Campus Alive

യൂസുഫുൽ ഖറദാവി പാണ്ഡിത്യവും പോരാട്ടവും

ആഗോള പണ്ഡിതസഭയുടെ സ്ഥാപക അധ്യക്ഷൻ, ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ബൗദ്ധിക സ്രോതസ്, അമേരിക്കൻ-ഇസ്രയേൽ സാമ്രാജ്യത്വത്തിനും അറബ് സ്വേച്ഛാധിപത്യത്തിനും മുന്നിലെ ചോദ്യചിഹ്നം; അല്ലാമാ യൂസുഫുൽ ഖറദാവി അല്ലാഹുവിലേക്ക് യാത്രതിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിന് ശേഷം ശൈഖ് അലി ഖുറദാഗി ഇങ്ങനെ പറഞ്ഞു: “നമ്മുടെ ശൈഖ് ഇസ്‌ലാമിന് വേണ്ടി ജീവിച്ചു, ഇസ്‌ലാമിന് മാത്രമായി ജീവിച്ചു, അതിനെ മഹത്വപ്പെടുത്തുന്നതിനും പരിപൂർണമാക്കുന്നതിനും വേണ്ടി ജീവിച്ചു. എല്ലാ സ്ഥല-കാലങ്ങളിലും ഇസ്‌ലാമിന്റെ സുകൃതത്തിന് വേണ്ടി ജീവിച്ചു”. സന്തുലിതത്വം (വസത്വിയത്ത്) ആയിരുന്നു ശൈഖിന്റെ നിലപാടുകളുടെ ആകെത്തുക. തന്റെ കാഴ്ചപ്പാടുകളെ അദ്ദേഹം വിശദീകരിക്കാറുള്ളത് അടിസ്ഥാനങ്ങളിൽ കാർക്കശ്യവും ശാഖാപരമായ വിഷയങ്ങളിൽ എളുപ്പവും (അത്തശ്ദീദു ഫിൽ ഉസൂലി വത്തയ്സീറു ഫിൽ ഫുറൂഹ്) എന്നാണ്. ഭാഷയിലെ ലാളിത്യവും ആകർഷണീയതയുമായിരുന്നു ഉസ്താദിന്റെ എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും വലിയ സവിശേഷത. ജനങ്ങളോട് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ഇസ്‌ലാമിനെ അദ്ദേഹം പരിചയപ്പെടുത്തി. തങ്ങളുടേതായ സവിശേഷ സന്ദർഭങ്ങളിലെ ‘ഇസ്‌ലാമികം’ എന്താണെന്ന് മുസ്‌ലിം ലോകത്തോട് സംവദിച്ച പൊതു ബുദ്ധിജീവിയായി ഉസ്താദ് ഖറദാവി മാറി. മദ്ഹബുകളിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായത് ഞാൻ എടുക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമ്പൂർണ്ണ നിരാകരണത്തിനും സ്വീകരണത്തിനും അപ്പുറം തന്റെ സന്ദർഭത്തോട് അദ്ദേഹം സംവദിച്ചു. സുന്നി ഭൂരിപക്ഷ ഇടങ്ങളിൽ ശിഈകൾക്കും ശിഈ ഭൂരിപക്ഷ ഇടങ്ങളിൽ സുന്നികൾക്കും സഹജീവനം സാധ്യമാവണമെന്ന് അദ്ദേഹം ഉണർത്തി. ഖുദ്സിനെ നെഞ്ചോട് ചേർത്തു. പോരാട്ടങ്ങൾക്ക് ആത്മീയവും വൈജ്ഞാനികവുമായ കരുത്തേകി. “ജനങ്ങള്‍ താങ്കളെ അധികാരത്തില്‍നിന്ന് അടിച്ചിറക്കുന്നതിനു മുമ്പായി സ്വന്തം കാലില്‍ ഇറങ്ങിപ്പോവൂ” എന്ന് ഹുസ്നി മുബാറക്കിനോട് അദ്ദേഹം ധീരമായി പ്രഖാപിച്ചു. വിപ്ലവാനന്തരം തഹ്‌രീർ സ്ക്വയറിൽ നടന്ന ജുമുഅത്തുന്നസ്റിൽ (വിജയ വെള്ളി)  ലക്ഷക്കണക്കിന്  പോരാളികളെ ഉസ്താദ് അഭിമുഖീകരിച്ചു. ഏകാധിപത്യത്തിന്റെ അരമനകളിൽ അധികാരികൾക്കിപ്പുറമിരുന്ന് അവരുടെ താൽപര്യങ്ങൾക്കൊത്ത് പേനയുന്തുന്ന പണ്ഡിതനായിരുന്നില്ല അദ്ദേഹം. അതുകൊണ്ടാണ് ലിബിയയിലും വിപ്ലവാനന്തരം നടന്ന വെള്ളിയാഴ്ച പ്രഭാഷണത്തിനും പ്രാർത്ഥനക്കും ശൈഖ് ക്ഷണിക്കപ്പെട്ടത്. ശഹീദ് ബന്നയുടെയും ഖുത്ബിന്റെയും പിന്തുടർച്ചക്കാരന് യൗവ്വനത്തിൽ തന്നെ തടവറയും പോരാട്ടമൊന്നും ഒരു പ്രശ്നമായിരുന്നില്ല.

അല്ലാമാ യൂസുഫുൽ ഖറദാവി

ചരിത്രത്തിനിപ്പുറം വിപ്ലവ പൂർവ്വ സിറിയയേക്കാൾ പരിതാപകരമാണ് അവിടുത്തെ നിലവിലെ അവസ്ഥ എന്ന് പറയുകയും ശൈഖ് ഖറദാവിയെ വിമർശിക്കുകയും ചെയ്യുന്നവരും അതിലുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് ഗുണകാംക്ഷ ഉള്ളവരും സ്വന്തം ബോധ്യങ്ങൾ പറയുന്നവരും ഉള്ളതോടൊപ്പം തന്നെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പൈശാചികവൽക്കരിക്കുകയും ഭീകരവൽക്കരിക്കുകയും ചെയ്യുന്നവരുമുണ്ട്. അവർക്ക് ചരിത്രവും പാരമ്പര്യവും എന്നത് അല്ലാഹുവിന്റെ അടിമകളോടുളള വിധേയത്വ പ്രഖ്യാപനമാണ്. അവരുടെ ദൈവശാസ്ത്രം അല്ലാഹുവിനപ്പുറം ഞങ്ങൾക്ക് അനുസരിക്കാൻ ആളുണ്ടെന്നതാണ്. അവരുടെ ഇജ്തിഹാദുകൾ അധികാരത്തിന്റെ ആനുകൂല്യങ്ങളിൽ തട്ടിത്തടയുന്നതാണ്. സിറിയൻ വിപ്ലവവുമായി ബന്ധപ്പെട്ട്  ശൈഖ് ബൂത്വിയെ നിശിതമായി ഉസ്താദ് ഖറദാവി വിമർശിച്ചിട്ടുണ്ട്. വിപ്ലവവുമായി ബന്ധപ്പെട്ട്  ഏകാധിപത്യത്തെ നിലനിർത്തുന്ന സൈനികരായാലും പണ്ഡിതന്മാരായാലും അവരോട് പോരാടണമെന്ന് പൊതുവായി ശൈഖ് ഖറദാവി പറയുന്നുണ്ട്. പോരാട്ടത്തെ പ്രാമാണികമായി പിന്തുണച്ച ഒരു പണ്ഡിതൻ പിന്നെ എന്തായിരുന്നു പറയേണ്ടിയിരുന്നത്? വിപ്ലവം നടക്കുന്നിടത്ത് കൊട്ടാരത്തിലെ വ്യാഖാന ഫാക്ടറികൾക്ക് മറ്റൊരു നിയമം എന്നാണോ? പ്രമാണപരമായി സിറിയയിലെ പോരാട്ടത്തിന്റെ വിധി എന്തായിരുന്നു? അത് ഒന്നിലധികം അഭിപ്രായങ്ങൾക്ക് സാധ്യതയുളള (احتمال)  വിഷയമായിരുന്നോ? അതല്ല അഖീദ ഗ്രന്ഥങ്ങളിൽ ഖുറൂജ് എന്ന് വ്യവഹരിക്കപ്പെട്ട പ്രശ്നമായിരുന്നോ? തുടങ്ങിയ അഖീദയും ഫിഖ്ഹുമൊക്കെ മുൻനിർത്തി നടന്ന/നടക്കേണ്ടുന്ന ഒരു ചർച്ചയാണത്. അതിൽ തന്റെ നിലപാട് ധീരമായി പറഞ്ഞ പണ്ഡിതനായിരുന്നു ശൈഖ് ഖറദാവി. ഡോ. മുഅതസ്സുൽ ഖതീബ്, ഡോ. മുഹമ്മദ് മുഖ്താർ ശൻഖ്വീതി തുടങ്ങിയ ‘പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ’ മാത്രമായിരുന്നില്ലല്ലോ സിറിയൻ വിപ്ലവത്തെ പിന്തുണച്ചവർ! ഉസ്താദ് സ്വാബൂനിയുടെ നിലപാട് എന്തായിരുന്നു! ബശ്ശാറുൽ അസദിന്റെ അക്രമങ്ങൾക്ക് കരുത്ത് പകർന്ന നിലപാടായിരുന്നു ശൈഖ് ബൂത്വിയുടേത് എന്ന് പറഞ്ഞത് സാക്ഷാൽ ഉസ്താദ് സ്വാബൂനിയാണ്. അപ്പോൾ പോരാട്ടത്തിനേക്കാളും രക്തം ചിന്തലിനേക്കാളും ശൈഖ് ഖറദാവിയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമാണ് ‘വിമർശകരുടെ’ ലക്ഷ്യമെന്ന് സാരം.

ആത്മീയതയെ റദ്ദ് ചെയ്തു കൊണ്ടുള്ള കേവല രാഷ്ട്രീയ ഇടപെടലുകളായിരുന്നില്ല ഉസ്താദ് ഖറദാവിയുടെ ജീവിതം. തന്റെ ‘അൽ ഹയാത്തു റബ്ബാനിയ്യ വൽ ഇൽമ്’ എന്ന ഗ്രന്ഥത്തിൽ തസ്വവ്വുഫുമായി മുമ്പേ പരിചയമായതിനെക്കുറിച്ചും ഇമാം ഗസ്സാലിയെ തന്റെ ആദ്യ ശൈഖായി പരിഗണിച്ചതിനെക്കുറിച്ചും ഉസ്താദ് ഖറദാവി പറയുന്നുണ്ട്. രാഷ്ട്രീയ നിർണ്ണയന വാദത്തിന്റെ (Political determinism) കള്ളിയിലേക്കുള്ള ചുരുക്കിയെഴുത്തിന്റെ അസാധ്യതയായിരുന്നു ആ ജീവിതം.

വിപുലമായ അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫിഖ്ഹുൽ അഖല്ലിയയിലെ (ന്യൂനപക്ഷ കർമശാസ്ത്രം) ഇടപെടലുകൾ. ആധുനികതയോടുള്ള അഡ്ജസ്റ്റ്മെന്റ് ആയി ഒക്കെ പല പണ്ഡിതരും ഫിഖ്ഹുൽ അഖല്ലിയയെ വിമർശിക്കാറുണ്ടെങ്കിലും ഇസ്‌ലാമിക പാരമ്പര്യത്തെ ഏകശിലാത്മകമായി മനസ്സിലാക്കുകയും ആധുനികതയുടെ പ്രശ്നസ്ഥലികളിൽ നിന്ന് സംശുദ്ധരാണെന്ന് വാദിക്കുകയും ചെയ്യുന്നവരോട് ന്യൂനപക്ഷ കർമശാസ്ത്രം ചിലത്‌ സംസാരിക്കുന്നുണ്ട്.  പുറത്തു കടക്കാനോ ഇടപെടാതിരിക്കാനോ കഴിയാതിരിക്കുമാറുള്ള ആധുനികതയടെ നൈതിക പ്രതിസന്ധികളെ സവിശേഷമായി അഭിസംബോധന ചെയ്യാനുള്ള ശേഷിയാണത്. ഇസ്‌ലാമല്ലാത്തതിനോടെല്ലാമുളള ഇസ്‌ലാമിന്റെ ഗുണകാംക്ഷയുടെ (നസ്വീഹത്ത്) നിലപാടാണത്.

ഫിഖ്ഹുൽ അഖല്ലിയയെക്കുറിച്ച് പറയുമ്പോൾ  ഇജ്തിഹാദിന്റെ രണ്ട് തരത്തിലുള്ള രൂപങ്ങളെ ശൈഖ് ഖറദാവി പരിചയപ്പെടുത്തുന്നുണ്ട്;

1) الاجتهاد الانتقائي والترجيحي  (സമ്പന്നമായ ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് ഒരു വിഷയത്തിൽ തന്നെ പലതരം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉള്ളതിൽ ശറഇന്റെ ലക്ഷ്യങ്ങളോട് ഏറ്റവും ഒത്തുപോവുന്ന അഭിപ്രായത്തെ മുന്തിക്കാനുള്ള ശ്രമം).

2) الاجتهاد الإبدائي والإنشائي (മഹത്തായ ഫിഖ്ഹീ പാരമ്പര്യത്തിനകത്ത് പ്രത്യക്ഷമായി ഉത്തരങ്ങളില്ലാത്ത സമകാലിക വിഷയങ്ങളിലുളള ഇസ്‌ലാമികതയെ അന്വേഷിക്കുന്ന ശ്രമം).

ഇത്തരത്തിൽ ഇസ്‌ലാമിനെ നിരന്തരം സമകാലികമാക്കി നിർത്തുന്ന പണ്ഡിത ധർമ്മത്തെ തന്റെ കാലത്ത് ഏറ്റെടുക്കുകയായിരുന്നു ശൈഖ് ഖറദാവി.

ശൈഖ് ഖറദാവിയുടെ ഫത് വയുടെ സ്വാധീനത്തെക്കുറിച്ച് അത് പെട്ടെന്ന് തന്നെ ലോകമെമ്പാടും സ്വാംശീകരിക്കപ്പെട്ടിരിക്കും എന്ന് അസ്സാം തമീമി നിരീക്ഷിക്കുന്നുണ്ട്. ഇസ്രാഈലിന്‍റെ അസ്തിത്വം പോലും അംഗീകരിക്കാതിരുന്ന ശൈഖ് ഖറദാവി ഇസ്രയേലിന്റെ വിസയടിക്കുന്ന ബൈതുൽ മഖ്ദിസ് സന്ദർശനത്തിനെതിരെ പോലും സംസാരിക്കുന്ന അനുഭവമുണ്ടായിരുന്നല്ലോ (തീർത്ഥാടനത്തിന് പുണ്യമുളള മൂന്ന് പള്ളികളിൽ ഒന്നാണ് ബൈത്തുൽ മഖ്ദിസ് എന്നോർക്കണം). അത് ഇസ്രയേലിനെ അംഗീകരിക്കുന്നതിന് തുല്യമായാണ് അദ്ദേഹം തിരിച്ചറിഞ്ഞത്.

അസ്സാം തമീമി

‘ഇസ്‌ലാം എളുപ്പമാണ്, അത് പ്രയാസപ്പെടുത്തുന്നില്ല’ എന്ന് ഓർമ്മപ്പെടുത്തുമായിരുന്ന ഉസ്താദ് ഖറദാവി വലിയ വൈജ്ഞാനിക ശേഷിപ്പുകൾ ബാക്കിയാക്കിയാണ് യാത്രയായത്. എളുപ്പത്തിന്റെ കര്‍മശാസ്ത്രം (ഫിഖ്ഹുത്തൈസീര്‍), സമതുലിത ജ്ഞാനം (ഫിഖ്ഹുല്‍ മുവാസനാത്ത്), ലക്ഷ്യജ്ഞാനം (ഫിഖ്ഹുല്‍ മഖാസ്വിദ്), മുന്‍ഗണനാക്രമത്തിന്റെ കര്‍മ്മശാസ്ത്രം (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്) തുടങ്ങിയ അനവധി മണ്ഡലങ്ങളെ വികസിപ്പിക്കുകയും അവയിൽ സംഭാവനകൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഫിഖ്ഹുസ്സകാത്ത് ആണ് അദ്ദേഹത്തിന്റെ ഡോക്ടറൽ തിസീസ്. കവിതകൾ അടക്കം 120 ഓളം ഗ്രന്ഥങ്ങൾ രചിച്ച ഉസ്താദ് ഖറദാവിയുടെ സമ്പൂർണ്ണ കൃതികൾ സമാഹരിച്ചുകൊണ്ടുള്ള 105 വാല്യങ്ങളുള്ള 75000 ൽ അധികം പേജുകൾ ഉള്ള സംരഭം അടുത്തു തന്നെ പ്രസിദ്ധീകൃതമാവാനിരിക്കുകയാണ്, ഇൻശാ  അല്ലാഹ്. അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ.

ഹാമിദ് മഞ്ചേരി