Campus Alive

ഓപ്പന്‍ഹൈമര്‍: കൂട്ടക്കൊല ആഘോഷമാകുമ്പോൾ

ഇക്കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ ബാര്‍ബി, ഓപ്പന്‍ഹൈമര്‍ എന്നീ സിനിമകളുടെ പേരുകള്‍ ചേര്‍ത്തു വെച്ച ‘ബാര്‍ബന്‍ഹൈമറെ’ന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് അമേരിക്കയിലോ യൂറോപ്പിലോ അതിന്റെ സാംസ്‌കാരിക അധീശത്വത്തിന് കീഴില്‍ കഴിയുന്ന ലോകത്തിന്റെ മറ്റിതര സ്ഥലങ്ങളിലോ ജീവിക്കുന്ന ഒരാള്‍ അറിയാതെ പോവാന്‍ സാധ്യതയില്ലെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ ഞാന്‍ ഓപ്പന്‍ഹൈമര്‍ കാണാന്‍ ന്യൂയോര്‍ക്കിനടുത്തുള്ള, സമ്പന്ന-മധ്യവര്‍ഗം തിങ്ങിപ്പാര്‍ക്കുന്ന മാന്‍ഹട്ടന്‍ നഗരമധ്യത്തിലെ തീയേറ്ററുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സീറ്റുകളൊന്നും ഒഴിവില്ല. എന്നാല്‍ തൊഴിലാളി വര്‍ഗം കൂടുതലായി താമസിക്കുന്ന ഹാര്‍ലമിലെ എനിക്കിഷ്ടപ്പെട്ട മാജിക് ജോണ്‍സണ്‍ എന്ന തീയറ്ററില്‍ ടിക്കറ്റ് ബുക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സീറ്റുകളൊരുപാട് കാലിയായിരുന്നു.

ജപ്പാനിലെ നിരപരാധികളായ ജനങ്ങള്‍ക്കു മേലെ വര്‍ഷിക്കാന്‍ വേണ്ടി അമേരിക്കയെ ആറ്റം ബോംബ് നിര്‍മിക്കാന്‍ സഹായിച്ച വെളുത്ത, സമ്പന്നനായ റോബര്‍ട്ട് ജെ ഓപ്പന്‍ഹൈമര്‍ എന്നയാളുടെ ബയോപിക് അമേരിക്കയിലെ ചില ഉന്നതകുലജനവിഭാഗത്തിനു മാത്രമേ ആകര്‍ഷണീയമായി തോന്നിയിട്ടുള്ളൂവെന്നാണ് തോന്നുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ഭീമന്‍ മാര്‍ക്കറ്റിംഗിലൂടെ റിലീസ് ചെയ്ത പുകഴ്‌പെറ്റ ആ സിനിമ മാജിക് ജോണ്‍സണ്‍ തീയറ്ററില്‍ 20 ശതമാനം മാത്രം വരുന്ന പ്രേക്ഷകരുടെ കൂടെയിരുന്നു കണ്ടു. ആറ്റം ബോംബ് നിര്‍മ്മാണത്തില്‍ നാസികളോടും സോവിയറ്റ് യൂണിയനോടും അമേരിക്ക മത്സരിച്ചുകൊണ്ടിരുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്തിമഘട്ടം ചിത്രീകരിച്ച ഒരു ചരിത്രസിനിമയാണിത്. ആറ്റം ബോംബ് ഭീകരമായ നശീകരണശേഷിയുള്ളതാണെന്നും കൊന്നൊടുക്കാനും അംഗഭംഗം വരുത്താനുമെല്ലാം ഇതിന് കഴിയുമെന്നും ഉറപ്പുവരുത്താന്‍, അക്കാര്യം സോവിയറ്റ് യൂണിയനെ ബോധിപ്പിക്കാനും വേണ്ടി അമേരിക്ക രണ്ടെണ്ണം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട് പതിനായിരക്കണക്കിന് നിരപരാധികളെ ചാരമാക്കി.

ബോംബ് വിജയകരമായി നിര്‍മിക്കുക മാത്രമല്ല ജപ്പാനിലെ ഏതെല്ലാം നഗരങ്ങളിലാണ് അത് ഇടേണ്ടത് എന്നുകൂടി ഓപ്പന്‍ഹൈമര്‍ നിശ്ചയിച്ചു കൊടുത്തിരുന്നു. അതിനു വേണ്ടി സ്വന്തം വേദപുസ്തകത്തിലെ സക്കറിയയെയും യെശയ്യാവിനെയും ഉദ്ധരിച്ചതു പോകട്ടെ, ഭഗവദ്ഗീതയിലെ ‘ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലം (കാലന്‍) ആകുന്നു. ഞാന്‍ ലോകസംഹാരകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്’ (Now, I am become Death, the destroyer of worlds) എന്ന ശ്ലോകവും ഉദ്ധരിച്ചതാണു വിചിത്രം. ഇന്ത്യക്കാര്‍ക്കും ഭഗവദ്ഗീതയ്ക്കുമെല്ലാം ഇതിലെന്താണു കാര്യം?

സമ്പന്നന്റെ സിനിമ

‘ആറ്റംബോംബിന്റെ പിതാവിന്’ ധാര്‍മികവും രാഷ്ട്രീയവുമായ സങ്കീര്‍ണത ചാര്‍ത്തി നല്‍കാനാണ് നോളന്റെ കഥപറച്ചില്‍ ആത്യന്തികമായി ശ്രമിക്കുന്നത്; അതാകട്ടെ വ്യര്‍ഥമാണുതാനും. മൂന്നു മണിക്കൂര്‍ നേരത്തെ ദൃശ്യ-ശ്രാവ്യ വിസ്മയവും മുഖ്യകഥാപാത്രമായി വേഷമിട്ട സിലിയന്‍ മര്‍ഫിയുടെ അസാധ്യ പ്രകടനവും മറ്റു ലോകോത്തര അഭിനേതാക്കളുമെല്ലാം ഉണ്ടെങ്കിലും ഓപ്പന്‍ഹൈമറുടെ ജീവിതകഥയില്‍ നിന്നും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ധാര്‍മികാധ്യാപനങ്ങളെന്തോ ഉണ്ടെന്ന് പറഞ്ഞുവെക്കുന്നതില്‍ സിനിമ പരാജയപ്പെടുന്നു. നോളന്‍ ഒരു പ്രതിഭാശാലിയായ സംവിധായകന്‍ തന്നെയാണ്; അദ്ദേഹത്തിന്റെ സകല സിനിമാറ്റിക് വൈദഗ്ധ്യവും പ്രകടിപ്പിക്കാനയാള്‍ താല്‍പര്യപ്പെടുന്നു. തീയറ്ററില്‍ നിന്നിറങ്ങി യഥാര്‍ഥ ലോകത്തെത്തുമ്പോള്‍ കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ ഒരു പ്രബലനും സമ്പന്നനുമായ വ്യക്തിയുടെ വീട്ടിലെ വിഭവസമൃദ്ധമായ അത്താഴവിരുന്നിലായിരുന്നു താനിത്ര നേരവും എന്നാണ് തോന്നുക. ശേഷം നിങ്ങളുടെ സുഹൃത്തുക്കളോടും മറ്റും സിനിമയെക്കുറിച്ച് സംസാരിക്കുന്ന ആ ലിറ്റ്മസ് ടെസ്റ്റിന്റെ സമയം വരും. തന്റെ സകല ഇടതുലിബറല്‍ ധാര്‍മിക-രാഷ്ട്രീയ കലമ്പലുകളും മാറ്റിവെച്ച് പരാജയപ്പെടുത്തപ്പെട്ട ഒരു ദേശത്തിനു മുകളില്‍ വര്‍ഷിപ്പിക്കാന്‍ വേണ്ടി -അതുവഴി അമേരിക്കക്ക് തങ്ങളുടെ ആഗോള സാമ്രാജ്യത്വ ഹിംസ്രജന്തുവെന്ന മുഖം നിലനിര്‍ത്താന്‍ വേണ്ടി- ആറ്റം ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടയാളുടെ കഥയാണ് യഥാര്‍ഥത്തില്‍ നോളന്റെ ഓപ്പന്‍ഹൈമര്‍.

നമ്മള്‍ ഇന്നീ ലോകത്ത് എവിടെയെത്തി നില്‍ക്കുന്നു എന്നതിനെക്കുറിച്ച വ്യക്തിപരവും, രാഷ്ട്രീയവും ധാര്‍മികവും ശാസ്ത്രീയവും ലോകത്തെ മാറ്റിമറിക്കാന്‍ കെല്‍പുള്ളതുമായ മാറ്റങ്ങളെ നമ്മെ ബോധിപ്പിക്കുന്ന തരത്തില്‍ ചിത്രീകരിച്ച തിരക്കഥയാണ് ഈ സിനിമയുടെ ശക്തി. ഓപ്പന്‍ഹൈമറുടെ ലൈംഗീകക്രീഡകളും, പുരോഗമന ചിന്തകളുണര്‍ത്തുന്ന ആദര്‍ശപ്രഭാഷണങ്ങളും, തന്റെ ശാസ്ത്രത്തിലുള്ള മികവിന്റെ മുന്നേറ്റവുമെല്ലാം (ഐന്‍സ്റ്റീനും സമകാലികരുമായി തുലനപ്പെടുത്താവുന്ന) സ്വന്തം അഭിലാഷങ്ങള്‍ക്കു വേണ്ടി ധാര്‍മികമായി വിട്ടുവീഴ്ച്ച ചെയ്യുന്ന നായകനെയാണ് നമ്മള്‍ കാണുന്നത്. ബോംബ് നിര്‍മിക്കാന്‍ വേണ്ടി മിലിട്ടറിയുടെ ചൂഷണത്തിന് നിന്നുകൊടുക്കുന്നയാള്‍, ഒടുവില്‍ ലെവിസ് സ്‌ട്രോസ് (റോബര്‍ട് ഡൗണി ജൂനിയറിന്റെ കഥാപാത്രം) എന്ന യുഎസ് അറ്റോമിക് എനര്‍ജി കമ്മീഷന്‍ (AEC) ചെയര്‍മാന്‍ നയിച്ച പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികള്‍ ചവച്ചുതുപ്പിയ, ധാര്‍മികമായി മരിച്ച ജീവഛവമായി അയാള്‍ അവശേഷിച്ചു.

എന്തായാലും ജോര്‍ജ് ബ്രേക്കിനെയും പിക്കാസോയെയും പഠിച്ച് മ്യൂസിയം നിരങ്ങുന്ന, ജര്‍മന്‍ ഭാഷയില്‍ മാര്‍ക്‌സിനെയും ഫ്രോയിഡിനെയും കുറിച്ചൊക്കെ ചിന്തിക്കുന്ന, ടിഎസ് ഏലിയറ്റിന്റെ ‘ദ വേസ്റ്റ് ലാന്റ്’ വായിക്കുകയും സ്ട്രാവിന്‍സ്‌കിയുടെ ‘ദ റൈറ്റ് ഓഫ് സപ്രിങ്’ കേള്‍ക്കുകയും ചെയ്യുന്ന, ഭഗവദ്ഗീത വായിക്കാന്‍ സംസ്‌കൃതം പഠിക്കുന്ന, ജീന്‍ റ്ററ്റ്‌ലോക്ക് (ഫ്‌ലോറന്‍സ് പഗിന്റെ കഥാപാത്രം) എന്ന തന്റെ കമ്മ്യൂണിസ്റ്റ് കാമുകിയുമായി ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന ഒരു ഓപ്പന്‍ഹൈമറെ നോളന്‍ കാണിച്ചുതരുന്നുണ്ട്.

ഏതാനും ആഴ്ചകള്‍ കൊണ്ട് ഡച്ച് ഭാഷ സ്വായത്തമാക്കിയ, അതില്‍ നല്ല ഒഴുക്കന്‍ മട്ടില്‍ ഫിസിക്‌സ് പഠിപ്പിക്കുന്ന ഓപ്പന്‍ഹൈമര്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ഒരിക്കലും ഹീബ്രൂ പഠിച്ചിട്ടില്ലാത്ത ഒരു വഴിപിഴച്ച ജൂതനായാണ് സിനിമയില്‍ കാണപ്പെടുന്നത്.

പക്ഷെ നാസികള്‍ ആറ്റംബോംബ് കൈവശപ്പെടുത്തിയേക്കുമെന്ന തോന്നലാണ് അദ്ദേഹത്തിന് അമേരിക്കക്ക് വേണ്ടി അത് നിര്‍മിക്കാന്‍ പ്രേരകമാകുന്നത്. ഓപ്പന്‍ഹൈമറുടെ ഇടതുപക്ഷ കലമ്പലുകളെക്കുറിച്ചൊക്കെ നല്ല ബോധ്യമുള്ള അമേരിക്കന്‍ മിലിട്ടറിയും ഇന്റലിജന്‍സ് മേധാവികളുമൊക്കെ അയാളെ കമ്മ്യൂണിസ്റ്റ് ബന്ധമാരോപിച്ചാണ് പിടിച്ചുകെട്ടുന്നത്. അദ്ദേഹത്തിന് രാഷ്ട്രത്തോടുള്ള കൂറ് തെളിയിക്കാന്‍ നിര്‍ബന്ധിതനാക്കുന്നതിന് ആ ആരോപണങ്ങള്‍ അവര്‍ ആയുധമാക്കുകയും ചെയ്യുന്നു.

പിന്തിരിപ്പന്‍ രാഷ്ട്രീയം

ഞാന്‍ നോളന്‍ സിനിമയുടെ ഫാനല്ല. ഇറാനിയന്‍, ഇന്ത്യന്‍, ജാപ്പനീസ്, പിന്നെ നല്ല യൂറോപ്യന്‍ സ്വതന്ത്ര സിനിമകളെല്ലാം കണ്ട് വളര്‍ന്ന എനിക്ക് നോളന്റെ ഭീമന്‍ സിനിമാ ലോകം കാണുമ്പോള്‍ തോന്നുന്നത് ഒരു പണക്കാരന്‍ ചെറുക്കന്റെ കാട്ടിക്കൂട്ടലോ അങ്ങനെയൊരാളുടെ പുത്തന്‍ ലംബോര്‍ഗിനിയുടെ പളപളപ്പോ ഒക്കെയാണ്. അദ്ദേഹത്തിന്റെ ബാറ്റ്മാന്‍ സിനിമകളും ഡന്‍കിര്‍കുമെല്ലാം വിളിച്ചോതുന്നത് പോലെ വളരെ പിന്തിരിപ്പനായ രാഷ്ട്രീയമാണദ്ദേഹം പിന്തുടരുന്നത്. കൂട്ടക്കൊലക്കു വേണ്ടി ആയുധം രൂപകല്‍പന ചെയ്തയൊരാളെ മഹത്വവല്‍ക്കരിക്കുന്നതിന് തന്റെ സമ്പന്നമായ വിഭവങ്ങള്‍ ഉപയോഗിക്കുകയാണ് ഓപ്പന്‍ഹൈമറില്‍ അദ്ദേഹം ചെയ്തത്.

വമ്പന്‍മാരായ അമേരിക്ക, ചൈന, റഷ്യ, ദുര്‍ബലരായ പാകിസ്ഥാന്‍, ഹിംസയും ക്രൗര്യവും കൈമുതലായ അധിനിവേശ രാഷ്ട്രം ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെയെല്ലാം പക്കല്‍ തൊടുത്തുവിടാന്‍ പാകത്തിന് ആയിരക്കണക്കിന് ന്യൂക്ലിയര്‍ ബോംബുകള്‍ നിലവിലുള്ള ഈ 2023ന്റെ ദശാസന്ധിയില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് ചെയ്യാന്‍ ഏറ്റവും കൂടിയാല്‍ ഒരു ലളിതവസ്തുതയെ ചരിത്രത്തിന്റെ ഔത്സുക്യം ചേര്‍ത്ത് സങ്കീര്‍ണമാക്കി കാണിക്കാം എന്നതേയുള്ളൂ. ഓപ്പന്‍ഹൈമര്‍ ലോസ് അലമോസില്‍ ആറ്റം ബോംബ് ഉണ്ടാക്കി ടെസ്റ്റ് ചെയ്തു, എന്നിട്ട് രണ്ടെണ്ണം നിരപരാധികളായ ജപ്പാന്‍കാരുടെ മേലെ ഇടാന്‍ വേണ്ടി അമേരിക്കക്ക് കൈമാറി എന്നതാണ് ആ ലളിത വസ്തുത.

2005ല്‍ കായ് ബേഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും ചേര്‍ന്നെഴുതിയ അമേരിക്കന്‍ പ്രൊമിത്യൂസ്: ദ ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്. പക്ഷെ ചരിത്രപരമായ കൃത്യതയുടെ കാര്യത്തിലും കഥപറച്ചിലിന്റെ ഉള്‍പ്പിരിവുകളുടെ കാര്യത്തിലും ദുര്‍ബലമാവുകയും നോളന്‍ ഒരുമിച്ചുകൂട്ടിയ സാങ്കേതിക നൈപുണ്യത്തിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുകയുമാണ് സിനിമ ചെയ്യുന്നത്. ഒരു കൂട്ട നശീകരണായുധം നിര്‍മിച്ച അങ്ങേയറ്റം ദുര്‍ബലനായ ഒരു വ്യക്തിയെ ആഘോഷിക്കുന്നതിനായി നോളന്‍ ഒരു ‘ആറ്റം’ സിനിമയുണ്ടാക്കിയെന്നു പറയേണ്ടിവരും.

ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായ ക്രിസ്റ്റഫര്‍ നോളന്‍ ഒരു അമേരിക്കന്‍ സിനിമ (ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ഥത്തിലുള്ള)യാണ് യഥാര്‍ഥത്തില്‍ എടുത്തുവെച്ചിരിക്കുന്നത്. ലോസ് ആലമോസിലെയും ജപ്പാനിലെയും ആ ബോംബ് സ്‌ഫോടനം പോലെ എന്തോ ഭൂമി പിളര്‍ത്തുന്ന ഒന്നാണ് തങ്ങള്‍ കാണുന്നതെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ വിഷയത്തിന്റെ ധാര്‍മികച്യുതിയെ ലക്കില്ലാതെ മറച്ചുപിടിച്ചു കാണിച്ചിരിക്കുകയാണദ്ദേഹം ചെയ്തത്.

ഇമാമുറയുടെ മാസ്റ്റര്‍പീസ്

സിനിമയുടെ സംവിധാന മികവും സാങ്കേതികത്തികവും അംഗീകരിക്കുമ്പോള്‍ തന്നെ നോളന്‍ മനസില്‍ കണ്ട സിനിമയെന്താണോ അതിന്റെ വിപരീതഫലമാണ് എന്നില്‍ ഉണ്ടായത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോളെല്ലാം യാസുജിറോ ഒസു, കെന്‍ജി മിസോഗുച്ചി, അകിറ കുറോസോവ, ഷോഹൈ ഇമാമുറ എന്നിവരുടെയൊക്കെ ജാപ്പനീസ് യുദ്ധ പൂര്‍വ്വ, യുദ്ധാനന്തര സിനിമകളുടെ ആഭിജാത്യവും ഭംഗിയുമാണ് എന്റെ മനസിലേക്ക് കടന്നുവന്നത്.

മഹാദുരന്തം വിതച്ച ബോംബുകള്‍ ജപ്പാന്റെ മണ്ണില്‍ പതിച്ചിട്ട് 80 വര്‍ഷങ്ങളോളും പിന്നിടുന്ന വേളയില്‍ അമേരിക്കയും ബ്രിട്ടനും നമുക്ക് ആ കൂട്ടനശീകരണായുധം നിര്‍മിച്ചയാളെ മഹത്വപ്പെടുത്തുന്ന ഐതിഹാസിക ദൃശ്യവിരുന്നൊരുക്കുമ്പോള്‍ ആ കുറ്റകൃത്യത്തിന് ഇരകളായവര്‍ ഉദാത്തമായ സിനിമകള്‍ നല്‍കുന്ന ഈ ലോകത്തെ എന്തു വിളിക്കും?

ഓപ്പന്‍ഹൈമര്‍ കണ്ട് വീട്ടിലെത്തിയ ഞാന്‍ 1989ലെ ഇമാമുറയുടെ മാസ്റ്റര്‍പീസ് ചിത്രം ബ്ലാക്ക് റെയിന്‍ കണ്ടു. നിങ്ങളും അങ്ങനെ ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. നിങ്ങളുടെ മൃദുവായ മനുഷ്യത്വത്തെ അത് തിരികെക്കൊണ്ടുവരും. മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ യുദ്ധക്കുറ്റം ചെയ്ത അയാളുടെ ശാസ്ത്രസംഭാവനയുടെ ഇരകളെക്കണ്ട്, പച്ചയായ മനുഷ്യരോട് ഓപ്പന്‍ഹൈമര്‍ ചെയ്തതിന്റെ പ്രത്യാഘാതങ്ങള്‍ കണ്ട് നിങ്ങള്‍ വിറകൊള്ളും.

വിവർത്തനം : റമീസുദ്ദീൻ വി.എം

ഹാമിദ് ദബാശി