Campus Alive

കോവിഡ്-19: അപര്യാപ്തമായ സാമ്പത്തിക വ്യവസ്ഥ

കൊറോണ കാലത്തെ ഒരു പ്രധാന ചോദ്യം തയ്യാറെടുക്കാൻ ഇനിയും വൈകുന്നതെന്ത് എന്നുള്ളതാണ്. ഒന്നാം ലോകം എന്ന് സ്വയമേ വിശേഷിപ്പിക്കുന്ന അമേരിക്കയും ഇറ്റലിയും മറ്റു വികസിത രാജ്യങ്ങൾ പോലും ഈ അവസരത്തിൽ അമ്പിച്ച് നിൽക്കുകയാണ്. ലോകാരോഗ്യ വ്യവസ്ഥയിലെ പ്രത്യേകിച്ച് ഇന്ത്യയിലെ അപചയങ്ങളെ തുറന്നു കാണിക്കുന്നതാണ് കൊറോണയെന്ന മഹാമാരി.

ഓഹരി വിപണിക്ക് അമിതപ്രാധാന്യം നൽകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. മൂലധനാധിഷ്ഠിധ/കാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഓഹരിവിപണി ആഭ്യന്തര-അന്താരാഷ്ട്ര നിക്ഷേപ വ്യവഹാരങ്ങളെ എളുപ്പമാക്കാനുള്ളതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ലോക സാമ്പത്തിക വ്യവസ്ഥയുടെ നിക്ഷേപങ്ങളുടെ ഒഴുക്കിനെ അവശ്യ ഇടങ്ങളിൽ നിന്നും മാറ്റി സ്വകാര്യ ലാഭത്തിലേക്ക് വഴി തിരിച്ച് വിടുന്ന അവസ്ഥയാണ് ഓഹരി വിപണി ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. പൊതു മേഖലകളിലേക്ക് പ്രത്യേകിച്ചും പൊതു ആരോഗ്യ രംഗത്തേക്കുള്ള നിക്ഷേപങ്ങളുടെ കുറവ് ഒരു പ്രധാന കാരണമാണ്.

ജോ കാരേൽ

ലോകത്ത് കൊറോണ വൈറസ് എന്ന പേരിൽ അനിശ്ചിതവും അനിയന്ത്രിതവുമായ ഒരു വ്യാധി പടർന്നിരിക്കുകയാണ്. ഇതിനെ നേരിടുന്നതിൽ സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങളുടെ പങ്ക് ചെറുതല്ല എന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ജോ കാരേൽ, ക്ലെയർ വെൻഹമുമായുള്ള (Joe Cerrell, Managing Director, Global Policy and Advocacy, Bill & Melinda Gates Foundation, in conversation with Claire Wenham, Assistant Professor at the LSE) അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. തുടർച്ചയായി പല അവസരങ്ങളിൽ ഈ ലോകം വൈറസ് അറ്റാക്കിന് ഇരയായിട്ടുണ്ട്. SAARS, EBOLA തുടങ്ങിയവയാണ് സമീപ കാല ഉദാഹരണങ്ങൾ. ആരോഗ്യ രംഗത്തെ സാങ്കേതകവിദ്യകൾ മെച്ചപ്പെടുത്താനും, അത് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാനും ആരോഗ്യ രംഗത്ത് ഫണ്ടിംഗ് നിർബന്ധമാണ്. സംഭവിക്കുമെന്ന് ഉറപ്പുള്ള വൈറസ് ബാധകളെ നേരിടാൻ മുൻകരുതൽ എടുക്കാൻ സഹായകമാകേണ്ട ഒരു സാമ്പത്തിക വ്യവസ്ഥ ഈ അവസരത്തിൽ കൈ മലർത്തി നിൽക്കുകയാണ് എന്ന് പറയേണ്ടിവരും. കൊറോണ വൈറസ് പ്രതിരോധത്തിൻറെ ആദ്യ ഘട്ടത്തിൽ ഈ ലോകം ചിലവഴിച്ചതിന്റെ ഒരു ചെറിയ ശതമാനം മതിയാകുമായിരുന്നു ആവശ്യത്തിനുള്ള വെന്റിലേറ്ററുകളും ഹോസ്പിറ്റൽ ബെഡ്ഡുകളും ടെസ്റ്റ് കിറ്റുകളും മറ്റു ഉത്പാദിപ്പിക്കാനും സൂക്ഷിച്ചുവെക്കാനും എന്ന് പ്രശസ്ത അമേരിക്കൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ പ്രൊഫസർ റിച്ചാർഡ് വുൾഫ്‌ പറയുന്നുണ്ട്‌(Professor of Economics Emeritus, University of Massachusetts). ചില കണക്കുകൾ പറയുന്നത് അനുസരിച്ച് ദക്ഷിണകൊറിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ആയിരം പേർക്ക് 5-8 ഹോസ്പിറ്റൽ ബെഡ്ഡുകൾ ആണ് ലഭ്യമായിട്ടുള്ളത് എങ്കിൽ അമേരിക്കയിൽ അത് 2.5 ബെഡ്ഡുകൾ മാത്രമാണ്. ഇന്ത്യയുടെ അവസ്ഥ ഇതുമായി താരതമ്യപ്പെടുത്താൻ ആവില്ലെങ്കിലും ഭീതിജനകമാണ് എന്ന് പറയാതിരിക്കാൻ വയ്യ. 1826 പേർക്ക് ഒരു ഹോസ്പിറ്റൽ ബെഡും 36000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡും, 84000 പേർക്ക് ഒരു ഐസൊലേഷൻ ബെഡും മാത്രമാണ് മാർച്ച് 2017 ലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഉള്ളത്.

റിച്ചാർഡ് വുൾഫ്‌

ഇന്ത്യക്ക് മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ ജനസാന്ദ്രത ഉണ്ട് എന്നതും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമാണ് എന്നതിനാലും സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമാണ് ഇപ്പോഴുള്ള ഒരേയൊരു പ്രതീക്ഷ. പക്ഷേ അത് കൊണ്ട് രോഗ പ്രതിരോധത്തിന് ഒരുങ്ങാൻ കുറച്ചധികം സമയം ലഭിക്കുന്നുണ്ട് എന്നത് മാത്രമാണ് ഉപകാരം. ഈ കണക്കിന് കൊറോണ ബാധിതരുടെ എണ്ണം അധികരിക്കുകയാണെങ്കിൽ ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിലെ ഹോസ്പിറ്റൽ ബെഡ്ഡുകൾ മതിയാവാതെ വരും. ചില സംസ്ഥാനങ്ങളെ ഈ പരിമിതികൾ കാര്യമായി ബാധിക്കുകയും ചെയ്യും. ഗുജറാത്ത്, ബീഹാർ, ഒഡിഷ, ഝാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, സിക്കിം, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ് ബെഡ്ഡുകളുടെ കണക്ക്. ഇന്ത്യയിലെ കൊറോണ ടെസ്റ്റിംഗ് നിരക്ക് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്. ഇന്ത്യയിൽ ഇതുവരെ നടത്തിയ ടെസ്റ്റുകളിൽ 20 ശതമാനവും കേരളത്തിൽ മാത്രമാണ് എന്നത് ചേർത്ത് വായിക്കേണ്ട ഒന്നാണ്. കൂടുതൽ ടെസ്റ്റുകൾ നടത്താൻ ശേഷി വർദ്ധിപ്പിക്കേണ്ട ഗവൺമെൻറ് ഇതുവരെ വൈറസ് ബാധയെ നേരിടാൻ മതിയായ സാമ്പത്തിക പാക്കേജ് പോലും പ്രഖ്യാപിച്ചിട്ടില്ല(). പല ആശുപത്രികളിലും അത്യാവശ്യമായി വേണ്ട മാസ്കുകൾ പോലുമില്ലാത്തതിനാൽ ലക്നൗവിലെ ഹോസ്പിറ്റലിൽ കൊറോണ ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടർമാരിലേക്ക് വൈറസ് ബാധ പടർന്നിരിക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. പല സ്ഥലങ്ങളിലും ഡോക്ടർമാർക്കും നഴ്സുമാർക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്.

ഇന്ത്യയിലെ ആരോഗ്യ രംഗം അമേരിക്കയെ പോലെ തന്നെ സ്വകാര്യ ആതുര സേവന മേഖലക്ക് മേൽകൈ ഉള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം ഔട്ട്പേഷ്യൻസിന്റെ 18 ശതമാനവും ഇൻപേഷ്യൻസിന്റെ 44 ശതമാനവും മാത്രമാണ് പൊതുമേഖല ആശുപത്രികളിൽ ചികിത്സ ചെയ്യപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത മൂലം സ്വകാര്യ ആശുപത്രികൾക്ക് മുൻഗണന നൽകപ്പെടുന്നു എന്നതും ഇതിനു കാരണമാണ്. 2014 ൽ ‘നാഷണൽ ഹെൽത്ത് അഷൂറൻസ് മിഷൻ’ എന്ന പേരിൽ ഇതിൽ എല്ലാവർക്കും സൗജന്യമായി മരുന്നുകളും പരിശോധനകളും ഇൻഷുറൻസും നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് പ്രധാനമന്ത്രി. 2015 ൽ ആയുശ്മാൻ ഭാരത് സ്കീം എന്ന പേരിൽ 5 ലക്ഷം മൂല്യമുള്ള ഇൻഷൂറൻസ് ഇന്ത്യയിലെ 40 ശതമാനം ആളുകൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇൻഷൂറൻസ് പോലും സ്വകാര്യ ആശുപത്രികളിലൂടെ ആണ് ഭൂരിഭാഗവും നടപ്പിലാക്കുന്നത്. സ്വാഭാവികമായും ഇത് മറ്റൊരു കോർപ്പറേറ്റ് അജണ്ടയായി മാറുകയും ആപത്ഘട്ടങ്ങളിൽ ജനങ്ങളെ രക്ഷിക്കുന്നതിനു പകരം രക്തം കുടിക്കുകയാണ് ചെയ്യുക എന്നത് വ്യക്തം.

പൊതുമേഖലാ ആരോഗ്യ രംഗത്തിന് മേൽക്കൈ ഉള്ള ഒരു വ്യവസ്ഥക്ക് മാത്രമേ ഈ അവസ്ഥകളെ മാറ്റാനും വൈറസ് ബാധ പോലെ വലിയതോതിൽ സംഗമിക്കുന്ന രോഗങ്ങൾക്കെതിരെ തയ്യാറാകാനും സാധിക്കൂ എന്നും പ്രൊഫസർ വുൾഫ് പറയുന്നു. അമേരിക്കയുടെ തന്നെ ഉദാഹരണം എടുത്തുകൊണ്ട് അദ്ദേഹം പറയുന്നു: സ്വകാര്യ ആരോഗ്യ മേഖലകൾ ഇതിന് ആവശ്യമായ മുൻകരുതലുകൾ കൈകൊള്ളില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ കാലത്തെ അമേരിക്ക. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയിൽ സ്വകാര്യമേഖലക്ക് മുൻകൈ ഉള്ള ആരോഗ്യരംഗം ലാഭകരമല്ലാത്ത ഒരു ഏർപ്പാടും നടപ്പാക്കില്ല. മാർച്ച് 10 ന് റെയ്മണ്ട് ജെയിംസ് ആൻഡ് അസോസിയേറ്റ്സ് പ്രസിദ്ധീകരിച്ച ഒരു പേപ്പർ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. ഇനി അഥവാ കൊറോണക്ക് ഒരു മരുന്നു ഉണ്ടായിരുന്നെങ്കിൽ പോലും ഓഹരി വിപണിക്ക് ഉപകാരപ്പെടുന്നില്ല എങ്കിൽ ആ മരുന്ന് ഉത്പാദിപ്പിക്കപ്പെടുകയില്ല. ഒരു മഹാമാരിക്ക് തയ്യാറെടുക്കാൻ ഉള്ള ചിലവുകൾ ലാഭകരമല്ല എന്നതുകൊണ്ട് തന്നെയാണ് അത്. സ്വകാര്യ ചിലവിനേക്കാൾ (private cost) കൂടുതൽ സ്വകാര്യ ലാഭം (private benefit) ഉണ്ടാവുക എന്നതാണ് കാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുടെ rule of efficiency. മറ്റ് വാക്കുകളിൽ പറഞ്ഞാൽ ലാഭമില്ലെങ്കിൽ efficiency ഇല്ല എന്നാണ് ഈ ബോധം പഠിപ്പിക്കുന്നത്. മാത്രവുമല്ല, ലോകത്ത് നടന്ന പല അടിയന്തരാവസ്ഥയെയും മുതലെടുത്താണ് മുതലാളിത്തം വളർന്നത് എന്ന് നാഓമീ ക്ലീൻ തന്റെ 2007 ലെ “shock doctrine” എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. വൈറസ് അറ്റാക്ക്, ഭൂകമ്പം, സുനാമി, തുടങ്ങിയ ഷോക്കുകളെ മുതലാളിത്തവും ലോക വരേണ്യ വർഗ്ഗങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിന് തെളിവുകൾ നിരത്തുകയാണ് അവർ ഈ പുസ്തകത്തിൽ.

കണക്കുകൾക്കും അപ്പുറത്താണ് ഈ തയ്യാറെടുപ്പില്ലായ്മയുടെ അനന്തരഫലം. മുഴുവൻ ആതുര സേവന മേഖലയും വൈറസിനെ തടയിടാൻ ശ്രമിക്കുമ്പോൾ മറ്റു അസുഖങ്ങൾക്ക് ആവശ്യമായ ശ്രദ്ധ കൊടുക്കാൻ കഴിയാതെ വരും. 2015 ൽ എബോള ബാധിച്ച സ്ഥലങ്ങളിൽ കൂടുതൽ സ്ത്രീകൾ പ്രസവ സംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെട്ടു. സാധാരണ ഗതിയിൽ തടുക്കാനാകുമായിരുന്ന അസുഖങ്ങൾ കാരണം മരിച്ച അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരുടെ എണ്ണം കൂടി. പോളിയോ പോലെ മറ്റ് അത്യാവശ്യ വാക്സിനുകൾ എടുത്തവരുടെ എണ്ണം കുറഞ്ഞു. വൈറസ് ബാധയുടെ ഭീകരത കാരണം ഇത്തരം പ്രശ്നങ്ങളെല്ലാം അപ്രധാനമായി മാറും. തയ്യാറെടുപ്പില്ലായ്മയുടെ സാമൂഹിക ചിലവായി(social cost) ഇതെല്ലാം ചുരുങ്ങും. ഈയൊരു അടിയന്തരാവസ്ഥ കഴിയുന്നതോടെ പ്രശ്നങ്ങൾ എല്ലാം മറന്ന് നമ്മൾ വീണ്ടും ഈ വ്യവസ്ഥകളെ വിശ്വസിച്ചു തുടങ്ങും. 2008 ലെ സാമ്പത്തിക അധപതനത്തെ എത്ര പെട്ടെന്നാണ് നമ്മൾ മറന്ന് അതേ വ്യവസ്ഥയുടെ ബാങ്കുകളുടെയും ഇൻഷൂറൻസ് കമ്പനികളുടെയും പിന്നാലെ ഓടി തുടങ്ങിയത്. അടുത്ത വൈറസ് അറ്റാക്ക് വരുന്നത് വരെയുള്ള ഒരു ദീർഘനിശ്വാസം. അടുത്ത കാലത്ത് തന്നെ ലോകംകണ്ട സാർസ്, എബോള തുടങ്ങിയ ഭയാനകമായ മാരിക്ക്‌ ശേഷവും തയ്യാറെടുക്കാൻ പ്രാപ്തമല്ലാത്ത ഒരു വ്യവസ്ഥ ഉണ്ടെങ്കിൽ അതിന്റെ അടിവേരറുത്തേ മതിയാകൂ.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഇനിയും പല ചോദ്യങ്ങൾ ബാക്കിയാണ്. ഇന്ത്യയിൽ എത്ര പേർക്കാണ് 21 ദിവസത്തെ ലോക് ഡൗൺ താങ്ങാൻ കഴിയുക? എത്ര പേർക്ക് work from home എന്ന പ്രിവിലേജ് ഉണ്ട്? ഇന്നേക്ക് വേണ്ടി ഇന്ന് തന്നെ അധ്വാനിച്ച് ഉണ്ടാക്കി കഴിക്കുന്ന ഒരു വലിയ കൂട്ടം ആളുകൾ ഈ അടിയന്തരാവസ്ഥയിൽ എന്ത് ചെയ്യാനാണ്? നഗരത്തിന്റെ അഴുക്കുകൾ കൊരിക്കൊണ്ടിരിക്കുന്ന അവിടെയുള്ള മേനിയുള്ള വീടുകൾ വൃത്തിയാക്കി പശിയടക്കിയ, ആ വീട്ടുകാരുടെ ദൈനം ദിന ജീവിതങ്ങൾക്ക് നിറം പകരാൻ സ്വയം വെയില് കൊണ്ട് കറുത്ത് കരുവാളിച്ച ഒരു വലിയ കൂട്ടം ജനം രക്തം പുരണ്ട കൈകളുള്ള ഒരു പ്രധാന മന്ത്രിയുടെ പരിഹാസ്യവും മൂഢവുമായ strategic പ്രകടനങ്ങളും കാരണം മരണം മുന്നിൽ കണ്ട് കൊണ്ട് 400 കിലോമീറ്ററുകളോളം നടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വഴിയിൽ വീണ് മരിക്കുന്നത് വാർത്തയാകുമ്പോൾ ആ മാന്ത്രികൻ പറയും “സബ് ചങ്കാസീ”.

ഇർഫാൻ അലി കെ.സി