Campus Alive

ദേശീയ വിദ്യാഭ്യാസ നയം: സവർണ്ണാധിപത്യത്തിലേക്കുള്ള വഴികൾ

കോളനിയാനന്തര ഇന്ത്യയില്‍, വര്‍ഷങ്ങളായി നയതലത്തില്‍ ചില പരിഷ്കരണങ്ങളൊഴികെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അനുശാസനങ്ങളുമടങ്ങിയ പുതിയ വിദ്യാഭ്യാസ നയം അഥവാ എന്‍.ഈ.പി കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചിരിക്കുകയാണ്. മാറ്റം, പരിഷ്കരണം എന്നീ പദങ്ങള്‍ പലപ്പോഴും പുരോഗതി, വികാസം എന്നീ പദങ്ങളോട് ചേര്‍ത്ത് വെച്ചുകൊണ്ട് തുല്യാര്‍ത്ഥത്തില്‍ (synonymous) ആണ് സാമാന്യ തലത്തില്‍ പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് ദേശീയ മാധ്യമങ്ങളും ലിബറല്‍ ദേശീയ വാദികളും പുതിയ വിദ്യാഭ്യാസ നയത്തിലെ ‘മാറ്റ’ങ്ങളെയും ‘പരിഷ്കരണ’ങ്ങളെയും വാഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകളും നിരീക്ഷണങ്ങളുമായി രംഗത്ത് വരുന്നതും. പുരോഗതിയുടെ യുക്തിയും പുരോഗതിയുടെ ഭാഷയും നിര്‍വ്വഹിക്കുന്ന (അ)ദൃശ്യമായ അധികാരപ്രയോഗങ്ങളെ പ്രശ്നവത്കരിച്ച് കൊണ്ട് മാത്രമേ നമ്മള്‍ക്ക് നയപരം, അഥവാ അധികാരം കൊണ്ട് മാത്രം സാധ്യമാവുന്ന തീരുമാനങ്ങളുടെ സത്ത മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. പുരോഗതി എന്ന് പറയുമ്പോള്‍ അത് പലപ്പോഴും ചില വിഭാഗങ്ങളുടെ മാത്രം പുരോഗതിയും വികസനവുമായി മാറുകയും മറ്റ് ചില വിഭാഗങ്ങളെ അത്തരം സാധ്യതകളില്‍ നിന്ന് വീണ്ടും അകറ്റി നിര്‍ത്താനുള്ള ഉപാധിയുമായി സ്ഥിരം പ്രയോഗിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നത്. അത് കൊണ്ട് തന്നെ, കേവല പുരോഗമനത്തിന്റെയോ വികസനത്തിന്റെയോ ലിബറല്‍ യുക്തി മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള നോക്കിക്കാണലുകള്‍ക്ക് പകരം ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ബലതന്ത്രങ്ങളെ നിര്‍ണ്ണയിക്കുന്ന ജാതി പോലുള്ള പ്രധാനപ്പെട്ട ഘടകളെ പ്രാധാന്യത്തിലെടുക്കുന്ന ഒരു സാമൂഹികപരിസരത്തുനിന്ന് വേണം നമ്മള്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ആഘാതങ്ങളെ നോക്കിക്കാണാന്‍.

പാര്‍ലമെന്റിനെ മറികടന്നുകൊണ്ടും ജനങ്ങളും, അക്കാദമിസ്റ്റുകളും, സംസ്ഥാനസർക്കാരുകളും, രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വെച്ച പല നിര്‍ദ്ദേശങ്ങളും ഏറെക്കുറെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ തള്ളിക്കളഞ്ഞുകൊണ്ടും, നേരത്തെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി പൊതുവാക്കിയിരുന്ന കരട് രേഖയില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് പുതിയ നയം കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം തന്നെ, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പോലെയുള്ള സംഘ്പരിവാര്‍ അഫിലിയേറ്റഡ് സംഘടനകള്‍ തങ്ങളുടെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും ഗവണ്‍മെന്റ് അംഗീകരിച്ചു എന്ന് പറഞ്ഞ്കൊണ്ട് ഗവണ്‍മെന്റിനെ പ്രശംസിക്കുന്നതില്‍ നിന്നുതന്നെ ഈ നയത്തിന്റെ പ്രത്യയശാസ്ത്രപരമായ ഇന്ധനത്തിന്റെ ഉറവിടം നമുക്ക് വ്യക്തമാണ്. അത് പോലെതന്നെ വളരെ അമൂര്‍ത്തമായ ആശയങ്ങളാലും ഏറെ സങ്കീര്‍ണ്ണമായ നിര്‍ദ്ദേശങ്ങളാലും സമ്പന്നമാണ് പുതിയ നയരേഖ.

അറിവും അധികാരവും

ഭരണഘടനാപരമായി  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യപങ്കാളിത്തമുള്ള കോണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിന്റെ അധികാര വശങ്ങളെ കേന്ദ്രീകരിക്കാനും അത് വഴി അവിഹിതമായ അധികാരപ്രയോഗങ്ങള്‍ നടത്താനുമുള്ള സാധ്യത ഉണ്ടാക്കുന്നതാണ് പല മാറ്റങ്ങളും എന്നതാണ് പ്രധാന വിമര്‍ശനം. എം.ടി അന്‍സാരി നിരീക്ഷിക്കുന്നത് പോലെ, ഇന്ത്യ പോലെയുള്ള  അമിതമായി വിഭാവനം ചെയ്ത (over imagined) ഭൂമികയില്‍ വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മാത്രമല്ല,  കോളനിയാനന്തര കാലം മുതല്‍ നിശ്ചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി പല വിധത്തില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന  ഏകശിലാത്മകമായ ഒരു വിദ്യാഭ്യാസ സംസ്കാരത്തിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ ഒരു പരിധി വരെ ഈ വികേന്ദ്രീകരണം സഹായിക്കുന്നുണ്ട്.

പുതിയ നയ പ്രകാരം HECI ആക്റ്റ് വഴി യു.ജി.സിക്ക് പകരം എച്ച്.ഈ.ജി.സി (ഹയര്‍ എഡ്യൂകേഷന്‍ ഗ്രാന്‍ഡ്സ് കൗണ്‍സില്‍) എന്ന പുതിയ ഒരു സംവിധാനം വരും. കേവലമായ ഒരു പേരുമാറ്റമെന്നതിലുപരിയായിട്ട് അടിസ്ഥാനപരമായി ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വതന്ത്ര ഘടനയെ തന്നെ അട്ടിമറിക്കാനുതകുന്ന ഒരു മാറ്റമാണിത്. 1956 ലെ യു.ജി.സി ആക്റ്റ് പ്രകാരം സ്വയംഭരണാധികാരമുളള ഒരു സമിതിയാണ് യു.ജി.സി എങ്കില്‍ എച്ച്.ഈ.ജി.സിയിലെത്തുമ്പോള്‍ അത് കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള, അവര്‍ തന്നെ അംഗങ്ങളെ നിശ്ചയിക്കുന്ന ഒരു ബോഡി ആയി മാറുന്നുണ്ട്. അത്പോലെ, യു.ജി.സിയുടെ പ്രധാനപ്പെട്ട ദൗത്യമായി മനസ്സിലാക്കപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ്. പുതിയ നയ പ്രകാരം ഹെഫ (ഹയര്‍ എജ്യുകേഷന്‍ ഫൈനാന്‍സിങ്ങ് ഏജന്‍സി) എന്ന ബോഡിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ഇതും മേല്‍പറഞ്ഞ HECI ആക്റ്റ് പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ വരും. ഫലത്തില്‍, ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക – ഗ്രാന്റ് വിതരണത്തിലും തീരുമാനങ്ങളിലും പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിന്റെ കൈകളില്‍ വരും. കേന്ദ്ര നയങ്ങളോട് വിമര്‍ശനാത്മകമായി നിലകൊള്ളുന്ന വിവിധ സര്‍വകലാശാലകളുടെ നിലനില്‍പ്പിനെ തന്നെയായിരിക്കും ഈ അധികാരം ഏറ്റവുമധികം ബാധിക്കുക.

ഇത് മാത്രവുമല്ല, ഹെഫയുടെ മേല്‍നോട്ടത്തില്‍ ഗ്രാന്‍ഡുകളായിട്ടല്ല മറിച്ച് ഭാഗികമായിട്ടുള്ള ലോണുകളായിട്ടാണ് സാമ്പത്തിക സഹായം അനുവദിക്കുക. ഇത് കാരണം സര്‍വകലാശാലകള്‍ സ്വയം ഫണ്ട് കണ്ടെത്താന്‍ നിര്‍ബന്ധിതരാവുന്നത് കുത്തനെയുള്ള ഫീസ് വര്‍ധനവിലേക്കും, സ്ഥിരാധ്യാപക നിയമനങ്ങളില്‍ നിന്ന് താല്‍ക്കാലിക – കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനങ്ങളിലേക്കും നയിക്കും. അരികുവത്കൃത സമുദായങ്ങള്‍ക്ക് മുന്നില്‍ അത് വഴി ഉന്നതവിദ്യഭ്യാസത്തിന്റെ സാധ്യതകള്‍ ഏറെക്കുറെ അടയുകയും ഉള്ള വിദ്യാഭ്യാസത്തിന്റെ തന്നെ ഗുണനിലവാരം ഇടിയുന്നതിന് കാരണമാവുകയും അതോടൊപ്പം തന്നെ സ്വകാര്യവത്കരണപ്രക്രിയയുടെ ആക്കം കൂട്ടുകയും ചെയ്യും.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന റൂസ(രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍) പ്രൊജക്റ്റുമായി ചേര്‍ത്ത് വായിക്കുമ്പോളാണ് നമുക്കിതിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന റൂസ പ്രൊജക്റ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ക്രമേണയുള്ള ഡീഫണ്ടിങ്ങ് (സര്‍ക്കാര്‍ വഴിയുള്ള ഗ്രാന്‍ഡുകളും സാമ്പത്തിക സഹായങ്ങളും) ആണ്. അതിനായി ഉപയോഗിക്കുന്ന പല മാര്‍ഗങ്ങളില്‍ ചിലതാണ് മുകളില്‍ പരാമര്‍ശിച്ചതില്‍ മിക്കതും. അത് പോലെ, അഫിലിയേറ്റഡ് കോളേജുകള്‍ക്കെല്ലാം തന്നെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള സ്വയംഭരണാവകാശം നല്‍കുകയും അത് വഴി ഗവണ്‍മെന്റ് അതിന്റെ സാമ്പത്തികമായ ഉത്തരവാദിത്വത്തില്‍ നിന്നും ഘട്ടം ഘട്ടമായി പിന്നോട്ട് മാറുകയും ചെയ്യുന്നു. ഇതോടെ സര്‍വകലാശാലകള്‍  ചിലവ് ചുരുക്കലിലേക്കും ലാഭവിപണിയിലേക്കും മാത്രം ശ്രദ്ധിക്കുന്ന സ്വകാര്യകമ്പനികളെ പോലെയായി മാറും. സ്വകാര്യനിക്ഷേപകരും ഉയര്‍ന്ന ഫീസും സെല്‍ഫ് ഫൈനാന്‍സിങ്ങ് കോഴ്സുകളുമെല്ലാം വരുന്നതോടെ ഇപ്പോള്‍ തന്നെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഏറെകുറെ അപ്രാപ്യമായ ഭൂരിഭാഗം വരുന്ന അരികുവത്കൃത – ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യമില്ലാത്ത ഉന്നത ജാതി – വര്‍ഗ ഇടങ്ങളായി സര്‍വകലാശാലകളും കോളേജുകളും പരിണമിക്കുകയും ചെയ്യും.  അതിനോടൊപ്പം, കേന്ദ്ര സര്‍ക്കാറിന് നേരിട്ട് നിയന്ത്രിക്കാന്‍ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരുന്നതോടെ, നേരിയ തോതിലെങ്കിലും വിമതശബ്ദങ്ങളുയര്‍ത്തുന്ന സര്‍വകലാശാലകളിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അനുപാതത്തില്‍ ഘടനാപരമായ മാറ്റം വരുത്തി, ഇപ്പോള്‍ തന്ന ഏറെ ദുര്‍ബലമായ അവര്‍ണ്ണ, അരികുവത്കൃത ശബ്ദങ്ങള്‍ തീരെയില്ലാത്ത, രാഷ്ട്രീയപരമായി യാതൊരു സംവാദത്തിനും സമരത്തിനും സാധ്യതയില്ലാത്ത കൂട്ടങ്ങളായി ഈ കടമ്പകളെല്ലാം കടന്ന് എത്തുന്നവരെ മാറ്റുകയും ചെയ്യും.

വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും യൂണിയന്‍ വത്കരണത്തിന്റെ സാധ്യതകളെ ഓട്ടോണോമി ഇല്ലാതാക്കുന്നതോടെ, രണ്ടായിരത്തില്‍ പുറത്ത് വന്ന ബിര്‍ള-അംബാനി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത് പോലെ ഉന്നതവിദ്യാഭ്യാസരംഗത്തെ അരാഷ്ട്രീയവത്കരണം നടപ്പിലാവുകയും അത് വഴി കോര്‍പ്പറേറ്റ് ചിന്തകളെ മാത്രം ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഉന്നത – ജാതി, നവ ലിബറല്‍, അരാഷ്ട്രീയ ഇടങ്ങളായി സര്‍വകലാശാലകള്‍ മാറുകയും ചെയ്യും.

ഭാരതീയ പൈതൃകവും ദേശീയ കാറ്റഗറികളും

‘ഇന്ത്യൻ സംസ്കാരം’, ‘ഇന്ത്യൻ മൂല്യങ്ങൾ’, ‘ഇന്ത്യൻ പാരമ്പര്യം’ തുടങ്ങിയ സങ്കല്‍പങ്ങളെ റിപ്പോര്‍ട്ടിൽ നിരന്തരം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ ആശയങ്ങൾ ഏകശിലാത്മകവും തീർത്തും സമഗ്രാധിപത്യപരവുമായ സങ്കല്‍പങ്ങളാണെന്ന് മാത്രമല്ല, പലപ്പോഴും ഇന്ത്യന്‍ എന്നതില്‍ നിന്നും ഹിന്ദു എന്നതിനെ വേര്‍തിരിച്ച് കൊണ്ടുള്ള ഒരു വായന അസാധ്യമാവുന്നുമുണ്ട്. ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ പ്രത്യക്ഷമായ ‘പൊതു’ എന്നത് ‘മേല്‍ജാതി ഹിന്ദു പുരുഷന്‍’ ആണ് എന്നതാണ് ഇത്തരമൊരു വേര്‍തിരിച്ച് മനസ്സിലാക്കലിനെ അസാധ്യമാക്കുന്ന പ്രധാനപ്പെട്ട ഘടകം. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ എന്ന സങ്കല്‍പത്തിനടിയില്‍ വരുന്ന ആശയങ്ങളെ പരിശോധിച്ചാല്‍ തന്നെ ഈ കാര്യം വ്യക്തമാകും. റിപ്പോര്‍ട്ടിന്റെ മുഖവുരയില്‍ തന്നെ ഓറിയന്റലിസ്റ്റുകളുടെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ആര്‍ഷഭാരതസംസ്ക്കാരത്തിന്റെ പൈതൃകങ്ങളെ കുറിച്ച് വാചാലമാവുന്നത് കാണാം. ആധുനിക ശാസ്ത്ര – സാമൂഹ്യശാസ്ത്ര -ചികിത്സാ ആശയങ്ങളിലെല്ലാം തന്നെ ഭാരതീയ പൈതൃകം കണ്ടുപിടിക്കാന്‍ വെമ്പുന്ന റിപ്പോര്‍ട്ട് യോഗയെ വരെ ശാസ്ത്രത്തോട് ചേര്‍ത്ത് വെക്കുന്നുണ്ട്.

ആര്‍.എസ്.എസിന്റെ ഏറെ കാലത്തെ ആവശ്യമായിരുന്ന ത്രിഭാഷതത്വത്തെ (Three Language Policy) വളരെ വ്യക്തമായി നടപ്പിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് പുതിയ നയം. ത്രിഭാഷാതത്വപ്രകാരം സ്കൂള്‍ തലങ്ങളില്‍ മൂന്ന് ഭാഷകള്‍ (ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണം) പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാദ്ധ്യസ്ഥരാവുകയും എട്ടാം ക്ലാസ് വരെ നീട്ടാവുന്ന തരത്തില്‍ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ അദ്ധ്യയനത്തിന് അവസരമൊരുക്കുകയും വേണം എന്നാണ് പറയുന്നത്. ഒറ്റനോട്ടത്തില്‍, വലിയ പ്രശ്നങ്ങളൊന്നും തോന്നില്ലെങ്കിലും വളരെ വ്യക്തമായ സാംസ്ക്കാരിക മോല്‍ക്കോയ്മയുടെ അജണ്ടയാണ് ത്രിഭാഷാതത്വത്തിന്റെ പേരില്‍ നടപ്പിലാക്കാന്‍ പോകുന്നത്. പുതിയ നയരേഖ പ്രകാരം, സംസ്കൃതത്തെ ആര്‍ഷഭാരതസംസ്ക്കാരത്തിന്റെ ‘വിജ്ഞാനപാരമ്പര്യ’മുള്‍ക്കൊള്ളുന്ന ഭാഷയെന്ന രീതിയില്‍ ‘പൊതു – ആധുനിക’ ഭാഷയായി ഹിന്ദിയോടൊപ്പം തന്നെ ഉയർത്തിക്കൊണ്ടു വരാന്‍ കേന്ദ്രം തന്നെ മുന്‍കൈ എടുക്കും. തമിഴും, മലയാളവുമടക്കമുള്ള ഭാഷകള്‍ പ്രാദേശിക – സ്ഥലസൂചകമായ ഭാഷകള്‍ മാത്രമാവുമ്പോള്‍ സംസ്കൃതവും ഹിന്ദിയും ഇതേ പോലെ സ്ഥലസൂചക, വര്‍ഗസൂചക പരിമിതികളുള്ളപ്പോള്‍ തന്നെ, അതിനെയെല്ലാം അതിജയിച്ചു നിൽക്കുന്ന ഇന്ത്യന്‍ ആയ മാനക ഭാഷകള്‍ എന്ന സങ്കല്‍പത്തിലേക്ക് മാറുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം മുതല്‍ക്ക് തന്നെ  ഹിന്ദിയെ  ഇത്തരത്തിലൊരു ആധിപത്യപരമായ സ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നുണ്ടെങ്കിലും സംസ്കൃതം കൂടെ ഈ പൊതു-ആധുനിക-ഇന്ത്യന്‍ ത്രിത്വ സങ്കല്‍പത്തിലേക്ക് വരുന്നതോടെ ഇതുവരെ ഏറെക്കുറെ അദൃശ്യമായി പ്രവര്‍ത്തിച്ചിരുന്ന വേദ – ബ്രാഹ്മണ്യ മേല്‍ക്കോയ്മ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പിന്തുണയോട് കൂടെ തന്നെ ദേശത്തുടനീളം ദൃശ്യമാവുകയും പ്രത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലാവും.

ഈയിടെ എന്‍.ഐ.എ നക്സല്‍ ബന്ധമാരോപിച്ച് അന്യായമായി തടവിലാക്കിയ അദ്ധ്യാപകനും പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനുമായ ഹാനി ബാബു എം.ടിയുടെ ‘Breaking the Chathurvarna System of Languages’ എന്ന പഠനത്തില്‍ 2017ല്‍ തന്നെ ഈ അപകടത്തെ കുറിച്ചുളള സൂചനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഭാഷാ സംവിധാനം സാധാരണ പറയാറുള്ളത് പോലെ വൈവിധ്യങ്ങളായല്ല (pluralistic) മറിച്ച് ശ്രേണീബദ്ധമായാണ് (hierarchical) നിലകൊള്ളുന്നത് എന്നദ്ദേഹം വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്. സംസ്കൃതം, ഹിന്ദി, ഷെഡ്യൂള്‍ഡ് ഭാഷകള്‍, നോണ്‍ – ഷെഡ്യൂള്‍ഡ് ഭാഷകള്‍ എന്നീ ക്രമത്തില്‍ വര്‍ണ്ണ വ്യവസ്ഥ പോലെ തന്നെയാണ് ഇതിന്റെയും നിലനില്‍പും പ്രവര്‍ത്തനവും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രൊഫ: ഹാനി ബാബു എം ടി

ഇംഗ്ലീഷില്‍ നിന്നും മാറി മാതൃഭാഷയിലുള്ള പഠനത്തിലേക്കുള്ള മാറ്റത്തെ കോഗ്നിറ്റീവ് മണ്ഡലത്തില്‍ നിന്നും നോക്കിക്കണ്ടുകൊണ്ട് പുരോഗമനപരം എന്ന് വിശേഷിപ്പിക്കുന്നവര്‍ ഭാഷയെ അതിന്റെ പ്രത്യയശാസ്ത്ര മണ്ഡലത്തില്‍ നിന്നും വിച്ഛേദിക്കുകയും ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തിലുള്ള പ്രാധാന്യത്തെ മനപ്പൂര്‍വ്വം വിസ്മരിക്കുകയുമാണ് ചെയ്യുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ മാനദണ്ഡത്തില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ധ്യയനം മാറുന്നത് കൊണ്ട് മധ്യവര്‍ഗ – ഉന്നതജാതി – നഗര ഇടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും നഷ്ടപെടുന്നില്ല. നഷ്ടപ്പെടുന്ന ഭാഷ സ്വകാര്യ ട്യൂഷനുകളിലൂടെയും മറ്റും കരസ്ഥമാക്കാനുള്ള സാമൂഹിക സാഹചര്യം അവര്‍ക്കുണ്ട് എന്നതാണ് കാരണം. എന്നാല്‍ അതല്ല ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന അവര്‍ണ്ണ – അരികുവത്കൃത ദലിതുകളുടെയും ആദിവാസികളുടെയും മുസ്‌ലിം  ന്യുനപക്ഷങ്ങളുടെയും അവസ്ഥ.

അവര്‍ണ്ണര്‍ക്കും അരികുവത്കൃതര്‍ക്കും സാമൂഹികമായ ചലനാത്മകത കരസ്ഥമാക്കാനുള്ള പ്രധാനപ്പെട്ട സാധ്യതകളിലൊന്നാണ് ഇംഗ്ലീഷ് ഭാഷ. കോളനിവത്കരണത്തിന്റെ ഭാഷയെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും, ജാതിഘടന പ്രകടമായി തന്നെ നിലനില്‍ക്കുകയും അത് സാമ്പത്തിക-അധികാര-സാമൂഹിക ഘടനകളെ വ്യക്തമായി സ്വാധീനിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷക്ക് ഒരര്‍ത്ഥത്തില്‍ കൈവരുന്ന വിമോചനാത്മകമായ ഉള്ളടക്കത്തെ കുറിച്ച് ദലിത് ബഹുജന്‍ ചിന്തകരായ കാ‍ഞ്ച ഐലയ്യ, ചന്ദ്രബന്‍ പ്രസാദ് എന്നിവര്‍ നിരീക്ഷിക്കുന്നുണ്ട്. ജാതിരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ജാതിയോര്‍മകളില്ലാത്ത ഒരു ഭാഷയില്‍ ബഹുജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് എന്ന് റീത കോത്താരി ചൂണ്ടികാണിക്കുന്നു. എന്നാലിവിടെ മാതൃഭാഷാദ്ധ്യാപനം എന്നതോടൊപ്പം മുഖ്യധാരയില്‍ സംസ്കൃതത്തിനും ഹിന്ദിക്കും പൊതുഭാഷാ പദവി ലഭിക്കുകയും അത് വഴി ജാതിയോര്‍മകളുടെ അടിസ്ഥാനമായ സംസ്കൃതത്തെ മുഖ്യധാരയിലേക്കുയര്‍ത്തുക വഴി വേദപാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുകയുമാണ് ഫലത്തില്‍ ത്രിഭാഷാതത്വം ചെയ്യുന്നത്. മാത്രമല്ല, ത്രിഭാഷതത്വത്തില്‍ മൂന്ന് ഭാഷകള്‍ വിവേചനങ്ങളില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നുണ്ടെങ്കിലും മേല്‍പറഞ്ഞ ശ്രേണീവത്കൃത ക്രമബന്ധത്തിന്റെ അധികാര ബലതന്ത്രത്തിന്റെ ഭാഗമായി താഴ്ന്ന തട്ടിലുള്ള ഭാഷ സംസാരിക്കുന്നവര്‍ സ്വാഭാവികമായും ഉയര്‍ന്ന തട്ടിലുള്ള ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകള്‍ പഠിക്കുവാന്‍ സാമൂഹികസാഹചര്യങ്ങളുടെ ഫലമായി നിര്‍ബന്ധിതരാവുകയും അതേ സാഹചര്യസമ്മര്‍ദം ഉന്നത തട്ടില്‍ കല്‍പ്പിക്കപ്പെടുന്ന ഭാഷകള്‍ മാതൃഭാഷകളായിട്ടുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല എന്നും വരുന്നു. കോളനിയാനന്തര കാലഘട്ടം മുതല്‍ക്ക് തന്നെ പലവിധേന, ക്രമേണയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാംസ്കാരികമേല്‍ക്കോയ്മ (cultural hegemony) പദ്ധതിയുടെ പ്രകടമായ ഉദാഹരണമായി  വേണം ഇതിനെ  മനസ്സിലാക്കാന്‍.

മെറിറ്റ് വാദവും സാമൂഹ്യനീതിയും

മേല്‍പറഞ്ഞ രീതിയിലെല്ലാം തന്നെ സാംസ്ക്കാരികവും സാമ്പത്തികവുമായ ആധിപത്യവായനകളെ പുനരുല്‍പാദിപ്പിക്കുമ്പോഴും ഇന്ത്യയിലെ ലിബറല്‍-മധ്യവര്‍ഗ യുക്തിയെ എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റുന്ന മെറിറ്റ് വാദത്തിന്റെ (അ)രാഷ്ട്രീയ ഭാഷയാണ് റിപ്പോര്‍ട്ടിനുള്ളത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, “484 പേജുകളുള്ള ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ സംവരണം എന്ന പദം പ്രയോഗിക്കുന്നത് ഒരേയൊരിടത്താണ്. അതും ഉന്നത വിദ്യാഭ്യാസരംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ സംവരണം നല്‍കേണ്ടതില്ല എന്ന് പറയാന്‍!”. എന്നാല്‍ ഇതേ റിപ്പോര്‍ട്ടില്‍ തന്നെ നാല്‍പതോളം ഇടങ്ങളില്‍ മെറിറ്റ് എന്ന പദപ്രയോഗം നടത്തുന്നുണ്ട്.  സാധാരണയായി സംവരണവിരുദ്ധര്‍ സംവരണത്തിന് പകരം ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ് മെറിറ്റ് എന്നത്. എന്നാല്‍ ഇന്ത്യ പോലെയുള്ള സാമൂഹിക-സാമ്പത്തിക അധികാര വിഭജനം വ്യക്തമായി നിലനില്‍ക്കുന്ന ഇടങ്ങളില്‍ മെറിറ്റ് എന്നത് വെറും സാമൂഹികനിര്‍മിതിയാണെന്നും അത് തുല്യ അവസരങ്ങളുടെ അഭാവവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മണ്ഡല്‍ കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യയിലെ സാമൂഹിക ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ പ്രഥമ ഘടകമായ ജാതി എന്ന പദം റിപ്പോര്‍ട്ടിന്റെ നയപരമായ ഉള്ളടക്കത്തില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇത് ഒരു കേവലാര്‍ത്ഥത്തിലുള്ള കാര്യമായി കാണുന്നതില്‍ കാര്യമായ പ്രശ്നങ്ങളുണ്ട്. പലയിടങ്ങളിലും സാമൂഹിക വിവേചനങ്ങളെ പറ്റി സംസാരിക്കുന്നുണ്ടെങ്കിലും (പിന്നോക്കാവസ്ഥ, പോഷകാഹാരക്കുറവ്, നിരക്ഷരത തുടങ്ങിയവ) അവയെല്ലാം തന്നെ ജാതി വിവേചനത്തിന്റെ കേവലമായ പ്രകാശനങ്ങൾ (manifestations) മാത്രമാണെന്നും അതിന്റെയെല്ലാം വേര് കിടക്കുന്നത് ബ്രാഹ്മണിസത്തിലാണെന്നുമുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരം പ്രത്യക്ഷ ഫലങ്ങളെ കുറിച്ചുള്ള ആലോചനകള്‍ പലപ്പോഴും അപ്രതക്ഷ്യമായ മൂല കാരണത്തെ, അതായത് ജാതി പ്രശ്നത്തെ അദൃശ്യമാക്കുന്നുണ്ട്.

മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഗുണമേന്മാ പരിശോധനകളും പൊതുവായുള്ള പ്രവേശനപരീക്ഷ (N.T.A യുടെ താഴെ) കളുമെല്ലാം നിലനില്‍ക്കുന്ന അസമത്വങ്ങളെ അദൃശ്യവത്കരിക്കുന്നുണ്ട്. ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍, സമയം എന്നത് ഒരു അധികാരഘടനയായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.  ഏകജാതീയമായ ചരിത്രവായനയിലൂടെ എല്ലാ സമുദായങ്ങളെയും ഏകസ്വരാത്മകമായി മനസ്സിലാക്കുന്നത് ഘടനപരമായ ഹിംസയായിട്ട് വേണം കണക്കാക്കാന്‍.  അത്തരം ശ്രമങ്ങളെല്ലാം  റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശിക്കുന്നതുപോലെ ഒരു ‘ഏകഭാരത, ശ്രേഷ്ഠഭാരത’ പ്രൊജക്റ്റിലേക്കുള്ള ആഹ്വാനങ്ങളാണ്. ഇതിനെ ഘടനാപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ മെറിറ്റ് വാദത്തിന്റെ പിന്നിലുള്ള ചരിത്രപരമായ ഹിംസയും, ഘടനാപരമായ അനീതിയും നമുക്ക് വ്യക്തമാവുകയുള്ളൂ.

ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കുനൊരുങ്ങുന്ന സമയത്ത് തന്നെ ഇതിനെ ഒരു ഒറ്റപ്പെട്ട വര്‍ഗീയവത്കരണ, കാവിവത്കരണമായിട്ട് മനസ്സിലാക്കുന്ന വായനകള്‍ പലപ്പോഴും ഉന്നതവിദ്യാഭ്യാസരംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്ന വ്യക്തമായ ജാതി വിവേചനങ്ങളെ പറ്റിയും ന്യൂനപക്ഷ-ബഹുജന്‍ വിരുദ്ധതയെപറ്റിയും നിശബ്ദമാവുന്നുണ്ട്.

മണ്ഡല്‍ കമ്മീഷനുശേഷം ചെറിയ തോതിലെങ്കിലുമുണ്ടായ കീഴാള-മുസ്‌ലിം  ചലനാത്മകത സര്‍വകലാശാല ഇടങ്ങളില്‍ പുതിയ രാഷ്ട്രീയ-സൈദ്ധാന്തിക ആവിഷ്കരണങ്ങള്‍ നടത്താന്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഔദ്യോഗികമായി തന്നെ ഇത്തരം ഉന്നത വിദ്യാഭ്യാസ ഇടങ്ങളെ ഉന്നത ജാതി – വര്‍ഗ ഇടങ്ങളായി പരിവര്‍ത്തനം ചെയ്യുന്നത്. ഔദ്യോഗികമായ തലത്തില്‍ ഈയൊരു മാറ്റം ഏറെ അപകടകരമാണെങ്കില്‍  അനൗദ്യോഗികമായി ഈ പറയുന്ന പല കേന്ദ്രങ്ങളും പിന്നാക്ക സംവരണങ്ങളെ അട്ടിമറിച്ചുകൊണ്ടും ജാതി ഇടങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഫാക്കല്‍റ്റി നിയമനങ്ങളെ വരേണ്യവത്കരിച്ചുകൊണ്ടുമൊക്കെയായിരുന്നു നിലനിന്നിരുന്നത് എന്ന കാര്യം നമ്മള്‍ മറന്നുപോവരുത്.

2017ലെ കണക്ക് പ്രകാരം 30 കേന്ദ്ര സര്‍വകലാശാലകളിലെ 95% ഫാക്കല്‍റ്റികളും ഉന്നതജാതിക്കാരാവുമ്പോള്‍ ഒരു ശതമാനമാണ് ഓ.ബി.സി, എസ്.ടി ഫാക്കല്‍റ്റികള്‍, മൂന്ന് ശതമാനം മാത്രമായിരുന്നു എസ്.സി ഫാക്കല്‍റ്റികള്‍ എന്നതൊക്കെ യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുള്ള വസ്തുതകളാണ്. ഇത്തരത്തില്‍ പല അനൗദ്യോഗിക യുക്തികളിലൂടെയും അട്ടിമറികളിലൂടെയും കീഴാള-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കാതെ നിന്നിരുന്ന സര്‍വകലാശാലകളില്‍ ന്യൂനപക്ഷ സംവരണങ്ങളുടെ ഭാഗമായി ഇവരുടെയെല്ലാം ഒന്നാം തലമുറകള്‍ കയറിയിറങ്ങാന്‍ തുടങ്ങുന്ന കാലത്ത് തന്നെയാണ് ഔദ്യോഗികമായി തന്നെ ഉന്നതവിദ്യാഭ്യാസ ഇടങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെടുന്നത്.

എന്നാല്‍, ഇത്തരം വായനകളെ മനപ്പൂര്‍വ്വം ഇല്ലാതാക്കി നവ ലിബറല്‍ കാലഘട്ടത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ‘പുതിയ’യതിനെ തരണം (transcend) ചെയ്യാനും അതേസമയം തന്നെ ‘പഴയത്’ സംരക്ഷിച്ചുനിര്‍ത്താനുമുള്ള ബ്രാഹ്മണിസത്തിന്റെ  സംസ്കാരിക യുക്തി ആയിട്ട് വേണം ഇത്തരം മെറിറ്റോറിയസ് വാദങ്ങളെ മനസ്സിലാക്കാന്‍. ഇതിനെ സാമ്പത്തിക മാത്ര വാദങ്ങളിലൂടെ മാത്രം വിമര്‍ശിക്കുമ്പോളും, പാര്‍ലമെന്ററി രാഷ്ട്രീയ വായനകളിലൂടെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും നഷ്ടപ്പെടുന്നതും ഈ സാംസ്കാരിക മേല്‍ക്കോയ്മയുടെ അപകടകരമായ പ്രയോഗങ്ങളും അതിന്റെ അടിസ്ഥാനമായ വംശീയപ്രത്യയശാസ്ത്രത്തിന്റെ വ്യാപനശേഷിയുമാണ്. ഇതുമായി ബന്ധപ്പെട്ട സ്വകാര്യവത്കരണ, കാവിവത്കരണ വിമര്‍ശനങ്ങളെല്ലാം ഉപയോഗിക്കുന്ന ലിബറല്‍ യുക്തി പലപ്പോഴും കോളനിയാനന്തര ഇന്ത്യയില്‍ എല്ലാകാലവും നിലനിന്നിരുന്ന ബ്രാഹ്മണിസത്തിന്റെ സാംസ്ക്കാരിക മേല്‍ക്കോയ്മയെ നയപരമായും ഭരണപരമായും ദേശീയ അടിസ്ഥാനത്തില്‍ തന്നെ ഔദ്യോഗിക തലത്തിലേക്ക് മാറ്റിയെടുക്കുന്ന കാര്യം പരിഗണിക്കാതെ ബി.ജെ.പിയുടെ മുതലാളിത്ത-രാഷ്ട്രീയ പ്രൊജക്റ്റ് എന്ന അര്‍ത്ഥത്തില്‍ മാത്രം വായിക്കുന്നത് ഏറെ അപകടകരമായ കാര്യമാണ്. ഈ നയത്തില്‍ ത്രിഭാഷതത്വം (Three language Policy) ഏറെ പ്രധാനപ്പെട്ട കാര്യമായി മോഹന്‍ ഭഗവത് വരെ എടുത്ത് പറയുന്നതും സാംസ്കാരിക പ്രത്യയശാസ്ത്രത്തിനുണ്ടാക്കാന്‍ കഴിയുന്ന സമഗ്രമായ ആഘാതത്തെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്.

ഇത് ദേശരാഷ്ട്ര രൂപവത്കരണം മുതല്‍ക്ക് തന്നെ, ഒരു പക്ഷേ അതിനും മുമ്പ് ദേശീയ പ്രസ്ഥാനത്തിന്റെ സമയത്ത് തന്നെ തുടക്കമിട്ടിരുന്ന ഒരു സാംസ്കാരിക പ്രശ്നത്തിന്റെയും സംവാദത്തിന്റെയും വംശാവലിയുമായി ബന്ധിപ്പിച്ച് വേണം മനസ്സിലാക്കാന്‍. ഈ സംവാദത്തിന്റെ ഒരു വശത്ത് സവര്‍ണ്ണ ബ്രാഹ്മണിക യുക്തിയും മറുവശത്ത് അവര്‍ണ്ണ-ബഹുജന്‍-ന്യൂനപക്ഷ യുക്തിയുമാണ് നിലയുറപ്പിച്ചിരുന്നത്. ഇതില്‍ സവര്‍ണ്ണ ബ്രാഹ്മണ്യ യുക്തിയെ പല തലത്തിലും തോതിലും ഇന്ധനമായി സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ സംഘാടനങ്ങളെല്ലാം സാദ്ധ്യമാകുന്നത്. ഗോസംരക്ഷണം തൊട്ട് സാമ്പത്തിക സംവരണം വരെയെത്തിനില്‍ക്കുന്ന ഈ പ്രത്യയശാസ്ത്രത്തിന്റെ യുക്തി ഇത്തരത്തില്‍ പല രാഷ്ട്രീയ- പ്രത്യയശാസ്ത്രധാരകളെയും സ്വാധീനിച്ചുകൊണ്ടോ സ്വാംശീകരിച്ചുകൊണ്ടോ ആണ് നിലനില്‍ക്കുന്നത്.

അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇതിനെ ചേര്‍ത്തുവെക്കുന്നത് ഈ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തെ ഒരര്‍ത്ഥത്തില്‍ ലഘൂകരിക്കലാവും. ഷെഫാലി ജാ നിരീക്ഷിക്കുന്നത് പോലെ ഭരണഘടനാ അസംബ്ലി സംവാദങ്ങളില്‍ നിന്നും മേല്‍പറഞ്ഞ സംവാദങ്ങളുടെ പൊസിഷനിങ്ങ് നമുക്ക് വ്യക്തമാകുന്നുണ്ട്. ഈ സാംസ്ക്കാരിക മേല്‍ക്കോയ്മാ വാദവും ബോദ്ധ്യവും എല്ലാ കാലത്തും നിലനിന്നിരുന്നു എന്ന് മാത്രമല്ല, ക്രമാനുഗതമായിക്കൊണ്ട് അതിന്റെ പ്രത്യയശാസ്ത്ര-പ്രായോഗിക മണ്ഡലങ്ങള്‍ വ്യാപിക്കുകയും ഇപ്പോള്‍ എല്ലാ തരത്തിലും അനുയോജ്യമായ ഒരു രാഷ്ട്രീയ മണ്ഡലം കൂടെ കൈവന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെ ഒരു ഏകശിലാത്മകമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൊണ്ടുവരാനുള്ള ചിന്താപരമായ സാഹചര്യവും പ്രായോഗിക മണ്ഡലവും (സാമ്പത്തിക-സാംസ്കാരിക-വംശീയ) സൃഷ്ടിച്ചെടുക്കാനുള്ള ഒരു  സമഗ്രപ്രത്യയശാസ്ത്രപദ്ധതിയുടെ പ്രധാനപ്പെട്ട ഒരു  പരിവര്‍ത്തനത്തിന്റെ പോയന്റ് ആയിട്ട് വേണം നയപരമായിട്ടുള്ള ഈ മാറ്റത്തെ മനസ്സിലാക്കാന്‍. അതിനെ ഇതിലേതെങ്കിലുമൊരു വശത്തിന്റെ പ്രശ്നങ്ങളെ വെച്ച് കൊണ്ട് മാത്രം വിമര്‍ശിക്കുന്നത് മറ്റൊരു വശത്ത് അതിന്റെ പ്രായോഗികമണ്ഡലത്തെ വിപുലപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ബ്രാഹ്മണിസത്തിനെതിരെയും അതിന്റെ വംശീയപ്രത്യശാസ്ത്രമണ്ഡലത്തിനെയും സമഗ്രമായി വിമര്‍ശിക്കാനും പ്രായോഗികതലത്തില്‍ തന്നെ പ്രതിരോധിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അത്തരമൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം ഈ പുതിയ വിദ്യാഭ്യാസ നയത്തിനെ നമ്മള്‍ എതിര്‍ക്കേണ്ടതും.

 

അഫീഫ് അഹ്മദ്