Campus Alive

ഇസ്‌ലാമിക പ്രബോധനത്തിന് ചില പ്രായോഗിക നിർദ്ദേശങ്ങൾ

 

പല രാജ്യങ്ങളിലെയും പ്രബോധനാനുഭവങ്ങൾ മുമ്പിൽ വെച്ചു കൊണ്ട് നമ്മുടെ നാട്ടിൽ ഇസ്‌ലാമിക പ്രചാരണത്തിനുപയുക്തമായ ചില പ്രായോഗിക നിർദേശങ്ങൾ സമർപ്പിച്ചുകൊള്ളട്ടെ. സമുദായത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നാശിക്കുന്നു.

ഉച്ചനീചത്വവും അസമത്വവും

ഹിന്ദുമതാനുയായികളുമായുള്ള ദീർഘസമ്പർക്കം മൂലം മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ അസമത്വങ്ങളും നാം ഒന്നാമതായി അവസാനിപ്പിക്കേണ്ടതുണ്ട്. ജനനംകൊണ്ട് ആരും മ്ലേഛനോ ശിഷ്ടനോ ആവുന്നില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ വിശ്വാസം ഇസ്‌ലാമിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇന്നും അങ്ങനെത്തന്നെ. അതിനാൽ ഈ വിശ്വാസത്തെ നമ്മുടെ എല്ലാ സമ്പർക്കങ്ങളുടെയും ബന്ധങ്ങളുടെയും മൗലികാടിസ്ഥാനമായി നാം രണ്ടാമതും അംഗീകരിക്കേണ്ടതുണ്ട്.

കുലമഹിമയെച്ചൊല്ലിയുള്ള വ്യത്യാസം

ഇതര മുസ്‌ലിംകളെ അപേക്ഷിച്ചു നവമുസ്‌ലിംകളെ രണ്ടാംതരക്കാരായി കാണുന്ന ഒരു പൊതുസ്വഭാവം ഇന്നു സമുദായത്തിലുണ്ട്. കുലത്തിന്റെയും തറവാടിത്തത്തിന്റെയും പേരിലുള്ള സങ്കുചിതവീക്ഷണമാണിത്. ഈ അനിസ്‌ലാമിക പ്രവണതയെ ഇസ്‌ലാമിക പ്രബോധകർ കർശനമായി ഉന്മൂലനം ചെയ്യേണ്ടതാണ്. നവ മുസ്‌ലിംകളുമായി വിവാഹബന്ധത്തിലേർപ്പെട്ടും അവർക്ക് വിവാഹം കഴിച്ചുകൊടുത്തും ഇസ്‌ലാമിന്റെ ആദ്യകാല മാതൃക പുനരുജ്ജീവിപ്പിച്ചേ തീരൂ. പക്ഷേ, നമുക്കിടയിലെ മാന്യന്മാർ ഇതംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്നു. ഞാൻ ചോദിക്കട്ടെ. നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെക്കാൾ മാന്യനായി നമുക്കിടയിൽ ആരെങ്കിലുമുണ്ടോ? അവിടുന്ന് രണ്ടു നവമുസ്‌ലിംകളായ അബൂബകർ, ഉമർ എന്നിവരുടെ പുത്രിമാരെ വിവാഹം ചെയ്തു. അലി, ഉസ്മാൻ എന്നീ രണ്ട് നവമുസ്‌ലിംകൾക്ക് തന്റെ പുത്രിമാരെ വിവാഹം കഴിച്ചു കൊടുക്കുകയുമുണ്ടായി.

ഇസ്‌ലാമിക സാഹോദര്യത്തിന്റെ പുനരുജ്ജീവനം

മുസ്‌ലിം സഹോദരങ്ങൾ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുമാറ് ഇസ്‌ലാമിന്റെ മഹത്തായ സാഹോദര്യം പുനരുജ്ജീവിക്കപ്പെടണം.

മത-ധാർമിക ജീവിതത്തിന്റെ സംസ്കരണം

സമുദായത്തിലെ അംഗങ്ങളുടെ ആന്തരിക ജീവിതം നന്നാക്കിത്തീർക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്നതോടൊപ്പം തന്നെ അവരുടെ ബാഹ്യജീവിതം സംസ്കരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിന്റെ പ്രകട വശങ്ങളിൽ ദൃശ്യമാവുന്ന ഇസ്‌ലാമിക ഗുണങ്ങളാണ് അമുസ്‌ലിം സഹോദരങ്ങളെ പ്രഥമമായി ആകർഷിക്കുക എന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിനു ജമാഅത്തായുള്ള നമസ്കാരം, കൃത്യനിഷ്ഠയോടെയുള്ള വ്രതം, ശിർക്കു-ബിദ്അത്തുകളിൽ നിന്നുള്ള വിട്ടുനിൽപ്, ശറഈ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്നുള്ള അകൽച്ച എന്നിവയെക്കുറിച്ച് ഗൗരവപൂർവം മുസ്‌ലിം സമൂഹത്തെ ഉദ്ബോധിപ്പിക്കേണ്ടതാവശ്യമാണ്. അവരിലുള്ള ധാർമിക ദൂഷ്യങ്ങൾക്കറുതി വരുത്താൻ തീവ്രയജ്ഞം തന്നെ നടത്തേണ്ടതുണ്ട്. കാരണം, മുസ്‌ലിം സമൂഹത്തിന്റെ ധാർമിക നിലവാരം പൊതുവേ ഉയരുന്നപക്ഷം ഇസ്‌ലാമിനെക്കുറിച്ച് അമുസ്‌ലിം സഹോദരങ്ങളിൽ സ്വാഭാവികമായും മതിപ്പുളവാകുകതന്നെ ചെയ്യും.

ദീനീവിജ്ഞാനവും പ്രബോധന പ്രേരണയും

വെള്ളിയാഴ്ച പ്രസംഗങ്ങൾ, സായാഹ്ന സദസ്സുകൾ, മദ്റസകൾ ഇതര സമ്പർക്ക മാധ്യമങ്ങൾ എന്നിവയിലൂടെ മുസ്‌ലിം സമുദായത്തിനു മതപരമായ അറിവ് പകർന്നുകൊടുക്കേണ്ടതാവശ്യമാണ്. ഇതര മതങ്ങളെക്കുറിച്ച് വളരെ വ്യക്തമായി അവരെ ധരിപ്പിക്കുകയും അവരിൽ പ്രബോധനാഭിരുചി വളർത്തുകയും വേണം. വിശിഷ്യാ, അധ്യാപകർ, സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സാധാരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ പ്രബോധനവാഞ്ഛ വളർത്തുന്നത് വളരെ പ്രയോജനകരമായിരിക്കും. കാരണം സാധാരണ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടാനും അതുവഴി കാര്യക്ഷമമായ പ്രബോധനപ്രവർത്തനങ്ങൾ നടത്താനും ഇവർക്കായിരിക്കും കൂടുതൽ അവസരം ലഭിക്കുക.

ഒരു വാക്കുകൂടി

ഇതു വളരെ ഭാരിച്ച ഒരു പ്രവർത്തനമാണ്. നമ്മുടെ പണ്ഡിതന്മാരും സദ്ഗുണസമ്പന്നരായ വ്യക്തിത്വങ്ങളും തങ്ങളുടെ മുറിവിട്ടു പുറത്തിറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ഈ ദൗത്യം വിജയിപ്പിക്കാനാവുകയുള്ളൂ. പണ്ഡിതന്മാരുടെ ബാധ്യത വളരെ വ്യക്തമാണ്. പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് അവർ എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഈ ബഹുമതി അവർക്ക് സൗജന്യമായി നൽകപ്പെട്ടതല്ല. മറിച്ച് സമൂഹത്തിന്റെ സംസ്കരണം, മാർഗദർശനം എന്നീ ഭാരിച്ച ഉത്തരവാദിത്വങ്ങൾ അവരിലർപ്പിതമാണെന്നാണ് ഈ ബഹുമതി സൂചിപ്പിക്കുന്നത്. ഈ ഉത്തരവാദിത്വ നിർവഹണത്തിന്റെ കാര്യത്തിൽ അണുഅളവ് വീഴ്ച കാണിക്കുന്നപക്ഷം അവർ അല്ലാഹുവോട് ഉത്തരം ബോധിപ്പിക്കേണ്ടിവരും.

നമ്മുടെ നാട്ടിലെ സൂഫീവര്യന്മാരോടും അവരുടെ കർത്തവ്യത്തെക്കുറിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ മുൻഗാമികളുടെ ഏതെല്ലാം ത്വരീഖത്തുകളുടെ പേരിൽ നിങ്ങൾ ജനങ്ങളെ സംഘടിപ്പിക്കുന്നുവോ അവയുടെ അനന്തരാവകാശം നിങ്ങൾക്ക് വേറുതേ ലഭിച്ചതല്ല. സ്വയം ശ്രേഷ്ഠ വിശേഷണങ്ങൾ സ്വീകരിക്കാനോ ഐഹികമായ ഏതെങ്കിലും കാര്യലാഭത്തിനോ വേണ്ടി നിങ്ങൾ അവ പ്രയോജനപ്പെടുത്തരുത്. നിങ്ങൾ അവരുടെ യഥാർഥ അനന്തരാവകാശികളാണെങ്കിൽ ഭാരിച്ച ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഇസ്‌ലാമിക സേവനമല്ലാതെ മറ്റൊരു ലക്ഷ്യവും പൂർവകാല സൂഫീവര്യന്മാർക്കുണ്ടായിരുന്നില്ല. ആത്മീയമായ സംസ്കരണമാഗ്രഹിച്ച് തങ്ങൾക്ക് ബൈഅത്ത് ചെയ്യുന്ന ജനങ്ങളെ സംബന്ധിച്ച ഉത്തരവാദിത്വം ഇന്നത്തെ ‘ഹസ്രത്തു’കൾക്ക് ഓർമയുണ്ടായിരുന്നുവെങ്കിൽ മുസ്‌ലിം സമൂഹത്തിൽ കാണപ്പെടുന്ന ഒരു നൂറു രോഗങ്ങൾക്ക് പരിഹാരമുണ്ടാകുമായിരുന്നു.

കോടിക്കണക്കിൽ അനുയായികളുള്ള പീറുമാരും ഹസ്രത്തുമാരും നമ്മുടെ നാട്ടിലുണ്ട്. അനുയായികളുടെ ജീവിതത്തിൽ വലിയ സ്വാധീനവും ഇക്കൂട്ടർക്കുണ്ട്. ഒരു സൂചനകൊണ്ട് അനുയായികളുടെ ജീവിതങ്ങളെ മാറ്റിയെടുക്കാൻ ഇവർക്കു കഴിയും (1925 കാലത്തെ അവസ്ഥയാണുദ്ദേശ്യം). ഇത്തരം വൃത്തങ്ങളിൽ ഇസ്‌ലാമിക സേവനസന്നദ്ധത ദൃശ്യമാവുക എന്നതിന്റെ അർഥം അൽപകാലംകൊണ്ട് ഈ ഉപഭൂഖണ്ഡത്തിന്റെ അവസ്ഥ തന്നെ മാറുമെന്നാണ്. ഈ ആത്മീയ നേതാക്കൾ തങ്ങളുടെ ഇരുട്ടറയിൽനിന്ന് പുറത്തുവരുമെന്നും ഇപ്പോഴത്തെ സങ്കീർണ സാഹചര്യത്തിൽ അല്ലാഹുവിനും അവന്റെ ദീനിനും വേണ്ടി രംഗത്തുവരുമെന്നും നമുക്ക് പ്രതീക്ഷിക്കാമോ?


(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാം വാളിന്റെ തണലിലോ?’ എന്ന കൃതിയിൽ നിന്നും. 1925ൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ശുദ്ധി പ്രസ്ഥാനം മൂർദ്ധന്യത്തിലെത്തുകയും ഇസ്‌ലാമിനെതിരെയുള്ള കുപ്രചാരണങ്ങൾ ശക്തിയാർജ്ജിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ് ഈ കൃതി)

അബുൽ അഅ്ലാ മൗദൂദി