Campus Alive

രാഷ്ട്രീയപരത, നൈതികത ഇസ്‌ലാമിക വ്യവഹാരത്തെക്കുറിച്ച്

മുസ്‌ലിംകൾ തങ്ങളുടെ കർതൃത്വം പ്രഖ്യാപിക്കുന്നതോട് കൂടി അവർ ഹോംലെസ് ആയി മാറുന്നു എന്ന് സൽമാൻ സയ്യിദ് പറയുന്നുണ്ട്.(1) പരമാധികാരത്തെ ദേശരാഷ്ട്രത്തിന് വകവെച്ച് നൽകുന്ന മതേതരാധുനികതയുടെ യുക്തിക്കപ്പുറം മുസ്‌ലിമിന്റെ വിഭാവന അല്ലാഹുവിലേക്ക് എത്തുന്നു എന്നതാണ് അവിടെ മൗലികമായ ‘പ്രശ്നം’. അവിടം കേവലം ‘നൈതികമായിരിക്കുക’ എന്നത് മുസ്‌ലിംകൾക്ക് അസാധ്യമായി മാറുന്നു. ജനിക്കുമ്പോൾ തന്നെയും ഒരു രാഷ്ട്രീയ ജീവിയായി അവർ മാറുന്നു. അങ്ങനെ ഇടപെടാതിരിക്കുക എന്നത് അസാധ്യമാവുന്നിടത്തോളം അവർ രാഷ്ട്രീയത്തോട് ബന്ധപ്പെട്ട് നിൽക്കുന്നു.

സൽമാൻ സയ്യിദ് തന്നെ തന്റെ ‘Recalling Caliphate’ ൽ ഉദ്ധരിക്കുന്ന അബ്ദുൽ ഖുദ്ദൂസ് ഖൻഗോഹിയുടെ ഒരു കവിതയുണ്ട്. അതിന്റെ സാരമിങ്ങനെയാണ് “മുഹമ്മദ് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും തിരിച്ചുവരികയും ചെയ്തു. അല്ലാഹുവാണെ, മുഹമ്മദിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും തിരിച്ചുവരില്ലായിരുന്നു”. തുടർന്ന് അല്ലാമ ഇഖ്ബാൽ ഈ കവിതയെ വിശദീകരിക്കുന്നതിനെ സയ്യിദ് രേഖപ്പെടുത്തുന്നുണ്ട്. “അല്ലാമാ ഇഖ്ബാല്‍ ഈ പ്രസ്താവനയില്‍ കാണുന്നത് ഒരു മിസ്റ്റിക്കും പ്രവാചകനും തമ്മിലുള്ള വ്യത്യാസമാണ്. കാരണം ഒരു മിസ്റ്റിക്കിന് ദൈവവുമായുള്ള സമാഗമമല്ലാതെ വേറെ കടമകളൊന്നുമില്ല. എന്നാല്‍ പ്രവാചകന് സാമൂഹികമായ കടപ്പാടുകളുണ്ട്. നൈതികതയെയും രാഷ്ട്രീയപരതയെയും സംയോജിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്യുന്നത്. ലോകത്തിന്റെ നിര്‍മ്മാണമാണ് പ്രവാചകന്റെ ധര്‍മം തീര്‍ച്ചയായും ലോകത്തെ നിര്‍മ്മിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരങ്ങളെയും വിശ്വാസങ്ങളെയും അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനം കൂടിയാണത്” രാഷ്ട്രീയമായ നിലനിൽപ്പിനെക്കുറിച്ച് ആലോചിക്കാതെയും അത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെയും ധാർമികമായിരിക്കുക സാധ്യമാണോ എന്ന ചോദ്യത്തിലേക്ക് വരാം. മുസ്‌ലിമത്വത്തിന് (Muslimness) കൂടുതൽ ദൃശ്യത നൽകുന്ന ഇടമാണ് മുസ്‌ലിം സ്ത്രീ ശരീരം എന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ അത് പ്രകടമാണ്. കാരണം ഹിജാബിലായിരിക്കുക എന്നത് അവർക്ക് മതപരമായ നിർബന്ധമാണ്. എന്നാൽ നിരോധിക്കപ്പെടുന്നതോടു കൂടി അതിന് കൂടുതൽ രാഷ്ട്രീയ ദൃശ്യത കൈവരുന്നു. [കാണുകയും കാണപ്പെടാതിരിക്കുകയും (Seeing without being seen) എന്ന നിലയിൽ കൊളോണിയൽ സന്ദർഭത്തിലെ നിഖാബിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാതറിൻ ബുള്ളോക്ക് എഴുതുന്നുണ്ട്.] അപ്പോൾ കേവലം നൈതികമായിരിക്കുക എന്നതിൽ നിന്ന് സമരോത്സുകമാവുന്നതിനെക്കുറിച്ച് മുസ്‌ലിംകൾക്ക് ആലോചിക്കേണ്ടി വരുന്നു. അവിടം മൗനമവലംബിക്കുക എന്നത് അരാഷ്ട്രീയം എന്നതോടൊപ്പം അനൈതികമാവുക കൂടി ചെയ്യുന്നു.

മറ്റൊരു തരത്തിൽ ഇസ്‌ലാമികമായി നൈതികമായിരിക്കുക എന്നത് സദാചാരത്തിന്റെ മാത്രം പ്രശ്നമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.
ദൈവിക പരമാധികാരത്തെ മുൻനിർത്തി ലോകത്തെ നോക്കിക്കാണുന്നവർക്ക് അവിടം തങ്ങൾക്കുള്ള വിലക്കുകളുടെ യുക്തിയും ദൈവികമാണ്. അവ പാലിക്കപ്പെടുന്ന സമൂഹവും അവർക്ക് പ്രധാനമാണ്. എന്നാൽ ഭാവനയുടെ മാത്രമല്ല, സംഭവലോകത്തിന്റെ കൂടി പ്രശ്നമാണ് രാഷ്ട്രീയം. ലിബറലിസത്തെക്കുറിച്ച മുസ്‌ലിം വേദികളിലെ ചർച്ചകളെ പരിശോധിക്കാം. ലിബറലിസത്തെ ഒരു ‘ധാർമിക’ പ്രശ്നമായി മാത്രം കാണുന്നത് അവിടങ്ങളിലെ സാമൂഹികാനുഭവങ്ങളെ വിശകലനം ചെയ്യുന്നിടത്തെ പ്രധാന പ്രതിസന്ധിയാണ്. ഇവിടെ നൈതികം / രാഷ്ട്രീയപരം എന്ന വിഭജനം തന്നെ അപ്രസക്തമാണ്. അവ പരസ്പരപൂരകങ്ങളായ വ്യവഹാരങ്ങളായത് കൊണ്ടാണത്.

Salman Sayyid
Salman Sayyid

ഉദാഹരണമായി, ഈ ദേശരാഷ്ട്രത്തിനകത്തെ നിയമം അനുവദിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ലൈംഗിക ജീവിതം പ്രാക്ടീസ് ചെയ്യുന്നവരോടുളള മുസ്‌ലിംകളുടെ വിമർശനത്തിന്റെ സ്വഭാവമെങ്ങനെയായിരിക്കണം ? ഹിംസ ചെയ്യാനും ശിക്ഷിക്കാനുമുളള അധികാരം ആർക്കാണ് പൗരർ എന്ന നിലയിൽ സാങ്കേതികമായി മുസ്‌ലിംകൾ വകവെച്ച് നൽകിയിട്ടുള്ളത് ? എന്നീ ചോദ്യങ്ങളെ പരിശോധിക്കാം. ‘ലൈംഗികതയുടെ അടിസ്ഥാനം നിഷിദ്ധമാണ്’ (3)എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാനം. ഇതൊരു ഖാഇദ ഫിക്ഹിയ (Legal Maxim) ആണ്. ഇത് പ്രകാരം അനുവദനീയം എന്ന് വ്യക്തമായി പരാമർശിച്ചത് (വിവാഹം പോലെ) അല്ലാത്ത ലൈംഗിക ബന്ധമെല്ലാം നിഷിദ്ധമാണ് എന്ന് വരുന്നു. എന്നാൽ ഇസ്‌ലാമിൽ നിഷിദ്ധമായ ഇത്തരം ആക്റ്റുകളിൽ ഏർപ്പെടുകയും അത് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരോടുള്ള മുസ്‌ലിംകളുടെ സമീപനം എങ്ങനെയായിരിക്കണം എന്നത് പരിശോധിക്കേപ്പെടേണ്ടതുണ്ട്. ആൾക്കൂട്ട വിചാരണയും അക്രമവുമാണോ അതിനുള്ള പ്രതിവിധി? തിന്മയോട് വലിയ വിരോധമുണ്ടായിരിക്കെ തന്നെ ഗുണകാംക്ഷയുടെ തലത്തിൽ മറ്റൊരു ബന്ധം അവരുമായി സാധ്യമാണോ എന്നിങ്ങനെ കൂടി അതിൽ ആലോചിക്കാൻ കഴിയേണ്ടതുണ്ടോ ? ധാർമിക പ്രശ്നമെന്നും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്നും മുസ്‌ലിംകൾ വിശ്വാസപരമായി തിരിച്ചറിയുന്നൊരു കാര്യത്തെ അനുഷ്ഠിക്കുകയും അതാണ് സ്വന്തം ഐഡന്റിയെ നിർണയിക്കുന്നത് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരോടുള്ള സമീപനം എങ്ങനെയായിരിക്കണം? സ്വവർഗ്ഗവിവാഹത്തെ നിയമ വിധേയമാക്കികൊണ്ടുള്ള അമേരിക്കൻ ഭരണകൂട നടപടികളോട് അവിടത്തെ മുസ്‌ലിംകൾക്കിടയിൽ നിന്നും ഉയർന്നു വന്ന പ്രതികരണങ്ങളെ അമേരിക്കൻ സാമൂഹ്യ-രാഷ്ട്രീയ പരിസരത്തിൽ നിന്ന് കൊണ്ട് വിശകലനം ചെയ്ത് കൊണ്ട് ഡോ. ഒവാമിർ അഞ്ജൂം നിരീക്ഷിക്കുന്ന കാര്യങ്ങൾ ഇവിടെ പ്രധാനമാണ് എന്ന് തോന്നുന്നു. ” സമൂഹത്തിന്റെ സംസ്‌കാര മണ്ഡലത്തിലേക്ക് നുഴഞ്ഞുകയറാനും അതിനെ പുനർനിർവചിക്കാനുമുള്ള ആധുനിക രാഷ്ട്രത്തിന്റെ ശേഷിയെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്; ആധുനിക രാഷ്ട്രം വെറും പൊള്ളയായ രാഷ്ട്രീയ ചട്ടക്കൂടല്ല. മറിച്ച്, സമൂഹത്തിന്റെ സമ്പ്രദായങ്ങളെ രൂപപ്പെടുത്തുന്ന ഒരു സജീവ ശക്തിയാണത്. നിയമപരമായ ഔദ്യോഗികതയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന, ആളുകൾ പരസ്പരമുള്ള കലഹങ്ങൾ തീർപ്പാക്കുന്ന കേവല തര്‍ക്കപരിഹാരങ്ങളല്ല സുപ്രീംകോടതി വിധികള്‍. മറിച്ച് ശക്തമായ എതിർവാദങ്ങളുയർന്നു വരുന്നത് വരെ അമേരിക്കന്‍ സമൂഹത്തിന്റെ ധാര്‍മികതയെയും സദാചാരത്തെയും നിര്‍ണയിക്കുന്ന, രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ആശയങ്ങളുടെ യാഥാര്‍ഥ്യവൽക്കരണമാണത്…….സമാന ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തി കഴിഞ്ഞുപോയ മിക്ക സമൂഹങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ലൈംഗികാഭിരുചികളെ മാത്രം അടിസ്ഥാനപ്പെടുത്തി ചില ആളുകൾ തിരിച്ചറിയപ്പെടുന്നതും, അവരുടെ സ്വത്വത്തിന്റെ മൗലികമായ സവിശേഷതയായി സ്വവര്‍ഗ ലൈംഗികത മാറിയതും ചരിത്രപരമായി പുതിയതും സാമൂഹികമായി നിര്‍മിക്കപ്പെട്ടതുമായ കാര്യമാണ്………ദൈവിക പ്രമാണങ്ങള്‍ക്ക് പോലും മുന്‍കൂട്ടി കാണാന്‍ കഴിയാത്തത്ര വ്യാപ്തിയില്‍ മനുഷ്യ ചരിത്രത്തിന്റെ സവിശേഷവും ഒറ്റപ്പെട്ടതുമായ ഇടർച്ചയാണ് ആധുനികത എന്ന് ഒരാൾ വിശ്വസിക്കാത്തിടത്തോളം കാലം, ആധുനികവാദികളും പുരോഗമനവാദികളും ഇസ്‌ലാമിക സമ്പ്രദായങ്ങളെയും ആചാരങ്ങളെയും മൊത്തമായി നിരാകരിക്കുന്നതിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ” (4) ഇവിടെ അടിസ്ഥാനപരമായി ഇസ്‌ലാം എന്ത് പറയുന്നു എന്നതോടൊപ്പം ആധുനികതയുടെ സവിശേഷ സന്ദർഭത്തെ അഭിമുഖീകരിക്കാൻ കൂടി കഴിയുന്ന തരത്തിൽ മുസ്‌ലിം ചിന്ത വികസിക്കേണ്ടതിനെക്കുറിച്ച ഓർമപ്പെടുത്തൽ കൂടി പങ്ക് വെക്കുകയാണ് ഡോ. ഒവാമിർ ചെയ്യുന്നത്.

Owamir Anjum
Owamir Anjum

അപ്പോൾ സ്വവർഗാനുരാഗികളായതിന്റെ പേരിൽ ആൾക്കൂട്ടത്താൽ അക്രമിക്കപ്പെടുകയും അത് വിശ്വാസികളാൽ തന്നെ പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതിന്റെ നൈതികതയെക്കുറിച്ച് കൂടി ആലോചിക്കാൻ മുസ്‌ലിംകൾ നിർബന്ധിതരാവുന്നുണ്ട് എന്ന് വരുന്നു. അവർ കൊല്ലപ്പെടുമ്പോൾ ഊഹങ്ങളാൽ നിർമ്മിക്കപ്പെട്ട അപസർപ്പക കഥകളുടെ പ്രചാരകരാവുന്നതിന്റെ നൈതികതയും വിശ്വാസികൾക്ക് ആലോചിക്കേണ്ടി വരുന്നു. അധർമത്തിന്റെ ആഘോഷമോ അതിനോടുള്ള ഐക്യദാർഢ്യപ്പെടലോ അല്ല, മറിച്ച് മറ്റൊരു ലോകബോധത്തോട് അത് അധികാരത്തിന്റെയും സാമൂഹിക ബോധത്തിന്റെയും അകമ്പടിയിൽ നിരന്തര ഇടപെടൽ അനിവാര്യമാക്കിക്കൊണ്ടിരിക്കുമ്പോൾ കൈവരിക്കേണ്ട രാഷ്ട്രീയ/നൈതിക ജാഗ്രതയാണത്. ആത്മവിമർശനത്തോടെയുള്ള സഹജീവനം പരസ്പരം സാധ്യമാകേണ്ടതിനെക്കുറിച്ചാണത് പറഞ്ഞ് വെക്കുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമുള്ള ഇടങ്ങളിൽ അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നവരാണ് വിശ്വാസികൾ എന്നാണല്ലോ വിശ്രുതമായ പ്രവാചക (സ) പാഠം. മേൽ സൂചിപ്പിച്ച ശിക്ഷിക്കാനുള്ള അധികാരത്തിന്റെ പ്രശ്നം ഇവിടെ പ്രധാനമായും ചർച്ചക്ക് വിഷയീഭവിക്കേണ്ടുന്ന കാര്യമാണ്. സംഭവലോകത്ത് ആധുനിക ദേശരാഷ്ട്രമാണ് അത് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരധികാരം ടേക്കൺ ഫോർ ഗ്രാന്റഡായാണ് പലപ്പോഴും മുസ്‌ലിം ചിന്തകർ പോലും സ്റ്റേറ്റിന് വകവെച്ച് നൽകുന്നത് എന്ന് തോന്നുന്നു. അല്ലാഹുവിന്റെ പരമാധികാരത്തെയും അതിന്റെ ഭൂമിയിലെ പ്രയോഗത്തെയും സംബന്ധിച്ച കൃത്യതക്കുറവിലാണ് ഇത് സംഭവിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. ” സൃഷ്ടാവിനെ ധിക്കരിച്ച്കൊണ്ട് സൃഷ്ടികളോട് അനുസരണമില്ല ” എന്നത് അല്ലാഹുവിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ജീവിത വീക്ഷണത്തിന്റെ അടിസ്ഥാന ബോധ്യമാണ്.

എന്നാൽ രാഷ്ട്രീയാധികാരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ന്യൂനപക്ഷമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന സന്ദർഭത്തിൽ മുസ്‌ലിം ചിന്തകരുടെ സാമൂഹിക വിശകലനോപാധികളെക്കുറിച്ച പുന:രാലോചനകൾ ഇവിടെ പ്രധാനമാവുന്നുണ്ട്. അഥവാ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തുടർച്ചയെന്നാൽ ചരിത്രപരമായി പ്രാധാന്യമുള്ള വാചകങ്ങളുടെ ആവർത്തിച്ചുള്ള ഉദ്ധരണ മല്ല, സമകാലികതയെ അഭിമുഖീകരിക്കലാണ് എന്ന് സാരം. കർമശാസ്ത്രത്തിൽ الرخصة (ഇളവ്): യാത്രയുടെ ഘട്ടത്തിൽ നമസ്കാരം ചുരുക്കി നിർവഹിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. العزيمة: (ഒരു കർമം യഥാവിധി നിർവഹിക്കൽ) നാല് റക്അത്ത് ഉള്ള നമസ്കാരം അങ്ങനെത്തന്നെ സാധാരണ സമയങ്ങളിൽ ജമാഅത്തായി നിർവഹിക്കൽ) എന്നിങ്ങനെയുള്ള രണ്ട് പദാവലികൾ സാധാരണ പ്രയോഗിക്കാറുണ്ടല്ലോ! അവയെ സമകാലിക രാഷ്ട്രീയ സന്ദർഭത്തിലേക്ക് പരാവർത്തനം ചെയ്യുമ്പോൾ ഒരു രാഷ്ട്രീയമായ റുഖ്സയിലാണ് ആധുനിക ദേശരാഷ്ട്രത്തിന്റെ വിഷയികളായി ജീവിക്കേണ്ടി വരുന്ന മുസ്‌ലിംകൾ എന്ന് പറയാമെന്ന് തോന്നുന്നു. അങ്ങനെ വരുമ്പോൾ ഹിംസയാൽ സ്ഥാപിതമാവുകയും അത് കൊണ്ട് തന്നെ നിലനിൽപ്പ് സാധ്യമാക്കുകയും ചെയ്യുന്ന ആധുനിക ദേശരാഷ്ട്രങ്ങളും അതിലെ ഭരണകൂടങ്ങളും എങ്ങനെയാണ് മനുഷ്യരെ പ്രത്രേക തരത്തിൽ കണ്ടീഷൻ ചെയ്യുന്നത് എന്ന് ആലോചിക്കേണ്ടി വരുന്നു. ഭരണകൂടത്തോട് വിമതത്വം പ്രഖ്യാപിക്കുന്നവരാണോ അല്ല ഭരണകൂടം തന്നെയാണോ അത്യന്തികമായി തടയപ്പെടേണ്ട ‘ഫിത്‌ന’ എന്നും ഇവിടെ ചോദിക്കേണ്ടി വരുന്നു. വധശിക്ഷയെക്കുറിച്ച ചർച്ചകളെ ഉദാഹരണമായെടുക്കാം. “ഇസ്‌ലാമിലും വധശിക്ഷയുണ്ടല്ലോ അതിനെ നാം പ്രശ്നവൽക്കരിക്കേണ്ടതില്ല” എന്ന് ഒരാൾക്ക് വാദിക്കാവുന്നതാണ്. എന്നാൽ സമകാലികതയിൽ വധശിക്ഷ എന്ന വ്യവഹാരം ലക്ഷ്യമാക്കുന്നതും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും ആരെയാണ് എന്ന ചോദ്യം ഇവിടെ ബാക്കിയാവുന്നുണ്ട്. “ഇസ്‌ലാമാണ് പരിഹാരം” എന്ന് കേവലമായി ആവർത്തിച്ചുറപ്പിക്കുന്നതിനപ്പുറം തങ്ങളുടെ നിർവ്വാഹക ശേഷിയെക്കൂടി മുൻ നിർത്തിയുള്ള ആക്ഷനുകളിലേക്കും സമീപനങ്ങളിലേക്കും സമുദായത്തിന് ഏറെദൂരം സഞ്ചരിക്കാനുണ്ട് എന്നാണ് മനസ്സിലാവുന്നത്. നമ്മുടെ വ്യവഹാരം നിർമിക്കാനുള്ള ശേഷിയുടെ വീണ്ടെടുപ്പ് കൂടിയാണത്.

റഫറൻസ് :

1) Salman Sayyid, Recalling Caliphate, 167
2) Salman Sayyid, Recalling Caliphate, 237,238
3) LGBTQ and Islam revisited, Yaqeen Institute, 5 ( الأصل في الأبضاع التحريم)
4) ഇസ്‌ലാമും സ്വവര്‍ഗലൈംഗികതയും
ഒവാമിർ അഞ്ജൂം, Campus Alive, (വിവർത്തനം : ബാസിൽ ഇസ്‌ലാം)

ഹാമിദ് മഞ്ചേരി