Campus Alive

തുർക്കി: യൂറോപ്യൻ ഭാവനയിലെ അപരസത്വം

എ കെ പിയും തുർക്കിയുടെ രാഷ്ട്രീയ പരിസരവും എന്ന ലേഖനത്തിൻറെ തുടർച്ച.

തുര്‍ക്കി റിപ്പബ്ലിക്കായതുമുതല്‍ പരിപൂര്‍ണ യൂറോപ്യന്‍ ഐഡന്റിറ്റി സ്വപ്‌നം കണ്ടായിരുന്നു കമാല്‍ പാഷ അത്താതുര്‍ക്ക് മുതല്‍ എല്ലാ ഭരണകര്‍ത്താക്കളുടെയും ഭരണം. പക്ഷെ, തുര്‍ക്കിയുടെ സവിശേഷമായ മത- രാഷ്ട്രീയ സാഹചര്യങ്ങളാല്‍ യൂറോപ്പ് ആ രാഷ്ട്രത്തെ അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ആധുനിക തുര്‍ക്കി എന്ന രാഷ്ട്രീയ ഭാവന സാക്ഷാത്കരിക്കാന്‍ പടിഞ്ഞാറ് വൽക്കരണമാണ് അത്താതുര്‍ക്ക് മാര്‍ഗരേഖയായി സ്വീകരിച്ചത്. വിദ്യാഭ്യാസ ക്രമത്തിന്റെ സമൂല മാറ്റത്തിനായി അറബിക്/ പേര്‍ഷ്യന്‍ ലിപി ഉപേക്ഷിച്ച്‍ ലാറ്റിന്‍ ലിപിയിലേക്ക് മാറിയതും, മത സാംസ്‌കാരിക മാറ്റത്തിനായി മത സാമൂഹിക പ്രതിനിധാനങ്ങളെ നിര്‍ത്തലാക്കിയും, വസ്ത്രധാരണ രീതിയില്‍ പരിഷ്‌കാരം വരുത്തിയതുമെല്ലാം യൂറോപില്‍ പരിപൂര്‍ണ അംഗത്വം എന്ന മോഹം കൊണ്ടുകൂടിയായിരുന്നു.

തുര്‍ക്കി എന്ന അപരസത്വം

ഖിലാഫത്ത് എന്ന അധികാര രൂപം തുര്‍ക്കിക്ക് സമ്മാനിച്ച അറബ്/ ഇസ്‌ലാമിക ബന്ധം അറുത്തുമാറ്റുകയും യൂറോ സെന്റ്രിക് വീക്ഷണം സ്വീകരിച്ചതും യൂറോപ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ സ്ഥാനം ലഭിക്കാനായിരുന്നു. അറബ് ഇസ്‌ലാമിക ലോകത്തിന് സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ കനത്ത ആഘാതം സൃഷ്ടിച്ച 1948-ലെ ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തെ ആദ്യമായി അംഗീകരിച്ച മുസ്‌ലിം ഭൂരിപക്ഷ രാജ്യം തുര്‍ക്കിയാണ്. ഈ രാഷ്ട്രീയ വീക്ഷണത്തില്‍ തന്നെ അക്കാലത്തെ തുര്‍ക്കി ഭരണാധികാരികളുടെ മുസ്‌ലിം ദേശ വിഷയങ്ങളോടുളള പ്രതിപത്തി വ്യക്തമായിരുന്നു. അറബ്- ഇസ്‌ലാമിക ലോകത്തോടുളള രാഷ്ട്രീയമായ പിന്‍മാറ്റത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. രാഷ്ട്രത്തിന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയായി ഫ്രഞ്ച് സെക്കുലരിസം കടമെടുത്തതും ശീതയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് റഷ്യക്കെതിരെ അമേരിക്കക്കൊപ്പം നിലകൊണ്ടതും ഈ പാശ്ചാത്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. വെസ്റ്റ് ഏഷ്യക്ക് പുറമേ യൂറോപ്യന്‍ വന്‍കരയിലായി ഇരുപതിനായിരത്തിലധികം കിലോമീറ്ററുകള്‍ പടര്‍ന്നുകിടക്കുന്ന തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ വളര്‍ച്ചയിലും അനിവാര്യമായ ചുവടുവെപ്പാണ്. യൂറോപ്യന്‍- മംഗോളിയന്‍ വംശപാരമ്പര്യം പേറുന്ന തുര്‍ക്കി ജനത സ്വാഭാവികമായും യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കിയിട്ടുളളത്. ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ തുര്‍ക്കി വംശജര്‍ താമസിക്കുന്ന യൂറോപ്യന്‍ രാഷ്ട്രം. മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മതിയായ അളവില്‍ തുര്‍ക്കി വംശജരുടെ സാന്നിധ്യമുണ്ട്.

ഉഥ്മാനിയ ഖിലാഫത്തിന്റെ അധികാരപരിധിയിലും നയതന്ത്രബന്ധത്തിലും വിധേയമായിരുന്നു പല പാശ്ചാത്യ രാജ്യങ്ങളും. ഈ സാമ്രാജ്യത്വ- രാഷ്ട്രീയ സാഹചര്യമാണ് തുര്‍ക്കിഷ് വംശജരുടെ പാശ്ചാത്യ കുടിയേറ്റത്തിന്റെ പ്രധാന കാരണം. യൂറോപ്യന്‍ ഓറിയന്റലിസ്റ്റ് ചരിത്ര രചനകളില്‍ ‘മുസ്‌ലിം’ എന്നതിനു ബദലായി ‘തുര്‍ക്ക്’ എന്നും സാഹിത്യ രചനകളില്‍ വില്ലന്മാരും അക്രമികളുമായി ചിത്രീകരിച്ചിരുന്നതായി കാണാം. ബ്രാം സ്‌റ്റോക്കറിന്റെ ഹൊറര്‍ നോവലിലൂടെ ഖ്വാതി നേടിയ ഡ്രാക്കുള യഥാര്‍ഥത്തില്‍ സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് പതിനൊന്നാമനോട് യുദ്ധം ചെയ്ത വ്ളാദ് (Vlad III) (1428-1479) ആയിരുന്നു. സുൽത്താൻ പടയോട്ടത്തിലൂടെ വല്ലാചിയ പ്രദേശം കീഴടക്കുകയും രാജകുമാരന്മാരായ ഫ്‌ലാഡിയെയും റാഡു (Radu) വിനെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ പ്രതികാരദാഹിയായ വ്ളാദ് പില്‍ക്കാലത്ത് തന്റെ അധികാരം പിടിച്ചെടുത്തു. ക്രമസമാധാനം നിലനിര്‍ത്തുക എന്ന പേരില്‍ വളരെ ക്രൂരമായ ശിക്ഷാരീതികളാണ് വ്ളാദ് നടപ്പിലാക്കിയിരുന്നത്. അങ്ങനെയാണ് നാടോടികഥകളില്‍ വ്ളാദ് III രക്തദാഹിയായ ഡ്രാകുള എന്ന പേരില്‍ പ്രസിദ്ധമായത് ഈ ചരിത്ര പശ്ചാത്തലാണ്. സുല്‍ത്താൻ മുഹമ്മദ് ഫാതിഹിനെ വില്ലനായും വ്‌ളാദിനെ വല്ലാച്ചിയ പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നായകനായും ചിത്രീകരിച്ച് Dracula Untold (2014) ഹോളിവുഡ് സിനിമ പോലുമുണ്ടായി. പശ്ചാത്യ പോപ്പുലര്‍ കര്‍ചറില്‍ തന്നെ ഉള്‍ചേര്‍ന്നിരിക്കുന്ന മുസ്‌ലിം വിരുദ്ധത യൂറോപ്പിന്റെ തുര്‍ക്കി ദേശത്തോടുളള പ്രതിലോമകരമായ നിലപാടിനെ സഹായിക്കുന്നുണ്ട്.

യൂറോപ്പ് ‘യൂറേബ്യ’ ആകുമെന്ന പ്രചാരണമാണ് തുര്‍ക്കിയോട് ശക്തമായ എതിര്‍പ്പ് സ്വീകരിക്കാനുളള മറ്റൊരു കാരണം. യൂറോപ്പിലെ തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ ഇസ്‌ലാം ഭീതിയുടെ മൂര്‍ത്തരൂപമാണ് അറബ്- മുസ്‌ലിം സ്വത്വങ്ങളോടുളള ഈ ഭയം. പടിഞ്ഞാറ്/ യൂറോപ്പ്/ സെമിറ്റിക് വിരുദ്ധ സമീപനമാണ് മുസ്‌ലിംകള്‍ക്കുളളതെന്ന സമീപനത്തിന്റെ ഉല്‍പനമാണിത്. യൂറോപ്പിലെ മുസ്‌ലിം സാന്നിധ്യം മറ്റൊരു അറേബ്യയുടെ പിറവിക്ക് കാരണമാവും എന്ന പ്രചരണം യഥാര്‍ത്ഥത്തില്‍ തുര്‍ക്ക് വംശജരെയാണ് പ്രധാനമായും ഉന്നം വെക്കുന്നത്. ഇസ്‌ലാമിക ലോകത്തെ മുസ്‌ലിം വൈവിധ്യത്തെക്കുറിച്ച അജ്ഞതയാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്.

എ കെ പാര്‍ട്ടിയും കോപ്പന്‍ഹേഗന്‍ നിബന്ധനകളും

Abdullah Gül

നിലവില്‍ തുര്‍ക്കിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തെ തത്വത്തില്‍ അംഗീകരിക്കുന്നവരാണ്. ചരിത്രപരമായി നജ്മുദ്ദീന്‍ അര്‍ബക്കാനിന്റെ രാഷ്ട്രീയ ധാരയാണ് വ്യത്യസ്ത നിലപാട് സ്വകരിച്ചത്. തുര്‍ക്കിയോടുളള അവജ്ഞതയോടുളള പ്രതികരണമായിരുന്നു അത്. തുര്‍ക്കി ജനതയുടെ പൊതു അഭിപ്രായത്തിനെതിരായ ഈ തീരുമാനത്തോടുളള പ്രതിഷേധം കൂടിയായിരുന്നു എ.കെ പാര്‍ട്ടിയുടെ പിറവിക്ക് പിന്നില്‍. എര്‍ദോഗാൻ, അബ്ദുല്ലാ ഗുല്‍, ദാവൂദോഗ്‌ലു എന്നിവരടങ്ങുന്ന മിതവാദികള്‍ അര്‍ബകാനിന്റെ നിലപാടില്‍ തീവ്രതയുണ്ടെന്ന് ചൂണ്ടികാട്ടിയിരുന്നു. എ. കെ പാര്‍ട്ടി അധികാരത്തിലേറിയതിനു ശേഷം 2002-ലെ കോപ്പന്‍ഹേഗന്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിയില്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. എ. കെ പാര്‍ട്ടി ഒരേ സമയം കമാലിസ്റ്റ്- മിലിറ്ററി വിംഗിനെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സെനോഫോബിക് നിലപാടുകളെയും കോപ്പന്‍ഹേഗന്‍ നിബന്ധനകള്‍കൊണ്ട് നേരിടാന്‍ സാധിച്ചു. ജനാധിപത്യ ക്രമം നടപ്പിലാക്കല്‍, നിയമവാഴ്ച്ച ഉറപ്പുവരുത്തുക, പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവരോട് ആദരവ് നിലനിര്‍ത്തുകയും ചെയ്യുക എന്ന കോപ്പന്‍ഹേഗന്‍ നിബന്ധകള്‍ അടിസ്ഥാനമാക്കി സ്വീകരിച്ച എ.കെ പാര്‍ട്ടിക്ക് കുറഞ്ഞ കാലയളവില്‍ തന്നെ ഇവയൊക്കെ സാക്ഷാത്കരിക്കാന്‍ സാധിച്ചു. പക്ഷെ, ഈ സാമൂഹിക- രാഷ്ട്രീയ പരിഷ്‌കാരങ്ങളൊന്നും തന്നെ യുറോപ്യന്‍ യൂണിയന്‍ വകവെച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ തീവ്രമായ തുര്‍ക്കി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണുണ്ടായത്. യൂറോപ്പിലെങ്ങും സാമ്പത്തികാരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടപ്പോഴും IMF-ല്‍ നിന്നുപോലും സ്വതന്ത്രമായ തുര്‍ക്കി പറഞ്ഞത് ഇനി യൂറോപ്യന്‍ യൂണിയന് തുര്‍ക്കിയെയാണ് ആവശ്യമെന്നും തിരിച്ചല്ലെന്നുമാണ്. എ. കെ പാര്‍ട്ടി നേതൃത്വം പല തവണ യൂറോപ്യന്‍ യൂണിയനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ അംഗത്വ എന്ന മോഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.

സ്ട്രാറ്റജിക് ഡെപ്തും തുര്‍ക്കി ഭീതിയും

മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു ‘സ്ട്രാറ്റജിക് ഡെപ്ത്’ എന്ന ഗ്രന്ഥത്തില്‍ തുര്‍ക്കിയുടെ ഭൂമി ശാസ്ത്രപരവും നയതന്ത്രപരവുമായ പ്രാധാന്യത്തെ പുനര്‍ നിര്‍ണയിക്കുകയുണ്ടായി. ഈ ചിന്തകളാണ് എ.കെ പാര്‍ട്ടിയുടെ അടിയാധാരമായി വര്‍ത്തിച്ചത്. ഖിലാഫത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ തുര്‍ക്കിക്ക് മധ്യേഷ്യന്‍ മേഖലകളിലും യൂറോപ്യന്‍ പ്രദേശത്തും ഒരുപോലെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് എ. കെ പാര്‍ട്ടി അഭിപ്രായപ്പെട്ടു. അറബ് സ്പ്രിംഗിന് മുമ്പ് വളരെ ഫലവത്തായി പ്രയോഗിക്കപ്പെട്ട അയല്‍പക്ക രാഷ്ട്രങ്ങളുമായുളള സീറോ പ്രോബ്ലം പോളിസി; എല്ലാ രാഷ്ട്രങ്ങളുമായി സൗഹാര്‍ദ സമീപനം എന്നീ വിദേശനയങ്ങളെല്ലാം എ. കെ പാര്‍ട്ടിയുടെ പുതിയ ചുവടുവെപ്പുകളായിരുന്നു. യഥാര്‍ഥത്തില്‍ മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന തുര്‍ഗുത് ഒസാല്‍ ആണ് മധേഷ്യന്‍ രാഷ്ട്രങ്ങളോടുളള രാഷ്ട്രീയ- നയതന്ത്ര സാധ്യതകള്‍ ആലോചിച്ചത്. തുര്‍ഗുത് ഒസാലിന്റെ പിന്തുടര്‍ച്ച മാത്രമാണ് എ. കെ പാര്‍ട്ടിയുടെ വിദേശ നയം. എന്നാല്‍ തുര്‍ക്കിയുടെ പ്രദേശിക ബന്ധത്തിലും അന്താരാഷ്ട്ര സ്വാധീനത്തിലും വളരെയധികം സഹായിച്ച ഈ വിദേശ നയം യൂറോപ്യന്‍ വിരുദ്ധ നിലപാടായും, നിയോ- ഓട്ടോമൻ പോളിസിയായും ചിത്രീകരിക്കപ്പെട്ടു. ഒരിക്കല്‍കൂടി യൂറോപിലെ അപരന്‍ എന്ന നിലയില്‍ തുര്‍ക്കിയെ വീക്ഷിക്കാന്‍ ഇതു കാരണമായി.

മുസ്‌ലിം രാഷ്ട്രം എന്ന മതാസ്തിത്വവും ഏഷ്യന്‍- യൂറോപ്പ്യന്‍ വന്‍കരകളുടെ സമ്മേളനം എന്ന ഭൂമിശാസ്ത്ര ഘടനയും തുര്‍ക്കിയെ കൂടുതല്‍ സംശയത്തോടെയാണ് അധിക യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രങ്ങളും കാണുന്നത്. സെനോഫോബിക് കാഴ്ച്ചപ്പാടുളള രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം അധികരിച്ചുവരുന്ന യൂറോപ്പിനോട് ദേശീയവാദികളായ എ. കെ പാര്‍ട്ടി എന്നും അനുകൂല നിലപാട് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കാവതല്ല.

(തുടരും)

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്