Campus Alive

‘മുസ്‌ലിം ലോകം’ എന്ത് കൊണ്ട് ചർച്ച ചെയ്യപ്പെടണം

 

ആമുഖം

കുടിയിറക്കപ്പെട്ടവന് ഈ ലോകം എത്രമേൽ കുടുസ്സായിരിക്കുമെന്നും വേദനയേറിയതായിരിക്കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കഠിനമായ വിശപ്പും തണുപ്പും മൂലം വഴിയോരങ്ങളിലും കടത്തിണ്ണകളിലുമായി കഴിയുന്ന ഏകാന്തരാത്രികൾ, ഉപേക്ഷിക്കപ്പെട്ട കാറുകളിലും വഴിയരികിലെ പരുപരുത്ത കോൺക്രീറ്റ് ബെഞ്ചുകളിലും വൃത്തിഹീനമായ ഇടങ്ങളിലും മറ്റുമുള്ള അസ്വസ്ഥ പൂർണമായ രൂപത്തിലുള്ള ഉറക്കം, തനിക്കരികിലൂടെ കടന്നുപോകുന്നവരുടെ ക്രൂരമായ മൗനം, മനസ്സിനും ശരീരത്തിനുമേറ്റ ഭേദമാവാത്ത മുറിപ്പാടുകൾ, ഭരണകൂട സ്ഥാപനങ്ങളുടെയും അധികാര വർഗങ്ങളുടെയും നിരന്തരമായ പീഡനങ്ങൾ, തനിക്ക് ബാധിക്കാത്തതൊന്നും താനുമായി ബന്ധമില്ലാത്തതാണെന്ന വ്യാജേന ജീവിക്കുന്ന അശ്രദ്ധമായ പൊതുസമൂഹം, തുടങ്ങിയ ദുരിതപൂർണമായ അനുഭവങ്ങൾ ‘ഭവനരഹിതൻ’ എന്ന അവസ്ഥയെ വിശാലമായ ക്യാൻവാസിലൂടെ വീക്ഷിക്കുവാൻ പ്രേരിപ്പിക്കുകയാണ്. ഒരു ധാർമിക നിയമ വ്യവസ്ഥ വിഭാവന ചെയ്യുന്ന അന്തസ്സുള്ള സാമൂഹിക ക്രമത്തിന് നേരെയുള്ള വളരെ മോശമായ നടപടിക്രമമായിട്ടല്ലാതെ ഭവനരാഹിത്യം/കുടിയിറക്കൽ എന്ന ജീവിതാവസ്ഥയെ വീക്ഷിക്കുക സാധ്യമല്ല.

അഞ്ചു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊളോണിയൽ ആധുനിക അധികാര ലോകഘടനയുടെ ആവിർഭാവം മുതൽ വിശിഷ്യാ, കഴിഞ്ഞ ഇരുന്നൂറു വർഷത്തിലധികമായി പാശ്ചാത്യാധിനിവേശ വ്യവസ്ഥിതി നേതൃത്വം കൊടുക്കുന്ന ഈ ലോകത്ത് വിശേഷിച്ചും മുസ്‌ലിംകൾ സാവധാനം മുതലാളിത്ത ലോകക്രമത്തിന്റെ ഓരങ്ങളിലേക്ക് അരികുവത്കരിക്കപ്പെടുകയും ഭവനരഹിതരായിത്തീരുകയും ചെയ്യുന്ന ദാരുണമായ കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.

മുസ്‌ലിം വിരുദ്ധ ബോധ നിർമിതിക്കനുകൂലമായി തീർന്നിരിക്കുന്ന ഈ കാലവും അതിന്റെ ഇടങ്ങളും ഭവന രാഹിത്യം എന്ന മാനസികാവസ്ഥയെ ഭൗതികമായ അർത്ഥതലങ്ങൾക്കപ്പുറം സാമൂഹികവും വൈയക്തികവുമായ ഒരു യാഥാർഥ്യമായി മനസ്സിലാക്കാൻ പ്രേരിപ്പിക്കുകയാണ്. ഇസ്രായേൽ വംശവെറിയന്മാർ ചുട്ടെടുത്ത സെറ്റിൽമെന്റ് പോളിസികൾ അതിന്റെ ഏറ്റവും നിന്ദ്യവും ക്രൂരവുമായ ഉദാഹരണമാണ്. ഇസ്‌ലാമിക ഫലസ്തീൻ പല തലത്തിൽ ഭവനരഹിതമായിത്തീരുന്നുണ്ട്, എന്നാലതിലേറ്റവും പ്രധാനമായത് അക്ഷരാർത്ഥത്തിൽ അവരുടെ വീടുകൾ പൊളിച്ചുമാറ്റുക എന്നത് തന്നെയാണ്.

കിഴക്കൻ ജറൂസലേമിലെ ഭൂമിയിൽ നിന്ന് ഫലസ്തീൻ ഭവനങ്ങൾ പൊളിച്ചു മാറ്റുമ്പോൾ ജറൂസലേം ഇഷ്ടിക കല്ലുകൊണ്ട് നിർമിച്ച തങ്ങളുടെ പ്രിയപ്പെട്ട വീടിന്റെ ബാഹ്യ ഘടന മാത്രമല്ല തകർക്കപ്പെടുന്നത്, മറിച്ച് ആ ചുവരുകളിലും അതിന്റെ പരിസരങ്ങളിലും പതിഞ്ഞ തങ്ങളുടെ നനവുള്ള ഓർമകളും വികാരങ്ങളും കൂടിയാണ്. ഭവന രഹിതനാകുക അല്ലെങ്കിൽ കുടിയിറക്കപ്പെട്ടവനാകുക എന്ന് പറഞ്ഞാൽ അത് അക്ഷരാർഥത്തിലാണെങ്കിലും ആലങ്കാരിക അർത്ഥത്തിലാണെങ്കിലും അവ സാമൂഹ്യ ജീവിതത്തിനു മേലുള്ള സാമൂഹ്യ മരണം (social death) തന്നെയാണ്. കൂടാതെ ഉല്പാദനത്തിനെതിരിലുള്ള സാമ്പത്തികാധഃപതനവും മനശാസ്ത്രപരമായി ഉപരി സ്വത്വത്തിനു (upper self)മേലുള്ള അധോസ്വത്വ(lower self) ത്തിന്റെ വിജയവും കൂടിയാണ്. ICHD (Israeli committee against house demolition) എന്ന ഇസ്രായേലി എൻജിഒ തന്നെ ‘ഇസ്രായേൽ ഡിമോളിഷൻ പോളിസി’യെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ ഈ ഭവന സംഹാര പ്രക്രിയയുടെ വിവിധ രൂപഭേദങ്ങളെയും അതിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മനഃശാസ്ത്രപരവുമായിട്ടുള്ള പ്രത്യാഘാതങ്ങളെയും വരച്ചു കാട്ടുന്നുണ്ട്(1).

‘മുസ്‌ലിം ഭവന രാഹിത്യം’ എന്ന അനുഭവം ഒരു ആഗോള പ്രതിഭാസമായിത്തന്നെ മാറിയതായി കാണാം. റോഹിൻഗ്യ, ഉയിഗൂർ, സിറിയ, സൊമാലിയ തുടങ്ങി മറ്റു പല രാജ്യങ്ങളിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങളൊക്കെയും ഈ പരുക്കൻ സാമൂഹിക യാഥാർഥ്യത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നവരാണ്. സെപ്റ്റംബർ പതിനൊന്നാനന്തര കാലഘട്ടം ഈ അവസ്ഥയെ കൂടുതൽ മൂർത്തമായ രീതിയിൽ പ്രതിഫലിപ്പിക്കുന്നതായി കാണാം. ഏതു ഭൂഖണ്ഡങ്ങളിലായിക്കൊള്ളട്ടെ, ഒന്നുകിൽ മുതലാളിത്ത ലോകക്രമത്തിൽ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യപ്പെടുന്നവരായോ അല്ലെങ്കിൽ നാടുകടത്തപ്പെട്ടവരായോ അഭയാർഥികളായോ ആയിട്ടല്ലാതെ മുസ്‌ലിം സമൂഹത്തിനു അവരെ സ്വയം അടയാളപ്പെടുത്തുക സാധ്യമല്ല.

ഇത്തരമൊരു ലോക ഘടനയിൽ, ഗൾഫ് മെട്രോപോളിസുകളും നിയോ ലിബറൽ മുതലാളിത്ത വ്യവസ്ഥയും അധിവസിക്കുന്ന ‘സുരക്ഷിതരായ’ മുസ്‌ലിം സാമൂഹിക ജീവിതവും ഒരു അപവാദമായും വൈരുദ്ധ്യമായും നിലനിൽക്കുമ്പോൾ തന്നെ എന്തുകൊണ്ട് മുസ്‌ലിംകൾക്ക് ചോദിക്കാനാകുന്നില്ല, എവിടെയാണ് ഞങ്ങളുടെ ‘ഭവന’മെന്നും തങ്ങൾ കെട്ടിപ്പടുത്ത ഭവനങ്ങളിൽ തങ്ങൾക്കെന്തുകൊണ്ട് പാർക്കാൻ കഴിയുന്നില്ല എന്നും? ആരാണ് ഞങ്ങളിൽ നിന്ന് ആ അവകാശം കവർന്നെടുത്തതെന്നും എവിടെയാണ് ഇനി ആ ഭവനം പടുത്തുയർത്താൻ കഴിയുകയെന്നും? പൊളിഞ്ഞുപോയ/പുറത്താക്കപ്പെട്ട വീടിന്റെ പുനരുദ്ധാരണം/വീണ്ടെടുക്കൽ എന്ന പരികല്പനയെ മുൻനിർത്തി പുതിയ ലോകക്രമത്തിനായുള്ള ആലോചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇവിടെ.

മുസ്‌ലിം ലോകം’ എന്താകണം എന്താകരുത്?

ആംഗലേയ ജ്ഞാന പരിസരത്തുനിന്ന് രൂപപ്പെട്ട ‘മുസ്‌ലിം ലോകം’ എന്ന പരികല്പനയുടെ ആധികാരികത സമകാലിക സംവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രാഥമികമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന ‘മുസ്‌ലിം ലോക’ത്തെക്കുറിച്ചുള്ള പല അടിസ്ഥാന സിദ്ധാന്തങ്ങളെയും പോസ്റ്റ് കൊളോണിയൽ മുസ്‌ലിം ചിന്തകനായ ചെമിൽ ഐദിൻ (Cemil Aydin) ഖണ്ഡിക്കുന്നുണ്ട്. ‘The idea of Muslim world: a global intellectual history’ (2017) എന്ന തന്റെ പഠനത്തിൽ ‘മുസ്‌ലിം ലോകം’ എന്നതൊരു ആധുനിക കൊളോണിയൽ നിർമിതിയാണെന്നും അത് രൂപപ്പെട്ടത് പിൽക്കാല ആധുനികതയിൽ മുസ്‌ലിം സമൂഹത്തിനെയാകമാനം ഏകശിലാത്മകമായ ഒരു നാഗരികതയായി വംശവത്കരിച്ചതിന്റെയടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മാത്രവുമല്ല, മുസ്‌ലിം സമൂഹത്തിനും ഇങ്ങനെയൊരു നിർമിതിയിൽ പങ്കുണ്ടെന്ന മറ്റൊരു വായനയും അദ്ദേഹം നടത്തുന്നു.

പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിൽ പല മുസ്‌ലിം ദേശങ്ങളിലുമുള്ള യൂറോപ്യൻ അധിനിവേശത്തെ ആശയപരമായി അതിജയിക്കുവാനും, നാഗരിക അപകർഷതാ ബോധത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുവാനും ഇത്തരം പാൻ ഇസ്‌ലാമിസ്റ്റ് ആശയങ്ങളുടെ സ്വാധീനം മുസ്‌ലിംകളെ സഹായിച്ചുവെന്നും വെളിപ്പെടുത്തുന്നു. ചുരുക്കത്തിൽ പാശ്ചാത്യ ലോകവും ഇസ്‌ലാമിക സമൂഹവും ഒരുപോലെ ഇതിന്റെ നിർമിതിയിൽ പങ്കാളികളാണ്, വ്യത്യസ്ത താൽപര്യങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ പോലും. അതിനാൽ തന്നെ പ്രത്യക്ഷത്തിൽ ഈ വൈരുദ്ധ്യങ്ങൾ മുസ്‌ലിം ലോകം എന്ന സാധ്യതയെ നിരാകരിക്കുന്നുണ്ട്. അതുപോലെ തന്നെ ഇസ്‌ലാം കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ ഭവശാസാത്രം (പൊളിറ്റിക്കൽ ഓണ്ടോളജി) എങ്ങനെയാണു മുസ്‌ലിം സമൂഹത്തിനു ബദൽ അധികാര ഘടനയെ സാധ്യമാക്കിക്കൊടുക്കുക എന്നതിനെ ഐദിൻ അഡ്രസ് ചെയ്യുന്നുമില്ല. പാശ്ചാത്യ അധീശ വ്യവസ്ഥിതിക്കെതിരിലുള്ള സമരത്തിൽ യോജിപ്പുകളെയും വിയോജിപ്പുകളെയും സമന്വയിപ്പിക്കുവാൻ ഇസ്‌ലാമിന് മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ബദൽ അധികാര രാഷ്ട്രീയത്തിന്റെ (counter hegemonic political ontology) കേന്ദ്ര സ്ഥാനത്തു ഇസ്‌ലാം പ്രതിഷ്ഠിക്കപ്പെടുന്നത്. ഷഹാബ് അഹ്മദ് തന്റെ ‘what is Islam’ (2017) എന്ന പഠനത്തിൽ ആധുനിക പൂർവ ലോകത്ത് ഇസ്‌ലാമും ഇസ്‌ലാമിക നാഗരികതയും ‘പൊരുത്തങ്ങൾ നിറഞ്ഞ വൈരുദ്ധ്യ’ങ്ങളാൽ സമ്പന്നമായ സാർവലൗകിക പ്രതിഭാസമായിരുന്നുവെന്നു നിരീക്ഷിക്കുന്നുണ്ട്.

നിർഭാഗ്യവശാൽ ഐദിൻ തന്റെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പോസ്റ്റ് കൊളോണിയൽ വായനയിൽ എങ്ങനെയാണു ഇസ്‌ലാമോഫോബിയ മുസ്‌ലിംകൾ അടക്കമുള്ള മുഴുവൻ ലോകത്തെയും വ്യവസ്ഥാപിതമായി രൂപപ്പെടുത്തിയത് എന്നതിനെ കാണാതെ പോകുകയും ചെയ്യുന്നുണ്ട്. അതിനു നേർവിപരീതമായി ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള അപകോളനീകരണ വായനയിൽ (We are all moors: ending centuries of crusades against Muslims and other minorities) അന്വർ മജീദ് അവകാശപ്പെടുന്നതുപോലെ നാഗരികതകൾ തമ്മിലുള്ള സംഘട്ടനങ്ങളെ – അത് ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മിലാകട്ടെ, അതല്ല പാശ്ചാത്യരും പാശ്ചാത്യേതരും തമ്മിലാകട്ടെ – എല്ലാം തന്നെ അന്തലുസാനന്തര (1492 CE) കാലഘട്ടത്തിൽ മൗലികമായി മുസ്‌ലിം വിരുദ്ധ വംശീയ യുക്തിയാൽ വ്യവസ്ഥാപിതവത്കരിക്കപ്പെട്ട ആഗോള യാഥാർഥ്യങ്ങളായിട്ടാണ് അടയാളപ്പെടുത്തപ്പെടുന്നത്. അടിസ്ഥാനപരമായി ഡികോളോണിയൽ ചിന്താപദ്ധതിയും പോസ്റ്റുകൊളോണിയൽ ചിന്താപദ്ധതിയും തമ്മിലുള്ള വ്യത്യാസം ഇവിടെ വെളിവാവുന്നുണ്ട്. പ്യൂർട്ടോറിക്കൻ ചിന്തകനായ റമോൺ ഗ്രോസ്ഫുഗൽ നിരീക്ഷിക്കുന്നതുപോലെ, ഡികോളോണിയൽ വിമർശനം മൗലികമായി ഊന്നുന്നത് ആധുനികതയെ ആഴത്തിൽ മനസ്സിലാക്കാനുള്ള പോസ്റ്റ് കൊളോണിയൽ ചിന്താപദ്ധതികളുടെ ആഖ്യാനപരമായ പരിമിതിയിലാണ്. ആധുനികതയുടെ ചരിത്രാഖ്യാനങ്ങളിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രങ്ങളിലും ജ്ഞാനശാസ്ത്ര പദ്ധതികളിലുമെല്ലാം ആഴത്തിൽ വേരോടിയിട്ടുള്ള സ്വാധീനത്തെ മനസ്സിലാക്കുന്നതിൽ പോസ്റ്റ്കൊളോണിയൽ വായനകൾക്ക് പരിമിതിയുണ്ട് എന്നാണ് ഗ്രോസ്ഫുഗൽ ചൂണ്ടിക്കാട്ടുന്നത്.

ചെമിൽ ഐദിൻ

നേരത്തെ തന്നെ ഐദിൻ നിരീക്ഷിച്ച ‘മുസ്‌ലിം ലോകം’  നിയപരവും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ഏതു രൂപത്തിലാണെങ്കിലും ഉമ്മത്ത്, ദാറുൽ ഇസ്‌ലാം എന്നതൊന്നും പോലെ നിലനിന്നിരുന്നില്ല എന്ന വാദം ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഐദിൻ മുന്നോട്ടുവെക്കുന്ന ‘ദൈവശാസ്ത്രപരമായ ഉമ്മ:’യും ‘ഭൗമരാഷ്ട്രീയ മുസ്‌ലിം ലോക’വും എന്ന ചരിത്രപരമായ വർഗീകരണം ഫലത്തിൽ അവ പങ്കുവെക്കുന്ന അർത്ഥതലങ്ങളെ വ്യവച്ഛേദിക്കുക സാധ്യമല്ലാതാക്കിത്തീർക്കുന്നുണ്ട്. മുസ്‌ലിം ലോകം എന്ന ആശയം തീർത്തും ആധുനികവും കൊളോണിയലുമാണെന്ന് വാദിക്കുക എന്നതിന്റെ അർഥം മുസ്‌ലിം ലോകത്തിന്റെ ഭൂതവും വർത്തമാനവും തമ്മിലുള്ള വിവർത്തനക്ഷമതയില്ലായ്മ അതിശക്തമാണെന്നും വാദിക്കേണ്ടിവരും എന്നുള്ളതാണ്. അത്തരമൊരു വാദം പാൻ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെയും  അതിന്റെ ഭാവി പദ്ധതികളെയുമൊന്നും ഗൗരവത്തിലെടുക്കാതിരിക്കലാവും. മുസ്‌ലിം ലോകം എന്ന പാശ്ചാത്യ നിർമിതമായ ആശയത്തെ അമിതമായി പിന്തുണക്കുക എന്നാണെങ്കിൽ ഒന്നാമതായി പാനിസ്‌ലാമിസ്റ്റ് ഏജൻസികളുടെ മുസ്‌ലിം ലോക പരികല്പനകളെ തുരങ്കം വെക്കുക എന്നാണർത്ഥം. രണ്ടാമതായി ഇസ്‌ലാമോഫോബിയ പ്രധാന ആയുധമായി സ്വീകരിച്ച പാശ്ചാത്യ കൊളോണിയൽ ആധുനികതയുടെ, മുസ്‌ലിംകൾ ഒരു നിലക്കും ദീർഘ കാലാടിസ്ഥാനത്തിൽ ഭീഷണിയായിത്തീരരുതെന്ന ഹിഡൻ അജണ്ട കൂടിയാണ് പിന്തുണക്കപ്പെടുന്നത്.

ആഗോള പാശ്ചാത്യ സാമൂഹ്യ ശാസ്ത്രങ്ങളുടെ ജ്ഞാനശാസ്ത്ര ഘടന പരിശോധിച്ചാൽ ഡീകോളോണിയൽ മുസ്‌ലിം ചിന്തകനായ സൽമാൻ സയ്യിദ് വാദിക്കുന്നതുപോലെ, പാശ്ചാത്യ സത്താവാദത്തിലധിഷ്ഠിതമായ തത്വശാസ്ത്രത്തെ വിമർശിക്കാതെയും ബദൽ അധികാര വ്യവഹാരങ്ങളുടെ പോസ്റ്റ് എസ്സെൻഷ്യലിസ്റ്റ് ഇടങ്ങളെ അംഗീക്കരിക്കാതെയുമുള്ള ഏതൊരു ഇസ്‌ലാമിക സത്താവാദ തത്വശാസ്ത്ര വിമർശനവും ഫലത്തിൽ പാശ്ചാത്യ ലോകഘടനയുടെ മേല്കോയ്മയോടുള്ള അടിയറവു പറച്ചിലാണ്. റഷ്യയും ചൈനയുമടങ്ങുന്ന ചെറുതും വലുതുമായ ദേശരാഷ്ട്രങ്ങളുടെയും രാജ്യാന്തര കോർപറേഷനുകളുടെയും ജല്പനം പോലെ അമേരിക്ക നേതൃത്വം കൊടുക്കുന്ന ഈ സാമ്രാജ്യത്വ വ്യവസ്ഥിതി താൽകാലികമാണെന്നായിരിക്കാമെങ്കിലും സാംസ്കാരികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായി ഈ ഭൂലോകത്തിന്റെ ഖിബില തന്നെ പാശ്ചാത്യ അധിനിവേശത്തിൽ നിന്നും യു.എസ് ഡോളറിസത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്തവിധം ഇഴുകിച്ചേർന്നിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

സൽമാൻ സയ്യിദ്

ഇസ്‌ലാം പേടിയും ഇസ്‌ലാം പ്രേമവും നിറഞ്ഞ അന്തലുസാനന്തര (1492) കാലഘട്ടത്തിലും ഭീകരത വിരുദ്ധ യുദ്ധാനന്തര (9/11) കാലഘട്ടത്തിലും ഒരുപോലെ മുസ്‌ലിം വിരുദ്ധ സാമൂഹിക ഇടപാടുകൾ വലിയ അളവിൽ നടക്കുന്നെണ്ടെന്ന പരുക്കൻ യാഥാർഥ്യത്തോട് ഞാൻ കണ്ണടക്കുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെ ജീവിത പരിസരം പ്രാഥമികമായി ആവശ്യപ്പെടുന്നത് ഇസ്‌ലാമും മുസ്‌ലിംകളും ഈ വംശീയവും ലൈംഗിക വിവേചനം നിറഞ്ഞതുമായ ആധുനിക മുതലാളിത്ത കൊളോണിയൽ സെക്കുലർ ലോകക്രമത്തിനെ സമൂലം മൂല്യ വിചാരണക്ക് വിധേയമാക്കുക തന്നെയാണ് പരിഹാരം എന്നാണ്. അല്ലെങ്കിൽ ആ ലോകക്രമത്തിൽ വീടില്ലാത്തവന് വീട് നഷ്ടപ്പെടുന്നത് തുടർന്നുകൊണ്ടേയിരിക്കുകയും അതിലൂടെ ഇസ്‌ലാമിന്റെ സാർവലൗകിക സാദ്ധ്യതകൾ അട്ടിമറിക്കപ്പെടുകയും ചെയ്യും.

ഇസ്‌ലാമിക ലോകം/സാർവലൗകികത അനിവാര്യമായും ധർമ-നീതിയിലധിഷ്ഠിതമാണ് എന്ന് പറയുന്നതിനപ്പുറം ആ സാർവ്വലൗകികക്രമത്തിനൊരിടം വേണമെന്നതിന്റെ ആവശ്യകതെയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. മുസ്‌ലിംകൾ ഒരിക്കലും കുടിയിറക്കപ്പെട്ടവരായോ ഭവനരഹിതരായോ കഴിയാൻ പാടില്ല. അനീതിയും അധാർമികതയും കൊണ്ട് അരികുവൽക്കരിക്കപ്പെട്ട ഈ ‘നെക്രോപൊളിറ്റിക്കൽ’ ലോക ക്രമത്തിൽ അതിനപ്പുറമൊരു ഭവനം/ആവാസവ്യവസ്ഥ/ലോകക്രമം കണ്ടെത്താനുള്ള എല്ലാ അവകാശവും ഉത്തരവാദിത്വവും അവർക്കുണ്ട്.

ദിവ്യ ബോധന(Revelation) കാലഘട്ടത്തിലും അതിനു ശേഷവും രൂപപ്പെട്ട ഭൂരിപക്ഷ ഇസ്‌ലാമിക ചരിത്ര നിർമിതിയിലും നാഗരിക രൂപീകരണത്തിലും ഉപരിസൂചിത ‘ലോകത്ത്’ എപ്രകാരമാണ് നാമമാത്ര മുസ്‌ലിംകളും ഇസ്‌ലാമേതരുമടക്കമുള്ളവരുടെ സ്വീകരണവും തിരസ്കരണവും നടന്നതെന്നും ആ ലോകക്രമം എവ്വിധമാണ് നിലനിന്നതെന്നുമുള്ള സംഗതി സൂക്ഷ്മ ചിന്ത ആവശ്യപ്പെടുന്നുണ്ട്. ഒരു താരതമ്യ പഠനത്തിന് മുതിരുകയാണെങ്കിൽ, ‘മുസ്‌ലിം ലോകം’ എന്ന പരികല്പനയെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമുള്ള വാദങ്ങൾക്ക് അത്രമേൽ അസാധാരണത്വം ഉള്ളതായി അനുഭവപ്പെടുന്നില്ല. കാരണം പാൻ-ആഫ്രിക്കൻ വ്യവഹാരങ്ങളിലും സമാന ആശയ വടംവലികൾ നടന്നതായി കാണാവുന്നതാണ്. അവിടെയും ഒരുപറ്റം ആളുകൾ ‘ആഫ്രിക്കൻ സത്താവാദ’ത്തിന്റെ ഉത്ഭവത്തെ നിഷേധിക്കുന്നുണ്ട്. അവ കൂടുതലും ആഫ്രിക്കയുടെ സ്വാതന്ത്രാനന്തര കാലഘട്ടത്തിൽ രൂപപ്പെട്ട ‘ആഫ്രിക്ക’ എന്ന ആശയത്തെക്കുറിച്ചുള്ള അപനിർമാണ വ്യവഹാരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ആഫ്രിക്ക എന്ന ആശയം തന്നെ ആധുനികത ഒരു ഭൂഖണ്ഡത്തെ പൂർണമായും അപകീർത്തിപ്പെടുത്താൻ (stigmatize) ഉപയോഗിച്ചതാണെന്നതാണ് ആ വാദത്തിന്റെ കാതൽ. അതിനാൽ തന്നെ അതിൽ ഉൾക്കൊള്ളുന്ന വിവിധ രാഷ്ട്രങ്ങൾ തങ്ങളുടെ മേൽ അടിച്ചേല്പിക്കപ്പെട്ട വ്യവസ്ഥാപിത ചൂഷണത്തിനും പാശ്ചാത്യാധിനിവേശ ഭരണ വ്യവസ്ഥക്കുമെതിരിൽ നിരന്തരം സംഘർഷത്തിലേർപ്പെട്ടുകൊണ്ട് ‘ആഫ്രിക്കൻ’ എന്ന ആശയത്തിന്റെ ശുഭ ഭാവനക്കായുള്ള പോരാട്ടങ്ങൾ തുടരാൻ നിർബന്ധിതരായി തീർന്നിരിക്കുകയാണ്. നെഗ്രിറ്റ്യൂഡ് പോലുള്ള ആഫ്രിക്കൻ സത്താവാദ ആശയങ്ങളോട് ആഴത്തിലുള്ള വിമർശനങ്ങൾ മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട്, അതേ സമയം തന്നെ പാൻ ആഫ്രിക്കൻ വിമോചനത്തിനും സ്വയം നിർണയത്തിനുമായുള്ള പോരാട്ടങ്ങളിൽ ഇത്തരം ആശയങ്ങൾക്കുള്ള പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള എതിർ ന്യായങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്(2). ഐദിൻ ചൂണ്ടിക്കാട്ടുന്നതുപോലെ, പത്തൊമ്പതാം നൂറ്റാണ്ടിലെ പാശ്ചാത്യ ലോകത്തോടുള്ള ഓട്ടോമൻ ഖിലാഫത്തിന്റെ വൈരുദ്ധ്യാത്മകമായ രാജഭക്തിപോലെത്തന്നെ യൂറോപ്യൻ അടിമക്കച്ചവട വ്യവസായ ലോകത്തും ആഫ്രിക്കക്കാരനായ അടിമയെ വിൽക്കുന്ന ആഫ്രിക്കക്കാരനായ ഉടമയും, യൂറോപ്യൻ കോളനിയധികാരികളോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗ ഭരണകൂടങ്ങളുമടങ്ങുന്ന വിരോധാഭാസം നിറഞ്ഞ നിരവധിയുദാഹരണങ്ങൾ വേറെയും കാണാവുന്നതാണ്.

എന്താണ് (Being), എന്തായികൊണ്ടിരിക്കുന്നു (becoming) എന്നീ ദ്വന്ദങ്ങൾ തമ്മിലുള്ള ബലതന്ത്രം തന്നെയാണ് മേൽപറയപ്പെട്ട സംവാദങ്ങളുടെ മർമ്മപ്രധാനമായ ഘടകം. ‘മുസ്‌ലിം ലോക’ത്തെക്കുറിച്ച് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നവും അതുതന്നെയാണ്. മുസ്‌ലിം ലോകത്തിന്റെ ലൗകിക നിലനില്പിനോടും (ontic/factual existence) അലൗകിക നിലനില്പിനോടും (ontological/phenomenological existence) മുസ്‌ലിംകൾ എന്ത് സമീപനം സ്വീകരിക്കുന്നു എന്നതിന്റെയടിസ്ഥാനത്തിലാണ് അവരുടെ ഭാവി നിർണയിക്കപ്പെടുക. ചിലർ ഒന്നിനെ തള്ളിക്കളഞ്ഞ് മറ്റേതിന് വേണ്ടി വാദിക്കുമ്പോൾ മറ്റു ചിലർ രണ്ടിനെയും എങ്ങിനെയാണ് പൊരുത്തപ്പെടീക്കുക എന്നാണ് ആലോചിക്കുന്നത്.

ആഫ്രിക്കക്കാരന്റെ ‘ആഫ്രിക്ക’ എന്ന ആശയവും നോർത്തമേരിക്കൻ തദ്ദേശീയ ജനതയുടെ Turtle Island എന്ന പരികല്പനയും മുസ്‌ലിംകളുടെ ‘മുസ്‌ലിംലോകം’ എന്ന സ്വപ്നവും യാഥാർഥ്യമാകണം എന്നാണ് വാദമെങ്കിൽ, എന്റെ അഭിപ്രായത്തിൽ ജ്ഞാനശാസ്ത്ര ഹത്യയും പ്രകൃതി ഹത്യയും ആയുധമാക്കി പാശ്ചാത്യ ലോകം നേതൃത്വം നൽകുന്ന ലോകക്രമത്തിൽ അത്തരമൊരു നവലോക നിർമിതിയെന്ന ആശയം ആത്മഹത്യാപരമല്ലാതെ മറ്റൊന്നുമല്ല. മുസ്‌ലിംകളുടെ ജീവതത്വശാസ്ത്രവും (ontology), പ്രതലവും(grounds) കേവലമൊരാശയം എന്നതിലുപരി ചരിത്രത്തിൽ ജീവിച്ചുകാണിച്ച ഒരു സാമൂഹ്യ യാഥാർഥ്യമാണെന്നതുകൊണ്ടും (lived social reality) കൂടി അതൊരിക്കലും നിഷേധിക്കപ്പെടാൻ പാടില്ല. മറിച്ചതൊരു ക്രിയാത്മകമായ സംവാദമായി  വികസിച്ച് എപ്രകാരം ഭൗതികവും അഭൗതികവുമായ നിലനിൽപ് സാധ്യമാക്കിയെടുക്കാം എന്ന ചിന്തയിലേക്ക് സഗൗരവം കടക്കേണ്ടതുണ്ട്.

ഇത്തരമൊരു സാധ്യതയെ പോസ്റ്റ് – ഫൗണ്ടേഷണലിസ്റ്റ് രാഷ്ട്രീയ തത്വചിന്ത ‘Grounds’ (പ്രതലം/നിലപാടുതറ) എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ചരിത്രത്തിൽ എവിടെയെങ്കിലും സ്തംഭിച്ചുപോയ ഒന്നായിട്ടല്ല, മറിച് തുടർച്ചയുള്ള പ്രതിഭാസമായിട്ടാണ് അതിനെ നിരീക്ഷിക്കുന്നത്. ഈ നിലപാട് തറ ഇൽമുൽ കലാം സംവാദങ്ങളിൽ വീക്ഷിക്കപ്പെട്ട ദൈവത്തിലാണ് ആത്യന്തിക ഭവനമെന്നും അവനിലേക്കാണ് മടക്കമെന്നും ഈ ദുനിയാവ് താത്കാലിക നിലം (grounds) മാത്രമാണെന്നുമുള്ള ആത്മീയ പരിപ്രേക്ഷ്യത്തോട് സാമ്യതയുള്ളതാണ്. പക്ഷേ അപ്പോഴും, നമ്മൾ അപരരുടെ പ്രശ്നങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരാവാത്ത ലിബറൽ മിസ്റ്റിക്കൽ സ്കോളേഴ്സായിത്തീരണോ അതല്ലെങ്കിൽ വിജയത്തിലേക്കും ദൈവത്തിലേക്കുമുള്ള ‘ഉത്തമ’ പാതയിൽ ആരൊക്കെയാണ് അരികുവത്ക്കരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ അധികാരവാജ്ഞയെ അമിതമായി അതിഭൗതികവത്ക്കരിക്കുന്ന പ്രത്യയശാസ്ത്രകാരന്മാരാവേണ്ടതുണ്ടോ എന്ന പ്രശ്നം ബാക്കിയാവുന്നു. സത്താപരമായും യഥാർത്ഥമായും (ഓണ്ടിക്ക്) കൂടുതൽ നൈതികമായൊരു മുസ്‌ലിം ലോകത്തിനായുള്ള പോരാട്ടങ്ങളുടെ ഇത്തരം സന്നിഗ്ദതകളെ മനസ്സിലാക്കാനുള്ള ഒരു വഴി പൊളിറ്റക്കൽ ഓണ്ടോളജിയും എത്തിക്സും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുക എന്നതാണ്.

ബദൽ അധികാര വ്യവസ്ഥക്ക് വേണ്ടിയുള്ള ഇടപെടലുകളില്ലാതെ നിലനിൽക്കുന്ന അധീശ വ്യവസ്ഥയെ വിമർശിക്കുന്നത് തീർത്തും നിരുത്തരവാദപരവും നിരർത്ഥകവുമായ സംഗതിയാണ്. മറ്റൊരർത്ഥത്തിൽ ഭവനരഹിതരോട് ധാർമികമായൊരു സമീപനമില്ലാതെ അധികാരത്തെ കെട്ടിപ്പടുക്കുവാനുള്ള ഇച്ഛക്ക് കൂടുതൽ ഊന്നൽ നൽകുന്നത് പ്രശ്നകരമാണ്. പരമാവധി ദമസ്കസിലൊരു കൊട്ടാരവും നിയോലിബറൽ ചാരിറ്റി സംഘടനയും, അല്ലെങ്കിൽ ഏറ്റവും മോശമെന്ന നിലയിൽ ഏകാധിപത്യവും വിയോജിപ്പുകളോടുള്ള ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുമാണ് അത് ബാക്കിയാക്കുക.

ആയതിനാൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്നതിനോ അതല്ലെങ്കിൽ ഇരുപക്ഷത്തെയും അപനിർമിക്കുന്നതിനോ മുതിരാതെ നമ്മൾ മുസ്‌ലിം സ്വത്വത്തിന്റെയും ലോകത്തിന്റെയും ധാർമികവും രാഷട്രീയപരവുമായ പുനർനിർമാണത്തിന് പരിശ്രമിക്കുകയാണ് വേണ്ടത്. സൂചിപ്പിക്കപ്പെട്ട ധാർമിക – രാഷ്ട്രീയ പിരിമുറുക്കം ലഘൂകരിക്കാൻ കൂടുതൽ ശക്തവും എന്നാൽ അയവുള്ളതുമായ ഒരു പ്രതിബദ്ധത ഒന്നാമതായി ബദൽ അധികാര രാഷ്ട്രീയ വ്യവഹാരങ്ങളോടും രണ്ടാമതായി പരിവർത്തന ക്ഷമമായ വ്യാഖാനശാസ്ത്രങ്ങളോടും അതുൾക്കൊള്ളുന്ന ധാർമിക വ്യവസ്ഥയോടും സ്വീകരിക്കാവുന്നതാണ്.

റീകോളിങ്ങ് കാലിഫേറ്റ് (recalling caliphate, 2017) എന്ന പുസ്തകത്തിലെ സൽമാൻ സയ്യിദിന്റെ അപകോളനീകരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ സത്താവാദത്തിനുവേണ്ടിയുള്ള (Decolonial Muslim political ontology) ആഹ്വാനം അത്തരത്തിലുള്ള ഒരു ശ്രമമായി കാണാവുന്നതാണ്. അതിനെ ആധുനികതയെ മറികടക്കുന്ന (Trans-modern)പദ്ധതിയായിട്ടാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സയ്യിദ് വാദിക്കുന്നത് ഇസ്‌ലാമിക ഖിലാഫത് പുനഃസ്ഥാപിക്കുവാനുള്ള ആഗോള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ തത്വചിന്താപരമായ പ്രേരക ശക്തി ഉന്നം വെക്കുന്നത് കരുത്തുറ്റ അന്തർധാരയുള്ള ഒരു ഇസ്‌ലാമിക സാർവലൗകിക ക്രമത്തിനാണ്. അവയ്ക്ക് ഒരേ സമയം പാശ്ചാത്യ ലോകത്തിന്റെ ആക്രമണങ്ങളെ ചെറുക്കാനും അതേസമയം സ്വയം അധികാര കർതൃത്വമുള്ള മുസ്‌ലിം രാഷ്ട്രീയഘടനയെ രൂപപ്പെടുത്താനും കഴിയുമെന്നുള്ളതാണ്. സയ്യിദിന്റെ വാദത്തിന്റെ ശക്തിയും ഈ സ്വയംനിർണയാധികാര ഘടനയോടും മുസ്‌ലിംകളുടെ സുരക്ഷിത ലോകത്തിനും വേണ്ടിയുള്ള പ്രതിബദ്ധത തന്നെയാണ്. പക്ഷേ അത്തരമൊരു വാദത്തിൽ പതിയിരിക്കുന്ന ദൗർബല്യവും കാണാതിരുന്നുകൂടാ. മുസ്‌ലിം ലോകത്തിന്റെ ആഭ്യന്തര വൈരുധ്യങ്ങളെയും പ്രശ്നങ്ങളെയും ഈ ഖിലാഫത് മുന്നോട്ടുവെക്കുന്ന സാമൂഹ്യഘടനയിൽ എപ്രകാരമായിരിക്കും പ്രായോഗികമായി അഡ്രസ് ചെയ്യപ്പെടുക എന്നതിനെ സംബന്ധിച്ച് വലിയ അളവിൽ ഇത് മൗനം ദീക്ഷിക്കുന്നു. അരികുകളിൽ നിന്ന് വീണ്ടും അരികുകളിലേക്ക് മാറ്റിനിർത്തപ്പെടുന്ന മത, മതരഹിത, വംശീയ, ലൈംഗിക, ദരിദ്ര ന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ വിശേഷിച്ചും.

ഇസ്‌ലാമിക വിമോചന ദൈവശാസ്ത്ര (2008) സംബന്ധിയായ സംവാദത്തിൽ ഹാമിദ്  ദബാഷി വാദിക്കുന്നത് പരിവർത്തനക്ഷമതയുള്ള തത്വശാസ്ത്ര വ്യാഖ്യാന സാധ്യതക്കാണ് ഇസ്‌ലാമിക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ ധാർമികമായി ചലിപ്പിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ്. അദ്ദേഹം അത്തരമൊരു വാദം ഉന്നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, നിയോലിബറൽ മുതലാളിത്തം എങ്ങനെയാണ് നിലവിലുള്ള ലോകവ്യവസ്ഥയുടെ സൂക്ഷ്മവും സ്ഥൂലവുമായ പ്രതലങ്ങളിൽ അരിച്ചിറങ്ങി ഇസ്‌ലാമും പാശ്ചാത്യതയും തമ്മിലുള്ള സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ വ്യത്യാസങ്ങളെ മായ്ചുകളഞ്ഞത് എന്നതിനെ മുൻനിർത്തിയാണ്. സർവ വിവേചനങ്ങളോടുമുള്ള ദബാഷിയുടെ ചെറുത്തുനിൽപ്പിന്റെ പ്രതിബദ്ധത ഒരുനിലക്ക് കൂടുതൽ ശ്ലാഘനീയവും മറ്റൊരർത്ഥത്തിൽ കടുത്ത ആഭ്യന്തര വിമർശനമെന്ന നിലക്ക് കൂടുതൽ പ്രകോപനപരവുമാണ്. കാരണം ഇസ്‌ലാം അധികാര കേന്ദ്രങ്ങളിലേക്ക് അവരോധിക്കപ്പെടുമ്പോഴൊക്കെ അതിന്റെ വിമോചന ശക്തി (Liberatory potential) നഷ്ടപ്പെടുന്നുവെന്നാണ് അലി ശരീഅത്തിയുടെ സഫാവിദ് ശീഈ അധികാര രൂപത്തെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നത്.

അദ്ദേഹത്തിന്റെ പരിവർത്തനക്ഷമമായ വ്യാഖ്യാന സാധ്യതയെക്കുറിച്ച നിരീക്ഷണം കൂടുതൽ പക്വവും വിവേക പൂർണവുമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും മുഖ്യധാരാ സാമൂഹിക പരിസരത്തു നിന്നും പുറത്താക്കപ്പെട്ട വിഭാഗങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിൽ. എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ പൊളിറ്റിക്കൽ ഓണ്ടോളജിക്കുവേണ്ടിയുള്ള ശക്തമായ ആശയരൂപീകരണത്തിൽ നിന്ന് ദബാഷിയുടെ പിന്മാറ്റവും അദ്ദേഹത്തിന്റെ അധികാരത്തോടുള്ള ശാശ്വതമായ വിപ്രതിപത്തിയും മുസ്‌ലിം സമൂഹത്തിന് ഒരു നവലോക ക്രമത്തിന് വേണ്ടിയുള്ള ഗാർഹിക പരിസരം ഒരുക്കുന്നതിൽ നിന്ന് അവരെ ദുർബലപ്പെടുത്തുന്നതായിരിക്കും. മറ്റൊരർത്ഥത്തിൽ സ്വന്തമായി ഒരു ലോകക്രമം അവകാശപ്പെടാനില്ലാതെ ‘ഭവനരഹിതരായി’ പോരാടുകയെന്നുള്ളത് അത്രമേൽ ബുദ്ധിപൂർവമായ ഒരു ധാർമിക തെരെഞ്ഞെടുപ്പായി വ്യാഖ്യാനിക്കാൻ കഴിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള വിവേചനം നേരിടുന്ന ലോകവ്യവസ്ഥയിൽ പുറന്തള്ളപ്പെട്ടവരുടെ പക്ഷത്തുനിന്ന് പ്രത്യേകിച്ചും.

ഹാമിദ് ദബാഷി

സൽമാൻ സയ്യിദിന്റെ ‘പൊളിറ്റിക്കൽ’ ആശയവും ഹാമിദ്  ദബാഷിയുടെ ‘എത്തിക്കൽ’ വീക്ഷണവും ഒരുപോലെ ഒരു അപകോളനീകൃത മുസ്‌ലിം സ്വത്വ നിർമിതിയെ സംവാദാത്മകമായ പ്രക്രിയയിലൂടെ സഹായിക്കുന്നതായി കാണാൻ കഴിയും. ഒന്ന് പരിവർത്തനക്ഷമമായ വ്യാഖ്യാനസാധ്യതകളിലൂടെയാണെങ്കിൽ മറ്റൊന്ന് ബദൽ അധീശ ഘടനയിൽ വാർത്തെടുക്കുന്ന സ്വയം നിർണയ സ്വഭാവമുള്ള രാഷ്ട്രീയധികാരത്തിലൂടെയാണെന്നു മാത്രം. മാത്രവുമല്ല ഈ സംഘർഷം ഇതര ചിന്താപദ്ധതികളിലും സഹജഗുണമായി പ്രവർത്തിക്കുന്നത് കാണാൻ കഴിയും. പാശ്ചാത്യ ലോകത്തു കാലങ്ങളോളം ചർച്ചചെയ്യപ്പെട്ട ഹെയ്ഡഗേറിയൻ ഓണ്ടോളോജിയും ലെവിനാസിയൻ എത്തിക്സും അതിന്റെ മികച്ച ഒരുദാഹരണമാണ്. അതുകൊണ്ടു ഇത് മുസ്‌ലിംകൾക്ക് മാത്രം ബാധകമായ പ്രശ്നമായി കണക്കാക്കാൻ കഴിയില്ല. അതിനാൽ ഇവ രണ്ടിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനം ഒരിക്കലും ഇവയുടെ അപനിർമിതിയും നിർമിതിയും ആവശ്യപ്പെടുന്നില്ലെന്നു മാത്രവുമല്ല ഇക്ബാലിയൻ സെൻസിലുള്ള പോസിറ്റീവ് ലോകക്രമം സൃഷ്ടിക്കാനുള്ള പുനർനിർമാണാഖ്യാനങ്ങളെ സാധൂകരിക്കുന്നുമുണ്ട്. രാഷ്ട്രീയതക്കും ധാർമികതക്കും മുൻവിധികളുടെ അടിസ്ഥാനത്തിൽ ദൈവശാസ്ത്രപരമായ വിഗ്രഹങ്ങളായി നിലകൊള്ളുക സാധ്യമല്ല. കാരണം അവ രണ്ടും മീസാനിൽ അളന്നുതൂക്കപ്പെടും. അതിനാൽ തന്നെ ഇവ രണ്ടിനെയും മുസ്‌ലിംകൾ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ദേശങ്ങൾക്കും സമയത്തിനുമനുസരിച്ചു കാലോചിതമായി വ്യാഖ്യാനിക്കുകയും പുതിയ അർഥങ്ങൾ നിർധാരണം ചെയ്തെടുക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മുസ്‌ലിംകൾക്ക് ഇവിടെ കുടിയിറക്കപ്പെട്ടവരിൽ നിന്ന് കൂടുതൽ കുടിയിറക്കപ്പെട്ടവരുമായി ചേർന്ന് ഒരു രാഷ്ട്രീയ ഗേഹവും (political home) ധാർമിക ഗേഹവും (ethical home)നിർമിക്കുവാൻ സാധിക്കും.

ഭവനരഹിതർക്കൊപ്പം ഭവനം നിർമിക്കുക എന്ന വിമോചന വ്യവഹാരം

ഈ പ്രക്രിയയിലേക്ക് ഇനിയുമേറെ കടമ്പകൾ കടക്കാനുണ്ടെന്നു പറയാതെ വയ്യ. യഥാർത്ഥത്തിൽ ഏതു തരത്തിലുള്ള ഭവനമായിരിക്കുമതെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗസ്സയിലെ ഒരു ബംഗ്ലാവോ അതോ മുൻ ഉറുഗ്വെൻ പ്രസിഡന്റ് യോസെ മുജിക്കോയുടെ ലാളിത്യം നിറഞ്ഞ വാസസ്ഥലം പോലെയോ അത്? അതല്ല ഗൾഫ് മെട്രോപോളിസുകളിലെ കറുപ്പും തവിട്ടും നിറമുള്ള കുടിയേറ്റ തൊഴിലാളികളുടെ ലേബർ ക്യാമ്പ് പോലെയോ അതോ മുതലാളിത്ത ഖലീഫമാരുടെ എണ്ണപ്പണം നിറഞ്ഞ മരീചിക പോലെയോ? ചോദ്യങ്ങളും സംശയങ്ങളും അവസാനിക്കുന്നില്ല. ഇനി ഈ ഭവനരഹിതരത്രയും തങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നവരിൽ നിന്ന് (privileged category) ശാശ്വതമായി വ്യത്യാസം പുലർത്തുന്ന സ്ഥിരവിഭാഗം (fixed category) മാത്രമായി അവശേഷിക്കുമോ? മറ്റൊരുഭാഷയിൽ, തങ്ങൾക്കുള്ളിലെ വിടവുകളെയും പിളർപ്പുകളെയും ബോധപൂർവം നികത്തി പരസ്പര സഹകരണത്തോടും (തദാമുൻ) സാമൂഹിക ഐക്യത്തോടും (തകാഫുൽ) കൂടി ഉമ്മത്തിന്റെയുള്ളിൽ നിന്ന് ഭവനരഹിതരായവരും അല്ലാത്തവരും കൈകോർത്തു പ്രവർത്തിക്കുമോ?

വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായ ഇറാനിയൻ ചിന്തകൻ അലി ശരീഅത്തിയുടെ അഭിപ്രായത്തിൽ, ഖുർആൻ മനുഷ്യ പ്രകൃതത്തിന്റെ ‘ആത്മാവ്’ ‘കളിമണ്ണ്’ എന്നീ രണ്ടു അവസ്ഥകളെ പരിചയപ്പെടുത്തിയതായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവ രണ്ടിന്റെയും സമന്വയ സ്വഭാവത്തിലൂടെ മാത്രമേ സൃഷ്ടാവ് സൃഷ്ടികളിൽ ആഗ്രഹിച്ച തൗഹീദിലേക്കുള്ള (ഏകദൈവത്തിലേക്ക്) ആയിത്തീരൽ (process of becoming) സാധ്യമാവുകയുള്ളൂ. എന്നിരുന്നാലും മനുഷ്യനെന്ന നിലക്ക് ‘കളിമണ്ണിന്റെ’ എല്ലാ വൃത്തികേടുകളെയും പ്രായോഗികമായി അഭിമുഖീകരിച്ചേ  മതിയാകൂ.

ഈ വിഷയത്തിൽ ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തിന്റെ വ്യവഹാരരീതികളും ബോധനശാസ്ത്രശൈലികളും സൈദ്ധാന്തികമായും പ്രായോഗികമായും കൂടുതൽ സഹായകമായിത്തീരുന്നുണ്ട്. സമകാലിക നവ പാരമ്പര്യ വാദികളുടെയും നവ ഉത്തരാധുനികരുടെയും മുഖ്യധാരാ ഇസ്‌ലാമിസ്റ്റുകളുടെയും സമീപനങ്ങളോട് വ്യത്യാസപ്പെടുന്ന രണ്ടു ആശയങ്ങൾ ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം മുന്നോട്ടുവെക്കുന്നുണ്ട്. അതിലൊന്ന്, ഭൂമിയിലെ അടിച്ചമർത്തപ്പെട്ടവരോടുള്ള (മുസ്തദഅഫൂന ഫിൽ അർദ്) പ്രമാണങ്ങളുടെയും (text) സാഹചര്യങ്ങളുടെയും (context) സമീപനത്തിൽ പ്രമാണ ശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. രണ്ടാമതായി, ഒരർത്ഥത്തിൽ ഫിനമിനോളജിക്കൽ ജ്ഞാന ശാസ്ത്ര ഘടനയിൽ സൂഫീ തത്വചിന്തകന്മാർ മുന്നോട്ടുവെച്ച ദിവ്യരസാനുഭവും (dhawq) ദിവ്യ സാക്ഷാത്കാരവും (idrak), മറ്റൊരർത്ഥത്തിൽ സൗത്താഫ്രിക്കൻ മുസ്‌ലിം വിമോചന ദൈവശാസ്ത്രകാരനായ ഫരീദ് ഇസാഖ് മുന്നോട്ടു വെക്കുന്ന റാഡിക്കൽ ബോധന രീതിശാസ്ത്രവും തിയോളജിയും സമന്വയിപ്പിച്ചു വികസിപ്പെച്ചെടുത്ത ‘ജിഹാദ്’ എന്ന ആശയവും പ്രതിനിധാനം ചെയ്യുന്ന വ്യവഹാര രൂപങ്ങളുമാണ്.

വിശിഷ്യാ, ആന്തരിക വിമർശനത്തിന്റെ തലത്തിൽ ‘ഭവനനിർമിതി’ എന്ന വ്യവഹാരം കൂടുതൽ പ്രശ്നസങ്കീർണവും ഭിന്ന ജാതീയവുമായൊരു പ്രക്രിയ തന്നെയാണ്. പ്രകൃതിഹത്യ, ജീവിവർഗങ്ങളുടെ മേലുള്ള ആധിപത്യ സ്വഭാവം, ലൈംഗികത, ലിംഗവിവേചനം, വംശീയത, മതന്യൂനപക്ഷങ്ങൾ, അവാന്തര വിഭാഗങ്ങൾ, പാരമ്പര്യ രീതിശാസ്ത്രങ്ങൾ, മുതലായ എല്ലാ ‘അശ്ലീല’ങ്ങളെയും ഒരു പരിധി വരെ സ്വീകരിച്ചും ആലിംഗനം ചെയ്തു കൊണ്ടും മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. ഈ ദീനീ വിരുദ്ധതയെയും അശ്ലീലങ്ങളെയും ആലിംഗനം ചെയ്യുക എന്ന് പറഞ്ഞാൽ ഇസ്‌ലാമിന്റെ പാരമ്പര്യങ്ങളെയോ വിശ്വാസ കീഴ്വഴക്കങ്ങളെയോ നിഷേധിക്കുക എന്നല്ല അർത്ഥമാക്കുന്നത്. കാലത്തിനും ദേശത്തിനുമനുസരിച്ചു യഥോചിതം ചരിത്രപരമായി നിർമ്മിക്കപ്പെട്ട ഒരു പാരമ്പര്യ വ്യവഹാരത്തെ വിശേഷിച്ചും.

മനസ്സിലേക്ക് വരുന്ന അറബി ഭാഷയിലെ പ്രസിദ്ധമായൊരു ആപ്തവാക്യം ലികുല്ലി മഖാം മഖാൽ’ എന്നതാണ്. എല്ലാ വ്യവസ്ഥയും കാലോചിതമായ പ്രതികരണം ആവശ്യപ്പെടുന്നുണ്ട് എന്നാണതിന്റെ ഉദ്ദേശ്യം. പ്രമാണങ്ങളുടെയും സന്ദർഭങ്ങളുടെയും ബഹുസ്വരമായ ആഖ്യാനങ്ങളെ കുറിക്കുന്ന ധാരാളം ‘ഉസൂലി’ പഴമൊഴികൾ ഇത്തരത്തിൽ വേറെയുമുണ്ടെന്നു സാന്ദർഭികമായി സൂചിപ്പിക്കുന്നു.

ഹൂറിയ ബൂത്തെൽജ

ഭവന രഹിതർക്കൊപ്പമുള്ള ഭവന നിർമിതിയുടെ തത്വവും രീതിശാസ്ത്രങ്ങളും വികസിപ്പിച്ചെടുക്കേണ്ട പ്രക്രിയ സംഭവിക്കേണ്ടത് കൂടുതൽ കാരുണ്യപൂർവ്വവും വിപ്ലവാത്മകവും നൈതികവുമായ ഒരു ദുനിയാവിലെ ‘കളിമണ്ണിനെ’ രൂപപ്പെടുത്തിയെടുക്കുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ മുൻഗണനകളുടെയും ധാർമിക തത്വസംഹിതകളുടെയും വ്യവഹാരങ്ങളിലൂടെയായിരിക്കണം. നമ്മുടെ കാലത്ത് ഇത്തരത്തിലുള്ള ഒരു തത്വവും അതിന്റെ പ്രായോഗികതയും എപ്രകാരമായിരിക്കുമെന്നതിന്റെ ഉദാഹരണം ഡികോളോണിയൽ മുസ്‌ലിം ആക്ടിവിസ്റ്റായ ഹൂറിയ ബൂത്തെൽജ ചൂണ്ടിക്കാട്ടുന്നത്, മുസ്‌ലിം ഉമ്മത്തിന്റെ സാമൂഹ്യ സമരങ്ങളിലെ ബാഹ്യവും ആന്തരികവുമായ പ്രശ്നങ്ങളെ നേരിടേണ്ടത് കാലോചിതമായി രൂപപ്പെടുത്തിയെടുത്ത പ്രായോഗിക അനുഭവ ജ്ഞാനങ്ങളിലൂടെയായിരിക്കണം എന്നാണ്.

ഇസ്‌ലാമോഫോബിക് ഫ്രാൻസിലെ കറുത്തവളായ ഒരു മുസ്‌ലിം സ്ത്രീ നടത്തുന്ന ത്രിമാന സ്വഭാവമുള്ള സാമൂഹിക സമരത്തെ മുൻനിർത്തി ബൂത്തെൽജ മതപരമായും തത്വശാസ്ത്രപരമായും അവളുടെ വർഗ്ഗവും(class) വർണവും(race) ലിംഗവും(gender) സൃഷ്ടിക്കുന്ന അസ്തിത്വപരമായ സങ്കീർണതയെ വരച്ചു കാണിക്കുന്നു. തുടർന്ന്, ഈ പ്രക്രിയയിൽ ഉമ്മത്തിലെ ഭൂരിഭാഗവും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത പല വിഷയങ്ങളിലും തത്വത്തിൽ തന്നെ കൂടുതൽ വിശാലത (openness) കാണിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മുസ്‌ലിമേതര മർദ്ദക ശക്തികളുമായിട്ടുള്ള സംഘട്ടനത്തിലേർപ്പെടുമ്പോഴും ഉമ്മത്തിന്റെ ആഭ്യന്തരമായ വിഴുപ്പലക്കലുകളെ കൈകാര്യം ചെയ്യുമ്പോഴും സമുദായത്തിലെ   ഭൂരിപക്ഷത്തിന്റെ സുരക്ഷയും ശാക്തീകരണവും തന്നെയായിരിക്കണം ഉന്നമെന്നുമാണ് ബൂത്തെൽജയുടെ രീതിശാസ്ത്രം വ്യക്തമാക്കുന്നത്. ഇതൊരിക്കലും സ്നേഹത്തിലും വിപ്ലവത്തിലും ബഹുസ്വരതയിലുമധിഷ്ഠിതമായ ഇസ്‌ലാം കേന്ദ്രികൃത സാർവലൗകിക മുസ്‌ലിം ലോകത്തെ നിരസിക്കുകയോ അമൂർത്തവൽക്കരിക്കുകയോ ചെയ്യുന്നില്ല.

എല്ലാ ബഹുസ്വരതകൾക്കും ഈ ഏകത്വത്തിൽ നിലനിൽക്കാൻ കഴിയുമെന്നുള്ളതാണ് യാഥാർഥ്യം. ഈ സന്ദേശം മുഖ്യധാരാ സമൂഹങ്ങളുമായുള്ള വിമർശനാത്മകമായ സംവാദങ്ങളിലൂടെയും സാമൂഹ്യ സമരങ്ങളിലൂടെയും അടിസ്ഥാനജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള സക്രിയമായ ഇടപെടലുകളിൽ നിന്നുമാണ് രൂപപ്പെടേണ്ടത്. അല്ലാതെ ഉപരിവർഗ്ഗത്തെ കുറിച്ചുള്ള അമൂർത്തവും വിഘടിതവുമായ ലിബറൽ സൈദ്ധാന്തിക സംവാദങ്ങളിൽ നിന്നല്ല.

ഉപസംഹാരം

ആഗോള കൊളോണിയാലിറ്റിയോട് സംഘർഷത്തിലേർപ്പെട്ടുകൊണ്ടാണ് ‘മുസ്‌ലിം ലോകം’ അതിന്റെ വേര് ഉറപ്പിക്കേണ്ടത്. അപ്പോഴും ഐദിനും മറ്റുള്ളവരും പറഞ്ഞു വെച്ചപോലെ, അടിച്ചമർത്തപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും മാതൃകാപരമായ സമരോർജ്ജങ്ങളിൽ നിന്നുമാണ്, എങ്ങനെയാണ് ആ ലോകത്തിന്റെ വിത്തു നാമ്പെടുത്ത് കിളിർത്തു പുഷ്പിച്ചു ആരാമതുല്യമായി മാറേണ്ടതെന്ന സംവാദം സജീവമായി നിലനിൽക്കേണ്ടത്. അതുകൊണ്ട് ‘മുസ്‌ലിം ലോകം’ എന്നുള്ളത് നമ്മുടെ കാലത്തു ചർച്ച ചെയ്യാൻ വേണ്ടി മാത്രമുള്ള ഒരു ഓപ്ഷൻ അല്ല, മറിച് കാലം ആ ‘ഭവനം’ ആവശ്യപ്പെടുന്നു എന്നുള്ളതാണ് യാഥാർഥ്യം.

ഭവനരഹിതരായ, കുടിയിറക്കപ്പെട്ട മുസ്‌ലിംകൾക്ക് നിലവിലുള്ള ഈ ഭവനം പാശ്ചാത്യ മേധാവിത്വത്തിന്റെ എല്ലാ ആന്തരിക വൈരുദ്ധ്യങ്ങൾ കൊണ്ടും കൂടുതൽ പീഡനങ്ങൾ സമ്മാനിക്കുമെന്ന് മാത്രമല്ല, നാമമാത്ര മുസ്‌ലിംകളോ അല്ലാത്തവരോ ആയ തങ്ങളുടെ സഹജീവികളുമായി ഒരു തരത്തിലുമുള്ള ഐക്യപ്പെടലുകളും സാധ്യമല്ലാത്ത രീതിയിൽ ദുരിതമനുഭവിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

 


Notes

1) punitive demolition (collective punishment എന്നർത്ഥത്തിൽ) administrative demolition, land clearing operation/military demolition തുടങ്ങി പലരൂപത്തിൽ ഫലസ്തീനിയൻ ജനതയുടെ ഒരുമിച്ചു കൂടാനുള്ള അവസരങ്ങളെ ക്രൂരമായി ഒതുക്കിയും ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് (disconnected enclaves) ആട്ടിയോടിച്ചും തീർത്തും വാസയോഗ്യമായ ഒരു ഫലസ്തീൻ ദേശ രാഷ്ട്രത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അഭംഗുരം തുടരുകയാണ്. ഫലസ്തീൻ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുക എന്നതുതന്നെയാണ് ‘വീട് തകർക്കൽ’ പ്രക്രിയയുടെ പ്രധാന ഉദ്ദേശ്യം. ഈയൊരു ആവാസവ്യവസ്ഥയെ തകർക്കുന്നതുമൂലമുള്ള സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മനഃശാസ്ത്രപരവുമായിട്ടുള്ള പ്രത്യാഘാതങ്ങൾ റിപ്പോർട്ട് സവിസ്തരം പഠനവിധേയമാക്കുന്നുമുണ്ട്.

2) ആഫ്രിക്കൻ സത്താവാദം (African Essentialism) മൗലികമായിത്തന്നെ പുതിയ ദിശ തേടുന്ന 30-40-50 ദശാബ്ദങ്ങളിലായിരുന്നു ഈ വ്യവഹാരങ്ങളുടെ അരങ്ങേറ്റം.

 

വിവർത്തനം: മുഹ്സിൻ സി എ

Courtesy: Maydan

ഇസ്കന്ദർ അബ്ബാസി

ജോഹന്നാസ്ബർഗ് യൂണിവേഴ്സിറ്റിയിൽ പലസ്തീൻ - അമേരിക്കൻ ഗവേഷകനാണ് ലേഖകൻ.