Campus Alive

ഉമ്മത്ത്, ഡയസ്‌പോറ, ദേശരാഷ്ട്രം: മുസ്‌ലിം ആയിത്തീരലിന്റെ സാധ്യതകള്‍

സയ്യിദ് ഖുതുബ് ഒരിക്കല്‍ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ‘ഒരു മുസ്‌ലിമിനെ ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഭാഗമാക്കുന്ന വിശ്വാസമല്ലാതെ അവന് മറ്റ് ദേശീയതകളൊന്നുമില്ല.’ ഭൂരിഭാഗം വരുന്ന മുസ്‌ലിംകളും സയ്യിദ് ഖുതുബിനോട് വിയോജിക്കുകയില്ല. കാരണം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ എല്ലാ തരത്തിലുമുള്ള കൂറുകളെയും വെടിയേണ്ടതുണ്ട്. രണ്ട് ചോദ്യങ്ങളാണ് സയ്യിദ് ഖുതുബിന്റെ പ്രഖ്യാപനം ഉയര്‍ത്തുന്നത്: ആഗോള മുസ്‌ലിം സമുദായത്തില്‍ അംഗമാവുക എന്നതും ഒരു രാഷ്ടത്തിന്റെ പൗരനാവുക എന്നതും തുല്യമാണോ? ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് ജീവിക്കുന്നവരെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഈ രണ്ട് ചോദ്യങ്ങളാണ് ഞാനിവിടെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ക്ക് പുറത്ത് ഇടം കണ്ടെത്തുന്ന മുസ്‌ലിംകളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. എങ്ങനെയായിരിക്കും ദേശരാഷ്ട്രം അവരെ നേരിടുക?

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് വിപ്ലവത്തോടു കൂടിയാണ് ദേശരാഷ്ട്ര പരീക്ഷണങ്ങള്‍ക്ക് തുടക്കമായതെങ്കിലും ഭരണനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ദേശരാഷ്ട്രങ്ങള്‍ മുന്നില്‍ തന്നെയാണ്. വലിയ സാമ്രാജ്യങ്ങളെയും ഇതര രാഷ്ട്രീയ സമുദായങ്ങളെയുമെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് അവ മുന്നോട്ടു പോകുന്നത്. ഭൂമിയുടെ എല്ലാ കോണുകളിലും അവ പരന്നുകഴിഞ്ഞു. എന്നാല്‍ വിജയത്തിനിടയിലും ദേശരാഷ്ട്രങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. ‘സംസ്‌കാരങ്ങളുടെ സംഘട്ടനം’ എന്ന ആശയം തന്നെ ദേശത്തെക്കുറിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ദേശങ്ങളെ നാഗരികതകള്‍ പകരം വെക്കുന്നു എന്നാണ് ഹണ്ടിംഗ്ടന്‍ പറയുന്നത്.

ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ സുഹൃത്തും ശത്രുവും എന്ന വിഭജനത്തെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രീയപരത (political) നിലനില്‍ക്കുന്നത്. എന്നാല്‍ രാഷ്ട്രീയപരമായ നിലനില്‍പ്പിന് ദേശം ഒരു നിര്‍ബന്ധ ഘടകമല്ല. അതേസമയം ദേശരാഷ്ട്രങ്ങളുടെ ഉദയത്തിന് ശേഷം മിക്ക രാഷ്ട്രീയ സംഘര്‍ഷങ്ങളും ദേശരാഷ്ട്രത്തിന്റെ അതിര്‍ത്തിയിലാണ് സാധ്യമാകുന്നത്. അപ്പോള്‍ ശത്രു, മിത്രം എന്ന വിഭജനം രാഷ്ട്രീയപരതയെ മാത്രമല്ല സൃഷ്ട്രിക്കുന്നത്. മറിച്ച്, രാഷ്ട്രീയപരത ദേശത്തിന്റെ രൂപം സ്വീകരിക്കുന്നു എന്ന് അത് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ദേശത്തിന്റെ യുക്തിയെ മറികടക്കണമെങ്കില്‍ രാഷ്ട്രീയപരത (political) എന്ന ആശയത്തെ തന്നെ മറികടക്കേണ്ടതുണ്ട്.

ദേശം എന്നത് ഏകതാനകമായ ഒരു ശരീരമായാണ് മനസ്സിലാക്കപ്പെടുന്നത്. അതിന്റെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പുതിയ വിമര്‍ശന പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രധാനമായും ജനസംഘ്യാപരമായും (വിവിധങ്ങളായ സ്വത്വ വിഭാഗങ്ങള്‍) വംശപരമായും (വംശഹത്യകള്‍) സൈദ്ധാന്തികവും (വ്യത്യസ്തതകളെ തുടച്ചുനീക്കുന്നതിലുള്ള അസാധ്യത) ആയ വെല്ലുവിളികളാണ് ദേശം അഭിമുഖീകരിക്കുന്നത് എന്നാണ് അത്തരം പഠനങ്ങള്‍ പറയുന്നത്. ദേശം എന്ന ആശയത്തെ ചോദ്യം ചെയ്യുകയും ദേശത്തിനകത്ത് തന്നെയുള്ള വൈവിധ്യപൂര്‍ണ്ണമായ സംസ്‌കാരങ്ങളുടെയും സ്വത്വങ്ങളുടെയും നിലനില്‍പ്പിന്റെ സാധ്യതകളെ അന്വേഷിക്കുകയുമാണ് അവ ചെയ്യുന്നത്. അതേസമയം സമകാലികമായ മുസ്‌ലിം കര്‍തൃത്വത്തിന്റെ ആവിഷ്‌കാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ദേശം എന്ന ആശയത്തിന്റെ പ്രശ്‌നങ്ങളെ പരിശോധിക്കുകയാണ് ഞാന്‍ ഈ അധ്യായത്തില്‍ ചെയ്യുന്നത്.

2

ദേശം എന്ന ആശയത്തിന് മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഓറിയന്റലിസ്റ്റുമായ കാസ്റ്റെല്‍സ് പറയുന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രമല്ല, മുസ്‌ലിം ഉമ്മത്താണ് പ്രധാനം എന്നാണ്. അദ്ദേഹത്തിന്റെ വായന ഇസ്‌ലാമിനെക്കുറിച്ച ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളെത്തന്നെയാണ് പുനരുല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന ഒരു സാന്നിധ്യമായാണ് അദ്ദേഹം ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. ഒരു നിശ്ചിത ഇടത്തിനപ്പുറം ചിതറിക്കിടക്കുന്ന നിലനില്‍പ്പാണ് ഇസ്‌ലാമിനുള്ളത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അപ്പോള്‍ ലോകത്തിന്റെ സുഗമമായ ഒഴുക്കിന് തന്നെ ഭീഷണിയാണ് ഇസ്‌ലാമിന്റെ അസ്തിത്വം. കാരണം പാശ്ചാത്യ ലോകക്രമത്തെ തന്നെ നിരാകരിക്കുകയാണ ഇസ്‌ലാമും മുസ്‌ലിംകളും ചെയ്യുന്നത്.

എഡ്മണ്ട് കാസ്‌റ്റെല്‍

3

മുസ്‌ലിം രാഷ്ട്രങ്ങളിലോ അതിന് പുറത്തോ ജീവിക്കുന്ന മുസ്‌ലിംകളെല്ലാം തന്നെ ഉമ്മത്ത് എന്ന പരികല്‍പ്പനയില്‍ വരുന്നുണ്ട്. അതേസമയം ഒരു ആഗോളീകരണ മുസ്‌ലിം ഉമ്മ:യുടെ രൂപീകരണത്തിന് കാരണമായി പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിലനില്‍ക്കുന്നത്. ഒന്നാമതായി, മുസ്‌ലിം കര്‍തൃത്വം വളരെ പ്രകടമായി എല്ലാ മുസ്‌ലിം സമൂഹങ്ങളിലും ആവിഷ്‌കരിക്കപ്പെടുന്നു. രണ്ടാമതായി, പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന കുടിയേറ്റ സമൂഹങ്ങളില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. 1980 മുതല്‍ക്ക് തന്നെയുള്ള കുടിയേറ്റങ്ങള്‍ മിക്കതും നടത്തിയിട്ടുള്ളത് മുസ്‌ലിംകളാണെന്ന് കാണാം. മൂന്നാമതായി, മിക്ക കുടിയേറ്റക്കാരെയും പോലെ നഗരങ്ങളിലാണ് മുസ്‌ലിംകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപകമായ ഇത്തരം കുടിയേറ്റങ്ങളുടെ ഫലമായി വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള മുസ്‌ലിംകളെല്ലാം തന്നെ പൊതുവായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിക്കുകയുണ്ടായി. അങ്ങനെയാണ് മുസ്‌ലിം ഉമ്മ:യുടെ ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുന്നത്. അതിലൂടെ ദേശം എന്ന ആശയത്തെ മുസ്‌ലിംകള്‍ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം വളരെ വൈവിധ്യപൂര്‍ണ്ണമായ സമൂഹങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരത്താം എന്ന വെല്ലുവിളിയാണ് ദേശരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ മുസ്‌ലിംകള്‍ ഉയര്‍ത്തുന്നത്. മാത്രമല്ല, ദേശം എന്നതിന് പുറത്ത് ഉമ്മ: എന്ന പരികല്‍പ്പനയിലാണ് മുസ്‌ലിംകള്‍ സ്വയം കണ്ടെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇസ്‌ലാമിസം ഒരേസമയം തന്നെ ദേശം എന്ന ആശയത്തെ അസ്ഥിരപ്പെടുത്തുകയും മറികടക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് നാം മുസ്‌ലിം ഉമ്മയെ മനസ്സിലാക്കുക? ഏത് തരത്തിലുള്ള ഘടനക്ക് മേലാണ് അത് നിലനില്‍ക്കുന്നത്?

ഒരു ദേശത്തിന്റെ ഘടനയല്ല മുസ്‌ലിം ഉമ്മ:ക്കുള്ളത്. ദേശത്തിന്റ പ്രത്യേകത അതിന് വളരെ പരിമിതവും നിയന്ത്രിതവുമായ സ്വഭാവമാണ് ഉള്ളത് എന്നതാണ്. തുറസ്സായ ഒരിടം അത് സാധ്യമാക്കുന്നില്ല. ഒരിക്കലും വികാസം സംഭവിക്കാത്ത ഒരു നിശ്ചിത അതിര്‍ത്തിക്കകത്താണ് ദേശം നിലനില്‍ക്കുന്നത്. എന്നാല്‍ ഉമ്മ: എന്ന ആശയം അത്തരത്തിലുള്ള എല്ലാ പരിമിതികളെയും സാര്‍വ്വലൗകികതകളെയും അസ്ഥിരപ്പെടുത്തുന്നുണ്ട്. നിരന്തരം വികസിക്കുക എന്നത് അതിന്റെ പ്രത്യേകതയാണ്. ചുരുക്കത്തില്‍ ഒരു ദേശത്തിന്റെ വളരെ നിര്‍ണ്ണിതമായ ഘടനയല്ല ഉമ്മ:ക്കുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്‌ലിം ഉമ്മയെ ഒരു പൊതു മാര്‍ക്കറ്റായി കാണാനും കഴിയില്ല. അഥവാ, സാമ്പത്തികമായ ക്രയവിക്രയങ്ങളെയോ തൊഴിലിന്റെയും മൂലധനത്തിന്റെയും ആഗോളതലത്തിലുള്ള ഒഴുക്കിനെയോ അടിസ്ഥാനപ്പെടുത്തിയല്ല മുസ്‌ലിം ഉമ്മയുടെ ഒരുമയോടെയുള്ള നിലനില്‍പ്പ് സാധ്യമാകുന്നത്. എന്നാല്‍ മൂലധനത്തിന്റെ അത്തരത്തിലുള്ള ഒഴുക്ക് നിലനില്‍ക്കുന്നില്ല എന്നല്ല ഞാന്‍ പറയുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്ത്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ബന്ധം അതിനുദാഹരണമാണ്. എന്നാല്‍ എന്താണ് മുസ്‌ലിം ഉമ്മ: എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ അത് അപര്യാപ്തമാണ്.

അതുപോലെ പൊതുവായ ഒരു ജീവിത രീതിയോ ഭാഷാ സമൂഹമോ ആയി ഉമ്മ:യെ മനസ്സിലാക്കുന്നതിലും പരിമിതിയുണ്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത്? ഒരു ദേശമോ പൊതുമാര്‍ക്കറ്റോ നാഗരികതയോ അല്ല മുസ്‌ലിം ഉമ്മ:യെങ്കില്‍ പിന്നെ എന്താണത്? കൃത്യമായ ഒരു നിര്‍വ്വചനം അതിന് സാധ്യമല്ലെങ്കില്‍ മുസ്‌ലിം കര്‍തൃത്വത്തെക്കുറിച്ച നിര്‍വ്വചനവും സങ്കീര്‍ണ്ണമാവില്ലേ? ഞാനിവിടെ മുസ്‌ലിം സ്വത്വത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് മുസ്‌ലിം പലായനവുമായി (muslim diaspora) ബന്ധപ്പെടുത്തിയാണ്.

സ്വദേശത്ത് നിന്ന് പല കാരണങ്ങള്‍ കൊണ്ടും ബന്ധം വിച്ഛേദിക്കപ്പെടുന്ന അവസ്ഥക്കാണ് പൊതുവെ ഡയസ്‌പോറ എന്ന് പറയാറുള്ളത്. ജൂത-ആഫ്രിക്കന്‍ ഡയസ്‌പോറകള്‍ ഉദാഹരണം. രണ്ടിലും സംഭവിച്ചത് സ്വദേശങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വമുള്ള പറിച്ചു നടലാണ്. അപ്പോള്‍ ഡയസ്‌പോറയില്‍ സംഭവിക്കുന്നത് സ്വദേശത്ത് നിന്നുള്ള ശാരീരികമായ വിച്ഛേദനമാണ്. അതിലൂടെ കുടിയേറ്റ സമൂഹങ്ങള്‍ തങ്ങളുടെ സ്വത്വത്തെ ആവിഷ്‌കരിക്കുകയാണ് ചെയ്യുന്നത്. അതേസമയം സമുദായങ്ങള്‍ തങ്ങളുടെ കൂട്ടമായ സ്വത്വത്തെ ആവിഷ്‌കരിക്കുന്ന ഒരു ചക്രവാളമായാണ് സ്വദേശം നിലനില്‍ക്കുന്നത്. സ്വദേശത്ത് നിന്നും ശാരീരികമായി ബന്ധം വിച്ഛേദിപ്പിക്കപ്പെട്ടതിന് ശേഷവും ആ വിച്ഛേദനത്തെ മുന്‍നിര്‍ത്തി തങ്ങളുടെ സ്വത്വത്തെ ആവിഷ്‌കരിക്കുമ്പോഴാണ് ഡയസ്‌പോറ രൂപം കൊള്ളുന്നത്. ഉദാഹരണത്തിന് സ്വദേശങ്ങളില്‍ നിന്ന് അപര ഇടങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായിട്ടും ജൂതര്‍ക്ക് തങ്ങളുടെ സ്വത്വത്തെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അഥവാ, കുടിയേറ്റ സമൂഹമായി നിലനില്‍ക്കുമ്പോഴും ജൂതസ്വത്വത്തെ മുറുകെപ്പിടിക്കാന്‍ ജൂതന്‍മാര്‍ക്ക് സാധിച്ചു. അപ്പോള്‍ ജൂത ഡയസ്‌പോറ എന്നത് ദേശീയതയുടെ തന്നെ ഒരു വികാസമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇതര സാംസ്‌കാരിക പാരമ്പര്യങ്ങളുമായി ലയിക്കാതെ തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ ജൂതര്‍ക്ക് സാധിച്ചത്.

ദേശീയതയാണ് യഥാര്‍ത്ഥത്തില്‍ ഡയസ്‌പോറയെ നിര്‍മ്മിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദേശങ്ങളെയും ഡയസ്‌പോറകളെയും നിശ്ചയിക്കുന്നത് ദേശീയതയാണ്. അഥവാ, അതിര്‍ത്തിപരമായി കേന്ദ്രീകരിക്കപ്പെട്ടതും (ദേശം) അതിര്‍ത്തിപരമായി സ്ഥാനഭ്രംശം (Diaspora) ചെയ്യപ്പെട്ടതുമായ സമൂഹങ്ങളെയാണ് ദേശീയത നിര്‍മ്മിക്കുന്നത്. അതേസമയം ആഫ്രിക്കന്‍ ഡയസ്‌പോറ ഇതര ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായാണ് നിലനില്‍ക്കുന്നത്. ദേശീയതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി ആഫ്രിക്കന്‍ ഡയസ്‌പോറയെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്. പോള്‍ ഗില്‍റോയുടെ കറുത്ത അറ്റ്‌ലാന്റിക് (Black Atlantic) എന്ന ആശയം കുറച്ചുകൂടി സങ്കീര്‍ണ്ണമായ ആഫ്രിക്കന്‍ സാംസ്‌കാരിക രൂപീകരണങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ദേശീയമായ ഭാവനയില്‍ അതിനെ മനസ്സിലാക്കാന്‍ കഴിയില്ല.

ഡയസ്‌പോറ യഥാര്‍ത്ഥത്തില്‍ അത് സാധ്യമാക്കുന്ന സ്വത്വങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന രാഷ്ട്രീയ സാധ്യതകള്‍ നല്‍കുന്നുണ്ട്. മാര്‍കസ് ഗാര്‍വ്വെയും മാല്‍കം എക്‌സുമെല്ലാം ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹങ്ങളുടെ മേലുള്ള നിര്‍ണ്ണയങ്ങളെയും നിയന്ത്രണങ്ങളെയും മറികടക്കാന്‍ സഹായിക്കുന്ന ഒരു സാധ്യതയായിട്ടാണ് ഡയസ്‌പോറയെ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് മാല്‍കം എക്‌സ് Organization of Afro-American Unity എന്ന ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കുകയുണ്ടായി. ആഫ്രിക്കന്‍-അമേരിക്കന്‍ വിമോചന പോരാട്ടത്തെ അന്തര്‍ദേശീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. അതിലൂടെ ദേശീയതക്ക് പുറത്ത് മുസ്‌ലിം കര്‍തൃത്വത്തിന്റെ വികാസം സാധ്യമാവുകയും ദേശീയ ഭൂരിപക്ഷം, വംശീയ ന്യൂനപക്ഷം എന്ന അധികാര വിഭജനം അസ്ഥിരപ്പെടുകയും ചെയ്യും.

ഡയസ്‌പോറയെ സാധ്യമാക്കുന്നത് ചിതറിക്കിടക്കുന്ന ജനസമൂഹവും അവര്‍ക്ക് തിരിച്ചുപോകേണ്ട ഭൂമിശാസ്ത്രപരമായ ഒരു ഇടവുമാണ്. എന്നാല്‍ മുസ്‌ലിം ഡയസ്‌പോറയുടെ കാര്യം വ്യത്യസ്തമാണ്. കാരണം അങ്ങനെ തിരിച്ചുപോകാന്‍ പറ്റിയ ഒരിടമൊന്നും മുസ്‌ലിംകള്‍ക്കില്ല. മാത്രമല്ല, ഒട്ടുമിക്ക മുസ്‌ലിം വ്യവഹാരങ്ങളിലും നിലനില്‍ക്കുന്ന വളരെ സാര്‍വ്വലൗകികമായ ആവിഷ്‌കാരങ്ങള്‍ വളരെ നിര്‍ണ്ണിതമായ ദേശീയ ഇടങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നവയുമാണ്. അതേസമയം മുസ്‌ലിം ഉമ്മ എന്നത് ചിതറിക്കിടക്കുന്ന സമുദായങ്ങള്‍ മാത്രം അടങ്ങിയവയല്ല. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളും അതില്‍ പെടും. അതിനാല്‍ തന്നെ ഉമ്മ:യെ വിശദീകരിക്കാന്‍ ഡയസ്‌പോറ എന്ന പദം ശരിയായ ഒരു രൂപകമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ മുസ്‌ലിം അനുഭവത്തിന്റെ പരിസരത്തില്‍ നോക്കുമ്പോള്‍ ഡയസ്‌പോറ എന്നത് രാഷ്ട്രീയപരമായ (political) ഒരു സാധ്യതയായി മാറും.

ഡയസ്‌പോറകള്‍ ദേശീയ വ്യവഹാരങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദേശീയതയില്ലാതെ ഡയസ്‌പോറയെ നിര്‍മ്മിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഡയസ്‌പോറകള്‍ ദേശീയ വിരുദ്ധമായ പ്രതിഭാസമായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശത്തിന്റെ പ്രത്യേകത അതിന്റെ ഏകതാനകമായ സ്വഭാവവും അതിര്‍ത്തിയുടെ നിര്‍ണ്ണയവുമാണെങ്കില്‍ ഡയസ്‌പോറ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദേശങ്ങള്‍ ഒരു ദേശത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ ഡയസ്‌പോറ ദേശമില്ലായ്മയെയാണ് കാണിക്കുന്നത്. ദേശത്തില്‍ അതിര്‍ത്തിയും ജനങ്ങളും ഒന്നാണെങ്കില്‍ ഡയസ്‌പോറയില്‍ രണ്ടും വേറിട്ടാണ് നിലനില്‍ക്കുന്നത്. ഡയസ്‌പോറ ദേശത്തിന്റെ അപരമല്ല. എന്നാല്‍ ദേശത്തിനെതിരാണത്. കാരണം ദേശത്തിന്റെ അതിര്‍ത്തിയെ അത് വെല്ലുവിളിക്കുന്നുണ്ട്.

ഹന്ന അരെന്റ്

ഡയസ്‌പോറയുടെ ദേശവിരുദ്ധ സ്വഭാവത്തിന്റെ ആവിഷ്‌കാരമായാണ് ജൂത ഡയസ്‌പോറ നിലനില്‍ക്കുന്നത്. പര്‍വെനു (parvenu), പറിയ (pariah) തുടങ്ങിയ രണ്ട് തരത്തിലുള്ള ജൂത സ്വത്വങ്ങളെക്കുറിച്ച് ഹന്ന അരന്റ് സൂചിപ്പിക്കുന്നുണ്ട്. ജൂതരുടെ മുമ്പില്‍ രണ്ട് സാധ്യതകളാണ് നിലനില്‍ക്കുന്നത് എന്നാണ് അരന്റ് പറയുന്നത്. അതിലൊന്നാമത്തേത് കൂടിച്ചേരലാണ് (Assimilation). അഥവാ, ഒരു അസാധാരണ ജൂതന്‍ ആഥിധേയ സമൂഹത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണത്. രണ്ടാമത്തേത് പൂര്‍ണ്ണമായും ആഥിധേയ സമൂഹത്തില്‍ നിന്നും മാറിനില്‍ക്കുക എന്നതാണ്. അതിനര്‍ത്ഥം ആഥിധേയ സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ജൂതന് ആ സമൂഹത്തില്‍ ചേരാനുള്ള അര്‍ഹതയില്ല എന്നതാണ്. പര്‍വേനുവിനും പറിയക്കും പ്രശ്‌നകരമായ ബന്ധമാണ് ദേശവുമായി നിലനില്‍ക്കുന്നത്. ദേശമില്ലായ്മയെക്കുറിച്ചാണ് രണ്ടും സൂചിപ്പിക്കുന്നത്. ദേശമില്ലാത്തവര്‍ ദേശത്തിന്റെ അതിര്‍ത്തിക്ക് പുറത്താണ് തങ്ങളെ സ്വയം കണ്ടെത്തുന്നത്. ഇസ്രയേലി രാഷ്ട്രത്തിനെതിരായ ഹരന്റിന്റെ നിലപാട് വരുന്നത് ദേശത്തിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് വികസിക്കുന്ന ജൂതസ്വത്വത്തെക്കുറിച്ച ആലോചനകളില്‍ നിന്നാണ്. അതുപോലെ ഗില്‍റോയി ബ്ലാക്ക് അറ്റ്‌ലാന്റിക് എന്ന ആശയത്തെ മുന്നോട്ട് വെക്കുന്നത് കറുത്ത ദേശീയതയെക്കുറിച്ച വ്യവഹാരങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായാണ്. ഇവിടെ ഡയസ്‌പോറ എന്നത് ദേശവിരുദ്ധമായ, ദേശാതിര്‍ത്തിക്ക് പുറത്തേക്ക് വികസിക്കുന്ന ഒരു രാഷ്ട്രീയ സാധ്യതയായി മാറുകയാണ് ചെയ്യുന്നത്. അതേസമയം ഡയസ്‌പോറ ദേശീയ യുക്തിയെ മാത്രമല്ല അസ്ഥിരപ്പെടുത്തുന്നത്. മറിച്ച് ആഗോള അധീശ ക്രമത്തെത്തന്നെയാണ്. അടുത്ത അധ്യായത്തില്‍ ഞാന്‍ അന്വേഷിക്കുന്നത് ഡയസ്‌പോറയിലൂടെ മുസ്‌ലിം സ്വത്വത്തെ എങ്ങനെ മനസ്സിലാക്കാം എന്നാണ്.

4

ദേശരാഷ്ട്രം എന്ന ആശയത്തിന്റെ കടന്നുവരവോട് കൂടി ദേശീയ സ്വത്വങ്ങളിലൂടെയാണ് രാഷ്ട്രീയപരത നിര്‍ണ്ണയിക്കപ്പെടുന്നത്. അതേസമയം ഒരു മുസ്‌ലിം രാഷ്ട്രവും സവിശേഷമായി മുസ്‌ലിം വിഷയിയെ (muslim subject) ഉല്‍പ്പാദിപ്പിക്കുന്നില്ല. ദേശരാഷ്ട്രങ്ങളില്ലാതെയും മുസ്‌ലിംകള്‍ നിലനില്‍ക്കും. ദേശീയസ്വത്വവും മുസ്‌ലിം സ്വത്വവും ഒന്നാണ് എന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളിലെ (പാക്കിസ്ഥാന്‍, ബോസ്‌നിയ, അള്‍ജീരിയ, സൗദി അറേബ്യ) മുസ്‌ലിംകളുടെ അവസ്ഥയും ഇതുതന്നെയാണ്. അവിടങ്ങളിലും മുസ്‌ലിം സ്വത്വം എന്നത് ദേശീയതയെ മറികടക്കുന്ന ഒന്നാണ്. കാരണം, തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് മുസ്‌ലിംകളില്ല എന്ന് ഈ രാഷ്ട്രങ്ങളൊന്നും വാദിക്കുന്നില്ല. മാത്രമല്ല, മുസ്‌ലിം സ്വത്വം അടിസ്ഥാനപരമായി ഡയസ്‌പോറയെ സാധ്യമാക്കുന്നു എന്ന് കാണുന്നതിലൂടെ ഡയസ്‌പോറയുടെ രാഷ്ട്രീയ സ്വഭാവത്തെ മനസ്സിലാക്കാനും ദേശവിരുദ്ധത എന്ന അതിന്റെ സാധ്യതയെ സ്വീകരിക്കാനും കഴിയുന്നു.

 

ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate: Decolonization and World Order എന്ന പുസ്തകത്തിന്റെ വിവര്‍ത്തനത്തില്‍ നിന്ന്

വിവ: സഅദ് സല്‍മി

 

സൽമാൻ സയ്യിദ്