Campus Alive

ഗസ്സയിലെ വംശഹത്യാ വിരുദ്ധ പോരാട്ടം തുറക്കുന്ന പുതുലോക ഭാവനകൾ

(ലീഡ്സ് സർവ്വകലാശാല പ്രൊഫസറും ഇസ്‌ലാമോഫോബിയ സ്റ്റഡീസ് വിദഗ്ധനുമായ സൽമാൻ സയ്യിദുമായി Anadolu Agency എന്ന മാധ്യമ സംഘടന നടത്തിയ അഭിമുഖം)


ചോദ്യം: ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ ഇസ്രായേലിന്റെ ആക്രമണങ്ങളെ ചെറുത്തു നിൽക്കുന്ന ഫലസ്തീനികളെ സംബന്ധിച്ച് എന്താണെന്നാണ് താങ്കൾക്ക് തോന്നുന്നത്? ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ഒരുപാട് ജനങ്ങൾ ഇത്തരം റാലികളിൽ പങ്കെടുക്കുകയും ഫലസ്തീനൊപ്പം നിൽക്കുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. ചില ജൂത സമുദായങ്ങളും നിരീശ്വരവാദികളും പാശ്ചാത്യൻ നാടുകളിലെ കറുത്ത വർഗ്ഗക്കാരെ പോലുള്ളവരും എന്നു തുടങ്ങി ഫലസ്തീനുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ലാത്ത ജനങ്ങൾ ഫലസ്തീനു വേണ്ടി അണിനിരക്കുന്നത് എന്തിനായിരിക്കും? 

സൽമാൻ സയ്യിദ്: പാശ്ചാത്യൻ നാടുകളിലെ മാത്രമല്ല, ലോകത്താകമാനമുള്ള അത്തരം പ്രതിഷേധ സംഗമങ്ങളെ കാണേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. ഗസ്സക്കും ഫലസ്തീനികൾക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധ സംഗമങ്ങളിൽ മില്ല്യൺ കണക്കിനാളുകളാണ് പങ്കെടുത്തിട്ടുള്ളത്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലെ അമുസ്‌ലിം നാടുകളിലുമുള്ള അനേകം ഭരണകൂടങ്ങൾ തെൽ അവീവിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്; ഉദാഹരണത്തിന്, തെൽ അവീവിനെ സ്ഥിരമായി വിമർശിക്കുന്നവരാണ് ദക്ഷിണാഫ്രിക്കൻ ഭരണകൂടം. കാരണം ദക്ഷിണാഫ്രിക്കയയിൽ തങ്ങൾ ചെറുത്തുതോൽപ്പിച്ച വർണ്ണവിവേചനവ്യവസ്ഥ (അപ്പാർത്തീഡ്) ഫലസ്തീനികൾക്കു മേലിൽ പുനരവതരിക്കുന്നതാണ് അവർ കാണുന്നത്. ആ അർത്ഥത്തിൽ, മിക്ക ജനങ്ങളെ സംബന്ധിച്ചും ഫലസ്തീനികൾക്കെതിരെയുള്ള ആക്രമണങ്ങളും ഫലസ്തീൻ യാതനകളും കൊളോണിയലിസവുമായും വംശീയതയുമായും തങ്ങളുടെ മനുഷ്യത്വത്തെ അംഗീകരിക്കാത്ത ഭരണകൂടങ്ങളുടെ അടിച്ചമർത്തലുമായും ക്രൂരതയുമായുമെല്ലാം ബന്ധപ്പെട്ട അവരുടെ തന്നെ മുന്നനുഭവങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. 

സൽമാൻ സയ്യിദ്

അതുകൊണ്ട് തന്നെ നവലിബറൽ ലോകക്രമത്തിന്റെ അപമാനവീകരണത്തോടുള്ള കലഹമാണ് ഇതെന്ന് തോന്നുന്നു. ഇത്തരം പ്രക്ഷോഭ സന്ദർഭങ്ങളിൽ നിങ്ങൾക്ക് ജൂതരെ കാണാം, അവിടെ നിങ്ങൾക്ക് മുസ്‌ലിങ്ങളെയും നിരീശ്വരവാദികളെയും കാണാം. പക്ഷേ ഇവരെയൊക്കെ ഒന്നിച്ചു നിർത്തുന്നത് ഒരൊറ്റ സംഗതി മാത്രമല്ല; മറിച്ച് അവ പലവിധ ഘടകങ്ങളാണ്. പക്ഷേ ഗസ്സയിൽ അവർ നമ്മെയൊക്കെ ബാധിക്കുന്ന എന്തോ ഒന്നിനെ കാണുന്നു. 

ചോദ്യം: നിലവിലെ നവലിബറൽ ലോകക്രമത്തിൽ മനുഷ്യത്വ വിരുദ്ധമായ ഇത്തരം കുറ്റകൃത്യ നിർവ്വഹണം ഇത്ര എളുപ്പമാകുന്നത് എങ്ങനെയാണ്? ഇത്തരം കൂട്ടക്കുരുതികൾ തടയാനുള്ള സംവിധാനങ്ങൾ ലോകത്തില്ലാതെ പോകുന്നത് എന്തു കൊണ്ടായിരിക്കാം? അല്ലെങ്കിൽ, പതിറ്റാണ്ടുകൾ കാത്തു നിൽക്കാതെ അത്തരം യുദ്ധകുറ്റകൃത്യങ്ങൾ ചെയ്തവരെ ഉടനടി ശിക്ഷിക്കാനുള്ള സംവിധാനം നമുക്കില്ലാതെ പോവുന്നത് എന്തുകൊണ്ടാണ്? 

സയ്യിദ്: ബോസ്നിയൻ വംശഹത്യ നടക്കാൻ അനുവദിച്ചു കൊടുത്തത് കൊണ്ടാണ് പിന്നീട് റോഹിങ്ക്യൻ വംശഹത്യയും സംഭവിച്ചത് എന്ന് ഒരാൾക്ക് വാദിക്കാവുന്നതാണ്. ഒരുപാട് മുസ്‌ലിം രാജ്യങ്ങളേക്കാർ എത്രയോ ദുർബ്ബലമായ മ്യാന്മർ എന്ന രാജ്യമാണ് റോഹിങ്ക്യൻ വംശഹത്യ നടപ്പിലാക്കിയത് എന്നത് കൊണ്ടുതന്നെ റോഹിങ്ക്യൻ വംശഹത്യ വളരെ പ്രധാനമാണ്. പക്ഷേ ആ വംശഹത്യയെ പ്രതി എന്തെങ്കിലും ചെയ്യുന്നതിൽ മുസ്‌ലിങ്ങളും മറ്റുള്ളവരും പരാജയപ്പെട്ടതിന്റെ അർത്ഥം മുസ്‌ലിമത്വത്തിനെതിരെ ലോകത്തങ്ങോളം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അക്രമത്തിന്റെ തോതിനെ അത് വർദ്ധിപ്പിച്ചിരിക്കുന്നു എന്നാണ്.

അതായത്, എല്ലാവർക്കും വിശ്വാസം നഷ്ടപ്പെട്ട ഒരു മൂഢ നവലിബറൽ ലോകക്രമമാണിത്, ആരും അതേക്കുറിച്ചാലോചിക്കില്ല, പക്ഷേ അവരിപ്പോഴും നിരന്തരം നമുക്ക് വാചാലമായി ക്ലാസെടുത്തു കൊണ്ടേയിരിക്കും. കാരണം അവർക്കറിയാവുന്ന ഒരേയൊരു കാര്യം അത് മാത്രമാണ്. പിന്നെ ഇന്നത്തെ ലോകത്ത് പുതിയൊരു ലോകത്തെ കുറിച്ച വീക്ഷണം നമുക്കാവശ്യമായുണ്ട്, അത്തരമൊരു പുതുവീക്ഷണമാണെങ്കിൽ രൂപപ്പെട്ടു വരുന്നുമില്ല. 

ചോദ്യം: ഈ നവലിബറൽ ലോകക്രമത്തിൽ പുതിയൊരു മെച്ചപ്പെട്ട ലോകത്തെ കുറിച്ചുള്ള വീക്ഷണം താങ്കൾ കാണുന്നുണ്ടോ?

സയ്യിദ്: വംശഹത്യക്കെതിരിൽ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം മെച്ചപ്പെട്ടൊരു ലോകത്തെ കുറിച്ചുള്ള പുതുവീക്ഷണത്തിന്റെ സാധ്യതയെ നമുക്കു മുന്നിൽ തുറന്നിടുന്നുണ്ട്; ബോസ്നിയയിൽ നമുക്ക് നഷ്ടമായ, റോഹിങ്ക്യയിലും ചെച്നിയയിലും അല്ലെങ്കിൽ ഉയിഗൂറുകളുടെയും കാശ്മീരികളുടെയും കാര്യത്തിൽ സംഭവിക്കാതെ പോയ ഒരു വീക്ഷണം. പക്ഷേ ഇസ്ലാമിസ്താനിലെ ഒട്ടേറെ ഇടങ്ങളിൽ ഇത്തരം റാലികൾ സംഘടിപ്പിക്കൽ അസാധ്യമാണെന്ന വസ്തുതയും ഓർമ്മിക്കൽ പ്രധാനമാണ്. ഉദാഹരണത്തിന്, റിയാദിൽ അത്തരമൊരു റാലി നിങ്ങൾക്ക് സാധ്യമാവുകയില്ല. അതായത്, ഒരു സംഗീതവിരുന്നിൽ ഷക്കീറ പാടുന്നത് നിങ്ങൾക്ക് റിയാദിൽ ഇരുന്ന് ആസ്വദിച്ച് കാണാം, പക്ഷേ ഫലസ്തീന് വേണ്ടി ജനങ്ങളുടെ ഒരു പ്രതിഷേധ റാലി നിങ്ങൾക്കവിടെ സാധ്യമാവില്ല.

എന്നിരുന്നാലും. മറ്റു ചില മുസ്‌ലിം രാജ്യങ്ങളിലും വമ്പിച്ച പ്രതിഷേധ റാലികൾ അരങ്ങേറിയിട്ടുണ്ട്. പക്ഷേ പല ഭരണകൂടങ്ങളും അത്തരം ജനകീയ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള ഒരേയൊരു സംഗതി ജനങ്ങളുടെ ഈ ശക്തിയാണെന്ന് ഭരണകൂടങ്ങൾ തിരിച്ചറിഞ്ഞതിനാലാണിത്. അതിനാൽ, ജനങ്ങൾ ഇങ്ങനെ ഒന്നിച്ചു കൂടി അവരുടെ ശക്തി തിരിച്ചറിയുന്നതിനെ ഈ ഭരണകൂടങ്ങൾ ഭയക്കുന്നു. 

ചോദ്യം: ഒരു പരിഹാരമെന്ന നിലയിൽ താങ്കളെന്താണ് കാണുന്നത്? 

സയ്യിദ്: പരിഹാരമെന്നു പറയുന്നത്… രാഷ്ട്രീയ പ്രക്ഷോഭത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അവരെ അതേപറ്റി പഠിപ്പിക്കുകയും ചെയ്യുകയെന്ന താങ്കളുടേതു പോലുള്ള സംഘടനകളുടെ പ്രവർത്തനത്തിന്റെ ഭാഗമാണത്. കാരണം പരിഹാരം പൊടുന്നനെയങ്ങ് സംഭവിക്കുകയില്ല. അതിന് പ്രവർത്തനങ്ങളാവശ്യമുണ്ട്. അതിന് അറിവ് ആവശ്യമായുണ്ട്. അതിന് ബഹിഷ്കരണ സമരങ്ങളുടെ സാധ്യതകളെ മനസ്സിലാക്കേണ്ടതുണ്ട്, ആശയ മത്സരങ്ങളിൽ വിജയിക്കുക എന്നത് ഒരുദാഹരണമാണ്. 

ബഹിഷ്കരണ മുന്നേറ്റങ്ങൾ ഫലം കണ്ടിരുന്നു. അത് നടക്കും, പക്ഷേ അത് മാത്രം പോര. ബഹിഷ്കരണങ്ങളിൽ മാത്രം നിൽക്കേണ്ടി വരുന്നതിന്റെ കാരണം, നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സംഗതി അത് മാത്രമാണ് എന്നതിനാലാണ്. കാരണം, നേരിട്ടുള്ള കൂടുതൽ പരുഷമായ നീക്കങ്ങൾ നടത്താൻ നിങ്ങളുടെ ഭരണകൂടങ്ങളെ നിർബന്ധിക്കാൻ നിങ്ങൾക്ക് കഴിയില്ല.

ഒന്നുകിൽ ജനങ്ങൾക്ക് ഒന്നും ചെയ്യാനുദ്ദേശമില്ല, അല്ലെങ്കിൽ അവർക്ക് ശേഷിയോ അറിവോ ഇല്ല. അതുകൊണ്ട്, പ്രക്ഷോഭ പരിപാടികളുടെ ഒരു ഭാഗമെന്നത് മെച്ചപ്പെട്ട ലോകത്തിന്റെ സാധ്യതകളെ കുറിച്ച് നാം നമ്മെ തന്നെ ബോധവൽക്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. മറ്റ് ഉദാഹരണങ്ങളെ നോക്കി എങ്ങനെ ഇത് നടപ്പിലാക്കാമെന്ന് പഠിക്കലാണ്.  ഉദാഹരണത്തിന്, മാൽക്കം എക്സിനെ പോലുള്ളവരുടെയും അൾജീരിയക്കാരുടെയുമൊക്കെ രാഷ്ട്രീയ പോരാട്ടങ്ങളെ കുറിച്ച് അല്ലെങ്കിൽ ഇമാം ഷാമിലിന്റെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് എത്ര മുസ്‌ലിങ്ങൾക്കറിയാം. ഇതൊക്കെ നമുക്ക് നഷ്ടമായിരിക്കുന്നു. കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അവരെ കുറിച്ച് നമ്മെ പഠിപ്പിക്കുന്നില്ല… അങ്ങനെ പ്രതിരോധത്തിന്റെ ആ പൈതൃകമൊക്കെ നമുക്ക് നഷ്ടപ്പെട്ടു പോയി. അതിനാൽ നമ്മുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗമെന്നു പറയുന്നത് നമ്മെ തന്നെ പഠിപ്പിക്കുക എന്നുള്ളതായിരിക്കണം; പ്രതീക്ഷിക്കാൻ, കാര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ നമുക്കാവുമെന്ന് ചിന്തിക്കാൻ, അല്ലെങ്കിൽ കാര്യങ്ങളെ മാറ്റുകയെന്നത് നമ്മുടെ കടമയാണെന്ന് നാം നമ്മെ തന്നെ പഠിപ്പിക്കണം.

ചോദ്യം: താങ്കളുടെ അഭിപ്രായത്തിൽ അത്തരമൊരു വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങൾ എന്തൊക്കെയായിരിക്കും?

സയ്യിദ്: സ്വയം അപകോളനീകരിക്കുക എന്നതാണ് അതെന്ന് ഞാൻ പറയും. അറിവിനെ അപകോളനീകരിക്കുക എന്നതാണെന്ന് പറയാം. നിലവിൽ നാം അനുവദിച്ചതിലും ആഴത്തിലായിരിക്കണം അപകോളനീകരണം. അപകോളനീകരണത്തിലൂടെ നമ്മുടെ ആത്മവിശ്വാസം വളരും. 

ഉദാഹരണത്തിന്, ഓ.ഐ.സിയിലെ (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ്) ഏകദേശം എല്ലാ സൈന്യങ്ങളും, ഒന്നോ രണ്ടോ അപവാദങ്ങൾ മാറ്റിനിർത്തിയാൽ, പാശ്ചാത്യൻ സൈനിക യുക്തിയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടവയാണ്. അതേസമയം, സ്ഥാപനപരമായ അവരുടെ ഓർമ്മകൾ കൊളോണിയലുമാണ്. പലപ്പോഴും മറ്റു മുസ്‌ലിങ്ങളെ അടിച്ചമർത്തിയും കൊന്നു തള്ളിയുമാണ് അവർ ആദരവ് നേടിയെടുക്കാറുള്ളത്. ഈജിപ്തിലും അൾജീരിയയിലും പാകിസ്താനിലും ഇന്തോനേഷ്യയിലും അവർ ചെയ്തു കൊണ്ടിരുന്നതും ഇതായിരുന്നു. 

പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അത്തരമൊരു വിമർശനാത്മക അറിവോ അല്ലെങ്കിൽ സഹജമായ വിമർശനപരതയോ നിങ്ങളുടെ പക്കലില്ലെങ്കിൽ, പ്രശ്നങ്ങളെങ്ങനെ പരിഹരിക്കണമെന്നു പറയുന്ന മറ്റു ഗ്രന്ഥങ്ങളെയും പാശ്ചാത്യൻ സങ്കേതങ്ങളെയും ആശ്രയിച്ച് നാം പ്രശ്ന പരിഹാരം കാണും. അത്തരം അവലംബങ്ങൾ സഹായകരമല്ല. അത് മെച്ചപ്പെട്ട പുതിയൊരു ലോക നിർമ്മിതിക്കായുള്ള ഉപകരണസാമഗ്രികൾ പ്രദാനം ചെയ്യുന്നതിന് പകരം, ക്രൂരതയും അനീതിയും നിറഞ്ഞ ഈ  ലോകം എങ്ങനെയാണോ ആ ലോകത്തിൽ തന്നെ നിങ്ങളെ തളച്ചിടുകയേയുള്ളൂ. പക്ഷേ അപകോളനീകരണം മെച്ചപ്പെട്ടൊരു ഭാവിയുടെ നിർമ്മാണത്തിനാവശ്യമായ മാർഗ്ഗങ്ങൾ നമുക്ക് പ്രദാനം ചെയ്യും. 

അതുകൊണ്ട് തന്നെ യഥാർത്ഥത്തിലുള്ള പ്രശ്നമെന്നു പറയുന്നത് ഇപ്രകാരമാണ്; ദേശാതീതവും, ഭാവി കേന്ദ്രീകൃതവും, സ്വന്തം പാത വെട്ടിത്തെളിക്കാൻ പര്യാപ്തവുമായ ഒരു മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തിന്റെ ഉയർച്ചയെ സാധ്യമാക്കാൻ നമുക്ക് കഴിയുമോ? അതല്ലാത്ത പക്ഷം  നാം ടൈറ്റാനിക്കിലെ യാത്രക്കാരെ പോലെയായിരിക്കും; ചിലർക്ക് നല്ല ഇരിപ്പിടമുണ്ടായിരിക്കാം മറ്റു ചിലർ മോശം ഇരിപ്പിടത്തിലായിരിക്കാം, പക്ഷേ എന്തു തന്നെയായാലും ഈ കപ്പൽ മുങ്ങും, അതോടൊപ്പം നമ്മളും!


കടപ്പാട്: Anadolu Agency

വിവർത്തനം: മൻഷാദ് മനാസ്

സൽമാൻ സയ്യിദ്