Campus Alive

പാവങ്ങൾക്കല്ലാത്ത (പാവങ്ങളെക്കുറിച്ചുള്ള) സാമ്പത്തിക നൊബേൽ

2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനത്തിന് അഭിജിത് ബാനർജി, എസ്തർ ഡുഫ്ലോ, മൈകേൽ ക്രെമർ എന്നിവരെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആഗോള തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന് ഇവർ നൽകിയ നൂതനമായ പരീക്ഷണ സ്വഭാവത്തിലുള്ള സംഭാവനകളാണ് സ്വീഡിഷ് അക്കാദമി ഇവരെ അവാർഡിന് തിരഞ്ഞെടുക്കാൻ കാരണം. സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം 1969ല്‍‌ തുടങ്ങിയതാണ്. യുദ്ധക്കോപ്പ്‌ നിർമാതാവ് കൂടിയായ അവാർഡിന്റെ ഉപജ്ഞാതാവ്, ആൽഫ്രഡ് നൊബേൽ, സാമ്പത്തിക ശാസ്ത്രത്തെ ഇതിന് പരിഗണിച്ചിരുന്നില്ല.

ബാനർജിയും ഡുഫ്ലോയും Massachusetts institute of technology (MIT) യിലും ക്രെമെർ ഹാർവാർഡിലും സാമ്പത്തിക ശാസ്ത്ര പ്രൊഫസർമാരാണ്. പരീക്ഷണ സ്വഭാവത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുക എന്നത് തികച്ചും നൂതനവും പുതിയതുമായ ഒരു സമീപനമാണ്, പ്രത്യേകിച്ചും വികസന കാഴ്ചപ്പാടുകളെ കുറിച്ചും പോളിസികളെ കുറിച്ചുമുള്ളവയിൽ. പരീക്ഷണം നടത്താൻ ഉദ്ദേശിക്കുന്ന ഇടത്ത് നിന്നും അവ്യവസ്ഥാപിതമായ എന്നാൽ നിയന്ത്രിതമായ രീതിയിൽ ഒരു സാമ്പിൾ (മനുഷ്യരെ) തിരഞ്ഞെടുക്കുകയും പരീക്ഷണ വ്യവസ്ഥയിലൂടെ ഒരു (ഗവർമെന്റ്) പോളിസിയുടെ ഇഫക്ട് മനസ്സിലാക്കുകയും ചെയ്യുക എന്ന സമീപനമാണ് randomised controlled trials (RCT) എന്ന പേരിൽ പ്രശസ്തി നേടിയത്. ഈ ഒരു രീതിയെ ലോകത്ത് പ്രൊമോട്ട് ചെയ്യുന്നതിൽ നൊബേൽ ജേതാക്കളായ ഈ മൂന്ന് പേരും അതി പ്രശസ്തരാണ്. ഇവരുടെ പ്രവർത്തനങ്ങളുടെയും ഫലമായിക്കൊണ്ട്  JPAL, 3ie, വേൾഡ് ബാങ്ക് ഡെവലപ്പ്മെന്റ് ഇംപാക്ട് ഇവാലുവാഷൻ ഗ്രൂപ് (DIME) എന്നിവരൊക്കെ RCT ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ സംഘടകളൊക്കെയും ലോകത്തെ വികസന ചർച്ചകളിൽ വലിയ പങ്കുള്ളവരും ആണ്. Poor Economics: A Radical Rethinking of the Way to Fight Global Poverty എന്ന പേരിൽ ബാനർജിയും ഡുഫ്ലോയും 2011 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഈ സമീപനത്തെ ഇത്ര പ്രശസ്തമാക്കിയത്‌. RCT ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് മരുന്ന് നിർമാണ മേഖലയിലാണ്. ഏത് അസുഖത്തിന് ഏത് മരുന്ന് എന്ന് നിർണയിക്കാൻ ഒരു പോലെ ശരീര ഘടനകളുള്ള എലികളിലും മറ്റും പരീക്ഷണം നടത്തി തെളിയിക്കും പോലെയാണ് ഈ ‘വികസന മരുന്ന്’ നിർമാണ പ്രക്രിയ.

ഇപ്രാവശ്യത്തെ നൊബേൽ പ്രഖ്യാപനത്തിന് ശേഷം ( എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ) ഒരുപാട് നിരൂപണങ്ങൾ വന്നിട്ടുണ്ട്, ‘അവികസിത’ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും. ഈ വിയോജിപ്പുകൾ രണ്ടർഥത്തിൽ പരിഗണാർഹമാണ്. ഒന്നാമതായി ഈ പരീക്ഷണങ്ങൾക്ക് ഒരു ethical code of conduct ഇല്ല. മാത്രമല്ല RCT യുടെ methodology യിലും മറ്റും പല അപാകതകളും ചൂണ്ടിക്കാണിക്കപ്പെടുകയും methodological validity സ്ഥിരീകരിക്കാൻ കഴിയാതെ വരുകയുമുണ്ട്. ഇങ്ങനെയുള്ള വിയോജിപ്പുകൾ നിലനിൽകുന്ന ഒരു വികസന ഗവേഷണ സമീപനത്തിനാണ് നൊബേൽ നൽകിയിരിക്കുന്നത്. മാത്രമല്ല ഇതുകൊണ്ട് ദാരിദ്ര്യ നിർമാർജനത്തിനോ ദരിദ്രർക്ക് തന്നെയും ഏതെങ്കിലും അർത്ഥത്തിൽ ഉപകാരപ്പെടുന്നതായി ബോധ്യം വന്നിട്ടുമില്ല.

രാൻഡമിസ്റ്റാസ്, അതാണ് പൊതുവെ RCT ഉപയോഗിക്കുന്നവരെ വിളിക്കാറ് (random sampling ചെയ്യുന്ന randomistas). ബനേർജിയുടെയും സംഘത്തിന്റെയും പല RCT പരീക്ഷണങ്ങളും കറുത്ത (black and brown) വർഗ്ഗക്കാര്‍ക്കിടയിലാണ് നടത്തിയിട്ടുള്ളത്. ആഫ്രിക്കയിലെ കെനിയയുടെ പടിഞ്ഞാറ് ഭാഗവും ഇന്ത്യയുമൊക്കെ ഇതിന് പേര് കേട്ട സ്ഥലമാണ്. ഒരു വികസന പരീക്ഷണ ശാല പോലെയാണ് അവിടം. രാൻഡമിസ്റ്റാസ് ഇവിടെ ഒരു അപൂർവമായ പരീക്ഷണം നടത്തി. രണ്ട് ഗ്രാമങ്ങളിൽ നിന്നായി അവ്യവസ്ഥാപിതമായി കുറച്ച് പേരെ തിരഞ്ഞെടുത്തു. എല്ലാവർക്കും കൊറച്ച് പൈസ കൊടുക്കുകയാണ് രണ്ടാമത്തെ ഘട്ടം. എന്നാൽ ഒരു ഗ്രാമത്തിന് കൂടുതലും മറ്റെ ഗ്രാമത്തിന് കുറവും പൈസയാണ് കൊടുത്തത്. ഇവർക്കിടയിൽ അസൂയ വളരുന്നുണ്ടോ എന്നറിയാൻ ആണ് ഈ വിചിത്ര പരീക്ഷണം! ഈ പ്രൊജക്ടിന്റെ ടൈറ്റിൽ അതിനും ഗംഭീരം – “Is Your Gain My Pain?” ഇന്ത്യയിലും ഇത് പോലെ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. അധ്യാപകരുടെ അറ്റെണ്ടെൺസ് കൂടുന്നുണ്ടോ എന്നറിയാൻ ക്ലാസ് റൂമുകളിൽ ക്യാമറകൾ ഘടിപ്പിച്ചാണ് Swedish academy യുടെ ഫണ്ടിംഗോട് കൂടി നടത്തിയ ഒരു പരീക്ഷണം. ഇത്തരം പരീക്ഷണങ്ങൾക്ക് പലപ്പോഴും ആവശ്യമായ rationalisation ഉണ്ടാവാറില്ല. മാത്രമല്ല ഇതിൽ പലതും പുറം ലോകം അറിയുക പോലുമില്ല. ഇത്തരം വികസന പരീക്ഷണങ്ങൾക്ക് പടിഞ്ഞാറ് ഇരയാകാറില്ല എന്നതാണ് ഇതിലെ മറ്റൊരു സത്യം.

RCT പ്രസ്ഥാനങ്ങളുടെ ചൂഷണാത്മകതയെ കുറിച്ചാണ് മറ്റൊരു വലിയ ആശങ്ക. ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിൽ ഒരുപാട് മനുഷ്യരുടെ പല തരം ത്യാഗം അനിവാര്യമാണ്, പ്രത്യേകിച്ചും ഇതിന്റെ സബ്ജക്ടുകൾ (subjects)  പല പ്രയാസകരമായ മാനസിക അവസ്ഥകളിലൂടെ ഈ സന്ദർഭത്തിൽ കടന്നു പോകേണ്ടി വരുന്നുണ്ട്. ഒരുപാട് ശാരീരികവും വ്യവസ്ഥാപരവുമായ (manual and institutional) സഹായങ്ങൾ ആവശ്യമായി വരുന്നതിനാൽ രാൻഡമിസ്റ്റാസ് പ്രാദേശിക ഉപകരണങ്ങളാണ് പലപ്പോഴും ഈ പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്താറുള്ളത്. അതുകൊണ്ട് തന്നെ ഇതിൽ പങ്ക് വഹിക്കുന്ന പലരും പ്രാദേശികമായി available ആയ അധ്യാപകരും, വിദ്യാർഥികളും മറ്റ് പല സാമൂഹിക പ്രവർത്തകരും ഒക്കെ ആണ്. എന്ത് വ്യവസ്ഥകളാണ് ഈ ആളുകളൊക്കെ ഇവരുടെ പരീക്ഷണങ്ങൾക്ക് സഹായം നൽകുന്നത് എന്ന് പലപ്പോഴും വ്യക്തമല്ല. മിക്ക സമയങ്ങളിലും പ്രാദേശിക ഭരണ കർത്താക്കളിലൂടെ ആണ് ഇതൊക്കെ നടപ്പിലാക്കുന്നത്. ഈ process അവസാനിക്കുമ്പോൾ രാൻഡമിസ്റ്റാസ് തങ്ങളുടെ സ്വൈര്യ ജീവത്തിങ്ങിലേക്ക്‌ മടങ്ങുകയും പരീക്ഷണ വസ്തുക്കൾ ഇതിന്റെ ബാക്കി പത്രങ്ങൾ അനുഭവിക്കുകയും ആണ് പതിവ്. അതിനപ്പുറം ഈ പ്രൊജക്ട് പൂര്‍‍‍‍‍‍‍ത്തിയാക്കിയതിന് അവർക്ക് കിട്ടുന്ന പ്രശസ്തിയും പണവും തുടങ്ങിയ ഒന്നും തന്നെ പരീക്ഷണ മനുഷ്യര്‍ക്ക് (Subjects) ലഭിക്കുകയില്ല. ഈ പ്രാവശ്യത്തെ നൊബേൽ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ പഠനങ്ങളിൽ ഭൂരിഭാഗവും ഒരു generalization സാധ്യമാക്കുന്നവയല്ല. അതുകൊണ്ട് തന്നെ ഇതൊരു പോളിസി നിർമാണം എന്ന നിലയിൽ ഒരു ഉപകാരവും ഇല്ലാത്തതാണ്.

ഈ പറഞ്ഞ പ്രശ്നങ്ങളൊന്നും നൊബേൽ കമ്മിറ്റി അഡ്രസ്സ് ചെയ്യുന്നില്ല എന്ന് മാത്രമല്ല, അവർ തികച്ചും വസ്തുതാ വിരുദ്ധമായ സ്റ്റേറ്റ്മെന്റ് പുറത്ത് വിടുകയാണ് ചെയ്തത്. ഈ ഒരു method ന്റെ generalization സാധ്യതയെ കുറിച്ചും നൊബേൽ ജേതാക്കൾ ഗവേഷണം നടത്തിയിട്ടുണ്ട് എന്ന് ന്യായീകരിക്കൻ ശ്രമിക്കുകയാണ് കമ്മിറ്റി ചെയ്തത് – “the laureates have also been at the forefront of research on the issue of [whether experimental results apply in other contexts]”. എന്നാൽ വാസ്തവം മറ്റൊന്നായിരുന്നു. രാൻഡമിസ്റ്റാസിൽ തന്നെയുള്ള മറ്റ് പലരുമാണ് generalization നെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. ഈ പരീക്ഷണശാല സെറ്റപ്പിന് പുറത്ത് ഇതൊന്നും ഉപകാരപ്രദമല്ലെങ്കിൽ പിന്നെ ഇതെങ്ങനെയാണ് ആഗോള ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നത് എന്നതാണ് അതി പ്രസക്തമായ ചോദ്യം!

വിദേശത്ത് നിന്ന് ആളുകൾ വന്നു പരീക്ഷണം നടത്തി നിർമ്മിക്കേണ്ടതല്ല വികസനം എന്നതു ചരിത്രപരമായ സത്യമാണ്, പ്രത്യേകിച്ചും ഈ മാർഗേന ദാരിദ്ര്യം ഇല്ലാതാക്കാം എന്ന് തെളിയിക്കാൻ രാൻഡമിസ്റ്റാസിന് ഇതുവരെ കഴിയാത്ത സ്ഥിതിക്ക്. മറ്റ് ശാസ്ത്ര വിഷയങ്ങളിൽ നടക്കുന്ന രീതികളെ സോഷ്യൽ സയസസിൽ പുനരുൽപ്പാദിപ്പിക്കുകയല്ലാതെ അതിന്റെ സാധുതയെ കുറിച്ച് പരിഗണനീയമായ അടിസ്ഥാനങ്ങൾ ഇതുവരെ മുന്നോട്ടുവെക്കാന്‍ രാൻഡമിസ്റ്റാസിന് കഴിഞിട്ടില്ല.

നൊബേൽ നൽകേണ്ടത് ഇവർക്ക് തന്നെ ആയിരുന്നോ എന്നതല്ല വിഷയം. അത് അവർക്ക് നേടിക്കൊടുത്ത ഐഡിയ – അതിന്റെ ഗുണങ്ങളെയും വിശ്വാസ്യതയുമാണ് ഇവിടെ പ്രശ്‌നവൽകരിക്കുന്നത്.

(ജോഹന്നാസ്ബർഗ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്‌സ് വിഭാഗം പ്രൊഫസറാണ് സീൻ മുള്ളർ, കേപ്പ് ടൗണ്‍ യൂണിവേഴ്സിറ്റി എക്കണോമിക്സ് വിഭാഗം പ്രൊഫസറും ‘ആഫ്രിക്ക ഈസ്‌ എ കൺട്രി’ എന്ന ജേർണലിന്റെ എഡിറ്ററുമാണ് ഗ്രീവ് ചെൽവ)

വിവർത്തനം – ഇര്‍ഫാന്‍ കെ.സി

ഗ്രീവ് ചെല്‍വ / സീന്‍ മുള്ളര്‍