Campus Alive

മുസ്‌ലിം ഫെമിനിസ്റ്റ് രാഷ്ട്രീയം: ഹൂറിയ ബൂത്‌ലെജയുടെ സമീപനങ്ങള്‍

2015 നവംബറില്‍ പാരീസില്‍ നടന്ന ‘ഭീകരാക്രമത്തിന്’ ശേഷം സോഷ്യോളജിസ്റ്റായ ഫര്‍ഹാദ് ഖോസ്‌റോഖവാര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ലേഖനമെഴുതുകയുണ്ടായി. എന്ത് കൊണ്ടാണ് ഫ്രാന്‍സ് നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത് എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന ചോദ്യം. അദ്ദേഹം എഴുതുന്നത് നോക്കൂ: ‘ യുവാക്കളാണ് മിക്കപ്പോഴും ഭീകരാക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്നൊരു ഭീതി അവര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്’. മിക്ക പേരും ഈ തിയറിയെ ഏറ്റെടുക്കുകയുണ്ടായി. ഇസ്‌ലാമോഫോബിയയും കറുത്തവര്‍ക്കെതിരായ വംശീയാക്രമണങ്ങളുമെല്ലാം യുവാക്കളെ റാഡിക്കലിസത്തിലേക്കും ഭീകരപ്രവര്‍ത്തനങ്ങളിലേക്കുമാണ് എത്തിക്കുന്നത് എന്ന നിഗമനത്തിലാണവര്‍ എത്തിച്ചേര്‍ന്നത്.

ഫ്രഞ്ച് ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ചകളിലെല്ലാം home-grown jihadsim എന്ന പദം കടന്ന് വരാറുണ്ട്. ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരതയുമായി ചേര്‍ത്ത് നിര്‍ത്തി സംസാരിക്കുമ്പോള്‍ മറ്റ് ചിലര്‍ ( പ്രധാനമായും ലെഫ്റ്റിസ്റ്റുകള്‍) ഭീകരതയെ നിര്‍മ്മിക്കുന്നത് ഇസ്‌ലാമോഫോബിയ, വംശീയത തുടങ്ങിയ ഘടകങ്ങളാണ് എന്നാണ് പറയുന്നത്. അതേസമയം, ഇസ്‌ലാമോഫോബിയയെയും ഫ്രഞ്ച് വംശീയതയെയും വെല്ല്‌വിളിച്ച് കൊണ്ട് ഫ്രാന്‍സില്‍ രൂപപ്പെട്ട് വരുന്ന പുതിയ പൊളിറ്റിക്കല്‍ മൂവ്‌മെന്റുകളെക്കുറിച്ച് ഈ രണ്ട് കൂട്ടരും നിശ്ശബ്ദരാണ്. മാത്രമല്ല, മുസ്‌ലിം സ്ത്രീകളാണ് ഈ മൂവ്‌മെന്റുകളുടെ മുന്‍നിരയിലുള്ളത് എന്നതാണ് ശ്രദ്ധേയം.

hij

ഇസ്‌ലാമോഫോബിയക്കും വംശീയതക്കുമെതിരെ ഫ്രാന്‍സില്‍ ഈയടുത്ത് നടന്ന സോഷ്യല്‍ ഗാതറിങ്ങുകളെല്ലാം കാണിക്കുന്നത് മുസ്‌ലിം സ്ത്രീകളാണ് ഈ പുതിയ രാഷ്ട്രീയ ചലനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എന്ന കാര്യമാണ്. ഫ്രാന്‍സിലെ മുഖ്യധാരാ ഫെമിനിസ്റ്റ്, വംശീയ വിരുദ്ധ മൂവ്‌മെന്റുകളോടെല്ലാം വിമര്‍ശനാത്മക അകലം പാലിച്ചാണ് അവര്‍ നിലനില്‍ക്കുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വംശീയാതിക്രമങ്ങളെ ജ്ഞാനശാസ്ത്രപരമായി നേരിടാന്‍ ഫ്രഞ്ച് ഫെമിനിസത്തിന് കഴിയില്ല എന്നാണവര്‍ വാദിക്കുന്നത്. മുഖമക്കനയടക്കമുള്ള മുസ്‌ലിംകളുടെ റിലീജ്യസായ ആവിഷ്‌കാരങ്ങള്‍ക്ക് തടയിടുന്ന ഫ്രഞ്ച് സ്റ്റേറ്റിന്റെ നടപടികളെക്കുറിച്ച് ഫെമിനിസ്റ്റുകള്‍ ഒന്നും പറഞ്ഞില്ല എന്ന വസ്തുതയെ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

നോര്‍ത്താഫ്രിക്കയില്‍ നിന്നും വെസ്റ്റാഫ്രിക്കയില്‍ നിന്നും കുടിയേറുന്നവരെയെല്ലാം ‘മുസ്‌ലിം’ എന്ന കാറ്റഗറിയിലാണ് ഫ്രഞ്ച് സ്റ്റേറ്റ് ഉള്‍പ്പെടുത്തുന്നത്. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ അവര്‍ ഫ്രാന്‍സില്‍ അക്രമത്തിനിരയാകാറുണ്ട്. പോലീസും സ്‌റ്റേറ്റും അതില്‍ പങ്കാളികളാണ്. ഹെഡ്‌സ്‌കാര്‍ഫ് നിരോധനം, മുഖപട നിരോധനം തുടങ്ങിയവയിലൂടെയാണ് ഫ്രഞ്ച് സ്റ്റേറ്റ് മുസ്‌ലിംകളെ പ്രൊഫൈലിംങിന് വിധേയമാക്കുന്നത്. ലിംഗസമത്വത്തിന്റെ പേരിലാണ് ഈ നിയമങ്ങളെല്ലാം പാസ്സാക്കപ്പെട്ടത്. മുഖ്യധാരാ ഫെമിനിസ്റ്റ് സംഘടനകളെല്ലാം അതിനെ പിന്തുണക്കുകയുണ്ടായി.

രണ്ട് പ്രധാന സംഭവങ്ങളാണ് ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകളുടെ പുതിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമായത്. 2005 ഒക്ടോബറില്‍ കറുത്ത വംശജരായ രണ്ട് കുട്ടികളെ പോലീസ് വെടിവെച്ച് കൊന്നതാണ് ആദ്യത്തെ സംഭവം. അന്ന് രാജ്യത്തുടനീളം കലാപങ്ങളരങ്ങേറുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടാമത്തേത് 2004 ല്‍ ഫ്രഞ്ച് സ്റ്റേറ്റ് നടപ്പിലാക്കിയ ഹെഡ്‌സ്‌കാര്‍ഫ് നിരോധനമാണ്. ഈ സംഭവത്തോടെയാണ് സിഹാമെ അസ്ബാഗ് എന്ന മുസ്‌ലിം ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ജെന്‍ഡര്‍ ക്വസ്റ്റ്യനില്‍ നിന്ന് മാറി റേസ് ക്വസ്റ്റ്യന്‍ ഉന്നയിക്കാന്‍ തുടങ്ങുന്നത്. അവരും അവരുടെ സഹോദരനും ഫ്രഞ്ച് പോലീസിന്റെ പ്രൊഫൈലിംങിന് വിധേയമായിട്ടുണ്ട്.

french-islam-rally-1024x831

2009 ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഫ്രാന്‍സിലെ മുസ്‌ലിംകളും കറുത്തവരും അനുഭവിക്കുന്ന തീക്ഷ്ണമായ റേഷ്യല്‍ പ്രൊഫൈലിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ വേറൊരു പഠനത്തില്‍ പറയുന്നത് വെളുത്തവരെ അപേക്ഷിച്ച് കറുത്തവരും നോര്‍ത്താഫ്രിക്കക്കാരും ദിനേനയെന്നോണം വംശീയാതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നാണ്. അതേസമയം മുസ്‌ലിം സ്ത്രീകള്‍ ഇരയാകുന്നത് ലീഗല്‍ ഇസ്‌ലാമോഫോബിയക്കാണ്. ഐക്യഖണ്ഡേനയാണ് ഫ്രഞ്ച് നാഷണല്‍ അസംബ്ലി ഹെഡ്‌സ്‌കാര്‍ഫ് നിരോധനം നടപ്പിലാക്കിയത്. ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഭാവിയാണ് അത്മൂലം ഇല്ലാതായത്. ഈ നിയമത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് One School for all collective എന്ന പേരില്‍ ഒരു സോഷ്യല്‍ മൂവ്‌മെന്റ് ഫ്രാന്‍സില്‍ രൂപം കൊള്ളുന്നത്. അതിലൂടെയാണ് ഹൂറിയ ബൂത്‌ലെജ പൊതുരംഗത്തേക്ക് കടന്ന് വരുന്നത്.

 

ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് സി.എന്‍.ഡി.എഫ എന്ന സംഘടന ( National Collective for Women’s Rights) ഒരു അന്തര്‍ദേശീയ വനിതാ മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുന്നത്. പരിപാടിയെക്കുറിച്ച് തീരുമാനിക്കുന്നതിന് വേണ്ടി വിളിച്ച് ചേര്‍ക്കപ്പെട്ട യോഗത്തില്‍ ഹൂറിയയുടെയും മഫ്തധാരിണികളായ മുസ്‌ലിം സ്ത്രീകളുടെയും സാന്നിധ്യം ‘വുമണ്‍’ ആക്ടിവിസ്റ്റുകളെ അസ്വസ്ഥരാക്കുകയുണ്ടായി. കാരണം ഹെഡ്‌സ്‌കാര്‍ഫ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് നിലപാടുകളാണ് ഫെമിനിസ്റ്റുകള്‍ക്കുണ്ടായിരുന്നത്. ഒരു കൂട്ടര്‍ നിയമത്തെ പിന്തുണച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ നിയമത്തെയും ഹെഡ്‌സ്‌കാര്‍ഫിനെയും ഒരുപോലെ എതിര്‍ക്കുകയുണ്ടായി. വുമണ്‍സ് മാര്‍ച്ചിലെ ഹൂറിയയുടെയും മുസ്‌ലിം ഫെമിനിസ്റ്റുകളുടെയും സാന്നിധ്യത്തെ മിക്ക ഫെമിനിസ്റ്റുകളും രൂക്ഷമായി എതിര്‍ക്കുകയും മഫ്ത ധരിക്കുന്നവര്‍ ഇറാനിലേക്കോ സൗദി അറേബ്യയിലേക്കോ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹൂറിയയും കൂട്ടരും 2004 ജൂണില്‍ സി.എഫ്.പി.എഫ് (Collective of Feminists for Equality) എന്ന ഒരു മൂവ്‌മെന്റിന് തുടക്കം കുറിക്കുന്നത്. ജെന്‍ഡര്‍ ആയിരുന്നില്ല അവരുടെ കണ്‍സേണ്‍. റേസ് ക്വസ്റ്റിയനുകളായിരുന്നു അവരുന്നയിച്ചിരുന്നത്. ഫെമിനിസത്തെ പ്ലൂരലൈസ് ചെയ്യുകയാണ് അവര്‍ ചെയ്തത്. ഫെമിനിസ്റ്റ് കളക്ടീവ് എന്നതിന് പകരം കളക്ടീവ് ഓഫ് ഫെമിനിസ്റ്റ്‌ എന്ന പേര് സ്വീകരിക്കാനുള്ള കാരണവും അത് തന്നെയാണ്. ഒരേ സമയം മുസ്‌ലിമും ഫെമിനിസ്റ്റും ആകുന്നതിന്റെ തിയോളജിക്കലായ സാധ്യതകളെക്കുറിച്ചാണ് അവരന്വേഷിച്ചത്. എന്നാല്‍ ഈ മൂവ്‌മെന്റിനകത്തും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയുണ്ടായി. വെളുത്ത ഫെമിനിസ്റ്റുകള്‍ സംഘടനയെ ഹൈജാക്ക് ചെയ്യുന്നു എന്ന് മുസ്‌ലിം ഫെമിനിസ്റ്റുകള്‍ ആരോപിക്കാന്‍ തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം ഗര്‍ഭഛിദ്രത്തിന് വേണ്ടിയുള്ള സമരങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അത്‌പോലെ ‘ my body belongs to me’ എന്ന തലക്കെട്ടില്‍ സംഘടന നടത്തിയ ക്യാംപെയ്‌നെ ഹൂറിയയുടെ നേതൃത്വത്തില്‍ മുസ്‌ലിം ഫെമിനിസ്റ്റുകള്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. അവരെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ അവകാശി ദൈവമാണ്. ഫ്രാന്‍സിലെ ന്യൂനപക്ഷ സമൂഹങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം ഇതൊന്നുമല്ല എന്നായിരുന്നു അവരുടെ വാദം. വംശീയത, ഇസ്‌ലാമോഫോബിയ, സ്‌റ്റേറ്റ് വയലന്‍സ് തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും അവരുടെ കണ്‍സേണ്‍. വെളുത്ത ഫെമിനിസ്റ്റുകളുടെ ആവശ്യങ്ങളെ യൂണിവേഴ്‌സലായി അവതരിപ്പിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തിലാണ് Indigenes Feminists എന്ന ഒരു മൂവ്‌മെന്റിന് ഹൂറിയയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ തുടക്കം കുറിക്കപ്പെടുന്നത്. ഒരേ സമയം racism, classism, sexism തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ഒരു വിമോചന പദ്ധതിയായാണ് അവര്‍ ഫെമിനിസത്തെ മനസ്സിലാക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം മുസ്‌ലിം പുരുഷന്‍മാര്‍ക്കെതിരായ സ്റ്റേറ്റ് വയലന്‍സ് മുസ്‌ലിം സ്ത്രീകളെയും വൈകാരികമായി ബാധിക്കുന്ന കാര്യമാണ്.

bouteldja

ഹൂറിയ ബൂത്‌ലെജ ഫെമിനിസത്തെ മനസ്സിലാക്കുന്നത് അസ്സെര്‍ട്ടീവായ മുസ്‌ലിം ആവിഷ്‌കാരങ്ങളുടെ becoming നെ തടയുന്ന സ്റ്റേറ്റിന്റെ ഉപകരണമായാണ്. താനൊരു മുസ്‌ലിം ഫെമിനിസ്റ്റാണെന്ന് പോലും അവരവകാശപ്പെടുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉടലെടുത്ത ഫെമിനിസ്റ്റ് ആശയങ്ങള്‍ ഇതര സമൂഹങ്ങളിലേക്ക് അപ്ലൈ ചെയ്യാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. കറുത്തവര്‍ക്കും കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ ഫ്രഞ്ച് സ്റ്റേറ്റിന്റെ വയലന്‍സാണ് അവരുടെ പ്രധാന കണ്‍സേണ്‍. അവരുടെ പുതിയ പുസ്തകത്തില്‍ ബ്ലാക്ക് പാന്തര്‍ മൂവ്‌മെന്റിന്റെ അംഗമായിരുന്ന അസ്സാത്ത ഷക്കൂറിന്റെ ഒരു സ്റ്റേറ്റ്‌മെന്റ് ഉദ്ധരിക്കുന്നുണ്ട്. അവര്‍ പറയുന്നത് നോക്കൂ: ‘ ഞങ്ങളുടെ സഹോദരന്‍മാര്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയില്ല.’അസ്സാത്തയെ പിന്തുടര്‍ന്ന് കൊണ്ടാണ് ഹൂറിയയും വിമോചന രാഷ്ട്രീയത്തിന്റെ പുതിയ വഴികള്‍ തേടുന്നത്.

 

വംശീയതയെക്കുറിച്ച ചോദ്യമാണ് ആദ്യമുന്നയിക്കേണ്ടത് എന്നാണ് ഹൂറിയ വാദിക്കുന്നത്. കാരണം പാട്രിയാര്‍ക്കിയെക്കുറിച്ച ചോദ്യങ്ങള്‍ സ്‌റ്റേറ്റിനാണ് മുതല്‍ക്കൂട്ടാവുക. അവരെ സംബന്ധിച്ചിടത്തോളം വംശീയതയാണ് ജെന്‍ഡര്‍ വയലന്‍സിനെ ഉല്‍പ്പാദിപ്പിക്കുന്നത്. അതിനാല്‍ തന്നെ വംശീയതയെ അഡ്രസ്സ് ചെയ്യാതെ ജെന്‍ഡറിനെക്കുറിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുക സാധ്യമല്ല. അമേരിക്കയിലെ ബ്ലാക്ക് ഫെമിനിസ്റ്റുകളുടെ സമീപനങ്ങളുമായി ഇവിടെ ഹൂറിയയുടെ രാഷ്ട്രീയത്തിന് സാമ്യത കൈവരുന്നുണ്ട്.

വംശീയതയും ഇസ്‌ലാമോഫോബിയയും എങ്ങനെയാണ് Gendered ആകുന്നത് എന്നതിനെക്കുറിച്ച് മുഖ്യധാരാ ഫെമിനിസ്റ്റുകള്‍ ബോധവാന്‍മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ടാണ് ഹെഡ്‌സ്‌കാര്‍ഫിന്റെയും മറ്റ് റിലീജ്യസ് സിംബലുകളുടെയും സ്‌റ്റേറ്റ് നിരോധനത്തെ അവര്‍ക്ക് പിന്തുണക്കാന്‍ കഴിയുന്നത്. വംശത്തെയും ലിംഗത്തെയും പരസ്പരബന്ധിതമായ സോഷ്യല്‍ കാറ്റഗറികളായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഫ്രഞ്ച് ഫെമിനിസ്റ്റുകളുടെ പ്രശ്‌നമെന്നാണ് ഹൂറിയ പറയുന്നത്. emancipation, freedom, equality എന്നിവക്കെല്ലാം മതേതതരമല്ലാത്ത ആവിഷ്‌കാരങ്ങളുമുണ്ടെന്ന് അവര്‍ മനസ്സിലാക്കണമെന്നാണ് ഹൂറിയ ആവശ്യപ്പെടുന്നത്. ഹൂറിയയെ സംബന്ധിച്ചിടത്തോളം സ്‌റ്റേറ്റ് വയലന്‍സും ഇസ്‌ലാമോഫോബിയയും ആന്റി-ബ്ലാക്ക്‌നെസ്സുമെല്ലാം ഫെമിനിസ്റ്റ് ചോദ്യങ്ങള്‍ കൂടിയാണ്. ഇങ്ങനെ ഫെമിനിസ്റ്റ് ചോദ്യങ്ങളെ വിശാലമാക്കുന്നിടത്താണ് പുതിയ വിമോചന രാഷ്ട്രീയ ഭാവനകള്‍ സാധ്യമാവുക എന്നാണവര്‍ പറയുന്നത്.

 

Reference:

Islam and Modernity: Can We Be Muslims in the West ? By Houria Bouteldja

Political Power and Social Races, by Houria Bouteldja

Race, Class and Gender: A New Three-Headed Divinity, by Houria Bouteldja

“What will become of all this beauty?”, by Houria Bouteldja

Charlie Hebdo: The Sacred of the “Wretched of the Earth” and its Desecration, by Houria Bouteldja

Behind Islamophobia, Fascism and Complicit Antifascism, by Houria Bouteldja

Gay universalism, homoracialism and « marriage for all », by Houria Bouteldja

Islamophobia: when the Whites lose their Triple A rating, by Houria Bouteldja

What is universal anti-racism good for?, by Houria Bouteldja and Sadri Khiari

The Decolonizing Struggle in France – Interview with Houria Bouteldja

 

 

 

 

 

 

 

 

 

 

ടി.പി സുമയ്യ ബീവി