Campus Alive

അനിസ്‌ലാമികമായ വിധേയത്വവും അപകടങ്ങളും

(2016 മെയ് 24-26 ദിവസങ്ങളിൽ, Center for Islamic Legislation Studies: From legitimate politics to political legitimacy, എന്ന തലക്കെട്ടിൽ ദോഹയിൽ വെച്ച് നടന്ന സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം, അവസാന ഭാഗം. ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക)


ഉമവീ ഖിലാഫത്തിന്റെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം മദീനയിൽ നിന്ന് ദമസ്കസിലേക്കും പിന്നീട് അബ്ബാസിയ്യാ ഖിലാഫത്തിന്റെ സമയത്ത് അവിടെ നിന്ന് ബാഗ്ദാദിലേക്കും മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇത് ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണകൂട വൃന്ദത്തിന്റെ സ്ഥലം മാറ്റം എന്നതിനപ്പുറം ഇസ്‌ലാമിക രാഷ്ട്രത്തെ വലിയൊരളവിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം ദമസ്കസിൽ നിന്ന് ബാഗ്ദാദിലേക്ക് മാറിയപ്പോൾ വളരെ പെട്ടെന്ന് തന്നെ അറബികൾ (അറബികൾ പൊതുവായും ഹിജാസിലെ അറബികൾ പ്രത്യേകിച്ചും)  ന്യൂനപക്ഷമാവുകയുണ്ടായി.

ഇസ്‌ലാമിന്റെ ആരംഭ ദശയിൽ മുസ്‌ലിം ഉമ്മത്തായി നിലനിന്നിരുന്നത് ഹിജാസ് നിവാസികളായിരുന്നു. പിന്നീട് ഉത്തര-ദക്ഷിണ ഗൾഫ് ഭാഗങ്ങളിലെ അറബികളും മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമായി. രാജകീയ ആചാരോപചാരങ്ങളും സമ്പ്രദായങ്ങളും നിലനിന്നിരുന്ന ഫ്രാൻസ്, പേർഷ്യ, റോം എന്നീ സാമ്രാജ്യങ്ങളുമായി അറബികൾ പലതരത്തിലുള്ള ബന്ധം പുലർത്തിയിരുന്നു. തദ്ഫലമായി, അറബികൾക്ക് അവരുടെ അയൽരാജ്യങ്ങളോട് സാദൃശ്യമുള്ള സമ്പ്രദായങ്ങളും രാജകീയ നാമങ്ങളുമുണ്ടായി.

ഇസ്‌ലാം ആഗതമായപ്പോൾ ആദ്യമായി ഹിജാസിൽ അതിന്‍റെ വേരുറപ്പിക്കുകയും പിന്നീട് അറേബ്യൻ ഉപദ്വീപിലെ (കിഴക്ക്, തെക്ക്, വടക്ക്) ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും താമസിയാതെ, ആ പ്രദേശങ്ങളിലെ മുഴുവൻ ജനവിഭാഗങ്ങളും അവരുടെ ഭരണകൂടങ്ങളും ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമായി തീരുകയും ചെയ്തു. മുസ്‌ലിം ഭരണാധികാരികൾ (ഉമവികളും അവർക്ക് ശേഷമുള്ളവരും) ഭരണ-രാഷ്ട്രീയ മേഖലകളിൽ റോമ-പേർഷ്യ രാജക്കന്മാർ സ്വീകരിച്ചു പോന്ന അനേകം ശൈലികളെ കടമെടുക്കുകയുണ്ടായി (സവിശേഷമായി രാജാവിനെ ശക്തിപ്പെടുത്തുകയും അദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും പ്രതാപവും അജയ്യതയും കാത്തു സംരക്ഷിക്കുവാൻ അവരെ പ്രാപ്തമാക്കിയ ശൈലികൾ).

മുകളിൽ സൂചിപ്പിച്ച ഇസ്‌ലാമിക രാഷ്ട്രത്തിന് പെട്ടെന്നുണ്ടായ രണ്ട് മാറ്റങ്ങളുടെ ഫലമായി മുസ്‌ലിം ഭരണാധികാരികളുടെ സംസ്കാരത്തിൽ അവരെ ആകർഷിച്ചിരുന്ന റോമാ-പേർഷ്യൻ രാജക്കന്മാരുടെ സ്വാധീനത്തിന്റെ അളവ് ക്രമേണ വർധിച്ചു. തദ്വാര, ഇസ്‌ലാമിനുമേൽ റോമാ-പേർഷ്യൻ സാമ്രാജ്യം രാഷ്ട്രീയമായി “വിജയം” വരിച്ചു. പിന്നീട് ക്രമേണ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന “ഭരണാധികാരികളോടുള്ള അനുസരണം” എന്ന സങ്കൽപ്പം വിസ്മരിക്കപ്പെടുകയും അതിന്റെ പരിധികൾ ലംഘിക്കപ്പെടുകയും മനപ്പൂർവ്വമോ നിർബന്ധിക്കപ്പെട്ടത് മൂലമോ, സ്വേഛാധിപത്യ വ്യവസ്ഥകളെ അനുസരിക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് സമൂഹം ചെന്നു പതിക്കുകയും ചെയ്തു. ഇത്തരത്തിൽ ഉമവികൾക്കുണ്ടായിരുന്ന വ്യതിചലനങ്ങളുടെ ആരംഭത്തിൽ മഹാനായ സ്വഹാബിവര്യൻ അബ്ദുറഹ്മാൻ ഇബ്നു അബീബക്കർ അവരുടെ മോശമായ ഈ സമീപനത്തിനെതിരെ അവർക്ക് പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തിന് പൊതുവായും മുന്നറിയിപ്പ് നൽകിയ സന്ദർഭം ചരിത്രത്തിൽ നമുക്ക് കാണാം.

ഭരണാധികാരിയെ മഹത്വവൽക്കരിക്കൽ

കിസ്റാകൈസറുകൾക്ക് കൊടുക്കുന്ന ബഹുമാനാദരവുപോലെ അധികാരികളെ മഹത്ത്വവൽകരിക്കുക, അവർക്ക് ദിവ്യപരിവേഷം ചാർത്തുക, അപ്രമാദിത്വം കൽപ്പിക്കുക, എന്നീ കാര്യങ്ങൾ മുസ്‌ലിം സമൂഹം തങ്ങളുടെ ഭരണാധികാരികളാൽ പരീക്ഷിക്കപ്പെട്ടതിന്റെയും അതുവഴി അവർ അടിമത്തത്തിലേക്കും അക്രമത്തിലേക്കും നയിക്കപ്പെട്ടതിന്റെയും പ്രധാന ഹേതുവായ് നമുക്ക് കണക്കാക്കാം.  എന്നാൽ മനുഷ്യരിൽ ഏറ്റവും ഉൽകൃഷ്ടനും ഉത്തമനുമായ റസൂൽ (സ്വ) തന്‍റെ സഹചാരികളോട് ആദര സൂചകമായി അദ്ദേഹത്തിന്റെയോ മറ്റുള്ളവരുടെയോ മുമ്പിൽ ഏഴുന്നേറ്റുനിൽക്കുന്നതും അനറബികൾ തങ്ങളുടെ രാജാക്കന്മാരോട് (അവർക്ക് ദിവ്യപരിവേഷം നൽകി) പെരുമാറുന്നത് പോലെ അദ്ദേഹത്തോട് ഇടപഴകുന്നതും വിലക്കിയിരുന്നു. കൂടാതെ, ഖുലഫാഉ റാശിദുകളും അവർക്ക് ശേഷമുള്ള മിക്ക ഭരണാധികാരികളും ഈ മാതൃക പിൻപറ്റിയവരായായിരുന്നു.

എന്നാൽ ഇസ്‌ലാമിക രാഷ്ട്രത്തിന് സംഭവിച്ച മാറ്റങ്ങൾ മൂലം ഭരണാധികാരികൾക്ക് അപ്രമാദിത്വം കൽപ്പിക്കുന്ന പ്രവണത രൂപപ്പെട്ടു. തുടർന്ന്, ഭരണാധികാരി കൽപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും (നന്മയാകട്ടെ തിന്മയാകട്ടെ) അതേപടി വിധേയപ്പെടുന്ന ഒരു സ്വേഛാധിപത്യ രാജവാഴ്ചയിലേക്ക് ഇസ്‌ലാമിക സമൂഹം ചെന്നുപതിച്ചു.

മുആവിയാ (റ) പേർഷ്യയിലെ ഗവർണറായതോടെയാണ് ഈ പ്രവണതയുടെ ആദ്യ അനുരണനങ്ങൾ ദൃശ്യമായത്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഇബ്നു കസീർ വിവരിക്കുന്നുണ്ട്: “ഒരിക്കൽ ഉമർ (റ) ശാമിലെത്തിയപ്പോൾ മുആവിയ (റ) തന്റെ പരിവാരങ്ങളുമായി വന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അപ്പോൾ ഉമർ (റ) ചോദിച്ചു: ‘താങ്കളാണോ ഈ അകമ്പടിയുടെ നേതാവ്? ’അതേയെന്ന് മുആവിയാ (റ) മറുപടി പറഞ്ഞു. ‘ഇതാണ് താങ്കളുടെ അവസ്ഥ, ഇതുകൂടാതെ ആവശ്യക്കാർ ഓരോരുത്തരും അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാനായി താങ്കളുടെ വാതിൽക്കൽ താങ്കളെയും കാത്തു നിൽക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞു. എന്തിനു വേണ്ടിയാണ് താങ്കൾ ഇങ്ങനെ ചെയ്യുന്നത്? താങ്കളോട് നഗ്നപാദനായി ഹിജാസിലേക്ക്  നടക്കണമെന്ന് കൽപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു’ ഉമർ (റ) പ്രതിവചിച്ചു. ഇതു കേട്ട മുആവിയാ (റ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ, ഇവിടെ ശത്രുക്കളുടെ ശല്യം അതികഠിനമാണ്. അതിനാൽ അവരെ ഭീതിപ്പെടുത്തുവാനും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ശക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തുവാനും നേതാവിന്റെ പ്രതാപം വെളിവാക്കൽ ഞങ്ങൾക്ക് ഒരു അനിവാര്യതയായി മാറി. ഇനി താങ്കൾ അനുവദിക്കുകയാണെങ്കിൽ ഞാൻ ഇത് തുടരും, അതല്ല വിലക്കുകയാണെങ്കിൽ ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും’. ‘അല്ലയോ മുആവിയാ ഞാൻ താങ്കളോട് എന്ത് ചോദിച്ചാലും താങ്കളെന്നെ പ്രതിസന്ധിയിലാക്കുകയാണല്ലോ’. ‘താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ അത് നല്ലൊരു അഭിപ്രായമാണ്. അതല്ലാ കളവാണെങ്കിൽ താങ്കളെന്നെ വഞ്ചിക്കുകയുമാണ്’. അപ്പോൾ മുആവിയ (റ) പറഞ്ഞു: ‘താങ്കളിഛിക്കുന്നത് എന്നോട് കൽപ്പിച്ചുകൊള്ളുക’. ‘ഞാൻ താങ്കളോടൊന്നും കൽപ്പിക്കുന്നുമില്ല നിരോധിക്കുന്നുമില്ല’ എന്ന് ഉമർ (റ) മറുപടി പറഞ്ഞു.

ഇവിടെ മുആവിയ (റ) ഉമർ (റ) വിനോട് സൂചിപ്പിച്ചത് എന്തുതന്നെയായാലും അതിലൊന്നിനുപോലും ഉമർ (റ) മറുപടി പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാൽ, ഒരു കാരണവശാലും (കിസ്റാകൈസറുകൾക്ക് കൊടുക്കുന്ന ബഹുമാനാദരവുപോലെ) ഭരണാധികാരികൾക്ക് ദിവ്യപരിവേഷം നൽകുക എന്നത് ഒരിക്കലും ശരിയായ സമീപനമല്ല. ചിലപ്പോൾ പ്രസ്തുത സമീപനം സമൂഹത്തെ അതീവ മോശമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അതിനാലാണ് ഇസ്‌ലാമിക ശരീഅത്ത് ഭരണാധികളോട് ജനങ്ങൾക്കുണ്ടാവേണ്ട അനുസരണത്തിൽ ചില ഉപാധികൾ നിശ്ചയിച്ചത്.

ഭരണാധികാരികൾക്ക് അപ്രമാദിത്യം നൽകുക എന്നത് സ്വേഛാധിപത്യത്തിന്റെ അടയാളമാണ്. അത് ജനങ്ങളുടെ അഭിപ്രായ-വിമർശന സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുണ്ട്. അതിനാൽ ഈയൊരു പ്രവണത അനിസ്‌ലാമികമാണ്. തന്റെ ജനങ്ങളോട് ഫിർഔൻ ഇങ്ങനെ പറഞ്ഞതായി ഖുർആൻ വിവരിക്കുന്നു: “ഫിര്‍ഔൻ പറഞ്ഞു; ഞാൻ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാൻ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്‌. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയുമില്ല” (അൽ ഗാഫിർ: 29). ഇവിടെ ഫിർഔൻ സ്വീകരിച്ച രീതി തന്നെയാണ്, ജനങ്ങളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാക്കി മാറ്റുവാൻ മറ്റു അധികാരികളും സ്വീകരിച്ച് പോരുന്നത്.

അബൂസഈദിൽ ഖുദ്‌രിയിൽ നിന്ന് നിവേദനം: “നബി (സ) ഫിത്വ്ർ പെരുന്നാളിലും ബലിപെരുന്നാളിലും നമസ്കാര സ്ഥലത്തേക്ക് (മൈതാനിയിലേക്ക്) ചെന്നാൽ ആദ്യം നമസ്കാരമാണ് നിർവഹിക്കുക. അതിൽ നിന്ന് വിരമിച്ച ശേഷം ജനങ്ങൾക്ക് അഭിമുഖമായിനിൽക്കും. ജനങ്ങളാകട്ടെ, അവരുടെ സ്വഫ്ഫുകളിൽ തന്നെയിരിക്കുകയും ചെയ്യും. എന്നിട്ട് റസൂൽ (സ) ഉപദേശങ്ങളും നിർദ്ദേശങ്ങളും ആജ്ഞകളും നൽകും. ഒരു പ്രത്യേക സൈന്യത്തെ സംഘടിപ്പിച്ച് വല്ല ഭാഗത്തേക്കും അയക്കാൻ റസൂൽ (സ) ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ സൈന്യത്തെ അവിടെ വെച്ചു തന്നെ സംഘടിപ്പിക്കും. വല്ലതും കൽപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ റസൂൽ (സ) അത് കൽപിക്കുകയും ചെയ്യും. പിന്നീട് അവിടെ നിന്നും പിരിഞ്ഞുപോകും. അബൂസഈദ്  പറയുന്നു: ‘പിന്നീട് ജനങ്ങൾ ആ നടപടിയിൽ തന്നെയായിരുന്നു നിലകൊണ്ടത്. അങ്ങനെ മർവാൻ മദീനയിലെ ഗവർണറായിരിക്കെ ഞാൻ ഒരു ബലിപെരുന്നാളിനോ അല്ലെങ്കിൽ ഫിത്വ്ർ പെരുന്നാളിനോ അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ നമസ്കാര സ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അവിടെയുണ്ട് കസീറു ബ്നു സ്വൽത്ത് നിർമ്മിച്ച മിമ്പർ. മർവാൻ നമസ്കരിക്കും മുമ്പ് ആ മിമ്പറിൽ കയറാനുദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ പിടിച്ച് ഞാൻ പിന്നോട്ട് വലിച്ചു. അപ്പോൾ അദ്ദേഹം എന്നെയും അങ്ങോട്ട് വലിച്ചു. ഒടുവിൽ അദ്ദേഹം നമസ്കാരത്തിനു മുമ്പുതന്നെ മിമ്പറിൽ കയറി ഖുത്വുബ നടത്തി. ഞാൻ മർവാനോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, റസൂലിന്റെ ചര്യ നിങ്ങൾ മാറ്റിമറിച്ചിരിക്കുന്നു’. അപ്പോൾ മർവാൻ പറഞ്ഞു: ‘അബൂസഈദ്, താങ്കൾ മനസ്സിലാക്കി വെച്ചതെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു’. ഞാൻ പറഞ്ഞു; ‘അല്ലാഹുവാണെ സത്യം. എനിക്കറിവുള്ള കാര്യങ്ങളാണ് ഞാൻ അറിയാതെ പോയതിനേക്കാൾ ഉത്തമം’. അപ്പോൾ മർവാൻ പറഞ്ഞു: ‘നമസ്കാരശേഷം ജനങ്ങൾ ഞങ്ങൾക്ക് ഇരുന്നു തരുമായിരുന്നില്ല. അതിനാൽ ഞാൻ ഖുത്വുബ നമസ്കാരത്തിനു മുമ്പാക്കി’.

സ്വഹീഹ് മുസ്‌ലിമിൽ ഇങ്ങനെ കാണാം: ഹസനിൽ നിന്ന് നിവേദനം: ആഇദുബ്നു അംറ് നബിയുടെ അനുചരന്മാരിൽ ഒരാളായിരുന്നു. ഉബൈദുല്ലാഹിബ്നു സിയാദിന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹം പറഞ്ഞു: “മോനേ, നബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ‘നീചനായ ഭരണാധികാരി ക്രൂരനും അക്രമിയും കഠിനനുമാണ്. നീ അവരിൽ ഉൾപ്പെടുന്നത് സൂക്ഷിച്ചുകൊള്ളുക’. അപ്പോൾ ഉബൈദുല്ല അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു: ‘നിങ്ങൾ മുഹമ്മദിന്റെ അനുചരന്മാരിൽ മുറത്തിൽ അവശേഷിച്ച നുറുങ്ങാണ് (കൊള്ളരുതാത്തവനാണ്). അപ്പോൾ ആഇദ് ചോദിച്ചു: “അവരിൽ കൊള്ളരുതാത്തവരുണ്ടായിരുന്നോ? അവർക്കു ശേഷവും, അവരല്ലാത്തവരിലുമല്ലേ കൊള്ളരുതാത്തവർ ഉണ്ടായിരുന്നുള്ളൂ”.

ഉപദ്രവിക്കുകയും ധനം കവർന്നെടുക്കുകയും ചെയ്യുന്ന ഭരണാധികാരിയെ അനുസരിക്കേണ്ടതുണ്ടോ?

ഹുദൈഫത്ത് ഇബ്നു യമാൻ (റ) ഒരിക്കൽ നബി (സ്വ) യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും ഞങ്ങൾ തികഞ്ഞ നാശത്തിലായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ അല്ലാഹു ഞങ്ങൾക്ക് നന്മ പ്രദാനം ചെയ്തു. അങ്ങനെ ഞങ്ങൾ ആ നന്മയിൽ വർത്തിച്ചു. ആ നന്മക്ക് ശേഷം ഒരു നാശം വരാനുണ്ടോ? റസൂൽ (സ്വ) നാശം വരാനുണ്ടെന്ന് മറുപടി പറഞ്ഞു. ഹുദൈഫ (റ) വീണ്ടും ചോദിച്ചു: “അങ്ങനെ വന്നെത്തുന്ന നാശത്തിന് ശേഷം നന്മവന്നണയുമോ? നന്മയുണ്ടാവുമെന്ന് നബി (സ്വ) വീണ്ടുമാവർത്തിച്ചു. ഹുദൈഫ (റ) വീണ്ടും ചോദിച്ചു: ആ നന്മക്ക് പിന്നിൽ വീണ്ടുമൊരു നാശമുണ്ടാവുമോ? ഉണ്ടാവുമെന്ന് നബി (സ്വ) വീണ്ടും ഉത്തരം പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു:  റസൂലെ, അതെങ്ങനെയാണ് സംഭവിക്കുക? റസൂൽ (സ്വ) പറഞ്ഞു: “എനിക്ക് ശേഷം ഒരു പറ്റം നേതാക്കന്മാർ ഇവിടെയുണ്ടാവും. അവർ എന്റെ മാർഗത്തിൽ വഴി നടക്കാത്തവരും എന്റെ ചര്യയെ പിൻപറ്റാത്തവരുമായിരിക്കും, അവരിൽ ചിലർ മനുഷ്യശരീരത്തിനുള്ളിൽ പിശാചിന്റെ ഹൃദയത്തെ കൊണ്ടുനടക്കുന്നവരായിരിക്കും. ഹുദൈഫ (റ) ചോദിച്ചു: “ഞാൻ അങ്ങനെയുള്ള ഒരു കാലത്താണ്  ജീവിക്കുന്നതെങ്കിൽ എന്താണ് ചെയ്യേണ്ടത്? നബി (സ്വ) പറഞ്ഞു: (എത്രതന്നെ ദേഹോപദ്രവം ഏൽപിച്ചാലും ധനം അപഹരിച്ചാലും) താങ്കൾ ഭരണാധികാരിയെ അനുസരിക്കുക”.

ഉപരിസൂചിത ഹദീസിന്റെ അവസാന ഭാഗത്ത് പ്രതിപാദിക്കപ്പെടുന്ന (എത്രതന്നെ ദേഹോപദ്രവം ഏൽപിച്ചാലും ധനം അപഹരിച്ചാലും താങ്കൾ ഭരണാധികാരിയെ അനുസരിക്കുക) ആശയത്തെ സംബന്ധിച്ചും വിശ്വാസ്യതയെ സംബന്ധിച്ചും ധാരാളം ചർച്ചകൾ നടന്നുപോരുന്നുണ്ട്. ഇവിടെ ഈ ഹദീസിന്റെ അവസാന ഭാഗം അനിസ്‌ലാമികമായ വിധേയത്വത്തിന് (ബിദ്അത്തായ അനുസരണം) വേണ്ടി വാദിക്കുന്നവർക്ക് തെളിവായി സ്വീകരിക്കാവുന്നതാണ്. ഈ ഹദീസിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ഒരു സംഗതിയും ഞാൻ ഇവിടെ ഉദ്ധരിക്കുന്നില്ല. ഇമാം മുസ്‌ലിമിനെ പോലെയുള്ള പണ്ഡിതന്മാർ ഈ ഹദീസ് വിശ്വാസയോഗ്യമാണെന്ന് (സ്വഹീഹ്) പറഞ്ഞുവെക്കുന്നുണ്ട്.

എന്നാൽ ഈ ഹദീസിന്റെ ആശയത്തെ സംബന്ധിച്ച് രണ്ട് വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അവ ചുവടെ ചേർക്കുന്നു;

1) ദേഹോപദ്രവം ഏൽപ്പിക്കുകയും ധനം കവർന്നെടുക്കുകയും ചെയ്യുന്ന ഭരണാധികാരിയെ അനുസരിക്കൽ നിർബന്ധമാണ്.

2) ഭരണാധികാരി ഒരാൾക്ക് അർഹമായ ശിക്ഷ വിധിക്കുകയോ ഇസ്‌ലാമിക ശരീഅത്തിന്റെ തേട്ടം അനുസരിച്ച് ഒരാളുടെ പക്കലുള്ള സമ്പത്തിൽ നിന്ന് ഒരു വിഹിതം എടുക്കുകയോ ചെയ്യുകയാണെങ്കിൽ അദ്ദേഹത്തെ അനുസരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ ഭരണാധികാരി തികഞ്ഞ ളുൽമ് (അക്രമം) ആണ് പ്രവർത്തിക്കുന്നതെങ്കിൽ ഒരു തരത്തിലുള്ള അനുസരണത്തിനും ആയാൾ യോഗ്യനല്ല. അതുമാത്രമല്ല, പ്രസ്തുത തിന്മയെ തടയുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് അനിവാര്യവുമാണ്.

ഇതിൽ രണ്ടാമത്തെ അഭിപ്രായത്തെയാണ് ഞാൻ സ്വീകരിക്കുന്നത്. അതിനുള്ള വിശദീകരണം ചുവടെ നൽകുന്നു;

ആദ്യത്തെ അഭിപ്രായം ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെയും തത്വങ്ങളെയും അവഗണിക്കുന്നതായാണ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, രണ്ടാമത്തെ അഭിപ്രായം സത്യസന്ധവും നീതിയുക്തവും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ ഖണ്ഡിത പ്രമാണങ്ങളോട് ചേർന്ന് നിൽക്കുന്നതുമാണ്.

എന്നാൽ, ആദ്യത്തെ അഭിപ്രായമാണ് ശരിയെന്ന് വാദിക്കുന്നവർ ശരീഅത്തിന്റെ ഖണ്ഡിതപ്രമാണങ്ങളെ കൃത്യമായി ഗ്രഹിക്കാതെയാണ് അത്തരത്തിലൊരു അഭിപ്രായം മുന്നോട്ട് വെച്ചതെന്ന് മനസ്സിലാക്കാം. എന്നാൽ രണ്ടാമത്തെ അഭിപ്രായം, ശരീഅത്തിനോട് യോജിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും പ്രസ്തുത ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞുവന്നതുമാണ്.

അല്ലാഹുവിനെയും അവന്റെ ശരീഅത്തിനെയും നന്നായി ഗ്രഹിച്ചവർ ഇങ്ങനെ പറയുന്നതായി നമുക്ക് കാണാം: “മനുഷ്യന് ഇഹപര വിജയത്തിന് അനിവാര്യമായ നന്മ നിറഞ്ഞ സംഗതികളാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്. അത് നീതിയുക്തവും ഗുണകരവും കാരുണ്യവും ക്ഷേമകരവുമാണ്. അതിനാൽ നീതിയിൽ നിന്ന് അനീതിയിലേക്ക് തെന്നിമാറുന്നതും നന്മയിൽ നിന്ന് തിന്മയിലേക്ക് ചുവടുമാറ്റുന്നതും യുക്തിയിൽ നിന്ന് അയുക്തികതയിലേക്ക് നയിക്കുന്നതുമായ കാര്യങ്ങൾ (അത് ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്ന പാഴ് വ്യാഖ്യാനങ്ങൾ നൽകിയാലും) ഇസ്‌ലാമിക ശരീഅത്തിന്റെ പരിധിയിൽ ഉൾക്കൊള്ളുന്നതല്ല”.

“വിശ്വാസിക്ക് തന്റെ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യൽ നിർബന്ധ ബാധ്യതയാണ്” എന്ന പ്രവാചക വചനത്തെ വിശദീകരിച്ചുകൊണ്ട് അബുൽ അബ്ബാസ് അൽ ഖുർത്വുബി പറയുന്നു: “പ്രത്യക്ഷത്തിൽ ഈ ഹദീസ് ഭരണാധികാരികളെ അനുസരിക്കണമെന്ന് ഊന്നിപ്പറയുന്നുവെങ്കിലും ഭരണാധിപൻ ഏതെങ്കിലുമൊരു തിന്മ (മഅ്സ്വിയത്ത്) ചെയ്യുവാൻ കൽപ്പിക്കുകയോ (കൽപ്പിക്കപ്പെട്ട തിന്മ എത്ര ചെറുതാണെങ്കിലും) ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ നടപ്പിൽവരുത്താതിരിക്കുകയോ (നമസ്കാരം, നോമ്പ്, ശിക്ഷാവിധികൾ തുടങ്ങിയവ) അത് നടപ്പിൽവരുത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയോ, മദ്യപാനം, വ്യഭിചാരം എന്നിവയെ അനുവദിക്കുകയോ പ്രസ്തുത നീചവൃത്തിയിൽ നിന്ന് ജനങ്ങളെ തടയുകയോ ചെയ്യാതിരുന്നാൽ അദ്ദേഹത്തെ അനുസരിക്കേണ്ടതില്ലെന്നും അധികാര സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്നുമുള്ള കാര്യത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നില്ല. എന്നാൽ, സുന്നത്തിന് വിരുദ്ധമായതും പൂർവമാതൃകയില്ലാത്തതുമായ ഒരു കാര്യം പുതുതായി ആവിഷ്കരിക്കുകയും (ബിദ്അത്ത് ചെയ്യുക) അത് പിന്തുടരുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരിയെ സ്ഥാന ഭ്രഷ്ടനാക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇതിൽ നിന്ന് ഭിന്നമായി, ബസ്വറയിലെ പണ്ഡിതന്മാർ, ബിദ്അത്ത് കൊണ്ടു നടക്കുന്നവനാണെങ്കിലും ഭരണാധികാരിയെ അധികാര സ്ഥാനത്ത് നിന്ന് നീക്കം ചെയ്യേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു[1]. എന്നാൽ അദ്ദേഹം അനാവശ്യമായി ഒരാളുടെ ധനം കവർന്നെടുക്കാനോ, ഒരാളെ വധിക്കാനോ, തല്ലാനോ കൽപ്പിക്കുകയാണെങ്കിൽ അതൊരിക്കലും അനുസരിക്കുവാനോ നടപ്പിൽവരുത്തുവാനോ പാടില്ല (കൽപ്പനകൾ നിരസിക്കുക വഴി ഭരണാധികാരി എത്ര തന്നെ ഉപദ്രവിച്ചാലും). “ഒരു സൃഷ്ടിക്കും തന്റെ സൃഷ്ടാവിനെ ധിക്കരിക്കുക സാധ്യമല്ല” എന്ന പ്രവാചക വചനത്തെ അടിസ്ഥാനമാക്കി വീക്ഷിക്കുമ്പോൾ മേൽസൂചിപ്പിച്ച കാര്യം ഇസ്‌ലാമിക ശരീഅത്ത് ഒരിക്കലും അംഗീകരിക്കാത്ത സംഗതിയാണെന്ന് മനസ്സിലാവുന്നു. കൂടാതെ ഇമാം ഇബ്നു ജരീറിനെ പോലുള്ള പണ്ഡിതന്മാർ ഭരണാധികാരി മഅ്സ്വിയത്ത് ചെയ്യുവാൻ നിർബന്ധിക്കുകയാണെങ്കിൽ അദ്ദേഹത്തെ ഒരിക്കലും അനുസരിക്കരുതെന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ “എത്രതന്നെ ദേഹോപദ്രവം ഏൽപിച്ചാലും ധനം അപഹരിച്ചാലും താങ്കൾ ഭരണാധികാരിയെ അനുസരിക്കുക” എന്ന പ്രവാചകവചനം സൂചിപ്പിക്കുന്നത്, ഒരുവൻ തന്റെ ഭരണാധിപന് പൂർണമായും വിധേയപ്പെടണമെന്നാണ്. ഭരണാധികാരിക്കെതിരെ തിരിയുന്നതും യുദ്ധം നയിക്കുന്നതും വലിയ വിപത്ത് വന്ന് ഭവിക്കാൻ ഹേതുവാകുമെന്നതിനാലാണിത്. അതുപോലെ, ഭരണീയനെ അപേക്ഷിച്ച് ഭരണാധികാരിക്ക് ഓരോ കാര്യങ്ങളിലും കൂടുതൽ വ്യക്തതയുണ്ടാവുമെന്നതിനാലാണ് അദ്ദേഹം കൽപ്പിക്കുന്ന കാര്യങ്ങൾ ശിരസാവഹിക്കേണ്ടി വരുന്നതെന്ന രൂപത്തിൽ ഉപര്യുക്ത നബി വചനത്തെ നമുക്ക് ജംഅ് (സംയോജിപ്പിക്കുവാൻ) ചെയ്യുവാൻ സാധിക്കും.

ഈ ഹദീസിനെ പ്രത്യക്ഷത്തിൽ മനസ്സിലാക്കി ഭരണാധികാരി എങ്ങനെ ഉപദ്രവിച്ചാലും അദ്ദേഹത്തെ അനുസരിക്കണമെന്ന് വാദിക്കുന്നവർക്ക് മറുപടിയായി ഇമാം ഇബ്നുഹസമിന്റെ തന്നെ വാക്കുകൾ ഞാൻ ഇവിടെ ഉദ്ധരിക്കുന്നു: “ഒരു ഭരണാധികാരി തന്റെ ഭരണീയനെ ദേഹോപദ്രവം എൽപ്പിക്കുകയും ധനം കവർന്നെടുക്കുകയും ചെയ്യുന്നത് ന്യായമായ രീതിയിൽ (ഹഖ്) ആണെങ്കിൽ അത് അനുസരിക്കേണ്ടതാണ്. എന്നാൽ ഭരണീയൻ അത് അനുസരിക്കാതിരിക്കുകയാണെങ്കിൽ അയാളുടെ  ധിക്കാരമായാണ് ഗണിക്കപ്പെടുക. പക്ഷേ അന്യായമായി, ഭരണാധികാരി ദേഹോപദ്രവം എൽപ്പിക്കുകയും ധനം കവർന്നെടുക്കുകയും ചെയ്യുന്നുവെങ്കിൽ, “നന്മയിലും ധർമനിഷ്ഠയിലും നിങ്ങൾ പരസ്പരം സഹായിക്കുക. തിന്മയിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്” (അൽ മാഇദ : 2) എന്ന ഖുർആനിക വചനം തെളിവായി നിൽക്കുകയും പ്രവാചകധ്യാപനങ്ങൾ പരിശുദ്ധ ഖുർആന് വിരുദ്ധമാവില്ല (അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല, അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നൽകപ്പെടുന്നത് മാത്രമാകുന്നു) എന്നുമിരിക്കെ നബി (സ്വ) അങ്ങനെ ഒരു അധർമം ചെയ്യാൻ കൽപ്പിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? റസൂൽ (സ്വ) പറയുന്ന കാര്യങ്ങളൊക്കെയും അല്ലാഹുവിൽ നിന്നുള്ള വഹിയിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ തന്നെ അതിൽ യാതൊരു വിധത്തിലുള്ള വൈരുദ്ധ്യമോ വൈജാത്യമോ കാണുവാൻ സാധിക്കില്ല. തദനുസാരം ഓരോ വിശ്വാസിക്കും അന്യായമായി ധനം കവർന്നെടുക്കുക ദേഹോപദ്രവം എൽപ്പിക്കുക തുടങ്ങിയ  കാര്യങ്ങൾ തികഞ്ഞ തിന്മയും അധർമവും ഇസ്‌ലാമിക ശരീഅത്ത് വിലക്കിയ സംഗതിയുമാണെന്ന് മനസ്സിലാക്കാം. “നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാക്കപ്പെട്ടവയാണ്” എന്ന പ്രവാചക പ്രസ്താവ്യപ്രകാരം, അന്യായമായി തന്റെ ധനത്തെ വിട്ടു കൊടുക്കുവാനോ തന്നെ ഉപദ്രവിക്കുന്നതിന് നിന്നുകൊടുക്കുകയോ ചെയ്യൽ സാധ്യമല്ലെന്ന് മാത്രമല്ല ഖുർആനികധ്യാപന പ്രകാരം അത് നിരോധിക്കപ്പെട്ടതുമാണ്.

ഭരണാധികാരി ഒരു തിന്മചെയ്യുവാൻ ഒരാളോട് കൽപ്പിക്കുകയാണെങ്കിൽ അത് അനുസരിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്ത് വിലക്കിയ സംഗതിയാണ്. അതിനാൽ ഭരണീയൻ അത്  നിറവേറ്റാൻ തുനിഞ്ഞിറങ്ങുകയാണെങ്കിൽ ആ പ്രവർത്തനം മൂലം ആയാൾ  അല്ലാഹുവിനോട് കടുത്ത ധിക്കാരിയായി മാറും. കൂടാതെ, തിന്മചെയ്യുവാൻ കൽപ്പിച്ച ഭരണാധികാരി അധർമിയും ധിക്കാരിയുമാണെന്ന് സംശയലേശമന്യേ നമുക്ക് ബോധ്യമാവുന്ന സംഗതിയാണ്. അതിനാൽ അദ്ദേഹത്തെ അനുസരിക്കൽ അന്യായമായ കാര്യമാണ്. ഇവിടെ “ഭരണാധിപനെ ഭരണീയൻ അനുസരിക്കുകയാണെങ്കിൽ അവർ രണ്ടുപേരും ഒരുപോലെ കുറ്റക്കാരാവുന്നുണ്ട്” എന്ന് അബൂ മുഹമ്മദ് നിരീക്ഷിക്കുന്നു.

ഇനി ഈ ഹദീസിനെ പ്രത്യക്ഷമായി തന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ “ഇൻ ളറബ ളഹ്റക്ക വ അഖസ മാലക്ക” (ഭരണാധികാരി എത്ര തന്നെ നിനക്ക് (ഭരണീയന്) ദേഹോപദ്രവം ഏൽപ്പിച്ചാലും നിന്റെ ധനം കവർന്നെടുത്താലും അദ്ദേഹത്തെ അനുസരിക്കുക എന്നത് നിന്റെ നിർബന്ധ ബാധ്യതയാണ്)  എന്ന് വായിക്കുന്നതിന് പകരം “ഇൻ ളുരിബ ളഹ്റുക്ക വ ഉഖിസ മാലുക്ക” (ആരെങ്കിലും നിനക്ക് (ഭരണീയന്) ദേഹോപദ്രവം ഏൽപ്പിച്ചാലും നിന്റെ ധനം കവർന്നെടുത്താലും ഭരണാധികാരിയെ  അനുസരിക്കുക എന്നത് നിന്റെ നിർബന്ധ ബാധ്യതയാണ്) എന്ന വായനക്കുമിവിടെ സാധ്യതയുണ്ട്. ഈയൊരു വായനയെ ആസ്പദമാക്കി ആലോചിക്കുമ്പോൾ യഥാർത്ഥത്തിൽ ഭരണാധികാരിയല്ല അവിടെ ഭരണീയനെ ദേഹോപദ്രവമേൽപ്പിക്കുകയും അവന്റെ ധനം കവർന്നെടുക്കുകയും ചെയ്യുന്നതെന്നും മറിച്ച് ഭരണീയരിൽപ്പെട്ട മറ്റൊരാളാണെന്നുമുള്ള നിഗമനത്തിലേക്ക് നമുക്കെത്തിച്ചേരാൻ സാധിക്കും. എന്നാൽ അതിനുള്ള ശിക്ഷ വിധിക്കാൻ ഭരണാധികാരിക്ക് സാധിച്ചില്ലെന്ന കാരണത്താൽ അദ്ദേഹത്തെ അനുസരിക്കാതിരുന്നാൽ വലിയ വിപത്ത് സംഭവിക്കാൻ ഇടയാവും. അതിനാൽ ആ സാഹചര്യത്തിൽ അദ്ദേഹത്തെ അനുസരിക്കുകയാണ് വേണ്ടതെന്ന വിശദീകരണമാണ് ഭരണാധികാരിയെ ധിക്കാരിയായി ചിത്രീകരിക്കുന്നതിനേക്കാൾ ഉത്തമമായത്. എന്നാൽ ഭരണാധികാരിയെ ധിക്കാരിയായി ചിത്രീകരിക്കുകയും എന്നിട്ട് അദ്ദേഹം കൽപ്പിക്കുന്ന സകലതിന്മകളെയും ശിരസ്സാവഹിക്കാനുമാണ് നാം ജനങ്ങളോട് പറയുന്നതെങ്കിൽ അത് അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിന് തുല്യമാണ്.

കൂടാതെ, സ്വഹീഹുമുസ്‌ലിമിൽ തന്നെ ഭരണാധികാരി എത്ര തന്നെ ദേഹോപദ്രവം ഏൽപ്പിച്ചാലും ധനം കവർന്നെടുത്താലും അദ്ദേഹത്തെ അനുസരിക്കണമെന്ന വാദത്തെ നിരാകരിക്കുന്ന മറ്റൊരു പ്രവാചകവചനം കാണാം: “അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു. “എന്റെ മുമ്പുണ്ടായിരുന്ന സമൂഹങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ മാർഗ്ഗം അനുധാവനം ചെയ്യുകയും, അദ്ദേഹത്തിന്റെ കൽപ്പന ശിരസ്സാവഹിക്കുകയും ചെയ്തിരുന്ന അനുയായികളും ഹവാരിവുകളുമുണ്ടായിരുന്നു. അനന്തരം അവരുടെ പിൻതലമുറകൾ രംഗത്തു വരും. അവർ പ്രവർത്തിക്കാത്തത് പറയും കൽപ്പിക്കാത്തത് പ്രവർത്തിക്കും. അവരോട് തന്റെ കൈകൊണ്ട് സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ നാവുകൊണ്ട് സമരം ചെയ്യുന്നവൻ വിശ്വാസിയാണ്. തന്റെ മനസ്സുകൊണ്ട് അവരോട് സമരം ചെയ്യുന്നവനും വിശ്വാസിയാണ്. അതിനപ്പുറം അണുമണിത്തൂക്കം വിശ്വാസമില്ല”.

ഈ ഹദീസിലെ കൈകൊണ്ട് സമരം ചെയ്യുക എന്ന പ്രയോഗത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുറജബ് അൽ ഹമ്പലി ഇങ്ങനെ പറയുന്നു: “ഒരു വിശ്വാസിക്ക് സാധിക്കുന്നുവെങ്കിൽ ഭരണാധികാരികൾ ചെയ്യുന്ന തിന്മകളെ നീക്കം ചെയ്യുക (അവരുടെ അതിരുവിട്ട വിനോദങ്ങൾക്ക് തടയിടുക) അക്രമം പ്രവർത്തിക്കാൻ കൽപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുത്ത് നിൽക്കുക എന്നെല്ലാമാണ് കൈകൊണ്ട് സമരം ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതൊക്കെയും അനുവദിക്കപ്പെട്ട സംഗതികളാണ്. ഇതൊരിക്കലും ഭരണാധികാരികൾക്കെതിരെ തിരിയുന്നതിന്റെയോ അവർക്കെതിരെ യുദ്ധം നയിക്കുന്നതിന്റെയോ പരിധിയിൽ ഉൾക്കൊള്ളുന്നതല്ല. ഈയൊരു സമീപനം മൂലമുണ്ടാവുന്ന പരിണതി ഏറിപ്പോയാൽ ഭരണാധികാരി കൊല്ലപ്പെടുമെന്നുള്ളതാണ്. എന്നാൽ ഭരണാധികാരിക്കെതിരെ യുദ്ധം ചെയ്യാനിറങ്ങിയാൽ മുസ്‌ലിംകളടക്കം ധാരാളമാളുകൾ കൊല്ലപ്പെടുന്ന സാഹചര്യം വന്നണയും.

ഇങ്ങനെ ഭരണാധികാരിയുടെ കൊള്ളരുതായ്മകളെ ഇല്ലാതാക്കുവാൻ സാധിക്കുമെങ്കിൽ, നമ്മുടെ സമ്പത്തിലും ശരീരത്തിലും അവർ അതിക്രമം ചെയ്യുവാൻ മുതിരുമ്പോൾ അവർക്ക് വിധേയപ്പെടണമെന്ന് എങ്ങനെ പറയാനാവും?

അനിസ്‌ലാമിക വിധേയത്വത്തിന്റെ മറ്റു അപകടങ്ങൾ

അനിസ്‌ലാമികമായ വിധേയത്വത്തിനായി (ബിദ്ഈയായ അനുസരണം) വാദിക്കുന്നവർ നിരുപാധികമായ അനുസരണം ഭരണാധിപന് ഭരണീയർ നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അത് ഏറെ നാശം വിതക്കാൻ സാധ്യതയുള്ള ഒരു സമീപനമാണെന്നതും ശ്രദ്ധേയമാണ്. ഇന്ന് ഭൂരിഭാഗം മുസ്‌ലിംകളും ഈയൊരു സാഹചര്യത്തിലാണ് അവരുടെജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ന് ഭരണാധികാരികൾക്ക് അപ്രമാദിത്വം കൽപ്പിക്കുന്ന സ്ഥിതിവിശേഷം നമുക്കിടയിൽ വന്നു ചേർന്നിട്ടുണ്ട്. നമ്മുടെ ചില ഭരണാധികാരികളെ  വിമർശിക്കുവാനോ, അവരുടെ തീരുമാനങ്ങളിലെ തെറ്റുകൾ ബോധിപ്പിക്കുവാനോ, അവരുടെ രാഷ്ട്രീയത്തെ വിലയിരുത്തുവാനോ പാടില്ലെന്ന് ആണയിടുകയും കൂടാതെ ഭരണാധികാരികളെ സേവിക്കുന്ന കിങ്കരന്മാർ അവരെ വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും അവരുടെ തെറ്റുകുറ്റങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. അവരുടെ തെറ്റുകൾക്കും അക്രമങ്ങൾക്കും വൻപാപങ്ങൾക്കുമുള്ള വ്യക്തമായ തെളിവുകളുമായി അവരെ നമ്മൾ സമീപിക്കുകയാണെങ്കിൽ അവർ അതിനെ അന്യായമായി വ്യാഖ്യാനിക്കുകയും ഒരു വീരകൃത്യമായും ചരിത്രത്തിലെ ഒരു നാഴികകല്ലായും അവതരിപ്പിക്കുകയും ചെയ്യും. കൂടാതെ ആരെങ്കിലുമൊരാൾ ഭരണാധികാരിയെ വിമർശിക്കുകയാണെങ്കിൽ അയാൾ അദ്ദേഹത്തോട് അനുസരണക്കേട് കാട്ടുകയാണെന്നും അദ്ദേഹത്തെ അപമാനിക്കുകയും സമാധാനം ഇല്ലാതാക്കുകയാണെന്നും കുഴപ്പമുണ്ടാക്കുകയാണെന്നുമുള്ള ആരോപണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള രാഷ്ട്രീയ ചിന്തകൾ അല്ലാഹു ഒരു ഭരണാധികാരിക്കും നൽകിയിട്ടില്ലെന്ന് മാത്രമല്ല ഈയൊരു സംഗതി നിലനിൽക്കുകയാണെങ്കിൽ നല്ല ഭരണാധികാരികൾ സ്വയം തന്നെ ഇല്ലാതാവുകയും ചെയ്യും.

ഇസ്‌ലാമിക ശരീഅത്ത് മുഹമ്മദ് നബി (സ്വ) ക്ക് ഒഴികെ മറ്റാർക്കും “ഇസ്മത്ത്” (പാപസുരക്ഷിതത്വം) ഉള്ളതായി പ്രസ്താവിച്ചിട്ടില്ല. അതിനാൽ ഇസ്‌ലാമിൽ ഭരണാധികാരിക്കും ഭരണീയർക്കും ഒരേ മസ്‌ലഹത്ത് (നന്മ) ആണുള്ളത്. അതിനാൽ, സത്യത്തിനു വേണ്ടി നിലകൊള്ളുവാനും ഭരണാധികാരികളുടെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് തിരുത്തുവാനും അഭിപ്രായം പറയുവാനും വിമർശിക്കുവാനും അവർക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകുവാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം ഭരണീയർക്ക് നൽകുന്നുണ്ട്. ഇയൊരു കാര്യത്തെ പരിശുദ്ധ ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. (“നിങ്ങൾക്കിടയിൽ ഇനി വല്ല കാര്യത്തിലും ഭിന്നിപ്പുണ്ടാവുന്നുണ്ടെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക” – അന്നിസാഅ് : 59).

ഭരണാധികാരികളോടുള്ള ശറഈയായ (ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന) അനുസരണത്തിൽ അനാവശ്യമായി കണക്കാക്കുന്ന സംഗതിയാണ് (ഭരണാധികാരിയെ) വാഴ്ത്തുകയും മഹത്വവൽകരിക്കുകയും ചെയ്യുക എന്നത്. എന്നാൽ, അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ശരി തെറ്റുകൾ ചൂണ്ടികാണിക്കയും ചെയ്യുന്നത് അവരോടുള്ള അനുസരണത്തിന് യാതൊരു കുറവും വരുത്തുകയോ അനുസരണം ഇല്ലാതാക്കുകയോ ചെയ്യുന്ന കാര്യമല്ലെന്നു മാത്രമല്ല അത് പ്രാമാണികമായി ഒരു വിശ്വാസിയുടെ നിർബന്ധ ബാധ്യത കൂടിയാണ്.

നിഗമനം

ഈ ലേഖനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഭരണാധികാരികളോടുള്ള അനുസരണത്തെ പരിശുദ്ധ ഖുർആനും പ്രവാചകചര്യയും എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വിശദീകരിപ്പെട്ടിട്ടുണ്ട്. ഭരണാധികാരികളോടുള്ള ശറഇയ്യായ അനുസരണം അറബീ ഗോത്രങ്ങൾക്കിടയിൽ നാഗരികമായ നവോത്ഥാനം സാധ്യമാക്കി. തദ്ഫലമായി സാമ്പ്രദായിക ഗോത്ര വ്യവസ്ഥയിൽ നിന്നും പരസ്പരം പോരടിക്കുന്നതിൽ നിന്നും  വ്യവസ്ഥാപിതമായ ഒരു രാഷ്ട്രത്തിന്റെയും ശരീഅത്തിന്റെയും ഉമ്മത്തിന്റെയും അവസ്ഥയിലേക്ക് അറബികൾക്ക് രൂപ മാറ്റം സംഭവിച്ചു. തീർച്ചയായും കൃത്യമായ ചില ലക്ഷ്യങ്ങൾ, നിയന്ത്രണ പരിധികൾ എന്നിവയെ മുൻനിർത്തിയാണ് ഭരണാധികാരിയോടുള്ള അനുസരണത്തെ ഇസ്‌ലാമിക ശരീഅത്ത് പരിഗണിക്കുന്നത്.

എന്നാൽ, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം ശ്യാമിലേക്കും പിന്നീട് ഇറാഖിലേക്കും മാറ്റിയതിന്റെ ഫലമായി അനിഷ്ടകരമായ ചില മാറ്റങ്ങൾ ഇസ്‌ലാമിക രാഷ്ട്രീയത്തിലുണ്ടായി. ആ മാറ്റങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തിയത് റോമൻ പേർഷ്യാ സാമ്രാജ്യമായിരുന്നു. അവരുടെ സ്വാധീന ഫലമായി ഭരണാധികാരികൾക്ക് അപ്രമാദിത്യം കൽപ്പിക്കുകയും അവർക്ക് നിരുപാധികമായ അനുസരണം നൽകുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇസ്‌ലാമിക സമൂഹത്തിൽ വന്നെത്തുകയുണ്ടായി. അത് അതിക്രമങ്ങൾക്കും അടിമത്വത്തിനും കാരണമാവുകയും ചെയ്തു. ഇന്ന് ഈയൊരു അവസ്ഥയിൽ നിന്ന് കരകയറുന്നതിനും ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന രീതിയിൽ ഭരണാധികാരികളോട് അനുസരണം നൽകി പോരുന്നതിനും അതിന്റെ ലക്ഷ്യങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും രാഷ്ട്രീയവും ധൈഷണികവും വൈജ്ഞാനികവുമായ സമരം (ജിഹാദ്) നയിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് ആദ്യം വിമർശിക്കുവാനും ചിന്തിക്കുവാനുമുള്ള സ്വാതന്ത്യം വകവെച്ചുനൽകുക എന്നത് അനിവാര്യമാണ്. അങ്ങനെ ഭരണകൂടത്തിന്റെ അതിരുകവിച്ചിലുകളെ നിയന്ത്രിക്കുവാനും അവർക്ക് നിർദ്ദേശങ്ങൾ നൽകുവാനും സാധിക്കും. വിവരവിനിമയ സങ്കേതികവിദ്യകളും ഭരണഘടനാ സ്ഥാപനങ്ങളും ധാരാളമുള്ള ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. നിലവിലുള്ള എല്ലാ ഇസ്‌ലാമിക രാഷ്ട്രങ്ങളും ഈ രീതിയെ സ്വീകരിച്ചു പോരുകയും ചെയ്യുന്നുണ്ട്.

ഒരിക്കൽ ഉമർ (റ) ഇങ്ങനെ പറഞ്ഞതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: “ജനങ്ങളുടെ ചെയ്തികൾക്കനുസരിച്ചാണ് ഒരോ കാര്യങ്ങളുമുണ്ടാവുന്നത്”. അതിനാൽ, ഭരണാധികാരികളെ എവിടെ അനുസരിക്കണമെന്നും എങ്ങനെ അനുസരിക്കണമെന്നുമുള്ളതിനെ കുറിച്ച നിയമം നിർമിക്കുക ഒരു നിർബന്ധ ബാധ്യതയായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതാക്കുവാനും ആരും ആരുടെയും അടിമകളല്ലെന്ന് ലോകത്തോട് പ്രസ്താവിക്കുവാനും നമുക്ക് സാധിക്കും.

(അവസാനിച്ചു)

കുറിപ്പുകൾ

[1]ഉബാദത്തു സ്വാമിതിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു; നബി ഞങ്ങളെ ക്ഷണിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് പ്രതിജ്ഞ ചെയ്തു. നബി ഞങ്ങളോട് പ്രതിജ്ഞ സ്വീകരിച്ചപ്പോൾ ഇങ്ങനെ വ്യവസ്ഥ ചെയ്തു: ‘ഞങ്ങൾക്ക് സന്തോഷമുണ്ടാകുമ്പോഴും വെറുപ്പുണ്ടാകുമ്പോഴും, ഞങ്ങളുടെ പ്രയാസവേളയിലും ആശ്വാസവേളയിലും, ഞങ്ങളെ അവഗണിച്ചു കൊണ്ട് മറ്റുള്ളവർക്ക് മുൻഗണന നൽകുമ്പോഴുമെല്ലാം കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. നബി കൂട്ടിച്ചേർത്തു: “അല്ലാഹുവിങ്കൽ നിന്ന് വന്ന നിർദ്ദേശങ്ങളിലൂടെ തെളിവുള്ളതും വ്യക്തമായതുമായ സത്യനിഷേധം കാണുമ്പോഴല്ലാതെ ഭരണാധികാരികൾക്കെതിരെ കലഹമുണ്ടാക്കരുതെന്നും” ഈ ഹദീസിനെ തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രസ്തുത പണ്ഡിതന്മാർ ഈ അഭിപ്രായത്തിലെത്തുന്നത്.

വിവർത്തനം:അഫ്‌ലഹുസ്സമാൻ

അഹ്മദ് റൈസൂനി