Campus Alive

ബീമാപ്പള്ളി: സ്വയം സംസാരിക്കുന്ന ഭൂമിക

2011 മാര്‍ച്ച് 14 മുതല്‍ 16 വരെ തിയ്യതികളിലായി സാദിഖ് പി കെ, കെ അഷ്‌റഫ്, ഉബൈദുറഹ്മാന്‍ എന്നിവര്‍ ബീമാപ്പള്ളി സന്ദര്‍ശിച്ച് തയ്യാറാക്കിയ ഫീല്‍ഡ് റിപ്പോര്‍ട്ട്.

ആമുഖം

ബീമാപ്പള്ളിയെക്കുറിച്ച പരമ്പരാഗതമായ അര്‍ഥത്തിലുള്ള ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ടല്ല ഇത്. കാരണം, ബീമാപ്പള്ളിയുടെ വര്‍ത്തമാനത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഉള്ള ആധികാരികവും ഔദ്യോഗികവുമായ വസ്തുതകളടങ്ങളുന്ന ചരിത്രം നിലനില്‍ക്കുന്ന അധികാരഘടനകളെ തന്നെ പുനരുല്‍പാദിപ്പിക്കുകയും ഒരു ദേശത്തിനുമേല്‍ ഭരണകൂട ഭീകരതയ്ക്കുള്ള ന്യായങ്ങളായിത്തീരുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ടാണ് ഔദ്യോഗികവും ആധികാരികവുമായ വസ്തുതകളെത്തന്നെ സംശയിച്ചും മാറ്റിനിര്‍ത്തിയും മുന്നോട്ട് പോവേണ്ടി വരുന്നത്.

‘ഔദ്യോഗിക ഏജന്‍സികളും മാധ്യമങ്ങളും നല്‍കുന്ന പ്രഥമവും ആധികാരികവുമായ വിവരങ്ങള്‍ ഔരഭിപ്രായം മാത്രമല്ല മറിച്ച്, തുടര്‍ന്നു വരുന്ന വ്യവഹാരങ്ങളെ മുഴുവന്‍ നിര്‍ണയിക്കുന്ന (ഫ്രെയിം ചെയ്യുന്ന)വയാണ്’ (സ്റ്റുവര്‍ട്ട് ഹാള്‍, 1974, 98).

 

അതിനാല്‍ തന്നെ ബീമാപ്പള്ളിയെക്കുറിച്ച പ്രാഥമിക വിവരങ്ങളെയും ധാരണകളെയും മാറ്റിവെച്ചുകൊണ്ട് ബീമാപ്പള്ളിക്കാരുടെ വാമൊഴികള്‍ക്കും അനൗദ്യോഗിക ചരിത്രമൊഴികള്‍ക്കുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. നേരിട്ട് അനുഭവമുള്ള തലമുറയില്‍ നിന്നും സ്വീകരിക്കുന്ന മൊഴികളെയാണ് വാമൊഴികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. രേഖപ്പെടുത്തിയ ചരിത്രമില്ലാത്ത സമൂഹങ്ങളെയും വംശങ്ങളെയും കുറിച്ച ആധികാരിക രേഖകളായി വാമൊഴികള്‍ കരുതപ്പെടുന്നുണ്ട്. വാമൊഴികളിലെ വസ്തുതാപരതക്കപ്പുറം വ്യവസ്ഥാപിതമായ സാമൂഹിക അധികാരഘടനകള്‍ക്കകത്ത് വാമൊഴിക്കാരന്റെ വ്യക്തിത്വമെങ്ങനെ വെളിവാക്കപ്പെടുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധാര്‍ഹമായത്. അധീശപ്രത്യയശാസ്ത്രത്തിന്റെ ഔദ്യോഗിക ഭാഷണങ്ങള്‍ക്കെതിരായ പ്രതി ഓര്‍മ്മകളായി (counter memory) വാമൊഴികള്‍ മാറുന്നുണ്ട്. ചരിത്രമെഴുത്തിനും വംശീയ, സാമുദായിക പഠനങ്ങള്‍ക്കും വാമൊഴികളെ ഇപ്പോള്‍ ആശ്രയിക്കാറുണ്ട് (ചാറ്റര്‍ജി, ഘോഷ് 2002). ബീമാപ്പള്ളിയെക്കുറിച്ച ബീമാപ്പള്ളിക്കാരുടെ തന്നെ ആഖ്യാനങ്ങളിലൂടെ ഞങ്ങളെത്തന്നെ തിരിച്ചറിയാനുള്ള (reflexive) അന്വേഷണമായിട്ടാണ് ബീമാപ്പള്ളി യാത്രയെ ഞങ്ങള്‍ കാണുന്നത്. ബീമാപ്പള്ളിക്കാരെ കുറിച്ച സാമാന്യധാരണകളെ ഭേദിച്ചുകൊണ്ട് അവരുടെ സാമൂഹികസ്ഥാനത്തെ (social space) മനസ്സിലാക്കാനുള്ള ശ്രമം കൂടിയാണിത്.

ഈ ധാരണകളെ ഉറപ്പിച്ചുകൊണ്ട് ബീമാപ്പള്ളിക്കാരുടെ ഇടത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഭരണകൂടത്തിന്റെയും മുഖ്യധാരാ വ്യവഹാരങ്ങളുടെയും ഹിംസയുടെ ആഴം മനസ്സിലാക്കാനാവൂ എന്നാണ് ഞങ്ങളുടെ വിശ്വാസം. അതിനാല്‍ ഇത് ബീമാപ്പള്ളിയെ കുറിച്ച വസ്തുതാന്വേഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി ബീമാപ്പള്ളിയില്‍ നിന്നും ഞങ്ങള്‍ കേട്ട, അനുഭവിച്ച ബീമാപ്പള്ളിയെ കുറിച്ചുള്ള വിവരണങ്ങളാണ്.

ബീമാപ്പള്ളിയുടെ ചരിത്രം

ഇസ്‌ലാമിക പ്രബോധനത്തിനായി കേരളത്തിലേക്ക് മാലിക് ബിന്‍ ദിനാറിനു ശേഷം കടന്നുവന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെ മാതാവ് ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപ്പള്ളി എന്ന നാമകരണം ഉണ്ടാവുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിത്തിരിഞ്ഞ ഇവര്‍ ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തുവത്രേ. മാര്‍ത്താണ്ഡവര്‍മ്മ (ക്രിസ്താബ്ദം 1478-1528)യുടെ രാജവാഴ്ച്ച തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കാലമായിരുന്നു അതെന്നാണ് ചരിത്രരേഖകളും വാമൊഴികളും അനുസരിച്ച് പറയാവുന്നത്. വലിയ വിദഗ്തനായ ഒരു ഹാക്കിം (വൈദ്യന്‍) ആയിരുന്ന മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കന്‍ തിരുവിതാംകൂറില്‍ വ്യാപിച്ചു. രോഗികളും കഷ്ടതകളനുഭവിക്കുന്നവരുമായ നാനാജാതി മതസ്ഥര്‍ ഇവരുടെ സ്വാധീനത്താല്‍ ഇസ്‌ലാം സ്വീകരിച്ചു. പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗമായ നാടാര്‍ സമുദായത്തില്‍ നിന്നുമാണ് ഇസ്‌ലാമിലേക്കുള്ള മതാരോഹണം (യേശുദാസന്‍, 2009)  സംഭവിക്കുന്നത്.

ബീമാ ബീവിയുടെ ദര്‍ഗ

എന്നാല്‍ സാമൂഹിക ഘടനയില്‍ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയേകിയ മതാരോഹണത്തെ തങ്ങളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് കണ്ട രാജഭരണകൂടം ഇസ്‌ലാമിന്റെ സ്വാധീനവും പ്രചാരണവും ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി. വിദേശികളായ ബീമാ ബീവിയും മകനും കരം നല്‍കണം എന്നായിരുന്നു രാജഭരണകൂടത്തിന്റെ ഉത്തരവ്. എന്നാല്‍ ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിനു മാത്രമേ കരം നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് നികുതി പിരിക്കാന്‍ വന്ന രാജകിങ്കരന്‍മാരോട് പോരാടുകയാണ് മാഹിന്‍ അബൂബക്കര്‍ ചെയ്തത്. മാഹിന്‍ അബൂബക്കര്‍ ഹജ്ജിനുവേണ്ടി മക്കയില്‍ പോയ സന്ദര്‍ഭത്തില്‍ രാജാവ് വീണ്ടും തന്റെ സന്ദേശം ബീമാ ബീവിയെ വിളിച്ചു കേള്‍പ്പിച്ചു. കരം നര്‍കിയില്ലെങ്കില്‍ നിങ്ങളെ നാടുകടത്താന്‍ നിര്‍ബന്ധിതരാവുമെന്നായിരുന്നു രാജാവിന്റെ ഭീഷണി. ഈ ആവശ്യം നിരസിച്ച ബീവിയുടെ നിലപാട് രാജഭൃത്യന്മാരെ പ്രകോപിപ്പിച്ചു. മാഹിന്‍ അബൂബക്കര്‍ മക്കയില്‍ നിന്നും തിരിച്ചുവന്ന ഉടനെ അദ്ദേഹത്തെ നേരിടാനാണ് രാജാവ് തുനിഞ്ഞത്. ഇതിനെത്തുടര്‍ന്ന് രാജകീയ സൈന്യത്തിലെ പടയാളികളും കുന്തവും കുറുവടിയുമേന്തിയവരും കൈകോര്‍ത്ത് രംഗത്തിറങ്ങി. നാടുനീളെ കൊള്ളയും കൊള്ളിവയ്പ്പും നടത്തി. പരിവര്‍ത്തിതരായ മുസ്‌ലിംകളെയും വീടുകളെയും ആക്രമിച്ചു. ഈ ആക്രമം അമര്‍ച്ച ചെയ്യാനും മതപ്രചാരണ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാഹിന്‍ അബൂബക്കറും തന്റെ അനുയായികളുമായി യുദ്ധത്തിനിറങ്ങി. യോദ്ധാക്കളോ ആയുധ പരിശീലനം നേടിയവരോ അല്ലാത്ത മാഹിന്‍ അബൂബക്കറിനെയും അനുയായികളെയും ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തി. മകന്റെ വേര്‍പാടിലുള്ള ദുഃഖം തളര്‍ത്തിയ ബീമാ ബീവിയും 40 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. ഇവരെ ഖബറടക്കിയ സ്ഥലമാണ് പിന്നീട് ബീമാപ്പള്ളിയായി മാറിയത്. രോഗശമനത്തിന് ഈ പള്ളിയില്‍ വന്നുള്ള പ്രാര്‍ഥന ഉത്തമമെന്ന് ആളുകള്‍ കരുതുന്നു.

അടിസ്ഥാനതല സൗകര്യങ്ങള്‍

മത്സ്യബന്ധനമാണ് ബീമാപ്പള്ളിയിലെ പരമ്പരാഗത വരുമാന മാര്‍ഗ്ഗം. എന്നാല്‍, ഇന്നും യന്ത്രവത്കൃത ബോട്ടുകളും മറ്റും ഇവിടെ ഉപയോഗിക്കുന്നില്ല. വലിയതുറയിലും പൂന്തുറയിലും ഫിഷറീസ് വകുപ്പിന്റെ പല സൗകര്യങ്ങളും ലഭ്യമാണെങ്കിലും ബീമാപ്പള്ളിക്കാര്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന പല ക്ഷേമപദ്ധതികളെക്കുറിച്ചും സാമാന്യധാരണ പോലുമില്ല. മാസത്തിലൊരിക്കല്‍ തുറക്കുന്ന ഓഫീസ് മാത്രമാണിവിടെയുള്ളത് എന്ന് നാട്ടുകാര്‍ പറയുന്നു. പൂന്തുറയില്‍ അഞ്ചോ ആറോ പുലിമുട്ടുകള്‍ കരയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാല്‍ വളരെ സുഗമമായി വല വലിച്ചെടുപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ വല വലിച്ചെടുപ്പിക്കാന്‍ ചെറിയതുറക്കാരെയാണ് ബീമാപ്പള്ളിക്കാര്‍ ആശ്രയിക്കുന്നതെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജ സാഹിബും ചെറിയതുറ ചര്‍ച്ച് ഫാദര്‍ സ്റ്റീഫനും പറയുന്നു. ഞങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ കരതന്നെ ഇല്ലാതായിട്ടും അധികാരികളോ അധികൃതരോ യാതൊരുവിധ പരിഗണനകളും നല്‍കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നുവരുന്ന മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലവിധത്തിലുള്ള ത്വക്‌രോഗങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ കാരണമാവുന്നു.

മറ്റു തീരപ്രദേശങ്ങളില്‍ നിരവധി ആശ്വാസ പദ്ധതികള്‍ നടപ്പാക്കിയിട്ടും സര്‍ക്കാര്‍ ബീമാപ്പള്ളിയോട് കടുത്ത വിവേചനമാണ് കാണിച്ചിട്ടുള്ളതെന്ന് പൊതുപ്രവര്‍ത്തകനായ ബദറുസ്സമാന്‍ പറയുന്നു. നിരന്തരം കരയെടുക്കുന്ന കടല്‍ ഇപ്പോള്‍ ബീമാപ്പള്ളിയുടെ ജനവാസസ്ഥലങ്ങള്‍ക്ക് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് നില്‍ക്കുന്നത്. അടുത്ത വര്‍ഷകാലമാവുമ്പോള്‍ തങ്ങളുടെ കിടപ്പാടം കടലെടുക്കുമോ എന്ന ഭീതി തദ്ദേശവാസികളെ അലട്ടുന്നുണ്ട്. റോഡ് തന്നെ വളരെവേഗം പൊട്ടിപ്പൊളിയാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര മുന്‍കരുതലെടുത്ത് നിര്‍മ്മിക്കേണ്ടതാണ്. തീരപ്രദേശത്തിന്റെ മണല്‍ നിറഞ്ഞ പ്രതലം അതിനനുസരിച്ച് നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, വര്‍ഷാവര്‍ഷം നടത്തുന്ന പൊടിക്കൈകള്‍ക്കപ്പുറം ശാശ്വതമായ പരിഹാരങ്ങള്‍ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. മാറിമാറിവരുന്ന മുന്നണികള്‍ക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ബീമാപ്പള്ളി ജമാഅത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്തിന്റെ അടിസ്ഥാനപരമായ സൗകര്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും സഹായിക്കുന്നത്. കുറച്ചുകാലം മുമ്പുവരെ വിരലിലെണ്ണാവുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ വലിയ മാറ്റങ്ങള്‍ തന്നെയാണ് കാണുന്നതെന്ന് ബീമാപ്പള്ളി മഹല്ല് ജമാഅത്ത് നടത്തുന്ന ഹൈസ്‌കൂളിലെ പ്രധാനധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ പറയുന്നു. മഹല്ല് ജമാഅത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്‌കൂളും മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും ഗള്‍ഫ് വരുമാനവുമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളായി സാമൂഹിക പ്രവര്‍ത്തകനായ എ. ജെ. എം ഫാറൂഖ് നിരീക്ഷിക്കുന്നത്.

ബീമാപ്പള്ളിയും സ്റ്റേറ്റും

കേരള വികസനത്തിന്റെയും മാതൃകയുടെയും അടിസ്ഥാനമായി സാമ്പത്തിക വിദഗ്ധരും സൈദ്ധാന്തികരും എണ്ണിപ്പറഞ്ഞ ഭരണകൂട പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇടപെടലുകളും ബീമാപ്പള്ളിക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

കേരളത്തിന്റെ തീര പ്രദേശങ്ങള്‍ പൊതുവെ പ്രഖ്യാതമായ കേരളാവികസന മാതൃകയില്‍നിന്ന് ഒഴിവാക്കപ്പെടുന്നുവെങ്കിലും ബീമാപ്പള്ളിയുടെ കാര്യത്തില്‍ സങ്കീര്‍ണ്ണതകളേറെയാണ്. തീരപ്രദേശം എന്നതുതന്നെ പലതരത്തിലുള്ള സാമുദായികവും ജാതീയവുമായ അധികാര സന്തുലിതത്വത്തിന്റെ പ്രശ്‌നങ്ങളിലൂടെ കാണേണ്ട ഒന്നാണ്. ഇങ്ങനെ നോക്കുമ്പോഴാണ് ബീമാപ്പള്ളി, തൊട്ടടുത്ത് ലത്തീന്‍ കത്തോലിക്കര്‍ താമസിക്കുന്ന ചെറിയതുറയില്‍ നിന്നും ഇടതുവശത്തെ പൂന്തുറയില്‍ നിന്നും വളരെ വ്യത്യസ്തമായി നില്‍ക്കുന്നത്.

ചരിത്രപരമായിത്തന്നെ ‘വിദേശികള്‍’, ‘നിയമത്തിന് വഴങ്ങാത്തവര്‍’ എന്നീ മുദ്രകള്‍ പേറേണ്ടിവന്നവരാണ് ബീമാപ്പള്ളിക്കാരെന്നതിനു ചരിത്രം സാക്ഷിയാണ്. കരം നല്‍കാന്‍ വിസമ്മതിച്ച ബീമാ ബീവിയെ അഹങ്കാരിയെന്നായിരുന്നു തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതെന്ന് ബീമാപ്പള്ളിയുടെ ചരിത്രം. ഇന്നും പോലീസിന്റെയും അധികാരികളുടെയും ഭാഷയില്‍ ബീമാപ്പള്ളിക്കാര്‍ അഹങ്കാരികളാണ്. ലൈസന്‍സ് വീട്ടില്‍ മറന്നുവച്ചതിനെ പോലും അഹങ്കാരമായാണ് പോലീസുകാര്‍ വ്യാഖ്യാനിക്കുന്നതെന്ന് വെടിവെയ്പില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ടാക്‌സി ഡ്രൈവറായിരുന്ന നിസാമുദ്ധീന്‍ പറയുന്നു. പോലീസ് നിയമസംരക്ഷകരാവുകയും ബീമാപ്പള്ളിക്കാര്‍ നിയമലംഘകരാവുകയും ചെയ്യുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെയും ബീമാപ്പള്ളിക്ക് പുറത്ത് നടക്കുന്ന ദൈനംദിന വ്യവഹാരങ്ങളിലൂടെയും കാണുന്നു. ഈ പ്രശ്‌നം സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍

ബീമാപ്പള്ളിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതം പോലീസ് ഇടപെടലുകളെ നിരാകരിക്കുന്നത് സ്വാഭാവികമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും തന്നെ ലഭിക്കാത്ത ബീമാപ്പള്ളിക്കാര്‍ എന്തിന് ഭരണകൂട നിയന്ത്രണങ്ങളെ മാത്രം വരിക്കണമെന്നതാണ് പ്രദേശവാസികളുടെ ചോദ്യം. ആഗോളീകരണത്തിന്റെയും അതിനുമുമ്പേ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റത്തിന്റേയും ഭാഗമായുണ്ടായ മൂലധനത്തിന്റെ പങ്കുപറ്റുകാരാവാന്‍ സ്റ്റേറ്റിനും അതിന്റെ ഏജന്‍സികള്‍ക്കും എന്തവകാശമാണുള്ളതെന്നും അവര്‍ ചോദിക്കുന്നു. ബീമാപ്പള്ളിക്കാരെ ശാക്തീകരിക്കുകയും അവരുടെ തന്നെ വ്യത്യാസത്തെ ഊന്നിപ്പറയുന്ന തരത്തിലുള്ള സാംസ്‌കാരിക മൂലധനത്തിന്റെ വികാസം സാധ്യമാക്കുന്ന തരത്തിലേക്ക് അവരെ നയിക്കുകയും ചെയ്യേണ്ടതുണ്ട്. ബീമാപ്പള്ളി ജമാഅത്തിലെ ഭരണസമിതിയിലെ മിക്ക അംഗങ്ങളും ആദ്യകാല ഗള്‍ഫ് കുടിയേറ്റക്കാരും ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന് വിശ്രമജീവിതം നയിക്കുന്നവരുമാണ്.

ബീമാപ്പള്ളിയുടെ പ്രത്യേക സാമൂഹിക സാഹചര്യത്തെ പരിശോധിക്കുകയാണെങ്കില്‍ ഗൗരവതരമായ ഒന്നാണ് 1985ലെ സുലൈഖ ബീവി ഹദ്ദടി സംഭവം. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ മഹല്ല് സെക്രട്ടറിയും പോലീസുദ്യോഗസ്ഥനുമായിരുന്ന ജഅ്ഫറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയുണ്ടായി. പ്രദേശത്തെ മഹല്ല് ഭാരവാഹി എന്ന നിലക്ക് ഗവണ്‍മെന്റിനനുകൂലമായി നില്‍ക്കാന്‍ ജഅ്ഫര്‍ വിസമ്മതിച്ചു എന്ന കാരണത്താലാണത്. മാറിമാറി വന്ന സര്‍ക്കാരുകളൊന്നും ജഅ്ഫറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി അംഗം മാഹിന്‍ പറയുന്നു.

ലിംഗയിടങ്ങള്‍

1985ലെ ശരീഅത്ത് വിവാദം ഇടതുപക്ഷം ആരംഭിച്ച ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളുടെ തുടക്കമായിരുന്നു. പിന്നീട് പുരോഗമന വ്യവഹാരങ്ങള്‍ ലിംഗ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ട് മുസ്‌ലിമിനെ പൊതുമണ്ഡലത്തില്‍ ആക്രമിക്കുന്നതിന്റെ തുടക്കമായി ഇതാണ് നിരീക്ഷകര്‍ കാണുന്നത്. കേരളത്തില്‍ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ തുടക്കവും തുടര്‍ച്ചയും ബീമാപ്പള്ളിയില്‍ കാണുന്നത് കൗതുകത്തിനപ്പുറം വളരെ വിശദമായ ആലോചന ആവശ്യപ്പെടുന്ന ഒന്നാണ്. യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ലിംഗഭേദത്തെ കുറിച്ചുള്ള സംവാദങ്ങള്‍ അടിസ്ഥാനപരമായി മുസ്‌ലിം മതമൗലികവാദത്തെ കുറിച്ചുള്ള ഭീതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട് (സയ്യിദ്, 1998). മതഭ്രാന്തനായ മുല്ലയുടെ (അന്‍സാരി, 2008) നിയന്ത്രണത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന മുസ്‌ലിം സ്ത്രീയെ രക്ഷിച്ചെടുക്കാന്‍ ഉല്‍സാഹിക്കുന്ന പുരോഗമന മതേതര പൗരത്വ വ്യവഹാരങ്ങള്‍ മതമൗലികവാദത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ലിംഗഭേദത്തെ കേന്ദ്രീകരിച്ചാണ് ഉയര്‍ത്തിവിടാറുള്ളത്. എന്നാല്‍, ഇത്തരം സര്‍വ്വസാധാരണമായ വ്യവഹാരങ്ങള്‍ ഭരണനിര്‍വ്വഹണപരമായ നിയന്ത്രണത്തെ (governmental control) വളരെയധികം നോര്‍മാറ്റീവായി സ്വാംശീകരിക്കുന്നു. അങ്ങനെ മുസ്‌ലിം ആണിനെ കേന്ദ്രീകരിച്ചുള്ള വ്യവഹാരങ്ങളിലൂടെ സ്‌റ്റേറ്റിന്റെ നിയന്ത്രണങ്ങള്‍, വയലന്‍സ്, പരമാധികാരം, ആകാരപരിധികള്‍ എന്നിവയെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ അപ്രസക്തമാക്കുന്നു. ഇത് മുസ്‌ലിമിന്റെ, വിശിഷ്യാ മുസ്‌ലിം ആണിന്റെ പൊട്ടിത്തെറിക്കുന്ന ശരീരത്തെ നിയന്ത്രിക്കുന്നതിന് സ്റ്റേറ്റിന് നിയമസാധുതയും പൊതുസമ്മതിയും നല്‍കുന്നു.

മുസ്‌ലിം ആണിനെ കുറിച്ചുള്ള ഭീതിയുണര്‍ത്തുന്നതില്‍ സവിശേഷമായി ഉപയോഗപ്പെടുത്താറുള്ള ലിംഗഭേദത്തെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ ബീമാപ്പള്ളിയെ കുറിച്ചും ധാരാളമായി ഉന്നയിക്കപ്പെടാറുണ്ട്. എന്നാല്‍, സെക്കുലര്‍ ലിബറല്‍ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയ ലിംഗയിടത്തെക്കുറിച്ച കാഴ്ച്ചപ്പാടുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രം തന്നെ ബീമാപ്പള്ളി രൂപപ്പെടുത്തുന്നു. ആണിന്റെ ചരിത്രമായി രേഖപ്പെടുത്താമായിരുന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പോരാട്ടങ്ങളെ ബീമ ഉമ്മയുടെ പേരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് ബീമാപ്പള്ളി എന്ന പ്രദേശനാമം ഉണ്ടാവുന്നത്.

പെണ്ണിന്റെ ഇടം വീട്ടകമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഇതര പ്രദേശങ്ങളിലെ മുസ്‌ലിംകളില്‍ നിന്നും വ്യത്യസ്തമായി ബീമാപ്പള്ളിയില്‍ സ്ത്രീകള്‍ക്കാണ് സ്വത്തവകാശമുള്ളത്. സ്വത്ത് കൈകാര്യം ചെയ്യാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കുന്നതാണ് ബീമാപ്പള്ളിയിലെ അനന്തരസ്വത്തവകാശ നിയമം എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മുസ്ത്വഫ ഫാറൂഖ് പറയുന്നു. പാരമ്പര്യ ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെത്തന്നെ മറ്റൊരു രീതിയില്‍ വ്യഖ്യാനിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നു ഈ പ്രാദേശിക കര്‍മശാസ്ത്രം.

ബീമാപ്പള്ളിയും ദേശീയ ശ്രദ്ധയും

ബീമാപ്പള്ളി വെടിവെപ്പിനെ കുറിച്ച് അധികം വാര്‍ത്തകളൊന്നും ഉണ്ടാവാതിരുന്നത് അതിനെ വര്‍ഗ്ഗീയ സംഘര്‍ഷമായി പോലീസ് പ്രചരിപ്പിച്ചതിനാലാണ്. എന്നാല്‍, ദേശീയ തലത്തില്‍ അസ്ഗര്‍ അലി എഞ്ചിനീയര്‍ തയ്യാറാക്കിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ബീമാപ്പള്ളി വെടിവെയ്പ്പ് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. നേരത്തെ സൂചിപ്പിച്ച പോലെ ബീമാപ്പള്ളി ദേശീയ ശ്രദ്ധയില്‍ വന്ന മറ്റൊരു സന്ദര്‍ഭം 1985 ലെ സുലൈഖ ബീവിയുടെ ഹദ്ദടിയുമായി ബന്ധപ്പെട്ടായിരുന്നു. ബീമാപ്പള്ളി എന്ന അസംസ്‌കൃത ദേശത്തെക്കുറിച്ചുള്ള ഭാവനകള്‍ നിര്‍മ്മിക്കുന്നതില്‍ സുപ്രധാനപങ്കാണ് സുലൈഖ ബീവി സംഭവത്തിലുണ്ടായിരുന്നത്. സുലൈഖ ബീവിയും ഭര്‍ത്താവും രമ്യതയിലെത്തുകയും ബീമാപ്പള്ളിയില്‍ തന്നെ താമസമാക്കുകയും ചെയ്‌തെങ്കിലും ഇവിടത്തെക്കുറിച്ച പുറം വ്യവഹാരങ്ങളില്‍ ഈ വിവാദം സൃഷ്ടിച്ച ആഘാതം ഇന്നും തുടരുന്നു.

1990കളില്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞും ബീമാപ്പള്ളി ദേശിയ ശ്രദ്ധയില്‍ വരികയുണ്ടായി. ഹൈന്ദവോന്മുഖമായ ഉന്മാദ ദേശീയതയുടെ ദേശസ്‌നേഹത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും യാത്രയെ ബീമാപ്പള്ളി തടഞ്ഞതോടെ ചരിത്രപരമായിത്തന്നെ രൂപപ്പെട്ട ‘വിദേശി’, ‘ദേശീയ ഹൃദയത്തിന് മുറിച്ചുകടക്കാന്‍ സാധിക്കാത്ത അപരദേശം’ (ട്രാഫിക് എന്ന സിനിമയിലെ സൂചനകള്‍) എന്നീ മുന്‍ധാരണകല്‍ വീണ്ടും ഉറപ്പിക്കപ്പെട്ടു. വെടിവെച്ചിടപ്പെടാന്‍ അര്‍ഹതയുള്ളവര്‍ എന്ന പൊതുസമ്മതി ബീമാപ്പള്ളിയുടെ കാര്യത്തില്‍ നിര്‍മ്മിക്കപ്പെട്ടത് ഇങ്ങനെയാണ്. പിന്നീട് ബീമാപ്പള്ളി നിരന്തരം ദേശീയ ശ്രദ്ധയില്‍ വരുന്നത് അവിടത്തെ സി. ഡി നിര്‍മ്മാണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ടാണ്.

നിയമവിരുദ്ധമായി സി. ഡികള്‍ നിര്‍മ്മിക്കുന്ന അധോലോകം എന്നാണ് ബീമാപ്പള്ളിയെ കുറിച്ചുള്ള സാമാന്യ ധാരണ. എന്നാല്‍ ബീമാപ്പള്ളി വെടിവെപ്പിനു ശേഷം ക്രൂരമായ സ്റ്റേറ്റ് വയലന്‍സിനു നേരെ മൗനം പാലിച്ച്, സി. ഡി കടകള്‍ അടച്ചുപോയതിനെക്കുറിച്ച് മാത്രം ആകുലപ്പെടുക മാത്രമാണ് നമ്മുടെ റാഡിക്കല്‍ വ്യവഹാരങ്ങള്‍ പോലും ചെയ്തത്. പ്രമുഖ സംവിധായകരുള്‍പ്പെടെ പല സിനിമാ പ്രവര്‍ത്തകരും ലോകസിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ തേടി വരാറുണ്ടെന്ന് വെടിയേറ്റ്‌ കാല്‍ നഷ്ടപ്പെട്ട നിസാം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിന് വരുന്ന കേരളത്തിനകത്തും പുറത്തുമുള്ള ചലചിത്ര പ്രേമികളുടെയും ബുദ്ധിജീവികളുടെയും സന്ദര്‍ശന കേന്ദ്രം കൂടിയാണ് ബീമാപ്പള്ളി. എന്നിട്ടും ഞങ്ങള്‍ മാത്രം എങ്ങനെ നിയമവിരുദ്ധരാവും എന്ന ബീമാപ്പള്ളിക്കാരുടെ ചോദ്യവും പ്രസക്തമാണ്. സ്റ്റേറ്റ് പൂര്‍ണ്ണമായും വികസന-ക്ഷേമ പദ്ധതികളില്‍ നിന്നും മാറ്റിനിര്‍ത്തിയ ഒരു പ്രദേശം എന്ന നിലയില്‍ ബീമാപ്പള്ളിയില്‍ സി.ഡി വില്‍പ്പനയിലൂടെ രൂപപ്പെടുന്ന അനൗപചാരിക സമ്പദ്ഘടന (informal economy)യെ

സവിശേഷമായി തന്നെ പഠിക്കേണ്ടതാണ്.

ബീമാപ്പള്ളിയും സംഘര്‍ഷങ്ങളും

ബീമാപ്പള്ളിയിലെയും പരിസരങ്ങളിലെയും സംഘര്‍ഷങ്ങളെ വര്‍ഗീയം എന്ന് വ്യവഹരിക്കപ്പെട്ടു തുടങ്ങിയത് പുതിയൊരനുഭവമായാണ് ബീമാപ്പള്ളിയിലെ പഴയ തലമുറ കാണുന്നത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടും മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല മുറിക്കുന്നതും കെട്ടുന്നതുമായി ബന്ധപ്പെട്ടുമുള്ള സംഘര്‍ഷങ്ങളെ മാത്രമാണ് ഞങ്ങള്‍ സംസാരിച്ച പഴയ തലമുറയിലെ പലരും പറഞ്ഞത്. പ്രദേശത്തെ പ്രായം കൂടിയ സ്ത്രീയായ സല്‍മത്ത് ബീവി 1942 മുതല്‍ ബീമാപ്പള്ളിയിലും പരിസരത്തുമുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.

1942ല്‍ ഒരു ആറാട്ട് ദിവസം ചായകുടിച്ച് കാശ് കൊടുക്കാതെ പോയ ഒരാളെച്ചൊല്ലി വലിയ ലഹളയുണ്ടായി. ആ ലഹളയുടെ വേളയിലും പരിസരത്തുണ്ടായിരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അഭയം തേടിയിരുന്നത് ഹസൈനാര്‍ പിള്ളയുടെ തറവാട്ടിലായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. 1972ലാണ് പിന്നീട് ചെറിയ സംഘര്‍ഷമുണ്ടായത്. 1992ലെ പൂന്തുറ കലാപമാണ് ബീമാപ്പള്ളിക്കാര്‍ ഓര്‍ക്കുന്ന മറ്റൊരു സംഘര്‍ഷം. പൂന്തുറ പുത്തന്‍പള്ളി ശംസുദ്ധീനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പരിസരത്തുണ്ടായ ശിവക്ഷേത്രത്തിനു മുന്നില്‍ മുസ്‌ലിം ചെറുപ്പക്കാരും ആര്‍.എസ്.എസുകാരും വാക്തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷമായി വളരുകയും പോലീസ് വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നു.

1995ല്‍ ബീമാപ്പള്ളിക്കാരായ ചിലരെ യമഹ ബോട്ടില്‍ കടലിലേക്ക് കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തു. അന്നത്തെ കളക്ടറായിരുന്ന സുധപ്പിള്ളക്ക്, തട്ടിക്കൊണ്ട് പോയ ബോട്ട് ബീമാപ്പള്ളിക്കാരന്‍ തന്നെയായ ജില്ലാ മജിസ്‌ട്രേറ്റ് സത്താര്‍ സാഹിബ് കാണിച്ചുകൊടുത്തിട്ടും അവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ബീമാപ്പള്ളിയും ചെറിയതുറയും

വെടിവെപ്പുണ്ടായ സമയത്ത് പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞത് ചെറിയതുറ വെടിവെപ്പ് എന്നാണ്. എന്നാല്‍ വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയില്‍ വെച്ചാണ്. അക്രമികളായ ബീമാപ്പള്ളിക്കാര്‍ ചെറിയതുറ ഭാഗത്തേങ്ങ് നീങ്ങുകയും ചെറിയതുറക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അത് പ്രതിരോധിക്കാനാണ് പോലീസ് വിവേചനരഹിതമായി വെടിവെച്ചത് എന്നാണ് ഇതിലൂടെ മനസ്സിലാവുക. എന്നാല്‍, വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയില്‍ വെച്ചുതന്നെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മള്‍ ചെറിയതുറ വെടിവെപ്പ്, ചെറിയതുറ സംഘര്‍ഷം എന്ന രീതിയില്‍ ഈ സംഭവങ്ങളെ വിളിക്കുന്നത്. ബീമാപ്പള്ളി എന്ന പ്രദേശത്തിന്റെ ദൃശ്യത ചെറിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ കടന്നുകയറുന്നവര്‍ എന്ന നിലക്കാണ്. ആ അര്‍ഥത്തില്‍ അക്രമികളെ കുറിച്ചുള്ള തമസ്‌കരണത്തിന്റെ യുക്തി സവിശേഷമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ഓര്‍ക്കേണ്ട ഇടങ്ങളിലും ദൃശ്യമാവേണ്ട സന്ദര്‍ഭങ്ങളിലും ബീമാപ്പള്ളിക്കാര്‍ ഇല്ലാതെ പോവുകയും സര്‍വവിധ കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കേന്ദ്രമായി അവര്‍ മാറുകയും ചെയ്യുന്നു. കേരളവികസന മാതൃകയുടെ അപരമായെണ്ണുന്ന തീരപ്രദേശം പലപ്പോഴും ഏകശിലാത്മകമായ ഒരവസ്ഥയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. നിരവധി വ്യത്യാസങ്ങള്‍ ഓരോ പ്രദേശങ്ങള്‍ തമ്മിലും നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് നമ്മുടെ വികസന സംവാദങ്ങളില്‍ പലപ്പോഴും പരിഗണിക്കാറില്ല. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബീമാപ്പള്ളിയും തൊട്ടടുത്ത പ്രദേശങ്ങളും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്. ഇവ ഭരണകൂട പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പോലും നിലവിലുണ്ട് എന്നറിയുമ്പോള്‍ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പോരടിക്കുന്ന രണ്ടു തീരപ്രദേശങ്ങളായ ബീമാപ്പള്ളിയും ചെറിയതുറയും കേരളം എന്ന ഭാവനയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട അനിവാര്യതയാണെന്നാണ് മുഖ്യധാരാ സമ്മിതി. എന്നാല്‍, പരസ്പരം പോരടിക്കുന്ന തീരപ്രദേശങ്ങള്‍ എന്ന ധാരണ തന്നെയും നമ്മുടെ തന്നെ ഭീതികളെ ഇത്തരം സംഘര്‍ഷസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്നതുകൊണ്ട് ഉണ്ടായിത്തീരുന്നതാണ്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ ഇത്തരം സംഘര്‍ഷസ്ഥലങ്ങള്‍ പോലും മുഖ്യധാരയുടെ പുനരുല്‍പാദനത്തെയാണ് അടിസ്ഥാനപരമായി സഹായിക്കുന്നത്. ക്രിക്കറ്റു കളിക്കുന്നതിനിടെ ഗ്രനേഡ് ഏറ്റ് കൈക്ക് പരിക്ക് പറ്റിയ മുഹമ്മദ് അസ്‌ലമിന് അന്നുതന്നെ ചെറിയതുറയിലെ തന്റെ സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നു. മാത്രമല്ല, തങ്ങളുടെ വരുമാന മാര്‍ഗ്ഗമായ മത്സ്യം ചെറിയതുറയിലാണെന്നും അതിനാല്‍ അവരുമായി ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് പോലും അസംബന്ധമാണെന്ന് ബീമാപ്പള്ളിക്കാര്‍ പറയുന്നു. അപ്പോള്‍ ചെറിയതുറ/ബീമാപ്പള്ളി എന്ന രണ്ടു പോരടിച്ചുനില്‍ക്കുന്ന സ്ഥലങ്ങള്‍ എന്ന ഭീതിനിറഞ്ഞ നിര്‍മ്മിതി ആരുടേതാണ്? 1500 ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളുള്ള ചെറിയതുറയില്‍ മത്സ്യബന്ധനം തന്നെയാണ് മുഖ്യവരുമാന മാര്‍ഗ്ഗം. കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മത്സ്യബന്ധനവുമായി നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ കാലങ്ങളായുള്ളതാണ്. അത് പരിഹരിക്കുന്നതിന് തങ്ങളുടേതായ മാര്‍ഗ്ഗങ്ങളും അവര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളുടെ സന്ദര്‍ശന വേളയിലും ഇത്തരമൊരു തര്‍ക്കം അവിടെ നിലനിന്നിരുന്നു. എന്നാല്‍, മഹല്ല് ജമാഅത്തിന്റെയും ചര്‍ച്ചിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ അത് രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് ഫാ. സ്റ്റീഫന്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പൊതുവെ വലിയ സാമ്യതയുള്ളവരാണെന്ന്‌ മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ച ഡോ. മാത്യൂ ഏര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. ബീമാപ്പള്ളിയില്‍ തന്നെ ചെറിയതുറയില്‍ നിന്നുള്ള ധാരാളം ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ബീമാപ്പള്ളിയിലെ സി.ഡികളില്‍ പലതും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് ചെറിയതുറയിലാണ്. ഈയര്‍ഥത്തിലുള്ള സൗഹൃദവും കൊള്ളകൊടുക്കലുകളും നിലനില്‍ക്കുന്ന രണ്ടു പ്രദേശങ്ങളെ സാമുദായിക സംഘര്‍ഷത്തിന്റെ മേഖലകളായി കാണുന്നതിലെ പ്രശ്‌നത്തെയും അഭിമുഖീകരിക്കേണ്ടതുണ്ട്. അധികാരത്തിന്‍ നിന്നും അനേക കാതം അകലെ കഴിയുന്ന മീന്‍പിടുത്തക്കാരുടെ (ഏര്‍ത്തയില്‍, 2002) സങ്കീര്‍ണ്ണവും ബഹുതലസ്പര്‍ശിയുമായ ജീവിതലോകങ്ങളെയും ഇതുവഴി സെക്കുലര്‍ സ്‌റ്റേറ്റിന്റെ ഒഴിവാക്കലുകളെയുമാണ് സാമുദായിക സംഘര്‍ഷമെന്ന പ്രതിനിധാനത്തിലൂടെ മറച്ചുവയ്ക്കുന്നത്.

ബീമാപ്പള്ളിയും ഇടതുപക്ഷവും.

ബീമാപ്പള്ളിയിലെ ഇടതുപക്ഷ കൗണ്‍സിലറായ കെ. യു ഇഖ്ബാല്‍ പറയുന്നത് ഇവിടെ കുറച്ച് മത്സ്യത്തൊഴിലാളികളാണ് താമസിക്കുന്നതെന്നും വിദ്യാഭ്യാസമില്ലാത്ത, എടുത്ത് ചാട്ടക്കാരായ അവരാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്നുമാണ്. ഇടതുപക്ഷവും ബീമാപ്പള്ളിയും തമ്മിലുള്ള ഇടപാടുകള്‍ക്ക് 1985ലെ ശരീഅത്ത് വിവാദവുമായി ബന്ധമുണ്ട്. ബീമാപ്പള്ളി പ്രദേശത്തെ സുലൈഖ ബീവിയുടെ ഹദ്ദടിയുമായി ബന്ധപ്പെട്ട്  മുസ്‌ലിം പിന്നാക്കാവസ്ഥയുടെയും മുസ്‌ലിം മതമൗലികവാദിയായ ആണിന്റെ രക്ഷാകര്‍തൃത്വത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്ന മുസ്‌ലിം സ്ത്രീയെ രക്ഷിക്കാനുമുള്ള ഉല്‍ക്കണ്ഠയുമാക്കി ശരീഅത്ത് വിവാദം മാറ്റി.

ബീമാപ്പള്ളി ഉറൂസ്‌

അക്കാലത്ത് ആയിരക്കണക്കിന് വേദികളില്‍ കേരളത്തിന്റെ പിന്നാക്കാവസ്ഥയുടെ പ്രതീകമായും ആധുനികതയുടെ പുറംപോക്കായും ബീമാപ്പള്ളിയടക്കമുള്ള പ്രദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. 1990കളില്‍ ഇ. കെ നായനാര്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത് ‘ഞങ്ങള്‍ക്കും അവിടെ ഒരമ്പതെണ്ണമുണ്ടെടോ’ എന്നായിരുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ മനോഭാവവും സവര്‍ണ ഹൈന്ദവതയുടെ പ്രത്യക്ഷവത്കരണവും പ്രസ്തുത പ്രസ്താവനയില്‍ കാണാം. ഇതു മാത്രമല്ല, ബീമാപ്പള്ളിയിലെ സി.പി.എമ്മുകാര്‍ മത്സ്യത്തൊഴിലാളി പോലുള്ള ലളിതവും ആധുനികവുമായ പദമാണ് ബീമാപ്പള്ളിയെ കുറിച്ച് സംസാരിക്കാന്‍ ഉപയോഗിക്കുന്നത്. ചെറിയതുറക്കാരും ബീമാപ്പള്ളിക്കാരും തമ്മിലുള്ള വ്യത്യാസം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എടുത്തുചാട്ടമാണ്. ഈ എടുത്തുചാട്ടത്തിനും മര്യാദ ഇല്ലായ്മക്കും കാരണമായി പറയുന്ന വിദ്യാഭ്യാസമില്ലായ്മ ഇടതുപക്ഷത്തിന്റെ കേരളമോഡല്‍ പുറംതള്ളിയ സ്ഥലത്താണെന്ന് ഓര്‍ക്കുന്നതിന് പകരം അത്തരമൊരു ഓര്‍മ്മയെ ബീമാപ്പള്ളിക്കാരുടെ മതപരതയിലേക്ക് തിരിച്ചുവിടുന്നതാണ് ഇടതുയുക്തി.

‘വിഖ്യാതമായ കേരളമോഡലിന്റെ അപരവും കേരളമോഡലിനെ തന്നെ ഉണ്ടാക്കുന്ന ഒന്നായും നമ്മുടെ തീരപ്രദേശങ്ങള്‍ കാണപ്പെടുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. കേരളത്തിന്റെ ആളോഹരി വരുമാനമാവട്ടെ ഇന്ത്യന്‍ തോതിനേക്കാള്‍ ഏറെ താഴെയാണ്. എന്നാല്‍ ഞങ്ങളിവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഖ്യധാരാ സമ്പദ്‌വ്യവസ്ഥയും പ്രാന്തമേഖലകളും തമ്മില്‍ ഈ സൂചകങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകുമെന്നാണ്. കേരളമാതൃകയുടെ പുറത്തേക്ക് തള്ളപ്പെട്ട പ്രദേശങ്ങളാണിവ. സാമൂഹിക വിഭാഗങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ദ്രേസും സെന്നും പറഞ്ഞിട്ടുള്ള ഭരണകൂട പ്രവര്‍ത്തനങ്ങളുടെ മേഖലയിലേക്ക് പ്രവേശനം ലഭിക്കാതിരുന്ന സമുദായങ്ങളാണിവ. ഇത്തരത്തിലുള്ള വൈജാത്യങ്ങള്‍ വിവിധ സാമ്പത്തിക മേഖലകളില്‍ നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ മത്സ്യമേഖല’ (ശ്രീകുമാര്‍&സഞ്ജീവ്, 2003). ഈ പഠനത്തില്‍ കുര്യന്‍ പറയുന്നത് ഭൂമിശാസ്ത്രപരമായ അതിരുകളില്‍ ജീവിക്കുന്നവരും ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്നവരുമായ ഈ പ്രദേശത്തുള്ളവര്‍ കേരളത്തിന്റെ മറ്റു പ്രദേശങ്ങള്‍ സാക്ഷ്യം വഹിച്ച സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക പുരോഗതിയില്‍ നിന്നും പുറം തള്ളപ്പെട്ടു എന്നതാണ്.

കേരളം പുകള്‍പെറ്റ ഒറ്റക്കൊറ്റക്കുള്ള വീടും വളപ്പും എന്ന വാര്‍പ്പു മാതൃകക്ക് കടകവിരുദ്ധമായ ഇവിടങ്ങളില്‍ സ്വത്ത് വിഭജനങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു. ഇടതുപക്ഷം ഏറെ പുകഴ്ത്തുകയും കേരളത്തെക്കുറിച്ച തങ്ങളുടെ തന്നെ ഭാവനകളുടെ അടിസ്ഥാനമായി മനസ്സിലാക്കുകയും ചെയ്യുന്ന വികസനമാതൃക ഏതര്‍ഥത്തിലാണ് തീരദേശത്തെ ഉള്‍ക്കൊണ്ടത് എന്നും ഇത്തരം ഉള്‍ക്കൊള്ളലുകള്‍ സൃഷ്ടിച്ച ഹിംസ എങ്ങനെയൊക്കെയാണ് നമ്മുടെയൊക്കെ പൊതുഭാവനയുടെ ഭാഗമായി വരുന്നതെന്നും ഇനിയും കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ടതാണ്.

ജാതി, മതപരിവര്‍ത്തനം, ബീമാപ്പള്ളി

ജാതിവ്യവസ്ഥയില്‍ നിന്നും വിമോചനം നേടാനുള്ള കീഴാളജനവിഭാഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കേരളത്തില്‍ നടന്ന ദലിത് മതപരിവര്‍ത്തനങ്ങള്‍. ഫ്യൂഡല്‍ രാജഭരണകേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇസ്‌ലാമിലേക്കും പ്രൊട്ടസ്റ്റന്റ് മതത്തിലേക്കും ദലിതര്‍ കൂട്ടമായി നടത്തിയ മതാരോഹണം. 1911ല്‍ പുലയനായ അയ്യങ്കാളിയെ പ്രജാസഭയില്‍ അംഗമാക്കാന്‍ തിരുവിതാംകൂര്‍ ഹിന്ദുസര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ മാത്രം പോന്നതായിരുന്നു ഈ സാമൂഹിക ഭൂമികുലുക്കത്തിന്റെ പ്രകമ്പനം (യേശുദാസന്‍, 2011). കീഴാള സമുദായങ്ങളെ ബ്രാഹ്മണ മതത്തിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമാക്കി നിലനിര്‍ത്തുന്നതിന് വേണ്ടി നടത്തപ്പെട്ട ഹൈന്ദവോന്മുഖമായ സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളില്‍ നിന്നും വ്യതിരിക്തമായ ഒന്നായിരുന്നു കേരളത്തിലെ മതാരോഹണങ്ങളുടെ ചരിത്രം. എന്നാല്‍, കേരള ചരിത്രത്തില്‍ നിന്നും  കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ ചരിത്രത്തില്‍ നിന്നും മനഃപൂര്‍വ്വമായ തമസ്‌കിരണമാണ് ഈ സാമൂഹിക പ്രതിഭാസത്തിനുണ്ടായത്. കേരള ചരിത്രത്തിനു പുറത്തെവിടെയോ പ്രത്യക്ഷപ്പെട്ട സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവും സാമ്രാജ്യത്വ സേവയുമായാണ് മതപരിവര്‍ത്തനത്തെയും അതുണ്ടാക്കിയ സാമൂഹിക മാറ്റങ്ങളെയും കേരളത്തിലെ പുരോഗമന ചരിത്രകാരന്മാരെയും നോക്കിക്കണ്ടത്. 19ാം നൂറ്റാണ്ടില്‍ ഇസ്‌ലാമും പ്രൊട്ടസ്റ്റന്റ് മതവും പ്രവേശനം അനുവദിക്കുന്നതുവരെ ഒരു വ്യവസ്ഥാപിത മതത്തിലും ദലിതര്‍ അംഗമായിരുന്നില്ല. അതുകൊണ്ടു തന്നെ ദലിത് മതപരിവര്‍ത്തനം എന്നു പറയുന്നത് ശരിയല്ല, ദലിത് മതാരോഹണം എന്ന പരികല്‍പ്പനയാണ് ശരി. തികച്ചും അസംഘടിതവും നിസ്സഹായവുമായ ഒരവസ്ഥയില്‍ നിന്നു കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള ആരോഹണം എന്ന അര്‍ഥത്തിലാണ് മതാരോഹണം എന്ന പദം ഉപയോഗിക്കുന്നത് (യേശുദാസന്‍,2011). കേരളത്തിലെ തീരപ്രദേശങ്ങള്‍ ജാതിവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ അനുഭവങ്ങള്‍ നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു. കേരളത്തിലെ ജാതിബന്ധനങ്ങളുടെയും അടിമത്തത്തിന്റെയും തീരപ്രദേശ അനുഭവങ്ങളെ കുറിച്ച് പലരും എഴുതിയിട്ടുണ്ട്. ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ വിഭജനത്തില്‍ സമൂഹത്തിന്റെ അതിരുകളിലേക്ക് നീക്കപ്പെട്ട കീഴാള ജാതിവിഭാഗങ്ങളെ സവര്‍ണഹൈന്ദവ വ്യവസ്ഥയുടെ ഭാഗമാക്കി നിലനിര്‍ത്തുന്നതിന് മിത്തുകളും ചരിത്രപരമായ നിര്‍മ്മിതികള്‍ തന്നെയും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇസ്‌ലാമിന്റെ ആഗമനം കേരളത്തിലെ തീരപ്രദേശങ്ങളില്‍ സൃഷ്ടിച്ചത്.

T. M. YESUDASAN

ബീമാപ്പള്ളിയുടെ ചരിത്രത്തിലും നമുക്കിത് കാണാന്‍ കഴിയും. കപ്പം കൊടുക്കേണ്ടവരും അടിമകളായി ജീവിക്കേണ്ടവരുമായിരുന്ന നാടാര്‍ സമുദായമായിരുന്നു ബീമാപ്പള്ളിയിലും പരിസരത്തും ജീവിച്ചിരുന്നതെന്ന് കാരണവന്മാര്‍ ഓര്‍ക്കുന്നു. തിരുവിതാംകൂറിലെ ജാതിഘടനയില്‍ നിന്നു വിമോചനമാഗ്രഹിച്ച നാടാര്‍ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ പരിസരങ്ങളില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഇത് സൃഷ്ടിച്ച അസ്വസ്ഥതകളായിരുന്നു ഈ പ്രദേശത്തെ മിത്തുകളിലും വാമൊഴികളിലും പറയുന്നത് പോലുള്ള സംഘര്‍ഷങ്ങളായിത്തീര്‍ന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബീമാപ്പള്ളിയുടെ ചരിത്രവും കേരളത്തില്‍ വലിയൊരു സാമൂഹിക ഭൂമികുലുക്കം സൃഷ്ടിച്ച മതാരോഹണങ്ങളുടെ ഭാഗമാണ് എന്ന നിഗമനത്തില്‍ എത്താവുന്നതാണ്.

ബീമാപ്പള്ളിയിലെ മത-രാഷ്ട്രീയ സംഘടനകള്‍

ബീമാപ്പള്ളിയിലെ സാമൂഹിക ജീവിതത്തില്‍ നിര്‍ണ്ണായകമായി സ്വാധീനിക്കുകയും ഇടപെടുകയും ചെയ്യുന്നത് മഹല്ല് സംവിധാനമാണ്. പരമ്പരാഗതമായ മത-മതേതര ധാരണകള്‍ സൃഷ്ടിക്കുന്ന സ്വകാര്യ/പൊതു (private/public) വിഭജനങ്ങള്‍ ബീമാപ്പള്ളിയില്‍ അപ്രസക്തമാവുന്നുണ്ട്. ‘മഹല്ലാണ് ഇവിടുത്തെ പൊതുകാര്യങ്ങളില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നത്. രാഷ്ട്രീയമൊക്കെ പിന്നെ ഓരോരുത്തരുടെയും സ്വന്തം ഇഷ്ടങ്ങളാണ്. അതെന്തായാലും മഹല്ല് വിഷയത്തില്‍ ഒരേ നിലപാടാണ് എല്ലാവര്‍ക്കും’ എന്ന് പ്രദേശവാസിയായ നിസാമുദ്ധീന്‍ സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനത്തെ തീര്‍ത്തും സ്വകാര്യമായ ഏര്‍പ്പാടായാണ് ബീമാപ്പള്ളിക്കാര്‍ കാണുന്നത്. പൊതുകാര്യങ്ങളെ നിര്‍ണ്ണയിക്കുന്നതിനും ഇടപെടുന്നതിനും ശേഷിയുള്ള മതസ്ഥാപനമാണ് ബീമാപ്പള്ളിയും ബീമാപ്പള്ളി മഹല്ല് ജമാഅത്തും. ബീമാപ്പള്ളിക്കാരുടെ പൊതുവായ ജീവിത ലോകങ്ങളെ നിര്‍ണയിക്കുന്നതില്‍ മതം പ്രധാന പങ്കുവഹിക്കുന്നുണ്ട്. കേരളത്തിലൊരു മുസ്‌ലിം കൗണ്ടര്‍ പൊതുമണ്ഡലത്തെയാണ് ബീമാപ്പള്ളി അടയാളപ്പെടുത്തുന്നത് (ഹിഷ്‌കിന്ദ്, 2006). രാഷ്ട്രീയം സ്വകാര്യ ജീവിതത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുകയും മതം പൊതുജീവിതത്തെ നിര്‍ണയിക്കുകയും സ്വകാര്യജീവിതത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. പുതിയ തരത്തിലുള്ള ഒരു പബ്‌ളിക് ഇസ്‌ലാമിന്റെ സാധ്യതയെയാണ് ഭരണകൂട നിയന്ത്രണങ്ങളുടെയും പരമാധികാരത്തിന്റെയും വിമര്‍ശനമെന്ന നിലയില്‍ ബീമാപ്പള്ളിക്കാര്‍ നിലനിര്‍ത്തുന്നത്.

ബീമാപ്പള്ളിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) എന്നിവയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും സലഫി പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുണ്ടെങ്കിലും സംഘടിത പ്രവര്‍ത്തനങ്ങള്‍ കുറവാണ്. ബീമാപ്പള്ളിയോടും അതിനെ ചുറ്റിയുള്ള ജീവിതസാഹചര്യങ്ങളോടുമുള്ള സമീപനത്തിന്റെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. കേരളത്തില്‍ മുസ്‌ലിം ആധുനികതയുടെ രൂപീകരണത്തില്‍ തന്നെയുള്ള പ്രശ്‌നങ്ങള്‍ കീഴാള മുസ്‌ലിംകളുടെ ജീവിതത്തെ അതിന്റെ തന്നെ വ്യത്യാസത്തില്‍ ഊന്നി തിരച്ചറിയുന്നതിന് പകരം കേരളത്തിന്റെ തന്നെ അധീശ ആധുനിക വ്യക്തിയുടെ സംഘര്‍ഷങ്ങളെയാണ് മുസ്‌ലിം നവോത്ഥാനം പൊതുവില്‍ ആന്തരിക വല്‍ക്കരിച്ചത്. ഈയര്‍ഥത്തില്‍ ബീമാപ്പള്ളിയെക്കുറിച്ച കേരള നവോത്ഥാനത്തിന്റെ അധീശവായനകള്‍ രൂപപ്പെടുത്തിയ ഇടങ്ങളിലും കാലങ്ങളിലും ബീമാപ്പള്ളി പുറംതള്ളപ്പെട്ടിരിക്കുന്നു. ഉദാഹരണമായി കേരളത്തിലെ യുക്തിവാദിവായനകള്‍ മുസ്‌ലിംകളുടെ അന്ധവിശ്വാസത്തെ മുന്‍നിര്‍ത്തി മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങളെ വിവരിക്കാറുണ്ട്. അതേസമയം കേരളീയ മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വക്താക്കളായ സലഫികള്‍ ബീമാപ്പള്ളിയെക്കുറിച്ചുള്ള തങ്ങളുടെ പ്രഭാഷണങ്ങളിലും ഇതേ വാദഗതികള്‍ ഉപയോഗിക്കുകയും പ്രസ്തുത സ്ഥലം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന് വാദിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്. ഇസ്‌ലാമികമായ വ്യാഖ്യാന വ്യത്യാസങ്ങള്‍ക്കുപരി ഇന്നത്തെ സ്റ്റേറ്റ് കേന്ദ്രീകൃത നിയന്ത്രണങ്ങളുടെയും ഹിംസയുടെയും  പരിസരത്തില്‍ ഇവിടെ നിലനില്‍ക്കുന്ന അധീശവായനകളുടെ അതേ വ്യവഹാരമണ്ഡലത്തിനകത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ബീമാപ്പള്ളിക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ബീമാപ്പള്ളിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലിം ലീഗാണ്. ബീമാപ്പള്ളിയുടെ ജീവിതലോകത്തെ അപരിഷ്‌കൃതമായി കാണാതെ പ്രാദേശിക സംഘാടനം നടത്തുന്നത് കൊണ്ടാണ് മുസ്‌ലിം ലീഗിന് സ്വീകാര്യത ലഭിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്‌ലിം ലീഗിന്റെ മുന്നണി സമ്മര്‍ദ്ദങ്ങളെയും അഥവാ കേരളത്തിന്റെ ജാതി-മത-സാമുദായിക-പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ ഏല്‍പ്പിക്കുന്ന ദൗര്‍ബല്യങ്ങളെയും കുറിച്ച് ബീമാപ്പള്ളിക്കാര്‍ ബോധവാന്മാരാണ്.

തിരു-കൊച്ചി മേഖലയിലെ മുസ്‌ലിംകള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ സമൂഹം രൂപപ്പെടുന്ന മുറക്ക് പല കാരണങ്ങളാല്‍ കോണ്‍ഗ്രസ്സിലും മുസ്‌ലിം ലീഗിലുമാണ് അണിചേര്‍ന്നത്. 1970 കളുടെ അവസാനം വരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും കേരളത്തില്‍ പരസ്പരം എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ തിരു-കൊച്ചി മേഖലയില്‍ കോണ്‍ഗ്രസ്സിനകത്തും ഐക്യജനാധിപത്യ മുന്നണിക്കകത്തും ഒരു വിലപേശല്‍ ശക്തിയായി മുസ്‌ലിം ലീഗ് മാറി. അക്കാലത്ത് മുസ്‌ലിം ലീഗ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായതിനാല്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തിരു-കൊച്ചി മേഖലയിലെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയപരമായ പരിഗണനയും അന്തസ്സും നല്‍കിയിരുന്നു. എന്നാല്‍, 1970കള്‍ക്ക് ശേഷം മുസ്‌ലിം ലീഗ് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാവുന്നതോടെ കോണ്‍ഗ്രസ്സിനകത്തെ മുസ്‌ലിം പ്രാതിനിധ്യം കുറയുകയും മുസ്‌ലിംകളുടെ ഏക പ്രാതിനിധ്യം എന്ന നിലക്ക് മുന്നണി സമവാക്യത്തില്‍ മുസ്‌ലിം ലീഗ് മാറുകയും ചെയ്തു. ഫലത്തില്‍ ഇടതുപക്ഷത്തിനകത്ത് ഒരു മുസ്‌ലിം ഘടകം ഇല്ലാതാവുകയും മുസ്‌ലിം സാമുദായിക രാഷ്ട്രീയശക്തി ഐക്യജനാധിപത്യ മുന്നണിയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം സമം മുസ്‌ലിം ലീഗ് എന്ന പ്രവണതയിലേക്ക് ഇത് നയിച്ചു. മുസ്‌ലിം ലീഗ് പലപ്പോഴും മലബാര്‍ കേന്ദ്രീകൃതമായ മുസ്‌ലിം പ്രതിനിധാനത്തിന്റെ പ്രശ്‌നത്തിലേക്ക് സമുദായ രാഷ്ട്രീയത്തെ എത്തിക്കുകയും ചെയ്തു. ഇതും ബീമാപ്പള്ളി പോലുള്ള പ്രദേശങ്ങളിലെ രാഷ്ട്രീയ പിന്നാക്കാവസ്ഥക്ക് കാരണമായി. പിന്നീട് അബ്ദുല്‍ നാസര്‍ മഅ്ദനിയെ പോലുള്ളവര്‍ വ്യത്യസ്തമായ സംഘാടനങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

എന്നാല്‍ കേവലം മത്സ്യത്തൊഴിലാളികളാക്കി ബീമാപ്പള്ളിയുടെ സാമുദായിക-പ്രാദേശിക-ജാതി വ്യത്യാസങ്ങളെ ന്യൂനീകരിക്കുന്ന ഇടതു രാഷ്ട്രീയത്തെക്കാള്‍ ബീമാപ്പള്ളിക്കാര്‍ മുന്‍ഗണന നല്‍കുന്നത് സാമുദായിക ജീവിതത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ്. ബീമാപ്പള്ളി വെടിവെപ്പിന് ശേഷം നടന്ന സര്‍വ്വകക്ഷി യോഗത്തിലോ കേസുമായി ബന്ധപ്പെട്ട കാര്യത്തിലോ സി.പി.എം കക്ഷി ചേരുകയുണ്ടായില്ല. കഴിഞ്ഞ തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലുണ്ടായ വിജയം മത്സരിച്ചയാളുടെ വ്യക്തിപ്രഭാവം കൊണ്ടുമാത്രം ഉണ്ടായതാണെന്ന് ബീമാപ്പള്ളിക്കാര്‍ പറയുന്നു. 1980കളുടെ അവസാനത്തോടെ ഐ. എസ്. എസും 1993ല്‍ പി. ഡി. പിയും ബീമാപ്പള്ളിയില്‍ സജീവമായിത്തുടങ്ങി. മഅ്ദനിക്ക് ഒരു മതപ്രഭാഷകന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന അര്‍ഥത്തിലും സ്വാധീനമുണ്ടായിരുന്നു. മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റ് അസീസും എസ്. കെ. എസ്. എസ്. എഫ് നേതാവ് ഫാറൂഖും ഇതിന് അടിവരയിടുന്നു. എസ്. ഡി. പി. ഐ പോലുള്ള പുതിയ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

സമാപനം

ബീമാപ്പള്ളിയെക്കുറിച്ച ചോദ്യങ്ങളേക്കാള്‍ ബീമാപ്പള്ളി നമ്മുടെ മുഖ്യധാരാ വ്യവഹാരങ്ങളുടെയും വിശകലനോപാധികളുടെയും ഹിംസാത്മകതക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങളിലാണ് ഈ കുറിപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പരമ്പരാഗതമായ അര്‍ഥത്തിലുള്ള മതം, മതേതരത്വം, വര്‍ഗീയത, ലഹളകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ ബീമാപ്പള്ളിയില്‍ അപര്യാപ്തമാണെന്ന് ഇത് ബോധിപ്പിക്കുന്നുണ്ട്. കേരളചരിത്രം, കേരളവികസനം, വികസന പഠനങ്ങള്‍ എന്നിവയുടെ ഒഴിവാക്കലുകളിലേക്കും അപര്യാപ്തതകളിലേക്കും ബീമാപ്പള്ളി വിരല്‍ ചൂണ്ടുന്നു. ബീമാപ്പള്ളിയെ മുന്‍നിര്‍ത്തിയുള്ള ഇത്തരം ചോദ്യങ്ങള്‍ മറ്റു പല പ്രദേശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ബാധകമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ ധാരണകള്‍ ഫീല്‍ഡ് നോട്ടിനപ്പുറമുള്ള അന്വേഷണങ്ങള്‍ക്കും വിശകലന സാധ്യതകളിലേക്കും വഴിതുറക്കുന്നുണ്ട്.

നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന, ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള ഇത്തരം ഹിംസകള്‍ തന്നെയാണ് ഭരണകൂട ഭീകരതയുടെ മുന്നുപാധികള്‍. അതിനാല്‍ ബീമാപ്പള്ളിക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് കേവല നിയമ വ്യവഹാരങ്ങളോ അവകാശങ്ങളെ കുറിച്ചുള്ള വ്യവഹാരങ്ങളോ ഭരണകൂടത്തിന്റെ തന്നെ ആശ്വാസ പാക്കേജുകളോ ഉത്തരമാവുന്നില്ല. വിശകലനങ്ങളിലും വ്യവഹാരങ്ങളിലും തെന്നിമാറുകയും വഴിതിവീഴുകയും ചെയ്യുന്ന ജീവിത ലോകങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് സാധ്യമാവേണ്ടത്. ബീമാപ്പള്ളി വെടിവെപ്പിന് ശേഷമുള്ള ആശ്വാസ നടപടികളും ബീമാപ്പള്ളിക്കാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പോലും പലരീതിയില്‍ നിലനില്‍ക്കുന്ന ധാരണകളെ ഊട്ടിയുറപ്പിക്കുകയും ആ ധാരണകളെ പുനരുല്‍പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. അഥവാ അത് അറിഞ്ഞോ അറിയാതെയോ മറ്റൊരു ബീമാപ്പള്ളി വെടിവെപ്പിന്റെ ന്യായങ്ങളായി തീരുന്നുണ്ട്‌.

സൂചകഗ്രന്ഥങ്ങള്‍

എം.ടി അന്‍സാരി, മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍. ചരിത്രസാഹിത്യ പഠനങ്ങള്‍.ഡി.സി ബുക്സ്, 2008
എസ്.ജെ ഏര്‍ത്തയില്‍ മാത്യു, കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍,ഡി.സി ബുക്സ്, 2004
ടി.എം യേശുദാസന്‍, വംശീയതയുടെ ബലിയാടുകള്‍. പ്രഭാത് ബുക്സ്, 2011
ടി.ടി ശ്രീകുമാര്‍ കടലറിവുകള്‍, ഡി.സി ബുക്സ്,2004
ടി.ടി ശ്രീകുമാര്‍, എസ്.സഞ്ജീവ്,കഥയിതുവരെ: കേരളവികസന സംവാദങ്ങള്‍. ഡി.സി ബുക്സ് 2003
Bobby Sayyid, A Fundamental fear: Eurocentrism and the Emergence of Islamism. Zed books,1998.
Hirshkind, Charles.The Ethical Soundscape: Cassette Sermons and Islamic Counterpublic. Columbia University Press, 2006.
Hall stuart, Cricher C, Jefferson T, Clarke J, Roberts B, Policing the Crisis: Mugging the State, And Law and Order, Macmillan, 1978.
Partha Chatterjee and Anjan Ghosh, eds. History and the present. Permanent Black, 2002.

 

(കെ അഷ്‌റഫ് എഡിറ്റ് ചെയ്ത് തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച ബീമാപ്പള്ളി പോലീസ് വെടിവെയ്പ്: മറക്കുന്നതും ഓര്‍ക്കുന്നതും എന്ന പുസ്തകത്തില്‍ നിന്ന് പുനപ്രസിദ്ധീകരണം.)