Campus Alive

ഇടത്പക്ഷവും മുസ്‌ലിം ചോദ്യങ്ങളും

നജീബിന് നീതി ആവശ്യപ്പെട്ട് കൊണ്ട് ഒക്ടോബര്‍ 30 നാണ് ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ ഒരു സോളിഡാരിറ്റി മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി എന്ന നിലയില്‍ നജീബിന് വേണ്ടിയുള്ള സമരത്തെയും കാമ്പസിനകത്തും പുറത്തും രൂപപ്പെടുന്ന ജനാധിപത്യ മുന്നേറ്റങ്ങളെയും ഞാന്‍ പിന്തുണക്കുന്നുണ്ട്. അതേസമയം മുസ്‌ലിംകളെയും ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും പുറന്തള്ളിക്കൊണ്ടാണ് പ്രൊട്ടസ്റ്റ് മൂവ്‌മെന്റിന് ജെ.എന്‍.യുവില്‍ രൂപം നല്‍കിയിട്ടുള്ളത്. അഥവാ, ഒരേസമയം നജീബിന്റെയും മുസ്‌ലിം ശബ്ദത്തിന്റെയും ( നജീബിന് വേണ്ടി രൂപം നല്‍കിയ സോളിഡാരിറ്റി മൂവ്‌മെന്റില്‍ നിന്നുള്ള) തിരോധാനമാണ് ജെ.എന്‍.യുവില്‍ നടന്നത്.

najeeb-ahmed-story_647_102016115543

ജെ.എന്‍.യു.എസ്.യു സംഘടിപ്പിച്ച പബ്ലിക്ക് മീറ്റിംഗില്‍ എന്താണ് സംഭവിച്ചത്? ചുരുക്കം ചില അക്കാദമീഷ്യന്‍മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മുസ്‌ലിം-ദലിത്-ബഹുജന്‍ സമുദായങ്ങളില്‍ നിന്ന് ആരെയും മീറ്റിംഗിലേക്ക് ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ്, എ.എ.പി, സി.പി.എം, സി.പി.ഐ(എം.എല്‍), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള സവര്‍ണ്ണ ഇടത് ദേശീയ നേതാക്കന്‍മാരായിരുന്നു മീറ്റിംഗിലുണ്ടായിരുന്നത്. അത്‌പോലെ ബഹുജന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള അരവിന്ദ് കെജരിവാള്‍, ശശി തരൂര്‍, കവിത കൃഷ്ണന്‍ എന്നിവര്‍ ജെ.എന്‍.യുവില്‍ വരികയും ഐക്യദാര്‍ഢ്യ സദസ്സുകളില്‍ പങ്കെടുക്കുകയുമുണ്ടായി. ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ വിഷയത്തില്‍ സംസാരിക്കുന്ന അവരുടെ മേല്‍ ജാതി ഹിന്ദുക്കള്‍ എന്ന സാമൂഹ്യ സ്ഥാനത്തെ ആരും പ്രശ്‌നവല്‍ക്കരിച്ചില്ല. സാമൂഹ്യ ഘടനകളുടെയോ സാമൂഹ്യ സ്ഥാനങ്ങളുടെയോ പ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കാതെ സ്വതന്ത്ര വ്യക്തികളായാണ് അവര്‍ ജെ.എന്‍.യുവില്‍ വന്ന് സംസാരിച്ച് പോയത്.

സാമൂഹ്യമായ പുറന്തള്ളലിന്റെ ഒരു പബ്ലിക്ക് എക്‌സിബിഷനായിരുന്നു യഥാര്‍ത്ഥത്തില്‍ ജെ.എന്‍.എസ്.യു മീറ്റിംഗ്. മുസ്‌ലിം ലീഗ്, എ.ഐ.എം.ഐ.എം, എ.യു.ഡി.എഫ്, ബി.എസ്.പി തുടങ്ങിയ സംഘടനകള്‍ക്കെല്ലാം പാര്‍ലമെന്റില്‍ അംഗങ്ങളുണ്ടെങ്കിലും അവര്‍ മീറ്റിംഗിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. അതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നജീബിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പാര്‍ലമെന്റിതര മുസ്‌ലിം സംഘടനകളെയും മീറ്റിംഗില്‍ നിന്ന് ബഹിഷ്‌കരിച്ചിരുന്നു. ജെ.എന്‍.യു കാമ്പസില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എസ്.ഐ.ഒ, വൈ.എഫ്.ഡി.എ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ബഹിഷ്‌കരണത്തിലുള്‍പ്പെടും. നജീബിന് വേണ്ടിയുള്ള പ്രൊട്ടസ്റ്റന്റ് മൂവ്‌മെന്റിലെ അവരുടെ സാന്നിധ്യത്തെ ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. അത് പോലെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സിക്ക്-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍, തമിഴ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, ദലിത്, ട്രൈബല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളെയൊന്നും മീറ്റിംഗിലേക്ക് ക്ഷണിക്കാന്‍ ജെ.എന്‍.യുവിലെ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ തയ്യാറായില്ല. അതേസമയം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സവര്‍ണ്ണ ഫെമിനിസ്റ്റ് സംഘടനയെ പരിപാടിയിലേക്ക് ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ജെ.എന്‍.യു വില്‍ തന്നെയുള്ള ദലിത്-ബഹുജന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനമായ ഫ്‌ളെയിംസ് ഓഫ് റെസിസ്റ്റന്‍സില്‍ നിന്ന് ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല.

sis
നജീബിന്റെ സഹോദരി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നു

ജെ.എന്‍.യുവിലെ പൊതു ഇടങ്ങളില്‍ നിന്നുള്ള മുസ്‌ലിം, ദലിത്, ആദിവാസി സമൂഹങ്ങളുടെ പുറന്തള്ളലുകള്‍ കാണിക്കുന്നത് അവിടെ നിലനില്‍ക്കുന്ന അധീശമായ ബ്രാഹ്മണ അധികാരത്തെയാണ്. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും കേള്‍ക്കാനുള്ള ഇടമാണ് ജെ.എന്‍.യു നല്‍കുന്നത്. സംസാരിക്കാന്‍ അവര്‍ക്കധികാരമില്ല. ഇതൊരു പുതിയ പ്രതിഭാസമൊന്നുമല്ല. #StandwithJNU മൂവ്‌മെന്റിന്റെ കാലത്തും അത് പ്രകടമായിരുന്നു. അന്ന് ജെ.എന്‍.യു.ടി.എ യുടെ നേതൃത്വത്തില്‍ ദേശീയതയെക്കുറിച്ച് ഒരു പബ്ലിക്ക് ലെക്ച്ചര്‍ സീരീസ് സംഘടിപ്പിച്ചിരുന്നു. ദേശീയതയെക്കുറിച്ച ഫെമിനിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പൊസിഷനുകളെ അന്ന് ജെ.എന്‍.യു ചര്‍ച്ച ചെയ്തിരുന്നെങ്കിലും ദേശീയതയോടുള്ള മുസ്‌ലിംകളുടെ വ്യത്യസ്തങ്ങളായ എന്‍ഗേജ്‌മെന്റുകളെക്കുറിച്ച ഒരൊറ്റ പ്രഭാഷണം പോലുമുണ്ടായിരുന്നില്ല. മുസ്‌ലിം ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും ഈ പുറന്തള്ളല്‍ ജെ.എന്‍.യുവിന്റെ ഇടത്-പുരോഗമന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

മുസ്‌ലിം സംഘടനകളെ മീറ്റിംഗിലേക്ക് ക്ഷണിക്കാനുള്ള ജെ.എന്‍.യു.എസ്.യു വിന്റെ മടി മുസ്‌ലിം-ദലിത്-ആദിവാസി സമുദായങ്ങള്‍ക്ക് പൊളിറ്റിക്കല്‍ ഏജന്‍സിയെ നിഷേധിക്കുന്ന അവരുടെ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഇടത്-ദേശീയ രാഷ്ടീയ ഭാവനയിലെ സ്ഥിര സാന്നിധ്യമായ ‘വര്‍ഗീയത’ യെക്കുറിച്ച അധീശ വ്യവഹാരങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണിത്. അത്പ്രകാരം ഏതെങ്കിലും മുസ്‌ലിം സാമൂഹ്യ-രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ‘കമ്മ്യൂണലാ’യിരിക്കും. ഇടത് പദാവലികളില്‍ മുസ്‌ലിം സംഘടനകളെല്ലാം സംസ്‌കരിക്കപ്പെടാത്തവരോ മതേതരവല്‍ക്കരിക്കപ്പെടാത്തവരോ ദേശീയവല്‍ക്കരിക്കപ്പെടാത്തവരോ ആണ്. അതിനാല്‍ തന്നെ അവര്‍ ‘മതമൗലിക’ വാദികളും ‘വര്‍ഗീയ’ വാദികളുമാണ്. ബ്രാഹ്മണിക വയലന്‍സിന്റെ ഇരകള്‍ പരസ്പരം സംഘടിക്കുന്നതും മുന്നേറ്റങ്ങള്‍ രൂപപ്പെടുത്തുന്നതുമെല്ലാം ഇടത് പുരോഗമനകാരികളെ സംബന്ധിച്ചിടത്തോളം ‘കമ്മ്യൂണലാ’യ ആക്ടാണ്.

അതേസമയം ജെ.എന്‍.യുവിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ വിമര്‍ശകര്‍ക്ക് മുസ്‌ലിം വ്യക്തികളോട് പ്രശ്‌നങ്ങളൊന്നുമില്ല. എന്ത് കൊണ്ടാണ്‌ സെക്കുലര്‍ പബ്ലിക്ക് മീറ്റിംങ്ങുകള്‍ മുസ്‌ലിം സംഘടിത ശക്തിയെ ഭയക്കുന്നത്? മുസ്‌ലിം വ്യക്തികള്‍ അവര്‍ക്ക് സ്വീകാര്യമാവുന്നതെന്ത് കൊണ്ടാണ്? ഒരു മൂവ്‌മെന്റിന്റെയും ഭാഗമല്ലാത്ത മുസ്‌ലിംകള്‍ സെക്കുലര്‍ മീറ്റിംഗുകളിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ മൂവ്‌മെന്റുകളുടെ ഭാഗമായ മുസ്‌ലിംകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ജെ.എന്‍.യു.എസ്.യുവും ജെ.എന്‍.യുവിലെ മറ്റ് പുരോഗന ശക്തികളും നടപ്പിലാക്കുന്ന പുറന്തള്ളലിന്റെ ലോജിക്കിതാണ്.

43784-cjzzqqhbzi-1476888351

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ബ്രാഹ്മണ ശക്തികള്‍ മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്ത്‌കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ജെ.എന്‍.യുവിലെ പുറന്തള്ളല്‍ നടക്കുന്നത്. മുസ്‌ലിംകള്‍ക്ക് സ്വയം തന്നെ സംസാരിക്കാനും സംഘടിതമായി ചെറുത്ത്‌നില്‍പ്പ് രൂപപ്പെടുത്താനുമുള്ള അവകാശമാണ് ജെ.എന്‍.യു എന്ന പുരോഗമന അഗ്രഹാരത്തില്‍ നിഷേധിക്കപ്പെടുന്നത്. പകരം അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് മേല്‍ജാതി ഹിന്ദുക്കളായ ഇടത് ലിബറലുകളും സെക്കുലരിസ്റ്റുകളുമൊക്കെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ജെ.എന്‍.യുവിന്റെ പൊതു ഇടങ്ങളിലെ ഇന്‍ക്ലൂസീവ്‌നെസ്സ് എന്നാല്‍ ഇതൊക്കെയാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം നജീബ് അഹ്മദിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ജെ.എന്‍.യുവിലെ മുസ്‌ലിം വിസിബിളിറ്റിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്.

വസീം ആര്‍ എസ്‌