Campus Alive

ബാബരി – മുസ്‌ലിം ചോദ്യങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും

താഹിർ ജമാൽ കെ എം

ബാബരി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് 1992 ഡിസംബർ 6ന് ‘പ്രതീകാത്മക കർസേവ’ നടക്കുന്നുവെന്നാണ് വാർത്തകളുണ്ടായിരുന്നത്. അത് പകർത്താൻ പോയ മലയാള മനോരമ ഫോട്ടോഗ്രാഫർ മുസ്‌തഫയുടെ അനുഭവം ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിമിന്റെ പൊള്ളുന്ന യാഥാർഥ്യമാണ്. സ്വന്തം പേര് വെളിപ്പെടുത്താതെയും കാവി ഷാൾ പുതച്ചും അത്യുച്ചത്തിൽ ജയ് ശ്രീരാം വിളിച്ചുമാണ് ഹിന്ദുത്വ ആൾക്കൂട്ടത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെടുന്നത്. അതിനിടയിൽ പകർത്തിയ ചിത്രങ്ങളാകട്ടെ മനോരമ പ്രസിദ്ധീകരിച്ചതുമില്ല. അതിന് പകരം നശിച്ചു കൊണ്ടിരിക്കുന്ന കണ്ടൽ കാടുകളെ കുറിച്ചായിരുന്നു മനോരമയുടെ എഡിറ്റോറിയൽ. മുസ്‌തഫയുടെ ആ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത് മുസ്‌ലിംകൾ വൈകാരികമായി പ്രതികരിക്കാൻ കാരണമാകുമെന്നും ‘വർഗീയ സംഘർഷങ്ങൾക്ക്’ ഇടവരുത്തുമെന്നുമുള്ള ‘ആകുലത’യായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.

കർസേവ നടക്കുന്ന സ്ഥലത്തേക്ക് മുസ്തഫ പോയത് ഒരു മുസ്‌ലിമായിട്ടല്ല, മറിച്ചു ഒരു ഫോട്ടോഗ്രാഫർ ആയിട്ടായിരുന്നുവെന്ന് മുസ്‌തഫയെ ഉദ്ധരിച്ചു കൊണ്ട് തെഹെൽകയിൽ എഴുതിയ ജീമോൻ ജേക്കബ് പറയുന്നുണ്ട്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ബ്രാക്കറ്റിലേക്ക് മാറ്റൽ അസാധ്യമായ ഒന്നാണ് അവന്റെ മുസ്‌ലിം സ്വത്വം. അത് കൊണ്ടാണല്ലോ സ്വന്തം പേര് മറച്ചു പിടിച്ചു തലയിൽ കാവി ഷാൾ പുതക്കേണ്ടി വരുന്നത്.

തന്റെ വിശ്വാസത്തെ കുറിച്ചല്ല, മറിച്ചു നല്ല ഫോട്ടോ ലഭിക്കുന്നതിലായിരുന്നു മുസ്‌തഫയുടെ ഉത്കണ്ഠയെന്നും ജേക്കബ് പറയുന്നുണ്ട്. ഭരണഘടനക്ക് ഈ ആരാധനാ കേന്ദ്രത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ല, മുസ്‌ലിം ആരാധനാ കേന്ദ്രം പോലെ മറ്റേതൊരു ആരാധനാ കേന്ദ്രം നശിപ്പിക്കപ്പെട്ടാലും തനിക്ക് വേദനിക്കും എന്നല്ലാമുള്ള മുസ്‌തഫയുടെ പ്രസ്താവനയെ ജേക്കബ് ഉദ്ധരിക്കുന്നത്. ബാബരി മസ്ജിദിന്റെ തകർക്കൽ മുസ്‌തഫയെ വേദനിപ്പിച്ചത് ഒരു മുസ്‌ലിം എന്ന അർത്ഥത്തിലല്ല, മറിച്ച് ഒരിന്ത്യൻ പൗരൻ എന്ന നിലക്കായിരുന്നു എന്നും ജേക്കബ് പറഞ്ഞു വെക്കുന്നുണ്ട്. എന്തായിരിക്കും ഒരിന്ത്യൻ പൗരന്റെയും ഒരു മുസ്‌ലിമിന്റെയും വേദനകൾ തമ്മിലുള്ള അന്തരം?

തന്റെ വിശ്വാസത്തെ കുറിച്ച് ഉത്കണ്ഠയുള്ള, Pious ആയിട്ടുള്ള മുസ്‌ലിമിനെ ഇന്ത്യൻ ദേശീയ-ഭരണഘടനാ ചട്ടക്കൂടിനു ഉൾകൊള്ളാൻ പ്രയാസമാണ് എന്ന് തന്നെയല്ലേ ഇവിടെ പറയാതെ പറയുന്നത്. ഫൈസൽ ദേവ്ജി പറയുന്ന പോലെ, “മുസ്‌ലിം എന്നത് ദേശീയതയുടെ അടിസ്ഥാനപരമായ ഉത്കണ്ഠയെ പ്രതിനിധീകരിക്കുന്നു”. അത് കൊണ്ട് മുസ്‌ലിമിന്റെ വേദനയെന്നത് പരസ്യമാക്കാൻ കൊള്ളാത്തതാണ്, അത് പരസ്യമാകുന്നത് ഇന്ത്യൻ പൊതുമണ്ഡലത്തിന് താങ്ങാൻ കഴിയില്ല. അതേസമയം, ഹൈന്ദവ വികാരം ദേശീയ ഐക്യം സാധ്യമാക്കുന്നതാണ്. അതാണല്ലോ പ്രിയങ്ക പറഞ്ഞത്.

മുസ്‌ലിം പ്രതികരണങ്ങൾ എപ്പോഴെല്ലാം ഇതിനെ മറികടന്നിട്ടുണ്ടോ, അപ്പോഴെല്ലാം വർഗീയത – തീവ്രവാദ ചാപ്പകളും ഏറ്റു വാങ്ങിയിട്ടുണ്ട്. മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളെ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടുള്ള അബ്ദുൽ നാസർ മഅദനിയുടെ പ്രസംഗങ്ങളും പൗരത്വ പ്രക്ഷോഭത്തിലെ ലാ ഇലാഹ ഇല്ലല്ലാഹയും അത്തരത്തിൽ ‘മുസ്‌ലിമിന്റെ പ്രതികരണമായിരുന്നു’. കോടതി വിധി എന്തായാലും അത് സ്വീകരിക്കുമെന്ന 1990കളിലെ നിലപാടിൽ നിന്നും മാറി കോടതി തന്നെ ഹിന്ദുത്വ പരീക്ഷണശാലയാണെന്ന നിലപാടിലേക്ക് മുസ്‌ലിം സമൂഹം മാറുന്നത് ഇനിയും മതേതര – ആകുലതകളെ താലോലിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണ്. Once a Masjid, always a Masjid എന്ന മുസ്‌ലിം പേർസണൽ ലോ ബോർഡിന്റെ പുതിയ പ്രസ്താവനയും ചില പ്രതീക്ഷകൾ തന്നെയാണ്.

അഡ്വ: അമീൻ ഹസ്സൻ

കേവലം ഒരു പള്ളി – അമ്പല തർക്കം എന്ന യുക്തിയിലാണ് ബാബരി മസ്ജിദ് പ്രശ്നത്തെ ഇടത്തും വലത്തുമുള്ള ലിബറൽ ജനാധിപത്യവാദികൾ  കണ്ടിരുന്നത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും, മതാന്ധതയും മതഭ്രാന്തും തുടങ്ങിയ സമവാക്യങ്ങളിലാണ് അവർ അതിനെ വിശകലനം ചെയ്തത്. മ്യൂസിയമാക്കണം, പള്ളി മനസ്സിനകത്തല്ലേ എന്നു തുടങ്ങിയ ന്യായവാദങ്ങൾ അതിനെ തുടർന്ന് വരികയും ചെയ്തു.

ഹിന്ദുത്വ വംശീയ മേധാവിത്വ നിർമിതിക്കായുള്ള അനിവാര്യമായ സാംസ്കാരികവും ചരിത്രപരവും ജനകീയവുമായ ഒരു പദ്ധതിയാണ് ആർ.എസ്.എസ് രാമജന്മഭൂമി വിവാദത്തിലൂടെ ഉയർത്തുന്നത് എന്നും അത് മുസ്‌ലിം ന്യുനപക്ഷത്തിന്റെ സാംസ്കാരികവും പ്രതിനിധാനപരവും  സാമൂഹികവുമായ ഉൻമൂലനത്തിന്റെ പ്രഖ്യാപനവുമാണെന്ന് തിരിച്ചറിഞ്ഞതും ഉറക്കെ വിളിച്ചു പറഞ്ഞതും ചെറിയൊരു ന്യൂനപക്ഷം മാത്രമായിരുന്നു. ലാലു പ്രസാദ് യാദവിനെ പോലുള്ള ചുരുക്കം രാഷ്ട്രീയ നേതാക്കൾ മാത്രമാണ് ഇത് ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയത എന്ന ഫ്രെയിമിൽ മനസ്സിലാക്കാൻ പറ്റാത്ത ഒന്നാണെന്ന് രാഷ്ട്രീയപരമായെങ്കിലും തിരിച്ചറിഞ്ഞത്. ബൗദ്ധികമായും സാംസ്കാരികമായും ജനകീയ തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും വിജയിച്ചില്ല.

വിരോധാഭാസമെന്ന് തോന്നുന്ന രീതിയിൽ ബാബരി മസ്ജിദ് പ്രശ്നത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംങ്ങളുടെ സെക്യുലറിസത്തിന്റെ ലിറ്റ്മെസ് ടെസ്റ്റ് നടത്തുകയായിരുന്നു അവരിൽ പലരും. ബാബരി മസ്ജിദ് പ്രശ്നത്തിലൂടെ ഉയർന്ന മുസ്‌ലിം രാഷ്ട്രീയത്തെ നിതാന്തമായി നിഗൂഢവൽകരിച്ച്  നശിപ്പിച്ചും, ഭരണകൂടത്തിന്റെ, ഭൂരിപക്ഷത്തിന്റെ, ഹിതമനുസരിച്ച് മുസ്‌ലിം രാഷ്ടീയത്തെ ഭൂതകണ്ണാടിയുപയോഗിച്ച് പരിശോധിച്ചും അസാധുവാക്കുന്ന പ്രക്രിയയിൽ പരസ്പരം മത്സരിക്കുകയായിരുന്നു അവർ. സംഘ് പരിവാർ അതിന്റെ വംശഹത്യാ പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തുമ്പോഴും  മുസ്‌ലിംകൾക്ക് മേലുള്ള കുഴൽ കണ്ണാടി പരിശോധന തുടരുക തന്നെയാണ് അവർ.

അതിനിനി ഇന്ത്യൻ മുസ്‌ലിംങ്ങൾക്കിടയിൽ കാരണമില്ലെങ്കിൽ തുർക്കിയിൽ പോയി കണ്ടു പിടിച്ചു കളയും ഇക്കൂട്ടർ. യാഥാർത്ഥ്യമായ ഒരു രാമരാജ്യത്തിനകത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന് പരിമിതമായ തിരഞ്ഞെടുപ്പുകളാണ് ഉള്ളത്. അവ മുൻനിർത്തി, തങ്ങളടെ ചരിത്രാനുഭവങ്ങൾ മുൻനിർത്തി, സ്വതന്ത്രവും ധീരവുമായ രാഷ്ട്രീയ നിലപാടുകളിലേക്കും സംഘാടനത്തിലേക്കും എത്തിചേരുക മാത്രമാണ് മുസ്‌ലിംങ്ങളുടെ മുന്നിലെ വഴി. ആ പ്രക്രിയയിൽ ഇടത്തോ വലത്തോ ഉള്ള ഹിന്ദു മുൻഗണനകളുള്ള പാർട്ടികളുമായി എന്ത് നിലപാട് എന്നത് അതത് സന്ദർഭങ്ങളുടെ മാത്രം പ്രശ്നമാണ്. കുഴൽ കണ്ണാടികളെയും രക്ഷകരെയും വകഞ്ഞു മാറ്റി മുസ്‌ലിം രാഷ്ട്രീയം വികസിക്കുന്ന അന്ന് മാത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനവും സാധ്യമാവുകയുള്ളൂ.

 

ഷംസീർ ഇബ്രാഹീം

ഭൗതികമായി ബാബരി തകർക്കപ്പെട്ടിട്ട് 28 വർഷങ്ങളായി. ബാബരി എന്ന നിർമിതിയുടെ എന്തെങ്കിലും അവശിഷ്ടങ്ങൾ ആ മണ്ണിലുണ്ടോ എന്നറിയില്ല. വരും നാളുകളിൽ മന്ദിററിന്റെ കല്ലുകൾ അതിവേഗം അവിടെ പടുത്തുയർത്തപ്പെടും.

നിയമപരമായി ബാബരി ഏതാണ്ട് തീർപ്പാക്കപ്പെട്ട ഒരു ഫയലാണ്. അന്തിമ വിധി പ്രഖ്യാപനത്തിൽ മസ്ജിദ് തകർത്തതിനെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും മന്ദിറിനനുകൂലമായി തീർപ്പ് വിധിച്ച നീതിന്യായ സംവിധാനത്തിൽ നിന്ന് മസ്ജിദ് പൊളിച്ചവർക്കെതിരെ എന്തെങ്കിലും നിയമനടപടികൾ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷയും ഇന്ത്യയിലെ മുസ്‌ലിം സമൂഹം വച്ചു പുലർത്തുന്നില്ല. ഇന്ത്യയിലെ നിയമ വ്യവഹാരങ്ങൾക്കകത്ത് മുസ്‌ലിമിന്റെ സ്ഥാനമെന്താണെന്നത് മറകളില്ലാതെ ലോകത്തിനു മുന്നിൽ വ്യക്തമാക്കിയ വിധിയായിരുന്നു ബാബരി വിധി.

രാഷ്ട്രീയമായി ബാബരി ഒരു ലിറ്റ്മസാണ്. ഭൂമിപൂജ വിവാദങ്ങൾ വരെ അതെത്തി നിൽക്കുന്നു. ഇന്ത്യയിലെ മുഴുവൻ സാമൂഹിക ജനവിഭാഗങ്ങളുടെയും പാർട്ടികളുടെയും സംഘടനകളുടെയും സാന്നിധ്യത്തിലും പങ്കാളിത്തത്തിലുമാണ് ഭൂമിപൂജ നടക്കുന്നതെങ്കിലും ‘ബാബരി പുനർനിർമിക്കുക’ എന്നതിനെക്കാൾ കുറഞ്ഞ ഒരു കാര്യം പറയുന്നത് അനീതി തന്നെയാണ്. ട്രസ്റ്റാണോ പ്രധാനമന്ത്രിയാണോ എന്നതുമല്ല പ്രശ്നം. ആരാണെങ്കിലും പള്ളി പൊളിച്ച ഭൂമിയിലാണ് നിർമാണം തുടങ്ങുന്നത്. ബി.ജെ.പിയിതര പരമ്പരാഗത അധികാര രാഷ്ട്രീയം ബാബരിയെ ബാബരിയായി കാണാനോ സമീപിക്കാനോ തുനിഞ്ഞിട്ടില്ല എന്നത് ഭൂമിപൂജയോടെ വെളിപ്പെട്ട ഒരു പുതിയ അറിവല്ല. ശിലാന്യാസത്തോളം പഴക്കമുള്ള ബോധ്യമാണ്.

Credit: Maktoob media

ഭൗതികമായും നിയമപരമായും രാഷ്ട്രീയമായും പ്രതീക്ഷകൾ അസ്തമിച്ച ക്ലോസ്ഡ് ചാപ്റ്റല്ലേ ബാബരി എന്ന് ചോദ്യമുണ്ട്. രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമിപൂജ നടക്കുന്ന ഇന്ന് ട്വിറ്ററിൽ #BabriZindaHai എന്ന ഹാഷ്ടാഗിൽ ധാരാളം ആളുകൾ ബാബരിയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. അസാധ്യമെന്ന് വിധിയെഴുതപ്പെട്ടവയുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിന്റെ പേര് കൂടിയാണ് നീതിബോധമെന്നത്. അവർക്കുള്ളതാണ് ഭാവി. റീബിൽഡ് / റീസ്റ്റോർ / റീഇൻസ്റ്റേറ്റ് ബാബരി, ബാബരി പളളിയായിരുന്നു; പള്ളിയാണ്; പള്ളിയായിരിക്കും തുടങ്ങിയ പറച്ചിലുകൾ ഭൗതിക – രാഷ്ട്രീയ – നിയമ തീർപ്പുകൾക്കപ്പുറത്ത് നിന്നു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ്. ആ പ്രഖ്യാപനങ്ങൾക്ക് അഭിവാദ്യങ്ങൾ!

 

ശ്രുതീഷ് കണ്ണാടി

നമ്മുടെയൊക്കെ നിശബ്ദതയില്‍ നിന്ന് കൊണ്ട് കൂടെയാണ് ബാബരിയാനന്തര ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയം ഇത്രമേല്‍ കരുത്താര്‍ജ്ജിച്ചതെന്ന് മനസിലാക്കുമ്പോള്‍ “ആ 130 കോടിയില്‍ ഞാന്‍ ഇല്ലെന്ന്” അത്രയെളുപ്പം പറഞ്ഞു വെക്കാന്‍ സാധിക്കുന്നില്ല.

സംഘപരിവാര്‍ ഹിന്ദുത്വ ഭീകരത മുസ്‌ലിം യുവാക്കളെ ജയ് ശ്രീറാം മുഴക്കി ബീഫിന്‍റെ പേരു പറഞ്ഞു വംശീയമായി അടിച്ചു കൊന്നപ്പോള്‍ “നോട്ട് ഇന്‍ മൈ നെയിം” എന്ന് പറഞ്ഞ് കൈ കഴുകിയ സമാന യുക്തി തന്നെയാണ് ഇപ്പോള്‍ “130 കോടിയില്‍ ഞാന്‍ ഇല്ല” എന്ന പുതിയ വാദത്തിലും ഉള്ളതായി തോന്നുന്നത്.

പ്രത്യക്ഷത്തില്‍ സംഘപരിവാര്‍ വിരുദ്ധം എന്ന് തോന്നുന്ന ഈ രണ്ടു വാദങ്ങളുടെയും നിര്‍മിതി വാസ്തവത്തില്‍ ഹിന്ദുത്വവാദി അല്ലാത്ത “നല്ല” ഹിന്ദു എന്ന കാഴ്ചയില്‍ തന്നെയാണ് നിലനില്‍ക്കുന്നത്.

ഹിന്ദുത്വ വംശീയതയുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഒരു മുസ്‌ലിം പൊസിഷനില്‍ നിന്ന് കൊണ്ട് വായിക്കാന്‍ ശ്രമിച്ചാല്‍ ഈ വാദങ്ങളില്‍ വലിയ വയലന്‍സ് ഉള്ളതായാണ് അനുഭവപ്പെടുന്നത്!

(ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ സോഷ്യൽ മീഡിയാ പ്രതികരണങ്ങൾ)


Credit: FB