Campus Alive

കാവിവല്‍ക്കരണത്തിന്റെ പുതിയ വഴികള്‍

പതിനാറ് മുതല്‍ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളില്‍ ആധുനിക ഇന്ത്യയെ വികസിപ്പിക്കുന്നതിലാണ് മുഗള്‍ രാജാക്കന്‍മാര്‍ വ്യാപൃതരായിരുന്നത്. പ്രധാനമായും ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ളവരാണ് മുഗളന്‍മാര്‍. വളരെ സവിശേഷമായ ഭരണമാതൃകയാണ് അവര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത്.

അതേസമയം വളരെ വിചിത്രമായ ഒരു ചോദ്യമാണ് രാജസ്ഥാനിലെ ഒരു സ്‌കൂളില്‍ രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന മുസ്‌ലിം അധ്യാപികയായ സനാ ഖാന്‍
ഭൂരിഭാഗം വരുന്ന തന്റെ മുസ്‌ലിം വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. ‘മുഗളന്‍മാരെക്കുറിച്ച് എന്തെങ്കിലും നല്ലകാര്യം പറയാനുണ്ടോ’ എന്നായിരുന്നു അവരുടെ ചോദ്യം. സനാ ഖാന്റെ വിദ്യാര്‍ത്ഥികളിലധികവും ദാവൂദി ബൊഹ്‌റകളാണ്. മുഗള്‍കാലത്ത് തന്നെ ഇന്ത്യയിലേക്ക് കുടിയേറിയവരാണവര്‍.

എന്നാല്‍ സനാ ഖാന്റെ ചില വിദ്യാര്‍ത്ഥികള്‍ തന്നെ തങ്ങളുടെ സ്വന്തം സമുദായത്തെ അപരിഷ്‌കൃതമായാണ് മനസ്സിലാക്കുന്നത്. റബാബ് ഖാന്‍ പറയുന്നു: ‘മധ്യകാലഘട്ടത്തില്‍ യുദ്ധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിഭാഗീയതയായിരുന്നു അന്ന് നിലനിന്നിരുന്നത്.’ ഖുതുബുദ്ദീനെപ്പോലുള്ള ഇതര വിദ്യാര്‍ത്ഥികളും പറയുന്നത് ഇന്ത്യന്‍ ചരിത്രത്തിലെ മനോഹരമായ കാലഘട്ടം മുഗള്‍ ഭരണത്തിന് മുമ്പാണ് നിലനിന്നത് എന്നാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ അവര്‍ പഠിക്കുന്നത് രാജസ്ഥാനിലെ ബി.ജെ.പി ഭരണകൂടം പ്രസിദ്ധീകരിക്കുന്ന പുതിയ പാഠപുസ്തകങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമാണ് അവ പ്രചരിപ്പിക്കുന്നത്. വേദ മിത്തുകളെ സ്ഥാപിക്കുക, പുരാതന-മധ്യകാല ഹിന്ദു ഭരണാധികാരികളെ പുകഴ്ത്തുക, ഹിന്ദുക്കള്‍ നേതൃത്വം കൊടുത്ത ഒന്നായി സ്വാതന്ത്ര്യസമരങ്ങളെ ചിത്രീകരിക്കുക, നരേന്ദ്ര മോദിയുടെ ഭരണനയങ്ങളെ ഏറ്റെടുക്കുക തുടങ്ങിയ കര്‍ത്തവ്യങ്ങളാണ് ഇത്തരം പാഠപുസ്തകങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അഞ്ചു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വലിയൊരു ഭരണപാരമ്പര്യത്തെ തീര്‍ത്തും അവഗണിക്കുകയാണ് അവ ചെയ്യുന്നത്. മാത്രമല്ല, ഒട്ടുമിക്ക മുഗള്‍ ഭരണാധികാരികളെയും മതഭ്രാന്തന്‍മാരായി മുദ്രകുത്തുകയും ചെയ്യുന്നുണ്ട്.

ഖുതുബുദ്ദീനെപ്പോലുള്ള ഇതര വിദ്യാര്‍ത്ഥികളും പറയുന്നത് ഇന്ത്യന്‍ ചരിത്രത്തിലെ മനോഹരമായ കാലഘട്ടം മുഗള്‍ ഭരണത്തിന് മുമ്പാണ് നിലനിന്നത് എന്നാണ്. ഇന്ത്യന്‍ ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്ന ബി.ജെ.പി പദ്ധതിയുടെ ഭാഗമായാണ് ഈ രീതിയില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഹിന്ദുത്വവാദത്തിന്റെയും ഇസ് ലാമോഫോബിയയുടെയും കാര്യത്തില്‍ ഈ മൂന്ന്‌
സംസ്ഥാനങ്ങളിലെയും പാഠ്യപദ്ധതികള്‍ ഒന്നിനൊന്ന് മെച്ചമാണ്. പുതിയ ദേശീയ പാഠ്യപദ്ധതിയും സമാനരീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

വസുദ്ധര രാജ്‌

2014ല്‍ അധികാരത്തിലേറിയത് മുതല്‍തന്നെ ഹിന്ദുദേശീയതയെ പ്രചരിപ്പിക്കാനാണ് രാജ്യത്തെ പാഠ്യപദ്ധതികളെ ബി.ജെ.പി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ സാവധാനം ഒരു ഹിന്ദുരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

1990കളില്‍ നിരവധി സംസ്ഥാനങ്ങളുടെ ഭരണമേറ്റെടുത്ത ബി.ജെ.പി അക്കാലത്ത് തന്നെ സ്വന്തം നിലക്ക് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് 1998ല്‍ കേന്ദ്രഭരണമേറ്റെടുത്ത ഉടന്‍ ബി.ജെ.പി പ്രഖ്യാപിച്ചത് വിദ്യാഭ്യാസത്തെ തങ്ങള്‍ ദേശീയവല്‍ക്കരിക്കുമെന്നാണ്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേദകാലഘട്ടത്തെ മഹത്വവല്‍ക്കരിക്കുകയും മുസ്‌ലിം ഭരണാധികാരികളെ പൈശാചിവല്‍ക്കരിക്കുകയും ചെയ്യുന്ന പാഠപുസ്തകങ്ങള്‍ സംഘ്പപരിവാര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.

ഇന്ന് ടി.ഡി.സിയുടെ (Textbook Development Committee) നേതൃത്വം വഹിക്കുന്നവരില്‍ ഭൂരിഭാഗവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഹിന്ദുത്വത്തിന്റെ വേരുകള്‍ കിടക്കുന്നതെങ്കിലും അതിന്റെ ആധുനികരൂപത്തിന് ചുക്കാന്‍ പിടിച്ചത് വിനായക് സവര്‍ക്കറാണ്. 1928ല്‍ അദ്ദേഹമെഴുതിയെ HIndutva: Who is a Hindu? എന്ന പുസ്തകത്തിലൂടെയാണ് ‘ഹിന്ദുത്വ’ എന്ന പദം ജനകീയമാകുന്നത്. ‘ഹിന്ദു രക്ത’ത്തില്‍ നിന്നും സംസ്‌കൃത പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും ഇന്ത്യ ഒരു പരിശുദ്ധ ഭൂമിയാണെന്നുമുള്ള വിശ്വാസത്തില്‍ നിന്നുമാണ് ഹിന്ദുത്വ എന്ന ആശയം രൂപം കൊള്ളുന്നത് എന്നാണ് സവര്‍ക്കര്‍ പറയുന്നത്.

ദക്ഷിണേഷ്യയില്‍ രൂപംകൊണ്ട സിക്കിസത്തെയും ബുദ്ധിസത്തെയും ഹിന്ദുത്വത്തിന് സ്വീകരിക്കാന്‍ സാധിക്കുമെങ്കിലും രാഷ്ട്രത്തിന്റെ പതിനഞ്ച് ശതമാനത്തോളം വരുന്ന ക്രൈസ്തവരും മുസ്‌ലിംകളും അതിന് അപരമായാണ് നിലനില്‍ക്കുന്നത്. സവര്‍ക്കര്‍ പറയുന്നത് ഈ രണ്ട് മതവിഭാഗങ്ങളുമായുള്ള സംഘര്‍ഷം ഹിന്ദുത്വത്തിന്റെ വികാസത്തിന് അനിവാര്യമാണ് എന്നാണ്.

നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം. ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ പ്രകടനപത്രിക എന്ന നിലക്കാണ് ഇന്ന് പാഠപുസ്തകങ്ങള്‍ നിലനില്‍ക്കുന്നത്. രാജസ്ഥാനില്‍ ഏഴാംക്ലാസിലെ ഒരു പുസ്തകത്തില്‍ ബി.ജെ.പി ഭരണകൂടത്തിന്റെ വിവിധങ്ങളായ വികസനനയങ്ങളുടെ ഒരു ചാര്‍ട്ട് തയ്യാറാക്കാനും അവയുടെ ഗുണഫലങ്ങളെക്കുറിച്ച് അധ്യാപകരുമായി ചര്‍ച്ച ചെയ്യാനുമാണ് ആവശ്യപ്പെടുന്നത്. സ്വച്ഛ്ഭാരതിനെക്കുറിച്ച പരാമര്‍ശങ്ങള്‍ ഒട്ടുമിക്ക ദേശീയ പാഠപുസ്തകങ്ങളിലും സജീവമായി വരുന്നതിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മോദിയെ സ്തുതിക്കുന്നതോടൊപ്പം തന്നെ രാഷ്ട്രത്തിന്റെ ഐക്യത്തെക്കുറിച്ച നിര്‍ദേശങ്ങളും പാഠപുസ്തകങ്ങളില്‍ കാണാം. രാജസ്ഥാന്‍ ഗവണ്‍മെന്റ് തയ്യാറാക്കിയ ഒരു പുസ്തകം ഇന്ത്യയുടെ മിലിട്ടറി മുന്നേറ്റത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതുപോലെ ഇന്ത്യക്ക് തെറ്റുപറ്റില്ലെന്നും പൗരന്‍മാര്‍ അച്ചടക്കം പഠിക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നുണ്ട്. ഗുജറാത്തില്‍ നിന്നുള്ള ഒരു പുസ്തകത്തിലാകട്ടെ, വ്യക്തിസ്വാതന്ത്ര്യങ്ങളെ പണയം വെച്ചാണെങ്കിലും രാജ്യസുരക്ഷയെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അതാവശ്യപ്പെടുന്നതായി കാണാം. രാജസ്ഥാനിലെ പത്താംക്ലാസ് പുസ്തകത്തിലൂടെ ജനാധിപത്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് പഠിപ്പിക്കപ്പെടുന്നത്. ജനാധിപത്യം പൗരനെ സ്വാര്‍ത്ഥനാക്കിത്തീര്‍ക്കുമെന്നും രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിന് തുരങ്കം വെക്കുമെന്നും അത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹിറ്റ്‌ലറിനെ വാഴ്ത്താനും അത് മടിക്കുന്നില്ല. ഇതൊരു പുതിയ സംഭവമൊന്നുമല്ല; മോദി ഗുജറാത്ത് ഭരിച്ചിരുന്ന കാലത്തുതന്നെ ഫാസിസത്തെ സ്തുതിക്കുന്ന പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഹിറ്റ്‌ലറിനെ ഗുജറാത്ത് പുസ്തകങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് ഒരു യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ജനങ്ങളെ നിയന്ത്രിക്കാന്‍ കടുത്ത സമീപനങ്ങള്‍ അനിവാര്യമാണ് എന്ന പാഠമാണ് അതിലൂടെ ഭരണകൂടം നല്‍കുന്നത്. മാത്രമല്ല, ഒരു ഏകാത്മക സമൂഹത്തിന്റെ സൃഷ്ടിപ്പും അത് സാധ്യമാക്കുന്നുണ്ട്‌.

സവര്‍ക്കര്‍

ഹിന്ദുദേശീയവാദ ചരിത്രത്തിലൂടെ ഹിന്ദുത്വം ഇന്ത്യയുടെ ഐക്യത്തിനും വികാസത്തിനും അനിവാര്യമാണ് എന്ന വാദത്തെ ഉറപ്പിക്കുകയാണ് സംഘ്പരിവാര്‍ ഭരണകൂടം ചെയ്യുന്നത്. ഹിന്ദുക്കള്‍ ഇന്ത്യയുടെ തദ്ദേശീയ വിഭാഗമാണ് എന്നും ഹിന്ദുത്വ വിരുദ്ധരായ സമുദായങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു ദേശീയവാദികളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ശില്‍പ്പികള്‍ എന്നുമാണ് പാഠപുസ്തകങ്ങളിലൂടെ അവര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. അതേസമയം ഹിന്ദു എന്നത് സവിശേഷമായ ഒരു ഹിന്ദു പദമല്ല. അറബികളും പേര്‍ഷ്യക്കാരുമെല്ലാം ഉപയോഗിച്ചിരുന്ന ഒരു പേര്‍ഷ്യന്‍ പദമാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പോലും ഈ പദം കൊണ്ടുള്ള സൂചന വ്യക്തമായിരുന്നില്ല. ഒരു മതവിഭാഗമായി അത് പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വേദങ്ങളിലാണ് ഒരു മതവിഭാഗം എന്ന നിലക്ക് ഹിന്ദുവിനെക്കുറിച്ച പരാമര്‍ശങ്ങള്‍ വരുന്നത്. വേദങ്ങളാകട്ടെ, ഇന്ത്യയുടെ പുരാതന നാഗരികതകളുടെ ഭാഗമായിരുന്നില്ല. ഇന്ത്യയിലേക്ക് കടിയേറിയവരുടെ പിന്‍മുറക്കാരാണ് വേദങ്ങള്‍ രചിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു ചരിത്രമാക്കാനുള്ള സംഘ്പരിവാര്‍ നീക്കം ചരിത്രപരമായി അബന്ധമാണ് എന്നാണിത് കാണിക്കുന്നത്. എന്നാല്‍ ഹാരപ്പരന്‍ നാഗരികതയെ വേദപാരമ്പര്യമായി അവതരിപ്പിക്കുകയാണ് രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍ ചെയ്യുന്നത്. സിന്ദു-സരസ്വതി എന്നാണ് അവ ഹാരപ്പന്‍ നാഗരികതയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ സനാതന സംസ്‌കാരമായി ഇവിടെ വേദ പാരമ്പര്യം പരിവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.

രാജസ്ഥാനിലെ പുസ്തകങ്ങളില്‍ സുവര്‍ണ്ണ കാലഘട്ടം എന്നാണ് ഹിന്ദു ഭരണകാലങ്ങളെ വിശേഷിപ്പിക്കുന്നത്. അന്നത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടതായിരുന്നുവെന്നും അവ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഭരണാധികാരികളെല്ലാം കറകളഞ്ഞ ഹിന്ദുക്കളായിരുന്നുവെന്നും അവ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ പാഠപുസ്തകങ്ങളും,
ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം മുസ്‌ലിം ഭരണത്തിന് മുമ്പായിരുന്നെന്ന് ആവര്‍ത്തിക്കുന്നുണ്ട്.

ഒരിക്കല്‍ ഗുജറാത്തിലെ ഒരു ക്ലാസ്‌റൂം സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. അന്ന് വാസ്തുവിദ്യയുടെ വേദപഠനമായ വാസ്തു ശാസ്ത്രത്തെക്കുറിച്ചായിരുന്നു അധ്യാപിക അര്‍ച്ചന ശര്‍മ്മ ക്ലാസെടുത്തിരുന്നത്. അതിനിടിക്ക് മുസ്‌ലിംകളുടെ ‘അധിനിവേശ’ത്തെക്കുറിച്ച് അവര്‍ വാചാലരായി. മുസ്‌ലിംകള്‍ ഇന്ത്യയുടെ അതിഥികളായെത്തി രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു എന്നായിരുന്നു അവരുടെ വാദം. അധിനിവേശകര്‍ എന്നാണ് മുസ്‌ലിംകളെ അവര്‍ വിശേഷിപ്പിച്ചത്.

സവര്‍ക്കറിനെ സ്വാതന്ത്ര്യ പോരാളിയായാണ് രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സവര്‍ക്കറിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടായിരുന്നു കൂറ് എന്നതാണ് ചരിത്രം. ഹിന്ദുദേശീയതക്കു വേണ്ടി ശക്തമായി വാദിച്ചു എന്നതല്ലാതെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി സവര്‍ക്കറിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സവര്‍ക്കറിനെക്കുറിച്ച് പാഠപുസ്തകമെഴുതിയ എട്ടുപേരില്‍ ഒരാളായ കെ.എസ് ഗുപ്ത അദ്ദേഹത്തിന്റെ ഹിന്ദുദേശീയതയെക്കുറിച്ച് വാചാലനാകുന്നുണ്ട്. മാത്രമല്ല, മുസ്‌ലിംകളെക്കുറിച്ച് ഗുപ്ത പറയുന്നത് അവര്‍ക്ക് പാക്കിസ്ഥാന്‍ മനസ്സാണുള്ളത് എന്നാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളുടെ ക്ഷേമത്തിനാണ് നിലകൊള്ളുന്നത് എന്നദ്ദേഹം ആരോപിക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനായാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ മാറ്റങ്ങളായിരിക്കും പാഠ്യപദ്ധതിയില്‍ സംഭവിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഹിന്ദു ദേശീയവാദത്തെ അടിസ്ഥാനമാക്കി ടെക്സ്റ്റ്ബുക്കുകള്‍ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് റോയിട്ടേഴ്‌സില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. സംസ്ഥാന തലങ്ങളിലും സമാനമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഹരിയാനയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ മാധ്യമ ഉപദേശകനായ അരുണ്‍ യാദവ് എന്നോട് പറഞ്ഞത് രാജസ്ഥാന്റെ മാതൃകയില്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹരിയാന ഭരണകൂടം ശ്രമിക്കുന്നുണ്ട് എന്നാണ്. ചരിത്രമാണ് ഇവിടെ പരാജയപ്പെടുന്നത്. ചരിത്രത്തിന്റെ ഹിന്ദുത്വ നിര്‍മ്മിതിയിലൂടെയാണ് ഇതിനുമുമ്പ് 1992ല്‍ ഒരു ആരാധാനലയം തന്നെ തകര്‍ക്കപ്പെട്ടത്. അന്ന് നടന്ന മുസ്‌ലിം വംശഹത്യയില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഏകതാനകമായ ഒരു ചരിത്രത്തെയും പാരമ്പര്യത്തെയും സൃഷ്ടിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഹിന്ദുത്വം വെല്ലുവിളിക്കുന്നത് ഇരുനൂറ് മില്യണോളം വരുന്ന മതന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ തന്നെയാണ്.

അലെക്‌സ് ട്രോബ്