Campus Alive

ദേശം രോഹിതിന്റെ രാഷ്ട്രീയവുമായി യുദ്ധത്തിലാണ്

തങ്ങള്‍ പോരാടി നേടിയെടുക്കേണ്ട അമൂല്യമായ സ്വത്താണ് വിദ്യാഭ്യാസമെന്ന് പിന്നാക്ക വിഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഭൗതികമായ നേട്ടങ്ങള്‍ നമ്മളൊരുപക്ഷേ കൈവരിച്ചേക്കാം. എന്നാല്‍ ഉന്നതവിദ്യാഭ്യാസം കൈവരിക്കാതെ നമുക്കൊരിക്കലും മുമ്പോട്ട് പോകാനാകില്ല: ബി ആര്‍ അംബേദ്കര്‍

2016 ജനുവരി 17ാം തീയ്യതിയാണ് രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ മേല്‍ജാതി ഹിന്ദു രാഷ്ട്രീയം ഭീഷണിയായി കാണുന്നു എന്നത് രസകരം തന്നെയാണ്. രോഹിത്തിന്റെ പാണ്ഡിത്യം തീര്‍ച്ചയായും എ.എസ്.എ യെ സ്വാധീനിച്ചിട്ടുണ്ട്. ദലിത് വിദ്യാര്‍ത്ഥികളുടെ വിമോചനത്തിനായി രൂപീകരിക്കപ്പെട്ടതാണെങ്കിലും ക്രമേണ അത് ദലിത്-മുസ്‌ലിം-ആദിവാസി-നോര്‍ത്ത് ഈസ്റ്റ് വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മൂവ്‌മെന്റായി വളരുകയായിരുന്നു. കാമ്പസില്‍ നിലനിന്നിരുന്ന അധീശമായ ബ്രാഹ്മണിക വ്യവഹാരത്തെ വെല്ലുവിളിക്കാന്‍ അത്‌വഴി എ.എസ്.എക്ക് സാധിച്ചു. എ.എസ്.എയുടെ പ്രത്യയശാസ്ത്ര എതിരാളികളായ എ.ബി.വി.പി പുറത്ത് നിന്നുള്ള ബി.ജെ.പി യുടെ പിന്തുണയോട് കൂടിയാണ് ഇപ്പോള്‍ ഈ മൂവ്‌മെന്റിനെ നേരിടുന്നത്.

രോഹ്ത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ നിര്‍വീര്യമാക്കാന്‍ നിരവധി ആഖ്യാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. രോഹിതിന്റെ ജാതി സ്വത്വത്തെ ചോദ്യം ചെയ്തും സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചും മേല്‍ജാതി ഹിന്ദു രാഷ്ട്രീയം കീഴാള മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുകയുണ്ടായി. മോഡി ഭരണകൂടമാകട്ടെ, രാജ്യദ്രോഹമുള്‍പ്പെടെയുള്ള കേസുകളാണ് സമരക്കാരുടെ മേല്‍ ചാര്‍ജ് ചെയ്തത്. സ്മ്യതി ഇറാനി തന്റെ മന്ത്രാലയത്തിന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്. അതിനിടയില്‍ അപ്പാറാവുവിനെക്കുറിച്ച സംസാരങ്ങളെല്ലാം മുങ്ങിപ്പോവുകയാണുണ്ടായത്. ഒരുപക്ഷെ, രോഹിത്തുയര്‍ത്തിയ കൊടുങ്കാറ്റ് ശമിക്കുന്നത് വരെ ഒളിവില്‍ പോകാന്‍ അയാളുടെ രാഷ്ട്രീയ ഉപദേശകര്‍ നിര്‍ദേശിച്ചതാകാം. എന്നാല്‍ മാര്‍ച്ച് 22 ന് വീണ്ടും അയാള്‍ വിസിയായി അവരോധിക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ തിരിച്ച് വരവ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

‘അപ്പാറാവു അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍’ എന്ന തലക്കെട്ടില്‍ ഒരു ലിസ്റ്റ് പുറത്തിറങ്ങുകയുണ്ടായി. ആരാണത് തയ്യാറാക്കിയത്? അതാകട്ടെ, ഔപചാരികമായ കുറിപ്പൊന്നുമല്ല. അപ്പോള്‍പ്പിന്നെ ആരാണതിന് പിന്നില്‍? അപ്പാറാവുവിന്റെ തിരിച്ച് വരവിന് ശേഷം പ്രക്ഷോഭം ആളിക്കത്തിയപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ സഹായത്തിനായി വിളിച്ചത് ആര്‍.എ.എഫിനെയായിരുന്നു. വിദ്യാര്‍ത്ഥികളെ ‘ജനാധിപത്യരീതിയില്‍’ സമരം ചെയ്യാന്‍ പഠിപ്പിക്കണം എന്നായിരുന്നു അപ്പാറാവു ആര്‍.എ.എഫിനോട് ആവശ്യപ്പെട്ടത്. രോഹിത്തിനെപ്പോലെയുള്ള വിദ്യാര്‍ത്ഥികളോട് ‘ജനാധിപത്യപരമായി’ പെരുമാറി നല്ല ശീലമുള്ള ആളാണല്ലോ അദ്ദേഹം.! എ.എസ്.എയുടെ കീഴില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാരോപിച്ച് കൊണ്ട് കഴിഞ്ഞ ജൂലൈ മുതല്‍ സ്‌കോളര്‍ഷിപ്പ് തുകയായ 25000 രൂപ രോഹിതിന് യൂണിവേഴ്‌സിറ്റി അധികൃതര്‍ തടഞ്ഞ് വെച്ചിരുന്നു.

 

രോഹിതിന്റെ കൊലപാതകത്തിലേക്കും അതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും വിദ്യാര്‍ഥികളുടെ കൂടെ നില്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ട വിസി പാരാമിലിട്ടറി ഫോര്‍സിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പട്ടിണിക്കിട്ടാണ് അവര്‍ ജനാധിപത്യം നടപ്പിലാക്കുന്നത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും മീഡിയയെപ്പോലും കടത്തിവിടാതെയുമാണ് അവര്‍ ദേശത്തെ സംരക്ഷിക്കുന്നത്. വിദ്യാര്‍ഥികളാകട്ടെ, സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ദേശത്തെയും ദേശീയതയെയും ഉദ്ഗ്രഥിപ്പിക്കാന്‍ നടത്തപ്പെടുന്ന മാധ്യമങ്ങളൊന്നും അവര്‍ക്ക് ഇടം നല്‍കിയിട്ടില്ല.

വിസിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും സുഖമമായി ഭരിക്കുന്നതിന് വേണ്ടി വിമോചിപ്പിക്കപ്പെടേണ്ട പ്രദേശമാണോ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി? ഇരുപത്തഞ്ച് വിദ്യാര്‍ഥികളെയും മൂന്ന് അധ്യാപകരെയുമാണ് ദേശോല്‍ഗ്രധനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില അധ്യാപകര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. അപ്പാറാവു ചീഫ് വാര്‍ഡനായിരുന്ന കാലത്ത് ദലിത് ഫാക്കല്‍റ്റിയായ ഡോ: രത്‌നാം ഹോസ്റ്റല്‍ റെയ്ഡില്‍ സഹകരിക്കാത്തതിന്റെ പേരില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ദേശത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണോ?

 

രാജ്യമിപ്പോള്‍ അംബേദ്കറുടെ 125ാം ജന്‍മദിനം ആഘോഷിക്കുകയാണ്. താന്‍ അംബേദ്കര്‍ ഭക്തനാണെന്നാണ് മോഡി അവകാശപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയാകട്ടെ, അംബേദ്കറിന്റെ പാരമ്പര്യത്തെയാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇവരെസംബന്ധിച്ചിടത്തോളം ദലിത് ബൗദ്ധിക കാപ്പിറ്റല്‍ മുളയിലേ നുളളിക്കളയേണ്ട ഭീഷണിയാണ്. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥികളെ ‘ജനാധിപത്യം’ പഠിപ്പിക്കേണ്ട ഇടങ്ങളാണ് എന്നതാണ് ഇവരുടെ ബാലപാഠം.

ദലിത്-ബഹുജന്‍ പ്രക്ഷോഭങ്ങളാല്‍സമ്പന്നമായിരിക്കുന്ന സര്‍വ്വകലാശാലകളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് മേല്‍ജാതി ഹിന്ദു രാഷ്ട്രീയ ശക്തികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദലിത് ബഹുജന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മേല്‍ജാതി ഹിന്ദു രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഏകാത്മകമായ ഇന്ത്യന്‍ ദേശസങ്കല്‍പ്പങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്ന ഇടങ്ങളാണ് യൂണിവേഴ്‌സിറ്റികള്‍. വ്യത്യസ്തങ്ങളായ വ്യവഹാരങ്ങളും സംവാദങ്ങളും വളരുന്ന ഇടങ്ങളാണവ. പ്ലൂരാലിറ്റിയെയാണ് അത്തരം ഇടങ്ങള്‍ ആഘോഷിക്കുന്നത്, ഏകാത്മകതയെയല്ല.

കടപ്പാട്: Round Table India

വിവ: അമീന്‍ അഹ്‌സന്‍