Campus Alive

നിങ്ങള്‍ക്ക് ഇസ്‌ലാമിക കലയെ എവിടെയെല്ലാം കണ്ടെത്താം?

കേരളത്തിലെ മതപ്രസംഗങ്ങളെ ശ്രദ്ധിച്ചാലറിയാം. ആണും പെണ്ണും രണ്ടായി തിരിച്ച സ്ഥലങ്ങളിലാണിരിക്കുക. ഇവരുടെ ഇരിപ്പിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞുവരാനുദ്ദേശിക്കുന്നത്. ഇരുകൂട്ടര്‍ക്കുമുള്ള മാധ്യമ വ്യത്യാസങ്ങളെക്കുറിച്ചാണ്. ആണും പെണ്ണും വേറിട്ടിരിക്കുന്നത് മാത്രമല്ല വേറിട്ട മാധ്യമങ്ങളിലൂടെയാണ് ഇവര്‍ കാര്യങ്ങളെ ഗ്രഹിക്കുന്നത് എന്നതും കൂടിയാണ് അവിടെ കാണുക. ഇക്കഴിഞ്ഞ നബിദിനത്തിന് ചെട്ട്യാര്‍മാടിലെ പ്രസംഗത്തിലും ഞാന്‍ ഇത് കണ്ടു: എന്ത്? പെണ്ണുങ്ങള്‍ക്കിടയില്‍ ഒരു മോണിട്ടര്‍. നാല്‍പത് ഇഞ്ചെങ്കിലും വലിപ്പമുള്ളത്. കൃത്യമായിപ്പറഞ്ഞാല്‍ അവരുടെ മുന്നില്‍ വലിയ കാലുകളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു ഇത്. നാലുഭാഗവും പാതിയായി മറച്ചുകെട്ടിയ ഒരു നീളന്‍ ക്യൂബായിത്തോന്നും പെണ്ണുങ്ങള്‍ ഇരിക്കുന്ന ഈ സ്ഥലം. എണ്‍പതുകളിലെ എണ്ണഛായാച്ചിത്രങ്ങളുടെ പ്രിയപ്പെട്ട തീമായിരുന്ന തെങ്ങുകളും സൂര്യനും നിറയെ ഉള്ള തുണികൊണ്ടാണ് ഈ ഭാഗം മറച്ച് കെട്ടിയിരിക്കുന്നത്. എണ്‍പതുകളിലെ എണ്ണഛായാ ചിത്രങ്ങള്‍ക്കിടയില്‍ ഒരു മോണിട്ടര്‍. രണ്ട് കാലങ്ങളെയും ദൃശ്യമാധ്യമങ്ങളെയും അടയാളപ്പെടുത്തുന്നവ. തുണിയും മോണിട്ടറും.

ആണുങ്ങള്‍ക്ക് മോണിട്ടറില്ല. കാരണം അവര്‍ നേരിട്ട് തന്നെ പ്രഭാഷകനെ കാണുകയാണ്. അയാളെ കേള്‍ക്കുകയുമാണ്. പെണ്ണുങ്ങള്‍ക്ക് പക്ഷെ മീഡിയേഷന്‍ ആണ്. മോണിട്ടര്‍ ആണ്. അവര്‍ക്ക് ആതിനാല്‍ തന്നെ വെര്‍ച്വര്‍ ആണ് പ്രസംഗം. ആണുങ്ങള്‍ നേരിട്ടുള്ള അനുഭവത്തിലും പെണ്ണുങ്ങള്‍ മീഡിയേറ്റഡ് അനുഭവത്തിലും. ആണുങ്ങള്‍ നേരിട്ടുള്ള വാമൊഴി പാരമ്പര്യത്തിലും പെണ്ണുങ്ങള്‍ ന്യൂ ഓറല്‍ അനുഭവത്തിലും. ന്യൂ ഓറല്‍ എന്ന് വിളിച്ചത് പുതിയ മാധ്യമ ചിന്തകരാണ്. ലോകം ടെലിവിഷന്റെ വരവോടെ ആഗോള ഗ്രാമമായിത്തീരുമെന്ന് മാര്‍ഷല്‍ മക് ലൂഹന്‍ പറഞ്ഞിട്ടുണ്ട്, പണ്ട്. അതിന് ഒരു പുതു ഒറാലിറ്റിയുടെ സ്വഭാവം കൈവരുമെന്നും അദ്ദേഹം അപ്പോള്‍ ദീര്‍ഘദര്‍ശനം നടത്തി. ആ അര്‍ത്ഥത്തിലാണ് നമ്മള്‍ നേരത്തെ ചെട്ട്യാര്‍മാടില്‍ പ്രസംഗം കേട്ട് കൊണ്ടിരുന്ന മുസ്‌ലിം ആണുങ്ങള്‍ ഓറല്‍ പാരമ്പര്യത്തിലായിരിക്കുമ്പോള്‍ അവരുടെ ഭാര്യാമാരോ പെങ്ങന്മാരോ കാമുകിമാരോ ഒക്കെ ആയ പെണ്ണുങ്ങള്‍ ന്യൂ ഒറാലിറ്റിയില്‍ ആയിരിക്കുന്ന വിവരം നമുക്ക് ബോധ്യപ്പെടുന്നത്. ഇവിടെ ഒരു ചോദ്യമുണ്ട്. മുസ്‌ലിം ആണുങ്ങള്‍ ഓറാലിറ്റി-വാമൊഴി പാരമ്പര്യത്തിലും പെണ്ണുങ്ങള്‍ ന്യൂ ഒറാലിറ്റിയിലും ആകുന്ന സ്ഥിതിക്ക് ആരാണ് കേമപ്പെട്ടവര്‍? അതിനുള്ള ഉത്തരം നിങ്ങള്‍ തന്നെ ചിന്തിക്കൂ.

download (1)

ഇവിടെ നമുക്ക് അന്വേഷിക്കുവാനുള്ളത് ആര്‍ട്ട്, ഇസ്‌ലാാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി സാമാന്യ പ്രസ്താവനകള്‍ സാധ്യമല്ലെന്ന് കാണിക്കലാണ്. ഇസ്‌ലാമിനെയും കലയെയും കുറിച്ച് സംസാരിച്ച, പഠിച്ച, ഗവേഷണം നടത്തിയ, ചിന്തിച്ച് കൊണ്ടിരിക്കുന്ന മിക്കവരും ഇക്കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കാറുണ്ട്. അങ്ങേയറ്റത്തെ ജനറലൈസേഷന്‍. ഇക്കാര്യത്തില്‍ മിക്കവരും ജനറലുകളാണ്. എങ്ങിനെയാണ് ഇസ്‌ലാമിന്റെ കലാ സങ്കല്‍പത്തെ അന്വേഷിക്കുക എന്ന ചോദ്യം അപ്പോഴും അന്വേഷിക്കുന്നു. പലരും ചെയ്യാറുള്ള ഒരു എളുപ്പ പണിയുണ്ട്. അത് അബ്‌സ്ട്രാക്റ്റ് ഫോമുകളെ കൂട്ട് പിടിക്കലാണ്. വെറെയൊന്നുമല്ല. വര, കുത്ത്, ചതുരം എന്നിങ്ങനെയുള്ള യൂക്ലിഡിയന്‍ രൂപങ്ങളെ എടുത്ത് ഇസ്‌ലാമിലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യം അലിഫ് ആണെന്നും അത് സത്യത്തില്‍ ഒരു വരയല്ലേ സുഹൃത്തുക്കളെ എന്നും ചോദ്യമുന്നയിക്കും. എന്നിട്ട് ഇസ്‌ലാമിന് രൂപമില്ലായ്മയോട് അടങ്ങാത്ത കൊതിയാണെന്നും ഇത്തരം അബ്‌സ്ട്രാക്റ്റ് രൂപങ്ങളിലുടെയുള്ള പ്രവര്‍ത്തനമാണ് അതിനെ സംബന്ധിച്ചിടത്തോളം കലയെന്നും സ്ഥാപിക്കുന്നു. ഇങ്ങന ചെയ്യുന്നവരുടെ ലിസ്റ്റ് വലിയ നീളത്തിലും പലപ്പോഴും ഒരു ലൈബ്രറി തന്നെ സ്ഥാപിക്കാന്‍ അത്ര അളവിലും കാണാം. സയ്യിദ് ഹുസൈന്‍ നസര്‍, ആന്‍മേരി ഷിമ്മല്‍, മാര്‍ട്ടിന്‍ ലിങ്ങ്‌സ്, എറിക് വിംഗിള്‍ തുടങ്ങിയവരെല്ലാം അതിലുള്‍പ്പെടും. ഞാന്‍ പറഞ്ഞു വരുന്നത് ഇവര്‍ ചെയ്യുന്നത് ഒരു മോശപ്പെട്ട ഏര്‍പാടാണെന്നല്ല. അവര്‍ അത് മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. ഫെറിഷ്ത ദഫ്താരി എന്ന ഇറാനിയന്‍ കലാ ഗവേഷക പോള്‍ ഗോഗിന്‍, ഹെന്റി മത്തീസ്, വാസിലി കാന്‍ഡിന്‍സ്‌കി എന്നിവരുടെ ചിത്രരചനാ രീതികളിലുള്ള ഇസ്‌ലാമിക സ്വാധീനത്തെയും പേര്‍ഷ്യന്‍ സ്വഭാവത്തെയും പറ്റി ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. ഓര്‍നമെന്റ് ആന്റ് അബ്‌സ്ട്രാക്ഷന്‍ എന്ന കൃതിയില്‍ മാര്‍ക്കസ് ബ്രുഡെര്‍ലിന്‍ ഒരു വാല്യം തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട്. ഈ കൃതിയുടെ പേര് പോലെ തന്നെ ഇവര്‍ എല്ലാവരും അന്വേഷിക്കുന്നത് കണ്ടാല്‍ തോന്നും അബ്‌സ്ട്രാക്റ്റ് രൂപങ്ങളാണ് ഇസ്‌ലാമിക കല എന്ന്. ഇസ്‌ലാമും അതിന്റെ ആത്മീയമായ അബ്‌സ്ട്രാക്റ്റ് കലാകൊതിയും. എന്നാല്‍ നമ്മള്‍ ഇനിയും അത് ആവര്‍ത്തിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ എന്നതാണ് സംശയം. കാരണം ഇസ്‌ലാമിക കല എന്നൊന്നുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള സ്ഥലങ്ങള്‍ വേറെയും ധാരാളം ഭൂമിയില്‍ കിടക്കുന്നുണ്ട്. യൂക്ലിഡിന്റെ ഗ്രന്ഥപ്പുരയിലല്ല. വരയേയും കുത്തിനേയും കോമയെയും ചതുരക്കള്ളിയെയും അതിന്റെ പാട്ടിന് വിടാം.

അങ്ങനെയൊരു സ്ഥലമാണ് ഞാന്‍ നേരത്തെ നിങ്ങളുടെ ശ്രദ്ധ കൊണ്ടു പോയ ചെട്ട്യാര്‍മാടിലെ വഅള് നടക്കുന്ന സ്ഥലം. അവിടെയുള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വേറിട്ടുള്ള ഇരിപ്പും. അവര്‍ വെവ്വേറെ രീതികളില്‍ ആ പ്രസംഗം ശ്രവിക്കുന്നതും- നേരിട്ടും നേരിടാതെയും. അതായത് മോണിട്ടറിലും അല്ലാതെയും. ഇവിടെ അഭാവം ആണുങ്ങള്‍ക്കാണ്. മോണിട്ടര്‍. പെണ്ണുങ്ങളുടെ മോണിട്ടര്‍ ആലോചിച്ച് ചില ആണുങ്ങളെങ്കിലും സങ്കടപ്പെടുന്നുണ്ടാവാം. ഇതു പോലെ മുസ്‌ലീങ്ങളുടെ കല എന്ന ആശയത്തെ-പ്രവര്‍ത്തനം എന്നും വിളിക്കാം- അന്വേഷിക്കാനുള്ള മറ്റു ചില മേഖലകളെക്കൂടി സന്ദര്‍ശിക്കാം. വീട്. മുസ്‌ലീങ്ങള്‍ വീടുണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഞാന്‍ ചില സ്ഥലങ്ങളില്‍ ഇവരെ നേരിട്ടിട്ടുണ്ട്. പൊന്നാനിയിലെ ചില വീടുകള്‍. പൊന്നാനി ബസ്സ്റ്റാന്റിന് പുറകിലും അരികിലുമായി കുറെ വീടുകള്‍. എല്ലാം സ്‌ക്വയര്‍ രൂപങ്ങളും കുത്തനെയുള്ള മുഖപ്പുകളുമുള്ളത്. ഇവ മുസ്‌ലീങ്ങളുടെ വീടുകളാണെന്ന് നിങ്ങളെങ്ങനെ തിരിച്ചറിയും? ഈ വീടുകളിലെല്ലാം കേറിച്ചെല്ലുമ്പോള്‍ കാണാവുന്ന പാകത്തില്‍ ചില കാലിഗ്രാഫികളെ പതിപ്പിച്ചിട്ടുണ്ട്. കൂടുതലും അല്ലാഹു, ലാഇലാഹഇല്ലള്ള, മുഹമ്മദ് എന്നിങ്ങനെയാണ്. ഇതാണ് ഇവ മുസ്‌ലീം വീടുകളാണെന്ന് കാട്ടിത്തരുന്ന മുദ്രകള്‍. അല്ലാതെ നോക്കിയാല്‍ ഈ വീടുകള്‍ പലതും ബ്രിട്ടനില്‍ തെരഞ്ഞാലും കാണുന്നവ. ബ്രിട്ടന്‍ പൊന്നാനി ബസ് സ്റ്റാന്റിന് പുറകിലും അരികിലും. ഇവയെ എങ്ങനെ സമീപിക്കണം?. ഇത് മുസ്‌ലീം കലയാണോ?എന്താണ് മുസ്‌ലീം കല? ഇതിനെക്കുറിച്ച് മാര്‍ഷല്‍ ഹോഡ്‌സണപ്പോലുള്ളവര്‍ കൂറ്റന്‍ പേജുകളില്‍ നിറച്ചിട്ടുണ്ട്. അദ്ദേഹം മുസ്‌ലിം കലയെ രണ്ടായി തിരിക്കുന്നുണ്ട്. ഇസ്‌ലാമിക കലയും ഇസ്‌ലാമിക്കേറ്റ് കലയും. ആദ്യത്തേത് മുസ്‌ലീങ്ങള്‍ തന്നെ ചെയ്യുന്ന മതപരമായ ആവശ്യത്തിനുള്ളവ. രണ്ടാമത്തേത് മുസ്‌ലീങ്ങള്‍ അല്ലാത്തവര്‍ ചെയ്യുന്നവ. ഇവയെ എങ്ങനെ വേര്‍തിരിക്കാന്‍ പറ്റുമെന്ന ചോദ്യത്തിന്റെ കൂര്‍ത്ത മുന കൊണ്ട് ഇദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഇദ്ദേഹത്തെ നേരിട്ടു കഴിഞ്ഞതിനാല്‍ നമുക്ക് അദ്ദേഹത്തെ വെറുതെ വിടാം.

maxresdefault
ലോറ മാര്‍ക്‌സ്‌

മുസ്‌ലിം കലയെക്കുറിച്ച സംസാരങ്ങള്‍ പലപ്പോഴും ജനറലൈസ് ആകാറുണ്ട്. ആതിനാല്‍ നമുക്ക് ജനറല്‍ ആകാതെ നോക്കാം. നേരത്തെ കണ്ട ‘പൊന്നാനി-ബ്രിട്ടീഷ്” വീടുകളെ ചരിത്രപരമായി പ്രതിഷ്ഠിച്ചാല്‍ ഒരു കാര്യം തെളിയും. പൊന്നാനിയിലെ മുസ്‌ലീങ്ങള്‍ പഴയ ബ്രിട്ടീഷ് രാജാവിനെ അനുകരിക്കുകയാണ്. ജോര്‍ജ് അഞ്ചാമന്‍ രാജാവ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ തന്റെ അവധിക്കാല വസതി പണിതത് മുസ്‌ലീം വാസ്തു വിദ്യ എന്ന് അന്നും ഇന്നും സാമാന്യമായി കരുതപ്പെട്ടു പോരുന്ന സാരസന്‍ മാതൃക സ്വീകരിച്ചായിരുന്നു. ഇന്നാകട്ടെ പൊന്നാനിയിലെ മുസ്‌ലീങ്ങള്‍ ബ്രിട്ടനിലും യൂറോപ്പിലും പ്രചാരത്തിലിരിക്കുന്ന വീടുമാതൃകകളെ പകര്‍ത്തുന്നത് വെറുതെ ബ്രിട്ടീഷ് രാജാവിനെ അനുകരിക്കുക മാത്രമല്ല. അതിന് അല്‍പം കൂടി പുറകിലേക്ക് പോകാം. ആയിരത്തി മുന്നൂറുകളില്‍ അന്നത്തെ റോമിലെ ക്രിസ്ത്യന്‍ കൊട്ടാരങ്ങളിലും പള്ളികളിലും അറബ് പ്രദേശങ്ങളില്‍ നിന്നുള്ള കൈവേലക്കാരും കലാകാന്‍മാരും ഉണ്ടാക്കിയ പരവതാനികളും പാത്രങ്ങളും ആയിരുന്നു സുലഭമായിരുന്നത്. പല പരവതാനകളുടെ അരികുകളിലെ ഡിസൈന്‍ രൂപം അല്ലാഹു എന്നതായിരുന്നു. ലോറ മാര്‍ക്‌സ് ഇതിനെ കുറിച്ച് വിശദമായി തന്റെ പുസ്തകത്തില്‍ എഴുതുന്നു. അല്ലാഹു എന്നെഴുതിയ വിധങ്ങളുടെ ചിത്രവും ഈ പുസ്തകത്തില്‍ കാണാം. പൊന്നാനിയിലെ വീട്ടുകാരോട് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ എഞ്ചിനീയര്‍മാര്‍ക്ക് കാട്ടിക്കൊടുത്താണ് ഈ വീടുകള്‍ പണിതതെന്നാണ് പറഞ്ഞത്. എന്റെ സുഹൃത്ത് ഹാരിസ് ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീടും ഇത്തരത്തില്‍ ബ്രിട്ടീഷ് അവധിക്കാല വസതിയെ ഈ നാട്ടിലേക്ക് പറിച്ച് വെക്കാനുള്ള ശ്രമമാണ്. ഇസ്‌ലാമിക കല എന്നതിനെ ഇങ്ങിനെയുള്ള ചില വേദികളിലും വീടുകളിലും മോണിട്ടറുകളിലും കൂടി നോക്കണമെന്നുള്ള അഭ്യര്‍ത്ഥന മാത്രമാണ് ഈ കുറിപ്പ്.

ഹുദൈഫ റഹ്മാന്‍