Campus Alive

മലയാളസാഹിത്യത്തെ അന്‍സാരിയുടെ പ്രേതം ഇപ്പോഴും വേട്ടയാടുന്നുണ്ട്

സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വന്ന പ്രതികരണങ്ങളില്‍ ചിലത്‌

 

അബ്ദുല്‍ കബീര്‍

സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിക്കഥയെ നിരൂപണം ചെയ്ത് ചില സുഹൃത്തുക്കള്‍ പോസ്റ്റു ചെയ്തതില്‍ ചില ബഹുസ്വര ഇസ്‌ലാമികരുടെ ചോദ്യം ഇങ്ങനെ: ‘അതിനെന്താ മുസ്ലിംകള്‍ക്കിടയില്‍ ധുര്‍ത്തില്ലേ …അതിനെ വിമര്‍ശിക്കണ്ടേ’. ചിലര്‍ അതും വിട്ട് ‘അന്‍സാരിയുടെ പ്രേതം ബാധിച്ചവര്‍ ‘എന്നൊക്കെ പോസ്റ്റിയതു കണ്ടു. പണ്ട സംഘികള്‍ ലവ് ജിഹാദ് കള്ളപ്രചരണം നടത്തിയപ്പോഴും ഇത്തരക്കാരില്‍ ചിലര്‍ മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിത രീതിയില്‍ ആത്മപരിശോധന വേണം എന്നൊക്കെ പറഞ്ഞ് വന്നിരുന്നു. എന്നാല്‍ ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മുസ്‌ലിം സമൂഹത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളും ആ പ്രചരണത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തിയെന്നാണ് ഓര്‍മ്മ. മുസ്‌ലിം വിരുദ്ധ പൊതുബോധം എങ്ങനെയാണ് രൂപപ്പെടുന്നത്, അതിനെ സ്വാധീനിക്കുന്ന പ്രചരണങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ സ്വഭാവം ,അതിലെ സൂക്ഷ്മ രാഷ്ട്രീയ ഘടകങ്ങള്‍ ,അധികാരബന്ധങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകളെക്കുറിച്ചൊന്നും ബോധമില്ലാത്ത ഇത്തരക്കാര്‍ പതിവുപോലെ ഖുര്‍ആന്‍ ആയത്തുകളെ അവര്‍ തന്നെ വിമര്‍ശിക്കുന്ന അക്ഷരവായനയിലൂടെ തങ്ങളുടെ വരേണ്യ അപ്പീസ്മെന്റ് സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് നല്ല കോമഡിയായിത്തോന്നുന്നുണ്ട്.

ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്സിറ്റിയിലെ ഒരു ദലിത് സംഘടനാ പ്രവര്‍ത്തകനോട് എസ്എഫ്ഐ സുഹൃത്ത് പറഞ്ഞതിങ്ങനെയാണത്രേ: ഓ ദലിത് വിദ്യാര്‍ത്ഥികളൊക്കെ ഇപ്പോള്‍ വുഡ്‌ലാന്റിന്റെഷൂവും ബ്രാന്റഡ് ഡ്രസ്സുമൊക്കെയല്ലേ ധരിക്കുന്നത്. അതുപോലെ മാപ്ലാരിലെ ധൂര്‍ത്തിനെപ്പറ്റിയുള്ള ലിബറല്‍ വേവലാതിക്കടിയിലും ഉറഞ്ഞു കിടക്കുന്നത് ഫ്യൂഡല്‍ സവര്‍ണ്ണ ബോധങ്ങളാണ്.

bir

റെനോയിര്‍ പനങ്ങാട്ട്

കുടിയേറ്റ കൃസ്ത്യാനികള്‍, സര്‍ക്കാരുദ്യോഗസ്ഥരായ ദലിത് വിഭാഗക്കാര്‍, ഗള്‍ഫുകാരായ മുസ്‌ലിംകള്‍. ഈ മൂന്ന് വിഭാഗക്കാരെക്കുറിച്ചും സവര്‍ണരും അവര്‍ണരുമായ ഹിന്ദു മതേതര മലയാളികള്‍ വലിയ അസഹിഷ്ണുതയോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കോഴിക്കോട് നഗരത്തിലാണ് ജനിച്ചു വളര്‍ന്നത് എന്നത് കൊണ്ട് ഇതില്‍ ഗള്‍ഫുകാരായ മുസ്‌ലിംകള്‍ക്കെതിരായ കുറ്റം പറച്ചിലുകളാണ് കൂടുതല്‍ കേട്ടിട്ടുള്ളത്. അത് ചിലപ്പോള്‍ സ്മഗ്ലിങ്ങ് നടത്തി പണക്കാരാവുന്നവരെന്നും, ദാവൂദ് ഇബ്രാഹിമിന്റെ പ്രാദേശിക വകഭേതങ്ങളായവരെന്നും പറഞ്ഞുകൊണ്ടുള്ള അപസര്‍പ്പക കഥാകളാകാം. അല്ലങ്കില്‍ ഈ നാട്ടിലെ ഭൂമി മൊത്തം മുസ്‌ലിംകള്‍ കൈക്കലാക്കുന്നു എന്ന രീതിയിലുള്ള ആശങ്കാപ്രകടനങ്ങളാവാം. ഹിന്ദുത്വര്‍ എന്നറിയപ്പെടുന്നവര്‍ മുതല്‍ പുരോഗമനകാരികള്‍ എന്നവകാശപ്പെടുന്നവര്‍ വരെ ഇങ്ങനെ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഇത്തരം മുസ്‌ലിം വിരുദ്ധ വര്‍ത്തമാനങ്ങള്‍ കേട്ടു ശീലിച്ചതു കൊണ്ടാവാം കഥകളിലെയും സിനിമകളിലെയുമൊക്കെ മുസ്‌ലിം വിരുദ്ധത ഒരു യാഥാര്‍ഥ്യമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്. വളരെ നിഷ്‌കളങ്കമായാണ് ഈ മുസ്‌ലിം വിരുദ്ധ വര്‍ത്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടാറും സ്വീകരിക്കപ്പെടാറുമുള്ളതുമെന്ന് ആലോചിക്കുമ്പേള്‍ നിഷ്‌കളങ്കത എന്നത് ഇഗ്‌നൊറന്‍സിന്റെ മറ്റൊരു പേരാണോ എന്ന് തോന്നിപ്പോവും. ആ നിഷ്‌കളങ്കതയെ ചോദ്യം ചെയ്താല്‍ എല്ലാത്തിലും മുസ്‌ലിം വിരുദ്ധത തിരയുന്നവരെന്ന കുറ്റപ്പെടുത്തലും കേള്‍ക്കാം. മീനുകള്‍ അവര്‍ക്ക് ചുറ്റുമുള്ള വെള്ളത്തിന്റെ പ്രസന്‍സ് അറിയില്ലെന്നു കേട്ടിട്ടുണ്ട്. അതുപോലാവും മുസ്‌ലിം വിരുദ്ധ മനോഭാവവും. മീനുകള്‍ക്കു ചുറ്റുമുള്ള വെള്ളം പോലെ സ്വാഭാവികമായി.. മനസ്സിലാക്കാന്‍ പറ്റിയാലും മനസ്സിലായില്ലെന്നു പറഞ്ഞ് നിഷേധിക്കാവുന്ന തരത്തില്‍…

അജിത് കുമാര്‍

‘ബിരിയാണി ദലിതന്‍ ‘ എന്ന ഒരു പേര് കുറെ കേട്ടതാണ്. ചില ദലിത് പ്രവര്‍ത്തകര്‍ തന്നെയാണ് വെറുപ്പോടെ ആ പേരിട്ടു വിളിച്ചത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ പക്ഷം പിടിക്കുന്നു എന്നതായിരുന്നു ആരോപണം. ‘ബിരിയാണി’ കൊതിച്ചാണത്രേ ഞാന്‍ നിലപാട് എടുക്കുന്നത്. എനിക്ക് ആ വിളിപ്പേര് കേട്ടാല്‍ സന്തോഷമേയുള്ളൂ.

ബിരിയാണി കൊതിയോടെ വാരികഴിക്കുന്നവര്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. പക്ഷെ, രാഷ്ട്രീയ വ്യവഹാരത്തില്‍ വരുമ്പോഴെന്താ ബിരിയാണിക്ക് ഒരു’ഭീകരത’ വരുന്നത്.
വന്നുവന്നു കഥകളില്‍ ബിരിയാണിപ്പേടിയും ഉണ്ടായി തുടങ്ങിയോ ?

ns_madhavan_20151102_350_630

മഷ്‌കൂര്‍ ഖലീല്‍

‘വിശപ്പിന്റെ വേദന സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് താന്‍ പണ്ട് ഉരുവില്‍ കയറി ദുബായിക്ക് പോയത്. മകന്റെ കല്യാണത്തിന് പാവങ്ങള്‍ക്ക് ബിരിയാണി വെച്ച് നല്‍കാം എന്ന് കരുതി ബീഹാറില്‍ നിന്നും പട്ടിണിപ്പാവങ്ങളായ ഇരുന്നൂറോളം കുട്ടികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ കുട്ടികളെ കുട്ടിക്കടത്താണെന്ന് പറഞ്ഞ് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തന്നെ കേരളാ പോലീസ് തിരിച്ചയക്കുകയും തനിക്കെതിരെ കേസെടുക്കുകയുമായിരുന്നു. അങ്ങിനെയാണ് ബിരിയാണി ബാക്കിയായതും കുഴിച്ച് മൂടേണ്ടി വന്നതും.’ കലന്തനാജി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

വീട്ടില്‍ ബാക്കിയാവുന്ന ബിരിയാണി ദുബായിലേക്ക് കയറ്റി അയക്കുന്ന ബിസിനസ്സിനെക്കുറിച്ച് ആലോചിക്കാനായിരുന്നു കലന്തന്‍ ഹാജിയും ബാക്കിയുള്ള മാപ്പിളമാരും ദുബായിക്ക് ഉരു കയറിക്കൊണ്ടിരുന്നത്.

ശരീഫ് കാക്കുഴി മാളിയേക്കല്‍

സ്വത്വവാദവും പ്രതിനിധാനവും ഒക്കെ മാറ്റിവെച്ചാല്‍ ചര്‍ച്ചയില്‍ തെളിഞ്ഞത് കേരളത്തിലെ ധൈഷണിക മണ്ഡലത്തില്‍ കൊടികുത്തി വാഴുന്ന വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയും സ്വയം വിമര്‍ശനം നടത്താനുള്ള മടിയുമാണ്. കുറവല്ലാത്ത അഹങ്കാരവും. എത്ര ആധികാരികതയോടാണ് സാഹിത്യവിമര്‍ശനം എന്താകണം,  എന്താകരുത് എന്നൊക്കെ ചിലര്‍ തിട്ടൂരം ഇറക്കുന്നത്! ഫെയിസ്ബുക്കിനുള്ള (താല്‍ക്കാലികമായ) ഒരു ഗുണം ഇഷ്ടമില്ലാത്തവരെ തമസ്‌കരിക്കുന്ന കേരളത്തിലെ ആനുകാലികങ്ങളിലെ ‘അധിപന്‍’മാരുടെ ശാസനം ഇവിടെ വിലപ്പോകുകയില്ല എന്നതാണ്. അത് കൊണ്ട് മീണ്ടും സന്ധിക്കും വരെ വണക്കം!

രൂപേഷ് കുമാര്‍

ബേക്കറി
(ചെറുകഥ)
കണ്ണൂരിലെ ഇടതുപക്ഷ വീടുകളിലെ എണ്‍പതല്ല, അതില്‍ താഴെ പ്രായമുള്ള തമ്പുരാക്കന്മാര്‍ പൊലയന്‍ വാസുവിന്റെ വീട്ടില്‍ കല്യാണത്തിന് വരും. ബിരിയാണി കയിക്കാണ്ട് തലേ ദിവസം തന്നെ ബേക്കറീലെ കേക്കും തിന്നിട്ടു പോകും.
കഥ കഴിഞ്ഞു.
ഇല്ല, ഇല്ലില്ല, വെയിറ്റ് വെയിറ്റ് വെയിറ്റ്…
‘എന്നെ ആരും സംഘിയാക്കാന്‍ നോക്കണ്ട. ഞാന്‍ കമ്മ്യൂണിസ്റ്റാ.’
ഇപ്പൊ കഥ കയിഞ്ഞു.

ഷാന്‍ മുഹമ്മദ്

ബിരിയാണി വിവാദം എനിക്ക് രസകരമായി തോന്നാന്‍ ഉള്ള കാരണങ്ങളിതാണ്.
ഈ വിവാദത്തിലെ ഒരു പ്രധാന വാദമാണ് കഥയില്‍ മുസ്‌ലിം വിരുദ്ധത ‘ആരോപിക്കുന്നു’ എന്നത്. അഥവാ ‘മുസ്‌ലിം വിരുദ്ധത’ എന്നത് ‘ആരോപണവും’ ഈ കഥ ‘സാമൂഹിക നന്മയുടേതാണ്’ എന്നത് ‘സ്വാഭാവികവും, അഥവാ കഥ തന്നെയും’ ആകുന്നു എന്നര്‍ത്ഥം. അര്‍ത്ഥങ്ങളുടെ ആരോപണങ്ങളിലാണ് എല്ലായ്‌പോഴും ഒരു ടെക്സ്റ്റ് നിലനില്‍ക്കുന്നത് തന്നെ. അതു കൊണ്ടാണ് വായനക്കാരനും സന്ദര്‍ഭത്തിനും ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നത്. ഈ കഥ മുസ്‌ലിം വിരുദ്ധമല്ല എന്നും സാമൂഹിക നന്മ ലക്ഷ്യം വക്കുന്നതാണ് എന്നും പറയുന്നതും ഒരു ടെക്‌സറ്റിന് മേലുള്ള അര്‍ത്ഥ ‘ആരോപണമാണ്’ (To assign a meaning). അഥവാ, ‘ആരോപണത്തിന്’ പുറത്ത് ‘വായന’ നിലനില്‍ക്കുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍ പിന്നെ ഈ ടെക്സ്റ്റ് തന്നെ നിലനില്‍ക്കുന്നില്ല എന്നത് അതിന്റെ സ്വാഭാവിക പരിണാമം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുസ്‌ലിം വിരുദ്ധത ഈ കഥയിലില്ലെന്ന് സ്ഥാപിക്കാന്‍ കഥയുടെ വായനയെത്തന്നെ പ്രഖ്യാപിതമായി നിഷേധിച്ചു കളയുന്നു എന്നര്‍ത്ഥം. അതിനെ അസഹിഷ്ണുത എന്നും ഒരാള്‍ക്ക് എളുപ്പം വിളിക്കാവുന്നതാണ്. അതാവും സന്തോഷ് എച്ചിക്കാനം ഈ ‘വായനയെ’ ഭീകരപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ചത്. സമാനമായ പ്രതികരണം പണ്ട് എന്‍.എസ് മാധവന്‍ എം.ടി അന്‍സാരിക്കെതിരെ നടത്തിയത് ഓര്‍മ്മിക്കണം. മലയാള സാഹിത്യത്തില്‍ കൊടികുത്തിയ ‘author’ എന്ന സങ്കല്‍പത്തിന്റെ സ്വേച്ഛാധിപത്യം അല്ലാതെ ഇത് മറ്റൊന്നുമല്ല. ജാതി അടക്കമുള്ള സാമൂഹികാധികാരങ്ങളാലാണ് ഈ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്നത് എന്നത് മറ്റൊരു കാര്യം.

ansari

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ അധികാരത്തെ ചോദ്യം ചെയ്ത എം.ടി അന്‍സാരി കേരളത്തിലെ സാഹിത്യപൊതുമണ്ഡലത്തിലുണ്ടാക്കിയ ഷോക്ക് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഈ വിവാദമുണ്ടാക്കിയ പ്രധാനപ്പെട്ട ഒരു ആലോചനവിഷയം. അന്‍സാരി പല രൂപത്തില്‍, പല ഭാവങ്ങളില്‍ കേരളീയ സാഹിത്യ മണ്ഡലത്തിലെ വായനാപതിവുകളെ, സുഹൃത്ത് സാദിഖ് പി.കെ യുടെ വാക്കില്‍, പ്രേതമായി ഇന്നും വേട്ടയാടുന്നുണ്ട് എന്നറിയുന്നത് രസകരമാണ്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി മലയാള സാഹിത്യത്തിലെ വായനാമുന്‍ഗണനകളില്‍ സംഭവിക്കുന്ന ‘ആരോപണമാറ്റങ്ങള്‍’ ഇങ്ങനെ ഇടക്കിടെ പൊട്ടിപ്പുറത്ത് വരുമ്പോഴാണ് ചില ബിരിയാണികളൊക്കെ കയ്ച്ചു നാറുന്നത്.

അശ്വനി.സി.ഗോപി

കൊട്ടാരം പോലത്തെ വീടുള്ള ഹാജി നമ്മുടെ നാട്ടിലും ഉണ്ടാര്‍ന്നു..മൂപ്പര് മരിച്ചൂന്നാ ന്റെ ഓര്‍മ്മ..അല്ല മരിച്ചിട്ടുണ്ട്. മൂപ്പര് മരിച്ചേന്റെ ഭാഗായിട്ട് ഇവിടെ നമ്മടെ വീട്ടിലും കിട്ടീര്‍ന്നു പത്ത് കിലോ അരി. ഞങ്ങടെ നാട്ടില്‍ മാത്രല്ല, ദൂരെയുള്ള വീടുകളിലേക്കും ഓര് അരി എത്തിച്ചേര്‍ന്നു. നമ്മളൊക്കെ സ്‌കൂളില്‍ പോവുമ്പോള്‍ ആ കൊട്ടാരം പോലത്തെ വീട്ടില്‍ പന്തല് കെട്ടുന്നുണ്ടോന്ന് നോക്കും. പന്തല്‍ കെട്ട്യാ എന്ത് സന്തോഷാന്നറിയോ. അങ്ങനെ ഡിഗ്രിക്കെങ്ങാനും പഠിക്കുമ്പൊ, ഹാജ്യാര്‍ടെ വീട്ടില്‍ന്ന് ബിരിയാണി കഴിക്കുമ്പോഴാണ് ഹൃദയത്തെ നടുക്കിക്കൊണ്ട് ഒരു വാര്‍ത്ത കേള്‍ക്കുന്നത്, ഇത് ഹാജ്യാര്‍ടെ വീട്ടിലെ അവസാനത്തെ കല്ല്യാണാ.. ഇനി ണ്ടാവണേല്‍ കൊറേ നാള്‍ പിടിക്കും..ന്നെ പോലത്തെ ബിരിയാണി കൊതിച്ച്യോള് അത് നൊണയാവണംന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും. എന്തായാലും ഇപ്പൊ അവിടെ പന്തലൊന്നും കെട്ടാറില്ല. ഇനിയെങ്ങാനും ആ എച്ചിക്കാനത്തിന്റെ കഥേലെ അറുക്കീസ് റിസ്വാന്‍മാരെങ്ങാനും അവിടെ ഉണ്ടായിക്കാണോ? പട്ടിണി കിടക്കണ കോടികളെ ഓര്‍ത്താവും ലേ ഒരു നമ്പൂരിമാരും നമ്മളെയൊന്നും കല്ല്യാണത്തിനു വിളിക്കാത്തെ..

ശ്രീജിത്

ബിരിയാണി കൊണ്ട് മാത്രം നിറയുന്ന കുഴികള്‍ ഒരുപാടുണ്ട് കേരളത്തിന്റെ സെക്കുലര്‍ മനസ്സില്‍

അമീന്‍ ഹസ്സന്‍

വിഷപ്പിനും പട്ടിണിക്കും പുതുമ കാണില്ലെന്നൊക്കെ മറുപടി വേണേല്‍ പറയാം. വിശപ്പിനെ കുറിച്ചോ ധൂര്‍ത്തിനെ കുറിച്ചോ പറയുന്ന ഒരു കഥയായി എനിക്കത് തോന്നിയില്ല. മറിച്ച് അന്നമില്ലാതെ വയറൊട്ടിയ കുടുംബത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായി നാട് വിട്ട പ്രവാസികള്‍( ഉള്ള കാലത്ത് വാരി കോരി കൊടുത്ത ശേഷം) നാട്ടില്‍ തിരിച്ചെത്തി പട്ടിണി കിടക്കുന്ന കാലത്ത്, സിവില്‍ കോഡ് നടപ്പാക്കാന്‍ ആര്‍ എസ് എസ് കാരന്‍ കോപ്പു കൂട്ടുന്ന കാലത്ത് എഴുതപ്പെടുന്ന ഒരു ഇ എം എസ് ലേഖനമായാണ് എനിക്കത് അനുഭവപ്പെട്ടത്.

ഇത്രയും പറഞ്ഞത് കൊല്ലപരീക്ഷാ കവിതക്ക് ശേഷം വിമര്‍ശം കൊണ്ട് ശ്രദ്ധേയമായ ഒരു പഴകിയ ബിരിയാണി വായിക്കേണ്ടി വന്നതിന്റെ ദഹനക്കേട് തീര്‍ക്കാനാണ്. ആ കഥാകൃത്തിന് വിമര്‍ശകരെ ഭീകരവാദികളെന്ന് വിളിക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള നാട്ടില്‍ നാല് വരി പറയാനുള്ള അവസരമൊക്കെ അനുവദിച്ച് കിട്ടിയാല്‍ നന്നായിരുന്നു. ആ കഥയുടെ രാഷ്ട്രീയം മാറ്റി നിര്‍ത്തിയാലും മലയാളത്തില്‍ എഴുതപ്പെട്ട ധാരാളം തിരക്കഥകളുടെ കേവല ഉപജീവനം എന്നതിനപ്പുറത്ത് എന്ത് പുതുമായാണ് ആ കഥക്കുള്ളത്? കിളിച്ചുണ്ടന്‍ മാമ്പഴവും പാഠം ഒന്ന് ഒരു വിലാപവുമെല്ലാം മുസ്‌ലിം സമുദായത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനപ്പുറത്ത്, മാണിക്ക്യകല്ലിലെ അറബി അധ്യാപകനടക്കം മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങള്‍ വിശേഷിച്ചും മാമുക്കോയയിലൂടെ അവതരിപ്പിക്കപ്പെട്ട മുസ്‌ലിം വാര്‍പ്പ് മാതൃകകള്‍(പ്രിയദര്‍ശന്റെ മാധവന്‍ നായരെന്നോ മറ്റോ പേരുള്ള മലയാള സിനിമയടക്കം) മുന്നോട്ട് വെച്ച ഒരു പഴഞ്ചന്‍ പരിഹാസം എന്നതിനപ്പുറത്ത് പ്രമേയപരമായി തന്നെ ഒരു പുതുമയും ആ കഥക്കില്ല.

ufനഹാസ് മാള

ഞങ്ങള്‍ പിന്നെ എച്ചിലുപോലും വെറുതെ കളയാത്തോരാ..ബ്രാഹ്മണോച്ചിഷ്ടം കീഴ്ജാതികള്‍ക്ക് വംശശുദ്ധിക്കായ് കിടന്നുരുളാന്‍ ബാക്കിയാക്കിയോര്‍..

അസ്‌ലഹ്

കഥയെ വായനക്കാര്‍ക്ക് ജനാധിപത്യപരമായി എങ്ങനെയും തോന്നിയ രീതിയില്‍ വായിച്ചൂടേ..കഥയെഴുതിയവരെയും കഥയിലുള്ളവരെയും ഒക്കെ വായിക്കട്ടെ..
ഇങ്ങനെ വായിക്കരുത് , വൃത്തികെട്ട വിഷജീവികളാണ് , ഇയാളെ നേരിടൂ .. എന്നൊക്കെ കഥയെഴുത്തുകാരുടെ ഗില്‍ഡ് തന്നെ ആഹ്വാനം ചെയ്യുന്നതും അതിനു കുടപിടിക്കുന്ന സേഫ്ക്കുലറിസ്റ്റുകളും …
എന്തായാലും അടിപൊളി ആവുന്നുണ്ട്.
അടുത്ത കഥ എഴുതുമ്പോ ” നോ കമന്റ്‌സ് ” ബോര്‍ഡ് വെക്കുന്നത് നന്നാവും

ബഷീര്‍ വരിക്കോടന്‍

കഥയും കഥാകാരനും
കഥാതന്തുവും കഥാപാത്രങ്ങളുമെല്ലാം
ഒരു സുപ്രഭാതത്തില്‍ ശൂന്യതയില്‍നിന്നു
ഭും…എന്നങ്ങു പൊങ്ങിവരുന്ന നിസ്വാര്‍ത്ഥ നിരപേക്ഷ സംഗതികളായതിനാല്‍,
കഥയുടെ, കഥാകാരന്റെ, കഥാപാത്രനിര്‍മ്മിതിയുടെ,
രാഷ്ട്രീയ-രസതന്ത്രങ്ങളെ കുറിച്ചൊന്നും ആലോചിക്കാനേ പാടില്ല. ‘കളിക്കുടുക്ക’ വായിക്കുമ്പോലെ കഥയിലെ ‘ഗുണപാഠം’ മാത്രം അകത്താക്കിയാല്‍ മതി എന്ന്
‘അഖില കേരളാ മാപ്പിള നിഷ്‌കൂസ് അസോസിയേഷന്‍’

ഏതായാലും,
സവര്‍ണ്ണ സെക്യുലറുകള്‍ മുതല്‍
മാപ്പിള നിഷ്‌ക്കുകള്‍ വരേയുള്ളവര്‍
ഒരൊറ്റ വറ്റുപോലും ബാക്കിവെക്കാതെ
തുടച്ചുവടിച്ച് വിഴുങ്ങിയതിനാല്‍
എച്ചിക്കാനത്തിന്റെ ബിരിയാണി
കലന്തറാജിയുടെ ബിരിയാണിപോലെ
കുഴിയിലിട്ടു മൂടേണ്ടിവന്നില്ല.
എന്നാല്‍, എച്ചിക്കാനം അതേ തീന്മേശയില്‍ നാലുകെട്ടിയ ഹാജിക്കു പകരം
പത്തു വേളികളുള്ള തമ്പ്രാനെയും, ബിരിയാണിക്കുപകരം
സുഭിക്ഷസദ്യയും വിളമ്പിയിരുന്നെങ്കിലോ?
ബീഹാരിയല്ല, ജെ.സി.ബി വേണ്ടിവന്നേനെ കോപ്പികള്‍ കുഴിയെടുത്തുമൂടാന്‍!

തൗഫീഖ് മുഹമ്മദ്

സ്വത്വരാഷ്ട്രീയവായനകളാല്‍ കീറിമുറിക്കപ്പെടും എന്ന ലിബറല്‍ മതേതര ആശങ്കാ പരസ്യങ്ങള്‍ കണ്ട് തിരഞ്ഞപ്പോള്‍ കിട്ടിയ പിഡിഎഫ് ലിങ്കില്‍ ‘ബിരിയാണി’ വായിച്ചു.
മലപ്പുറം പോലെ ഒരു ജില്ലയില്‍ ജനിച്ച് പത്തിരുപത്തിയാറ് വര്‍ഷം ജീവിച്ചിട്ടും ഒരു കലന്തന്‍ ഹാജിയുടേയും നാലാം കെട്ടിലെ പേരമകന്റെ കല്യാണ ബിരിയാണി തിന്നാന്‍ ഭാഗ്യം കിട്ടാത്തതിനാലും, ഉത്തരേന്ത്യയില്‍ മൂന്നുവര്‍ഷത്തോളം ജീവിച്ചപ്പോള്‍ വെള്ളിയാഴ്ച പള്ളിക്ക് മുമ്പില്‍ വില്‍ക്കുന്ന 20 രൂപയുടേതാണ് മുസ്ലീം ബിരിയാണി എന്ന ബോധവും ബോധ്യവും ഉള്ളതിനാലും, ബസുമതിക്ക് മാത്രമല്ല ബിരിയാണി ചെമ്പിലെ ഇറച്ചിക്കും പോത്തിനും അതിന്റെ തോലിനുപോലും രാഷ്ട്രീയമുള്ള കാലത്ത് ഹസൈനാര്‍ച്ചയുടെ തുടയിലും വൃഷണത്തിനും ഇടക്കുള്ള ചൊറിച്ചിലിന് മാത്രം രാഷ്ട്രീയം ഇല്ലെന്ന് വിശ്വസിക്കാന്‍ മാത്രമുള്ള നിഷ്‌കളങ്കത ഇല്ലാത്തതിനാലും എരിവു കൂടിയതിനാല്‍ ചങ്കില്‍ക്കെട്ടുന്നതിനാലും ഈ ബിരിയാണി ഇറങ്ങുന്നില്ല.

വിശപ്പിന് വര്‍ഗ്ഗം മാത്രമല്ല ജാതിയും മതവും രാഷ്ട്രീയവും ഉണ്ടെന്നും ഇന്ത്യയില്‍ അതിന്റെ പ്രതിനിധാനങ്ങള്‍ ഉപരിവര്‍ഗ്ഗ മലബാര്‍ സവര്‍ണ്ണ മുസ്‌ലിം vs ഉത്തരേന്ത്യന്‍ പീഡിത യാദവ് എന്നത് പ്രതിലോമ രാഷ്ട്രീയം ആണെന്നും മനസ്സിലാക്കാന്‍ മാത്രമേ ഇന്നത്തെ സാമാന്യ രാഷ്ട്രീയ ബോധം വെച്ച് സാധിക്കുന്നുള്ളൂ.

campusadmin