Campus Alive

ഭരണാധികാരികളോടുള്ള ശറഈയായ അനുസരണവും അതിന്റെ ലക്ഷ്യങ്ങളും

(2016 മെയ് 24-26 ദിവസങ്ങളിൽ, Center for Islamic Legislation Studies: From legitimate politics to political legitimacy, എന്ന തലക്കെട്ടിൽ ദോഹയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം, മൂന്നാം ഭാഗം. രണ്ടാം ഭാഗം, ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക)


ഇസ്‌ലാമിലെ കർമശാസ്ത്ര പണ്ഡിതന്മാർ ത്വലാഖിനെ ഇസ്‌ലാമിക ശരീഅത്തിനോട് അനുയോജ്യമായത്, വിരുദ്ധമായത് എന്നിങ്ങനെ വിഭജിക്കുന്നുണ്ട്. മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും ഇത്തരത്തിലുള്ള വിഭജനം ദൃശ്യമാവുന്നുണ്ട്. അല്ലാഹു നിശ്ചയിച്ചു തന്ന പരിധിയിൽ ഉൾകൊള്ളുന്ന ഏത് ഇടപാടിനെയും ഇസ്‌ലാമിക ശരീഅത്തിനോട് യോജിച്ചു നിൽക്കുന്ന ഗണത്തിൽപ്പെട്ടവയാണ്. എന്നാൽ ആ പരിധി ലംഘിക്കുന്ന ഏതൊരു കാര്യവും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധവുമാണ്. ഇങ്ങനെ നാം വീക്ഷിക്കുമ്പോൾ ഭരണാധികാരികളെ അനുസരിക്കുന്നതിലും ഇസ്‌ലാമിക ശരീഅത്തിന് അനുയോജ്യമായത് വിരുദ്ധമായത് എന്ന തരംതിരിവ് സാധ്യമാണ്.

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരികളെ അനുസരിക്കേണ്ടതെങ്ങനെയാണന്ന് അതിന്റെ ലക്ഷ്യങ്ങളും അതിലടങ്ങിയിട്ടുള്ള നന്മകളും മുൻനിർത്തി വിശദീകരിക്കുവാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഭരണാധികാരികളെ അനുസരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം തികച്ചും അനാവശ്യമായ ചോദ്യമായാണ് മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിന്റെ ആരംഭ-വ്യാപന ഘട്ടങ്ങളിൽ പരിപൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും അവരുടേതായ വ്യവഹാരങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന അറബികൾക്ക് മുമ്പിൽ അവരുടെ സ്വൈര്യവിഹാരത്തിന് വിഘ്നം വരുത്തുന്ന യാതൊരു പ്രതിബന്ധമോ അവരെ നയിക്കുന്നതിനായി ഒരു നേതാവോ അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. ഈ അവസ്ഥ നിലനിന്നിരുന്ന ഹിജാസിലേക്കാണ് നബി (സ്വ) ആദ്യമായി നിയോഗിക്കപ്പെട്ടത്. “ഇവ്വിധം നിനക്കു നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. നീ മാതൃനഗരത്തിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും മുന്നറിയിപ്പു നല്‍കാനാണിത്. സംഭവിക്കുമെന്ന കാര്യത്തില്‍ സംശയസാധ്യതപോലുമില്ലാത്ത ആ മഹാസംഗമത്തെ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാനും. അന്നൊരു സംഘം സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു സംഘം കത്തിയാളുന്ന നരകത്തീയിലും” (അശ്ശൂറാ: 7).

അറബികളെ സംബന്ധിച്ച്, പരസ്പരം അനുസരിക്കുക എന്നത് അവരിൽ വെറുപ്പുളവാക്കുന്ന സംഗതിയായിരുന്നു. എന്നാൽ നബിയെ (സ്വ) അനുസരിക്കുകയും അദ്ധേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്ത് തുടങ്ങിയപ്പോൾ  അദ്ധേഹത്തേക്കാൾ മികച്ച മറ്റൊരാളെയും അതിന് യോഗ്യനായി അവർ കണ്ടിരുന്നില്ല. നബി (സ്വ) തന്നെ അവർക്കിടയിൽ നിന്ന് അമീറുമാരെ നിയമിക്കുകയും  അവരെ അനുസരിക്കാൻ ജനങ്ങളോട് കൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അനുസരണം ചില ഉപാധികളോടെയാണ് നിർവഹിക്കപ്പെട്ടിരുന്നത്.

“ആര് നേതാവിനെ അനുസരിക്കുന്നുവോ അവർ എന്നെ അനുസരിച്ചു. ആര് നേതാവിനെ ധിക്കരിക്കുന്നുവോ അവർ എന്നെ ധിക്കരിച്ചു” എന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട് സൈനുദ്ദീൻ അൽഇറാഖി അധികാരികളെ അനുസരിക്കണം എന്ന് കൽപ്പിച്ചതിന്റെ കാരണത്തെ  മുസ്‌ലിം സമൂഹത്തിനുള്ളിൽ ഭിന്നത രൂപപ്പെടാതെ അവരെ ഒറ്റക്കെട്ടായി നിലനിർത്തുവാനാണെന്ന് വ്യക്തമാക്കുന്നുണ്ട്.  ഭിന്നത മുസ്‌ലിം സമൂഹത്തെ  ക്ലേശകരമായ പരിണതിയിലേക്ക് കൊണ്ടെത്തിക്കും. സൈനുദ്ധീൻ അൽഇറാഖിയുടെ ഈ പ്രസ്താവനയിൽ നിന്ന്, ആര് നേതാവിനെ അനുസരിക്കുന്നുവോ അവർ അല്ലാഹുവിനെ അനുസരിക്കുന്നു എന്ന നിഗമനത്തിലെത്താൻ സാധിക്കും. കാരണം, അല്ലാഹു ഖുർആനിൽ പറഞ്ഞതുപോലെ (വിശ്വസിച്ചവരെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളിൽ നിന്നുള്ള അധികാരികളെയും അനുസരിക്കുക) അവർ റസൂൽ (സ്വ) മൊഴിഞ്ഞ കാര്യങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുക വഴി അദ്ധേഹത്തെയും അനുസരിക്കുന്നുണ്ട്.

“അലി (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) ഒരു സൈനിക സംഘത്തെ അയച്ചു. അൻസ്വാറുകളിൽപ്പെട്ട ഒരാളെ അവരുടെ നേതാവാക്കുകയും ചെയ്തു. എന്നിട്ട് അവരോട് (നേതാവ് പറയുന്നത്) കേൾക്കാനും അനുസരിക്കാനും കൽപിച്ചു. പിന്നീട് അവർ ആ നേതാവിനെ ഏതോ ഒരു കാര്യത്തിൽ ദേഷ്യം പിടിപ്പിച്ചു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു. “നിങ്ങൾ എനിക്ക് വിറക് ശേഖരിച്ച് കൊണ്ടുവരിക”. അങ്ങനെ അവർ വിറക് കൊണ്ടുവന്നു. പിന്നീട് അദ്ദേഹം പറഞ്ഞു. “നിങ്ങൾ തീ കത്തിക്കുക” അവർ അപ്രകാരം തീ കത്തിച്ചു. പിന്നെ അദ്ധേഹം പറഞ്ഞു: “ഞാൻ പറയുന്നത് കേൾക്കാനും അനുസരിക്കാനും റസൂൽ (സ്വ) നിങ്ങളോട് പറഞ്ഞിട്ടില്ലേ”. അവർ പറഞ്ഞു: “അതെ”. അപ്പോൾ അദ്ദേഹം പറഞ്ഞു: “എങ്കിൽ നിങ്ങൾ ഇതിൽ (അഗ്നിയിൽ) പ്രവേശിക്കുക”. അപ്പോൾ അവർ പരസ്പരം നോക്കി. അവർ പറഞ്ഞു: “ഞങ്ങൾ തീയിൽ നിന്ന് റസൂലിലേക്ക് ഓടി രക്ഷപ്പെട്ടതാണ്”. അവർ തീയിലേക്ക് ചാടാതെ നിന്നു. അദ്ധേഹത്തിന്റെ കോപം ശമിച്ചു. തീ അണഞ്ഞു. അവർ തിരിച്ച് വന്നതിന് ശേഷം നബിയോട് (സ്വ) ഈ വിവരം പറഞ്ഞു. അപ്പോൾ നബി (സ്വ) പറഞ്ഞു: “നിങ്ങൾ അതിൽ കയറിയിരുന്നുവെങ്കിൽ അതിൽ നിന്ന് പുറത്ത് കടക്കുമായിരുന്നില്ല. നിശ്ചയം അനുസരണം നല്ല കാര്യങ്ങളിൽ മാത്രമാണ്”. ഇവിടെ നബി (സ്വ) ആ സംഘത്തിന്റെ നേതാവായി നിശ്ചയിച്ചു നൽകുന്നത് അബ്ദുല്ലാഹിബ്നു ഹുദാഫയെ ആണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് (വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളിൽ നിന്നുള്ള അധികാരികളെയും അനുസരിക്കുക) എന്ന ഖുർആൻ വചനം അവതരിക്കുന്നതെന്ന് ഇബ്നു അബ്ബാസ് അഭിപ്രായപ്പെടുന്നുണ്ട്.

അതായത്, പരസ്പരം അനുസരിക്കുന്നത് ശീലിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്ത ഒരു സമൂഹത്തെ പരിശീലിപ്പിക്കുകയായിരുന്നു പുതിയ മതം. ശരീഅത്തിനാൽ നിയന്ത്രിക്കപ്പെടുന്ന പുതിയ സാഹചര്യങ്ങൾ അവരെ ശീലിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യൽ അനിവാര്യമായിരുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ പല വശങ്ങളും ഭരണാധികളാൽ പ്രയോഗിക്കപ്പെടേണ്ടവയാണ്.

അവർ അല്ലാഹുവിന് മുമ്പിൽ സ്വയം സമർപ്പിതരാവുകയും അല്ലാഹുവിന്റെ ദീനിനെ ജനങ്ങളിലേക്ക് എത്തിച്ചു നൽകിയവൻ (മുബല്ലിഗ്) എന്ന നിലക്ക് നബിയെ (സ്വ) അവർ അനുസരിക്കുകയും ചെയ്തിരുന്നു. എന്നിരിന്നാലും അറബികളിൽ അധികപേരും, അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ, അവരെപ്പോലെ ഒരു മനുഷ്യനാണെന്നതുകൊണ്ട് അനുസരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. സ്വാലിഹ് നബി (അ) യുടെ സമൂദ് എന്ന സമുദായം (ഹിജാസ് നിവസികൾ) ഇതിനൊരുദാഹരണമാണ്. അവരെക്കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. “അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: ‘ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു. നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, സംശയമില്ല; നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍ തന്നെ” (അൽമുഅ്‌മിനൂൻ: 33, 34).

മുഹമ്മദ് നബി (സ്വ) യുടെ കാലത്ത് അറബികൾ ഇസ്‌ലാം സ്വീകരിക്കുകയും അല്ലാഹുവിന് വിധേയപ്പെടുകയും റസൂൽ (സ്വ) യെ അനുസരിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവരുടെ ജീവിതത്തിൽ മുമ്പ് ഇല്ലാതിരുന്ന പല ചുമതലകളെയും വഹിക്കുവാനും പുതിയ നിയന്ത്രണങ്ങളനുസിരിക്കാനും അവർ ബാധ്യസ്ഥരായി. ഇങ്ങനെയുള്ള പുതിയ ചുമതലകളെയും നിയന്ത്രണങ്ങളെയും ജാഹിലീയ്യത്തിലും ഇസ്‌ലാമിലും ജീവിച്ച കവി (അശ്ശാഇർ അൽ മുഖ്ളറം) അബൂ ഖറാഷ് ഹുദില്ലീ തന്റെ കവിതയിൽ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്:

“ഉമ്മു മാലിക്, നാടിനെക്കുറിച്ച് താങ്കൾ മനസ്സിലാക്കിയതു പോലെയല്ല കാര്യം;

മറിച്ച്, പിരടികളെ ചങ്ങലകൾ (ദീനിന്റെ വിലക്കുകൾ) ചുറ്റിയിരിക്കുന്നു.

യുവാവ് മധ്യ വയസ്കനായി മാറിയിരിക്കുന്നു.

അവൻ സത്യമല്ലാതൊന്നും പറയുകയില്ല.

കുറ്റപ്പെടുത്തുന്നവർ വിശ്രമത്തിലായിരിക്കുന്നു”.

അതുപോലെ അബൂ ഹയ്യ അന്നമീരിയെ റമീം എന്ന സ്ത്രീ തന്റെ മനോഹാരിതകൊണ്ട് വശീകരിക്കാൻ ശ്രമിച്ചു. പക്ഷേ ആ സമയം ഇസ്‌ലാം അദ്ധേഹത്തിന് നിശ്ചയിച്ചു നൽകിയ പരിധികൾ അദ്ധേഹത്തെ ആ നീചവൃത്തി അനുവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞു. അതിനെക്കുറിച്ച അദ്ധേഹത്തിന്റെ  വരികൾ ഇങ്ങനെ കാണാം:

“ഞങ്ങൾ ഹിജാസിലായിരിക്കെ റമീം എന്നിലേക്ക് അവളുടെ കണ്ണുകൾ പായ്ച്ചു,

പക്ഷേ എനിക്കും അവൾക്കും ഇടയിൽ അല്ലാഹുവിന്റെ മറ(ദീൻ)യുണ്ടായിരുന്നു.

ഞങ്ങൾക്ക് പരസ്പരം കണ്ണെറിയാൻ സാധിക്കുമായിരുന്ന എത്രയോ ദിവസങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്.

പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്യൽ എനിക്ക് പരിചിതമല്ലാതായി മാറിയിരിക്കുന്നു”.

ഇവിടെ അല്ലാഹുവിന്റെ മറ എന്നതുകൊണ്ടുള്ള ഉദ്ദേശം ഇസ്‌ലാമാണെന്ന് ആ കവിതയുടെ വിശദീകരണത്തിൽ സൂചിപ്പിക്കുന്നുണ്ട്. അദ്ധേഹം പറയുന്നു: “ഞങ്ങൾ ഹിജാസിൽ താമസിക്കുന്ന സമയത്ത് ഞാൻ അവളെ നോക്കിയപ്പോൾ അവളെന്നെ വശീകരിക്കാൻ ശ്രമിച്ചു. അപ്പോൾ ഇസ്‌ലാം അവളുടെ വശ്യപ്രയോഗത്തിൽ നിന്നും എനിക്ക്  സംരക്ഷണമേകി”.

ഇസ്‌ലാം എത്തിച്ചു നൽകിയ പുതിയ നിയമങ്ങളും മൂല്യങ്ങളും അറബികളെ ക്രമേണ പരിഷ്കരിച്ചുകൊണ്ടിരുന്നു. (ഈ പരിഷ്കരണം ആദ്യം ദൃശ്യമായത് ഹിജാസിലാണ്) അതിനാൽ അല്ലാഹുവിനെയും റസൂൽ (സ്വ)നെയും ഒഴിച്ചു നിർത്തി മറ്റൊരാളെ അനുസരിക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ ഭാരമേറിയ സംഗതിയാണ്. യഥാർത്ഥത്തിൽ, ഇസ്‌ലാം പുതിയ നാഗരികത കൊണ്ടുവരുകയും പുതിയ ശരീഅത്തിനെ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയും വ്യവസ്ഥാപിതമായ സമൂഹത്തെ രൂപപ്പെടുത്തുകയും ശക്തിയുള്ള ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. അതിനാൽ ഇസ്‌ലാം ഉമ്മത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ദീനാണ്. അല്ലാതെ ഈ മതം ഒറ്റപ്പെട്ട ചില വ്യക്തികളിലേക്ക് മാത്രം ചുരുങ്ങുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ, അനുസരിക്കപ്പെടുന്ന നേതാക്കന്മാരും സ്ഥാപനങ്ങളും ഉണ്ടാവുക എന്നത് അതിന്റെ അനിവാര്യ താത്പര്യങ്ങളിൽപ്പെട്ടവയാണ്.

യഥാർത്ഥത്തിൽ സ്വാതന്ത്ര്യം അനുഗ്രഹവും ഒരു മനുഷ്യന്റെ അടിസ്ഥാന പ്രകൃതവുമാണ് (ഫിത്റത്തുൻ മുത്തഅസ്സ്വിലത്തുൻ). എന്നാൽ കേവലം സ്വാതന്ത്ര്യത്തെ മാത്രം മുൻനിർത്തി മനുഷ്യന് ജീവിതം മുന്നോട്ട് നയിക്കാൻ സാധിക്കില്ല. നിയന്ത്രങ്ങൾക്കതീതമായ സ്വാതന്ത്ര്യം, ജനങ്ങൾക്കിടയിലെ പാരസ്പര്യത്തെയും സഹകരണ മനോഭാവത്തെയും ശിഥിലമാക്കുകയും ഒടുവിൽ സ്വാതന്ത്ര്യം തന്നെ ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് മനുഷ്യസമൂഹം നിലംപതിക്കുകയും ചെയ്യും. അതിനാൽ, ചില അനിവാര്യനിയന്ത്രണങ്ങളിൽ നിന്നുകൊണ്ട് മാത്രം സ്വാതന്ത്ര്യം അനുഭവിക്കുക എന്നതാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഫലപ്രദം. ഇങ്ങനെ നാം ആലോചിക്കുമ്പോൾ “ഭരണീയരുമായുള്ള വ്യവഹാരങ്ങൾ പരിഗണിക്കപ്പെടുന്നത് നന്മയുടെയും അവർക്ക് ലഭിക്കുന്ന പ്രയോജനത്തിന്റെയും അടിസ്ഥാനത്തിലാണ്” എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് കാര്യങ്ങൾ നടപ്പിൽ വരുത്തുന്ന ഭരണാധികാരികളെ അനുസരിക്കുകയും അവർ നടപ്പാക്കുന്ന മുഴുവൻ കാര്യങ്ങളിലും ആത്മീയ-ഭൗതിക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ അവർ ചെയ്തുപോരുന്ന എല്ലാവിധ പ്രവർത്തനങ്ങളിലും അവരുമായി സഹകരിക്കുകയും വേണം. ഇസ്‌ലാമിലെ നിയമങ്ങളും നടപടികളും പരിശോധിക്കുമ്പോൾ അതൊക്കെയും ഭരണാധികാരികളുടെ അനിവാര്യതയെ കുറിക്കുന്നുണ്ട്. അതിനാൽ അത്തരത്തിലുള്ള ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന നിയമങ്ങളും നടപടികളും പ്രയോഗത്തിൽ കൊണ്ടുവരേണ്ടത് അവരുടെ പിന്തുണയിലൂടെയും മേൽനോട്ടത്തിലൂടെയുമാണ്. അതുമാത്രല്ല, ഭരണാധികാരികളുടെ അഭാവത്തിലോ അവരൊട് സഹകരിക്കാതെയോ ആഭ്യന്തരവും വൈദേശികവുമായ ഭീകരമായ അപകടങ്ങൾക്ക് തടയിടുവാൻ ഒരിക്കലും സാധിക്കുകയില്ല.

അതിനാലാണ് ഇസ്‌ലാം വിശ്വാസികളോട് അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഭരണാധികാരികളെയും അനുസരിക്കണമെന്ന് കൽപ്പിക്കുകയും റസൂൽ (സ്വ) യോടുള്ള അനുസരണം അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ പരിധിയിലും (“ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്” [അന്നിസാഅ്‌:80]) ഭരണാധികാരികളെ അനുസരിക്കുന്നത് (അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “ആര് എന്നെ അനുസരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആര് എന്നെ ധിക്കരിച്ചുവോ അവൻ അല്ലാഹുവിനെ ധിക്കരിച്ചു. ഞാൻ നിശ്ചയിച്ച നേതാവിനെ ആര് അനുസരിക്കുന്നുവോ അവൻ എന്നെ അനുസരിച്ചു. അദ്ധേഹത്തെ ആര് ധിക്കരിക്കുന്നുവോ അവൻ എന്നെ ധിക്കരിച്ചു” എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ) നബി(സ്വ)യെ അനുസരിക്കുന്നതിന്റെ പരിധിയിലുമുൾപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട “ആരെങ്കിലും തന്റെ (ഇസ്‌ലാമിക) ഭരണാധികാരിയിൽ നിന്ന് തനിക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും കണ്ടാൽ ക്ഷമ കൈക്കൊള്ളട്ടെ, ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ഒരു ചാണെങ്കിലും അകന്നാൽ ജാഹിലിയ്യാ മരണമാണ് അവന് സംഭവിക്കുക” എന്ന ഹദീസിനെ ആസ്പദമാക്കി, അധികാരത്തിലുള്ളവരോടുള്ള അനുസരണം എന്ന ആശയം അല്ലെങ്കിൽ ഒരു ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളോടും ഉത്തരവാദിത്തങ്ങളോടുമുള്ള അനുസരണം ജാഹിലിയ്യാ കാലഘട്ടത്തിൽ ജനങ്ങൾ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു സാംസ്കാരിക മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഉപരിസൂചിത ഹദീസിൽ “ജാഹിലിയ്യാ മരണം” എന്ന പ്രയോഗത്തിലൂടെ ഭരണാധികാരിയെ ഒരു തരത്തിലും ആശ്രയിക്കാതെ തികഞ്ഞ അരാജകത്വത്തിൽ ജീവിച്ച് മരിച്ചു പോകുന്നവരായിരുന്നു  ജാഹിലിയ്യാ അറബികളെന്നാണ് ഉദ്ധേശിക്കപ്പെടുന്നതെന്ന് “ഖാളി ഇയ്യാള്” വീക്ഷിക്കുന്നുണ്ട്. ജാഹിലിയ്യാ കാലഘട്ടത്തിൽ അറബികൾ ഭരണകൂടം, ഭരണാധിപൻ, നേതാവ് എന്നിവരെ തങ്ങളുടേതായ ഒരു കാര്യത്തിനും അവലംബിച്ചിരുന്നില്ല.

ഭരണാധികാരിയുടെയും അധികാര സ്ഥാപനത്തിന്റെയും ജനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ജനങ്ങളുടെ താത്പര്യങ്ങളിൽ അടിസ്ഥാനപ്പെടുത്തി, അതിന്റെ മുൻഗണനാക്രമം നിശ്ചയിച്ച് അതിനനുസൃതമായി അവയെ പരിഗണിക്കുകയും താമസംവിനാ നടപ്പിൽ വരുത്തുകയും ചെയ്യുമ്പോൾ തന്നെ, അത് ചില വ്യക്തികളുടെ താത്പര്യങ്ങൾക്ക് വിഘ്നം സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിലും ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണ് എന്നതാണ് “ആരെങ്കിലും തന്റെ (ഇസ്‌ലാമിക) ഭരണാധികാരിയിൽ നിന്ന് അനിഷ്ടകരമായി എന്തെങ്കിലും കണ്ടാൽ ക്ഷമ കൈക്കൊള്ളട്ടെ” എന്ന നബി (സ്വ) യുടെ വക്കുകളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. ജനങ്ങളുടെ താത്പര്യങ്ങളെയും വ്യവഹാരങ്ങളെയും നിയന്ത്രിക്കുകയും അവരുടെ സമ്പത്തിൽ നിന്നെടുക്കുകയും അവർക്കു മേൽ ധാരാളം ചുമതലകൾ നിർണയിച്ചു നൽകുകയും ചെയ്യുന്നത് (പ്രത്യേകിച്ച്, ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ ചിലർക്ക് മാത്രം  ബാധകമാവുകയും മറ്റു ചിലർക്ക് ബാധകമാവാതിരിക്കുകയും ചെയ്താൽ) അവരെ സംബന്ധിച്ച് ജുഗുപ്സാവഹമായ സംഗതിയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇസ്‌ലാം ആഗതമാവുകയും നടേ സൂചിപ്പിച്ചതുപോലെ സമൂഹത്തിൽ ചിലർക്ക് നീരസം ജനിപ്പിക്കുന്ന സംഗതികളുണ്ടായാൽ ക്ഷമിക്കുവാനും അതനുസരിക്കുവാനും കൽപ്പിച്ചത്. യഥാർത്തിൽ ഇവയൊക്കെയും പാരസ്പര്യ ജീവതത്തിന്റെ ആവശ്യകതകളും ഇസ്‌ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന ജീവിത വ്യവസ്ഥതയുടെ അനിവാര്യതകളും ക്രമസമാധാനവും സഹിഷ്ണുതയും നിറഞ്ഞു നിൽക്കുന്ന രാഷ്ട്രത്തിന്റെ അടയാളങ്ങളുമാണ്.

ജാഹിലിയ്യത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി നബി (സ്വ) “ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിൽ പോലും നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക” എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനാൽ ഭരണാധികാരികളെ അനുസരിക്കുന്നതിന് അവരുടെ കുലമഹിമയും സമ്പത്തും ശക്തിയും അന്തസ്സും പരിഗണിക്കേണ്ടതില്ല. മറിച്ച്, കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിക്കാതെ ധനാഢ്യനെന്നും ദരിദ്രനെന്നുമുള്ള വർഗീകരണത്തിന് മുതിരാതെ  ഭരണാധികാരി ആരാണോ അദ്ധേഹത്തെ അനുസരിക്കുക എന്നതാണ്. ഭരണാധികാരികളെ നിർണയിക്കുവാനുള്ള മാനദണ്ഡം നൈസർഗികമായി അവർക്ക് ലഭിച്ച കഴിവും സ്വഭാവഗുണങ്ങളുമാണ്. അല്ലാതെ, അവരുടെ വർണമോ സമ്പത്തോ പ്രൗഢിയോ അല്ല. ഭരണാധികാരികളുടെ കാര്യത്തിൽ അന്തസ്സ്, സമ്പത്ത് എന്നിവ ഉപാധിയായി സ്വീകരിക്കുന്നതിനെ ഖുർആൻ വിലക്കുന്നതായി കാണാം. ബനൂ ഇസ്റാഈലികളിൽ ചിലരെക്കുറിച്ച് ഖുർആൻ ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്: “അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: “അല്ലാഹു ‎ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി ‎നിശ്ചയിച്ചിരിക്കുന്നു”. അവര്‍ പറഞ്ഞു: ‎‎“അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? ‎രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ‎ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ ‎പണക്കാരനൊന്നുമല്ലല്ലോ”. പ്രവാചകന്‍ പ്രതിവചിച്ചു: ‎‎“അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി ‎തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും ‎വൈജ്ഞാനികവുമായ കഴിവ് ധാരാളമായി ‎നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം ‎താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും”. ‎(അൽബഖറ:247)

സമ്പത്ത്, ദാരിദ്ര്യം, കുലീനത തുടങ്ങിയവയെ അടിസ്ഥാനമാക്കി, പല തരത്തിലുള്ള അവകാശങ്ങളും കടമകളും നൽകുകയും, സ്ഥാനമാനങ്ങൾ നിശ്ചയിക്കുകയും നിയന്ത്രണങ്ങൾ സ്ഥാപിക്കുകയും ശിക്ഷകൾ നടപ്പിൽ വരുത്തുകയും ജനങ്ങളെ ശക്തരെന്നും ദുർബലരെന്നും ഉന്നതരെന്നും അധമരെന്നും വേർതിരിക്കുന്ന ശ്രേണീകൃതമായ വ്യവസ്ഥകളെയെല്ലാം നിഷ്കാസനം ചെയ്തുകൊണ്ടാണ് ഇസ്‌ലാം ആഗതമാവുന്നത്.

“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (അൽഹുജറാത്ത്: 13) എന്ന ഖുർആനിക സൂക്തം സൂചിപ്പിക്കുന്നതുപോലെ (മനുഷ്യരെല്ലാം സമന്മാരായതിനാൽ) ഏതൊരാൾക്കും ഭരണാധികാരിയാവാനും നല്ല അനുസരണയുള്ള ഭരണീയരവാനും സാധിക്കും എന്നത് ഇസ്‌ലാം അംഗീകരിച്ച കാര്യമാണ്. കൂടാതെ, ഹജ്ജത്തുൽ വിദാഇൽ വെച്ച് നബി (സ്വ) ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: “ജനങ്ങളേ, നിങ്ങളുടെ റബ്ബ് ഏകനാകുന്നു. നിങ്ങളുടെ പിതാവ് ഒരുവനാകുന്നു, അറബിക്ക് അറ അനറബിയേക്കാളോ അനറബിക്ക് അറബിയാക്കാളോ ഒരു ശ്രേഷ്ഠതയുമില്ല, ചുവന്നവന് കറുത്തവനേക്കാളോ കറുത്തവന് ചുവന്നവനെക്കാളോ യാതൊരു മേന്മയുമില്ല തഖ്വ കൊണ്ടല്ലാതെ”.

നബി(സ്വ)യുടെ വിയോഗശേഷം ഭരണാധികാരിയുടെ ഉദാത്തവും ഉത്തമവുമായ മാതൃകയെ ഒന്നാം ഖലീഫ അബൂബക്കർ (റ)വിൽ തന്നെ കാണാവുന്നതാണ്. അദ്ധേഹം ഖിലാഫത്ത് ഏറ്റെടുത്ത സമയത്ത് ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: “ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നിടത്തോളം കാലം നിങ്ങൾ എന്നെ അനുസരിക്കുക. അഥവാ ഞാൻ അവരെ ധിക്കരിക്കുകയാണെങ്കിൽ നിങ്ങൾ എന്നെ അനുസരിക്കേണ്ടതില്ല. നിങ്ങൾ നമസ്ക്കരിക്കുവാനായി എഴുന്നേറ്റ് നിൽക്കുക. അല്ലാഹു നിങ്ങളിൽ കാരുണ്യം ചൊരിയുമാറാകട്ടെ”. ഈ പ്രസ്താവ്യത്തിന്റെ നിവേദക പരമ്പര ശരിയാണെന്ന് ഇബ്നു കസീർ അഭിപ്രായപ്പെടുന്നുണ്ട്.

അതുപോലെ നബി (സ്വ) മരണപ്പെട്ട സമയത്ത് അബൂബക്കർ (റ) പറഞ്ഞ വാക്കുകൾ ഹിശാം ഇബ്നു ഉർവത്ത് തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നതായി അൽ ഖത്തീബ് അൽ ബാഗ്ദാദി ഉദ്ധരിക്കുന്നുണ്ട്: “ഞാൻ നിങ്ങളുടെ ഖലീഫയായിരിക്കുകയാണ്. ഞാൻ നിങ്ങളിൽ ഒട്ടും ഉൽകൃഷ്ടനല്ല. നിങ്ങളിൽ ഏറ്റവും ശക്തൻ എന്റടുത്ത് ദുർബലനായിരിക്കും അവനിൽ നിന്ന് പാവങ്ങളുടെ അവകാശങ്ങൾ വീണ്ടെടുക്കുന്നതു വരെ, ജനങ്ങളെ, ഞാൻ റസൂലിന്റെ പാത അനുഗമിക്കുന്നവനാണ്. ഞാൻ ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കുകയില്ല. ഞാൻ നല്ലത് ചെയ്താൽ നിങ്ങൾ എന്നെ തുണക്കുക, ഞാൻ വഴി തെറ്റിയാൽ നിങ്ങൾ എന്നെ നേരായ വഴിക്ക് കൊണ്ടുവരികയും ചെയ്യുക. അല്ലാഹു നമ്മുടെയെല്ലാം പാപങ്ങളെ പൊറുത്തുതരുമാറാകട്ടെ”.

ഇവിടെ അബൂബക്കർ (റ) വിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്ന ഈയൊരു നിബന്ധയോട് കൂടിയില്ലാതെ ഒരാളും നേതാവാകില്ലെന്ന് ഇമാം മാലിക് രേഖപ്പെടുത്തുനുണ്ട്.

“നീതി സ്ഥാപിക്കുവാനാണ് ഭരണാധികാരികളോടുള്ള അനുസരണം സാധ്യമാക്കേണ്ടതെന്ന ആശയം ഇബ്നു ആശൂർ പങ്കുവെന്നുണ്ട്. അദ്ധേഹം പറയുന്നു: “അല്ലാഹു നീതിയോട് കൂടി ഭരണം നിർവഹിക്കാൻ ഉമ്മത്തിനോട് കൽപ്പിച്ചപ്പോൾ തന്നെ അതിനോട് ചേർത്ത് ഭരണാധികാരികളെ അനുസരിക്കണമെന്ന് കൂടി വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഇവിടെ ഭരണാധികാരികളോടുള്ള അനുസരണം, അവർ ജനങ്ങൾക്കിടയിൽ നീതി നടപ്പാക്കുമ്പോൾ സ്വമേധയാ ജനങ്ങളിൽ ഉണ്ടാവുന്ന സ്വാധീനത്തിന്റെ ഫലമായി രൂപപ്പെടുന്നതാണ്. നബി (സ്വ)യോടുള്ള അനുസരണത്തിൽ ജനങ്ങൾക്കായി ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന നീതിയെ ആദരിക്കലും അതിനെ പ്രയോഗത്തിൽ കൊണ്ടുവരുക എന്നതും ഉൾപ്പെടുന്നുണ്ട്. കൂടാതെ അധികാരത്തിലുള്ളവരെ അനുസരിക്കൽ നീതി നടപ്പാക്കലിന്റെ ഭാഗമാണ്. അല്ലാഹു അധികാരികളെ അനുസരിക്കണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശം അവരെ നന്മയുള്ള കാര്യങ്ങളിൽ അനുസരിക്കുക എന്നതാണ്. അതുകൊണ്ടാണ് അലി (റ) ഇങ്ങനെ പറഞ്ഞത്: “ഒരു ഭരണാധികാരിക്ക് നീതിയോട് കൂടി ഭരണം നടത്തലും ജനങ്ങളോടുള്ള ബാധ്യതകൾ നിറവേറ്റലും നിർബന്ധമാണ്. അങ്ങനെ അദ്ധേഹം ഭരണം നടത്തിയാൽ  ജനങ്ങൾക്ക് അദ്ധേഹത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. ഇങ്ങനെയുള്ള അനുസരണമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ച്ചപ്പാടിൽ നിഴലിക്കുന്നത്. ഭരണാധികാരികളോടുള്ള അനുസരണത്തിൽ നിബന്ധനകളും പരിധികളും അടങ്ങിയിട്ടുണ്ട്. അത് സമൂഹത്തെ ഒന്നിപ്പിക്കുകയും നീതിയും ശരീഅത്തും സ്ഥാപിക്കുന്നതിനു വേണ്ടി  ഭരണാധികാരിയും ഭരിക്കപ്പെടുന്നവനും പാരസ്പര്യത്തോട് കൂടി പ്രവർത്തിക്കാനുള്ള ഉതവി നൽകുകയും ചെയ്യുന്നുണ്ട്.

(തുടരും)


വിവർത്തനം: അഫ്‌ലഹുസ്സമാൻ

അഹ്മദ് റൈസൂനി