Campus Alive

നാം സംവരണ രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്

സംവരണത്തെ പറ്റിയുള്ള സമീപകാല ചര്‍ച്ചകളെ ദുഃഖത്തോടുകൂടിയാണ് ഞാന്‍ നോക്കിക്കാണുന്നത്. കാരണം ജാതിവ്യവസ്ഥയെ ചര്‍ച്ചയാക്കുന്നതില്‍ ആത്മാര്‍ഥമായിട്ടുള്ള ശ്രമങ്ങളൊന്നും തന്നെ ഇന്ത്യയിലിന്ന് നടക്കുന്നില്ല. നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെക്കാനാവശ്യമായ മാധ്യമങ്ങളുടെ അഭാവവും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് വളരെയധികം ദുഃഖകരവും ദയനീയവുമാണ്. ഇത്തരമൊരു തുടക്കത്തോടുകൂടി ഈ എഴുത്ത് നിങ്ങള്‍ വായിക്കണം. സംവരണം എന്നത് അതിന്റെ യഥാര്‍ഥ തലത്തില്‍ നിന്നുതന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് പറഞ്ഞുവരുന്നത്.

ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ക്ക് വേണ്ടിമാത്രം രൂപീകരിക്കപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ സംവരണ പോളിസി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്നതുപോലെയാണ്. സംവരണത്തിന് വേണ്ടിയുള്ള സമരങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളുമെല്ലാം വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം അക്രമങ്ങള്‍ക്കുള്ള പ്രതികരണമെന്നോണം സംവരണത്തിന് അവകാശികളാണോ എന്ന് പോലും മനസ്സിലാക്കാതെയാണ് സംസ്ഥാനങ്ങളില്‍ സംവരണം നടപ്പില്‍ വരുത്തുന്നത്. സാമൂഹിക നീതി സംസ്ഥാപിക്കുന്നതിനായി തെളിവുകളെ അടിസ്ഥാനപ്പെടുത്തി രൂപം പ്രാപിച്ച നിലവിലുള്ള SC/ST/OBC വിഭാഗക്കാര്‍ക്ക് നല്‍കിവരുന്ന സംവരണത്തെ അട്ടിമറിക്കുന്നതാണ് പുതിയ പോളിസി, അത് ജാതീയതയെ എല്ലാക്കാലത്തും നിലനിര്‍ത്താനുള്ള വഴി കൂടിയാണ്.

നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പോളിസികള്‍ തള്ളിയ ചരിത്രം സുപ്രീം കോടതിക്കുണ്ട്. ഭരണഘനയിലെ ആര്‍ട്ടിക്ക്ള്‍ 15(4) സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ST/SC വിഭാഗക്കാര്‍ക്ക് പ്രത്യേക കരാറുകള്‍ ഉണ്ടാക്കാന്‍ സ്റ്റേറ്റിനോട് ആവശ്യപ്പെടുന്നുണ്ട്. ആര്‍ട്ടിക്ക്ള്‍ 15(5) പ്രകാരം സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക സംവരണം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ യാതൊരുവിധത്തിലും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുന്നില്ല. ഭരണഘടനയുടെ 4,5 അനുശാസങ്ങളില്‍ പറഞ്ഞ SC/ST/OBC വിഭാഗങ്ങളില്‍ പെടാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏതൊരു വിഭാഗത്തിനും പ്രത്യേക പരിഗണന നല്‍കാമെന്നുള്ള 144-ാമത് ഭരണഘടനാ ഭേതഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. നിലവിലുള്ള സംവരണ പോളിസികള്‍ക്ക് പുറമെ എല്ലാവിഭാഗത്തിലുള്ളവര്‍ക്കും സാമ്പത്തിക നിലയെ അടിസ്ഥാനപ്പെടുത്തി പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താമെന്നാണ് അത് പറയുന്നത്. മറാത്തകള്‍, പട്ടേലുമാര്‍, ജാട്ടുകള്‍ തുടങ്ങിയ മേല്‍ജാതി ഹിന്ദുക്കളുടെ ദീര്‍ഘകാലത്തെ ആവശ്യത്തെ അംഗീകരിച്ചു നല്‍കി എന്ന പദവി ഇതിലൂടെ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നോട്ടുനിരോധനം യു.പി ഇലക്ഷന്റെ രണ്ട് മാസം മുമ്പാണ് നടപ്പാക്കിയതെങ്കില്‍ പുതിയ സംവരണനയം ലോക്‌സഭ തിരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പാണ് കൊണ്ടുവരുന്നത്. പത്ത് ശതമാനം സംവരണം മേല്‍ജാതിക്കാര്‍ക്ക് ഏര്‍പ്പെടുത്തുക എന്ന നയം അധികാരം നിലനിര്‍ത്താന്‍ സംഘപരിവാറിനെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്ന്‌ വൈകാതെ നമുക്ക് മനസ്സിലാകും.

ജാട്ട് കലാപം

മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പൊതുജനാഭിപ്രായങ്ങളുമെല്ലാം തന്നെ പുതിയ സംവരണ നയത്തെ സ്വാഗതം ചെയ്യുന്നതായാണ് കാണുന്നത്. അതേ ആളുകള്‍ തന്നെയാണ് ജാതിയെ അടിസ്ഥാനപ്പെടുത്തി നടന്ന മണ്ഡല്‍ കമ്മീഷനെ എതിര്‍ത്തതും. എന്നാല്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള സംവരണ പോളിസിക്ക് പിന്നിലുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതെന്തെന്നാല്‍ സംവരണനയത്തിന്റ സത്തയെ അത് സ്വയം കളങ്കപ്പെടുത്തുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.എന്തുകൊണ്ടാണ് മേല്‍ജാതി ഹിന്ദുക്കള്‍ മാത്രം പിന്നോക്കാവസ്ഥയിലായി? അധീശജാതിയില്‍ പെട്ട ആളുകളിലെ സാമ്പത്തിക പിന്നോക്കാവസ്ഥ തൊഴില്‍ സമ്പാദിക്കുന്നതിനുള്ള മാനദണ്ഡമാണോ? മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ എല്ലാ ജാതിയില്‍ പെട്ട ആളുകളും ഉപയോഗപ്പെടുത്തുന്ന 51% മെറിറ്റ്/ ഓപണ്‍ സീറ്റുകളില്‍ നിന്നുമാണ് 10% ഇപ്പോള്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ളത്. സാമൂഹികമായും സാമ്പത്തികമായും മുന്നിട്ടുനില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. അത് സാമൂഹികഹിംസകള്‍ക്കും വിവേചനത്തിനുമെതിരായിക്കൊണ്ട് ഭരണഘടനയുടെ വക്താക്കള്‍ മുന്നോട്ടുവെച്ച സംവരണം എന്ന ആശയത്തിന് പൂര്‍ണ്ണമായും വിരുദ്ധമായ ഒന്നാണ്. പിന്നോക്ക വിഭാഗക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ സംരക്ഷിക്കേണ്ടുന്ന ദലിത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ബില്ലിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നത് ദാരുണമായ കാഴ്ച്ചയാണ്. സാമൂഹിക മാധ്യമങ്ങളില്‍ മാത്രമാണ് എതിര്‍വാദങ്ങള്‍ കാണാന്‍ കഴിഞ്ഞത്.

പാര്‍ലമെന്റിലും പത്രങ്ങളിലും നടന്നിട്ടുള്ള ചര്‍ച്ചകള്‍ ജനറല്‍ കാറ്റഗറിയെ പ്രത്യേക ജാതി വിഭാഗത്തോടാണ് തുലനം ചെയ്യുന്നത്. അത് നിലവിലുള്ള സംവരണ പോളിസിയെ തെറ്റായി വ്യാഖ്യാനിച്ചതുമൂലം സംഭവിക്കുന്നതാണ്. SC/ST/OBC വിഭാഗങ്ങളെ പീഠനങ്ങളില്‍ നിന്നും വിവേചനത്തില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുക എന്ന സംവരണത്തിന്റെ അന്തസത്തയില്‍ നിന്നും കുറച്ചുകാലങ്ങളായുള്ള സംവരണ സംവാദങ്ങള്‍ വഴിമാറിപ്പോകുന്നതായി കണ്ടുവരുന്നുണ്ട്. കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റ് തിരുത്തുന്നതാണ് ഇപ്പോഴത്തെ സംവരണ പോളിസി എന്ന് അതിനെ അനുകൂലിക്കുന്ന ചിലര്‍ പറയുന്നു. ജാതി വ്യവസ്ഥയെ നിരോധിക്കാതെ തന്നെ ജാതിവിവേചനമില്ലാത്ത, ജാതിക്കും മതത്തിനും മുകളില്‍ നില്‍ക്കുന്ന മത്സരബുദ്ധിയോടുകൂടിയ വളര്‍ച്ചയെ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രത്തെയാണ് ഭരണഘടനയുടെ ശില്‍പ്പികള്‍ വിഭാവന ചെയ്തത്. മറ്റൊരര്‍ഥത്തില്‍ നിയമവ്യവസ്ഥ സ്വയം തന്നെ സമൂഹത്തിലെ അനീതികളെ തുടച്ചുനീക്കുമെന്നവര്‍ വിശ്വസിച്ചിരുന്നു. മുമ്പൊരിക്കല്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെ റിവ്യൂ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി ആയിരുന്ന കെ.ആര്‍ നാരായണന്‍ തന്റെ റിപ്പബ്ലിക്ക് ദിന പ്രസംഗത്തില്‍ ‘ഭരണഘടന നമ്മെ തോല്‍പ്പിച്ചുകളഞ്ഞോ അല്ലെങ്കില്‍ നമ്മള്‍ ഭരണഘടനയെ തോല്‍പ്പിച്ചുകളഞ്ഞോ?’ എന്ന് ചോദിച്ചുകൊണ്ട് സര്‍ക്കാറിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണുണ്ടായത്.

കെ.ആര്‍ നാരായണന്‍

        യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്ത അവസ്ഥയാണ് കഴിഞ്ഞ കാലത്തും ഇന്നും ദലിതുകള്‍ക്കുള്ളത്. അവര്‍ ഇപ്പോഴും പുറന്തള്ളപ്പെട്ടവരും കോളനികളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണ്. കൂടാതെ അവര്‍ക്കുമേല്‍ നടക്കുന്ന അക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ വക്താക്കള്‍ പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംവരണം ചെയ്യാന്‍ തീരുമാനിച്ചതു തന്നെ ഭരണനിര്‍വ്വഹണ രംഗത്ത് അവരുടെ സാന്നിധ്യം ഉറപ്പുവരുത്താനാണ്. അഥവാ ജനറല്‍ സീറ്റുകള്‍ എന്നത് അനൗദ്യോഗികമായി മേല്‍ജാതി ഹിന്ദുക്കള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണെന്നര്‍ഥം. മേല്‍ജാതി ഹിന്ദു സമുദായക്കാര്‍ ഒരു ദലിതന്‍ തങ്ങളെ നയിക്കുന്നതും തങ്ങള്‍ക്കുവേണ്ട നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും അംഗീകരിക്കില്ല എന്ന കാര്യം നമ്മള്‍ മറന്നുപോവരുത്. ഇന്നും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും ആരെങ്കിലും പഞ്ചായത്ത് പ്രസിഡന്റായാല്‍ അദ്ദേഹത്തിന് നാമമാത്രമായ പദവി മാത്രമേ ഉണ്ടാവുന്നുള്ളൂ. ഈയൊരു കാരണം കൊണ്ടുമാത്രമാണ് രാഷ്ട്രീയ മേഘലയില്‍ മേല്‍ജാതി ഹിന്ദുക്കള്‍ അവരുടെ ജാതിഹിംസകളും ആധിപത്യവും അവസാനിപ്പിക്കുന്നത് വരെ ന്യൂനപക്ഷ സംവരണം നിലനിര്‍ത്തണമെന്ന് ഞാന്‍ പറയുന്നത്. സംവരണം കൊണ്ടുമാത്രം അത് സാധ്യമാണോ എന്ന് ചോദിച്ചാല്‍ അതൊരു ചര്‍ച്ചാവിഷയമാവും.

ചരിത്രപരമായിത്തന്നെ ദലിതുകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. 1993 വരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ തോട്ടിപ്പണിക്ക് ആളുകളെ ഔദ്യോഗികമായി നിയമിച്ചിരുന്നു. പ്രാദേശിക അധികാരികള്‍ ദലിതുകളെ അതിനായി പ്രേരിപ്പിച്ചിരുന്നു. അംബേദ്കറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുമാത്രമാണ് ദലിതുകളുടെ വിദ്യാഭ്യാസത്തിനായി വ്യാപകമായ ആവശ്യം ഉന്നയിക്കപ്പെട്ടത്. അതിനാല്‍ തന്നെ കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ചുമതലകളെല്ലാം തന്നെ ഇപ്പോഴും മേല്‍ജാതി ഹിന്ദുക്കള്‍ തന്നെയാണ്. ദലിതുകള്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അവര്‍ വിവേചനത്തിന് ഇരയാക്കപ്പെടുകയും അവരെ നിയമിക്കാതിരിക്കുകയും ചെയ്യാറുണ്ട്. ദലിതുകളെ അക്കാദമിക ലോകത്തുനിന്നും തടഞ്ഞുനിര്‍ത്താനുള്ള മേല്‍ജാതി ഹിന്ദുക്കളുടെ നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനാണ് വിദ്യാഭ്യാസ സംവരണം മുന്നോട്ടുവെക്കപ്പെട്ടത്.

അതിനാല്‍ തന്നെ ജനറല്‍ കാറ്റഗറി എന്നത് പലരും വാദിക്കുന്നത് പോലെ മറ്റൊരു ജാതി വിഭാഗമല്ല.അത് ജാതി ഇല്ലാത്തവരുടെ ഏക സ്ഥാനവുമല്ല, മറിച്ച് അത് നിയമനം നടത്തുന്ന ആളുകള്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജാതിയിലുള്ളവരെയും ഒരുപോലെ പരിഗണിക്കുന്ന പ്രദലമാണ്. അതിനാല്‍ തന്നെ മുന്‍കാലങ്ങളില്‍ നിയമനം നടത്തുന്ന ആളുകളും അധ്യാപകരും SC/ST/OBC വിഭാഗക്കാര്‍ ജനറല്‍ ക്യാറ്റഗറിയില്‍ അഡ്മിഷന്‍ നേടിയാല്‍ അവരോട് ‘നിങ്ങള്‍ക്ക് ന്യൂനപക്ഷ സംവരണം ഉണ്ടായിരിക്കെ എന്തിനാണ് ജനറല്‍ ക്യാറ്റഗറിയില്‍ അഡ്മിഷന്‍ എടുക്കുന്നത്?’ എന്ന് ചോദിക്കുന്നത് പ്രായോഗികമായ ഭരണഘടനാ വിരുദ്ധതയാണ്. അതിനാല്‍ തന്നെ ജനറല്‍ ക്യാറ്റഗറിയില്‍ അഡ്മിഷന്‍ നേടിയ പിന്നോക്ക വിഭാഗക്കാരെ ആ വിഭാഗത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് അംബേദ്കറൈറ്റ് സംഘടനകള്‍ യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായി ചെയ്യേണ്ടത്. 2000 വരെ പല കേന്ദ്ര സര്‍വ്വകലാശാലകളിലും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ള കാരണം പറഞ്ഞ് സംവരണം നടപ്പില്‍ വരുത്തിയിരുന്നില്ല. SC/ST വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്കിലുണ്ടായ വര്‍ദ്ധനവ് ഇത്തരത്തിലുള്ള വിവേചനത്തിന് തെളിവാണ്. സംവരണത്തിന്റെ പ്രകടമായ കാരണം എന്നത് ബസിന്റെ സീറ്റുകളുടെ ക്രമീകരണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.

ചെന്നൈ സിറ്റിയിലെ ബസ്സുകളുടെ സീറ്റ് രണ്ടുവരിയായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിലൊരുവരി സ്ത്രീകള്‍ക്കും അടുത്തവരി ലിംഗഭേദമന്യേ ആര്‍ക്കും ഇരിക്കാവുന്നതുമാണ്. സ്ത്രീകള്‍ സ്വന്തമായി ഇരിക്കാന്‍ ഇടം ഉണ്ടായിരിക്കെ തന്നെ പുരുഷന്‍മാര്‍ക്ക് എല്ലാവര്‍ക്കും ഇരിക്കാന്‍ പറ്റുന്ന സീറ്റിലെ ഇരിക്കാന്‍ കഴിയൂ. അതിനര്‍ഥം ആ സീറ്റുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രം എന്നല്ല. സ്ത്രീക്കും അവിടെ ഇരിക്കാം.

എന്നാല്‍ ആര്‍ക്കും സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത സീറ്റില്‍ ഒരു സ്ത്രീ ഇരുന്നാല്‍ പുരുഷന്‍ അത് തങ്ങള്‍ക്കുള്ള സീറ്റാണെന്ന് വാദിക്കുന്നതാണ് ഇത്രേം കാലമായി ഞാന്‍ കണ്ടുവരുന്നത്. അതിനാല്‍ തന്നെ ആര്‍ക്കും സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും സ്ത്രീകള്‍ ബസ്സില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് ഞാന്‍ കാണാറുണ്ട്. അപ്പോള്‍ പ്രായോഗികമായി പറഞ്ഞാല്‍ അത്തരം സീറ്റുകള്‍ അനൗദ്യോഗികമായി പുരുഷന് സംവരണം ചെയ്യപ്പെട്ടതാണ്. ഇനി, എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ഇത്തരം ബസുകളില്‍ സംവരണം ലഭിക്കുന്നു? സ്ത്രീകള്‍ക്ക് നില്‍ക്കാനുള്ള കെല്‍പ്പില്ലാത്തതുകൊണ്ടല്ല അത്. സ്ത്രീ ശാരീരികക്ഷമത കുറഞ്ഞവളാണെന്നുള്ള, ഇന്നും നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന ആഖ്യാനത്തിന്റെ പ്രതീകമാണത്. അത് പുരുഷനെക്കാള്‍ വിലകുറഞ്ഞവളായി സ്ത്രീകളെ സമൂഹത്തില്‍ വരച്ചുകാട്ടുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന പുരുഷത്വ ബോധങ്ങളെ ശാസ്ത്രീയമായ പഠനങ്ങളൊന്നും കൂടാതെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഈ ലേഖനം വായിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് തോന്നുന്നു. സീറ്റുകളുടെ വിഭജനം തിരക്കുള്ള ബസ്സുകളില്‍ പുരുഷന്‍ സ്ത്രീയെ അക്രമിക്കുന്നതില്‍ നിന്നും സ്ത്രീയെ സംരക്ഷിച്ചുനിര്‍ത്തുന്നുണ്ട്. SC/ST സംവരണത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. അഥവാ അവര്‍ അയോഗ്യരായത് കൊണ്ടല്ല. മറിച്ച് യോഗ്യതയുണ്ടായിട്ടും തഴയപ്പെടുന്നതിന് വേണ്ടിയാണ് ഇവിടെ സംവരണം. മറ്റൊരര്‍ഥത്തില്‍ അഭിമുഖം നടത്തുന്ന ആളുകള്‍ ജാതി അടിസ്ഥാനപ്പെടുത്തിയാണ് അഡ്മിഷന്‍ ലിസ്റ്റ് പുറത്തിറക്കുന്നത്. ഈ ഒരു കാരണത്താലാണ് എല്ലാ സെലക്ഷന്‍ കമ്മിറ്റികളിലും ഒരു ദലിതനെ ഉള്‍പ്പെടുത്തുന്നത്. അദ്ദേഹം സൂക്ഷ്മമായി അപേക്ഷകരെ പഠിക്കുകയും യോഗ്യതക്കനുസരിച്ച് നിയമനം നടത്തുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്യുന്നു.

സവര്‍ണ്ണര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന പുതിയ തീരുമാനം വ്യക്തിപരമായി എന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഗ്രാമങ്ങളില്‍ സവര്‍ണ്ണ വിഭാഗങ്ങളെയും അവരുടെ സ്വത്വത്തെയും പ്രശ്‌നവത്കരിച്ചുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ഗവണ്‍മെന്റ് അവരുടെ സ്വത്വത്തെ യുക്ത്യധിഷ്ഠിതമായി മനസ്സിലാക്കുകയും മേല്‍ജാതി ഹിന്ദുക്കള്‍ക്ക് പരിഗണന വേണമെന്ന വാദത്തെ ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോഴത്തെ നീക്കം സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാനുള്ള നിലവിലെ സംവരണ പോളിസിക്ക് വിരുദ്ധമായ ഒന്നാണ്. പട്ടേലുകള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നതും ജാട്ടുകള്‍ ഡെല്‍ഹി ഹൈവേ തടയുന്നതും സ്ത്രീകളെ പീഠിപ്പിക്കുന്നതും ഗവണ്‍മെന്റിന്റെ തെറ്റായ തീരുമാനങ്ങള്‍ ജോലിസാധ്യതകള്‍ കുറച്ചതുമെല്ലാമാണ് പുതിയ സംവരണ ബില്ലിന്റെ കാരണങ്ങള്‍. കൂടാതെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ മേല്‍ജാതി ഹിന്ദുക്കളുടെ പിന്തുണ നേടിയെടുക്കാനുള്ള ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് തന്ത്രമായിക്കൂടി നാമിതിനെ മനസ്സിലാക്കണം

നമ്മള്‍ സംവരണത്തിന്റെ മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയാണ്.

 

വിവര്‍ത്തനം: റബീഹ് ഇബ്രാഹീം

രവിചന്ദ്രന്‍ ബി