Campus Alive

തുര്‍ക്കിയും പട്ടാള അട്ടിമറികളും

2016 July 15 ലെ പട്ടാള അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയ തുര്‍ക്കി സമൂഹത്തിന്റെ ധീരത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍ നിന്ന്‌   രാഷ്ട്രത്തെ രക്ഷിക്കുകയാണുണ്ടായത്. പല ചരിത്രഘട്ടങ്ങളില്‍ നടന്ന പട്ടാള അട്ടിമറികള്‍ തുര്‍ക്കി ജനതയുടെ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ആഴത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ മുന്‍കാലാനുഭവങ്ങള്‍ ആബാലവൃന്ദം ജനതയെ മുഴുവനും അട്ടിമറി ശ്രമത്തിനെതിരെ നിരത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചു. ജനാധിപത്യക്രമത്തിലൂടെ അധികാരത്തിലേറിയ ഭരണകൂടങ്ങളെ അട്ടിമറികളിലൂടെ താഴെയിറക്കി രാജ്യത്തില്‍ ജനദ്രോഹ പദ്ധതികള്‍ നടപ്പിലാക്കിയ മിലിറ്ററിയുടെ ഇടപെടലുകള്‍ തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ സര്‍വ്വസാധാരണമായിരുന്നു. ഒരു ജനതയുടെ സ്വാതന്ത്ര്യാവിഷ്‌കാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യവും ആയുധശക്തിയാല്‍ നിയന്ത്രിച്ചതുമെല്ലാം കെമാലിസ്റ്റ് കാഴ്ച്ചപ്പാടിലുളള സെക്യുലരിസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രാഷ്ട്രീയാഭിപ്രായങ്ങളുടെ വൈവിധ്യവും കൂടാതെ മുസ്‌ലിം സമൂഹത്തില്‍ പുത്തനുണര്‍വുണ്ടാക്കിയ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനവും അതിനു കാരണമായ ക്രിയാത്മക നേതൃത്വവും മിലിറ്ററിയുടെ മുന്നില്‍ സെക്യുലരിസത്തിന്റെ ശത്രുക്കളായിരുന്നു. അധികാര പ്രമത്തത, അഭിപ്രായ വൈവിധ്യത്തോടുളള നീരസം, സെക്യുലരിസം ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത sacred ideologyയാണ്‌ എന്ന കാഴ്ച്ചപ്പാട്, അതിനെ സംരക്ഷിക്കാന്‍ ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന മിലിറ്ററി എന്നീ സവിശേഷ ഘടകങ്ങളാണ് തുര്‍ക്കി സമൂഹത്തില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച പട്ടാള അട്ടിമറിയുടെ പിന്നിലെ പ്രധാന പ്രേരകങ്ങള്‍.

മുന്‍ പട്ടാള അട്ടിമറികള്‍

Leaders of Sept.12 1980 Military coup

2016-ലെ അട്ടിമറി ശ്രമത്തിനുമുമ്പ് തുര്‍ക്കി ജനത നാല് തവണ പട്ടാള അട്ടിമറികളും അതിന്റെ ഭവിഷത്തും അനുഭവിച്ചിട്ടുണ്ട്. 1960 May 27 ല്‍ നടന്ന ആധുനിക തുര്‍ക്കിയിലെ ആദ്യത്തെ അട്ടിമറി, പട്ടാളത്തിന് തുര്‍ക്കിയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അനുസ്യൂതമായി ഇടപെടാന്‍ അവസരം നല്‍കി. 1924- 1946 വരെയുളള കെമാലിസ്റ്റുകളുടെ ഏകാധിപത്യഭരണത്തെ താഴെയിറക്കി ബഹുകക്ഷിഭരണത്തിന് തുടക്കം കുറിച്ച തുര്‍ക്കി ജനതക്കുളള ശിക്ഷയായിരുന്നു 1960-ലെ പട്ടാള അട്ടിമറി. കെമാലിസ്റ്റു മൂല്യങ്ങള്‍ ആശയമായി സ്വീകരിച്ച പട്ടാള നേതൃത്വം റപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിനു ശേഷം മിലിറ്ററിയിലൂടെ അധികാരം ശക്തമാക്കുകയാണുണ്ടായത്. ശീതയുദ്ധകാലയളവില്‍ അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കെമാലിസ്റ്റുകള്‍ക്ക് വിരുദ്ധമായി സാമ്പത്തികാവശ്യത്തിനായി USSR സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അദ്‌നാന്‍ മെന്ദരിസിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തെയും ഭരണഘടനക്കും സെക്യുലരിസത്തിനും എതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് തൂക്കികൊല്ലുകയാണുണ്ടായത്. 1924-മുതല്‍ ആധുനിക വല്‍കരണത്തിന്റെ പേരില്‍ കെമാലിസ്റ്റുകള്‍ നടപ്പിലാക്കിയ സമൂഹ വിരുദ്ധമായ നിയമങ്ങള്‍ മാറ്റി തുര്‍ക്കി സമൂഹത്തിനാവശ്യമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചതും മിലിറ്ററിയെ ചൊടിപ്പിച്ചിരുന്നു. മിലിറ്ററി തന്നെ തിരഞ്ഞെടുത്ത വ്യക്തികളാല്‍ പുതിയ ഭരണഘടന പ്രഖ്യാപിക്കുന്നതിലേക്ക് രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു.

1970 മാര്‍ച്ച് 12-ലെ പട്ടാള അട്ടിമറിയുടെ പിന്നാമ്പുറവും വ്യത്യസ്തമായിരുന്നില്ല. 1960-ലെ അട്ടിമറിക്കുശേഷം ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യവും അനിശ്ചിതാവസ്ഥയും നീണ്ടകാലയളവില്‍ തുര്‍ക്കിയില്‍ പ്രതികൂലമായി ബാധിച്ചു. ശക്തമായ ഭരണകൂടം നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ സാധിച്ചില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷങ്ങളിലേക്ക് നയിച്ചു. തുര്‍ക്കി സാമൂഹിക ഘടനയില്‍ ഇടതുസംഘടനകളും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സാമൂഹിക വ്യവഹാരങ്ങള്‍ ശക്തമാക്കിയിരുന്നു. നജ്മുദ്ദീന്‍ അര്‍ബകാനിന്റെ നാഷണല്‍ ഓര്‍ഡര്‍ പാര്‍ട്ടി കെമാലിസ്റ്റ്-സെക്യുലരിസ്റ്റ് ധാരകളെ തെരുവില്‍ നേരിട്ടു. കുര്‍ദിഷ് വംശജരായ തീവ്രഇടതുപഷ മിലിറ്റന്റ്‌ ഗ്രൂപ്പ് PKK യുടെ അക്രമണവും പട്ടാള അട്ടിമറിക്ക് പ്രതലം ഒരുക്കികൊടുത്തിരുന്നു. പുതിയ രാഷ്ട്രീയ ശബ്ദങ്ങള്‍ സെക്യുലരിസത്തിനെതിരെയാണ് എന്ന സ്ഥിരം ആരോപണവും മിലിറ്ററി അട്ടിമറി നടത്താന്‍ ഉപയോഗിച്ചിരുന്നു. 1980 സെപ്തംബര്‍ 12ലെ അട്ടിമറിയും സമാന രാഷ്ട്രീയ സാഹചര്യത്തില്‍ നടന്നതാണ്. 1982-ല്‍ പുതിയ ഭരണഘടന നിര്‍മ്മിക്കുകയും മിലിറ്ററി കൂടുതല്‍ അക്രമണോത്സുകത പ്രകടിപ്പിക്കുകയും ചെയ്തു. അമ്പതോളം രാഷ്ട്രീയപ്രവര്‍ത്തകരെ വധിക്കുകയും 50,000 പേരെ അറസ്റ്റു ചെയ്യുകയും നുറുകണക്കനാളുകള്‍ ജയിലില്‍ മരിച്ചുവീഴുകയും ചെയ്തു.  കുര്‍ദിഷ് ജനതക്കെതിരെ ഈ കാലയളവില്‍ തുര്‍ക്കി മിലിറ്ററി ആക്രമണം ശക്തമാക്കി. കുര്‍ദിഷ് മിലിറ്റന്റ്‌സ്‌ PKK യുടെ ആക്രമണത്തെ പട്ടാള അട്ടമറിയുടെ സാധൂകരണത്തനായി ഉപയോഗിച്ചു. 1997 ഫെബ്രുവരി 28 ന് നടന്ന സോഫ്റ്റ് കൂപ്പ്‌ (Soft Coup) എന്നറിയപ്പെട്ട അട്ടിമറി, സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ്‌ മിലിറ്ററി നടപ്പിലാക്കിയത്. പട്ടാള നേതൃത്വത്തിന്റെയും കെമാലിസ്റ്റ്- സെക്യുലരിസ്റ്റ് വിഭാഗങ്ങളുടെയും ഇസ്‌ലാം ഭീതി പ്രകടമായ നിമിഷങ്ങളായിരുന്നു അവ. എല്ലാ സൂഫീ ത്വരീഖത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും മറ്റെല്ലാ മത സ്ഥാപനങ്ങളെയും അടച്ചുപൂട്ടുകയും ചെയ്തു. നജ്മുദ്ദീന്‍ അര്‍ബകാനിന്റെ മുസ്‌ലിം രാഷ്ട്രീയ ധാര സെക്യുലരിസത്തിനെതിരെയാണ്‌ എന്ന വാദമുഖത്തില്‍ പട്ടാളം പത്രിക തയ്യാറാക്കുകയും അതില്‍ അര്‍ബകാനിനെ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായ അര്‍ബകാനിനെ ആജിനാന്തം സജീവ രാഷ്ടീയത്തില്‍ നിന്നും വിലക്കുകയും അദ്ദേഹത്തിന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്തു.

ഗുലാന്‍ മൂവ്‌മെന്റിന്റെ പങ്ക്

Fethullah Gulen

2002-ല്‍ അധികാരത്തിലേറിയ എ.കെ പാര്‍ട്ടിയെ താഴെയിറക്കാന്‍ 2003-ല്‍ കെമാലിസ്റ്റ് മിലിറ്ററി ശ്രമം നടത്തിയിരുന്നു. Ergenekon അല്ലെങ്കില്‍ Operation Sledgehamer എന്നറിയപ്പെട്ട ആ പട്ടാള അട്ടിമറിശ്രമം ആരംഭത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് സാധിച്ചു. എ.കെ പാര്‍ട്ടിയുടെ പരിഷ്‌കാരങ്ങളില്‍ അതൃപ്തി പൂണ്ട മിലിറ്ററിയുടെ തീരുമാനം വിജയിക്കുകയുണ്ടായില്ല. സംഭവത്തില്‍ എ.കെ പാര്‍ട്ടി ഗുലാന്‍ മൂവ്‌മെന്റിന്റെ പങ്കും സംശയിക്കുന്നുണ്ട്. 2016 July 15 ലെ അട്ടിമറിശ്രമം തുര്‍ക്കി ജനതയുടെ ധീരതയുടെ മുമ്പില്‍ പരാജയപ്പെടുകയുണ്ടായി. 241 പേര്‍ കൊല്ലപ്പെടുകയും 2194 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏര്‍ദോഗാന്‍ കൊല്ലപ്പെട്ടുവെന്നുപോലും കിംവദന്തിയുണ്ടായി. Facetime എന്ന ആപ്പിലൂടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഏര്‍ദോഗാന്‍ പൗരന്മാരോട് തെരുവ് കീഴടക്കാന്‍ ആവശ്യപ്പെട്ടു. എ.കെ പാര്‍ട്ടിയുമായി പല വിഷയങ്ങളില്‍ മല്ലിട്ട ഗുലെന്‍ മൂവ്‌മെന്റിന്റെ പങ്കും വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടു. അതിനെ സാധൂകരിക്കുന്ന പല റിപ്പോര്‍ട്ടുകളും ഇന്റലിജെന്‍സ് വിഭാഗം കണ്ടെത്തുകയും ചെയ്തു. ഗുലാനിന്റെ നേരിട്ടുളള പങ്ക് ഇതുവരെ വ്യക്തമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, ഭരണകൂടം ഫത്ഹുല്ലാ ഗുലാനിനെ പുറത്താക്കാനായി അമേരിക്കക്ക് നല്‍കിയ പല രേഖകളിലും അദ്ദേഹത്തിന്റെ പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

1997-ലെ പട്ടാള അട്ടിമറിയില്‍ പട്ടാളത്തെ അനുകൂലിച്ച ചരിത്രമുളള ഗുലാന്‍ പല വിഷയങ്ങളിലും എ.കെ പാര്‍ട്ടി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുളളത്. 2010-ലെ ഫ്‌ളോറ്റില കപ്പലിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ എ.കെ പാര്‍ട്ടിയെ വിമര്‍ശിക്കുകയുണ്ടായി. തുര്‍ക്കി പൗരന്മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത സംഭവത്തില്‍ ഇസ്രായേലിനനുകൂലമായി പ്രസ്താവനയിറക്കിയ ഫത്ഹുല്ലാ ഗുലാനിനെ എ.കെ പാര്‍ട്ടി പ്രധാന വില്ലനായി കണക്കാകുകയും FETO ( Fethulla Gulen Terrorist Organization) എന്ന് നാമകരണം ചെയ്ത് പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തു. ഗുലാന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരും അനുയായികളുമാണ് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൂടുതലും. ഇതില്‍ പലരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും പുറത്തുവരികയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 7-ന് ഏര്‍ദോഗാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് കൂട്ടി ‘വണ്‍മില്ല്യന്‍’ (One Million) മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഗുലാനെതിരെ പ്രസംഗിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗുലാനെതിരായ പ്രചരണമാണ് നടത്തിയത്. പട്ടാള അട്ടിമറിശ്രമം തുര്‍ക്കി സമൂഹത്തിലുണ്ടാക്കിയ പൊതുവികാരമായിരുന്നു അത്, അഥവാ തുര്‍ക്കി ജനത പട്ടാള അട്ടിമറികളുടെ പാരമ്പര്യത്തെ അതിജയിക്കുന്നതിന്റെ സൂചനകള്‍.

ഡോ: സൈഫുദ്ധീൻ കുഞ്ഞ്

Your Header Sidebar area is currently empty. Hurry up and add some widgets.