Campus Alive

മുഹമ്മദുർറസൂലുല്ലാഹ് ‘സാധാരണത്വത്തിന്റെ’ മാനങ്ങൾ

അവരെ ഹിദായത്തിലേക്ക് ക്ഷണിക്കുകയാണെങ്കിൽ, അവർ കേൾക്കുകയില്ല; അവർ താങ്കളിലേക്ക് നോക്കുന്നു, എന്നാൽ അവർ കാണുന്നില്ല. [അൽ-അഅ്റാഫ് : 198‍]

റെനെ ഗ്വെനൻ നിരീക്ഷിച്ചത് പോലെ, ആദർശപരമായ ഭൗതികവാദവും അതു പോലെ തന്നെ പ്രായോഗികമായ ഭൗതികവാദവുമുണ്ട്. പ്രായോഗിക ഭൗതികവാദത്തെ മതത്തിന്റെ ആവശ്യത്തിന് വേണ്ടി പോലും ഉപയോഗിക്കുന്നവരുണ്ട്. യുക്തിവാദവും ഇപ്രകാരം തന്നെ. ആധുനികകാലഘട്ടത്തിന്റെ സവിശേഷതയാണിത്. ഇതിന്റെ പ്രത്യേകതകൾ, ഒന്നാമതായി, ബാഹ്യേന്ദ്രിയങ്ങളിലൂടെയല്ലാതെ അതിനപ്പുറമുള്ള ഒന്നും തന്നെ ഒരാൾക്ക് സംവേദനം ചെയ്യാൻ കഴിയുകയില്ല എന്നതാണ്. മേൽപ്പറഞ്ഞ ആയത്തിൽ പറയുന്നത്, അവർ നോക്കുന്നു എന്നാൽ കാണുന്നില്ല എന്നാണ്. റസൂൽ (സ്വ) നെ നോക്കുന്നതും കാണുന്നതുമായി ബന്ധപ്പെട്ടാണിത്. ബാഹ്യമായ കണ്ണുകൾ കൊണ്ട് അവിടുത്തെ നോക്കുന്നു. എന്നാൽ കാണേണ്ടതെന്തോ അത് കാണുന്നില്ല. അതിന് ആന്തരിക കാഴ്ച അഥവാ ബസ്വീറത് വേണം. രണ്ടാമത്തെ പ്രത്യേകത, ഒരാളുടെ കാഴ്ചയും സംവേദനവും വിഹരിക്കുന്ന മണ്ഡലം തന്നെ വളരെ പരിമിതപ്പെട്ടതായിത്തീരുന്നു എന്നതാണ്. ഇതിന്റെ ഫലമായിട്ടാണ് ഇന്ന് നാം വിവക്ഷിക്കുന്ന ‘സാധാരണത്വം’ എന്ന മിഥ്യ ഉണ്ടായിത്തീരുന്നത്. ഈ ‘സാധാരണത്വത്തിന്റെ’ മിഥ്യാമണ്ഡലത്തിൽ, മനുഷ്യന്റെ യുക്തിയും ബുദ്ധിയും പ്രവൃത്തിയും അല്ലാതെ അതിന്നതീതമായ ഒന്നിനും സ്ഥാനമില്ല ; അതൊന്നും തിരിച്ചറിയപ്പെടുന്നുമില്ല. അല്ലാഹുവിന്റെ അംറ്, സുന്നത്ത്, പ്രവ‍ൃത്തി, ഗുണവിശേഷണങ്ങൾ, തു‍ടങ്ങിയവയും അവയുമായി ബന്ധപ്പെട്ട അസ്തിത്വത്തിന്റെ ഉപരിമണ്ഡലങ്ങളും നിരാകരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ അവയെ തൊട്ടുള്ള അന്ധത പിടികൂടുകയോ ചെയ്യുന്നു. ഭൗതികമാത്രമായ ഉപരിതലത്തിൽ വിഹരിക്കുന്ന വിജ്ഞാനീയങ്ങൾ രംഗം കൈയടക്കുന്നു. യാഥാർത്ഥ്യവും ഉള്ളടക്കവും നഷ്ടപ്പെട്ട യഥാർത്ഥ ജ്ഞാനത്തിന്റെ ബാഹ്യരൂപങ്ങൾ മാത്രമാണിവ. വിജ്ഞാനങ്ങൾ ഉള്ളടക്കം ചോർന്ന് ദിനം പ്രതി അതിവർദ്ധിതമായ രീതിയിൽ ഉൺമയുടെ ബാഹ്യപ്രതലങ്ങളിൽ വിഹരിക്കുന്നതിനെ പുരോഗതിയായി കണക്കാക്കുന്നു. സാധാരണത്വത്തിന്റെ അധിനിവേശത്തിനടിമപ്പെട്ട ആധുനിക മുസ്ലിം മതവാദിക്ക് റസൂൽ (സ്വ) ഇപ്രകാരം ‘സാധാരണ’ മനുഷ്യനാകുന്നു.

‘സാധാരണം-അസാധാരണം’ എന്ന ബൈനറി ഉണ്ടാകുന്നതും ഇങ്ങനെയാണ്. ഭാഷാപ്രയോഗങ്ങളുടെ പരിണാമത്തിൽ, ആധുനികയുക്തിയുടെയും മനോഭാവത്തിന്റെയും പ്രഭാവവും പരിണാമവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭാഷ, ദർശനം, യുക്തി എന്നിവയിൽ ആധുനികയുഗത്തിൽ ഉണ്ടായിട്ടുള്ള പരിണാമാത്മകമായ പരമ്പര ബന്ധങ്ങളെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കാതെ, ആധുനികശാസ്ത്രം, സാങ്കേതികവിദ്യ, മതനവീകരണം, നിർമ്മിത ബുദ്ധി തുടങ്ങിയവയെയൊന്നും മനസ്സിലാക്കാനാവില്ല. ‘സാധാരണം’ എന്ന് നമ്മൾ ഇക്കാലത്ത് കൃത്രിമമായി നിർമ്മിച്ചുണ്ടാക്കിയ മിഥ്യാമണ്ഡലത്തിന്റെ യുക്തിക്ക് നിരക്കാത്തതിനെയാണ് ‘അസാധാരണം’ എന്ന് നമ്മൾ വിളിക്കുന്നത്. ഈ ‘അസാധാരണത്വവും’ ഒരു മിഥ്യയാണ്. അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തുമായി ഈ ‘അസാധാരണത്വത്തിന്’ യാതൊരു ബന്ധവുമില്ല.

നിർമ്മിച്ചെടുക്കപ്പെട്ട ഒരു ‘സാധാരണത്വത്തിലേക്ക്’ റസൂൽ (സ്വ) നെ പരിമിതപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. അതിനോടുള്ള പ്രതികരണമെന്നോണം, അതിന്റെ ദ്വന്ദ്വവിപരീതമായ ഒരു ‘അസാധാരണത്വത്തിലേക്ക്’ നബി (സ്വ) യെ സ്ഥാപിക്കാൻ വേറെ ചിലരും ശ്രമിക്കുന്നു. ‘സാധാരണത്വത്തിന്റെ’ അധിനിവേശപരമായ ഒരു പ്രത്യേകത, അതിന് ജീവിതത്തിന്റെ സകല മണ്ഡലങ്ങളെയും ‘സാധാരണവൽകരിച്ച്’ സമഗ്രമായ ഒരു ദർശനത്തെയൊ പ്രത്യയശാസ്ത്രത്തെയോ നൽകാൻ കഴിയും എന്നതാണ്. എന്നാൽ ജീവിതത്തിന്റെ അങ്ങേയറ്റത്തെ ന്യൂനീകരണത്തിലൂടെയാണ്, ഈ സമഗ്രത നിർമ്മിച്ചെടുക്കപ്പെടുന്നത്. ഇന്ന് സകല വി‍ജ്ഞാനങ്ങളിലും ഈ സാധാരണവൽകരണം നടന്നിട്ടുണ്ട്. വ്യവസ്ഥകളെ ഇന്ന് രൂപപ്പെടുത്തുന്നത്, ‘സാധാരണത്വത്തിന്’ അപ്പുറമുള്ള കാര്യങ്ങളെ ഒഴിവാക്കി ‘സാധാരണമായവയെ’ മാത്രം വേർതിരിച്ചെടുത്ത് പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണത്.

മതത്തിന്റെ ആളുകളുടെ സാധാരണത്വവാദം ഭൗതികാതീതമായ യാഥാർത്ഥ്യങ്ങളെ നിരാകരിക്കുന്നതാവണമെന്നില്ല; മറിച്ച് അവയിലേക്കുള്ള അധ്യാത്മിക കവാടങ്ങളെ സ്വന്തം ജീവിതത്തിൽ നിന്ന് അപ്രാപ്യം, അജ്ഞേയം എന്നൊക്കെ പറഞ്ഞ് കൊട്ടിയടച്ചു കൊണ്ടായിരിക്കും അത്. എന്നാൽ, ഫലത്തിൽ, ഇത് ഭൗതികവാദത്തെയും യുക്തിവാദത്തെയും നമ്മളറിയാതെ തന്നെ സ്വന്തം ജീവിതത്തിൽ സന്നിവേശിപ്പിക്കുന്നത് പോലെയാണ്. മിഅ്റാജിനെ നബി (സ്വ) യുടെ മുഅ്ജിസത് ആയി കാണിച്ചിട്ടുള്ള ദീൻ തന്നെ നിസ്കാരത്തെ മുഅ്മിനിന്റെ മിഅ്റാജ് ആയും വിശേഷിപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നമ്മുടെ ജീവിതം തന്നെ സാധാരണമല്ലല്ലോ. നാസ്തികതയും യുക്തിവാദവും കൊണ്ട് പ്രത്യക്ഷത്തിൽ കടന്നാക്രമിക്കുന്നവരുടെ ആക്രമണത്തിന് പരോക്ഷമായെങ്കിലും ഒരു ഭൂമിക ഒരുക്കിക്കൊടുക്കുന്നതിനെ കുറിച്ച് ‍ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭൗതികവാദവും യുക്തിവാദവും നമ്മളിലേക്ക് എത്തിച്ചേരുന്നത് വ്യതിരിക്തങ്ങളായ ദർശനങ്ങളായല്ല; മറിച്ച്, നമ്മൾ പഠിക്കുന്ന ശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങൾ, മതത്തെ കുറിച്ച വിഭാവനകൾ എന്നിവയിലൂടെയാവാം.

തഫ്സൽ ഇഅ്‌ജാസ്