Campus Alive

റമദാൻ: ധാർമ്മിക പരിവർത്തനത്തിന്റെ കാലം

ഹൃദയത്തിൽ അല്ലാഹുവിന്റെ സ്നേഹ സ്പർശമേൽക്കുവാനും, അവനെ അറിയാനും, അവനോടുള്ള സ്നേഹത്തിൽ ലയിച്ചു ചേരാനും റമദാൻ മാസത്തിന്റെ ആരംഭത്തിൽ പ്രത്യേകമായി നാം അവനോട് തേടാറുണ്ട്. ദേഹവും ഹൃദയവും അല്ലാഹുവിന്റെ സൃഷ്ടിയാണെങ്കിൽ അവന്റെ വഴിയിലല്ലാതെ ഹൃദയത്തയും ശരീരത്തെയും നയിക്കാൻ നമുക്ക് നിർവാഹമില്ല. അല്ലാഹു നമുക്ക് കടമായി നൽകിയതാണ് ശരീരമെങ്കിൽ പിന്നെങ്ങനെയാണ് ആ ശരീരത്തിന്റെ യഥാർത്ഥ ഉടമസ്ഥന് ഇഷ്ടമില്ലാത്ത മാർഗ്ഗത്തിൽ അതിനെ ഉപയോഗിക്കാൻ നമുക്ക് കഴിയുക? ഇതാണ് റമദാൻ മാസത്തിലെ ഹൃദയവും ശരീരവും.

‘നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കപ്പെട്ട പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു’ (2:183-84) എന്നാണ് അല്ലാഹു നമ്മോട് പറയുന്നത്. ഇബ്രാഹീം നബിയുടെ കാലം മുതൽക്കേയുള്ള മനുഷ്യർ അനുഷ്ഠിച്ചു പോരുന്നതാണ് വ്രതാനുഷ്ഠാനം. ജൂതന്മാരും ക്രിസ്ത്യാനികളും പുരാതന ഗോത്ര മതക്കാരും (ചില ആധുനിക മതരൂപങ്ങളൊഴികെയുള്ള മറ്റെല്ലാ മത വിഭാഗങ്ങളും) ഒരുപോലെ ഏതെങ്കിലും തരത്തിലുള്ള വ്രതം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിന് അനിവാര്യമായി കരുതുന്നുണ്ട്. അല്ലാഹു ഇതേ കുറിച്ച് സൂചിപ്പിക്കുകയും അവനുമായുള്ള നമ്മുടെ ബന്ധത്തിൽ മർമ്മ പ്രധാനമായ പങ്ക് വ്രതാനുഷ്ഠാനത്തിനുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്.

പരിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന നിലയിൽ റമദാനിന്റെ പുണ്യത്തെ കുറിച്ച് അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് (2:185). അല്ലാഹുവിനോട് കൂടുതൽ അടുക്കാനും അവനോടുള്ള പ്രണയത്തിൽ ലയിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു പുണ്യ മാസമാണെന്ന് പ്രവാചകനും (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ പ്രാപഞ്ചികമായ ഒരു ശക്തി നമ്മെ നയിക്കും, ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള മറ അസാധാരണമാം വിധം ഉയർത്തപ്പെടും.

ഇപ്രകാരം ആത്മാർത്ഥ ആഗ്രഹവുമായി റമദാനിൽ കഴിഞ്ഞ സത്യവിശ്വാസികൾക്ക് റമദാനിന്റെ എന്തെന്നില്ലാത്ത പുണ്യത്തെയും അല്ലാഹുവിന്റെ പ്രഭയാലും മാലാഖമാരാലും മുഖരിതമായ അന്തരീക്ഷത്തെയും അനുഭവിച്ചറിയാൻ കഴിയും. ചിലപ്പോൾ, ദൈവികമായ സുഗന്ധത്തെപ്പോലും ഗ്രഹിക്കാൻ കഴിഞ്ഞെന്ന് വരും. പക്ഷേ ഇതല്ലാം നിങ്ങളെയും നോമ്പിനോടുള്ള നിങ്ങളുടെ സമീപനത്തെയും അനുസരിച്ചിരിക്കും.

ഖുർആനും റമദാനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ‘ജനങ്ങളുടെ മാർഗദർശിയാണ് ഖുർആൻ’ എന്നാണ് അല്ലാഹു പറയുന്നത്; കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മാർഗദർശനത്തിന്റെ സൂചകങ്ങളും ഫുർഖാനുമാവുന്നു ഖുർആൻ -അഥവാ, സത്യാ സത്യങ്ങളെ വേർതിരിച്ചറിയുന്നതിനുള്ള അളവുകോൽ എന്നർത്ഥം (2:185). മാർഗ്ഗ ദർശനത്തിന്റെ ചൂണ്ടുപലക പോലെയാണ് സൂചകങ്ങൾ. സന്മാർഗ ദർശനത്തിനായി ഖുർആനിൽ നിന്ന് ലഭിക്കുന്ന അർത്ഥങ്ങൾ അറ്റമില്ലാതെ വികസിച്ചുകൊണ്ടേയിരിക്കുന്നവയായിരിക്കും. ഒരുവൻ ഖുർആനുമായി എത്രകണ്ട് അടുക്കുന്നുവോ അത്രത്തോളം ഖുർആൻ അവനെ ഉൽകൃഷ്ഠനാക്കുകയും പരിവർത്തിപ്പിക്കുയും ചെയ്യും. ഖുർആനിലെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിലും സന്ദർഭങ്ങളിലും വ്യത്യസ്ത രീതിയിലാണ് നിങ്ങളുമായി സംവദിക്കുക. ഇവയൊന്നും യാദൃശ്ചികമല്ല. ഒരു സൂറത്ത് ഇരുപതുവട്ടം ഓതിയാൽ ഓരോ വട്ടവും വ്യത്യസ്ത രീതിയിലായിരിക്കും അത് നിങ്ങളെ സ്വാധീനിക്കുക. ഹൃദയം അല്ലാഹുവുമായി അടുത്തു നിൽക്കുന്നത്രയും കാലം അതങ്ങനെയായിരിക്കും.

നന്മ-തിന്മകളെ വേർതിരിക്കുന്ന അളവുകോൽ കൂടിയാണ് പരിശുദ്ധ ഖുർആൻ. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു നൈതിക മനുഷ്യ ജീവിയായി നിങ്ങളെ ഖുർആൻ പരിവർത്തിപ്പിക്കുന്നില്ലെങ്കിൽ പിന്നെ, ഖുർആൻ നിങ്ങൾക്ക് ഫുർഖാൻ -സത്യാ സത്യ വിവേചനത്തിനുള്ള അളവുകോൽ- ആവുകയില്ല. നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്ന അനേകം സത്യവിശ്വാസികളുണ്ട്, പക്ഷേ അതൊന്നും അവരെ ധാർമ്മികമായി പരിവർത്തിപ്പിക്കുന്നില്ല. കേവലമായ വിശപ്പും ദാഹവുമല്ലാതെ യാതൊന്നും നേടാത്ത അനേകം മനുഷ്യരെ കുറിച്ച് പ്രവാചകൻ (സ) പറയുന്നുണ്ട്.

സ്വന്തം ദേഹം ഇഛിക്കുന്നതെല്ലാം നേടണം എന്ന തത്വത്തിന് പുറത്ത് ജീവിക്കുന്ന അനേകം മനുഷ്യ ജന്മങ്ങളുണ്ട്; ശരീരത്തിന്റെ ഇഛക്കനുസരിച്ച് അവരെന്തും ചെയ്യുന്നു. ദേഹത്തിന് അടിമപ്പെട്ടുകൊണ്ടുള്ള ഒരു ബന്ധമാണ് നമുക്ക് ദേഹവുമായി ഉള്ളതങ്കിൽ, ആ ദേഹം അല്ലാഹുവിന്റേതാണെന്ന സത്യത്തെ ഒരിക്കലും നമുക്ക് തിരിച്ചറിയുക സാധ്യമല്ല. എല്ലാതരം ആഗ്രഹപൂർത്തീകരണവും ശരീരത്തിന് ബാധകമാണെന്ന രീതിയിൽ നാം ജീവിക്കുന്നു. ദേഹത്തെ നാം ശിക്ഷണം ചെയ്തില്ലായെങ്കിൽ, അതതിന്റെ യഥാർത്ഥ ഉടമ നമുക്ക് കടമായി നൽകിയതാണെന്ന കാര്യം നാം മറക്കും. അവസാനം, അല്ലാഹുവിന്റെ സന്നിധിയിൽ വെച്ച് അവൻ നമ്മോട് ചോദിക്കും: “ഞാൻ നിനക്ക് കടമായി നൽകിയ ദേഹത്തെ നീ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്? അമിതവും അക്രമകരവുമായ രീതിയിലാണോ നിങ്ങളതിനെ ഉപയോഗപ്പെടുത്തിയത്? മറ്റുള്ളവരെ വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും അനീതിയുടെ മാർഗ്ഗത്തിലോ നീ അതിനെ ഉപയോഗിച്ചുവോ? അതല്ല ശരീരത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനായാണോ നീ അതിനെ ഉപയോഗിച്ചത്?”

ആത്മ-നിരാസമാണ് (self-Denial) അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പ്രാഥമിക ഘട്ടം, കാരണം ഭൗതികമായ നിയമങ്ങളാൽ ബന്ധിതനല്ല അല്ലാഹു. സ്വദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണം വഴി നിങ്ങൾ ദൈവിക സ്നേഹം പ്രാപിക്കാൻ പോവുന്നില്ല. ദൈവിക യുക്തി എന്ന് പറയുന്നത് തീർത്തും വ്യത്യസ്തമാണ്: അതിഭൗതികതയാണ് അവന്റെ യുക്തി. അതിനാൽ, അല്ലാഹുവിനെ അറിയുവാനുള്ള യാത്രപോലും ഭൗതികതയെ നിഷേധിക്കാൻ പഠിച്ചുകൊണ്ട് മാത്രമേ ആരംഭിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ പ്രവാചകനോട് അല്ലാഹുവിനെ കുറിച്ച് ചോദിച്ചപ്പോൾ അല്ലാഹു പ്രവാചകനോട് ഇപ്രകാരം പറഞ്ഞു; ‘ഞാൻ അവരോട് ഏറ്റവും അടുത്തു തന്നയുണ്ട്, അവരുടെ എല്ലാ പറച്ചിലുകളും ഞാൻ കേൾക്കുന്നുണ്ട്’ (2:186). അല്ലാഹു എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ട്. അവനെ സ്മരിക്കാനും അറിയാനുമുള്ള ശ്രമത്തിന്റെ തുടക്കമെന്നത് ആത്മനിരാസം വഴി ദേഹത്തെ നിയന്ത്രിക്കാൻ പഠിക്കുക എന്നതാണ്.

ദൈവിക സഹായത്താൽ എന്തെങ്കിലും നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ റമദാനാണ് അതിനേറ്റവും ഉചിതമായ സമയം. പ്രാർത്ഥനകൾ അധികരിപ്പിക്കുകയും പ്രതിബദ്ധതയും ധാർമ്മിക മൂല്യങ്ങളുമുള്ള ഒരു മനുഷ്യ ജീവിയായി മാറാൻ പരിശ്രമിക്കുകയും ചെയ്യുക. ആത്മ നിരാസത്തിന്റെയും നിയന്ത്രണങ്ങളുടെയും പരിശീലനത്തിന് അല്ലാഹു നൽകിയ അവസരമാണ് റമദാൻ. ദൈവിക സഹായത്തിന്റെ വാഗ്ദത്തങ്ങളുമായുള്ള നിങ്ങളുടെ പ്രതിജ്ഞ പുതുക്കുവാനുള്ള അവസരമാണിത്. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ഉത്തമരായിരുന്നില്ലെങ്കിൽ, മാതാപിതാക്കളുമായി നല്ല നിലയിലായിരുന്നില്ലാ എങ്കിൽ, സന്താനങ്ങൾക്ക് നല്ല രക്ഷിതാക്കളായിരുന്നില്ലെങ്കിൽ ഈ റമദാനിൽ നിങ്ങളുടെ പ്രതിജ്ഞയെ പുതുക്കുക. നിങ്ങളെയും നിങ്ങളുടെ ദേഹത്തെയും ആത്മാവിനെയും അല്ലാഹു തുണയ്ക്കും. അല്ലാഹുവിന്റ പാതയാണ് നിനക്ക് വേണ്ടതെങ്കിൽ, റമദാനിലെ നോമ്പനുഷ്ഠിച്ചു കൊണ്ട് അവന്റെ മാർഗ്ഗം നിങ്ങൾ പിന്തുടരുക.


വിവർത്തനം: മൻഷാദ് മനാസ്

ഖാലിദ് അബു അൽ ഫദ്ൽ