Campus Alive

യൂസുഫുൽ ഖറദാവി: വിപ്ലവങ്ങളെ പ്രചോദിപ്പിച്ച പണ്ഡിതൻ

2011 ഫെബ്രുവരി പതിനൊന്നാം തിയ്യതി, കെയ്റോയിലെ തഹ്‌രീർ സ്ക്വയറിൽ ജുമുഅ നമസ്കാരത്തിനായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിമുഖീകരിക്കാൻ വേണ്ടി വൃദ്ധനായ ഒരു ആത്മീയ നേതാവ് വേദിയിലേക്ക് കയറുന്നു: “ഈ വിപ്ലവത്തെ നിങ്ങളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കാൻ ആരെയും അനുവദിക്കരുത്; ആ കപടർ അവർക്ക് ചേരുന്ന മുഖങ്ങളെടുത്തണിയും”, കഴിഞ്ഞ ദിവസം ഖത്തറിൽ 96-ാം വയസ്സിൽ അന്തരിച്ച യൂസുഫുൽ ഖറദാവിയുടെ വാക്കുകൾ. “ഈ വിപ്ലവം ഇതുവരേയും അടങ്ങിയിട്ടില്ല. അത് ഈജിപ്തിനെ നിർമ്മിക്കാൻ തുടങ്ങിയിട്ടേയുള്ളൂ, അതുകൊണ്ടീ വിപ്ലവത്തെ കാത്തുകൊള്ളുക”.

ഏഴ് ദിവസങ്ങൾക്ക് ശേഷം ഹുസ്നി മുബാറക്കിന് തന്റെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിനെതിരെയുള്ള ബഹുജന പ്രക്ഷോഭങ്ങൾക്കു മുന്നിൽ മുട്ടുമടക്കി രാജി വെക്കേണ്ടി വന്നു. അതേ വർഷം അവസാനം ഈജിപ്തിൽ ആദ്യത്തെ സ്വതന്ത്ര പാർലിമെന്ററി തിരഞ്ഞെടുപ്പ് നടക്കുകയും നേരത്തേ നിരോധിക്കപ്പെട്ടിരുന്ന മുസ്‌ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ‘ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി (എഫ്.ജെ.പി)’ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി വിജയിക്കുകയും ചെയ്തു. തുടർന്ന്, എഫ്.ജെ.പിയുടെ മുഹമ്മദ് മുർസി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രദർഹുഡിന്റെ പ്രധാന പ്രത്യശാസ്ത്രജ്ഞരിൽ ഒരാളെന്ന നിലയിൽ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ കേന്ദ്രസ്ഥാനം വഹിച്ചയാളാണ് ഖറദാവിയും അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളും. പാണ്ഡിത്യവും ആക്ടിവിസവും സമ്മേളിച്ച ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ ആഗോള മുസ്‌ലിം പണ്ഡിതനെന്ന നിലയിലായിരിക്കും അദ്ദേഹം ഇനി ഓർമ്മിക്കപ്പെടുക.

തഹ്‌രീർ സ്ക്വയറിൽ ജനങ്ങളെ അഭിമുഖീകരിക്കുന്നു

ജീവിതത്തിലുടനീളം ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ ഇസ്‌ലാമിക നിയമത്തോടുള്ള (പാണ്ഡിത്യവും രാഷ്ട്രീയ പ്രവർത്തനവും കൂടിച്ചേർന്ന ഒന്ന്) അദ്ദേഹത്തിന്റെ സമീപനവും ആ ആശയങ്ങളെ ലളിതമായ ഭാഷയിൽ വിനിമയം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷിയും മില്യൺ കണക്കിന് അനുയായികളെ അദ്ദേഹത്തിന് ഉണ്ടാക്കികൊടുത്തിട്ടുണ്ട്.

കൊളോണിയൽ വിരുദ്ധ പ്രവർത്തനം

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന ഈജിപ്തിലാണ് 1926-ൽ ഖറദാവി ജനിക്കുകയും വളരുകയും ചെയ്യുന്നത്. യുവാവായിരിക്കേ മത വിദ്യാഭ്യാസത്തോടൊപ്പം കൊളോണിയൽ വിരുദ്ധ പ്രവർത്തനത്തെയും കൂടെക്കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഈജിപ്ത്യൻ ഭരണകൂടത്തിന്റെ കൈകളിൽ തുടർച്ചയായി തടവിലാവാൻ ഇത് വഴിവെച്ചു. ഈജിപ്ത്യൻ സ്വാതന്ത്രാനന്തരം മുസ്‌ലിം ബ്രദർഹുഡുമായുള്ള (1928-ൽ രൂപീകരിക്കപ്പെട്ടത്, ഖറദാവിക്ക് അന്ന് 2 വയസ്സുണ്ടാകും) അദ്ദേഹത്തിന്റെ ബന്ധവും അറബ് ദേശീയവാദിയായ ഗമാൽ അബ്ദുൽ നാസർ 1950-കളിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതിന് കാരണമായി.

ഒടുവിൽ, പുതിയതായി നിലവിൽ വന്ന ഖത്തർ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി ഓഫ് ശരീഅഃയിൽ ഡീനായി നിയമനം ലഭിക്കുകയും ഇതേതുടർന്ന് 1960-കളുടെ തുടക്കത്തിൽ ഈജിപ്ത് വിട്ട് ഖത്തറിലേക്കു പോകുകയും അവിടെ പൗരത്വം ലഭിക്കുകയും ചെയ്തു. 1973-ൽ ഖത്തറിലായിരിക്കേ പ്രസിദ്ധീകൃതമായ ‘ഫിഖ്ഹു സകാത്ത്’ എന്ന പുസ്തകത്തിലൂടെ ഖറദാവി ഒരു പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചു. ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാന ശിലകളിൽ ഒന്നായ സകാത്തുമായി ബന്ധപ്പെട്ട നിയമങ്ങളെ വിശദീകരിക്കാനും പരിഷ്കരിക്കാനുമുള്ള ശ്രമമായിരുന്നു പ്രസ്തുത ഗ്രന്ഥം. സകാത്തിനെ കേവല അനുഷ്ഠാനമെന്ന നിലയിൽ മാത്രം സങ്കുചിതമായി സമീപിക്കാതെ അതിനെ സാമ്പത്തിക നീതിയെ കുറിച്ചുള്ള ആശയങ്ങളുമായി ബന്ധപ്പെടുത്തികൊണ്ട് സമകാലിക മുസ്‌ലിങ്ങളുടെ അഭിലാഷങ്ങൾക്ക് പ്രസക്തമായ രീതിയിൽ സകാത്തുമായി ബന്ധപ്പെട്ട നിയമങ്ങളെ പുനഃക്രമീകരിക്കുക എന്നതായിരുന്നു പുസ്തകത്തിലൂടെ അദ്ദേഹം ആഗ്രഹിച്ചത്. സമകാലീന മുസ്‌ലിം ജീവിതത്തിന് പ്രസക്തമാവുന്ന രീതിയിലുള്ള പുതിയ വ്യാഖ്യാനങ്ങൾ ഇസ്‌ലാമിക നിയമത്തിന് നൽകുന്നതിന് വേണ്ടി സുന്നി പാരമ്പര്യത്തിലെ നാല് പ്രബല ധാരയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖമല്ലാത്ത രീതിശാസ്ത്രങ്ങളെ (ശിഈ നിയമജ്ഞരുടേത് വരെ) വരെ താൽക്കാലികമായി അദ്ദേഹം പരിഗണിക്കുന്നതായി കാണാം.

മുസ്‌ലിങ്ങളും അമുസ്‌ലിങ്ങളും തമ്മിലുള്ള വിത്യാസങ്ങളെ പരമാവധി കുറച്ചുകൊണ്ട് അമുസ്‌ലിങ്ങളെ ആധുനിക മുസ്‌ലിം സമൂഹത്തിലേക്ക് സമന്വയിപ്പിക്കുന്നതിനായി ഇസ്‌ലാമിക നിയമത്തിന്റെ ചരിത്രപരമായ ചിട്ടവട്ടങ്ങളെ പുനർവ്യാഖ്യാനിക്കാനുള്ള ശ്രമവും ഖറദാവി നടത്തുന്നുണ്ട്. അപ്രകാരം, അമുസ്‌ലിങ്ങൾക്ക് (അവർ മുസ്‌ലിങ്ങളെ ശത്രുക്കളായി കാണുന്നില്ലായെങ്കിൽ) സക്കാത്ത് സ്വീകരിക്കാൻ അനുമതി നൽകുന്ന അഭിപ്രായങ്ങളെ അദ്ദേഹം സാധൂകരിക്കുകയും സക്കാത്ത് ഫണ്ടുകൾ മാർക്സിസം പോലുള്ള ഇസ്‌ലാമിക വിരുദ്ധ സായുധ പ്രത്യയശാസ്ത്രങ്ങളെ പിന്തുണക്കുന്ന നാമമാത്ര മുസ്‌ലിങ്ങളിലേക്ക് പോകുന്നതിനെ വിലക്കുക വരെ ചെയ്തു.

ഇസ്‌ലാമിക നവീകരണം

19-ാം നൂറ്റാണ്ടിൽ ജമാലുദ്ദീൻ അഫ്ഗാനിയിൽ തുടങ്ങി അദ്ദേഹത്തിന്റെ ഈജിപ്ഷ്യൻ ശിഷ്യനായ മുഹമ്മദ് അബ്ദുവിലൂടെ മുന്നോട്ട് പോയ ഇസ്‌ലാമിക ആധുനികവാദം എന്നറിയപ്പെട്ട നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഖറദാവി തന്റെ നിയമ വ്യാഖാന ശ്രമങ്ങളെയും പൊതു നിർദ്ദേശ പ്രകടനങ്ങളെയും കണ്ടത്. പാശ്ചാത്യൻ സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിൽ മുസ്‌ലിംകൾക്ക് തങ്ങളുടെ സ്വാതന്ത്രത്തെയും സ്ഥാനത്തെയും സംരക്ഷിച്ചു നിർത്തണമെങ്കിൽ അതിന് നിയമ പരിഷ്കരണം അനിവാര്യമായ ഒരു ഘടകമായായിരുന്നു അഫ്ഗാനിയും അനുയായികളും കണ്ടിരുന്നത്. മുസ്‌ലിം സ്വയം നിർണയനവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പദ്ധതിയുടെ മുന്നോട്ടുപോക്കിന് ആവശ്യമായ പ്രായോഗിക പരിഷ്കരണങ്ങളുടെ ആവശ്യകതയായിരുന്നു നൂറുകണക്കിന് പുസ്തകങ്ങളും ലഘുലേഖകളും ആയിരക്കണക്കിന് മണിക്കൂറ് വരുന്ന പൊതു പ്രഭാഷണങ്ങളും ക്ലാസുകളുമടങ്ങിയ ഖറദാവിയുടെ ജീവിതത്തിന്റെ ഒരു സുപ്രധാന പരിഗണന.

വസതിയ്യ അല്ലെങ്കിൽ സന്തുലിതത്വം എന്ന ആശയത്തെ മുൻനിർത്തിയ സമീപനമാണ് ഇസ്‌ലാമിനോട് തനിക്കുള്ളതെന്ന് ഖറദാവി അവകാശപ്പെടുന്നു. ഇസ്‌ലാമിക വീക്ഷണ പ്രകാരം അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തിൽ അവ്യക്തതയുള്ള വിഷയങ്ങളെ നിഷിദ്ധമാക്കുന്ന തരത്തിലുള്ള ഇസ്‌ലാമിനെക്കുറിച്ച അടഞ്ഞ വായനകളെയും അതേപോലെ, പൊതുതാൽപര്യത്തിനോ ശാസ്ത്രീയതയ്ക്കോ അല്ലെങ്കിൽ ഭൗതിക നേട്ടത്തിനോ വേണ്ടി ഇസ്‌ലാമിന്റെ പ്രാമാണികതയെ അവഗണിക്കുന്ന, തോന്നിയതുപോലെയുള്ള ഇസ്‌ലാം വായനകളെയും തള്ളിക്കളയുന്ന മധ്യമ നിലപാടിനെയാണ് വസതിയ്യ എന്നതുകൊണ്ട് അദ്ദേഹം മനസ്സിലാക്കിയത്. അപ്രകാരം, പൊതുമണ്ഡലത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിൽ പാരമ്പര്യമായുള്ള പരിമിതിയെ കുറിച്ചും ഭർത്താവിനെ അനുസരിക്കൽ ഭാര്യയുടെ ബാധ്യതയാക്കുന്ന പാരമ്പര്യ വിധികൾക്കെതിരെയും അദ്ദേഹം ധാരാളമായി എഴുതിയിരുന്നപ്പോഴും വിവാഹം പോലുള്ള സന്ദർഭങ്ങളിലുള്ള അനുസരണമെന്ന കടമയെയോ ചില സവിശേഷ സന്ദർഭത്തിൽ അനുസരണയില്ലാത്ത ഭാര്യക്ക് നേരെ ഭർത്താവിന് സ്വീകരിക്കാവുന്ന ശാരീരികമായ ശിക്ഷണത്തെയോ അദ്ദേഹം ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല. സമാനമായി, മതകീയമായ വൈവിധ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ കാര്യത്തിലും അമുസ്‌ലിങ്ങളോടുൾപ്പെടെ തുറന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്, പക്ഷേ അത് ഇസ്‌ലാമിക വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണെന്ന് മാത്രം. അതിന്റെ ഭാഗമായി ഇസ്‌ലാമിനു നേരെ യുക്തിരഹിതമായ വിദ്വേഷം വെച്ചുപുലർത്താത്ത അമുസ്‌ലിങ്ങൾ വരെ നാളെ പരലോകത്ത് രക്ഷപ്പെട്ടേക്കാം എന്ന് ഖറദാവി അഭിപ്രായപ്പെടുന്നുണ്ട്.

ദി ലോ ഓഫ് ജിഹാദ്

ഈ വീക്ഷണങ്ങളിൽ അടിയുറച്ച് നിന്നു കൊണ്ട്, സഹ മുസ്‌ലിങ്ങളെ കുറിച്ച് ഇസ്‌ലാമിൽ നിന്ന് പുറത്തുപോയിയെന്ന് ആരോപിക്കുകയും (തക്ഫീർ), അമുസ്‌ലിങ്ങളുമായുള്ള സൗഹൃദത്തെയും സ്വൈര്യജീവിതത്തെയും നിഷിദ്ധമാക്കുകയും ചെയ്യുന്ന സലഫീ-ജിഹാദിസ്റ്റ് പണ്ഡിതന്മാരുമായി തീക്ഷ്ണമായ സംവാദങ്ങളിൽ അദ്ദേഹം ഏർപ്പെടുമായിരുന്നു. സലഫി-ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കെതിരായി യുഎന്നിന്റെ അന്തർദേശീയ നിയമങ്ങളെയും സ്ഥാപന ഘടനകളെയും സാധൂകരിക്കുന്ന വാദങ്ങളടങ്ങിയ രണ്ട് വാല്യങ്ങളുള്ള ‘ലോ ഓഫ് ജിഹാദ്’ എന്ന ഗ്രന്ഥം 2009-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഇസ്‌ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഒരു ബഹുസ്വര സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സന്നദ്ധ ശ്രമങ്ങൾ ഇതര ജനാധിപത്യ രാജ്യങ്ങളിൽ കഴിയുന്ന മുസ്‌ലിം ജീവിതങ്ങളെ സംബന്ധിച്ച പുതിയ കാഴ്ച്ചപാട് രൂപീകരിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു. ഇതിൽ നിന്നാണ് ഇസ്‌ലാമിക നിയമശാസ്ത്രത്തിൽ ഫിഖ്ഹുൽ അഖല്ലിയ്യ (ന്യൂനപക്ഷത്തിന്റെ ഫിഖ്ഹ്) എന്ന മേഖല അദ്ദേഹം വികസിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാനും മുന്നോട്ടു നയിക്കാനും സമാനമനസ്കരായ മറ്റ് പണ്ഡിതരുമായി ചേർന്നുകൊണ്ട് ‘യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച്’ എന്ന സംരംഭത്തിന് ഖറദാവി തുടക്കം കുറിച്ചു.

മതകീയമായ സമന്വയത്തെ തകർക്കുന്ന എന്തിനെയും അദ്ദേഹം രൂക്ഷമായി എതിർത്തിരുന്നുവെങ്കിലും മുസ്‌ലിങ്ങളോട് അവരുടെ കാര്യങ്ങൾ ഇസ്‌ലാമിന്റെ വ്യക്തമായ അനുശാസനങ്ങൾ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താൻ അദ്ദേഹം കണിശമായി നിർദ്ദേശിച്ചിരുന്നു.

അതുകൂടാതെ, ഒരു ശത്രു സയണിസം, കമ്മ്യൂണിസം അല്ലെങ്കിൽ പിൽക്കാലത്ത് സിറിയൻ ഗവൺമെന്റിന് സുന്നികളോടുണ്ടായ വിരുദ്ധത തുടങ്ങിയ മുസ്‌ലിം വിരുദ്ധതകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടവരാണെങ്കിൽ അവർക്കെതിരെ സവിശേഷവും സായുധവുമായ പ്രതിരോധത്തെ സാധൂകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്താൻ അദ്ദേഹം സന്നദ്ധനായിരുന്നു, ഇതാവട്ടെ പലപ്പോഴും അദ്ദേഹത്തിന്റെ തന്നെ മറ്റ് എഴുത്തുകളോട് യോജിക്കാത്തതുമായിരുന്നു.

രണ്ടാം ഇൻതിഫാദയിൽ ഇസ്രാഈലിനെതിരെയുള്ള ഫലസ്തീൻ ചാവേർ ബോംബിങുകളെ പിന്തുണച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് വന്നത് (അത് അദ്ദേഹത്തിൽ മാത്രം പരിമിതിമല്ലെങ്കിലും) പാശ്ചാത്യൻ നാടുകളിൽ അദ്ദേഹം കുപ്രസിദ്ധിയാർജ്ജിക്കാൻ കാരണമായി. പിന്നീട്, അൽഖാഇദ പോലുള്ള സലഫി-ജിഹാദിസ്റ്റ് വിഭാഗങ്ങൾക്ക് ഈ തന്ത്രം എടുത്തുപയോഗിക്കാൻ വഴിയൊരുക്കി കൊടുത്തുവെന്ന് (അവർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഖറദാവി നടത്തുന്ന അപലപനങ്ങളെ കണക്കിലെടുക്കാതെ) അറബ് ലോകത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ശത്രുക്കളും ആരോപിച്ചു തുടങ്ങി.

ഇറാനെ പിന്തുണച്ചുകൊണ്ടുള്ള തന്റെ മുൻ നിലപാടുകളുടെ പേരിൽ സൗദി മതകീയ സ്ഥാപനങ്ങളോട് ക്ഷമ ചോദിക്കുന്നിടം വരെ എത്തിയ സിറിയൻ സിവിൽ വാറിന്റെ സമയത്തുള്ള ഖറദാവിയുടെ വിഭാഗമീയമായ വാചാടോപങ്ങളിൽ നിന്ന്, സുന്നികളും ശിഈകളും തമ്മിലുള്ള സംഘട്ടനങ്ങൾ കേവലം ഒരു ഏകാധിപതിക്കെതിരെയുള്ള വിപ്ലവമെന്നതിലുപരി അസ്തിത്വപരമായി തന്നെയുള്ളതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാവും.

അൽജസീറയിലൂടെ ലഭിച്ച പ്രേക്ഷകർ

മുസ്‌ലിം ലോകത്ത്, വിശിഷ്യാ അറബി സംസാരിക്കുന്നവർക്കിടയിൽ ഖറദാവിക്കുണ്ടായിരുന്ന ഔന്നത്യം ഒരു പണ്ഡിതനും പൊതു ബുദ്ധിജീവിയുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ സ്ഥൈര്യവും സ്വഭാവവും ഒന്നുകൊണ്ട് മാത്രം ലഭിച്ചതായിരുന്നില്ല. മറിച്ച്, 15 വർഷമായി അറബ് ലോകത്തെ ദൃശ്യമാധ്യമ വിപണി അടക്കി വാഴുന്ന, അറബ് ലോകത്തുടനീളം പ്രേക്ഷകരുള്ള ഖത്തരീ വാർത്താ ചാനലായ അൽജസീറയും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു ഗുണമായി മാറിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ സംസാരവും പൊതു ജനങ്ങളുമായുള്ള ഇടപെടലും ഉൾപ്പെടുന്ന ആഴ്ച്ചതോറും പ്രക്ഷേപണം ചെയ്തിരുന്ന ഒരു ടിവി പരിപാടിയായിരുന്നു ‘അശ്ശരീഅഃ വൽ ഹയാത്ത്’ (ശരീഅഃയും ജീവിതവും) എന്ന പരിപാടി. പ്രസ്തുത പരിപാടിയിൽ ഖറദാവി പൊതു ചർച്ചകളിൽ ഇടപെടുകയും അറബ് ലോകത്തിന് അകത്തും പുറത്തുമുള്ള പ്രേക്ഷകരിൽ നിന്ന് തത്സമയം ചോദ്യങ്ങൾ സ്വീകരിക്കുകയും ചെയ്തു.

അമേരിക്കൻ-ഇസ്രാഈലി ആധിപത്യത്തിനും അൽഖാഇദയിൽ നിന്ന് പ്രചോദിതരായ സലഫി-ജിഹാദിസത്തിനും എതിരിൽ അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഏക്യം ആവശ്യമാണെന്ന കാര്യത്തിൽ പൊതുവായ യോജിപ്പ് നിലനിന്നിരുന്ന 2011 കാലഘട്ടം വരെ ഖറദാവിയുടെ സന്ദേശങ്ങൾ താരതമ്യേനെ ഏകീകരണം സാധ്യമാക്കുന്ന ഒന്നായിരുന്നു. പക്ഷേ, അറബ് വസന്തത്തിന്റെ പ്രാരംഭ ഘട്ടം (തഹ്‌രീർ സ്ക്വയറിൽ അദ്ദേഹം നടത്തിയ പ്രഭാഷണവും) ഒരു പൊതു പണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറിന്റെ ഉച്ഛസ്ഥായിയും ഇനിയത് തകരാൻ തുടങ്ങുമെന്ന് വിളിച്ചോതുന്നതുമായിരുന്നു.

2013 ആകുമ്പോഴേക്കും ഈപ്തിൽ പ്രതിവിപ്ലവം ആരംഭിക്കുകയും പ്രസിഡന്റ് മുഹമ്മദ് മുർസി തടവിലാവുകയും സൈനിക ജനറലായിരുന്ന അബ്ദുൽ ഫത്താഹ് അൽസീസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ഒടുവിൽ ഒരിക്കൽ കൂടി മുസ്‌ലിം ബ്രദർഹുഡ് നിരോധിക്കുകയും ചെയ്തു. അപ്പോഴേക്കും ഇന്റർപോളിന്റെ വാണ്ടഡ് നോട്ടീസിലെ ഒരു വിഷയമായി ഖറദാവി മാറുകയും (എന്നാലിത് രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര പോലീസിങ് ഓർഗനൈസേഷൻ ഇത് റദ്ദാക്കി) 2018-ൽ ഈജിപ്ഷ്യൻ സൈനിക കോടതി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ തന്നെ ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.

മതവുമായി ബന്ധപ്പെട്ട പൊതു സംവാദങ്ങൾ നിയന്ത്രിക്കാനുള്ള വിവിധ അറബ് രാജ്യങ്ങൾ തമ്മിലുള്ള പ്രത്യയശാസ്ത്ര കിടമത്സരങ്ങൾ രൂക്ഷമായ ഘട്ടത്തിൽ ഖറദാവിയുടെ മരണശേഷം 2013-ന് മുൻപുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഔന്നത്യം തിരിച്ചുപിടിക്കുക ഏറെക്കുറെ അസാധ്യമാണെന്ന് തോന്നുന്നു. തന്നെയുമല്ല അറബ് ലോകത്തൊന്നടങ്കം അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത ഭാവിയിലോ ഇപ്പോഴോ ഉള്ള മറ്റൊരു മത പണ്ഡിതന് ലഭിക്കാനും സാധ്യതയില്ല. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവിന് മുൻപ്, അറബി ഭാഷികളായ മുസ്‌ലിങ്ങൾക്ക് താരതമ്യേനെ സ്വതന്ത്രമായ ഒരു ടെലിവിഷൻ പ്ലാറ്റ്ഫോം അൽ ജസീറ മാത്രമായിരുന്ന ഒരു കാലത്തുണ്ടായിരുന്ന അടഞ്ഞ മാധ്യമാന്തരീക്ഷം കൂടി ഖറദാവിയുടെ വിജയത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്.

സലഫി-ജിഹാദിസത്തെയും പാശ്ചാത്യൻ-ഇസ്രാഈലി സർവ്വാധിപത്യത്തെയും ചെറുക്കാൻ കെല്പുള്ള ഏകാധിപത്യ രഹിതമായ ഒരു ഭാവിലോകം അറബ് രാഷ്ട്രങ്ങളിൽ ഉറപ്പുവരുത്താനുതകും വിധം മുസ്‌ലിങ്ങളെയും അമുസ്‌ലിങ്ങളെയും ഒന്നിപ്പിക്കാൻ ഇസ്‌ലാമിസത്തെ കുറിച്ച തന്റെ വ്യാഖ്യാനത്തിന് സാധിക്കുമെന്ന് ഖറദാവി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പകരം, സമീപകാലത്തുണ്ടായ പ്രാദേശികമായ കാലുഷ്യങ്ങളിൽ അറബ് സമൂഹങ്ങൾക്കിടയിലുള്ള അനിശ്ചിതവും ആഴമേറിയതുമായ വിടവുകൾ മറനീക്കി പുറത്തുവരികയാണ് ചെയ്തത്. അത്തരം സങ്കല്പങ്ങളെല്ലാം തകരുകയും അറബ് ലോകത്തിന്റെ ഭാവി പാത 2011 ന് മുൻപുള്ളതിനേക്കാൾ കൂടുതൽ ഇരുണ്ടതുമായി മാറിയിരിക്കുന്നു.


Courtesy: Middle East Eye

മുഹമ്മദ് ഫദ്ൽ