Campus Alive

രോഹിത്തിന്റെയും നജീബിന്റെയും രാഷ്ട്രീയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ജെ.എന്‍.യുവിലെ ബാപ്‌സ, എസ്.ഐ.ഒ, വൈ.എഫ്.ഡി.എ എന്നീ സംഘടനകള്‍ രോഹിത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പുറത്തിറക്കിയ ലഘുലേഖ

 

രോഹിത്തിന്റെ സ്ഥാപനവല്‍കൃത കൊലപാതകവും നജീബിന്റെ തിരോധാനവും സാക്ഷ്യപ്പെടുത്തുന്നത് മുസ്‌ലിംകളുടെയും ദലിതരുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ സമൂഹങ്ങളുടെയും നിലനില്‍പ്പിനെയാണ് ഇന്ത്യയിലെ മേല്‍ജാതി ഹൈന്ദവത ചോദ്യം ചെയ്യുന്നത് എന്നാണ്. എം.ജഗദീഷ് കുമാറിന്റെയും അയാളുടെ നേതാക്കന്‍മാരായ മേല്‍ജാതി ഹിന്ദു സംഘികളുടെയും കാര്‍മ്മികത്വത്തില്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ കാവിവല്‍ക്കരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. അഡ്മിഷന്‍ രംഗത്തും റിസര്‍ച്ച് പ്രോഗ്രാമുകളിലുമെല്ലാം പിടിമുറുക്കിയിരിക്കുന്ന ഈ മേല്‍ജാതി ഹൈന്ദവതക്കെതിരെ മുസ്‌ലിം-ദലിത് വിദ്യാര്‍ത്ഥികള്‍ ചെറുത്ത്‌നില്‍പ്പ് ശക്തമാക്കിയിട്ടുണ്ടെങ്കിലും അവരുടെ സാന്നിധ്യത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

2016 ജനുവരി 17 ന് രോഹിത് തന്റെ ജീവനൊടുക്കുന്നതിന് മുമ്പ് നേരിടേണ്ടി വന്നത് സാമൂഹ്യ ബഹിഷ്‌കരണമായിരുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിലനില്‍ക്കുന്ന മേല്‍ജാതി ഹിന്ദു മേധാവിത്വത്തെയും യാക്കൂബ് മേമനെ തൂക്കിക്കൊന്ന ദേശരാഷ്ട്രത്തെയും ചോദ്യം ചെയ്തു എന്നതായിരുന്നു രോഹിത് ചെയ്ത കുറ്റം. രോഹിതിന് നേരിടേണ്ടി വന്ന സാമൂഹ്യ ബഹിഷ്‌കരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് യൂണിവേഴ്‌സിറ്റികളില്‍ നിലനില്‍ക്കുന്ന ജാതീയതയുടെ ചരിത്രങ്ങളെയാണ്. അഥവാ, അഡ്മിഷന്‍ സമയത്തെ വിവേചനങ്ങള്‍, സാമൂഹ്യ ബഹിഷ്‌കരണം, നജീബിന്റെ വിഷയത്തില്‍ സംഭവിച്ച പോലെ രാഷ്ട്രീയ നിലനില്‍പ്പിനെ ചോദ്യം ചെയ്യല്‍ എന്നിവ കാലങ്ങളായി മുസ്‌ലിം, ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട്.

_b2c51faa-dcdf-11e6-84f6-f9b2ee092ea6

2016 ഒക്ടോബര്‍ 14നാണ് നജീബിനെ കാണാതാകുന്നത്. വളരെ ആസൂത്രിതമായാണ് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചത്. കയ്യില്‍ ഒരു സാക്രെഡ് ത്രെഡ് ധരിച്ചതിന്റെ പേരില്‍ വോട്ട് ചോദിച്ചെത്തിയ എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്നതാണ് നജീബിനെതിരായ ആരോപണം. നജീബ് തന്നെയാണ് തനിക്കെതിരായ ആക്രമണത്തിനുത്തരവാദി എന്നാരോപിക്കാന്‍ വേണ്ടി എ.ബി.വി.പി പ്രവര്‍ത്തകര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണിത് എന്നത് വ്യക്തമാണ്. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യക്ക് മുന്നോടിയായി നരേന്ദ്ര മോദി നിര്‍മ്മിച്ചെടുത്ത കഥകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ദലിത് വിദ്യാര്‍ത്ഥികളെ നിശ്ശബ്ദരാക്കാനും യൂണിവേഴ്‌സിറ്റികളിലെ ബ്രാഹ്മണാധിപത്യത്തെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ലക്ഷ്യം വെച്ചാണ് രോഹിതിനെ സ്ഥാപനവല്‍കൃത കൊലപാതകത്തിനിരയാക്കിയതെങ്കില്‍ ജെ.എന്‍.യു അടക്കമുള്ള കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ത്ഥികളെ ‘കുടിയൊഴിപ്പിക്കു’ന്നതിന്റെ സൂചനയാണ് നജീബിന്റെ തിരോധാനം നമുക്ക് നല്‍കുന്നത്. അതേസമയം തങ്ങളുടെ മക്കളെ ഇല്ലാതാക്കിയ സ്‌റ്റേറ്റിനോട് രാധിക വെമുലക്കും ഫാത്തിമ നഫീസക്കും നീതി തേടേണ്ടി വരുന്നു എന്ന വൈരുദ്ധ്യമാണ് നിലനില്‍ക്കുന്നത്.

522978-najeebജെ.എന്‍.യുവിന്റെ ‘പുരോഗമന രാഷ്ട്രീയം’ ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പോരാട്ടങ്ങളെ  അപ്രാപ്പിയേറ്റ് ചെയ്താണ് നിലനില്‍ക്കുന്നത്. പാര്‍ലമെന്ററി ലെഫ്റ്റ് പാര്‍ട്ടികളാണ് അതിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. നിലനില്‍പ്പിനും വിമോചനത്തിനും വേണ്ടിയുള്ള അപരവല്‍കൃത സമുദായങ്ങളുടെ രാഷ്ട്രീയ ചോദ്യങ്ങളെയും പോരാട്ടങ്ങളെയും ഇടത് ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം തന്നെ മേല്‍ജാതി ഹൈന്ദവത സൃഷ്ടിക്കുന്ന അധികാരഘടനകള്‍ക്ക് പരിക്കേല്‍ക്കിപ്പിക്കാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിക്കുകയും ചെയ്യുന്നു.

നജീബും രോഹിതും ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യം വെറും ഇരവാദമായിരുന്നില്ല. അതിനാല്‍ തന്നെ ഇടത്പക്ഷത്തിന്റെ ഇരവാദ രാഷ്ട്രീയത്തിലേക്ക് അത് പരിമിതപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രോഹിത്തിന്റെയും നജീബിന്റെയും ജീവിതവും പോരാട്ടവും റാഡിക്കല്‍ സോളിഡാരിറ്റിയെക്കുറിച്ച പുതിയ രാഷ്ട്രീയ ഭാവനകളാണ് സൃഷ്ടിക്കേണ്ടത്. മേല്‍ജാതി ഹിന്ദു വയലന്‍സിനെതിരായ ചെറുത്തുനില്‍പ്പിന്റെ പുതിയ ഭാഷകളാണ് അപര സമുദായങ്ങള്‍ക്ക് അത് സമ്മാനിക്കുന്നത്.