Campus Alive

ഐ.ഐ.ടി. ഗാന്ധിനഗറിലെ റമദാൻ

സുന്നികളും ശിയാക്കളും കൂടിക്കലര്‍ന്ന മുസ്‌ലിം പോപ്പുലേഷനാണ് ഗുജറാത്തിലേത്. ആശയ വ്യത്യസ്തതകള്‍ക്കിടയിലും വളരെ സൗഹൃദത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് ഇവിടെ മുസ്‌ലിംകൾ ജീവിക്കുന്നത്. ഇരുകൂട്ടരും പരസ്പരം പങ്കിടുന്ന നിരവധി പള്ളികള്‍ ഗുജറാത്തില്‍ കാണാമെന്ന് ഒരു ഗുജറാത്തി സുഹൃത്ത് ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി. ഗുജറാത്തിലെ റമദാന്‍ വിശേഷങ്ങള്‍ വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. ആരാധനകളാലും ഭക്ഷണ വൈവിധ്യങ്ങള്‍ കൊണ്ടും മറ്റും റമദാന്‍ വളരെ ആവേശത്തോടെയാണ് ഗുജറാത്തില്‍ കൊണ്ടാടപ്പെടുന്നത്. ഗുജറാത്തില്‍ റമളാന്‍ ആയെന്ന് എങ്ങനെയാണ് ഉറപ്പിക്കുന്നത്? കേരളത്തിലേത് പോലെ ഖാളിമാര്‍ മാസപ്പിറവി പ്രഖ്യാപിക്കുന്ന സംവിധാനങ്ങള്‍ ഗുജറാത്തിൽ നിലവിലുണ്ടോ? അതല്ല മറ്റു വല്ല സംവിധാനങ്ങളുമാണോ എന്നത് വലിയ ഒരു സംശയമായിരുന്നു.

കഴിഞ്ഞ റമദാനിലെ അവസാന രാത്രിയിൽ പെരുന്നാളായോ എന്നറിയാന്‍ സമീപ മസ്ജിദില്‍ പോയി അന്വേഷിച്ച ഒരു മലയാളി സുഹൃത്തിനോട് ഡല്‍ഹി ജമാമസ്ജിദില്‍ പെരുന്നാള്‍ ഉറപ്പിച്ചത് പ്രകാരം ഇവിടെയും ഈദ് ഉറപ്പിച്ചിരിക്കുന്നു എന്നാണ് അവിടത്തെ ഇമാം അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ഗുജറാത്തി സുഹൃത്ത് പങ്കുവെച്ചത് പ്രകാരം ഗുജറാത്തില്‍ ചാന്ദ് കമ്മിറ്റികള്‍ നിലവിലുണ്ട്. ഓരോ ഭാഗങ്ങളിലേയും പ്രധാന പണ്ഡിതന്മാര്‍ മാസപ്പിറവി ഉറപ്പിക്കുന്നതോട് കൂടെയാണ് അറബി മാസങ്ങള്‍ക്ക് തുടക്കമാവുന്നത്. ഗുജറാത്തിലെ സൂറത്തിലെ ചില ഭാഗങ്ങളില്‍ റമദാൻ മാസപ്പിറവി ഉറപ്പിക്കുന്നതോട് കൂടി നാട്ടിലെ വലിയ പണ്ഡിതന്മാര്‍ പള്ളി മിനാരത്തിന് മുകളില്‍ ഒരു പ്രത്യേക ലൈറ്റ് തെളിയിക്കുമത്രേ. നയാ മൂണ്‍ ഇഅ്‌ലാന്‍ എന്നോ ചാന്ദ് ഇഅ്‌ലാന്‍ എന്നോ ഒക്കെയാണ് അതിനെ വിളിക്കുന്നത്. അതിലൂടെയാണ് ആളുകള്‍ റമദാന്‍ ആയി എന്നത് ഉറപ്പിക്കുന്നത്.

ഐ.ഐ.ടി ഗാന്ധിനഗർ

കേരളത്തിന് പുറത്തെ ഒരു നോമ്പനുഭവം എന്നതിലപ്പുറം ഗുജറാത്തിലെ ഐ.ഐ.ടി കാമ്പസിന്റെ സെക്കുലര്‍ സ്‌പേസിനുള്ളിലെ വളരെ ന്യൂനപക്ഷമായ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ നോമ്പ് കാലം എന്ന നിലക്കാണ് ഇവിടത്തെ നോമ്പനുഭവങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോന്നുന്നു. ഐ.ഐ.ടി കാമ്പസിന്റെ 30 കിലോമീറ്റര്‍ പരിധിയിലുള്ള മറ്റൊരു സെക്കുലർ കാമ്പസായ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ വിദേശികളായ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടവും ആക്രമണങ്ങളുമുണ്ടായത് ഈ വർഷത്തെ റമദാൻ ആരംഭത്തിലാണ്. ഹോസ്റ്റൽ അഡ്മിനിസ്ട്രേഷൻ അനുവദിച്ച സ്ഥലത്ത് തറാവീഹ് നമസ്കരിച്ച വിദ്യാർഥികളായിരുന്നല്ലോ ആക്രമിക്കപ്പെട്ടത്. ഐ.ഐ.ടി. ഗാന്ധിനഗറിലെ സെക്കുലര്‍ കാമ്പസ് സ്‌പേസിൽ വിദ്യാർഥികള്‍ക്കിടയില്‍ പൊതുവെ സൗഹൃദാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തുടരട്ടെ എന്നാണ് പ്രാർഥന.

ഐ.ഐ.ടി. ഗാന്ധിനഗർ

വിദ്യാർഥികളും അല്ലാത്തവരും അടക്കം നൂറോളം പേരടങ്ങുന്നതാണ് കാമ്പസിലെ മുസ്‌ലിം കമ്മ്യൂണിറ്റി. നാട്ടിലേതില്‍ നിന്ന് സ്വാഭാവികമായും വ്യത്യസ്തമാണ് ഗുജറാത്തിലെ നോമ്പ്, പ്രത്യേകിച്ച് കാമ്പസിലെ നോമ്പനുഭവങ്ങള്‍. നോമ്പിനിടയിലും ക്ലാസുകള്‍ കൃത്യമായി നടക്കും. നോമ്പിന്റെ ക്ഷീണം ശാരീരികമായി തളര്‍ത്താതെ നോക്കുന്നതോടൊപ്പം ക്ലാസ്സുകളും നോമ്പും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണം. തണുപ്പില്‍ നിന്ന് മാറി വേനലിലേക്ക് കടക്കുന്ന സന്ധിയിലാണ് ഇത്തവണ ഗുജറാത്തില്‍ റമദാന്‍ ആരംഭിച്ചത്. ഈ വര്‍ഷമാണെങ്കില്‍ ഇത്രകാലമായി തുടരുന്ന സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗുജറാത്തിലെ കാലാവസ്ഥ. ഫെബ്രുവരി രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ഉഷ്ണം തുടങ്ങാറായിരുന്നു പതിവെങ്കില്‍ ഇപ്രാവശ്യം വളരെ വ്യത്യസ്തമായിരുന്നു. മാര്‍ച്ച് തുടങ്ങിയിട്ടും ഇടക്ക് തണുപ്പ് കൂടിയും കുറഞ്ഞും കാലാവസ്ഥ മാറിക്കൊണ്ടിരുന്നു. ഇപ്രാവശ്യം റമദാന്‍ തുടങ്ങിയത് മുതല്‍ ആപേക്ഷികമായി നല്ല കാലാവസ്ഥയായത് കാരണം ഉഷ്ണം നോമ്പിനെ സാരമായി ബാധിച്ചിട്ടില്ല. അതോടൊപ്പം ഐ.ഐ.ടി കാമ്പസ് നിലകൊള്ളുന്നത് ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ പാലജ് ഗ്രാമത്തിലെ വനങ്ങളാല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ടു നില്‍ക്കുന്ന റിമോട്ട് ഏരിയയിലായ കാരണത്താല്‍ തന്നെ ഗുജറാത്തിലെ മറ്റിടങ്ങളേക്കാള്‍ ചൂട് കുറഞ്ഞ അന്തരീക്ഷവുമാണ്.

റമദാനിലേക്കുള്ള തയ്യാറെടുപ്പ്

ഐ.ഐ.ടി.ജി.എന്‍ കാമ്പസിലെ മുസ്‌ലിം കമ്മ്യൂണിറ്റിക്ക് ഇസ്‌ലാമിക ചരിത്രപ്രാധാന്യമുള്ള ഏതെങ്കിലും പ്രത്യേക ദിനങ്ങള്‍ കേന്ദ്രീകരിച്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനോ ആരാധനക്കാവശ്യമായ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനോ അതോറിറ്റിയുടെ മുന്നില്‍ മറ്റു കമ്മ്യൂണികളേക്കാള്‍ ഒരുപാട് അലയേണ്ട സാഹചര്യമാണ് കണ്ടുവന്നിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ടിരുന്ന പ്രെയര്‍ ഹാളിന് വേണ്ടി ഈ അക്കാദമിക വർഷത്തിന്റെ തുടക്കം മുതല്‍ അതോറിറ്റിയില്‍ പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുമ്പ് പ്രെയർ ഹാൾ ഉണ്ടായിരുന്ന കെട്ടിടം ഗേൾസ് ഹോസ്റ്റൽ ആക്കി മാറ്റിയപ്പോളാണ് മറ്റൊരു റൂം അനുവദിച്ചു കിട്ടാൻ അപേക്ഷ നൽകിയത്. അനുവാദം തരാതിരിക്കുന്നത് മതാനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും സൗകര്യമൊരുക്കില്ല എന്ന നിലപാടാണെന്ന് വേണമെങ്കിൽ കരുതാമായിരുന്നു. എന്നാൽ
നമസ്കാരത്തിന് ആവശ്യമായ സൗകര്യങ്ങൾ നേടിയെടുക്കുന്നതിൽ കാലതാമസം നേരിടുന്ന അതേ സമയത്ത് തന്നെ മറ്റു മത ചടങ്ങുകൾക്ക് യഥേഷ്ടം സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുമുണ്ടായിരുന്നു. ഒടുവില്‍ ഒരുപാട് അലച്ചിലുകള്‍ക്ക് ശേഷം റമദാനിലേക്ക് മാത്രമായി നിസ്‌കാരങ്ങള്‍ക്കും മറ്റും കണിശമായ നിബന്ധനകളോടെ ഒരു ഹാള്‍ അനുവദിച്ചു നല്‍കുകയുണ്ടായി. ഒരു മാസത്തേക്ക് മാത്രമായിട്ടാണെങ്കില്‍ കൂടി കാമ്പസിലെ റമദാന്‍ അനുഭവം മനോഹരമാക്കാനും കമ്മ്യൂണിറ്റി ബില്‍ഡിംഗ് സാധ്യമാക്കാനും ആ റൂമിനായി എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

റമദാന്‍ തുടങ്ങുന്നതിന് മുന്നേ തന്നെ പ്രെയര്‍ ഹാളും ഇഫ്താറും അത്താഴവും സൗകര്യപ്പെടുത്തുന്നതിന് വേണ്ട ചര്‍ച്ചകള്‍ തകൃതിയായി നടന്നിരുന്നു. റമദാനിലെ പ്രാർഥനകള്‍ക്ക് റൂം അനുവദിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ തറാവീഹിനായി ഒരു ഹാഫിളിനെ കൊണ്ടുവന്ന് ഖത്മുൽ ഖുര്‍ആന്‍ നടത്തുന്നതിന്റെ സാധ്യതകള്‍ മുസ്‌ലിം സുഹൃത്തുക്കള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ റമദാന് ഇടയിലായി മിഡ് സെമസ്റ്റര്‍ ലീവ് വരുന്ന കാരണത്താല്‍ ഖത്മ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഖത്മുല്‍ ഖുര്‍ആന്‍ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. പിന്നീട് കാമ്പസിലെ ഉറുദു വിഭാഗം പ്രഫസര്‍ മുബഷിര്‍ സാറിന്റെ നേതൃത്വത്തില്‍ നമസ്‌കാരങ്ങൾ സംഘടിപ്പിക്കാം എന്ന് തീരുമാനിക്കപ്പെട്ടു. മുബഷിര്‍ സാര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ എട്ട് വര്‍ഷത്തോളം പഠനം നടത്തിയ ആളാണ്. കാമ്പസിലെ ഫാക്കല്‍റ്റി മെമ്പേഴ്‌സിനെ കൂടെ ഉള്‍പ്പെടുത്തി ഇത്തവണ ഒരു നോമ്പ്തുറ സംഘടിപ്പിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന ചര്‍ച്ച.

റമദാൻ പിറ

നാട്ടില്‍ നിന്ന് ഇത്രകാലം കിട്ടിയ നോമ്പനുഭവങ്ങള്‍ മിസ്സാകുന്നതിന്റെ പരിഹാരമായി കഴിയുന്ന രീതിയില്‍ റമദാന്‍ ഫീല്‍ സ്വയം നിര്‍മ്മിച്ചെടുക്കാന്‍ വ്യക്തിപരമായി തീരുമാനിച്ചിരുന്നു. അപ്രകാരം യൗമുശ്ശക്കിന്റെ ദിവസം ചന്ദ്രനെ കാണുന്നുണ്ടോ എന്ന് നോക്കാന്‍ ഞാനും സുഹൃത്ത് സയ്ദും ആകാശത്ത് നോക്കി കാമ്പസ് മുഴുവന്‍ കറങ്ങി നടന്നത് കുളിരുള്ള ഓര്‍മ്മയാണ്. ചന്ദ്രനെ തിരഞ്ഞ് കാമ്പസ് ഒരു പരിധി വരെ അലഞ്ഞ് നടന്നു. ചന്ദനെ കാണാന്‍ സാധിക്കാതെ വന്നപ്പോൾ ചന്ദ്രനെ ലൊക്കേറ്റ് ചെയ്യാവുന്ന ആപ്പ് ഉപയോഗിച്ച് ആകാശത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന നൂല്‍ വണ്ണം മാത്രമുള്ള ചന്ദ്രനെ ഞങ്ങള്‍ കണ്ടെത്തി. അതിന് തൊട്ട് മുമ്പ് ‘മൂൺ സൈറ്റട്’ എന്ന കമന്റോട് കൂടെ സന്ധ്യാനേരത്തെ ആകാശത്തിന്റെ ഒരു മനോഹര ചിത്രം ‘ഐ.ഐ.ടി.ജി.എന്‍ മുസ്‌ലിം സ്റ്റുഡൻസ്’ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നിരുന്നു. പക്ഷേ എങ്ങനെ ചികഞ്ഞ് നോക്കിയിട്ടും അതിലെവിടെയും ചന്ദ്രനെ മാത്രം കണ്ടിരുന്നില്ല. ആ സമയത്ത് മറ്റുള്ളവര്‍ക്ക് ഉറപ്പ് നല്‍കാന്‍ വേണ്ടി 100x സൂമിംഗ് ശേഷിയുള്ള ഒരു ഫോണ്‍ ഉപയോഗിച്ച് നല്ലൊരു ഫോട്ടോ എടുത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കേരളത്തിലും ഗുജറാത്തിലും ഇപ്രാവശ്യം ഒരേ ദിവസമാണ് റമദാന്‍ ആരംഭിച്ചത്. എന്നാല്‍ കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായി റമദാന്റെ തുടക്കത്തില്‍ തന്നെ ചന്ദ്രനെ നഗ്നനേതൃങ്ങള്‍ കൊണ്ട് കാണാനായത് വ്യക്തിപരമായി വളരെ കൗതുകകരമായ അനുഭവമായിരുന്നു. എന്നാൽ, ഗുജറാത്തില്‍ സാധാരണ മാസം കാണുകയാണെങ്കില്‍ ചന്ദ്രനെ ഒരുപാട് നേരം ആകാശത്ത് കാണാന്‍ കഴിയും എന്നാണ് എൻ്റെ കൗതുകം മറ്റുള്ളവരോട് ഷെയര്‍ ചെയ്യുന്നതിനിടയിൽ ഒരു ഗുജറാത്തി സുഹൃത്ത് പങ്ക് വെച്ചത്.

തറാവീഹും ഇഫ്താറും

കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളില്‍ നിന്ന് വ്യത്യസ്തമായി ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണ് ഗുജറാത്തി സുന്നി മുസ്‌ലിംകൾ. എന്നാല്‍ കാമ്പസിനുള്ളിലേക്ക് എത്തുമ്പോള്‍ ആ സ്‌പേസ് ഒന്നുകൂടെ വൈവിധ്യങ്ങള്‍ നിറഞ്ഞതാകും. സുന്നിയും ശിയായും എല്ലാം ആ സ്‌പേസിനുള്ളിലുണ്ട്. കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള സ്റ്റേറ്റുകളില്‍ നിന്നുള്ള മുസ്‌ലിംകള്‍ പഠിക്കുന്ന ഇടമായതിനാല്‍ തന്നെ വ്യത്യസ്തതകള്‍ സ്വാഭാവികമാണ്. വാദഗ്രസ്തമായ ദയൂബന്ദി, ബറേല്‍വി സെക്ടുകളും കാമ്പസിലുണ്ട്. എന്നാൽ പുതിയ തലമുറ അഭിപ്രായ വ്യത്യാസങ്ങളെ വൈവിധ്യങ്ങളായി ഉള്‍ക്കൊണ്ട് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുന്നു എന്നത് പ്രതീക്ഷാ നിര്‍ഭരമായ കാര്യമാണ്. തറാവീഹ് ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് എട്ട് വേണോ ഇരുപത് നമസ്കരിക്കണോ എന്നത് ചർച്ചയായിരുന്നു. ഒടുവില്‍ ഇരുപത് നിസ്‌കരിക്കാമെന്നും എട്ട് റക്അത് മതിയെന്നവര്‍ക്ക് അത്ര നമസ്ക്കരിച്ചു മടങ്ങാമെന്നും തീരുമാനിക്കുകയാണുണ്ടായത്. നമസ്കാരത്തിന് അനുവദിക്കപ്പെട്ട ഹാളിനുള്ളില്‍ തന്നെ രണ്ട് ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാമ്പസിലെ മെസ്സിന് മുകളില്‍ പൊതുവെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന അല്‍പ്പം വിശാലമായ ഒരു റൂമാണ് നമസ്കാരത്തിനും മറ്റും അനുവദിച്ച് കിട്ടിയത്. രാത്രി ഭക്ഷണം കഴിഞ്ഞ് കൃത്യം എട്ടരയോടെ മുബഷിര്‍ സാറിന്റെ നേതൃത്വത്തില്‍ ഇശാ നിസ്‌കാരവും ശേഷം തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങളും ഈ വർഷം നടന്നു വരുന്നു. നാട്ടിലെ പോലെ തറാവീഹ് ജമാഅത്ത് കാമ്പസില്‍ നടക്കുമോ എന്ന് വേവലാതിപ്പെട്ടിരുന്ന റമദാനിന് മുമ്പുള്ള സാഹചര്യത്തിൽ നിന്നും നല്ലൊരു കമ്മ്യൂണിറ്റി അന്തരീക്ഷത്തിൽ മുബഷിര്‍ സാറിന്റെ മനോഹര ഖിറാഅത്ത് കേട്ട് കൊണ്ട് നമസ്കാരത്തില്‍ പങ്കെടുക്കുന്ന അവസ്ഥയിലേക്കുള്ള വികാസം കണ്ണും ഖല്‍ബും നിറച്ച അനുഭവമാണ്. സാധാരണ ജുമുഅ നമസ്കാരങ്ങളക്ക് പുറത്ത് ജമാമസ്ജിദില്‍ പോയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച മുബഷിര്‍ സാറിന്റെ നേതൃത്വത്തില്‍ ഇതേ ഹാളില്‍ തന്നെ ജുമുഅ സംഘടിപ്പിച്ചിരുന്നു. കാമ്പസിനുള്ളില്‍ തന്നെ സംഘടിപ്പിക്കപ്പെട്ട ഒരുപാട് പേര്‍ അണിനിരന്ന മനോഹരമായ ഖുതുബയോടും ഖിറാഅത്തോടും കൂടിയുള്ള ആ ജുമുഅ നവ്യാനുഭവമായിരുന്നു.

മെസ്സിലെ ഇഫ്താർ

കാമ്പസിലെ ഇഫ്താറിനും അത്താഴത്തിനും ആവശ്യമായ ഇടപെടലുകള്‍ മെസ്സ് സെക്രട്ടറിയുമായി നേരത്തെ നടന്നിരുന്നത് കൊണ്ട് തന്നെ നോമ്പെടുക്കുന്നവരുടെ ബ്രേക്ഫാസ്റ്റിനും ലഞ്ചിനും പകരമായി മെസ്സ് അധികൃതര്‍ മനോഹരമായി ഇഫ്താറും അത്താഴവും റെഡിയാക്കി തന്നു. മുന്‍വര്‍ഷങ്ങളിലും ഇപ്രകാരം ഇഫ്താറിനുള്ള സൗകര്യങ്ങള്‍ മെസ്സ് അധികൃതര്‍ സൗകര്യപ്പെടുത്തിക്കൊടുത്തിരുന്നു. നാട്ടിലേതില്‍ നിന്ന് വ്യത്യസ്തമായി ഇഫ്താറിന്റെ സമയത്തില്‍ പത്തിലേറെ മിനിറ്റ് വ്യത്യാസമുണ്ട് ഗുജറാത്തില്‍. നാട്ടില്‍ നോമ്പ് തുറന്ന ശേഷമാണ് ഞങ്ങള്‍ ഇവിടെ നോമ്പ് തുറക്കുന്നത്. ഇഫ്താറിന് കട്ട്ഫ്രൂട്‌സും വല്ലപ്പോഴും ചില പൊരിക്കടികളും കൂടെ റൂഹ് അഫ്‌സയും പാലും ആണ് സാധാരണ വിഭവങ്ങൾ. അധിക ദിവസങ്ങളിലും മുസ്‌ലിം സുഹൃത്തുക്കളില്‍ നിന്നുള്ള ആരുടെയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പില്‍ സ്‌പെഷ്യല്‍ വിഭവങ്ങളും ഉണ്ടാകും. അതിന് ശേഷം രാത്രി ഭക്ഷണത്തിന് ഏഴരയോടെ ആരംഭിക്കുന്ന മെസ്സിനെ ആശ്രയിക്കുകയും ചെയ്യാം. ഇഫ്താറിന് ശേഷം മഗ്‌രിബ് നിസ്‌കാരം ജമാഅത്തായി നടക്കും. നമസ്കാരങ്ങള്‍ക്ക് നല്ല പങ്കാളിത്തമാണ് പൊതുവെ കണ്ടുവരുന്നത്. ഇതിനിടെ, സ്ത്രീകളില്‍ ചിലര്‍ ഇത്ര കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി, റമദാനോടുള്ള ബഹുമാനം കാരണമായിരിക്കണം, അധിക സമയവും തല മറക്കുന്നത് കൗതുകം ജനിപ്പിച്ച ഒരു കാര്യമാണ്.

കാമ്പസിന് പുറത്തെ ഇഫ്താറനുഭവം

കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായി കൗതുകമുണര്‍ത്തുന്ന ഒരു നോമ്പനുഭവം ഒരിക്കല്‍ ഗാന്ധിനഗറിലെ സെക്ടര്‍ 21 ജുമാമസ്ജിദില്‍ ഇഫ്താറിന് കൂടിയപ്പോ അനുഭവിക്കാനായി. കേരളത്തില്‍ കാണപ്പെടാറുള്ളത് പോലെ തന്നെ ആളുകള്‍ക്ക് ഇഫ്താറിനുള്ള സൗകര്യം അധിക പള്ളികളിലും ഒരുക്കുമത്രേ. പലവിധ ഫ്രൂട്‌സും സ്‌പെഷ്യലായി ഹലീമോ, ചിക്കനോ മട്ടനോ കൊണ്ടുള്ള വിഭവങ്ങളും ചാട്ട്മസാലയില്‍ തയ്യാറാക്കിയ ലൈം ജ്യൂസും ഒരു വലിയ തളികയില്‍ നിരത്തും. ഞങ്ങള്‍ പോയ സമയത്ത് അമ്പതിനോടടുത്ത് ആളുകള്‍ പള്ളിയില്‍ ഇഫ്താറിന് ഒരുമിച്ചുകൂടിയിട്ടുണ്ട്. മഗ്‌രിബ് ബാങ്കിനുള്ള സമയമായപ്പോള്‍ പള്ളിയില്‍ നിന്ന് ബാങ്കിന് പകരം ഒരു അനൗണ്‍സ്‌മെന്റ് ആണ് കേള്‍ക്കാനായത്. ”ഓ വിശ്വാസികളേ, നോമ്പ് നോറ്റവര്‍ക്ക് ഇഫ്താറിന് സമയമായിട്ടുണ്ട്, നോമ്പ് തുറന്നോളൂ” എന്നാണ് അറിയിപ്പ്. നോമ്പ് തുറന്നതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞാണ് ബാങ്ക്. ആ ഭാഗത്ത് പള്ളികളില്‍ പൊതുവെ അങ്ങനെയാണത്രെ ഉണ്ടാവാറുള്ളത്. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോ മഗ്‌രിബ് ബാങ്ക് വിളിച്ചു. തുടര്‍ന്ന് നിസ്‌കാരവും.

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കാണുന്നത് നിരവധി കടകള്‍. വഴിയോരക്കച്ചവടക്കാരാല്‍ സമൃദ്ധമാണ് ഗാന്ധിനഗറിലെ റമദാന്‍ തെരുവുകള്‍. ഇഫ്താറിനുള്ള സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ വില്‍പ്പനക്ക് നിരത്തിവെച്ചിരിക്കുന്നു. രാത്രി പതിനൊന്നും പന്ത്രണ്ടും മണിവരെ നീളുന്ന ബിരിയാണി, കബാബ്, റമദാന്‍ സ്‌പെഷ്യല്‍ വഴിയോര കച്ചവടങ്ങള്‍. ഇറച്ചി പറാത്തയും മട്ടന്‍ പറാത്തയുമൊക്കെ ഗുജറാത്തില്‍ വിപണി കീഴടക്കുന്ന പ്രധാന വിഭവങ്ങളാണ്. കാമ്പസിന് പുറത്തെ ജീവിതം ഇനിയും കണ്ട് തീർന്നിട്ടില്ല.

സൽമാൻ കൂട്ടാലുങ്ങൽ