Campus Alive

ഖുർആൻ: വ്യവഹാരവും വ്യാഖ്യാനവും

(തലാൽ അസദിന്റെ Thinking about religion through Wittgenstein എന്ന ലേഖനത്തിലെ Interpreting the Qur’an? or Listening to it? എന്ന ഭാഗത്തിന്റെ സ്വതന്ത്ര വിവർത്തനം)


ഒരു പ്രത്യേക മതപാരമ്പര്യത്തിൽ പെട്ട ആളുകള്‍ ദൈവത്തെ കുറിച്ചുള്ള മതപാഠങ്ങളിൽ പ്രകടമായ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും കണ്ടെത്തിയാല്‍ എന്താണ് സംഭവിക്കുക? തീര്‍ച്ചയായും അവരുടെ വിശ്വാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും; പാരമ്പര്യത്തെ മുഴുവനായും നിരാകരിക്കാതെ തന്നെ, അബദ്ധമെന്നും വൈരുദ്ധ്യമെന്നും കരുതപ്പെടുന്ന കാര്യത്തെ യുക്തിഭദ്രമായ/ശരിയായ മറ്റൊന്നിലേക്ക് വിവർത്തിക്കും(Translate). ഇസ്‌ലാമിക പാരമ്പര്യത്തില്‍ – മറ്റു ചില പാരമ്പര്യങ്ങളിലും – അത്തരം സംശയകരമായ വസ്തുതകളെ ഇല്ലാതാക്കാനും മറികടക്കാനുമായി ചിന്തകര്‍ പ്രമാണങ്ങളില്‍ വന്നിട്ടുള്ള വൈരുദ്ധ്യങ്ങളെ ആഖ്യാനങ്ങളിലൂടെ പരിഹരിക്കാറുണ്ട്.

പ്രമാണങ്ങളെ യുക്തിഭദ്രമായ അനുമാനങ്ങളിലൂടെ സമീപിക്കുന്നതിന് മുന്‍ഗണന നല്‍കിയ (മുഅ്തസില പോലുള്ള) മുസ്‌ലിം ചിന്തകരെയും ദൈവശാസ്ത്രകാരന്മാരെയും പാശ്ചാത്യ ചിന്തകര്‍ ‘യുക്തിവാദികള്‍'(Rationalists) എന്ന വിഭാഗത്തിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്, ദൈവിക പ്രമാണത്തിലെ  ഓരോ അക്ഷരങ്ങള്‍ക്കും കൃത്യമായതും  സനാതനവുമായ(Immutable) അർഥങ്ങളുണ്ട് എന്ന് കരുതുന്ന മുസ്‌ലിം പണ്ഡിതന്മാരെ അവര്‍ ‘പാരമ്പര്യവാദികള്‍’ എന്നും വിളിക്കുന്നു. പാരമ്പര്യവാദികൾ ഖുര്‍ആനിക അധ്യാപനങ്ങളെ പറ്റിയുള്ള അനുമാനങ്ങളെ(Speculations) നിരാകരിക്കുന്നവരാണ്. അതിനാല്‍ തന്നെ അവര്‍ അക്ഷരവായനക്കാരായാണ് കണക്കാക്കപ്പെടുന്നത്. ഈ വിഭജനത്തെ മുൻനിർത്തി പ്രധാനപ്പെട്ട ഒരു ചോദ്യം ഇവിടെ ഞാൻ മുന്നോട്ടു വെക്കുന്നു: എന്തായിരിക്കണം ഖുർആനോടുള്ള സത്യസന്ധമായ സമീപനം? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, എങ്ങനെയാണ് ദൈവികവചനത്തെ നോക്കിക്കാണേണ്ടത്? അല്ലെങ്കിൽ മനസ്സിലാക്കേണ്ടത്?

ദൈവത്തെ കുറിച്ച് പരസ്പര വിരുദ്ധങ്ങളായ പല പരാമർശങ്ങളും ഖുർആനിൽ കാണാം; ഒരുവശത്ത്, ശാരീരികവും മാനസികവുമായ (ദൈവത്തിന്റെ മുഖവും കൈയും, ദൈവത്തിന്റെ കോപവും ദയയും) ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ മനുഷ്യനുമായ് സാദൃശ്യപ്പെട്ടു കിടക്കുന്നു. ഇവിടെ ദൈവമെന്നാല്‍ പരിധികളില്ലാത്ത അധികാരവും ശക്തമായ വികാരങ്ങളുമുള്ള സവിശേഷമായ ഒരു മനുഷ്യരൂപമാണ്. മറുവശത്ത് അല്‍ ഇഖ്‌ലാസ് എന്ന ഖുർആനിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം ദൈവത്തിന്റെ പ്രതിനിധാനങ്ങളെ നിരാകരിക്കുന്നു: “(1) പറയുക: അവനാകുന്നു ഏകനായ ദൈവം, (2) ദൈവം സമയരഹിതനാണ്, (3) അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചിട്ടുമില്ല, (4) അവനെപ്പോലെ മറ്റാരും തന്നെയുമില്ല”. പ്രതിനിധാനത്തിന് രണ്ടു മാനങ്ങളുണ്ട്: ഒന്ന്, ഒരു കാര്യത്തിനോ വസ്തുവിനോ വേണ്ടി നിലനിൽക്കുന്ന ദൃശ്യമായ സൂചകം, രണ്ട്, മറ്റൊന്നിനുവേണ്ടി ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒന്ന്. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു തരത്തിലും ദൈവം പ്രതിനിധീകരിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അല്ലാഹു കൃത്യമായി പ്രതിനിധീകരിക്കപ്പെടുന്നില്ലെങ്കില്‍ ഖുര്‍ആനിക വചനങ്ങളിലെ  അല്ലാഹുവിന്റെ പ്രതിനിധാനങ്ങളില്‍ വൈരുധ്യങ്ങളുണ്ടാവുന്നില്ല. (ദൈവിക സങ്കൽപ്പത്തിന് യാതാരു മാനവികഭാവങ്ങളും(Anthropomorphic) ഇല്ല എന്ന് അർഥമുള്ള ഒരു പദം ഖുര്‍ആനിലുണ്ട്: തന്‍സീഹുല്ലാഹ്)

ഭാഷയെ ആലങ്കാരികമായ(Metaphorical) ഒന്നായി പരിഗണിച്ചുകൊണ്ട് ഖുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം പ്രകടമായ വൈരുധ്യങ്ങളെ പരിഹരിക്കാന്‍ യുക്തിയധിഷ്ഠിത ചിന്തകര്‍ നിര്‍ബന്ധിതരായി. അല്‍ റാസിയെ പോലുള്ള പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം, യുക്തിയും(അഖ്‌ല്) വെളിപാടും(നഖ്‌ല്) ആണ് ഇവിടെയുള്ള അടിസ്ഥാന ദ്വന്തങ്ങള്‍; ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഒരു വശത്ത് കേവല യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയങ്ങളും, മറുചോദ്യങ്ങളില്ലാത്ത അനുസരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്തകള്‍ മറുവശത്തും. അഖ്‌ലിന് – വിശകലന ശേഷി/ബുദ്ധിക്ക് – എതിരായി നഖ്‌ല് – അസന്ദിഗ്തമായ അനുസരണം എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നത് തത്വചിന്താ ചര്‍ച്ചകളില്‍ സാധാരണമാണ്; പിന്തുടര്‍ച്ച, കൈമാറ്റം, പാരമ്പര്യം തുടങ്ങിയ അര്‍ഥങ്ങളിലും സാധാരണയായി നഖ്‌ല് എന്ന പദം ഉപയോഗിക്കാറുണ്ട്. ഖുര്‍ആന്‍ ‘എല്ലാവിധ അവ്യക്തതകളില്‍ നിന്നും മുക്തമാണ്’ (കിതാബുല്‍ മുബീന്‍) എന്ന് അല്ലാഹു തന്നെ അറിയിച്ചതിനാല്‍ ദൈവിക പാഠങ്ങൾ അവന്‍ പഠിപ്പിച്ചതിലൂടെ മാത്രമാണ് മനസ്സിലാക്കേണ്ടതെന്നും, ചില ചിന്തകര്‍ വ്യഖ്യാനിക്കുന്നത് പോലെയല്ല മനസ്സിലാക്കേണ്ടത് എന്നും പാരമ്പര്യത്തെ പിന്‍പറ്റുന്നവർ വാദിക്കുന്നു. ഖുര്‍ആനിക ആലങ്കാരികതാ (മജാസ്) സിദ്ധാന്തത്തെ പിന്തുണക്കുന്നവരെ പ്രസിദ്ധ ഹമ്പലീ നിയമജ്ഞനും ദൈവശാസ്ത്രകാരനുമായ ഇബ്‌നു തൈമിയ വിമര്‍ശിക്കുന്നുണ്ട്: ‘മജാസ് എന്ന പദം, ഖുര്‍ആനിക വിവരണ ചരിത്രത്തില്‍ പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട ഒന്നാണ്, (അബു ഉബൈദയാണ് ആദ്യമായി ആ പദം ഉപയോഗിച്ചത്) അക്കാലം മുതല്‍ക്കേ തന്നെ ആ പദത്തിന് കൃത്യമായ അര്‍ഥമില്ലായിരുന്നു, പക്ഷേ, ഖുര്‍ആനിക വാക്യങ്ങള്‍ എന്താണ് അർഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗമായി അതിനെ ആളുകൾ മനസ്സിലാക്കാൻ തുടങ്ങി’. ആലങ്കാരികതയെ സൂചിപ്പിക്കാനായി മജാസ് എന്ന പദം ഉപയോഗിക്കുന്നതിന് ഖുര്‍ആനിലോ മറ്റു പ്രമാണങ്ങളിലോ തെളിവില്ലെന്ന് പറയുന്ന ഇബ്‌നു തൈമിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ജീവിത കാലം മുതലുള്ള ഇസ്‌ലാമിക ചിന്തയിലും പ്രമാണങ്ങളിലും ആ പദം കാണാൻ കഴിയില്ല എന്ന് വാദിക്കുന്നു. അപ്പോള്‍, ‘യുക്തിയധിഷ്ഠിത ചിന്തകരും’ ‘പാരമ്പര്യവാദികളും’ മെറ്റഫറിനോടുള്ള അവരുടെ സമീപനങ്ങളില്‍ വ്യത്യസ്തതകളുള്ള ആളുകളാണ്. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ മെറ്റഫര്‍ എന്നത് കൊണ്ട് അർഥമാക്കുന്നത്?

വിഗ്ഗസ്റ്റെയ്ൻ

ആധുനിക ചിന്തകർ മെറ്റഫറിന് പലതരം സൈദ്ധാന്തിക വിശകലനങ്ങൾ നൽകുന്നുണ്ടെങ്കിലും എല്ലാകാലത്തും അതിന് കൃത്യമായ നിർവചനങ്ങളുണ്ടായിരുന്നില്ല. വിഗ്ഗസ്റ്റെയ്ന്‍(Wittgenstein) വ്യത്യസ്തമായ ഒരു സമീപനം ഈ വിഷയത്തില്‍ സ്വീകരിക്കുന്നുണ്ട്. രണ്ട് തരത്തിലാണ് വിഗ്ഗസ്റ്റെയ്ൻ തന്റെ വാദത്തെ മുന്നോട്ട് വെക്കുന്നത്; ഒന്ന്, അനുഭവങ്ങളെ ഗ്രഹിക്കുന്നതിനുള്ള അടിസ്ഥാനമായി മാറാൻ പഠിച്ചു വെച്ച ധാരണകൾക്ക് കഴിയും. രണ്ടാമത്തേത്, ഒരു സംഗതിയെ, അതിനെ അങ്ങനെ തന്നെയല്ലാതെ മറ്റൊരു തരത്തിലും പ്രകടിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ, അതിനെ പ്രാഥമികാർത്ഥത്തിന്റെ അലങ്കൃതമായ ഒന്നായി മനസ്സിലാക്കുന്നതിന് പകരം അതിനെ അങ്ങനെ തന്നെ സ്വീകരിക്കുകയാണ് വേണ്ടത് എന്നതാണ്. അതായത് വിഗ്ഗസ്റ്റെയ്ൻ ഒരു പദത്തിന്റെ ‘പ്രാഥമികാർത്ഥം’ ‘ദ്വിതീയാർഥം’ എന്നിങ്ങനെയുള്ള വേർതിരിവ് കൊണ്ട് അർത്ഥമാക്കുന്നത് ‘നേരർത്ഥം’(literal) ‘ആലങ്കാരികം’(metaphor) എന്നതിനെയല്ല, മറിച്ച്, പഠനത്തിന്റെ ഒരു പ്രായോഗിക പ്രക്രിയയെയാണ് അത് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക ആശയത്തെ മറ്റൊരു ആശയത്തെ മനസ്സിലാക്കാനുള്ള മുന്നുപാധിയാക്കി മാറ്റുമ്പോൾ ആദ്യത്തെ ആശയത്തെ പ്രാഥമികം എന്നും രണ്ടാമത്തേതിനെ ദ്വിതീയം എന്നും വിളിക്കാം. എന്നാൽ ഇതിനെ നേരർത്ഥം, ആലങ്കാരികം എന്നിവയുമായി തുലനം ചെയ്യാൻ കഴിയില്ല. ശ്രേഷ്ഠവും സാധ്യമായതിൽ വെച്ച് ഏറ്റവും നല്ല രീതിയിലുമാണ് ഖുർആൻ അവതീർണ്ണമായിരിക്കുന്നത് എന്നിരിക്കെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന് പിന്നെ ഇതര അർത്ഥങ്ങളുമായി വിത്യാസമൊന്നുമില്ലെന്ന് വരുന്നു. കൂടാതെ നേരർത്ഥങ്ങളുടെ സ്ഥാനത്ത് ആലങ്കാരിക അർത്ഥങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്നതിൽ പ്രാധാന്യമില്ലാതെയും വരുന്നു.

നേരത്തെ സൂചിപ്പിച്ച ഖുര്‍ആനിക വിശേഷണങ്ങളില്‍ മാത്രം കാണപ്പെടുന്ന കാര്യമല്ല ഇത്, മറിച്ച് ദൈവിക സത്തയുടെ സവിശേഷതകളായ അല്ലാഹുവിന്റെ തൊണ്ണൂറ്റിയൊമ്പത് ‘മനോഹര നാമങ്ങളിലും’ (അസ്മാഉല്‍ ഹുസ്‌ന) ഇത് കാണാം. ഇസ്‌ലാമിക പാരമ്പര്യത്തില്‍  ഈ നാമങ്ങൾ മനഃപാഠമാക്കുന്നത് പതിവ് രീതിയായിരുന്നു. ദൈവികാസ്ഥിത്വത്തിനുള്ള തെളിവ് എന്ന അർഥത്തിൽ മാത്രമല്ല ഇസ്‌ലാമിൽ അവക്ക് സ്ഥാനം, മറിച്ച് മനുഷ്യജീവിതത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്ന സൂചകങ്ങളായി കൂടിയാണ് ഇസ്‌ലാമിൽ അവ നിലനിൽക്കുന്നത്.

അല്‍ അദ്ല്‍ (നീതി,സത്യസന്ധത,തുല്യത) എന്ന വിശേഷണം സ്വാഭാവികമെന്നോണം ‘ദൈവത്തിന്റെ സുന്ദരമായ വിശേഷണങ്ങളില്‍’ പെട്ട ഒന്നാണ്. ഖുര്‍ആനില്‍ ദൈവികവിശേഷണമായി അത് വിവരിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ മനുഷ്യരുടെ പരസ്പര ബന്ധത്തെ കുറിക്കാന്‍ മാത്രമേ നീതി എന്ന പദത്തിന് ശേഷിയുള്ളൂ. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാന്‍ അത് പര്യാപ്തമായിരിക്കില്ല. മനുഷ്യന് മാത്രമേ അനീതി കാണിക്കാന്‍ കഴിയുകയുള്ളൂ എന്നതുകൊണ്ട് അല്‍ അദ്ല്‍ മനുഷ്യനുമേല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. ദൈവത്തിന് അനീതി കാണിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം, മനുഷ്യ പ്രവർത്തികളെ വിശകലനം ചെയ്യുന്ന അതേ ഭാഷയില്‍ ദൈവിക പ്രവർത്തികളെ വിലയിരുത്താന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യത്തോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മറുവശത്ത് കാരുണ്യം(റഹ്മ) എന്ന പദം കഷ്ടതയനുഭവിക്കുന്നവരോട് – മനുഷ്യനോ മൃഗമോ ആവട്ടെ – ചേർന്നു നിൽക്കുന്ന ഒന്നാണ്, അതുകൊണ്ട് പല തവണ ഖുര്‍ആനില്‍ ദൈവിക വിശേഷണമായി അത് വന്നിട്ടുമുണ്ട്(അര്‍റഹ്മാന്‍).

പരസ്പരം വിരുദ്ധങ്ങളായി കാണപ്പെടുന്ന പരാമർശങ്ങളെ  പുനരാഖ്യാനം ചെയ്യുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ എല്ലാകാലത്തും ഇസ്‌ലാമിക ലോകത്ത് നടന്നിട്ടുള്ളതായി കാണാം. പാരമ്പര്യവാദികള്‍ യുക്തിയെ നിരാകരിച്ചിട്ടില്ല. എന്നാല്‍ ‘യുക്തി’ എന്ന അമൂര്‍ത്ത ആശയത്തിലൂടെയാണ് ഖുര്‍ആനെ മനസ്സിലാക്കേണ്ടത് എന്ന ധാരണയെ അവര്‍ എതിർത്തു. ഇബ്‌നു തൈമിയ ഇങ്ങനെ വിശദീകരിക്കുന്നു: ”സൈദ്ധാന്തിക ജ്ഞാനത്തിലും കരാറുകള്‍ എഴുതുന്നതിലും പരിജ്ഞാനമുള്ള ആളുകൾക്കും(അഹ്‌ലുല്‍ ഉലൂമു വല്‍ മഖാല), വ്യാപാരത്തിലും കൈത്തൊഴിലിലും ഏര്‍പ്പെടുന്നവർക്കും(അഹ്‌ലുല്‍ അഅ്മാല്‍ വസ്സിനാആത്) നിര്‍വചനങ്ങളില്ലാതെ തന്നെ തങ്ങളെന്താണ് പഠിക്കേണ്ടതെന്നും ഏതെല്ലാം തരത്തിലുള്ള ചിന്തകളും പ്രവർത്തികളുമാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അറിയാം”. അഥവാ, നിര്‍വചനങ്ങളും പുനര്‍നിര്‍വചനങ്ങളുമില്ലാതെ തന്നെ പ്രത്യേകതരം ജീവിതത്തെ ഗ്രഹിക്കാൻ കഴിയും; നിര്‍വചനങ്ങളെ ആശ്രയിക്കാതെ തന്നെ ഒരാള്‍ക്ക് കൃത്യമായി ജീവിതത്തെ മനസ്സിലാക്കാനും അതിനോട് പ്രതികരിക്കാനും കഴിയുന്നു. തങ്ങള്‍ക്കു വെളിവായ ദിവ്യജ്ഞാനത്തോടുള്ള പ്രായോഗിക പ്രതികരണത്തിനു വേണ്ടിയാണ് പാരമ്പര്യവാദികള്‍ യുക്തിയെ ഉപയോഗിച്ചത്. ദൈവിക നിർദേശങ്ങൾക്കനുസൃതമായ ജീവിതരീതിയാണ് അവരുടേത്. മറ്റുള്ള പ്രമാണങ്ങളെയും രേഖകളെയും വ്യാഖ്യാനിക്കുന്ന പൊതുവായ രീതികളുപയോഗിച്ച് ഖുര്‍ആനെയും സമീപിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥത്തെ കുറിച്ച് തര്‍ക്കങ്ങളുണ്ടാവുമെന്നും അതിന്റെ ദൈവികത നഷ്ടപ്പെടുമെന്നും അവര്‍ തിരിച്ചറിഞ്ഞു. എന്നാൽ യുക്തിയധിഷ്ഠിത പണ്ഡിതരെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സവിശേഷതകളായ മനുഷ്യ ഗുണങ്ങള്‍, ദൈവിക പാഠങ്ങളിലെ ആന്തരിക വൈരുദ്ധ്യങ്ങളുടെ അടയാളങ്ങളാണ്. അത്തരമൊരു ദൈവശാസ്ത്ര തര്‍ക്കത്തിൽ ദൈവിക വചനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, പാരമ്പര്യ വാദികളെ സംബന്ധിച്ചിടത്തോളം ദൈവിക ഗുണങ്ങള്‍ പ്രതിനിധാനങ്ങളല്ല, മറിച്ച് ദൈവവുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള വഴികളാണ്. സുരക്ഷിതത്വം സത്യസന്ധത, ഐക്യം, ആത്മാര്‍ത്ഥത പോലുള്ള മാനവിക ഗുണങ്ങള്‍ മനുഷ്യസൗഹൃദവും സ്‌നേഹവും കൊണ്ട് സുരക്ഷിതമായ ജീവിതത്തെ സാധ്യമാക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ദൈവവുമായുള്ള ബന്ധത്തെ തിരിച്ചറിയുകയും അതിലേക്കെത്തിക്കുകയും ചെയ്യുന്ന ധാർമിക സാന്നിധ്യം കൂടിയാണവ.

യുക്തിയധിഷ്ഠിത ചിന്തകർക്ക് വിപരീതമായി, പാരമ്പര്യവാദികള്‍ വൈരുദ്ധ്യങ്ങളെ കുറിച്ച് തര്‍ക്കിക്കാറില്ല. മറിച്ച് പാരായണത്തിലൂടെ തങ്ങള്‍ അനുഭവിക്കുന്ന ദൈവവചനങ്ങളെ മറുചോദ്യങ്ങളില്ലാതെ അവർ പിൻപറ്റുന്നു. എല്ലാത്തിലുമുപരി ഇസ്‌ലാമിക വിശ്വാസസംഹിത (ഷഹാദ,സാക്ഷ്യം), ‘ഞാന്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു’ എന്നല്ല പറയുന്നത്, മറിച്ച് ‘ഏകദൈവമല്ലാത്ത മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, മുഹമ്മദ് അവന്റെ സന്ദേശവാഹകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്നാണ് പറയുന്നത്. മറ്റൊരര്‍ഥത്തില്‍, തന്റെ വിശ്വാസത്തിന്റെ ആന്തരികമായ തീർപ്പ് മാത്രമല്ല അത്(അത് കൂടിയാണ്), മറിച്ച് ഒരു സമുദായത്തോടുള്ള പ്രഖ്യാപനമാണ്, ദൈവത്തോടുള്ള മഹത്തായ വിശ്വാസവും അഭയവുമാണത്, അതോടൊപ്പം തന്നെ ഒരു പ്രത്യേക ജീവിതരീതി പിന്തുടരാനായുള്ള ആത്മസമര്‍പ്പണം കൂടിയാണത്.

ദൈവത്തിലുള്ള വിശ്വാസവും അഭയവും (ഈമാന്‍) യുക്തിഭദ്ര ചിന്തകർക്കും പാരമ്പര്യവാദികള്‍ക്കും ഒരുപോലെയുണ്ട് എന്ന കാര്യത്തിൽ തർക്കങ്ങളൊന്നുമില്ല. യഥാര്‍ഥത്തില്‍, ഈ രണ്ടുവിഭാഗവും എല്ലാകാലത്തും ഒരേ സ്വഭാവത്തിലുള്ളവരാണെന്നും പൂര്‍ണമായും പരസ്പരം വിഭജിച്ചുനിൽക്കുന്നവരാണ് എന്നും പറയാന്‍ കഴിയില്ല. എന്നാല്‍ രണ്ടു ചിന്താഗതികള്‍ക്കുമുള്ള രീതിശാസ്ത്രം വ്യത്യസ്തമാണ്. ദൈവിക വ്യവഹാരങ്ങളില്‍ വൈരുദ്ധ്യമെന്ന് അനുഭവപ്പെടുന്ന ആശയങ്ങളെ ആഖ്യാനത്തിലൂടെ മറികടക്കാനാണ് യുക്തിയധിഷ്ഠിത ചിന്തകർ ശ്രമിക്കുക; പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം ദൈവത്തോടുള്ള (ഇസ്‌ലാമിനോട്) മഹത്തായ വിധേയത്വത്തിലേക്കെത്താനുള്ള മാര്‍ഗങ്ങളായാണ് വ്യത്യസ്തങ്ങളായ ഗുണവിശേഷങ്ങളെ മനസ്സിലാക്കപ്പെടുന്നത്. യുക്തിവാദികള്‍ വൈരുദ്ധ്യങ്ങളെ താത്വിക പ്രശ്‌നമായി കാണുമ്പോള്‍, ദൈവിക ഇഛക്കനുസരിച്ചുള്ള ജീവിതരീതിയിലേക്കെത്താനുള്ള വ്യത്യസ്ത വഴികളായാണ് പാരമ്പര്യവാദികള്‍ അതിനെ കാണുന്നത്. ദൈവികതയെ കുറിച്ചുള്ള പാരമ്പര്യവാദത്തില്‍, ദൈവം ഒരേ സമയം പ്രതിനിധാനങ്ങളില്ലാത്തതും (കാരണം മനുഷ്യന് അല്ലാഹുവിനെ ഗ്രഹിക്കാന്‍ കഴിയില്ല) അതേസമയം തന്നെ തന്റെ സൃഷ്ടിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവനുമാണ് (കാരണം ഖുര്‍ആന്‍ പറയുന്നു: ‘നാം അവന്റെ കണ്ഡനാളത്തേക്കാള്‍ അവനുമായി അടുത്തിരിക്കുന്നു’)

ദൈവിക സവിശേഷതകളെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾക്കും വിവരണങ്ങൾക്കുമിടയിൽ ഒരു പ്രധാന ചോദ്യം ഉയർന്നു വരാറുണ്ട്.   ദൈവം ലോകത്തിന്റെ വെളിച്ചവും സര്‍വ ശക്തനുമാണെങ്കില്‍, എന്തിനാണ് തിന്മയെ ഭൂമിയില്‍ നിലനില്‍ക്കാന്‍ അവന്‍ അനുവദിച്ചത്? മനുഷ്യന്‍ പാപം എന്ന് മനസ്സിലാക്കിയ കാര്യം ദൈവത്തിലേക്ക് എത്തിച്ചേരുന്ന മാര്‍ഗത്തെ തിരിച്ചറിയാനുള്ളതാണെന്നും അത് സ്വയം ഒരു അവസാനമല്ലെന്നും, മനുഷ്യൻ അറിയാത്ത കാര്യങ്ങൾ ദൈവം അറിയുന്നു എന്നും ചിലര്‍ അതിന് മറുപടിയായി പറയാറുണ്ട്. എല്ലാ ഇസ്‌ലാമിക വിശ്വാസികളും തങ്ങളുടെ നിത്യജീവിതത്തില്‍ പാപം എന്ന സങ്കൽപ്പനത്തെ ഈ രീതിയിലാണ് കാണുന്നത് എന്ന് എനിക്കഭിപ്രായമില്ല. മറിച്ച്, ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന, എനിക്ക് ഇപ്പോഴും കൃത്യമായി ഓർക്കാൻ കഴിയുന്ന ഒരു ആശുപത്രിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയെ പറ്റി ഞാന്‍ പറയാം.

ചിത്രീകരണം; ഇബ്നു തൈമിയ

അറുപതുകളുടെ മധ്യത്തില്‍, സുഡാനിലെ നാടോടികളായ കബാബിഷ് കമ്യൂണിറ്റിയെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഫീല്‍ഡ് വര്‍ക്കിന് ശേഷം, ഒരുപാട് കാലമായി രോഗശയ്യയിൽ കിടക്കുന്ന, മരണാസന്നനായി ഖാര്‍തൂം ആശുപത്രിയില്‍ കഴിയുന്ന ഒരു ഖബ്ബാശി സുഹൃത്തിനെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ‘ഫകി അബ്ദുല്ല, എന്താണിത്?’ പുഞ്ചിരിച്ചുകൊണ്ട് ചെറിയൊരു തമാശ രൂപേണ ഞാന്‍ ചോദിച്ചു. ശാന്തമായി കിടക്കയില്‍ കിടന്നു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു: ‘ദൈവം ഇങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്(ഹാദാ ഇറാദതുല്ലാഹ്)’. തന്റെ എട്ടുവയസ്സുകാരിയായ മകളുടെ അരക്ഷിതാവസ്ഥയോര്‍ത്ത് അദ്ദേഹം ആശങ്കാകുലനായിരുന്നെങ്കിലും പരമമായ ദൈവിക വിധേയത്വമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ശബ്ദത്തിലോ ചേഷ്ടയിലോ കാണാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന് ആരോഗ്യമുള്ള കാലത്തും പലപ്പോഴും ഈ വാക്കുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ സുഹൃത്തിനെ സംബന്ധിച്ചിടത്തോളം ഒരു ജ്ഞാനത്തെയോ അനുമാനത്തെയോ അല്ല ആ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മറിച്ച് അത് തൻറെ വിശ്വാസത്തെ എളിമയോടെ പ്രകടമാക്കുന്ന ഒന്നാണ്(വിഗ്ഗസ്റ്റെയിന്‍ ‘Awoval’ എന്നായിരിക്കും അതിനെ വിളിക്കുക), അദ്ദേഹത്തിന്റെ ജീവിതരീതിയുടെ ഭാഗമാണത്, ജീവിതത്തിന്റെ അനിവാര്യതയായ മരണത്തിന്റെയും. പാരമ്പര്യവാദികളെ, സംബന്ധിച്ചിടത്തോളം അത്തരം പ്രകടമായ വൈരുദ്ധ്യങ്ങളെ (ദൈവം കാരുണ്യവാനാണ്, എന്നാല്‍ മാരകവും വേദനാജനകവുമായ രോഗം കൊണ്ട് ഞാന്‍ മരണപ്പെടുന്നു) ഒരു കൂട്ടം വാക്കുകളെ വേറൊരു വിഭാഗം വാക്കുക്കൾ കൊണ്ട് വിവര്‍ത്തനം ചെയ്തുകൊണ്ട് താത്വികമായി പരിഹരിക്കാന്‍ കഴിയില്ല. മറിച്ച് ആ വാക്കുകളെ ഒരു പ്രത്യേക ജീവിതരീതിയായി പരിവർത്തിപ്പിക്കുന്നു. അവ അവതരണങ്ങളാണ് (Presentations), പ്രതിനിധാനങ്ങളല്ല(Representations); വിവരണാതീതമായ (Indescribability) ദൈവിക വചനങ്ങൾ സൃഷ്ടിയോട് ഏറ്റവും അടുത്ത് നിൽക്കുന്നു. ‘അനീതി’, ‘തിന്മ’ എന്നിവയൊന്നും ദൈവത്തിന്റെ സവിശേഷതകളായി പറയാന്‍ കഴിയില്ല. ഇത്, വിഗ്ഗസ്റ്റെയിനിന്റെ ഭാഷയില്‍ ഒരു ഗ്രമാറ്റിക്കല്‍ സ്റ്റേറ്റ്‌മെന്‌റ് ആണ്. ദൈവവുമായി നേരിട്ട് സന്ധിക്കാത്തതിനാല്‍ ദൈവത്തിന്റെ സ്വ-ആഖ്യാനങ്ങളെ മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ലെന്നും മനുഷ്യന്‍ നിര്‍മിച്ചെടുത്ത ഭാഷയിലേക്ക് ദൈവിക വചനങ്ങളെ പരിവര്‍ത്തിപ്പിക്കാൻ കഴിയില്ലെന്നും പാരമ്പര്യവാദികള്‍ വാദിക്കുന്നു. ഖുര്‍ആന്‍ പറയുന്നു, ‘സമുദ്രജലം മുഴുവന്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പ് സമുദ്രജലം വറ്റിത്തീരുമായിരുന്നു. മറ്റൊരു സമുദ്രം കൂടി മഷിയാക്കിയാലും അതുതന്നെയായിരിക്കും’. അപ്പോള്‍, ദൈവികവചനങ്ങള്‍ മറ്റൊന്നിലേക്ക് വിവര്‍ത്തിക്കാന്‍ ശ്രമിക്കാതിരിക്കുകയും ദൈവത്തിന് വിധേയപ്പെടുന്ന ജീവിതരീതി പ്രയോഗവത്കരിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുക എന്നുള്ളത് വിശ്വാസിയുടെ ബാധ്യതയാണ്.

ചുരുക്കത്തില്‍, ദൈവത്തെ പറ്റിയുള്ള പരസ്പര വിരുദ്ധമായ പ്രസ്താവനകളായല്ല ഖുര്‍ആനിക വചനങ്ങളെ പാരമ്പര്യവാദികള്‍ കാണുന്നത്, മറിച്ച് വ്യത്യസ്ത മനുഷ്യസമയങ്ങളില്‍ വ്യത്യസ്ത രീതിയില്‍ ദൈവം മനുഷ്യനോട് സംവദിക്കുന്നതാണ് ഖുര്‍ആന്‍. അതാണെങ്കില്‍ “മനുഷ്യ ഭാഷക്ക്” പൂര്‍ണമായും ഗ്രഹിക്കാൻ കഴിയാത്തതാണ്. എന്നാല്‍ മനുഷ്യന് അതിനോട് പ്രതികരിക്കാൻ കഴിയുകയും ചെയ്യുന്നു. ഖുര്‍ആന്‍ ഒരു ഭൗതിക ഗ്രന്ഥമോ(മുസ്ഹഫ്) വെറും പാരായണമോ(തജ്‌വീദ്) അല്ല; ദൈവം സംസാരിക്കുകയും മനുഷ്യന്‍ കേള്‍ക്കുകയുമാണിവിടെ. ദൈവത്തിന് പ്രതിനിധാനം സാധ്യമല്ല എന്ന അർഥത്തിലുള്ള ഗുണവിശേഷണങ്ങളിലൂടെ ദൈവിക ഭക്തി(തഖ്‌വ)യിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് ദൈവം ചെയ്യുന്നത്, അത് ദൈവബോധത്തെയും (റഹാബ്) ഭയഭക്തിയെയും അടിസ്ഥാനപ്പെടുത്തിയുള്ള ജീവിത രീതിയാണ്.

അടിസ്ഥാനപരമായി, ഖുര്‍ആന്‍ അഭിമുഖീകരിക്കുന്നത് ആരെയാണ് എന്ന ചോദ്യത്തിന് ആത്മാവുള്ള ശരീരം(Ensouled body) എന്ന് മറുപടി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാഷയുടെ കല്‍പ്പനാഭാവുകത്വവും, നന്മയിലേക്കുള്ള നിരന്തരമായ ആഹ്വാനവും വിശ്വാസിയുടെ ശരീരത്തെ രൂപപ്പെടുത്തിയെടുക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇഹലോകത്ത് ദൈവത്തിന് മുന്നില്‍ വിനയാന്വിതനായി അവനെ അനുസരിക്കാനുള്ള ശേഷി കൂടി അത് ഉണ്ടാക്കിയെടുക്കുന്നു. ഖുര്‍ആനിക വീക്ഷണ പ്രകാരം ഒരാള്‍ എല്ലായ്പ്പോഴും നന്മ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് അത് എളുപ്പമുള്ളതായിത്തീരും. മറിച്ച് ദുഷ്പ്രവർത്തികള്‍ മാത്രം ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നന്മ ചെയ്യല്‍ വളരെ ദുഷ്‌കരവുമായിരിക്കും. കഠിന ഹൃദയരായ പാപികളുടെയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരുടെയും ഹൃദയത്തില്‍ ‘അല്ലാഹു സീലുവെച്ചു കളഞ്ഞു’ എന്ന് ഖുര്‍ആന്‍ ഇടക്കിടെ പറയുന്നുണ്ട്. നന്മയെ തിന്മയില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയാത്ത ആളുകള്‍ക്കാണ് നിരന്തരം തിന്മ ചെയ്യുന്നവര്‍ക്കുള്ള കഠിനശിക്ഷ ലഭിക്കുക. നിരന്തരമുള്ള ദുഷ്ചിന്തയുടെ സ്വാധീനത്തില്‍ നിന്നും മനുഷ്യന് രക്ഷനേടാന്‍ കഴിയില്ല എന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. നന്മയെ തിന്മയില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് നിരന്തരം പാപം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു: “ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന ആളുകളോട് എല്ലാം അവസാനിപ്പിക്കാന്‍ പറഞ്ഞാല്‍, അവര്‍ പറയും അവരാണ് സമാധാനത്തിന്റെ ആളുകളെന്ന്, എന്നാല്‍ അവരാണ് ദുര്‍മാര്‍ഗികള്‍, തിന്മയെ കുറിച്ചോ അതിന്റെ മറുവശത്ത് എന്താണെന്നതിനെ കുറിച്ചോ അവര്‍ക്ക് യാതൊരു ബോധവുമില്ല”. ഒരു പ്രത്യേക വ്യാകരണത്തിൽ അവഗാഹമുണ്ടാവുക എന്നാൽ, ഒരു പ്രത്യേക ജീവിതരീതിയില്‍ മുന്നോട്ട് പോവുക എന്നാൽ, ഒരു പ്രത്യേകതരം വ്യക്തിയാവുക എന്നാണ്. ആന്തരികമായിത്തന്നെ നന്മയുണ്ടാവുന്നതും ആ വ്യക്തിയുടെ സവിശേഷതയാണ്: അതില്‍ അവഗാഹമുണ്ടാവുക എന്നത് അവന് അതിൽ ലഭിക്കുന്ന ബഹുമതിയുമാണ്. ഒരു പ്രത്യേക തരം സ്വഭാവം ‘സ്വാഭാവികമായി വരുന്ന’ ആളുകളാണ് നല്ല മനുഷ്യര്‍.

ഇബ്‌നു തൈമിയ പ്രസിദ്ധമായൊരു പ്രവാചക വചനം പരാമര്‍ശിക്കുന്നുണ്ട്; ‘ഒതുക്കമുള്ള സ്വഭാവവും ലജ്ജയും(അല്‍ ഹയ) ഈമാന്റെ ശിഖരങ്ങളാണ്’. അഥവാ വിശ്വാസം പുറമേയുള്ള സ്വഭാവമോ ഒരു മാനസികാവസ്ഥയോ അല്ല; സ്വഭാവവും മനസ്സും വിശ്വാസത്തില്‍ പരസ്പരം ഒന്നുചേരുന്നു. മുമ്പെന്നോ രൂപപ്പെടുത്തിവെച്ച ഒന്നിന്റെ ഫലമല്ല വിശ്വാസം; നന്മയുള്ള മനുഷ്യ ജീവിത്തെ രുപപ്പെടുത്തുന്നതും നിലനിര്‍ത്തുന്നതുമായ ഒന്നാണത്. ഒരു കുറിപ്പില്‍ വിഗ്ഗസ്റ്റെയിന്‍ എഴുതുന്നു: “ഒരുപക്ഷെ, ഒരു പ്രത്യേക തരം ശിക്ഷണത്തിലൂടെ, ജീവിതത്തെ ഇന്നയിന്ന രീതിയില്‍ മുന്നോട്ട് നയിച്ച്, ‘ദൈവമുണ്ടെന്ന് ഒരാളെ വിശ്വസിപ്പിക്കാം’. ദൈവത്തില്‍ വിശ്വസിക്കാന്‍ ജീവിതം ഒരാളെ പഠിപ്പിക്കുന്നു. അനുഭവങ്ങളും ഇതുതന്നെ ചെയ്യുന്നു; കാഴ്ചയും മറ്റുതരത്തിലുള്ള ഇന്ദ്രിയാനുഭവങ്ങളും ‘ദൈവികാസ്തിത്വത്തെ’  പ്രകടമാക്കി തരുന്നു എന്നല്ല ഞാനുദ്ദേശിച്ചത്, എന്നാല്‍, ഉദാഹരണത്തിന് വ്യത്യസ്ത തരം കഷ്ടതകളനുഭവിക്കുന്ന ഘട്ടങ്ങളിൽ മനുഷ്യൻ ദൈവത്തെ ഓർക്കുന്നു. ഒരു ഇന്ദ്രിയം നമുക്ക് ഒരു വസ്തുവിനെ കാണിച്ചുതരുന്നത് പോലെയല്ല അത്, ദൈവത്തെ കുറിച്ചുള്ള ഊഹങ്ങളും അതുണ്ടാക്കുന്നില്ല. അനുഭവങ്ങളും ചിന്തകളും കൊണ്ട് ജീവിതത്തിന് ദൈവസങ്കല്‍പ്പത്തെ നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയും”. പലപ്പോഴും യുക്തിഭദ്രമായ വാദങ്ങളായിരിക്കില്ല ഒരാളുടെ ദൈവവിശ്വാസത്തെ നഷ്ടപ്പെടുത്തുന്നത്, മറിച്ച് തന്റെ പഴയ ഭാഷയെ അര്‍ഥരഹിതമാക്കുന്ന തരത്തിൽ ജീവിതരീതിയിലുണ്ടാവുന്ന വലിയ മാറ്റമായിരിക്കുമത്.

ആന്തരിക ബോധ്യവും(തസ്ദീഖ്) തിരിച്ചറിവുമാണ് വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവർത്തിക്കുക(അഅ്മാല്‍) അല്ലെന്നും, അതിനാല്‍ പ്രായോഗിക കാര്യങ്ങളെ കുറിച്ചുള്ള അധ്യാപനങ്ങളെല്ലാം തന്നെ ആലങ്കാരികമാണെന്നും വാദിച്ചവരെ ഇബ്‌നു തൈമിയ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ‘സ്വഭാവത്തിലൂടെ പ്രകടമാവുന്നതല്ല മറിച്ച് ഹൃദയത്തിനകത്ത് കാത്തുസൂക്ഷിക്കുന്നതാണ് വിശ്വാസമെങ്കില്‍ ദുഷ്പ്രവർത്തികള്‍ ചെയ്യുന്ന ഒരാള്‍ ദുർമാർഗിയാണ് എന്ന് എങ്ങനെയാണ് തീർപ്പാക്കാൻ കഴിയുക?’ എന്ന് ഇബ്‌നു തൈമിയ ചോദിക്കുന്നു. ആന്തരികബോധം ഈമാനെ പൂര്‍ത്തീകരിക്കുന്നില്ലെന്നും, എല്ലായ്‌പ്പോഴും മറ്റൊരാളുടെ മനസ്സിലുള്ളത് അറിഞ്ഞുകൊണ്ടല്ല അയാളോടുള്ള പ്രവർത്തികള്‍ നിശ്ചയിക്കപ്പെടുന്നതെന്നുമാണ് ഇബ്‌നു തൈമിയ വാദിക്കുന്നത്. ആന്തരികബോധവും ബാഹ്യ സ്വഭാവവും പരസ്പരം വേര്‍പിരിക്കാവുന്നതാണെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ അവ രണ്ടും സ്വയം പൂര്‍ണമാവുന്നില്ല. ഇതിന്റെ ഫലമായി എല്ലാം ദൈവത്തില്‍ നിന്നുള്ളതാണെന്നും മനുഷ്യന് യാതൊരുവിധ സ്വതന്ത്ര ചിന്തയോ പ്രവർത്തിയോ ഇല്ലെന്നുമുള്ള(determinism, predestination) വാദങ്ങളെയും ഇബ്‌നു തൈമിയ എതിര്‍ത്തു. പ്രത്യേകിച്ചും മധ്യകാല വിഭാഗങ്ങളായ ഖറാമിതകളുടെയും ജഹ്മിയകളുടെയും തത്വങ്ങളെ അദ്ദേഹം ശക്തമായി നിരാകരിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെയും മരണശേഷമുള്ള വിധിനിര്‍ണയത്തിന്റെയും അടിസ്ഥാനമാണ് ഒരു മനുഷ്യന്റെ ഐഹിക ജീവിതമെന്ന് അവര്‍ക്കെതിരായ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു. മറ്റൊരര്‍ഥത്തില്‍, ഇസ്‌ലാമിക പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും പ്രയോഗവത്കരിക്കുന്നതും – എങ്ങനെ ചിന്തിക്കണം, അനുഭവിക്കണം, സംസാരിക്കണം, പെരുമാറണം എന്നിവയൊക്കെ ഉള്‍പ്പെടെ – ഈമാനുണ്ടാവുന്നതിന്റെയും അത് ശക്തിപ്പെടുത്തുന്നതിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.

അമൂര്‍ത്തമായ വിശദീകരണങ്ങളും സൈദ്ധാന്തിക വിവര്‍ത്തനങ്ങളും ഖുര്‍ആന്റെ സത്തയെ ഇല്ലാതാക്കും എന്ന് പാരമ്പര്യവാദികള്‍ അഭിപ്രായപ്പെടുന്നു. വിവര്‍ത്തനമാണ് (ഒരുകൂട്ടം വാക്കുകള്‍ക്ക് പകരമായി മറ്റൊരു കൂട്ടം വാക്കുകള്‍ ഉപയോഗിച്ച് അര്‍ഥം മനസ്സിലാക്കുന്നത്) യഥാര്‍ഥ പാഠത്തെ(Text) മനസ്സിലാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന വാദം അപകടകരമായ ഒന്നായാണ് അവര്‍ മനസ്സിലാക്കിയത്. (Hermeneutics എന്ന അര്‍ഥത്തിനായി ഇബ്‌നു തൈമിയ ഉപയോഗിച്ചത് മുബ്തദി അഥവാ ദൈവനിഷേധിയുടേത് എന്ന പദമാണ്). വ്യാവഹാരിക പാരമ്പര്യമാണ് (Discursive tradition) നിത്യജീവിതത്തെ സാധ്യമാക്കുന്നത്. പുതിയ അര്‍ത്ഥങ്ങള്‍ രൂപീകരിക്കുന്നതിലും പാരമ്പര്യത്തിന്റെ ഇടപെടലുകളുണ്ടാവാം. പാരമ്പര്യവാദികള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ അര്‍ഥത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെങ്കിലും പാരമ്പര്യത്തില്‍ നിന്നും തങ്ങൾ ആർജ്ജിച്ചെടുത്ത പ്രത്യേക ജീവിത രീതിയുടെ ആവശ്യകതയെ കുറിച്ച് അവര്‍ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്.

സാമൂഹിക ബന്ധങ്ങളിലെ നൈതികസ്വഭാവത്തിനായുള്ള മാർഗനിർദേശങ്ങളാണ് ശരീഅത്ത്. അത് സൈദ്ധാന്തിക അനുമാനങ്ങളോ ദൈവശാസ്ത്രമോ അല്ല. ഖുര്‍ആനിന് വിപരീതമായി, മനുഷ്യ ചിന്തയുടെ ഫലമാണ് ശരീഅത്ത്. അതിനാല്‍ തന്നെ പിശകുകൾക്ക് സാധ്യതയുള്ളതും നവീകരണം ആവശ്യമുള്ളതുമാണ് അത്. ഭാഷയെ ദൈവികമതത്തിന്റെ ഭാഗമായി മനസ്സിലാക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തിന്റേതായതു കൊണ്ടാണ് അതിന്റെ ഭാഷ പ്രധാനമായും ഖുര്‍ആനിക ഭാഷയായി മാറിയത്. സെക്കുലര്‍ ആഖ്യാനങ്ങള്‍ വിവരിക്കുന്നത് പോലെ ശരീഅത്ത് ഒരു പ്രാകൃത മതചിന്തയുടെ സദാചാര സംഹിതയും (ദൈവികമായ ആധികാരിക നിയമങ്ങളെ അടിസ്ഥാനമാക്കിയ) നിയമങ്ങളും (പഴയനിമവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖുര്‍ആനില്‍ വളരെ കുറച്ച് നിയമങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമേ ഉള്ളൂ) ഒരുമിച്ചു ചേർത്തതല്ല;  സന്മാര്‍ഗത്തിലേക്കുള്ള പാതയിലെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമടങ്ങിയ പാരമ്പര്യമാണത്.  പ്രാഥമികമായി ശരീഅത്ത് യുക്തിചിന്തക്കപ്പുറം(ഇസ്തിന്‍താജ് മന്‍തിഖിയാന്‍) തിരിച്ചറിവിനെ(ഫിഖ്ഹ്) ലക്ഷ്യം വെക്കുന്നു. യഥാർഥത്തിൽ ആധുനികത അര്‍ഥമാക്കുന്ന സദാചാരമോ നിയമങ്ങളോ അല്ല അത്. ശരീഅത്തിന്റെ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്ന ആളുകള്‍ ആദ്യം ഖുര്‍ആനെയാണ് സമീപിക്കുക. പിന്നീട് പ്രവാചകന്റെ വചനങ്ങളിലേക്കും പ്രവർത്തികളിലേക്കും നോക്കും. അവിടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ വിശ്വാസികളുടെ യോജിപ്പ്(ഇജ്മാ) നോക്കും. ഇവയൊന്നും സംതൃപ്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ മാത്രം ഖുര്‍ആനും സുന്നത്തും ചേര്‍ത്തുവെച്ച് യുക്തിക്കനുസരിച്ച് തീരുമാനമെടുക്കും(ഖിയാസ്). സന്മാര്‍ഗികളായ മുന്‍ഗാമികളുടെ പ്രാദേശികമായ നടപ്പുശീലങ്ങളോടുള്ള പ്രതികരണങ്ങളെയും അവര്‍ പരിഗണിക്കുന്നു (ഉര്‍ഫ്/അഅ്ദാ). അഥവാ നടപ്പുശീലങ്ങളുടെ കാര്യത്തില്‍ പോലും വര്‍ത്തമാനകാലത്ത് മുന്‍ഗാമികളുടെ ചര്യയെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നു. ‘നിയമ’മായതിനാല്‍ ശരീഅത്ത് പൂര്‍ണമായും ഐഹിക ജീവിതത്തിലേക്കുള്ളതാണ് എന്നല്ല അര്‍ഥം. ‘ഹറാം, ഹലാല്‍, സുന്നത്ത്, ബിദ്അത്ത്’ എന്നിവക്ക് പുറത്തുനില്‍ക്കുന്ന, ‘നിഷ്പക്ഷ സ്വഭാവം(മുബാഹ്, ജാഇസ്)’ എന്ന ശരീഅ കാറ്റഗറിയെ എനിക്ക് ‘സെക്കുലര്‍’ എന്ന് വിളിക്കാനും കഴിയില്ല. ചുരുക്കത്തില്‍ ദൈവികവചനത്തെ അടിസ്ഥാനമാക്കി സാര്‍വലൗകികമായ ഒരു സമുദായത്തെ(Worldly community) നയിക്കുന്ന ഒരു പാരമ്പര്യമാണ് ശരീഅ. മക്ലിന്റയര്‍(MacIntyre) പറയുന്ന ‘നല്ലരീതി(Good order)’ യില്‍ അത് കൊണ്ടുനടക്കേണ്ടതുണ്ട്.

‘പാരമ്പര്യവാദികളെ’ സംബന്ധിച്ചിടത്തോളം ഒരു പരിഹാരം കണ്ടെത്തേണ്ടുന്ന പ്രശ്‌നമായല്ല ഖുര്‍ആന്‍ ദൈവികാസ്തിത്വത്തെ മുന്നോട്ടുവെക്കുന്നത്; വിവരണാതീതമായ ഒരു ശക്തിയുമായുള്ള പ്രായോഗിക ഇടപാടുകളെ കുറിച്ചാണ് അത് സംസാരിക്കുന്നത്, ഒരാളുടെ ജീവിതം ക്രമപ്പെടുത്തുന്ന, ജീവിതത്തെ ആഴമുള്ളതാക്കുന്ന ദിവ്യചിന്തയും ഭക്തിയും അതില്‍ ഉള്‍പ്പെടുന്നു. കാരണം ജീവിതാവസാനം മരണം എല്ലാവരെയും കാത്തുനില്‍ക്കുന്നുണ്ട്, അത് എന്താണ് ജീവിതമെന്ന് നിര്‍വചിക്കാന്‍ സഹായിക്കുന്നു, ‘ഇതിനുമപ്പുറത്തെ’ കുറിച്ചുള്ള മനുഷ്യന്റെ അറിവില്ലായ്മയെ അത് ഓര്‍മിപ്പിക്കുന്നു.

ഇബ്‌നു തൈമിയ ഒരു ഹദീസ് പ്രതിപാദിക്കുന്നു: ‘ദീനിൽ(ചില സമയത്ത് ‘മതം’ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദം, ഇവിടെ ‘വിധേയപ്പെടല്‍’, ‘അനുസരണം’, ‘ദൈവിക മാര്‍ഗം’ എന്നൊക്കെ അര്‍ഥം) മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു; അതില്‍ ഏറ്റവും ഉയര്‍ന്നത് അല്‍ ഇഹ്‌സാന്‍(നന്മകളുടെ പ്രയോഗവത്കരണം) ആണ്, നടുവില്‍ അല്‍ ഈമാന്‍(അതിന്റെ അടിത്തറയായ വിശ്വാസം) ആണ്, അവസാനം അല്‍ ഇസ്‌ലാമും (ദൈവത്തോടുള്ള പൂര്‍ണ വിധേയത്വം).’ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും,  മനഃപാഠമാക്കുന്നതും ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ സഹായകമാവുന്നു. പരസ്പരം ഒന്നുചേരാതെ തന്നെ ഭയഭക്തി സൃഷ്ടാവിനെയും സൃഷ്ടിയെയും തമ്മിൽ അടുപ്പിച്ചു നിര്‍ത്തുന്നു. സൃഷ്ടാവും സൃഷ്ടിയും ഒന്നാണെന്നുള്ള(വഹ്ദത്തുല്‍ വുജൂദ്) സൂഫി അനുമാനത്തെ ഇബ്‌നു തൈമിയ ശക്തമായി എതിര്‍ത്തിട്ടുണ്ട്: വസ്തുവും(Object) വിഷയിയും(Subject) ഒന്നാണെന്നുള്ള വാദം മനുഷ്യനെ ‘പുറത്തുനിന്ന്’ വീക്ഷിക്കുന്ന ശക്തിയുടെ സ്വതന്ത്ര സ്വത്വത്തെ മാത്രമല്ല നിരാകരിക്കുന്നത്, മറിച്ച് വിശ്വാസി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എന്നാല്‍ ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കാത്ത ‘പൂര്‍ണതയിലേക്കുള്ള’ വ്യക്തിയുടെ അഭിലാഷത്തെ കൂടിയാണ്. നേരെ മറിച്ച്, ദൈവവും മനുഷ്യനും വ്യത്യസ്ത അസ്തിത്വങ്ങളാണെങ്കില്‍, ദൈവം നിലനില്‍ക്കുന്നില്ലെങ്കില്‍, ‘ദൈവത്തോടുള്ള വിശ്വാസിയുടെ അഭിനിവേശം’  ഇല്ലാത്ത ഒന്നിനോടുള്ള ആഗ്രഹം മാത്രമാണെന്നും, ഒന്നുമില്ലായ്മയിലേക്കാണ് അവരുടെ ഭയഭക്തി മുഴുവന്‍ ചെന്നെത്തുന്നതെന്നും സെക്കുലര്‍ വിമര്‍ശകര്‍ പറയുന്നു.

തലാൽ അസദ്

മറ്റൊരു തലത്തില്‍ ആലോചിക്കാം; അല്ലാഹുവിന്റെ ചിത്രീകരണം ഖുര്‍ആനില്‍ എവിടെയുമില്ല(ഖുര്‍ആനില്‍ ചിത്രീകരണങ്ങള്‍ ഒന്നും തന്നെയില്ല), കൃത്യമായ സ്ഥാനത്തെ കുറിച്ചും ഖുര്‍ആന്‍ പറയുന്നില്ല, അല്ലാഹുവുമായി ബന്ധപ്പെട്ടുകിടക്കുന്ന ‘ഒരു വസ്തുവിനെ’ മാത്രമായി പറയുന്നുമില്ല, വിവരണാതീതമായ ഒരു ശക്തിയാണത്. ഒരാള്‍ക്ക് ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും അനുഭവിക്കാന്‍ കഴിയും. ഖുര്‍ആന്റെ ഭാഷ ദൃശ്യമായ ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ലെങ്കിലും പ്രായോഗിക സാധ്യതകളെ അവതരിപ്പിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവം തന്റെ വചനങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നു. ദൈവിക വചനങ്ങള്‍ ഗ്രഹിക്കുന്ന വിശ്വാസി ദൈവത്തെ അനുഭവിക്കുന്നു. ദൈവിക കൽപനകളിലൂടെ ഉണ്ടായിത്തീരുന്ന സന്മാര്‍ഗ ജീവിതത്തിന് ആഖ്യാനങ്ങള്‍ ആവശ്യമില്ല; അവര്‍ക്ക് സമയം മാത്രമേ ആവശ്യമുള്ളൂ. അതിനാല്‍ ദൈവിക വചനങ്ങളിലൂടെ അവന്‍ എന്താണ് ഉദ്ദേശിച്ചത് എന്നുള്ള കാര്യത്തെ കുറിച്ച് ദൈവശാസ്ത്രജ്ഞരും ചിന്തകരും അന്വേഷിക്കേണ്ടതില്ല (അവന്റെ വാക്കുകളെ മറ്റ് സൂചകങ്ങളിലേക്ക് വിവർത്തനം ചെയ്ത്കൊണ്ട്) എന്ന് ഇബ്‌നു തൈമിയ പറയുന്നു, ദൈവിക വചനങ്ങള്‍ക്ക് മാത്രമേ നമ്മോട് അവനെ കുറിച്ച് പറയാന്‍ അധികാരമുള്ളൂ, അതിനാൽ തന്നെ അവന്റെ രൂപത്തെ കുറിച്ചും ആരും സംസാരിക്കേണ്ടതില്ല.


വിവർത്തനം: അസ്ഹർ അലി

തലാൽ അസദ്