ആലസ്യം ബാധിച്ച, മരവിച്ച മനുഷ്യ മനസ്സിനെയും നിർജ്ജീവത ഗ്രസിച്ച സ്വത്വത്തെയും ഭൂമിയിൽ കർമോത്സുകതയുടെ വിതാനങ്ങൾ ചുംബിക്കുമ്പോൾ, അസംബന്ധവാദത്തിനെതിരെയും (absurdism) അസ്തിത്വവാദത്തിനെതിരെയും (extentialism) ശൂന്യതാവാദത്തിനെതിരെയും ഉയിർത്തെഴുന്നേൽക്കുന്ന വിരക്തിയുടെയും എതിർപ്പിന്റെയും പ്രതിഫലനമാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഏറെ പ്രശസ്തി നേടിയ ദാർശനിക കാവ്യമായ “അസ്‌റാറേ ഖുദി”.

മനുഷ്യ ജീവിതത്തിന്റെ അർത്ഥവും ഉന്നമനവും പരിശോധിക്കുന്ന തത്ത്വചിന്തയിലെ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെയും , ആൽബർ കാമ്യുവിന്റെയും പ്രാതിനിധ്യത്തെയും താരത്മ്യപ്പെടുത്തി വിശകലനം ചെയ്തു ദൈവികതയിലൂടെയും, ആത്മീയതയിലൂടെയും ജീവിത വിജയത്തിന്റെ വാതായനം കണ്ടെത്തുന്നതിനു ഊന്നൽ നൽകുന്ന ഇക്ബാലിയൻ ചിന്തയുടെ അർത്ഥത്തെ മനസ്സിലാക്കി കാമ്യുവിന്റെ വിതണ്ട വാദങ്ങളെ താമസ്കരിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത് . ഇഖ്ബാലിന്റെ ആത്മബോധത്തിന്റെ ദർശനവും കാമ്യുവിന്റെ അസംബന്ധവാദ ആശയങ്ങളും അവയുടെ കാലപരിധികളിൽ അടിസ്ഥാനപരമായ നിരീക്ഷണങ്ങൾ നടത്തിക്കൊണ്ട് വ്യത്യസ്തമായ, മാനവികമായ സംഭാവനകൾ നൽകിയ ഗവേഷണ ചിന്തകന്മാരുടെ കണ്ടെത്തലുകളിലും ഇഖ്ബാലിന്റെ ഭാഷ്യത്തിലെ സത്യമാണ് കണ്ടെത്തിയത്.
അസ്റാറേ ഖുദിയും കാമ്യുവിന്റെ അസംബന്ധവാദവും മനുഷ്യ ജീവിതത്തിന്റെ വഴിത്തിരിവുകളെ വ്യക്തവും ശാസ്ത്രീയവുമായ രീതിയിൽ വിലയിരുത്തുന്ന പ്രസക്തമായ വ്യാഖ്യാനങ്ങളാണെന്ന് മാത്രമല്ല, മറിച്ച് ഈ രണ്ട് വ്യക്തികളും മനുഷ്യന്റെ സ്വഭാവത്തെ സമഗ്രമായ രീതിയിൽ കാണുന്നതിലും അതിന്റെ പദവിയെ ഉയർത്തുന്നതിലും താത്പര്യം കാണിച്ചവരുമാണ്. എങ്കിലും, ദൈവികതയുടെ പ്രാധാന്യത്തെയും ശാസ്ത്രീയതയുടെ ആധാരങ്ങളെയും ആശ്രയിച്ച് അവർ കൈവരിച്ച ഉപസംഹാരങ്ങൾ മർമ്മപ്രധാനമായ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ലേഖനം, ഇരുവരുടെയും ആശയങ്ങൾ തമ്മിലുള്ള അന്തരം, സാദൃശ്യം, പ്രചോദനങ്ങൾ, എന്നിവ നിരൂപണാത്മകമായി പരിശോധിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നു. അതിനു മുമ്പ് ഇക്ബാലിയൻ ചിന്തയുടെ ഗഹനം പരിശോധിക്കേണ്ടതുണ്ട്.

Albert Camus
ഈ രചന പ്രസിദ്ധീകൃതമായതിന്റെ തൊട്ടുടനെ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ദ സീക്രട്‌സ് ഓഫ് സെൽഫ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷകനായ നെക്കൾസനൻ ഈ കൃതി വിവർത്തനം ചെയ്യുന്നുണ്ട് . ഓരോ മനുഷ്യരിലുമുള്ള സ്ഥായിയും നിലീനവും, അതെ സമയം ഗോപ്യവും അന്തർലീനവുമായ ക്രിയാത്മകവും നൈസർഗിഗവുമായ കഴിവുകൾ വിടർന്ന് ഭൂമിയാകെ പൂവനമാകേണ്ട ഒരവസ്ഥയെ സരളമായി ദർശന ശൈലിയോടെയാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ആലസ്യത്തിന്റെ മനസ്സുകളെ ഇല്ലാതാക്കി കർമോത്സുകതയുടെ മനോഹരമായ പ്രപഞ്ചത്തിലേക്ക് മനുഷ്യനെ നോക്കാൻ പ്രേരിപ്പിക്കുകയാണ് ഈ കാവ്യം. ഏത് ഉന്നത സ്വപ്നങ്ങളും കർമമണ്ഡലത്തിൽ സദ്‌ഫലങ്ങൾ തീർത്ത് വന്ധ്യതയെ ഉച്ചാടനം ചെയ്യുമ്പോഴാണ് ജീവിതവുമായി മനുഷ്യന് സല്ലപിക്കാൻ പറ്റൂ എന്ന് കവി ആവർത്തിക്കുന്നു.
അറിവും കർമവും മനോഹരമായി സംഗമിക്കുന്ന ഒരു ഉലകമാണ് നനവിന്റെ അണു പോലുമില്ലാത്ത മരുഭൂമിയെ പോലും പൂവാടിയാകുന്നത് . വിദ്യാഭ്യാസമെന്നാൽ നന്മകളുടെ പുഷ്പികരണമാണെന്നും സത്യവും നന്മയും ഒരേ ബിന്ദുവിൽ സമന്വയിക്കുമ്പോഴാണ് മനുഷ്യ ആത്മാക്കൾ ആഹ്ലാദിച്ചു തുടങ്ങുന്നത് . അത്തരമൊരു അവസ്ഥയിലാണ് ഭൂമിയിൽ വെച്ച് തന്നെ ദിവ്യാനുഭൂതിയുടെ അസുലഭ നിമിഷങ്ങൾ ഒരാൾക്ക് അനുഭവിക്കാനാവുന്നത്. പണമൂല്യത്തിന്നപ്പുറം ജീവിതം മനുഷ്യനോട് പറയുന്ന ഉന്നത വിതാനങ്ങളെ പുൽകാൻ ഒരാൾക്ക് സാധ്യമാകുന്നതുമങ്ങനെയാണ്.
ചിന്തിക്കുന്ന ഒരു വ്യക്തിയിൽ ആദ്യം ഉടലെടുക്കേണ്ട ചോദ്യം ഞാനാരാണ് എന്നതാണ്. ഈ ചോദ്യത്തിനു നേരെ സർഗാത്മകമായി പ്രതികരിച്ച്, ജീവിത സാക്ഷാത്കാരം നേടിയെടുക്കണമെന്നതാണ് ഈ ഇഖ്ബാൽ കൃതിയുടെ ഇതിവൃത്തം.
ജീവിതത്തിന് അർത്ഥം കൽപ്പിക്കാനുള്ള മുനുഷ്യപ്രവർത്തനങ്ങളോട് വിയോജിക്കുന്ന കാമ്യുവിനോടുള്ള വിപ്രതിപത്തി പ്രതിഫലിക്കുന്ന ഇക്ബാലിന്റെ ഒരു കവിത ശകലത്തെ ഇങ്ങനെ പരിഭാഷപ്പെടുത്താം :
ദൈവമേ,
നി മണ്ണ് സൃഷ്ടിച്ചു.
മണ്ണിൽ നിന്നും ഞങ്ങൾ മൺ പാത്രമുണ്ടാക്കി. ദൈവമേ,
നീ കല്ല് സൃഷ്ടിച്ചു.
കല്ലിൽ നിന്നും ഞങ്ങൾ കണ്ണാടിയുണ്ടാക്കി…
ഞാനാര്?
മനുഷ്യനിലെ ഉന്നതമായ സർഗശേഷി എങ്ങനെയാണ് ദിവ്യവെളിച്ചത്തിലൂടെ കർമപാത തീർക്കുന്നതെന്ന് മേൽവരികൾ നമ്മോട് പറയുന്നുണ്ട്. എന്നിലൂടെ ഈ ലോകം ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ടെന്നും ഞാൻ ഭൂമിയിൽ വെറുതെ പിറന്നുവീണതല്ലെന്നും അതിനായുള്ള ഭഗീരഥ പ്രവർത്തനത്തിന് മുതിരാനും, അതുവഴി കാരുണ്യത്തിന്റെയും ധർമത്തിന്റെയും ചുവരുകളിൽ എൻ്റെ ജീവിതതാളുകളും കൊത്തിവെക്കാനുള്ള ആഹവാനമാണ് സത്യത്തിൽ ‘സ്വന്തതിന്റെ രഹസ്യം’. ഇതായിരിക്കും ഒരു കർമയോഗിയുടെ മനോനില.
ആത്മബോധത്തിന്റെ രഹസ്യഅറകളെ തൊട്ടുകാണിച്ച് അസ്റാറേ ഖുദിയിൽ കർമ മണ്ഡലത്തിന്റെ ഈ മഹാ ദർശനം ഇക്ബാൽ വശ്യമായി ആവിഷ്കരിക്കുന്നു. ഇതേ സമയം താരതമ്യേന ധാർമികതയെ വിശദീകരിക്കുതിൽ കാമ്യുവും അനുയായികളും അന്ധമായി പിന്തുടരുന്ന ശൂന്യതാവാദം നിരാക്കരിക്കുന്ന മതം കല്പിക്കുന്ന മൂല്യങ്ങളെയും അതിൻ്റെ തത്വങ്ങളെയും ഇക്ബാൽ അപദാനമായി കാണുന്നു. ഇക്ബാലിന്റെ ഈ കവിതശകലങ്ങളെ നോക്കൂ :
ഞാൻ വെറുമൊരു മൺതരി മാത്രം.
മൺതരിയിൽ വിശ്വമൊളിക്കും
അകതാരിൽ പ്രാർഥന മാത്രം.
അറിവിൻ കിളി കൊത്തിപ്പാറും അലിവിൻ പൂപ്പുഞ്ചിരി മാത്രം. കുന്നുകളിൽ പുൽമേടകളിൽ സ്വപ്നങ്ങൾ പൂത്തൊരു കാലം ഉദ്യാനത്തണലിൽ തങ്ങിയ പൂമ്പാറ്റക്കണ്ണിൽ മിന്നി
നവജീവിത ദർശന ഭാവം…
അവരെ സംബന്ധിച്ചിടത്തോളം ജീവിതം അർഥശൂന്യമാണ്. പരമാവധി ആസ്വാദനം മാത്രമാണ് ജീവിത ലക്ഷ്യം,മൂല്യങ്ങളെ ഗണിക്കേണ്ടതുമില്ല. ജീവിതത്തിൽ ഉന്നതമായ സ്വപ്നങ്ങൾ സൃഷ്ടിക്കുകയും, അത് പ്രവർത്തനത്തിലൂടെ സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയെ ഇഖ്ബാൽ ആവർത്തിക്കുന്നു:
“ജീവിതത്തിന്റെ യഥാർത്ഥ വിജയം, കർമ്മത്തിന്റെ അതിരുകൾ താണ്ടുമ്പോഴാണ്.”
ഇനി ഇക്ബാലിന്റെ രചനയിലെ പ്രധാന ആശയങ്ങളെ കാമ്യുവിന്റെ ചിന്താ ധാരയോട് ചേർത്തുവായിച്ചുള്ള യഥാർത്ഥ മാനത്തെയാണ് ഞാൻ പരിശോധിക്കുന്നത്.
1. ആത്മബോധം:
“ഞാനാരാണ്?” എന്ന ചോദ്യത്തിന്റെ ദാർശനികത ഇഖ്ബാലിന്റെ കൃതിയുടെ ഇതിവൃത്തമാണ്.
“നിന്റെ ആത്മാവിനെ ഉയർത്തുക; ആത്മബോധം ദൈവിക സൃഷ്ടിയുടെ അടിത്തറയാകുന്നു.”
ഈ ആശയം, ഓരോ മനുഷ്യനും തന്റെ ജീവിതത്തെ ദൈവികമായ ഒരു ഉന്നതത്തിലേക്ക് ഉയർത്തുന്നവനായി പ്രവർത്തിക്കണം എന്ന ചിന്തയെ ശക്തിപ്പെടുത്തുന്നു. പക്ഷെ, സിഗ്മൻഡ് ഫ്രോയിഡിന്റെ pleasure and pain theory-യെ അസംബന്ധവാദത്തിന്റെ ശാഖയായി ഗണിക്കുന്ന കാമ്യുവിന്റെ പ്രവർത്തനമണ്ഡലം വേദന പരമാവധി കുറച്ചു സുഖത്തോടെ ജീവിക്കാൻ പ്രേരോപിക്കുന്നുവെന്ന് മാത്രമല്ല, മറിച്ച് പ്രാഥമിക ദാർശനികത മനുഷ്യനിൽ വിശ്വാസമാക്കുന്ന ശാസ്ത്രീയ അനിലങ്ങൾക്കുള്ള പ്രാമാണികതയിൽ ആധാരപ്പെട്ടു നിൽക്കുകയും ചെയ്യുന്നു. ഒന്നു ചിന്തിച്ചാൽ പ്രകൃതിയിലെ ക്രമവും സങ്കേതങ്ങളും മനുഷ്യൻ പരിചയപ്പെടുത്തുമ്പോൾ മാത്രം ‘മാനവികതയുടെ പൂർത്തീകരണം’‘പോസിറ്റിവിസ്റ്റ് സിദ്ധാന്ത’ത്തിലൂടെ

സാധ്യമാവുമെന്ന അടിത്തറയാണ് കാമ്യുവിന്റ ധാര.
2. കർമ്മവാദം:
ഇഖ്ബാൽ ആലസ്യത്തിന്റെയും അശ്രദ്ധയുടെയും വികാരങ്ങൾ തികച്ചും നിഷേധിക്കുന്നു.
“കർമയോഗിയുടെ ജീവിതത്തിൽ ഞാൻ എന്ത് ചെയ്യുന്നുവെന്നതിന് പ്രധാന്യമുണ്ട് “
ദൈവകേന്ദ്രമല്ലാത്ത പ്രതീക്ഷകളെ ബലപ്പെടുത്തുന്ന
തീയോളജിക്കൽ ഘട്ടത്തെയും,പ്രത്യക്ഷ സ്വാഭാവികതയോട് തൊട്ടുചേർന്ന ഒരു പ്രക്രിയ മാത്രം അനുസരിക്കുന്നതും ശാസ്ത്രീയ നിരീക്ഷണത്തിലൂടെയുള്ള അവസാനിപ്പിക്കുന്നതിനും പ്രചോദനം നൽകുന്ന പോസിറ്റിവിസ്റ്റ് ഘട്ടത്തെയും
പ്രോത്സാഹിപ്പിക്കുന്ന കാമ്യുവിന്റെ കായ്ച്ചപ്പാടിനെ ഇക്ബാൽ വങ്കത്തമാക്കുന്ന.
3. ദൈവികത:
ഇഖ്ബാൽ ഒരു ദൈവവാദിയാണ്. ദൈവിക സാന്നിധ്യം മനുഷ്യന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുകയും പ്രപഞ്ചത്തിന്റെ നൂതന ദാർശനികതയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
“ദൈവത്തിന്റെ ദർശനം മനുഷ്യന്റെ ആത്മാവിനെ ഉന്നമിപ്പിക്കുന്ന ദിവ്യവിഷയം തന്നെയാണ്.”
കാമ്യുവിന്റെ ദാർശനികതയിൽ മാനവികതയുടെ സവിശേഷ സ്ഥാനം ദൈവികതയെ നിരാകരിക്കുന്നുണ്ട് “ദൈവത്തിന്റെ ആശയത്തെ മാറ്റി, മനുഷ്യന്റെ പ്രാധാന്യത്തെ ഉയർത്തുക.” ഇതിൽ, മാനവിക മൂല്യങ്ങളിലേക്കുള്ള തുലാത്മക സമീപനം ശാസ്ത്രീയതയിൽ നിക്ഷിപ്തമാണെന്നും കാമ്യു വിചാരിക്കുന്നു. പക്ഷെ ഇക്ബാൽ ആവട്ടെ മാനവിക ധർമത്തിന് ദൈവികതയിലൂടെ അർത്ഥം കണ്ടെത്തുന്നു.
ഒന്നു വ്യക്തമാക്കിയാൽ ഇഖ്ബാൽ ദൈവത്തിൻ്റെ സാന്നിധ്യത്തിൽ ആത്മബോധം സമന്വയിപ്പിക്കുമ്പോൾ, കാമ്യു ആ സങ്കല്പത്തെ നിരസിക്കുകയും ശാസ്ത്രീയ നിരീക്ഷണത്തെ മുൻനിരയിൽ കൊണ്ടുവരികയും ചെയ്യുന്നു.
ഇരുവരും മനുഷ്യജീവിതത്തെ ഉയർത്താനും, ലോകത്തിന്റെ അർത്ഥത്തേയും മനുഷ്യന്റെ പങ്കിനേയും തിരഞ്ഞെടുക്കുന്നതിനേയും പ്രാമുഖ്യം നൽകുന്നുണ്ടെങ്കിലും രണ്ടു വിത്യസ്ത മാർഗ്ഗങ്ങാളാണ് സ്വീകരിക്കുന്നത്.
ഇഖ്ബാലിന്റെയും കാമുവിന്റെയും ആശയങ്ങൾ ഇന്ന് ലോകമെമ്പാടും പ്രചോദനമാവുകയാണ്: ഇഖ്ബാൽ ശുപാർശ ചെയ്യുന്ന ആത്മബോധവും കർമ്മവാദവും ഇപ്പോഴും സാമൂഹികവും സാംസ്കാരികവുമായ വികസനത്തിനുള്ള ദാർശനിക മാർഗങ്ങളായിത്തന്നെ നിലനിൽക്കുമ്പോൾ
കാമ്യു പറയുന്ന ശാസ്ത്രീയമാനവികത പോസിറ്റിവിസം ശാസ്ത്രീയ, സാങ്കേതിക രംഗങ്ങളിൽ വിജ്ഞാനത്തിന്റെ വിപ്ലവങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നണ്ട്.
ഇഖ്ബാൽ ദൈവികമായ ചിന്തകളുടെ അടിസ്ഥാനത്തിൽ ആത്മീയ ഉന്നമനത്തിലൂടെ അർത്ഥശോധനക്ക് ഒരു മാർഗ്ഗരേഖ ഒരുക്കുമ്പോൾ, കാമ്യു ദൈവികതയെ നിരസിച്ചുകൊണ്ട്, വിമോചനത്തിനുള്ള ഒരു മനുഷ്യനിർണ്ണയമാർഗ്ഗം നിർദ്ദേശിക്കുന്നു.
ഇവിടെ,ഖുദി എന്നത് ആത്മീയ യാഥാർഥ്യമാണ്: സ്വയം അതിന്റെ പരമാവധി ശേഷി പ്രാപിക്കുമ്പോൾ അത് ദൈവിക ഇച്ഛയുമായി ഒത്തിണങ്ങുകയും ജീവിതത്തിനുള്ള ദിശാബോധം ലഭിക്കുകയും ചെയ്യും. അതോടെ പ്രവർത്തനത്തിന്റെ പ്രാധാന്യം വർധിക്കുന്നു.ഇഖ്ബാലിയൻ ധാരപ്രകാരം, പ്രവർത്തനം ആത്മീയ വളർച്ചയുടെ ഒരു അനിവാര്യ ഘടകമാണ്. ജീവിതം ദൈവിക ഉദ്ദേശ്യത്തിന്റെ പ്രതിഫലനമാണ്.
ശൂന്യതാവാദത്തിന്റെ നിരാകരണം ഇവിടെ പ്രസക്തിയുള്ളതാണ്. ഇഖ്ബാൽ അതിനെ തള്ളിപ്പറയുന്നു, അത് മനുഷ്യനിലെ ആത്മവിശ്വാസവും ആത്മീയ ഉന്നമനവും നശിപ്പിക്കുന്നതാണെന്നും സാദൂകരിക്കുന്നു. ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിനുള്ള അർത്ഥം ദൈവിക ഉദ്ദേശ്യത്തിൽ ആധിഷ്ടിതമാണ്. സ്വയം (ഖുദി) ദൈവിക ചിന്തയുമായി ഇണങ്ങിയാൽ മാത്രമേ വ്യക്തി സമ്പൂർണ്ണ സ്വയംസാക്ഷാത്കാരം നേടുകയുള്ളൂ.
-അർത്ഥം ഒരു വസ്തുതയല്ലെന്നും , അത് വ്യക്തിയുടെ അനുഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു സബ്ജക്റ്റീവ് (subjective) വസ്തുവാണെന്നും കാമ്യു സമർത്തിക്കുന്നു.
‘സമന്വയ സാധ്യതകൾ’
ഇഖ്ബാലിന്റെ *ഖുദി* ദൈവിക ഉദ്ദേശ്യത്തിന്റെ ഒരു പ്രതിഫലനമാണ്, അതിലൂടെ മനുഷ്യജീവിതത്തിന് അന്തിമ ഉദ്ദേശം ലഭിക്കുന്നു. കാമ്യുവിന്റെ absurdity ദൈവികതയെ നിരസിച്ചുകൊണ്ട് മനുഷ്യനെ വ്യക്തിഗത അവകാശവാദത്തിലൂടെ പ്രതിരോധിക്കാനും സ്വയം അവബോധിക്കാനും പ്രചോദിപ്പിക്കുന്നു. മാത്രമല്ല ദൈവികതയുടെ നിരസനം അഥവാ കാമ്യു ദൈവിക ഉത്തരം (*transcendence*) അംഗീകരിക്കുന്നില്ല. പകരം, വ്യക്തി അവന്റെ സ്വന്തം അർത്ഥം സൃഷ്ടിച്ച് ജീവിതത്തോട് പൊരുതുന്നു. ഇവിടെ പ്രതിരോധം (rebellion) ജീവിതത്തിൽ അർത്ഥം സൃഷ്ടിക്കാനുള്ള വ്യക്തിപരമായ ശ്രമമാണ്.
ഇഖ്ബാലിന്റെയും കാമ്യുവിന്റെയും ആശയങ്ങൾ തമ്മിലുള്ള വിമർശനാത്മക സംവാദം മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ സംവാദത്തിൽ കൊണ്ടുവരുന്നു. ഇഖ്ബാലിന്റെ ആത്മബോധവും ആത്മീയതയും കാമ്യുവിന്റെ ശാസ്ത്രീയ പാശ്ചാത്യ നിരീക്ഷണങ്ങളും, ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും അർത്ഥവത്തായ വളർച്ചയിലേക്ക് വഴികാട്ടുന്ന വീക്ഷണങ്ങളാണ്. ഭാവിയിലേക്കുള്ള മാർഗ്ഗം, ഈ വ്യത്യസ്തമായ ആശയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മനുഷ്യശാസ്ത്രത്തിലേക്കുള്ള ഒരു മാർഗമാവും.
അല്ലാമാ ഇഖ്ബാലിന്റെ ദാർശനികമായ “അസ്റാറേ ഖുദി” മനുഷ്യജീവിതത്തിന്റെ സത്യവും അർത്ഥവുമുള്ള ദിശകളെ ഉദ്ഗമം നൽകുന്ന തത്ത്വചിന്താപരമായ ഉപജീവനമാണ്. കാമ്യുവിന്റെ പോസിറ്റിവിസം ശാസ്ത്രീയവും മാനവികതയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളുന്നതുമാണ്, എന്നാൽ ഇത് ആത്മബോധത്തിന്റെ അന്തർലീനമായ ദൈവിക ഘടകത്തെ തള്ളുകയും മനുഷ്യജീവിതത്തെ ഏകശാസ്ത്രീയ മുള്ളിമരത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നു. ഇഖ്ബാൽ സത്യമാണ് എന്ന് പറയുന്നതിനുള്ള ആധാരങ്ങൾ ദാർശനികതയുടെ ആഴങ്ങളിലാണ്. ജീവിതം, ശാശ്വതത, ആത്മാവിന്റെ സൃഷ്ടിപരമായ പ്രഭാവങ്ങൾ എന്നിവയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ഇഖ്ബാലിന്റെ ചിന്താശൈലി, ഒരു സമഗ്രമായ മാനവിക ദർശനമാണ്. ആത്മബോധം, ദൈവിക സാന്നിധ്യം, കർമ്മോത്സുകത, സൃഷ്ടിപരമായ സർഗ്ഗശേഷി എന്നിവയിലൂടെ, ഇഖ്ബാൽ മനുഷ്യനിലെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നു. മനുഷ്യജീവിതം വെറും ശാസ്ത്രീയ പരിച്ഛേദങ്ങൾക്കൊതുങ്ങുന്നതല്ല. അതിന് ദൈവികതയുടെ ഉന്നമനവും ആത്മീയതയുടെ ആഴവും ആവശ്യമുണ്ട്. ദൈവിക പ്രചോദനത്തിലൂടെ മനുഷ്യന്റെ സ്വബോധവും ഉന്നമനവും സാക്ഷാത്കരിക്കുന്നതിൽ, ഇഖ്ബാൽ ഒരു സർഗാത്മക ദാർശനികനായാണ് ഇന്നും നിലകൊള്ളുന്നത്.
ആകെയുള്ള ജീവിതത്തിൻറെ സത്യം, അതിനെ ഉന്നമിപ്പിക്കാനുള്ള ശ്രമവും അതിലൂടെ ആത്മീയ പ്രബോധനവും ഉണ്ടാക്കുന്നവനാണ് യഥാർത്ഥത്തിൽ ചരിത്രത്തിന്റെ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നത്. ഇഖ്ബാലിന്റെ ആശയങ്ങൾ ആ ദിശയിൽ ഒരു ദിവ്യവെളിച്ചമാണ്.