Campus Alive

മതേതര നിര്‍ണ്ണയങ്ങളുടെ ഇസ്‌ലാം വായനകള്‍

മതേതരവാദികള്‍ പറയുന്നത് ദൈവത്തെയും മാലാഖമാരെയും പിശാചുക്കളെയും കുറിച്ച സംസാരമൊന്നും പൊതുഇടത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ്. മതവും മതേതരത്വവും തമ്മിലുള്ള വ്യത്യാസത്തെ നിലനിര്‍ത്തുന്നതിലുള്ള പരാജയമാണ് ഇന്ന് നാം കാണുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നാണ് അവരുടെ പക്ഷം. മതേതരത്വത്തെയും ആപേക്ഷികതാവാദത്തെയും കുറിച്ച് ഒരു ലേഖനത്തില്‍ അകീല്‍ ബില്‍ഗ്രാമി എഴുതുന്നതായി കാണാം.

‘ക്രൈസ്തവ വലതുപക്ഷത്തിന്റെ ചിന്തകള്‍ ആധിപത്യം ചെലുത്തുന്ന ഒരു ഭരണകൂടം യുദ്ധങ്ങള്‍ നിരന്തരം നടത്തുകയും ഇസ്ലാമിന്റെ പേരില്‍ ഭീകരത നടമാടുകയും ജൂതരാഷ്ട്രത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ പേരില്‍ കലാപങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഒരു ലോകസാഹചര്യത്തില്‍ മതേതരനാവുക എന്നത് പ്രാധാന്യം തന്നെയാണ്. അതിനാല്‍ ഞാന്‍ സ്വയം തന്നെ മതേതരനായി പ്രഖ്യാപിക്കുകയാണ്’.

എന്നാല്‍ സബാ മഹ്മൂദ് മതേതരത്വത്തെ വിമര്‍ശനാത്മകമായാണ് വായിക്കുന്നത്.

‘മതേതരത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ച അതിന്റെ നിര്‍വ്വചനങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായ വിലയിരുത്തലുകളാണ് വേണ്ടത്. ധാര്‍മ്മികമായ മതേതരത്വത്തിന്റെ മേലാധികാരത്തെ തന്നെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയാണ് വേണ്ടത്.’

മഹ്മൂദ് പരിശോധിക്കുന്നത് ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ദൈവശാസ്ത്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെയും ഇസ്ലാമിന്റെ മതേതര വ്യാഖ്യാനം നിര്‍മ്മിക്കുന്ന പുരോഗമന മുസ്ലിം ബുദ്ധിജീവികളുടെ സമീപനങ്ങളെയുമാണ്. ബില്‍ഗ്രാമിയാകട്ടെ, ക്രൈസ്തവ വലതുപക്ഷം, ഇസ്ലാമിസ്റ്റുകള്‍, ഹിന്ദുത്വവാദികള്‍, സയണിസ്റ്റുകള്‍ എന്നിവയെയെല്ലാം മതേതര വിരുദ്ധരായാണ് കാണുന്നത്. എന്നാല്‍ മുസ്ലിംകളെ അടിക്കാനുള്ള ഒരു വടി മാത്രമാണ് മതേതരത്വം എന്ന വാദത്തെ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല. അതേസമയം ലോകത്തുടനീളം മതേതര വിരുദ്ധ ശക്തികളാണ് നിലനില്‍ക്കുന്നത് എന്നും മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നുമുള്ള വാദങ്ങള്‍ ഒരുപാട് സങ്കീര്‍ണ്ണതകളെ കാണാതെ പോകുന്നുണ്ട്. ഇന്ത്യയില്‍ നടന്ന ആസൂത്രിത കലാപങ്ങള്‍ ഹിന്ദുത്വ വികാസത്തിന്റെ അനന്തര ഫലം മാത്രമായിരുന്നോ? നെഹ്റുവിയന്‍ (സെക്കുലര്‍) ആധിപത്യ കാലത്തും ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപങ്ങള്‍ ഉണ്ടായിട്ടില്ലേ? അക്രമങ്ങള്‍ (യുദ്ധങ്ങള്‍, ‘ഭീകരത’, കലാപങ്ങള്‍) മതങ്ങളുടെ കുത്തകയാണോ? മതേതരത്വത്തിന്റെ പേരില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ലഭ്യമല്ലേ?

ബില്‍ഗ്രാമി മതേതരത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇസ്ലാമും മുസ്ലിംകളും കടന്നുവരുന്നുണ്ട്. അപ്പോള്‍ ഒരു പ്രശ്നം എന്ന നിലക്കാണ് മതേതരത്വം ഇസ്ലാമിനെ നോക്കിക്കാണുന്നത്. മതേതരത്വവും മുസ്ലിംകളും തമ്മില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ ബന്ധത്തെയാണ് ഈ അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്നത്.

2

മതവും രാഷ്ട്രീയവും തമ്മിലുള്ള വിഭജനത്തെയാണ് മതേതരത്വം മുന്നോട്ടുവെക്കുന്നത്. പൊതുമണ്ഡലത്തിലുള്ള ഇസ്ലാമിന്റെ സാന്നിധ്യമാണ് ആഗോളതലത്തില്‍ തന്നെയുള്ള പുരോഗമന മതേതരവല്‍ക്കരണ പ്രക്രിയക്ക് വെല്ലുവിളിയായി നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടണമെന്നാണ് പൊതുവെയുള്ള വാദം. ഇവിടെ ദേശീയ ഭൂരിപക്ഷ വിഭാഗങ്ങളും പാശ്ചാത്യ ലോകക്രമവും മതേതരത്വവും വ്യാവഹാരിക തലത്തില്‍ സാമ്യത പുലര്‍ത്തിക്കൊണ്ടാണ് നിലനില്‍ക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ മതേതരവല്‍ക്കരണ പ്രക്രിയയാണ് അതു സാധ്യമാക്കിയത്. അതേസമയം ഒരു ദേശീയ ഭൂരിപക്ഷവും വംശീയമായി അടയാളപ്പെടുത്തപ്പെട്ട ന്യൂനപക്ഷവും തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ ചോദ്യങ്ങള്‍ മാത്രമല്ല മുസ്ലിം ന്യൂനപക്ഷങ്ങള്‍ എന്ന ‘പ്രശ്നം’ ഉയര്‍ത്തുന്നത്. മറിച്ച്, മുസ് ലിംകളെ ഉള്‍ക്കൊള്ളാന്‍ പാശ്ചാത്യര്‍ക്ക് സാധ്യമാണോ എന്ന വളരെ മൗലികമായ ചോദ്യം കൂടിയാണ്.

പാശ്ചാത്യ സാംസ്‌കാരിക രൂപീകരണങ്ങളുടെ വളരെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായാണ് മതേതരത്വം അവതരിപ്പിക്കപ്പെടുന്നത്. മൂന്ന് ഗുണങ്ങളാണ് പ്രധാനമായും മതേതരത്വത്തിന് മേല്‍ ചാര്‍ത്താറുള്ളത്. ഒന്നാമത്തെ ഗുണം മതേതരത്വമില്ലാതെ ശാസ്ത്ര പുരോഗതിയുണ്ടാകില്ല എന്നതാണ്. അപ്പോള്‍ ദൈവം എന്ന കേന്ദ്രത്തില്‍ നിന്ന് മനുഷ്യന്‍ എന്ന കേന്ദ്രത്തിലേക്കുള്ള മാറ്റമായി മതേതരത്വത്തെ കാണാവുന്നതാണ്. വിജ്ഞാനത്തിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട മത അധികാരികളുടെ അവകാശവാദങ്ങളെ മതേതരത്വം ചോദ്യം ചെയ്യുന്നു എന്നാണ് പൊതുവെയുളള വാദം. ചുരുക്കത്തില്‍ ശാസ്ത്രകേന്ദ്രീകൃതമായ സത്താപരതയാണ് (ontology) മതേതരത്വം ഉള്‍ക്കൊള്ളുന്നത്.

രണ്ടാമതായി പറയപ്പെടുന്ന മതേതരത്വത്തിന്റെ വിശേഷണം രാഷ്ട്രപൗരന്‍മാര്‍ക്ക് അതുകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുപ്രകാരം സമാധാനവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ മതേതരത്വം അന്ത്യന്താപേക്ഷികമാണ്. മതത്തെ സ്വകാര്യതലത്തിലേക്ക് ഒതുക്കുന്നതിലൂടെ മതപരമായ അഭിപ്രായ ഭിന്നതകളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും പൊതുമണ്ഡലത്തെ സംരക്ഷിക്കുകയാണ് മതേതരത്വം ചെയ്യുന്നത്. അങ്ങനെ മതഭിന്നതകള്‍ സമൂഹത്തെ ബാധിക്കാതെ വ്യക്തിപരമായ തലങ്ങളില്‍ പരിമിതപ്പെടുന്നു. അഥവാ, മതത്തിന്റെ എല്ലാ വിധത്തിലുമുള്ള സാമൂഹിക-രാഷ്ട്രീയ ഭാവനകളെയും തടഞ്ഞുനിര്‍ത്തുകയാണ് മതേതരത്വം ചെയ്യുന്നത്.

അകീല്‍ ബില്‍ഗ്രാമി

മൂന്ന്, മതേതരത്വം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ് എന്ന് വാദിക്കുന്നവരുണ്ട്. ദൈവത്തിന്റെയും ദൈവത്തെ പ്രതിനിധീകരിക്കുന്നവരുടെയും അധികാരങ്ങളെ തടയുകയും അതിലൂടെ ജനാധിപത്യപരമായ ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നാണവര്‍ വാദിക്കുന്നത്. ‘ജനങ്ങളുടെ പരമാധികാരം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. അതേസമയം ബ്രിട്ടനില്‍ ജനങ്ങള്‍ക്കല്ല, പാര്‍ലമെന്റിനാണ് പരമാധികാരം എന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും മതത്തിന്റെ പരമാധികാരത്തെയാണ് ജനങ്ങളുടെ പരമാധികാരം എന്ന ആശയം വെല്ലുവിളിക്കുന്നത്.

ആധുനികതയെത്തന്നെയാണ് മതേതരത്വത്തിന്റെ ഗുണങ്ങള്‍ നിര്‍വ്വചിക്കുന്നത്. മതേതരത്വം പാശ്ചാത്യ സ്വത്വത്തിന്റെ അടയാളമായതു പോലെ ആധുനികത എന്നത് തീര്‍ച്ചയായും പാശ്ചാത്യപരതയെക്കുറിച്ച ഒരാഖ്യാനമാണ്. മതേതരത്വത്തെക്കുറിച്ച ജ്ഞാനശാസ്ത്രപരമായ വാദങ്ങളെല്ലാം തന്നെ പാശ്ചാത്യലോകത്തിന്റെ വ്യത്യസ്തതയെക്കുറിച്ച വാദങ്ങളാണ്. അതിനാല്‍ തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ തന്നെ വികസിക്കുന്ന മുസ്ലിം ആവിഷ്‌കാരങ്ങള്‍ പാശ്ചാത്യ സ്വത്വത്തിന് ഭീഷണിയാണ്. മതപരമായ ഒരു സ്വത്വമായി നിലനില്‍ക്കുന്നത് കൊണ്ടാണ് മുസ്ലിംകള്‍ മതേതരവിരുദ്ധരായി പ്രതിനിധീകരിക്കപ്പെടുന്നത്. പൊതുമണ്ഡലത്തിലുള്ള അവരുടെ സാന്നിധ്യം മത-മതേതര വിഭജനത്തെയാണ് വെല്ലുവിളിക്കുന്നത്. അങ്ങനെയാണ് മതേതരത്വമില്ലാത്ത ഇസ്ലാമും മതേതരത്വമുള്ള പടിഞ്ഞാറും എന്ന നിര്‍ണ്ണയം രൂപപ്പെടുന്നത്. അതേസമയം മതേതരത്വം, ജനാധിപത്യം എന്നീ പാശ്ചാത്യ മൂല്യങ്ങളെ നിരാകരിക്കുന്നതിലൂടെ ചരിത്രവിരുദ്ധമായി നിലനില്‍ക്കുക മാത്രമല്ല ഇസ്ലാം ചെയ്യുന്നത്. മറിച്ച്, വളരെ സവിശേഷമായ ഒരു ചരിത്ര-സാംസ്‌കാരിക മൂലധനത്തെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ മതേതരത്വത്തിന്റെ സാര്‍വ്വലൗകിക പ്രാധാന്യത്തെക്കുറിച്ച ആഖ്യാനങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു.

3

മതേതരത്വത്തിന്റെ സാര്‍വ്വലൗകികമായ അവകാശവാദങ്ങളെ സ്വീകരിക്കാത്തവരാണ് മുസ്ലിം സമൂഹങ്ങള്‍. പാശ്ചാത്യ ചരിത്രത്തിനും ഇസ്ലാമിക ചരിത്രത്തിനും മതേതരത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് പറയാനുള്ളത്. കൊളോണിയലിസത്തിന് മുമ്പ് നിലനിന്നിരുന്ന വളരെ സ്വതന്ത്രമായ ഇസ്ലാമിക സാംസ്‌കാരിക രൂപീകരണങ്ങള്‍ മതേതരത്വത്തിന്റെ അനിവാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അഥവാ, മതേതരത്വം എന്ന പരികല്‍പ്പന മുസ്ലിം സമൂഹങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പാശ്ചാത്യ വ്യവഹാരങ്ങളിലൂടെയാണ് മതേതരത്വത്തെക്കുറിച്ച അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ പാശ്ചാത്യ ചരിത്രവികാസങ്ങള്‍ക്ക് സാര്‍വ്വലൗകികമായ പ്രാധാന്യമുണ്ട്. ഒരു പാശ്ചാത്യ ചരിത്രം എന്നതില്‍ നിന്ന് സാര്‍വ്വലൗകികമായ അനിവാര്യതയായി മതേതരത്വം മാറുകയാണ് ചെയ്യുന്നത്. അഥവാ, ആധുനികതയിലേക്ക് കുതിക്കണമെങ്കില്‍ എല്ലാ സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളേണ്ട മൂല്യമായി മതേതരത്വം പരിവര്‍ത്തിക്കപ്പെടുന്നു.

സയന്‍സും ചര്‍ച്ചും തമ്മിലുള്ള സംഘര്‍ഷമാണ് ജ്ഞാനശാസ്ത്രപരമായി മതേതരത്വത്തെ നിര്‍മ്മിച്ചത് എന്നു പറയാവുന്നതാണ്. ഗലീലിയോ നേരിട്ട വിചാരണ ആ സംഘര്‍ഷത്തിന്റെ രൂപകമാണ്. അതേസമയം ഇസ്ലാമിക സമൂഹങ്ങളില്‍ ചര്‍ച്ചിന്റെ സ്വഭാവത്തിലുള്ള ഒരു അധികാരം നിലനിന്നിട്ടില്ല. അതുകൊണ്ടുതന്നെ മതം\സയന്‍സ് എന്ന വിഭജനം അവിടെ സാധ്യമല്ല. ദൈവികതയെക്കുറിച്ച ഇസ്ലാമിക, ക്രൈസ്തവ വ്യവഹാരങ്ങള്‍ ഒന്നാണ് എന്ന നിര്‍ണ്ണയവാദത്തില്‍ നിന്നാണ് മുസ്ലിംകളും മതേതരത്വം സ്വീകരിക്കണം എന്ന ആവശ്യം ഉയരുന്നത്.

ദൈവത്തെയും ദൈവികതയെയും കുറിച്ച ഇസ്ലാമിന്റെയും ക്രൈസ്തവതയുടെയും വ്യവഹാരങ്ങളും സമീപനങ്ങളുമെല്ലാം വളരെ വ്യത്യസ്തമാണ്. അതേസമയം ഇസ്ലാമിലും ക്രൈസ്തവതയിലുമെല്ലാം ദൈവികതയെക്കുറിച്ച് വൈവിധ്യമാര്‍ന്ന വ്യാഖ്യാനശാസ്ത്ര പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദൈവികതയും ലൗകികതയും തുല്യസ്ഥാനം വഹിക്കുന്ന ക്രൈസ്തവ പാരമ്പര്യങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് മനുഷ്യകര്‍തൃത്വത്തിന് പ്രാധാന്യം നല്‍കുന്ന ആഖ്യാനങ്ങള്‍ രൂപപ്പെടുകയും മതവും ശാസ്ത്രവും സംഘര്‍ഷത്തില്‍ തുടരുകയും ചെയ്തു.

ഇസ്ലാമില്‍ ദൈവികതയും മനുഷ്യനും വേറിട്ടാണ് നിലനില്‍ക്കുന്നത്. ദൈവമാണ് അവിടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്. അപ്പോള്‍ ഇസ്ലാമില്‍ ശാസ്ത്രം നിലനില്‍ക്കുന്നത് അഖ്ലിന്റെ (യുക്തി) പരിധിക്കകത്താണ്. അതൊരിക്കലും ദൈവിക പരമാധികാരത്തെ ചോദ്യം ചെയ്യുകയില്ല.

യൂറോപ്യന്‍ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് പൗരസമാധാനം നിലനില്‍ക്കണമെങ്കില്‍ മതേതരത്വം അനിവാര്യമാണ് എന്ന വാദം ഉയര്‍ത്തപ്പെടുന്നത്. മതത്തിന്റെ അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാത്രമേ പൗരസമാധാനം സാധ്യമാവുകയുള്ളൂ എന്നാണ് മതേതരത്വം പറയുന്നത്. എന്നാല്‍ ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെയൊരു സംഘര്‍ഷം നിലനിന്നിട്ടില്ല. അഥവാ, മതത്തിന്റെ സജീവമായ രാഷ്ട്രീയ സാന്നിധ്യം നിലില്‍ക്കെത്തന്നെ സമാധാനജീവിതമാണ് പൗരന്‍മാര്‍ നയിച്ചിരുന്നത്. അപ്പോള്‍ സമാധാനവും മതത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും തമ്മില്‍ സവിശേഷമായ ബന്ധമൊന്നും ഇസ്ലാമിക പശ്ചാത്തലങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം പൊതുമണ്ഡലത്തില്‍ നിന്നുള്ള മതത്തിന്റെ പിന്‍വാങ്ങലാണ് ഇസ്ലാമിക പാരമ്പര്യങ്ങളില്‍ പൗരസമാധാനം ഇല്ലാതാക്കിയത്. തുര്‍ക്കി തന്നെ അതിനേറ്റവും നല്ല ഉദാഹരണമാണ്. തുര്‍ക്കി ജനതയുടെ ആവശ്യപ്രകാരമായിരുന്നില്ല അവിടെ മതേതരത്വം നടപ്പിലാക്കപ്പെട്ടത്. മറിച്ച്, കമാലിസ്റ്റുകളുടെ പാശ്ചാത്യവല്‍ക്കരണ പ്രകിയയുടെ ഭാഗമായിരുന്നു അത്. ഇസ്ലാമിക സമൂഹങ്ങളുടെ പശ്ചാത്തലത്തില്‍ മതേതരത്വം ഒരു അപഇസ്ലാമികവല്‍ക്കരണമായിരുന്നു (de-islamisation). കൊളോണിയല്‍, കമ്മ്യൂണിസ്റ്റ്, കമാലിസ്റ്റ് ഭരണകൂടങ്ങളായിരുന്നു വിവിധ ചരിത്രസന്ദര്‍ഭങ്ങളിലായി അത് നടപ്പിലാക്കിയത്. അത്തരം പദ്ധതികളെല്ലാം സാമൂഹിക സംഘര്‍ഷങ്ങളെ അധികരിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിം രാഷ്ട്രങ്ങളില്‍ മതേതര ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രക്തം ചിന്തിയ ഇടപെടലുകള്‍ തന്നെ മതേതരത്വവും പൗരസമാധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.

ജനകീയ പരമാധികാരത്തിന്റെ ഏതൊരു രാഷ്ട്രീയ വ്യവസ്ഥക്കും മതേതരത്വം ഒരു അനിവാര്യതയാണെന്ന വാദം ജനകീയ പരമാധികാരം വൈവിധ്യമാര്‍ന്ന രൂപത്തില്‍ ഉപയോഗിക്കപ്പെടുന്നതിന്റെ നിരവധി സാധ്യതകളെയാണ് തള്ളിക്കളയുന്നത്. ജനകീയ പരമാധികാരം എന്ന ആശയത്തെ ഒരു സാധ്യതയായിക്കണ്ടവരും മൗദൂദിയെപ്പോലെ ദൈവിക പരമാധികാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചവരും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ദൈവിക പരമാധികാരം എന്നത് പ്രപഞ്ചത്തിന് മേല്‍ ദൈവത്തിന്റെ കേന്ദ്രസ്ഥാനത്തെ സ്ഥാപിക്കലാണ്. ദൈവത്തിനാണ് അവിടെ പരമാധികാരം.

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മതേതരത്വം എന്നത് പാശ്ചാത്യപരമായ ഒരു അനുഭവമാണ്. പ്ലാറ്റോ മുതല്‍ നാറ്റോ വരെ (Plato to Nato) എന്ന യൂറോപ്യന്‍ ചരിത്ര രേഖീയതയുടെ ഭാഗമാണത്. പ്ലാറ്റോ മുതല്‍ നാറ്റോ വരെ എന്നത് യൂറോപ്യന്‍\പാശ്ചാത്യ ചരിത്രത്തിന്റെ ഒരു രൂപകം എന്ന നിലക്കാണ് ഞാനിവിടെ ഉപയോഗിക്കുന്നത്. യൂറോപ്പിന്റെ സാര്‍വ്വലൗകികതയെ നിഷേധിക്കുന്നതിലൂടെ ആഗോള മുസ്ലിം കര്‍തൃത്വം (Global Muslim Subjectivity) യഥാര്‍ത്ഥത്തില്‍ പ്ലാറ്റോ മുതല്‍ നാറ്റോ വരെ എന്ന രേഖീയ ചരിത്രത്തെയാണ് വെല്ലുവിളിക്കുന്നത്. മതം, ന്യൂനപക്ഷം, വംശം എന്നീ സംവര്‍ഗങ്ങളാണ് പ്രധാനമായും പ്ലാറ്റോ-നാറ്റോ വ്യവഹാരങ്ങള്‍ പാശ്ചാത്യ നാടുകളില്‍ ജീവിക്കുന്ന മുസ്ലിമിനെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. കോളനീകരണ പ്രക്രിയ (coloniality) യിലൂടെയാണ് അത് സാധ്യമാകുന്നത്. കൊളോണിയാലിറ്റിയെ കൊളോണിയലിസത്തിലേക്ക് ചുരുക്കാന്‍ കഴിയില്ല. കാരണം, പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന അധീശമായ വിഭജനത്തെ മുന്‍നിര്‍ത്തി ഇന്നും നിലനില്‍ക്കുന്ന ഘടനാപരമായ അധികാരമാണത്.

4

ഇനി മതേതരത്വത്തിന്റെ വംശാവലിയെ ഒന്ന് പരിശോധിക്കാം. അതിലൂടെ മതേതരത്വത്തെക്കുറിച്ച് നിലനില്‍ക്കുന്ന നിര്‍ണ്ണയ വാദങ്ങളെ മറികടക്കാന്‍ സാധിക്കും. മാത്രമല്ല, മതേതരത്വത്തെ കൂടുതല്‍ വിശാലമാക്കാനും സാധിക്കും. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അത് സാധ്യമാണ്. ചരിത്രപരമായി പറയുകയാണെങ്കില്‍ മതേതരത്വം എന്നത് ഒരു പടിഞ്ഞാറന്‍ കണ്ടുപിടിത്തമല്ല എന്നു വാദിക്കാവുന്നതാണ്. അഥവാ, ചരിത്രപരമായി പടിഞ്ഞാറ് എന്ന സംവര്‍ഗം രൂപപ്പെടുന്നതിന് മുമ്പുതന്നെ മതേതരത്വം നിലനിന്നിട്ടുണ്ട്. ഉദാഹരണത്തിന് മുസ്ലിം സാമ്രാജ്യങ്ങള്‍ക്ക് തങ്ങളുടേതായ ഒരു മതേതര സ്വഭാവമുണ്ടായിരുന്നു. അതുപക്ഷെ, ഇന്ന് മനസ്സിലാക്കാപ്പെടുന്ന മത-രാഷ്ട്രീയ വിഭജനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നില്ല. അഥവാ, മതപരം, മതേതരം എന്ന വിഭജനത്തിന് പ്രസക്തിയുണ്ടായിരുന്നില്ല എന്നു ചുരുക്കം. അതേസമയം ഇന്ന് മതേതരത്വമാണ് മതം എന്ന സംവര്‍ഗത്തെ തന്നെ നിര്‍വ്വചിക്കുന്നത്. അഥവാ, മതം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഇന്ന് മതേതരത്വമാണ്. പാശ്ചാത്യ നവോത്ഥാനമാണ് അങ്ങനെയുള്ള ഒരു മതേതരത്വത്തെ സൃഷ്ടിച്ചിട്ടുള്ളത്. പടിഞ്ഞാറിന്റെ സവിശേഷമായ ചരിത്രത്തെ ലോകചരിത്രമായി അവതരിപ്പിച്ചു കൊണ്ടാണ് ഈ മതേതരത്വം വികസിപ്പിക്കപ്പെടുന്നത്. യൂറോപ്യന്‍-പാശ്ചാത്യ ചരിത്രത്തിന് പുറത്ത് എങ്ങനെയാണ് മതേതരത്വം നിലനിന്നത് എന്ന് പരിശോധിക്കാതെ എല്ലാ സമൂഹങ്ങളിലും മത-മതേതരം എന്ന വിഭജനത്തെ മുന്‍നിര്‍ത്തി സാര്‍വ്വലൗകികമായ ഒരു മതേതര ഭാവന സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.

യൂറോപ്യന്‍ ചരിത്രത്തില്‍ നിലനിന്ന മതേതര സങ്കല്‍പ്പങ്ങളെ യൂറോപ്പിന് പുറത്തുള്ള പാരമ്പര്യങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് യഥാര്‍ത്ഥത്തില്‍ മതേതരത്വം അടിസ്ഥാനപരമായി ഒരു യൂറോപ്യന്‍ അനുഭവമാണ് എന്ന വാദത്തെ മുന്‍നിര്‍ത്തിയുള്ള നിര്‍ണ്ണയ സമീപനമാണ്.

ഭൂമിശാസ്ത്രപരമായി, പാശ്ചാത്യ ഇതരമായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മതേതരത്വത്തെ വ്യാപിപ്പിക്കാന്‍ സാധിക്കും. അങ്ങനെ പടിഞ്ഞാറില്‍ മാത്രമല്ല, അതിനു പുറത്തും മതേതരത്വത്തെ കണ്ടെത്താമെന്ന് ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. ഇന്ത്യന്‍ മതേതരത്വം അതിനുദാഹരണമാണ്. ഇന്ത്യയിലെ ജനാധിപത്യവും പൗരസമാധാനവുമെല്ലാം മതേതരത്വത്തോടുള്ള അധികാരി വര്‍ഗത്തിന്റെ സമര്‍പ്പണത്തിന്റെ ഫലമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അപ്പോള്‍ മതേതരത്വം ഇന്ത്യയില്‍ സാധ്യമാകണമെങ്കില്‍ അതിന്റെ സാര്‍വ്വലൗകികമായ അവകാശവാദങ്ങള്‍ക്കും സാധ്യതയുണ്ട് എന്ന് വാദിക്കാവുന്നതാണ്.

തീര്‍ച്ചയായും ഇന്ത്യന്‍ മതേതരത്വത്തിന് കൃത്യമായ പാശ്ചാത്യ വേരുകളുണ്ട്. മതസമൂഹങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള ഒട്ടുമിക്ക ഭരണകൂട ഇടപെടലുകളുും ബ്രിട്ടീഷ് രാജില്‍ നിന്നും പ്രചോദിതമായവയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രധാനപ്പെട്ട നിര്‍മ്മാതാവായ നെഹ്റു ഇന്‍ഡോളജിയില്‍ (ഇന്ത്യന്‍ ഉപഭൂഖന്ടതിലെ ചരിത്രം, സംസ്‌കാരം. ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനം) നിന്നാണ് ഇന്ത്യയെ ‘അറിഞ്ഞത്.’ ഇന്ത്യന്‍ മതേതരത്വത്തിന്റെ വളരെ സങ്കീര്‍ണ്ണമായ വംശാവലി കാരണം പാശ്ചാത്യ മതേതരത്വത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു മതേതര അനുഭവമായി അതിനെ മനസ്സിലാക്കാന്‍ കഴിയുന്നില്ല.

മൂന്ന് രീതിയിലാണ് ഇന്ത്യയില്‍ മതേതരത്വത്തെ വിന്യസിച്ചിട്ടുള്ളത്. അതിലൊന്ന് പാക്കിസ്ഥാനില്‍ നിന്നും വേറിട്ട ഒരു അസ്തിത്വമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അതനുസരിച്ച് പാക്കിസ്ഥാന്റെ മതസ്വഭാവത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ മതേതര സ്വഭാവം അംഗീകരിക്കപ്പെടുന്നത്. ഇന്ത്യയുടെ വളരെ സവിശേഷമായ ഒരു സ്വഭാവമായാണ് ഇന്ത്യന്‍ മതേതരത്വം വിശേഷിപ്പിക്കപ്പെടുന്നത്. അങ്ങനെ ഇന്ത്യ ഒരു മാതൃകാ ജനാധിപത്യ രാജ്യമായും പാക്കിസ്ഥാന്‍ പരാജിത രാഷ്ട്രമായും വിലയിരുത്തപ്പെട്ടു.

രണ്ട്, ഹിന്ദുത്വത്തിന്റെ പിടിയില്‍ നിന്ന് നെഹ്റുവിയന്‍ ഇന്ത്യയെ സംരക്ഷിക്കുന്ന ഒരു മാര്‍ഗ്ഗമായി ഇന്ത്യന്‍ മതേതരത്വം മനസ്സിലാക്കപ്പെടുന്നുണ്ട്. ഇവിടെ മതേതരത്വം എന്നത് മത-രാഷ്ട്രീയ വിഭജനം എന്നതല്ല. മറിച്ച് സമകാലിക ഇന്ത്യയുടെ ഭാഗമായി മനസ്സിലാക്കപ്പെടുന്ന മതങ്ങളും (ഹിന്ദുയിസം, ജയ്നിസം, സിക്കിസം) അതിന് പുറത്തുള്ള മതങ്ങളും (ക്രൈസ്തവത, ഇസ്ലാം) തമ്മിലുള്ള ശ്രേണിപരമായ ബന്ധത്തിന്റെ സംസ്ഥാപനമാണ് ഇന്ത്യന്‍ മതേതരത്വം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ ഭൂരിപക്ഷ മതമൂല്യങ്ങള്‍ മതേതര മൂല്യങ്ങളായി മനസ്സിലാക്കപ്പെടുന്നത്.

മൂന്ന്, ഇന്ത്യയില്‍ പൗരസമാധാനം നിലനിര്‍ത്താന്‍ മതേതരത്വം അനിവാര്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിലൂടെ ഹിന്ദു ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാം എന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുസ്ലിം ന്യൂനപക്ഷവും ദേശരാഷ്ട്രത്തിന്റെ ഭൂരിപക്ഷവും തമ്മിലുള്ള ബന്ധത്തെയാണ് ഇന്ത്യന്‍ മതേതരത്വം നിയന്ത്രിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും മുസ്ലിംകളെ നിയന്ത്രിക്കുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രധാന ലക്ഷ്യം.

മുസ്ലിംകള്‍ വ്യാപകമായി വംശഹത്യക്കിരയാക്കപ്പെട്ട ഒരു രാജ്യത്താണ് മതേതരത്വത്തെക്കുറിച്ച അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നത്. സമകാലിക ഇന്ത്യയിലെ അന്തര്‍ലീനമായ ഒരു യാഥാര്‍ത്ഥ്യമായി മുസ്ലിം വിരുദ്ധ വംശഹത്യകളെ കാണാന്‍ ഇന്ത്യന്‍ മതേതരത്വം തയ്യാറാവുന്നില്ല. വംശഹത്യകള്‍ ഇല്ലാതാക്കുന്നതിന് പകരം അവയെ അസന്നിഹിതമാക്കുകയാണ് ഇന്ത്യന്‍ മതേതരത്വം ചെയ്യുന്നത്. ആസൂത്രിത കലാപങ്ങളോടൊപ്പം ഇന്ത്യന്‍ മതേതരത്വവും ഇന്ത്യന്‍ മുസ്ലിംകളെ അച്ചടക്കവിധേയമാക്കാനും ആഭ്യന്തരവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത് എന്ന് വാദിക്കാവുന്നതാണ്. ഇസ്ലാമിനോടും മുസ്ലിം ന്യൂനപക്ഷങ്ങളോടുമുള്ള ഈ നിലപാടാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെയും പാശ്ചാത്യ മതേതരത്വത്തിന്റെയും മുഖമുദ്ര.

മതത്തെ അപടകരമായ ഒന്നായി മനസ്സിലാക്കുന്നത് കൊണ്ടാണ് മതേതരത്വത്തെ പൗരസമാധാനത്തോടും സംവാദ സാധ്യതകളോടും ബന്ധപ്പെടുത്തുന്നത്. മതതരത്വം പറയുന്നത് മതവിശ്വാസികള്‍ ദൈവത്തെ ഉന്നതമായ അധികാരമായി കാണുന്നു എന്നാണ്. അക്രമപ്രവര്‍ത്തനങ്ങളിലൂടെ മതവിശ്വാസികള്‍ ദൈവിക കല്‍പ്പനകളെ അനുസരിക്കുകയാണ് ചെയ്യുന്നത് എന്നവര്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ മതവിശ്വാസികളോട് സംവാദം അസാധ്യമാണ്. കാരണം അവര്‍ക്ക് മുകളില്‍ ഒരു പരമാധികാരിയുണ്ട്. അതിന് കീഴിലാണ് അവര്‍ നിലനില്‍ക്കുന്നത്. അതേസമയം, ഈ പരമാധികാരി എപ്പോഴും ദൈവം തന്നെ ആകണമെന്നില്ല. ചരിത്രം, സയന്‍സ്, യുക്തി എന്നിവയുമാകാം. എന്തായാലും മതേതരത്വത്തിന്റെ പരമാധികാരി അവയൊക്കെയാണ്. ഈ അധികാരങ്ങളെയെല്ലാം ഒളിച്ചുവെക്കാന്‍ പടിഞ്ഞാറിനെ മതേതരത്വം സഹായിക്കുകയാണ് ചെയ്യുന്നത്. അഥവാ, മതേതരത്വത്തിന്റെ പേരിലാണ് അവ നിലനില്‍ക്കുന്നത്.

5

മതേതരത്വത്തിന്റെ അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ഇതുവരെ ഞാന്‍ മതേതരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. മതേതരത്വത്തിന്റെ ഒട്ടുമിക്ക അവകാശവാദങ്ങളും വളരെ ബാലിശമാണ്. മാത്രമല്ല, മുസ്ലിം സ്വത്വത്തിന്റെ ഉല്‍ഭവവുമായി ബന്ധപ്പെട്ടാണ് പാശ്ചാത്യ, ഇന്ത്യന്‍ മതേതര രാഷ്ട്രീയം നിലനില്‍ക്കുന്നത്. അതേസമയം, ഇസ്ലാം മാത്രമല്ല മതം\മതേതരം എന്ന വിഭജനത്തെ അംഗീകരിക്കാത്തത്. ഹൈന്ദവര്‍, പുരാതന റോമന്‍കാര്‍ എന്നിവരിലൊന്നും അങ്ങനെയൊരു വിഭജനം കാണുക സാധ്യമല്ല. ജൂതസ്വത്വത്തിന്റെ കാര്യത്തിലും ഈ വിഭജനം നിലനില്‍ക്കുന്നില്ല.

മുസ്ലിംകള്‍ ഭാഷാപരമായും സാംസ്‌കാരികമായും ബഹുസ്വരമായ സമൂഹമാണ്. അപ്പോള്‍ എങ്ങനെയാണ് ഏകതാനകമായ ഒരു മുസ്ലിം സ്വത്വത്തെക്കുറിച്ച് നാം സംസാരിക്കുക? ഒരു ചരിത്ര സമുദായത്തിന്റെ ഭാഗമായാണ് മുസ്ലിംകള്‍ നിലനില്‍ക്കുന്നത്. ഞാന്‍ മുമ്പ് സൂചിപ്പിച്ച പ്ലാറ്റോ മുതല്‍ നാറ്റോ വരെയുള്ള രേഖീയ ചരിത്രത്തോടുള്ള നിഷേധം അത് ഉള്‍വഹിക്കുകയും ചെയ്യുന്നുണ്ട്. അധീശമായ വ്യവഹാരങ്ങളെയാണ് അത് വെല്ലുവിളിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിം സ്വതാവിഷ്‌കാരങ്ങള്‍ രാഷ്ട്രീയപരമാണെന്ന് ഞാന്‍ പറയുന്നത്.

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മതേതരത്വത്തെക്കുറിച്ച സംവാദങ്ങള്‍ ഉണ്ടാകുന്നത് ഇസ്ലാമിന്റെ പേരിലുള്ള വിവിധങ്ങളായ മുസ്ലിം ആവിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിലാണ്. ദേശീയ ഭൂരിപക്ഷം, വംശീയ ന്യൂനപക്ഷം എന്ന വിഭജനം സൃഷ്ടിച്ചു കൊണ്ട് മുസ്ലിംകളെ ന്യൂനപക്ഷം എന്ന സംവര്‍ഗത്തിനകത്ത് നിര്‍ത്താനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളാണ് വ്യാപകമായ മുസ്ലിം കുടിയേറ്റങ്ങള്‍ വെല്ലുവിളിക്കുന്നത്. അതേസമയം സാര്‍വ്വദേശീയമായി മാത്രമല്ല മുസ്ലിംകള്‍ നിലനില്‍ക്കുന്നത്. നിരവധി ദേശരാഷ്ട്രങ്ങളില്‍ മുസ്ലിംകളെ കാണാനാകും എന്നത് ശരിതന്നെ. ഒരു പലായാന സമുദായം (diasporic community) എന്ന നിലക്ക് കൂടി മുസ്ലിംകളെ കാണേണ്ടതുണ്ട്. പടിഞ്ഞാറ് സൃഷ്ടിച്ച ദേശീയ ഭൂരിപക്ഷം, വംശീയ ന്യൂനപക്ഷം എന്ന വിഭജനത്തിന് അത് കനത്ത വെല്ലുവിളി തന്നെയാണ്.

മുസ്ലിം സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെ നിയന്ത്രിക്കുന്ന ഒരു മാര്‍ഗ്ഗമായി മതേതരത്വം മാറുകയാണ് ചെയ്യുന്നത്. മതേതരത്വത്തെ അംഗീകരിക്കുക എന്നാല്‍ പാശ്ചാത്യപരതയെ സ്വീകരിക്കുന്നതിന് തുല്യമാണ്. മുസ് ലിം ആവിഷ്‌കാരങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ ഇടപെടലുകളും (പൗരത്വത്തെ നിഷേധിക്കല്‍, മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണക്കെതിരായ നീക്കങ്ങള്‍, മുസ്ലിംകള്‍ പാശ്ചാത്യമൂല്യങ്ങള്‍ക്ക് കീഴ്പ്പെടണം എന്ന നിര്‍ബന്ധം തുടങ്ങിയവ) പാശ്ചാത്യപരതയെ മുസ്ലിംകള്‍ നിരാകരിച്ചതിന്റെ ഫലമാണ്. മതേതരത്വം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത് പൗരസമാധാനത്തിന് വേണ്ടിയല്ല. മറിച്ച് പാശ്ചാത്യ അധീശത്വത്തെ പരിപാലിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ സമകാലിക മതേതരത്വം മുസ്ലിംകളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാരണം രാഷ്ട്രീയപരതയുള്ളവന്‍ മുസ്ലിമല്ല എന്നാണ് മതേതരത്വം പറയുന്നത്. രാഷ്ട്രീയപരമവുക എന്നതിനര്‍ത്ഥം ആധുനികമാവുക എന്നാണ്. ആധുനികരാണ് ചരിത്രമുള്ള ജനത. മുസ്ലിംകള്‍ ആധുനികമാവാത്തതിനാല്‍ അവര്‍ക്ക് രാഷ്ട്രീയപരമാവാനോ ചരിത്രമുള്ളവരാകാനോ കഴിയില്ല എന്നു ചുരുക്കം.

രാഷ്ട്രീയപരതയും മതപരതയും തമ്മിലുള്ള അതിര്‍ത്തിയെ നിര്‍ണ്ണയിച്ചതിലൂടെ ആധുനികം- ആധുനികപൂര്‍വ്വം, പടിഞ്ഞാറ്-പടിഞ്ഞാറിതരം തുടങ്ങിയ വിഭജനത്തെക്കൂടിയാണ് മതേതരത്വം സൃഷ്ടിച്ചിട്ടുള്ളത്. തലാല്‍ അസദ് സൂചിപ്പിച്ചത് പോലെ മതവും മതേതരവും തമ്മിലുള്ള വിഭജനം പല കാലങ്ങളില്‍ വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മതേതരത്വം ഒരു സാര്‍വ്വലൗകിക പ്രതിഭാസമായി നിലനില്‍ക്കുന്നുണ്ട്. കാരണം മതേതരമാവുക എന്നാല്‍ അടിസ്ഥാനപരമായി പാശ്ചാത്യനാവുക എന്നാണല്ലോ. പാശ്ചാത്യനാവുക എന്നതിനര്‍ത്ഥം നല്ലൊരു മനുഷ്യനാവുക എന്നാണ്. മതേതരത്വം എന്ന സംവര്‍ഗ്ഗത്തിലൂടെയാണ് മുസ്ലിം രാഷ്ട്രീയാവിഷ്‌കാരങ്ങളെ പാശ്ചാത്യലോകം അടക്കി നിര്‍ത്തുന്നത്. അതിലൂടെയാണ് പാശ്ചാത്യ ഇതരര്‍ക്ക് മേലുള്ള പാശ്ചാത്യ അധീശത്വം നിലനില്‍ക്കുന്നത്. തത്വചിന്താപരമായും ഭൗമരാഷ്ട്രീയപരമായും ഈ അധീശത്വം ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, സാമ്പത്തികപരമായും സാംസ്‌കാരികപരമായും അത് പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സൽമാൻ സയ്യിദ്