Campus Alive

ഇന്നരിതുവിന്റെ സിനിമാലോകം

ഇന്നരിതുവിന്റെ ഓരോ സിനിമയും ഓരോ പരീക്ഷണമാണ്. ഒരു പരീക്ഷണ സിനിമാക്കാരന്‍ (Experimental Film maker) എന്ന നിലക്ക് തന്നെയായിരിക്കാം അദ്ദേഹം അടയാളപ്പെടുത്തപ്പെടുക എന്നുതോന്നുന്നു. കാരണം ഏതെങ്കിലും ഒരു നിശ്ചിത പ്ലോട്ടിനെ മുന്‍നിര്‍ത്തി വികസിക്കുന്ന ഒന്നായി ഇന്നരിതു സിനിമകള്‍ അനുഭവപ്പെട്ടിട്ടില്ല. സിനിമയുടെ സഞ്ചാരത്തോടൊപ്പം പ്ലോട്ട് വികസിക്കുകയാണ് ചെയ്യുന്നത്. 2003 ല്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ 21 Grams എന്ന സിനിമയാണ് ആഖ്യാന സ്വഭാവം കൊണ്ട് മികച്ചു നില്‍ക്കുന്നതായി തോന്നുന്നത്. ഒരു പ്രത്യേക തരത്തിലാണ് ആ സിനിമയില്‍ സമയത്തെയും കാലത്തെയുമെല്ലാം ട്രീറ്റ് ചെയ്തിരിക്കുന്നത്. നോണ്‍ലീനിയര്‍ എന്ന് അതിനെ വിശേഷിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഷാനറിന്റെ സിങ്കുലാരിറ്റിയെ മനസ്സിലാക്കാന്‍ കഴിയാതെ പോകും. കാരണം നോണ്‍ലീനിയറായിട്ടല്ല അതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. ഒരു ഇവന്റിലൂടെ ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ രേഖീയമായ ലോജിക്കിനെയെല്ലാം തകിടം മറിച്ചുകൊണ്ട് പരസ്പരം ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ലൗകികതയുടെ (സാനിറ്റിയുടെ) സമയബോധത്തിലിരുന്ന് കൊണ്ട് ഒരിക്കലും ആ സിനിമ കാണാന്‍ കഴിയില്ല. കാരണം നമ്മുടെ ലോജിക്ക് കൊണ്ട് ഒരിക്കലും പിടിക്കാന്‍ കഴിയാത്ത വിധമാണ് സിനിമ വികസിക്കുന്നത്. ഇന്നരിതുവിന്റെ മിക്ക സിനിമകളും നിലനില്‍ക്കുന്നത് ലോജിക്കിന് പുറത്താണ്. അവയെ നമുക്ക് പരിചിതമായ ഷാനറുകളിലേക്ക് (നോണ്‍-ലീനിയര്‍, മാജിക്കല്‍ റിയലിസം തുടങ്ങിയവ) പരിമിതപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഇന്നരിതുവോടൊപ്പം ഒരുപക്ഷെ നമുക്കും യാത്ര ചെയ്യാന്‍ സാധിച്ചേക്കാം. The Reverent, Birdman, Babel, Amores Perrs, 21 Grams, Biutiful എന്നീ സിനിമകളാണ് ഇന്നരിതുവിന്റെ സമ്പാദ്യം. തന്റെ സിനിമാ സമീപനങ്ങളെക്കുറിച്ചും ബേര്‍ഡ്മാനെക്കുറിച്ചും സിനിമാ വിമര്‍ശനത്തെക്കുറിച്ചുമൊക്കെയാണ് ഇന്നരിതു ഇവിടെ സംസാരിക്കുന്നത്.

 

ആര്‍ട്ടിസ്റ്റുകളുടെ പ്രതിസന്ധികളെക്കുറിച്ചാണ് നിങ്ങള്‍ ചെയ്ത അവസാനത്തെ സിനിമ (Birdman) സംസാരിക്കുന്നത്. സിനിമയിലെ ബേര്‍ഡ്മാന്റെ ശബ്ദം മൈക്കല്‍ കീറ്റന്റെ ക്യാരക്റ്ററിന്റെ സങ്കീര്‍ണ്ണതകളെയാണ് ആവിഷ്‌കരിക്കുന്നത്. നിങ്ങളില്‍ അങ്ങനെയൊരു ബേര്‍ഡ്മാന്‍ ഉണ്ടോ?

തീര്‍ച്ചയായും. ബേര്‍ഡ്മാനെന്നല്ല, ഒരു കഴുകന്‍ എന്നൊക്കെ പറയാം. ഞാന്‍ മനസ്സിലാക്കുന്നത് ഒരു സര്‍ഗാത്മക പ്രക്രിയയില്‍ എല്ലാ മനുഷ്യരും സംശയങ്ങളെയും വൈരുദ്ധ്യങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. ക്രിയേറ്റിവിറ്റിയുടെ ഭാഗം തന്നെയാണത്. അപ്പോഴാണ് ക്രിയേറ്റിവിറ്റി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്. ഞാന്‍ പറയുന്നത് സര്‍ഗാത്മകത വൈരുദ്ധ്യത്തില്‍ തന്നെയാണ് നിലനില്‍ക്കേണ്ടത് എന്നാണ്. അതിനങ്ങനെ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഗൊദാര്‍ദിന്റെ contempt എന്ന സിനിമയുമായി ബേര്‍ഡ്മാന് ചില സാമ്യതകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. രണ്ടിലും ഒരു ആര്‍ട്ട് വര്‍ക്കിന്റെ പ്രക്രിയയില്‍ പലതരത്തില്‍ നടക്കുന്ന കളക്ടീവായ ഇടപെടലുകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വളരെ സ്വതന്ത്രമായി ഒരു എത്തിക്കല്‍ പൊസിഷനില്‍ നിന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനം അസാധ്യമാക്കുന്ന ഇടപെടലുകളാണവ. ഒരു കലാകാരന്റെ സ്വാതന്ത്ര്യം എന്നതല്ല രണ്ട് സിനിമകളിലെയും ചോദ്യം. മറിച്ച് എത്തിക്കലായ ഒരു സബ്ജക്ട് എന്ന നിലക്ക് ഒരു ആര്‍ട്ടിസ്റ്റിന് നിലനില്‍പ്പുണ്ടോ എന്ന അന്വേഷണമാണ്.

അതെ. ബേര്‍ഡ്മാന്‍ അതേക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. ഈ ചോദ്യം ആര്‍ട്ടിസ്റ്റുകള്‍ നിരന്തരമായ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. നിങ്ങള്‍ക്കറിയാവുന്നത് പോലെ സിനിമാവ്യവസായം എന്നത് കാപ്പിറ്റലിനെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കുന്ന ഒന്നാണ്. ഞാന്‍ മനസ്സിലാക്കുന്നത് സിനിമയുടെ ദുരന്തമാണത് എന്നാണ്. വളരെ സ്വതന്ത്രമായ ഒരു സൗന്ദര്യശാസ്ത്ര സമീപനത്തെ അത് തടയുന്നുണ്ട്. ഞാനതില്‍ നിന്നും കുതറിമാറാന്‍ തന്നെയാണ് ശ്രമിക്കുന്നത്. അതുകൊണ്ടായിരിക്കാം എന്റേതായ ഒരു ഷാനര്‍ എല്ലാ സിനിമകളിലും വികസിപ്പിക്കാന്‍ കഴിയുന്നത് എന്നാണെനിക്ക് തോന്നുന്നത്.

സിനിമയില്‍ ക്രിട്ടിക്കായി അഭിനയിച്ച Lindsay Duncan ന്റെ ക്യാരക്റ്ററിനെക്കുറിച്ച് ചോദിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സിനിമയെത്തന്നെ നിയന്ത്രിക്കുന്ന അധികാരമായി അവര്‍ മാറുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം അവര്‍ കീറ്റണിന്റെ ക്യാരക്റ്റര്‍ തന്റെ ജീവിതത്തിലുനീളം ഭയപ്പെട്ടതിന്റെ പ്രതിനിധിയാണ്. തിയേറ്ററിനെ പ്രോപ്പഗണ്ടയും സാമ്പത്തിക താല്‍പ്പര്യങ്ങളും നശിപ്പിക്കുന്നുണ്ട് എന്നാണ് അവരുടെ വിമര്‍ശം. അവരെന്തിനെയാണോ വെറുക്കുന്നത് അതിന്റെയെല്ലാം പ്രതിനിധിയാണ് കീറ്റണ്‍. ഒരു ആര്‍ട്ടിസ്റ്റും ക്രിട്ടിക്കും തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കാരണം, നമ്മള്‍ ഒരു ആര്‍ട്ട് വര്‍ക്ക്, അല്ലെങ്കില്‍ ഒരു സിനിമ എന്നു പറയുമ്പോള്‍ അതില്‍ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ക്രിട്ടിക്കും അതിന്റെ ഭാഗം തന്നെയാണ്. കീറ്റണെ സംബന്ധിച്ചിടത്തോളം താന്‍ ജീവിതത്തില്‍ ഭയപ്പെടുന്നതിന്റെ ആകെത്തുകയാണ് ആ സിനിമാ വിമര്‍ശക. രണ്ടുപേരുടെയും കണ്‍സേണ്‍ സ്വതന്ത്രമായ എത്തിക്കല്‍ അന്വേഷണങ്ങളാണ്.

എന്തായിരിക്കും ഈ കാലത്ത് ഒരു സിനിമാ വിമര്‍ശകന്റെ നിര്‍വ്വഹണം?

വ്യക്തിപരമായി എനിക്ക് സിനിമാ വിമര്‍ശകരോട് അനുകമ്പയാണ് തോന്നുന്നത്. കാരണം ഒരു കൊല്ലത്തില്‍ ഞാനൊരു 700 സിനിമകള്‍ കാണുകയാണെങ്കില്‍ അതില്‍ 95 ശതമാനവും ശരിക്കും ബോറന്‍ സിനിമകളായിരിക്കും എന്നെനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് സിനിമകള്‍ കാണുന്നവരോട് എനിക്ക് സഹതാപമാണ്. ഞാന്‍ എനിക്ക് താല്‍പര്യം തോന്നുന്ന സിനിമകള്‍ മാത്രമേ കാണാറുള്ളു. ചില ഫെസ്റ്റിവെലുകളിലൊക്കെ ഞാന്‍ ജൂറിയായി ഇരുന്നിട്ടുണ്ട്. അതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നവയില്‍ ഇരുപത് സിനിമകളില്‍ പതിനാറെണ്ണവും സഹിക്കാന്‍ പറ്റാത്തവയായിരിക്കും. നാല് നല്ല സിനിമകള്‍ കാണാന്‍ വേണ്ടി പതിനാറ് ബോറത്തരങ്ങള്‍ സഹിക്കേണ്ട അവസ്ഥ. അതുകൊണ്ടാണ് എനിക്ക് ക്രിട്ടിക്കുകളോട് അനുകമ്പ തോ്ന്നുന്നത്. കാരണം അവര്‍ക്ക് വര്‍ഷം തോറും 700ാളം സിനിമകള്‍ കാണേണ്ടതുണ്ട്. എനിക്കവരോട് ബഹുമാനവും ആദരവുമൊക്കെയാണ് തോന്നുന്നത്.

ഒരു സിനിമയെ വിമര്‍ശിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വേറൊരു സിനിമയെടുക്കുക എന്നതാണെന്ന് ഗൊദാര്‍ദ് പറഞ്ഞിട്ടുണ്ട്. ബേര്‍ഡ്മാന്‍ നിങ്ങളുടെ ഒരു സാമൂഹ്യവിമര്‍ശമാണോ?

ബേര്‍ഡ്മാനിലെ എല്ലാ തീമുകളും എന്നെ സംബന്ധിച്ചിടത്തോളം വളരെ സബ്ജക്ടീവാണ്. വളരെ ആകാംക്ഷയോടെയുള്ള നോട്ടമാണ് എനിക്കവയോടുള്ളത്. ദൂരെ നിന്ന് ഞാനതിനെ ബൗദ്ധികമായി നോക്കിക്കാണുകയല്ല ചെയ്യുന്നത്. ഞാനതിന്റെ ഭാഗമാണ്. അഥവാ, എന്റെ കഥകളില്‍ ഞാന്‍ ഒരു ആഖ്യാതാവായി പുറത്തുനില്‍ക്കുകയല്ല ചെയ്യുന്നത്. ഞാനും അതിലെ ഒരു കഥാപാത്രമായി തന്നെയാണ് നിലനില്‍ക്കുന്നത്. പലപ്പോഴും എനിക്ക് പലതരത്തിലുള്ള വീക്ഷണങ്ങളോടും അനുകമ്പ തോന്നാറുണ്ട്. എനിക്കങ്ങനെ സ്വന്തമായി വീക്ഷണമൊന്നുമില്ല. എന്താണ് ശരി, എന്താണ് തെറ്റ് എന്നൊന്നും ഞാന്‍ നിര്‍വ്വചിക്കാറില്ല. എനിക്കറിയാത്തത് കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ എന്റെ സിനിമകള്‍ ഒന്നിനെയും പ്രാഗ്മാറ്റിക്ക് ആയി നിര്‍വ്വചിക്കാന്‍ ശ്രമിക്കാറില്ല.

സിനിമയിലെ മ്യൂസിക്കല്‍ എലമെന്റിനെക്കുറിച്ച്?

അക്കാദമിയിലെ മ്യൂസിക് കമ്മറ്റി സിനിമയിലെ സ്‌കോര്‍ തള്ളിക്കളയുകയായിരുന്നു. കാരണം സിനിമയിലെ വൈകാരിക രംഗങ്ങള്‍ക്ക് പശ്ചാത്തലമായി ഡ്രമ്മിന്റെ സംഗീതം നല്‍കിയതായിരുന്നു പ്രശ്‌നം. അവരെ സംബന്ധിച്ചിടത്തോളം ഡ്രംസിന് വൈകാരികതയെ ആവിഷ്‌കരിക്കാന്‍ കഴിയില്ല. മ്യൂസിക്കിനെക്കുറിച്ച വളരെ കണ്‍വെന്‍ഷണലായ വീക്ഷണമാണിത്. ആവിഷ്‌കാരങ്ങള്‍ പല തരത്തില്‍ വികസിക്കപ്പെടുന്നതിനെ മനസ്സിലാക്കാന്‍ അതിന് കഴിയില്ല. ഞാന്‍ ശ്രമിച്ചത് എന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വൈകാരികതയെ ആവിഷ്‌കരിക്കാന്‍ പുതിയൊരു ഗ്രാമര്‍ നല്‍കാനാണ്.

സിനിമയുടെ സബ്ജക്ടിനെക്കുറിച്ച്?

എന്റെ സിനിമകളുടെ സബ്ജക്റ്റുകള്‍ക്ക് ഞാനൊരിക്കലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സമീപനങ്ങള്‍ക്കാണ് മാറ്റം വരുത്തിയത്. വളരെ സങ്കീര്‍ണ്ണമായ വിഷയങ്ങളെയും ലളിതമായി ആഖ്യാനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ സിനിമ എടുക്കുക എന്ന പ്രോസസ്സിനെ ഞാനൊരിക്കലും സീരിയസ്സായി സമീപിക്കുന്നില്ല. അതിനര്‍ഥം സിനിമാപ്രവര്‍ത്തനത്തിലടങ്ങിയ സങ്കീര്‍ണ്ണതകളെ വിലകുറച്ചു കാണുക എന്നതല്ല. മറിച്ച്, ട്രാജഡി എന്ന അര്‍ഥത്തില്‍ മാത്രം ജീവിതത്തെ സമീപിക്കാന്‍ എനിക്ക് താല്‍പര്യമില്ല എന്നതാണ്. ട്രാജഡി, കോമഡി എന്നിങ്ങനെയൊക്കെയുള്ള ഷാനറുകള്‍ക്കപ്പുറം അതിലെല്ലാമടങ്ങിയ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് കുറച്ചുകൂടി സത്യസന്ധമായ സമീപനം എന്നാണ് എനിക്ക് തോന്നുന്നത്.

വളരെ പരിമിതമായ സിനിമാഭൂപടത്തിന് പുറത്ത് പുതിയ ഷാനറുകള്‍ കണ്ടെത്തുന്ന സംവിധായകരുമായി സംവാദം സാധ്യമാക്കണമെന്നാണ് കാമ്പസ് അലൈവ് ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ആദ്യപടിയാണിത്. പ്രതികരണങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.

തയ്യാറാക്കിയത്: മുഹമ്മദ് അമീന്‍

ഇന്നരിതു