Campus Alive

ജാതി വിരുദ്ധ പ്രക്ഷോഭങ്ങളും ഇടതുപക്ഷവും : വിജു കൃഷ്ണന് ഒരു തുറന്ന കത്ത്

2016 ആഗസ്റ്റ് 15ന് ഉനയില്‍ സമാപിച്ച ദലിത് അസ്മിത യാത്രയിലേക്ക് വിജോ കൃഷ്ണന്റെ നേതൃത്വത്തില്‍ കുറച്ച് സി.പി.എം പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കടന്ന്‌ചെല്ലുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഇടത്പക്ഷത്തോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ദലിത് ക്യാമറ ആഗ്രഹിക്കുന്നത്‌

1957 നു മുമ്പ് നടന്ന കര്‍ഷക സമരങ്ങളുടെയെല്ലാം പ്രധാന മുദ്രാവാക്യം ‘കൃഷി ഭൂമി കര്‍ഷകന്’ ‘എന്നായിരുന്നു. ദലിതര്‍ ജീവന്‍ നല്‍കി പങ്കെടുത്ത ഈ സമരങ്ങളുടെ ശേഷം നടന്ന ഭൂവിതരണത്തില്‍ അവര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അവര്‍ക്കു അവലംബിക്കേണ്ടി വന്ന മിച്ച ഭൂമികളില്‍ ഭൂരിഭാഗവും ഇന്ന് നിയമക്കുരുക്കിലാണ്. വന്‍കിട പ്ലാന്റേഷനുകള്‍ പാട്ട കാലാവധിക്കു ശേഷവും ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദളിതരെ അവകാശങ്ങള്‍ക്കും വേതനത്തിനും വേണ്ടി സംസാരിക്കുന്ന കര്‍ഷക തൊഴിലാളികളായി ചുരുക്കാന്‍ ഇടതു യൂണിയനുകള്‍ക്കു കഴിഞ്ഞു.(പശ്ചിമ ബംഗാളില്‍ കര്‍ഷക തൊഴിലാളികള്‍ ഇല്ലെന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ സംവിധാനം പോലുമുണ്ടായിരുന്നില്ല.)

social issues ph

ശേഷം നടന്ന ഭൂപരിഷ്‌കരണത്തിലൂടെ ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് ഭൂമി വെട്ടിപ്പിടിക്കാനുള്ള അവസരമാണ് ഇടതു-വലതു മുന്നണികള്‍ നല്‍കിയത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ തങ്ങളുടെ ഭൂമി കുടുംബ ട്രസ്റ്റുകള്‍ക്കും മത ട്രസ്റ്റുകള്‍ക്കുമൊക്കെ കീഴിലാക്കി മാറ്റി. ഇതിലൂടെ ഭരണകൂടം ദളിതരും ആദിവാസികളുമടങ്ങുന്ന ജനസമൂഹത്തെ ചേരികളിലേക്കും കോളനികളിലേക്കുമൊക്കെ ആട്ടിയോടിച്ചു വഞ്ചിക്കുകയായിരുന്നു. 1957 ലെ കമ്മ്യൂണിസ്‌റ് മന്ത്രിസഭയിലെ ആഭ്യന്തര നിയമ മന്ത്രിയായിരുന്ന കൃഷ്ണയ്യരുടെ കൃഷി ഭൂമി അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റിലേക്കു കൂട്ടിചേര്‍ത്ത സംഭവം ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. പത്തു ശതമാനം ഭൂമി ദളിതര്‍ക്കു നല്‍കിയെന്ന് നിങ്ങളുടെ പാര്‍ട്ടി തെറ്റായ പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ഭൂമിക്ക് ദളിതര്‍ പണം നല്‍കേണ്ടി വന്നു.

കേരള ഗവണ്‍മെന്റിനു കീഴിലെ ‘കില ‘ ( Kerala Institute of Local Administration) നടത്തിയ പഠനപ്രകാരം സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ 55 ശതമാനവും (ദളിത് ക്രൈസ്തവര്‍ ഒഴിച്ച്) 26198 കോളനികളിലായി മോശപ്പെട്ട സാഹചര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്. 2011 ലെ സെന്‍സസ് പ്രകാരം പതിനഞ്ച് ലക്ഷം ദളിതരില്‍ പന്ത്രണ്ട് ശതമാനത്തോളം കഴിയുന്നത് തകര്‍ന്നു വീഴാറായ കൂരകളിലാണ്. 43 ശതമാനത്തോളം വരുന്ന ദലിതര്‍ക്ക് കഷ്ടിച്ച് ജീവിക്കാനുള്ള വീടുകളാണുള്ളത്.

327999-buddhadebbhattacharjee

ഇടതു പക്ഷം 34 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ ഏറ്റവും വലിയ നേട്ടമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഭൂപരിഷ്‌കരണമാണ്. ദളിതുകളും ആദിവാസികളുമടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ ഇതിന്റെ ഏറ്റവും വലിയ ഉപയോക്താക്കളാക്കി ചിത്രീകരിച്ച നിങ്ങളുടെ പാര്‍ട്ടി സൈദ്ധാന്തികര്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയോ എണ്ണം പെരുപ്പിച്ചു കാണിക്കുകയോ ആണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു ലഭിച്ച വളരെ തുച്ഛമായ ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയാതെ അവര്‍ ദിവസക്കൂലിക്ക് മറ്റു ജോലികള്‍ ചെയ്യുകയായിരുന്നു. 2004-2005 ലെ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിലെ പന്ത്രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പല മാസങ്ങളിലും ആവശ്യത്തിന് ഭക്ഷണംപോലും ലഭിച്ചിട്ടില്ല. ബംഗാളിലെ ഗ്രാമീണ കുടുംബങ്ങളിലെ ആയിരത്തില്‍ 106 കുടുംബങ്ങളും മുഴു പട്ടിണിയിലോ പാതി പട്ടിണിയിലോ ആണ് കഴിഞ്ഞ് കൂടുന്നത്. (ആന്ധ്രയില്‍ ഇത് ആയിരത്തില്‍ ആറും ആസ്സാമില്‍ പതിനേഴും, ബിഹാറില്‍ ഇരുപതും, ഒറിസ്സയില്‍ നാല്‍പ്പത്തെട്ടുമാണ്.) 2001 ലെ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 58.3 ശതമാനം ദരിദ്ര ഗ്രാമീണ കുടുംബങ്ങളില്‍ ആറു ശതമാനത്തിനു മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ. ബംഗാളിലാകട്ടെ, 55.4 ശതമാനം വരുന്ന ദരിദ്ര കര്‍ഷക കുടുംബങ്ങളില്‍ നാല് ശതമാനത്തിനു മാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. 2001 ല്‍ രാജ്യത്തു മൊത്തം 35.1 ശതമാനം  കര്‍ഷക കുടുംബങ്ങള്‍ ഭൂരഹിതരായിരുന്നപ്പോള്‍ ബംഗാളില്‍ ഇത് 39.2 ശതമാനമായിരുന്നു. 2001 ലെ സെന്‍സസ് പ്രകാരം ബംഗാളിലെ ഒരു കോടി ദളിത് കുടുംബങ്ങളിലെ പതിനഞ്ച് ശതമാനത്തോളവും തകര്‍ന്ന വീടുകളിലാണ് അന്തിയുറങ്ങുന്നത്.

…………….                                                                     ……………….                                                    ……………..

ഉന അസ്മിത യാത്രയുടെ വിപ്ലവകരമായ പരിണിത ഫലമെന്ന് പറയാവുന്നത് അവര്‍ യാത്രയില്‍ പ്രഖ്യാപിച്ചതുപോലെ, കാലങ്ങളായി അവിടത്തെ ബ്രാഹ്മണര്‍ ദളിതരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ചത്ത പശുക്കളുടെ തോലരിയുന്ന ജോലി ഇനി അവര്‍ ചെയ്യുകയില്ലെന്ന പ്രഖ്യാപനമായിരുന്നു. അതുപോലെ ഇന്ത്യയിലെ ദളിതര്‍ ചെയ്യാന്‍ വിധിക്കപ്പെട്ട മറ്റൊരു ഹീനമായ ജോലിയാണ് തോട്ടിപ്പണി. തോട്ടിപ്പണി നിരോധിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയും ഒരുപാട് പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും യാഥാര്‍ഥത്തില്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലും അത് നിര്‍ബാധം തുടര്‍ന്ന് പോന്നിട്ടുണ്ട്. 2015 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ത്രിപുരയിലെ ആകെയുള്ള 17332 കുടുംബങ്ങളില്‍ 6.9 ലക്ഷം കുടുംബങ്ങള്‍ തോട്ടിപ്പണി ചെയ്താണ് ജീവിക്കുന്നത്. 2011 ലെ ഇതേ സെന്‍സസ് പ്രകാരം കേരളത്തില്‍ തോട്ടിപ്പണി ചെയ്യുന്ന 13687 കുടുംബങ്ങളുണ്ട്. ദേശീയ പട്ടികജാതി കോര്‍പ്പറേഷന്റെ 2011 ലെ സര്‍വ്വേ പ്രകാരം ബംഗാളില്‍ തോട്ടിപ്പണി ഒരു യാഥാര്‍ഥ്യമാണ് .സഫായി കര്‍മചാരി ആന്ദോളന്റെ പഠനങ്ങളും കേരളത്തിലും ബംഗാളിലും തോട്ടിപ്പണി നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

* ഗുജറാത്തിലെ ഉയര്‍ന്നു വന്ന പ്രസ്ഥാനത്തിന് പ്രേരക ശക്തിയായത് കാലങ്ങളായി ദലിതര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളായിരുന്നു. മുഖ്യധാരയിലേക്കുള്ള ദലിതരുടെ കടന്നു വരവിനു ശേഷവും അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടേയുള്ളൂ. പാര്‍ട്ടി മെഷിനറികള്‍ ഉപയോഗിച്ച് ദലിതര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടതിന്റെ ഒരു നീണ്ട ചരിത്രം തന്നെ നിങ്ങളുടെ പാര്‍ട്ടിക്കുണ്ട്. 1979 ല്‍ മരിജെഹാപ്പിയില്‍ ബംഗ്ലാദേശ് അഭയാര്‍ഥികളായ ദലിതരെ കൂട്ടക്കൊല ചെയ്തതിന്റെ ചരിത്രം പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാറിനുണ്ട്. ഇവരുടെ പുനരധിവാസം നിങ്ങളുടെ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ സഹായിച്ച മുഖ്യ പ്രചാരണ വിഷയമായിരുന്നു.

????????????????????????????????????

*ചിത്രലേഖയെന്ന ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ നിങ്ങളുടെ പാര്‍ട്ടി നടത്തിയ / നടത്തുന്ന ജാതി അതിക്രമങ്ങളുടെ ഒരു മികച്ച ഉദാഹരണമാണ്. നിങ്ങളുടെ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ആ ധീര വനിത കഴിഞ്ഞ പത്തു വര്‍ഷമായി നടത്തുന്ന സമരങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അടുത്ത കാലത്ത്‌നിങ്ങളുടെ പോളിറ്റ് ബ്യുറോ മെമ്പര്‍ വൃന്ദാ കാരാട്ട് പറഞ്ഞത് അവര്‍ക്ക് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പതിവ് പല്ലവിയും അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വൃന്ദയുടെ വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വൃന്ദാ കാരാട്ട് സംസാരിച്ച വേദിക്ക് മൂന്ന് കിലോമീറ്റര്‍ അപ്പുറം സെക്രട്ടറിയേറ്റിനു മുമ്പില്‍ ചിത്രലേഖ രാപ്പകല്‍ സമരത്തിലായിരുന്നു. പാര്‍ട്ടി തുടര്‍ന്ന് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ 2013 ല്‍ പി.ബി അംഗം എസ് .രാമചന്ദ്രന്‍പിള്ള അധ്യക്ഷനായ കണ്‍ട്രോള്‍ കമ്മീഷന് ചിത്രലേഖ കൊടുത്ത പരാതിയില്‍ വിശദമായ അന്വേഷണം പോലും നടത്താതെ എത്തിയ നിഗമനം ഇത് പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള മറ്റൊരു ശ്രമം മാത്രമാണെന്നാണ്. സമരപാതയില്‍ തുടരുന്ന അവരെ വ്യക്തിഹത്യ നടത്തിയും അവര്‍ക്കെതിരെ നുണകള്‍ പ്രചരിപ്പിച്ചുമാണ് നിങ്ങളുടെ പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ ആരോപണങ്ങളെ നേരിടുന്നത്. നേരത്തെ അതിക്രമം നടന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നുമുള്ള ഒരു പ്രചാരണവും അവര്‍ നടത്തുന്നുണ്ട്.

*2001 ല്‍ കര്‍ണാടകയില്‍ ദലിതര്‍ക്കെതിരെ നടന്ന കമ്പാലപ്പിള്ളി കൂട്ടക്കൊല കേസില്‍ പ്രതികളായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനായ നിങ്ങളുടെ പാര്‍ട്ടി മെമ്പര്‍ ശങ്കരപ്പ ആയിരുന്നു. പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ദലിതര്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുന്നു. ശങ്കരപ്പ പിന്നീട് നിങ്ങളുടെ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി മാറുകയും ചെയ്തു.

*2009 ല്‍, ഇടതു സര്‍ക്കാരിന്റെ കാലത്ത്, DHRM ന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ വര്‍ക്കലയിലെ ദലിത് കോളനികളില്‍ നരനായാട്ട് നടത്തിയ പോലീസ് സ്ത്രീകളടക്കമുള്ള ദലിതരെ ക്രൂരമായി മര്‍ദിച്ചു.DHRM നു നേരെ ശിവ സേന പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനു ദിവസങ്ങള്‍ക്കു ശേഷം നടന്ന കൊലപാതകത്തിന് പിന്നില്‍ DHRM ആണെന്നായിരുന്നു ആരോപണം. ഒരു തെളിവുമില്ലാതെ ഒരുപാട് DHRM പ്രവര്‍ത്തകരെ അറസ്‌റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പരാതി പറയാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ കണ്ട കുടുംബാംഗങ്ങളെ ഭീകരവാദികളായാണ് സി.പി.എം ചിത്രീകരിച്ചത്.

DHRM-1

കുറഞ്ഞ വേതനത്തിനും ചൂഷണത്തിനുമെതിരെ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ ദലിത് സ്ത്രീ തൊഴിലാളികള്‍ നേതൃത്വം നല്‍കിയ ‘പൊമ്പിളൈ ഒരുമൈ ‘ എന്ന കൂട്ടായ്മ വ്യവസ്ഥാപിത ട്രേഡ് യൂണിയന്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുമെന്നു പ്രതീക്ഷിച്ച യൂണിയനുകള്‍ മലക്കം മറിഞ്ഞപ്പോളാണ് ഈ പ്രസ്ഥാനം ഉയര്‍ന്നു വന്നത്. തൊഴിലാളികളോട് ചര്‍ച്ച ചെയ്യാതെ ബോണസ് വിഷയം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച സി.ഐ.ടി.യു വിന്റെ ‘തൊഴിലാളി വര്‍ഗ്ഗത്തോടുള്ള’ പ്രതിബദ്ധതയില്ലായ്മയാണ് ഇതിലൂടെ പുറത്ത് വന്നത്. അവരുടെ കൂറ് മാനേജ്‌മെന്റിനോടാണെന്നാണ് അവരുടെ പ്രവര്‍ത്തികളിലൂടെ തെളിയിക്കപ്പെട്ടത്. CITU, AITUC യൂണിയന്‍ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിന്റെ ഭാഗം ചേര്‍ന്ന് സമരം നടത്തുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും പലവിധത്തില്‍ ഉപദ്രവിക്കുകയുമുണ്ടായി. തൊഴിലാളി യൂണിയനുകളുടെ സഹായമില്ലാതെ നടത്തിയ സമരത്തില്‍ പ്രാഥമിക വിജയം നേടിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക് ന്യായമായ വേതന വര്‍ധനവിന് വേണ്ടി സമരം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ മുന്നേറ്റത്തെ പൊളിക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇടതു യൂണിയനുകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതേ ആവശ്യമുന്നയിച്ചു അവര്‍ തുടങ്ങിയ സമരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് പൊമ്പിളൈ പ്രസ്ഥാനം നേടിയെടുത്ത മാധ്യമസാമൂഹിക ശ്രദ്ധ വഴിതിരിച്ചു വിടാനാണ് അവര്‍ ശ്രമിച്ചത്. പ്രധാനമായും മൂന്നു വിധത്തിലാണ് സ്ത്രീകളെ അവര്‍ സമ്മര്‍ദ്ദത്തിലാക്കിയത് .

* തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഭീമമായ പലിശക്ക് യൂണിയനില്‍ നിന്നു പണം കടമെടുത്തിരുന്നു. കിട്ടുന്ന തുച്ഛമായ വേതനം അത് തിരിച്ചടക്കാന്‍ പോലും തികയുമായിരുന്നില്ല. അവരുടെ ഈ നിസ്സഹായതയെയാണ് യൂണിയന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ചൂഷണം ചെയ്തത്.

*കോണ്‍ഗ്രസ്സും സി.പി.എമ്മും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഈ കേസുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

*പെമ്പിളൈ പ്രസ്ഥാനത്തിന്റെ ഭാഗമായ സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ യൂണിയനുകള്‍ അവരുടെ കുടുംബാംഗങ്ങളെ പോലും ഉപയോഗപ്പെടുത്തി. പെമ്പിളൈ ഒരുമൈയുടെ ഐക്യം തകര്‍ക്കാന്‍ നടത്തിയ ഈ ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. തൊഴില്‍ ചൂഷണത്തിനെതിരെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പിന്തുണക്കുന്നതിനു പകരം തങ്ങളുടെ സംഘടനാപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് സി.ഐ.ടി.യു വും സി.പി.എമ്മും ചെയ്തത്. സമൂഹത്തിനു മുമ്പില്‍ അവരുടെ സംരക്ഷക വേഷം കെട്ടാനുള്ള ശ്രമവും നടന്നു.

* പാര്‍ട്ടി ഗ്രാമങ്ങളിലൊന്നില്‍ കോണ്‍ഗ്രസുകാരനായ ‘ കുറ്റത്തിന് ‘ തങ്ങളുടെ പിതാവിനെ പീഡിപ്പിച്ചതിനെ പാര്‍ട്ടി ഓഫീസില്‍ പോയി ചോദ്യം ചെയ്ത രണ്ടു സഹോദരിമാരെ താങ്കളുടെ സര്‍ക്കാര്‍ അത്യധികം ഉപദ്രവിച്ചു. അവരെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തു. പി.ബി അംഗം കൂടി ആയ താങ്കളുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണമായ ഒരു പോലീസ് നടപടി മാത്രമായാണ് ഇതിനെ വിശേഷിപ്പിച്ചത്. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് താങ്കളുടെ പാര്‍ട്ടി നേതാക്കളായ എ.എന്‍ ഷംസീറും പി.പി. ദിവ്യയും നടത്തിയ അധിക്ഷേപങ്ങളില്‍ മനം നൊന്ത് ആ സഹോദരിമാരിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയുമുണ്ടായി. എന്നാല്‍ ആ ആത്മഹത്യ ശ്രമത്തെപോലും പരിഹസിക്കുകയായിരുന്നു താങ്കളുടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ പി.ജയരാജന്‍.

download (3)

*രോഹിത് വെമുലയുടെ മരണത്തെ മറ്റു പാര്‍ട്ടികളെ പോലെ താങ്കളുടെ പാര്‍ട്ടിയും ബി.ജെ.പി ക്കെതിരായ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെ HCU വിലും ഇഫ്‌ളുവിലും നിങ്ങളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ യുടെ പ്രതികരണം കേവല പത്രപ്രസ്താവനകളിലൊതുങ്ങി .രോഹിത്തിന്റെ മരണത്തിനു മുമ്പ് തന്നെ ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന യൂണിവേഴ്‌സിറ്റിയുടെ നീക്കങ്ങളോട് അവരുടെ ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ ഇന്ന് ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.

……………..                                                    …………………………..                                             ………………………….

ദല്‍ഹി മാനഭംഗത്തില്‍ പ്രതിഷേധിച്ച് ജന്ദര്‍ മന്ദറില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത താങ്കളുടെ പാര്‍ട്ടി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ സുഷമാ സ്വരാജുമായി വേദി പങ്കിടുക കൂടി ചെയ്തു. എന്നാല്‍ ജന്തര്‍ മന്തറില്‍ തന്നെ നടന്ന, ഭാഗാനയില്‍ ജാട്ടുകളാല്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ നടത്തിയ സമരത്തില്‍ നിങ്ങളുടെ പ്രതികരണം കേവല നിവേദനം സമര്‍പ്പണത്തിലൊതുങ്ങി. സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ പോലും നിങ്ങളുടെ വനിതാ സംഘടനാ നേതാക്കള്‍ പ്രതികരിക്കാതെ മാളത്തിലൊളിക്കുകയായിരുന്നു. ബി.എസ്.പി ഇടപെട്ട വിഷയമായതിനാല്‍ തങ്ങള്‍ക്കു ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്. ദലിതരുടെ രക്ഷാകര്‍തൃത്വ വേഷം സ്വയം ഏറ്റെടുത്ത താങ്കളുടെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നത്.വോട്ടുറപ്പിക്കുന്നതിനോ മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ അല്ലാതെ ഏതു വിഷയത്തിലാണ് നിങ്ങളുടെ പാര്‍ട്ടി ദലിതര്‍ക്കു വേണ്ടി സംസാരിച്ചിട്ടുള്ളത്?

…………………………….                                            ……………………………….                                               ………………………..

അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ പ്രത്യക്ഷ രൂപങ്ങളിലധിഷ്ഠിതമാണ് ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇടതു നിലപാട്. ഒട്ടുമിക്ക മുഖ്യധാരാ പാര്‍ട്ടികളും ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുക തന്നെയാണ് ചെയ്യുക. എന്നാല്‍ ജാതി വ്യവസ്ഥയുടെ ചരിത്രപരവും ആശയപരവുമായ ഘടകങ്ങളെ പരാമര്‍ശിക്കുന്ന പാര്‍ട്ടി രേഖകള്‍ വളരെ വിരളമാണ്. അതിനപ്പുറം അപരിഷ്‌കൃതത്വത്തില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തെ വികസിപ്പിക്കാനുതകുന്ന പുരോഗമനപരമായ ഒന്നായാണ് പാര്‍ട്ടി അതിനെ കാണുന്നത്. പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ ജന. സെക്രട്ടറിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാട് ‘കേരളം,മലയാളീ മാതൃരാജ്യം’ എന്ന തന്റെ പുസ്തകത്തില്‍ ജാതി വ്യവസ്ഥ കേരള സാമൂഹിക വികസനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചു ഇങ്ങനെ വിശദീകരിക്കുന്നുണ്ട്:

index

”കേരളത്തിന് മാത്രമല്ല , ഇന്ത്യക്കു തന്നെ ആര്യ ബ്രാഹ്മണര്‍ നല്‍കിയ വലിയ സംഭാവനയാണ് ജാതിയെന്നത്. ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെയും യൂറോപ്പിലെ അടിമ വ്യവസ്ഥയുടെയും അടിസ്ഥാനം ഒന്ന് തന്നെയാണ്. ഇന്ന് നമ്മള്‍ ജാതി വ്യവസ്ഥയെ വെറുക്കുന്നു. അടിമ വ്യവസ്ഥയുടെ പോലെ ജാതിയുടെ പേരിലും ലക്ഷക്കണക്കിന് സാധാരണക്കാര്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയായിട്ടുണ്ട്. അടിമത്തം പോലെ തന്നെ അപരിഷ്‌കൃത സമൂഹത്തില്‍ നിന്നുള്ള മനുഷ്യന്റെ ഉയര്‍ച്ചയെ ജാതി വ്യവസ്ഥയും സഹായിച്ചിട്ടുണ്ട്.ജാതി വ്യവസ്ഥയുടെ സംസ്ഥാപനം ഇന്ത്യയുടെ സാമൂഹിക പുരോഗതിയില്‍ വഹിച്ച പങ്കു അനിഷേധ്യമാണ്.തൊഴില്‍ , സാഹിത്യം , കല തുടങ്ങി വിവിധങ്ങളായ മേഖലകളിലായി സമൂഹം വിഭജിക്കപ്പെട്ടു തുടങ്ങിയ കാലത്തായിരുന്നു ജാതി വ്യവസ്ഥ നിലവില്‍ വന്നത്. പിതാവിന്റെ തൊഴില്‍ പിന്തുടര്‍ന്ന് അതില്‍ പ്രാഗല്‍ഭ്യം നേടുകയെന്നതായിരുന്നു ജാതീയതയുടെ സത്ത. അത് കൊണ്ട് തന്നെ ഓരോ ജാതിയില്‍ പെട്ടവരും തങ്ങളുടേതായ തൊഴില്‍ കണ്ടെത്തി; പൂര്‍വികരില്‍ നിന്നും ലഭിച്ച അറിവും അനുഭവവും അവരുടെ ജീവിതത്തിനു വെളിച്ചമേകി. തല്‍ഫലമായി ഓരോ തൊഴില്‍ മേഖലയും വികസിക്കാന്‍ തുടങ്ങി.ശൂദ്രരെയും വൈശ്യരെയും ചൂഷണം ചെയ്തു കൃഷി നടത്തിയ വൈശ്യര്‍ക്ക് വന്‍ സാമ്പത്തിക ലാഭം ലഭിച്ചു.താഴ്ന്ന ജാതിക്കാരെ ചൂഷണം ചെയ്ത ക്ഷത്രിയര്‍ യുദ്ധ സാമഗ്രികളും ആയുധങ്ങളും നിര്‍മിക്കുന്നതില്‍ അഗ്രഗണ്യരായിരുന്നു. ആയോധന കലകളുടെ രൂപീകരണത്തിലും പഠനത്തിലും ബ്രാഹ്മണര്‍ക്കു സഹായകമായത് ജാതി വ്യവസ്ഥയായിരുന്നു. ചുരുക്കത്തില്‍ പുകള്‍പെറ്റ ആര്‍ഷഭാരത സംസ്‌കാരവും ആദ്യകാല ഹൈന്ദവ സാമ്രാജ്യങ്ങളുടെ സൃഷ്ടിയുമെല്ലാം ജാതി വ്യവസ്ഥയയുടെ സംഭാവനകളായിരുന്നു.”

അംബേദ്കര്‍ തന്റെ Annihilation of Caste എന്ന പുസ്തകത്തില്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട് :
”തൊഴില്‍ വിഭജനം പ്രകൃതിപരമായ കഴിവുകളുടെ അടിസ്ഥാനത്തിലല്ല നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.
ഒരു വ്യക്തിയുടെ തൊഴില്‍ തിരഞ്ഞെടുക്കുന്നതില്‍ അയാളുടെ സാമൂഹികവും വ്യക്തിപരവുമായ മികവിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. മാതാപിതാക്കളുടെ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ തിരഞ്ഞെടുപ്പിലൂടെ ജാതി വ്യവസ്ഥ ഈ തത്വത്തെ തകിടം മറിക്കുന്നു. മറ്റൊരു രീതിയില്‍ അതിനെ നോക്കിക്കാണുകയാണെങ്കില്‍, തൊഴിലുകളുടെ ഈ തരം തിരിക്കല്‍ ജാതീയത കൊണ്ട് വന്ന വിനാശകരമായ പ്രവണതയാണ്. നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമാകുന്ന ഒന്നാണ് തൊഴില്‍ മേഖല. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറാതെ ആര്‍ക്കും തങ്ങളുടെ ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ ജാതി വ്യവസ്ഥ ഹിന്ദുക്കളെ തങ്ങള്‍ക്കിഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. തന്റെ ജാതിക്കു പുറത്തെ തൊഴില്‍ ചെയ്യാന്‍ കഴിയാതെ ഏതെങ്കിലും ഹിന്ദു പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ജാതി വ്യവസ്ഥ തന്നെയാണ്. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു ഇടം നല്‍കാത്ത ജാതീയത തന്നെയാണ് നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മക്ക് പ്രധാന കാരണം.

images (1)

അംബേദ്കര്‍ തുടരുന്നു: ഒരു തൊഴില്‍ വിഭജന രീതിയെന്ന രീതിയില്‍ ജാതി വ്യവസ്ഥയുടെ ഏറ്റവും വലിയ ന്യൂനത താല്‍പര്യങ്ങള്‍ അനുസരിച്ചുള്ള തൊഴില്‍ തിരഞ്ഞെടുപ്പിനെ അത് നിരാകരിക്കുന്നു എന്നതാണ്. വ്യക്തിപരമായ മുന്‍ഗണനകള്‍ക്കു അതില്‍ ഇടമില്ല. ദാരിദ്ര്യത്തിനും തന്മൂലമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കുമുപരി തൊഴില്‍ വ്യവസ്ഥ നേരിടുന്ന വിഷയം തൊഴിലിലേര്‍പ്പെട്ടവര്‍ക്കു തങ്ങളുടെ തൊഴില്‍ അനിഷ്ടകരമായി തോന്നുന്നു എന്നതാണ്. അത്തരം തൊഴിലുകള്‍ ഒരാളെ നിരാശയിലേക്കു തള്ളിവിടുകയാണ് ചെയ്യുക.’

……………………..                                            …………………………….                                ……………………………..

ഇന്ത്യയിലെ ജാതീയതയുടെ വേരുകള്‍ അംബേദ്കര്‍ ബ്രാഹ്മണിസത്തില്‍ കണ്ടെത്തുന്നുണ്ട്. തന്റെ ഗഹനമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ അംബേദ്കര്‍ കണ്ടെത്തുന്നത്‌ ഏറ്റവും വിനാശകരമായ ഒരു സാമൂഹിക ക്രമത്തിന്റെ ഉത്ഭവ സ്ഥാനം ഹൈന്ദവത (Hinduism ) ആണെന്നാണ്. സംഘ് പരിവാര്‍ എന്നത് അതില്‍ നിന്നും വഴി തിരിഞ്ഞു പോയതല്ല, മറിച്ചു അതിന്റെ ഒരു ശാഖ തന്നെയാണ്.നിങ്ങളുടെ പാര്‍ട്ടി രേഖകളിലൊന്നിലും ബ്രാഹ്മണിസവുമായി ബന്ധപ്പെട്ട ഒരു വിശകലനവും കണ്ടെത്താന്‍ സാധിച്ചില്ല. നിങ്ങളുടെ പാര്‍ട്ടിയുടെ പൊതു ധാരണ ഹൈന്ദവത എന്നത് ഒരു ലിബറല്‍ മതവും ജാതി എന്നത് മറ്റേതു മതങ്ങളിലുമുള്ളതു പോലുള്ള ഒരു’ സാമൂഹിക തിന്മ ‘ മാത്രമാണെന്നുമാണ്. നിങ്ങളുടെ അഖിലേന്ത്യാ ജന: സെക്രട്ടറി പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ‘PSEUDO HINDUISM EXPOSED – THE REALITY OF SAFFRON BRIGADE’S MYTHS’ എന്ന ലേഖനത്തില്‍ ഹൈന്ദവത ലിബറലാണെന്നും എന്നാല്‍ സംഘ് പരിവാര്‍ എന്നത് ഹൈന്ദവതയില്‍ നിന്നുള്ള വ്യതിചലനമാണെന്നും സമര്‍ഥിക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ആദി ശങ്കരന്‍ (ബുദ്ധിസത്തെ തകര്‍ത്തു ബ്രാഹ്മണിസത്തിന്റെ പുനരുദ്ധാരണത്തിന് ശ്രമിച്ച സൈദ്ധാന്തികന്‍), വിവേകാനന്ദന്‍ (ജാതീയതയുടെ ശക്തമായ വക്താവ് ), ഭഗവത് ഗീത തുടങ്ങിയവ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:” ബി.ജെ.പി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വം (ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തെ പരാമര്‍ശിച്ചു പറഞ്ഞത്) വിവിധങ്ങളായ ഹിന്ദു സമൂഹങ്ങളുടെ (ഗോള്‍വാല്‍ക്കറുടെയും മറ്റു സംഘ് ആശയങ്ങളേക്കാളുമുപരി വിവേകാനന്ദന്റെയും ആദി ശങ്കരന്റെയും ആശയങ്ങളില്‍ പ്രചോദിതരായവര്‍) ഹൈന്ദവ മൂല്യങ്ങള്‍ക്കെതിരാണ്. നദികള്‍ പലയിടങ്ങളിലൂടെ ഒഴുകി ഒരു സമുദ്രത്തില്‍ ലയിക്കുന്നത് പോലെ വ്യക്തികള്‍ പല വിശ്വാസങ്ങളിലൂടെ സഞ്ചരിച്ചു ഒരേ ദൈവത്തിലെത്തിച്ചേരുന്നുവെന്നാണ് ആദി ശങ്കരന്‍ പഠിപ്പിക്കുന്നത്.

വിവേകാനന്ദന്‍ പറഞ്ഞു: ‘തന്റെ മതത്തിന്റെ നിലനില്‍പ്പിനെ മാത്രം ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അവരോടു എനിക്ക് സഹതാപമാണ്’.

ഇതിനെല്ലാം പുറമെ ഭഗവത് ഗീത തന്നെ പറയുന്നത് ‘ ഏതൊരു അഭൗമിക രൂപത്തിനെയാണോ ഒരു വിശ്വാസി ആരാധിക്കുന്നത്, ആ രൂപത്തിലുള്ള വിശ്വാസത്തെ നാം സ്ഥിരമാക്കിക്കൊടുക്കും’ എന്നാണ്. (അധ്യായം 7 (21 ) ) R.S.S ന്റെ ഹിന്ദു രാഷ്ട്ര സങ്കല്പം ഇത്തരം ജ്ഞാനങ്ങള്‍ക്കു നേര്‍ വിപരീതമാണ്”.

………………………..                                             ………………………….                                           ……………………………

ദൈനംദിന ജീവിതത്തിലും സാംസ്‌കാരിക ഇടങ്ങളിലും ബ്രാഹ്മണിക്കല്‍ ഹെജിമണി നിലനിര്‍ത്തിയതിലൂടെ സമൂഹത്തില്‍ അത്തരമൊരു ഹെജിമണി സ്ഥാപിക്കപ്പെട്ടു.’മതേതരമായ’ പൊതു സ്ഥാപനങ്ങളില്‍ ബ്രാഹ്മണിക്കലായ ചിത്രങ്ങളുടെയും അടയാളങ്ങളുടെയും പ്രദര്‍ശനത്തെ നിങ്ങളുടെ പാര്‍ട്ടി ഒരിക്കലും എതിര്‍ത്തതായി കണ്ടിട്ടില്ല. കേരളത്തിന്റെ ദേശീയോത്സവമായി കൊണ്ടാടപ്പെടുന്ന,ബഹുജന്‍ രാജാവ് മഹാബലി ആഘോഷിക്കപ്പെടേണ്ട ഓണാഘോഷങ്ങള്‍ പോലും ബ്രാഹ്മണിക്കല്‍ ബിംബങ്ങളും വെജിറ്റേറിയനിസവുമൊക്കെ കൊണ്ട് മലീമസമാക്കപ്പെട്ടിരിക്കുകയാണ്‌. യൂണിവേഴ്‌സിറ്റികളിലെ ബ്രാഹ്മണിക്കല്‍ ആഘോഷങ്ങളെക്കുറിച്ചു സംസാരിക്കുവാനോ ചര്‍ച്ചയാക്കുവാനോ നിങ്ങളുടെ സംഘടനകള്‍ മുതിരുന്നില്ല. അവക്കെതിരെയെല്ലാം പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ASA പോലുള്ള സംഘടനകളുടെ ശ്രമങ്ങളെ നിങ്ങള്‍ ഒരിക്കലും പിന്തുണച്ചിട്ടില്ല. RSS നെ പ്രതിരോധിക്കാനെന്ന പേരില്‍ നിങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രീ കൃഷ്ണ ജയന്തി യിലും മറ്റു ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുക്കുകയാണ് ചെയ്യുന്നത്.

download (4)

കൈരളി ചാനല്‍, കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ രാഷ്ട്രപതി ഭവനില്‍ ഇത്തവണ നടത്തിയ ഓണാഘോഷങ്ങള്‍ ആരംഭിച്ചത് ഋഗ്വേദത്തിലെ വരികള്‍ ചൊല്ലിയാണ്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാര്‍ തനിക്കു ബൈബിള്‍ സമ്മാനിച്ച പോപ്പിന് തിരിച്ചു സമ്മാനമായി നല്‍കിയത് ഭഗവത് ഗീതയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധിയായ മന്ത്രിയെ നിലവിളക്കു കത്തിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നിരന്തരം വേട്ടയാടിയത് നിങ്ങളുടെ പാര്‍ട്ടി തന്നെയായിരുന്നു. ഹൈന്ദവത ലിബറലാണെന്നും സംഘ് പരിവാര്‍ മാത്രമാണ് എതിര്‍ക്കപ്പെടേണ്ടതെന്നുമുള്ള നിങ്ങളുടെ മരമണ്ടന്‍ മനോഭാവത്തിന്റെ ഭാഗമാണ് ഇതെല്ലാം. ബ്രാഹ്മണിസം എന്തെന്നറിയാതെ എങ്ങനെയാണ് നിങ്ങള്‍ക്ക് ജാതിയുടെ നിര്‍മാര്‍ജനം സാധ്യമാക്കാന്‍ കഴിയുക ?

…………………………                                      …………………………………………                           ……………………………

ദലിതരുടെ തന്നെ നേതൃത്വത്തിലുള്ള ദലിത് മുന്നേറ്റങ്ങളാണ് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ ചര്‍ച്ചാ വിഷയം. അവരുടെ മുന്നേറ്റങ്ങള്‍ ഹിന്ദുത്വത്തിനും ബ്രാഹ്മണിക്കല്‍ ഹെജിമണിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നിരുന്നാലും നിങ്ങളുടെ പാര്‍ട്ടിയുടെ നേതൃനിരയിലെ ദലിതരുടെ പ്രതിനിധ്യത്തെക്കുറിച്ച ചോദ്യങ്ങള്‍ നിങ്ങള്‍ അവഗണിക്കുകയാണ് പതിവ്. നിങ്ങളുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോവിലെ മൂന്നിലൊന്നും ബ്രാഹ്മണരാണ്; ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ഭൂപ്രഭുക്കന്മാരായ ഉയര്‍ന്ന ജാതിക്കാരും. എന്തുകൊണ്ട് ഇത്‌വരെ പി.ബിയില്‍ ഒരു ദലിത് അംഗം ഉണ്ടായില്ല? നീണ്ട 44 വര്‍ഷത്തിനിടക്ക് എന്ത് കൊണ്ട് ഒരു മുസ്‌ലിം പി.ബി യില്‍ അംഗമായില്ല? നിങ്ങളുടെ പാര്‍ട്ടി ബുദ്ധി ജീവികളെല്ലാം തന്നെ ബ്രാഹ്മണരോ സവര്‍ണ വിഭാഗത്തില്‍ പെട്ടവരോ ആണ്. ജനസംഘ്യയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദലിത് സമൂഹമായ പശ്ചിമബംഗാളിലെ ദലിത് സമൂഹത്തിനു ആനുപാതികമായ പ്രാതിനിധ്യം പാര്‍ട്ടി സംസ്ഥാന അഖിലേന്ത്യാ നേതൃത്വങ്ങളിലില്ലാത്തത് എന്ത്‌കൊണ്ടാണ്? സംവരണ മണ്ഡലങ്ങളില്‍ നിന്നല്ലാതെ കേരളത്തിലോ ബംഗാളിലോ പാര്‍ട്ടിക്ക് ഒരു ദലിത് സാമാജികനുണ്ടാവുന്നത് വളരെ അപൂര്‍വമാകുന്നതിന്റെ കാരണമെന്താണ്? നിങ്ങളുടെ പാര്‍ട്ടിയിലെ നേതൃത്വത്തിലും സൈദ്ധാന്തികരിലും ദലിത് പ്രാതിനിധ്യം ഇല്ലാതായി പോകുന്നതെന്നു കൊണ്ടാണ്? പ്രത്യേകിച്ച്, അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങള്‍ സംഭാവന ചെയ്ത എണ്ണമറ്റ ദലിത് നേതാക്കളും സൈദ്ധാന്തികരും രാജ്യത്തെ അക്കാദമിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ.

സസ്‌നേഹം,
ദലിത് ക്യാമറ

courtesy: http://www.dalitcamera.com/

വിവ: സി.എ അഫ്‌സല്‍ റഹ്മാന്‍

campusadmin