Campus Alive

സയണിസത്തിന്റെ ദൈവശാസ്ത്രം

“സയോണിന്റെ സൗഭാഗ്യങ്ങൾ കർത്താവു പുനഃസ്ഥാപിച്ചപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നതു പോലെ ആയിരുന്നു. അപ്പോൾ ഞങ്ങളുടെ വായിൽ ചിരി നിറഞ്ഞു, ഞങ്ങളുടെ നാവ് ആനന്ദഘോഷങ്ങൾകൊണ്ടും നിറഞ്ഞു”

(സങ്കീർത്തനങ്ങൾ, 126)

“The seperation of Church and state” എന്നത് യൂറോപ്യൻ നവോത്ഥാനത്തിന്റെയും നവോത്ഥാന മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പുനക്രമീകരിക്കപ്പെട്ട യൂറോപ്യൻ ദേശ രാഷ്ട്രങ്ങളിലെയും അടിസ്ഥാന നീതി വാക്യങ്ങളിൽ ഒന്നാണ്. സ്റ്റേറ്റിന്റെ സ്വാശ്രയത്തെ സംബന്ധിച്ചും മതാധികാരവും രാഷ്ട്രീയാധികാരവും വേറിട്ട അധികാര രൂപങ്ങളായി നിലനിൽക്കും എന്നതായിരുന്നു പ്രാഥമികമായി ഈ വാക്യത്തിന് കൽപ്പിക്കുന്ന അർത്ഥം. നവോത്ഥാനത്തിനു ശേഷം ആധുനിക ലിബറൽ ദേശ രാഷ്ട്ര സംവിധാനത്തിലേക്ക് ലോകം പരിവർത്തിക്കപ്പെട്ടതിനു ശേഷം, ആധുനിക ലിബറൽ ദേശരാഷ്ട്ര തത്ത്വചിന്തയുടെ ജ്ഞാനശാസ്ത്രത്തിൽ വിവിധ തലത്തിൽ ഉള്ള വ്യാവഹാരിക അർത്ഥങ്ങളാണ് മേൽ സൂചിപ്പിച്ച വാക്യത്തിന് കൽപ്പിക്കപ്പെട്ടത്. അതിൽ വിശാലമായി എല്ലാ മതങ്ങളുടെയും ഉൾകൊളളൽ തുടങ്ങി മത തത്ത്വചിന്തയുടെയും മതാവിഷ്ക്കരണത്തിന്റെയും നിരാസം വരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ നവോത്ഥാനത്തിനു മുമ്പുണ്ടായിരുന്ന എല്ലാ സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളെയും ജ്ഞാനത്തെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു ആധുനികതയുടെ ജ്ഞാനവും രാഷ്ട്രീയ സാമൂഹിക നിയമങ്ങളും നിലവിൽ വന്നത്. ഇത്തരത്തിൽ രൂപപ്പെട്ടു വന്ന സ്റ്റേറ്റ് സംവിധാനത്തിൽ അടിസ്ഥാന മൂല്യം എന്ന നിലയിലാണ് ‘സെക്യുലറിസം’ വിഭാവനം ചെയ്യപ്പെട്ടത്. സ്റ്റേറ്റിന്റെ നയ രൂപീകരണത്തിൽ എതെങ്കിലും പ്രത്യേക മതവിഭാഗം ഒരു തരത്തിലും ഇടപെടുകയോ ഒരു മത വിഭാഗത്തിന്റെ താൽപര്യത്തിനും പ്രത്യേക പരിഗണന ലഭിക്കുകയോ ഇല്ലെന്നും സെക്യുലറിസം ഔദ്യോഗിക നിലപാടായി സ്വീകരിച്ച് ഭരണഘടനകൾ തങ്ങളുടെ ജനങ്ങൾക്ക് ഉറപ്പു നൽകി.

ആധുനിക ലിബറൽ ദേശരാഷ്ട്രങ്ങളുടെ ഉത്തമ മാതൃകകളായ യൂറോപ്യൻ ദേശരാഷ്ട്രങ്ങളുടെയും അമേരിക്കൻ ഐക്യനാടുകളുടെയും നിയമങ്ങളെയും പശ്ചിമേഷ്യൻ നയങ്ങളെയും ചരിത്രപരമായി പരിശോധിക്കുമ്പോൾ സെക്യുലറിസം ഒരേ സമയം ഒരു ഉത്‌കൃഷ്‌ട ആശയവും അതേ സമയം ഒരു മിഥ്യയുമാണ്. നീതിയും ഹിംസയും തമ്മിലുള്ള ബലാബലം മനുഷ്യന്റെ അടിസ്ഥാന സ്വഭാവമായി നിലകൊള്ളുന്ന കാലമത്രയും ഉത്‌കൃഷ്‌ട മാതൃകകൾ പലപ്പോഴും മിഥ്യയായി അവശേഷിക്കും. ഇത്തരം മിഥ്യകൾ ചരിത്രത്തെ സൂക്ഷ്മവും ശരിയായും വിലയിരുത്തുന്നതിൽ നിന്നും തടയുന്നു എന്നതാണ് ചരിത്രപരമായ പ്രതിസന്ധി.

2020 ജനുവരി മാസത്തിലാണ് അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രoപ് അമേരിക്കയുടെ പശ്ചിമേഷ്യൻ നയങ്ങളുടെ പുതിയ രൂപരേഖ പരസ്യപ്പെടുത്തിയത്. പ്രസ്തുത നയരേഖയിൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ഉൾപ്പെടെ ഇസ്രായേൽ നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ജോർദാൻ, ഈജിപ്ത് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളും 1948-ൽ ഇസ്രായേൽ രാഷ്ട്ര രൂപീകരണം മുതൽ ചരിത്രത്തിൽ ഇന്നോളം ഇസ്രായേലുമായി ശക്തമായ നയതന്ത്ര ബന്ധങ്ങളുള്ള ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും വെസ്റ്റ്ബാങ്ക് അധിനിവേശത്തിനു പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

മത താൽപര്യങ്ങൾ ഒരു തരത്തിലും രാഷ്ട്ര നയത്തെ സ്വീധീനിക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോഴും ഇസ്രായേലിന്റെ അധിനിവേശ നയങ്ങളെയും ഫലസ്തീൻ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാനും പുറന്തള്ളാനുമുള്ള തീരുമാനങ്ങളെ അമേരിക്ക അടക്കമുള്ള ലിബറൽ ദേശ രാഷ്ട്രങ്ങൾ പിന്തുണക്കുന്നതിന്റെ സൈദ്ധാന്തിക കാരണങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും ഇസ്രായേൽ ചരിത്രവും സൂക്ഷ്മമായി പഠന വിധേയമാക്കുമ്പോൾ അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും പശ്ചിമേഷ്യൻ ദേശത്തെ സംബന്ധിച്ച നയങ്ങളുടെ അടിസ്ഥാനം എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങളും  മൂലധന ശക്തികളുടെ സാമ്പത്തിക താൽപര്യങ്ങളും ആണെന്നുള്ളത് ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള ഒരു ലളിത വായനയാണ്. തീർച്ചയായും ചരിത്രം ഒരിക്കലും സാമ്പത്തിക താൽപര്യത്തിൽ നിന്ന് മുക്തമല്ല, പക്ഷേ സാമ്പത്തിക താൽപര്യത്തെ പോലും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റു താൽപര്യങ്ങളെ നിഷേധിക്കുന്നത് ചരിത്ര വിരുദ്ധമാണ്.

ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, 1948-ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമാകുന്നതിനു മുമ്പുതന്നെ പശ്ചിമേഷ്യൻ രാഷ്ട്രീയം കലുഷിതയായിരുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ സങ്കീർണവും കലുഷിതവും ആക്കുന്നത് മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സൈനിക ബലാബലങ്ങളും അധിനിവേശ താൽപര്യങ്ങളുമാണ്. ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന്റെയും അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും, വംശീയമായ നിയമങ്ങളും നയങ്ങളും അധിനിവേശവും നടപ്പിൽ വരുത്തുന്ന ഇസ്രായേൽ രാഷ്ട്രത്തിന് നൽകുന്ന ഉപാധികളില്ലാത്ത പിന്തുണയുടെയും വേരുകൾ കിടക്കുന്നത് സെമിറ്റിക് മതങ്ങളുടെ തിയോളജിയിലും യേശുവിന്റെയും മിശിഹയുടെയും ആഗമനത്തെയും പുനരാഗമനത്തെയും സംബന്ധിച്ചുള്ള ബൈബിൾ പ്രവചനങ്ങളിലും ആണ്. വ്യക്തമായി പറഞ്ഞാൽ പശ്ചിമേഷ്യൻ രാഷ്ട്രീയ സംഘർഷങ്ങളുടെ അടിസ്ഥാനം തികച്ചും വിശ്വാസപരമാണ്. മേഖലയിൽ നടക്കുന്ന ഹിംസയുടെയും പ്രതിരോധത്തിന്റെയും വേരുകൾ കിടക്കുന്നത് ലോകത്തേറ്റവും സ്വാധീനശക്തിയുള്ള മൂന്ന് അബ്രഹാമിക്ക് മതങ്ങളിലാണ്; ജൂതായിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം.

ജൂത സയണിസം അതിന്റെ താത്വികമായ നിലപാടുകളും രാഷ്ട്രീയ നയങ്ങളും രൂപപ്പെടുത്തുന്നത് മിശിഹയെ സംബന്ധിച്ചുള്ള ജൂത വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സോളമൻ രാജാവിന്റെ മരണശേഷം ബനീ ഇസ്റാഈൽ സമൂഹം ബാബിലോണിയയിലെയും, അസ്സീരിയയിലെയും സാമ്രാജ്യങ്ങളിൽ നിന്നുള്ള നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമാവുകയും പ്രസ്തുത സാമ്രാജ്യങ്ങൾ ബനീ ഇസ്രാഈൽ സമൂഹത്തെ അടിമപ്പെടുത്തുകയും ഭൂമിയിൽ ചിതറിക്കുകയും ചെയ്തപ്പോൾ ബനീ ഇസ്റാഈൽ സമൂഹത്തിലേക്ക് വന്ന പ്രവാചകന്മാർ അവർക്ക് ഒരു മിശിഹായെ കുറിച്ച്, തങ്ങളെ പരാധീനതയിൽ നിന്നും വിമോചിപ്പിക്കാനായി ദൈവത്തിങ്കൽ നിന്ന് വരുന്ന ഒരു മിശിഹയെക്കുറിച്ച് സുവിശേഷം അറിയിക്കുകയുണ്ടായി. ഈ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ രാജാവായി നാടിനെ യുദ്ധം ചെയ്ത് പിടിച്ചടക്കി, തങ്ങളെ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന് ഫലസ്തീനിൽ ഒരു മഹാരാഷ്ട്രം സ്ഥാപിക്കുന്ന ഒരു മിശിഹയെ യഹൂദികൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന ഈ സുവർണകാലഘട്ടത്തിന്റെ മധുര വർണനകളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ളതാണ് ജൂത സാഹിത്യങ്ങൾ. ബൈബിളിന്റെ പ്രവചനപ്രകാരം, നൈൽ നദി മുതൽ യൂഫ്രട്ടീസ് നദി വരെയുള്ള പ്രദേശമാണ് വാഗ്ദത്ത ഇസ്രായേൽ രാഷ്ട്രത്തിന്റെ അതിർത്തി. ഇസ്രായേൽ രാഷ്ട്രത്തിന്റെ പതാകയിൽ ദാവീദിന്റെ നക്ഷത്രം നൈൽ നദിയെയും യൂഫ്രട്ടീസ് നദിയെയും പ്രതിനിധാനം ചെയ്യുന്ന രണ്ടു നേർരേഖകൾക്കിടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. എതാനും വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധം ചെയ്ത വിശാല ഇസ്രായേൽ രാഷ്ട്ര ഭൂപടത്തിൽ നിന്നു തന്നെ ഈ ലക്ഷ്യം വ്യക്തമാണ്. അതിൽ ഫലസ്തീൻ, സിറിയ, ലബനാൻ, ജോർദാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങൾ മുഴുവനും തുർക്കിയിൽ നിന്ന് ഇസ്കന്തറും ഈജിപ്തിൽ നിന്ന് സിനായി പ്രദേശവും സൗദി അറേബ്യയിൽ നിന്ന് ഹിജാസിന്റെയും നജ്ദിന്റെയും ഉയർന്ന പ്രദേശങ്ങളും – ഇക്കൂട്ടത്തിൽ മദീനയും ഉൾപ്പെടും – പിടിച്ചെടുത്ത്, തങ്ങളുടെ പൈതൃക സ്വത്തെന്ന നിലയിൽ കൈവശപ്പെടുത്തി വിശാല ഇസ്രായേൽ എന്ന ബൈബിൾ പ്രവചനം സാക്ഷാത്ക്കരിക്കാൻ ഉള്ള പദ്ധതി ആസൂത്രണം ചെയ്തതായുളള തെളിവുകളുണ്ട്.

ചരിത്രപരമായി, യേശുവിനെ ക്രൂശിച്ച പാപികളായാണ് ക്രൈസ്തവ സഭകൾ ജൂതരെ കണ്ടിരുന്നത്. 1960-ൽ പോപ് ജോൺ 23-ാമൻ മുഴുവൻ ജൂതരെയും യേശുവിന്റെ ക്രൂശകരായി കാണരുത് എന്നും ആന്റിസെമിറ്റിസത്തിൽ നിന്ന് വിശ്വാസികൾ മുക്തരാകണമെന്നും വിധിക്കുന്ന കാലമത്രവരെയും ജൂത വിരുദ്ധത സഭയുടെയും ക്രിസ്തു മത വിശ്വാസത്തിന്റെയും അടിസ്ഥാന പ്രമാണമായിരുന്നു. ജൂതർക്കെതിരായ നാസി ആരോപണങ്ങളിൽ യേശുവിനെ കുരിശിൽ തറച്ചതും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1960-ലാണ് ജോൺ 23-ാമൻ യേശുവിന്റെ ഘാതകർ എന്ന കുറ്റത്തിൽ നിന്ന് ജൂതർക്ക് മാപ്പ് നൽകുന്നത്.

ചരിത്രത്തിൽ യഹൂദ മതവിഭാഗവും ക്രിസ്തു അനുയായികളും തമ്മിലുള്ള ബന്ധം ഇങ്ങനെയായിരിക്കെ തീവ്രമായി ക്രിസ്തുമതത്തെ പിന്തുടരുന്ന ഇവാഞ്ചലിസ്റ്റ് വിഭാഗവും അമേരിക്കയും യൂറോപ്പും ഉള്ളപെടെയുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളും മറ്റും ജൂത രാഷ്ട്രത്തെയും പശ്ചിമേഷ്യയിൽ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തെയും അധിനിവേശങ്ങളെയും ഉപാധികളില്ലാതെ പിന്തുണക്കുന്നതിന്റെയും കാരണവും വിശ്വാസപരമാണ്.

1967-ലെ ആറു ദിവസ യുദ്ധത്തോടെ തന്നെ ഇസ്രായേൽ അധിനിവേശം പ്രഖ്യാപിത നയമായി സ്വീകരിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനം ആണ് ഇസ്രായേൽ ഫലസ്തീനിൽ ഉൾപ്പെടെ നടത്തുന്ന അധിനിവേശം എങ്കിലും അമേരിക്കയോ യൂറോപ്പോ യു.എൻ സെക്യൂരിറ്റി കൗൺസിലോ ശക്തമായ ഒരു നടപടിയും ഇന്നുവരെ ഇസ്രായേലിനെതിരെ കൈകൊണ്ടിട്ടില്ല. എന്നുമാത്രമല്ല ഇസ്രായേലിന്റെ വംശീയവും അധിനിവേശപരവുമായ നയങ്ങൾക്കെതിരെ വരുന്ന പ്രമേയങ്ങൾ പോലും അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വീറ്റോ ചെയ്യുകയാണ് പതിവ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ആയ ജോർജ്ജ് മീർഷിമറും സ്റ്റീഫൻ വാൾട്ടും ചേർന്ന് എഴുതിയ “Israel lobby and U.S foreign policy” എന്ന പുസ്തകത്തിൽ അമേരിക്കയിലെ എറ്റവും ശക്തരായ ലോബിയിങ് വിഭാഗം ഇസ്രായേൽ അനുകൂല ലോബി ആണെന്ന് വിശദീകരിക്കുന്നുണ്ട്. അമേരിക്കയിൽ പ്രധാനമായും ക്രിസ്ത്യൻ സയണിസ്റ്റുകളാണ് പ്രസ്തുത ലോബിയുടെ ചാലക ശക്തി. AIPAC തുടങ്ങിയ സംഘടനകളും പ്രസ്തുത ലോബിയുടെ ശക്തരായ അംഗങ്ങളാണ്. പ്രസ്തുത ലോബിയാണ് വാഷിംഗ്ടണിന്റെ പശ്ചിമേഷ്യൻ നയത്തെ രൂപപ്പെടുത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ പഠനത്തിൽ വ്യക്തമാക്കിയത്.

ക്രിസ്ത്യൻ സയണിസ്റ്റുകളുടെ ഇസ്രായേൽ അനുകൂല വാദത്തിന്റയും നയങ്ങളുടെയും അടിസ്ഥാനം യേശുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുള്ള വിശ്വാസമാണ്. 1948-ൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനം യേശുവിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടിട്ടുള്ള ബൈബിൾ പ്രവചനങ്ങളുടെ സാക്ഷാത്ക്കാരത്തിന്റെ ആദ്യ ചുവടുവെപ്പ് ആയിട്ടാണ് ക്രിസ്ത്യൻ സയണിസ്റ്റുകൾ വിലയിരുത്തുന്നത്. 19-ാം നൂറ്റാണ്ടിൽ അമേരിക്കൻ തിയോളജിസ്റ്റും പ്രശസ്ത ക്രിസ്ത്യൻ സയണിസ്റ്റുമായിരുന്ന സൈറസ് സ്ക്കോഫീൽഡ് പ്രസ്തുത വീക്ഷണത്തെ വീശദീകരിച്ചത് ഇപ്രകാരമാണ്: “ജൂതർ ഫലസ്തീനിലെയും ജെറുസലേമിലെയും നിയന്ത്രണം എറ്റെടുക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ദേവാലയമായ ബൈത്തുൽ മുഖദ്ദിസ് തകർക്കുകയും തൽസ്ഥാനത്ത് സോളമന്റെ ദേവാലയം പുനസ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞാൽ മാത്രമേ യേശുവിന്റെ പുനരാഗമനം സംഭവിക്കൂ”. തുടർന്ന് അദ്ദേഹം ലോകത്തിലെ ഭാവി സംഭവ വികാസങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “അതിനു ശേഷം യേശുവിന്റെ നേതൃത്വത്തിൽ ‘അർമഗദ്ദാൻ’ യുദ്ധം നടക്കുകയും പ്രസ്തുത യുദ്ധത്തിൽ ക്രൈസ്തവരല്ലാത്ത മുഴുവൻ മനുഷ്യരും കൊല്ലപ്പെടുകയും ഒരു ലക്ഷത്തിൽ പരം ജൂതർ ക്രിസ്തു മതത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുകയും ചെയ്യും”. ക്രിസ്ത്യൻ സയണിസത്തിന്റെ അടിസ്ഥാന വിശ്വാസമാണ് സ്ക്കോഫീൽഡ് വിശദീകരിച്ചത്.

പ്രമുഖ അമേരിക്കൻ ക്രിസ്ത്യൻ സയണിസ്റ്റായ ഹാൽ ലിൻസീയുടെ വിശദീകരണ പ്രകാരം അർമ്മഗദ്ദാൻ യുദ്ധ വേളയിൽ ഗലീലി മുതൽ ഐലാത് പട്ടണം വരെ രക്തം കെട്ടിക്കിടക്കുമെന്നും ദശലക്ഷക്കണക്കിന് ജൂതരും മറ്റു മതസ്ഥരും ‘ഹോളോകോസ്റ്റുകളുടെ മാതാവ് എന്ന് അറിയപ്പെടുന്ന, മനുഷ്യരാശിയുടെ ചരിത്രത്തിൽ വച്ചേറ്റവും ഭീകരമായ ഹോളോകോസ്റ്റിനു വിധേയമാകുമെന്നും അവശേഷിക്കുന്ന 144,000 യഹൂദർ യേശുവിനു മുന്നിൽ തോൽവി സമ്മതിച്ച് ക്രിസ്തു മതം സ്വീകരിക്കുമെന്നും’ വ്യക്തമാക്കുന്നു. ഇസ്രായേൽ ടൂറിസം മന്ത്രി ആയിരുന്ന ബെന്നി ഇലോൺ, അമേരിക്കൻ നഗരമായ ടെക്സാസിൽ, ക്രിസ്ത്യൻ സയോണിസ്റ്റ് നേതാക്കളുമായുള്ള ഒരു കൂടിക്കാഴ്ച്ചയിൽ ഭാവി ഇസ്രായേൽ നയം പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: ”ആഗോള തലത്തിൽ ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാൻ ജൂത-ക്രിസ്ത്യൻ സഖ്യം അനിവാര്യമാണ്” എന്നാണ്. ഇസ്രായേൽ ചരിത്രകാരനായ ഇലാൻ പെപെ സയണിസ്റ്റു പദ്ധതിയെ കുറിച്ചത് ഇപ്രകാരം നിരീക്ഷിച്ചു: “സയോണിസ്റ്റു പദ്ധതി നടപ്പാക്കാൻ മുസ്‌ലിം ജനതയെ വംശീയമായി ഉന്മൂലനം ചെയ്യേണ്ടി വരും എന്ന് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് വ്യക്തമായും അറിയാമായിരുന്നു”.

പ്രസ്തുത കൂട്ടകൊലകളെയും വംശീയാതിക്രമങ്ങളെയും ജൂത – ക്രിസ്ത്യൻ സയണിസ്റ്റ് നേതൃത്വം ദൈവിക തീരുമാനമായാണ് വീക്ഷിക്കുന്നത്. “ഇസ്രായേൽ ചെയ്യുന്നതൊന്നും കുറ്റകൃത്യമല്ല, കാരണം അപ്രകാരം സംഭവിക്കേണ്ടത് ദൈവഹിതമാണ്” എന്നായിരുന്നു ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെയും വംശീയ ഉന്മൂലനത്തെയും കുറിച്ച് അമേരിക്കയിലെ പ്രമുഖ ക്രിസ്ത്യൻ സയണിസ്റ്റും പുരോഹിതനും തിയോളജി പ്രഫസറുമായ Dr Roy Eckhardt അഭിപ്രായപ്പെട്ടത്.

പശ്ചിമേഷ്യൻ ദേശത്തെ ക്രിസ്തീയ വിഭാഗങ്ങൾ ക്രിസ്ത്യൻ സയണിസത്തെ രൂക്ഷമായി വിമർശിക്കുകയും ദൈവശാസ്ത്രപരമായി തള്ളികളയുകയും ചെയ്തവരാണ്. രേഖകൾ പ്രകാരം മുസ്‌ലിം മത വിശ്വാസികൾ കഴിഞ്ഞാൽ എറ്റവും അധികം ഇസ്രായേൽ ആക്രമണം നേരിടുന്നത് ഫലസ്തീനിലെ ക്രിസ്തുമത വിശ്വാസികളാണ്. ഫലസ്തീനിലെ ഓർത്തഡോക്ക്സ് ക്രിസ്ത്യൻ മേധാവിയായ ‘അത്താ അലാഹ് ഹാന്നാ’ ക്രിസ്ത്യൻ സയണിസ്റ്റുകളെ കുറിച്ച് പറഞ്ഞത് സയണിസ്റ്റ് വിരുദ്ധ പോരാളികൾ എക്കാലവും ഓർത്തിരിക്കേണ്ടതാണ്: “അവർ കപട ക്രിസ്തീയ വിശ്വാസികൾ ആണ്, അവർക്ക് ക്രിസ്തുവിന്റെ മുഖവും ലൂസിഫറിന്റെ മനസുമാണ്”. സയണിസത്തെ കുറിച്ചുള്ള സൂക്ഷ്മമായ വിമർശനം ആയിരുന്നു ഈ വാക്കുകൾ. യേശുവിന്റെ യഥാർത്ഥ നിലപാട്.

ചരിത്രത്തിലെ എറ്റവും വലിയ വംശഹത്യക്കും അധിനിവേശത്തിനും ഇസ്രായേൽ പൂർണമായും സജ്ജമായി കഴിഞ്ഞു. അമേരിക്കയടക്കമുള്ള ലോക ശക്തികൾ തങ്ങളുടെ പരസ്യ പിന്തുണയും പ്രഖ്യാപിച്ചു. ഇസ്രായേൽ അതിക്രമം മൂലം ദശലക്ഷക്കണക്കിന് ഫലസ്തീനികൾ സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ടു, കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം ലക്ഷക്കണക്കിന് മനുഷ്യർ വംശീയമായി കൊല്ലപ്പെട്ടു, പതിനായിരങ്ങൾ ജയിലിൽ അതിഭീകരമായി പീഡിപ്പിക്കപ്പെടുന്നു. ഹിംസക്കു നേരെ കണ്ണടയ്ക്കുന്ന, അനീതിയെ സ്വാഭാവികവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ജനത നശിപ്പിക്കപ്പെട്ടതായാണ് ഖുർആൻ വെളിപ്പെടുത്തുന്നത്. അനീതിയോട് സമരസപ്പെട്ട ജനത അനീതിയാൽ തന്നെ നാശമടഞ്ഞതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പ്രതിരോധിച്ച ജനതയാണ് ഭൂമിയിൽ വേരിറക്കിയത്.

ചരിത്രത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൂടിയാണ്. നീതിയുക്തമായ നിരീക്ഷണ-വായന മാനദണ്ഡങ്ങളുടെ അഭാവത്തിൽ ചരിത്രം എപ്പോഴും കാര്യകാരണ ബന്ധമില്ലാത്തവയായി അനുഭവപ്പെടും. നീതിയുക്തമായ മാനദണ്ഡങ്ങൾ നിഷേധിക്കുന്നിടത്താണ് വൈജ്ഞാനിക അധിനിവേശത്തിന്റെ ആരംഭം. ചരിത്രം വിശ്വാസ ചിഹ്നങ്ങളാൽ പരസ്പര ബന്ധിതമായതിനാലാവണം വിശ്വാസ നിരാസം അപര്യാപ്തമാക്കുന്നത്. “അനീതിയെക്കാൾ പ്രശ്നം അനീതിയെ മഹത്വവൽക്കരിക്കുന്ന തത്ത്വശാസ്ത്രമാണ്” – റാൽഫ് ശൂമാൻ.


(RIMT യൂണിവേഴ്സിറ്റിയിൽ നിയമ വിഭാഗം വിദ്യാർത്ഥിയാണ് ലേഖകൻ)

മുഹമ്മദ് റാഷിദ്