്കി, അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കുന്ന എല്ലാ രാഷ്ട്രീയ-നയതന്ത്ര നിമിഷങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അസർബൈജാൻ അർമേനിയന്‍ യുദ്ധ സാഹചര്യത്തിൽ അസർബൈജാനുമേലുള്ള ഇസ്രായേലിന്റെ സ്വാധീനത്തെ അരികുവൽക്കരിക്കുവാൻ തുർക്കിയുടെ നയതന്ത്ര ബന്ധത്തിനു സാധിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ കേസ് സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഇസ്രയേലിനെ കയറ്റുമതി പട്ടികയിൽ നിന്നും നീക്കം ചെയ്തു കൊണ്ട് തുർക്കി നടത്തിയ ഇടപെടൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ൽ ഇസ്രയേലുമായുള്ള വാണിജ്യ ബന്ധത്തിൽ  5.42 ബില്യൻ വരുമാനം ലഭിച്ചിരുന്നു. പൊതുവെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തുർക്കിയുടെ ഈ സമീപനം ഫലസ്തീൻ വിഷയത്തിലുള്ള അവരുടെ കടപ്പാട് വ്യക്‌തമാക്കുന്നുണ്ട്. ഒക്ടോബർ  ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ നല്ലൊരു ശതമാനം ഫലസ്തീനികളെ തുർക്കിയിലെത്തിച്ചു അവശ്യമായ ചികിത്സ സഹായങ്ങൾ നൽകി വരുന്നു. സിറിയ, ലബനാൻ, ജോർദാൻ ഫലസ്തീൻ അടക്കമുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന എല്ലാ പ്രശ്നങ്ങളും തുർക്കിയുടെ ആഭ്യന്തര വിഷയങ്ങളായി പരിണമിക്കുന്നു എന്നതിനാൽ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങൾക്ക് പിന്നിൽ തുർക്കിയുടെയും കൈകളുണ്ട് എന്നത് വസ്തുതയാണ്. ആദ്യ വെടിനിർത്തലിന് ശേഷം എർദോഗാനിൻ പശ്ചിമേഷ്യൻ- ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം നിരവധി തവണ ചർച്ചകൾക്കും പ്രശ്നപരിഹാരത്തിനുമായി തുർക്കി ഇടപെടുകയും പലതവണയായി സന്നദ്ധ സേവകന്മാരെ ഗാസയിലേക്കു അയക്കുകയുമുണ്ടായി. യൂറോപ്പിലെ തുർക്കിഷ് പ്രവാസികളുമായിട്ടുള്ള കൂടിക്കാഴ്ചകൾ, വിവിധ പശ്ചിമേഷ്യൻ സന്ദർശനങ്ങൾ തുടങ്ങി അന്താരാഷ്ട്ര തലങ്ങളിലെ വിവിധ കോൺഫറൻസുകളിലും പ്രാദേശിക പരിപാടികളിലുമെല്ലാം ഇസ്രായേലിന്റ അധിനിവേശം ചർച്ചയാക്കി ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ തുർക്കി ശ്രമിക്കുന്നുണ്ട്. റിട്ടറിക്സ് എന്ന സോഫ്റ്റ് പവർ നയതന്ത്രം ഉപയോഗപ്പെടുത്തി ഇസ്രായേൽ വിരുദ്ധ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നത്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ  ഫലസ്തീനികളുടെ  അവകാശത്തിനുവേണ്ടി പൊരുതുന്നവർക്കു ഊർജ്ജമാകും എന്ന് തുർക്കി കരുതുന്നു. സോഫ്റ്റ് പവർ നയതന്ത്രം സിയോണിസ്റ്റ് വിരുദ്ധ ജനാഭിപ്രായം രൂപപ്പെടുത്താൻ ഏറ്റവും ഫലപ്രദമായി തുർക്കി ഉപയോഗപ്പെടുത്തുന്നതും കാണാൻ സാധിക്കുന്നതാണ്. ഇസ്രയേലിന്റെ ക്രൂരതകൾ ചിത്രീകരിക്കുന്ന സിനിമ -ടെലിസീരിയലുകൾ രണ്ടായിരത്തിനു ശേഷം നിത്യ കാഴ്ചയായി മാറിയിട്ടുണ്ട്. ഫലസ്തീൻ വിമോചകനായ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയെ കുറിച്ചുള്ള പുതിയ സീരീസ് പാകിസ്ഥാനൊപ്പം ചേർന്ന് നിർമ്മിക്കുന്നതും സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്. ഇസ്രായേൽ ക്രൂരതകളുടെ ദൃസാക്ഷിവിവരണങ്ങൾ ജനമധ്യത്തിൽ എത്തിക്കുന്നതിൽ അൽജസീറ ചാനലിനെപ്പോലെ തുർക്കിയുടെ ചാനലുകൾക്കും നിസ്തുലമായ പങ്കാണുള്ളത്. ടിആർടി വേൾഡ്, അനദോലു ഏജൻസി തുടങ്ങിയ സ്റ്റേറ്റ് മീഡിയ സിയോണിസ്റ്റു രാഷ്ട്രത്തിന്റെ വ്യാജ ആഖ്യാനങ്ങളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇസ്രായേൽ അതിക്രമങ്ങളെ അന്താരാഷ്ട്ര കോടതിയുടെ മുമ്പാകെ കൊണ്ടുവന്ന പശ്ചാത്തലത്തിൽ അതിനാവശ്യമായ തെളിവുകൾ ശേഖരിച്ച് അവ പാശ്ചാത്യ രാഷ്ട്രനേതാക്കൾക്ക് വിതരണം ചെയ്യാൻ അനദോലു ഏജൻസി ശ്രമിച്ചിരുന്നു. 

ക്രൂരമായ ഇസ്രായേൽ അക്രമണങ്ങളെ നാസി ജർമനിയോട് ആണ് എർദോഗാൻ സമീകരിച്ചത്. ഇതിന് മറുപടിയായി ബെഞ്ചമിൻ തുർക്കിയുടെ കുർദുകളോടുള്ള സമീപനം പറഞ്ഞുകൊണ്ട് തങ്ങളെ വിമർശിക്കാൻ തുർക്കിക്ക് അർഹതയില്ലെന്ന് പ്രസ്താവിക്കുക പോലും ചെയ്തു. കുർദ് രാഷ്ട്രീയവും വിഘടനവാദവും  തുർക്കിയുടെ ഭൂമിയിൽ സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളും അവയുടെ ചരിത്രപരമായ സാഹചര്യവും മനസ്സിലാക്കാതെയുള്ള ഉപരിപ്ലവമായ പ്രസ്താവനയാണ്  ബെഞ്ചമിൻ നെതന്യാഹു നടത്തിയത്. നിലവിൽ തുർക്കി നേരിടുന്ന ആഭ്യന്തര വൈദേശിക വിഷയങ്ങളിലെല്ലാം ഇസ്രായേൽ ഇടപെടുന്നുണ്ട്. തുർക്കിയുടെ സ്വാധീനമേഘലകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടും കൂടി രക്തരൂക്ഷിത സംഘർഷങ്ങൾ സൃഷ്ടിച്ച കുർദിഷ് വിഘടനവാദത്തെ ഉപയോഗിച്ചു പല ഏജൻസികൾ വഴി അന്താരാഷ്ട്ര തലങ്ങളിൽ തുർക്കിഷ് വിരുദ്ധ വികാരം രൂപപ്പെടുത്തുന്നതിലും ഇസ്രായേലിന്റെ പങ്ക് വലുതാണ്.

ഇറാൻ, ഹൂതികൾ, ഹിസ്ബുല്ലാഹ് തുടങ്ങിയ പ്രാദേശിക ശക്തികളുടെ ഇസ്രായേലിനോടുള്ള സമീപനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് തുർക്കി കൈക്കൊള്ളുന്നത്. സ്വതന്ത്ര വിഭാഗങ്ങളായ ഹൂഥികളും ഹിസ്ബുല്ലയും ഇസ്രായേൽ അധിനിവേശത്തെ ചെറുക്കുന്നതുപോലെ ഒരു രാഷ്ട്രമെന്ന നിലയിൽ തുർക്കിക്കു സാധ്യമല്ല. ഗാസയുമായുള്ള അതിർത്തി പങ്കിടുന്നതിനാൽ ഫലസ്തീൻ പ്രശ്നം ഈജിപ്തിനെ നിർണായകമായി ബാധിക്കുന്നതാണ്. യുഎസ്-താലിബാൻ, യുഎസ്-ഇറാൻ ചർച്ചകൾ ഉൾപ്പെടെ നിരവധി പ്രാദേശിക സംഘർഷങ്ങളിൽ പ്രധാന മധ്യസ്ഥനായി ഉയർന്നുവന്ന ഖത്തർ ഹമാസിന് പരിപൂർണ പിന്തുണയും ധനസഹായവും നൽകുകയും അൽജസീറ ചാനലിലൂടെ സിയോണിസ്റ്റ് ക്രൂരതകളെ ലോകജനതക്കു മുൻപിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറും ഇറാനും തുർക്കിയും ഫലസ്തീനികളുടെ സ്വതന്ത്രരാഷ്ട്രമെന്ന മോഹത്തെയും പ്രതിരോധത്തെയും ഒരുപോലെ സഹായിക്കുന്നുണ്ട് എങ്കിലും ഈ രാഷ്ട്രങ്ങളുടെ നയതന്ത്രബന്ധങ്ങൾ വ്യത്യസ്തമാണ്. 

അറബ് വസന്താനന്തര പശ്ചാത്തലത്തിൽ അയൽപക്ക രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുക എന്ന തുർക്കിയുടെ വിദേശനയം മാറി വരുന്നത് നമുക്ക് കണ്ടിരുന്നു. അതിനാൽത്തന്നെ അറബ് വസന്തത്തിന് ശേഷം സംഭവിച്ച സംഭവവികാസങ്ങളെല്ലാം  തുർക്കിക്ക് വലിയ ആഘാതം  സൃഷ്ടിച്ചിരുന്നു. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ രൂപപ്പെട്ട തീവ്രവാദ പ്രവണതകളും അതിൻ്റെ ബാക്കിപത്രമായ അഭയാർത്ഥി പ്രവാഹവുമെല്ലാം തുർക്കിയുടെ ആഭ്യന്തര മേഖലകളിൽ സാരമായി സ്വാധീനിച്ചിരുന്നു. അതിൻ്റെ ഫലമായി കഴിഞ്ഞ ഇലക്ഷനിൽ എ.കെ പാർട്ടിയുടെ നല്ലൊരു ശതമാനം വോട്ട് ബാങ്ക് നഷ്ടപ്പെടുന്ന അവസ്ഥ തുർക്കിയിൽ രൂപപ്പെടുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയാനുഭവം ഉള്ളതിനാൽ അയൽപക്ക രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ സൂക്ഷ്മമായ സമീപനം കൈക്കൊള്ളാനാണ് തുർക്കി ശ്രമിക്കുന്നത്. ഇസ്രായേലിനോടുള്ള സമീപനത്തിലും ഇത് മുഴച്ചുനിൽക്കുന്നതായി പശ്ചിമേഷ്യൻ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ഇസ്രയേലുമായി വ്യാപാര നയതന്ത്ര ബന്ധങ്ങൾ നില നിർത്തുന്നുണ്ടെങ്കിലും ഇസ്രായേൽ വിമർശനം നടത്തുന്നതിലും ഫലസ്തീനിനോട് പലതരത്തിലുള്ള അനുഭാവ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുന്നതിലും അവ തുർക്കിയെ തടയുന്നില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. നയതന്ത്ര-വാണിജ്യ കരാറുകളെല്ലാം ഉണ്ടെങ്കിലും സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ ക്രൂരതകളെ വിമർശിക്കുന്നതിലും അന്താരാഷ്ട്രമേഖലകളിൽ ശബ്ദമുയർത്തുന്നതിൽ നിന്നും തുർക്കിയെ തടയാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. 

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്