Campus Alive

സയ്യിദ് നഖീബ് അൽ അതാസും ഇസ്‌ലാമിക ജ്ഞാനശാസ്ത്ര ചർച്ചകളും

ഇസ്‌ലാമിക അക്കാദമിക രംഗത്ത് ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെട്ട ഒരുപാട് ചർച്ചകൾ കഴിഞ്ഞ് പോയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലായിരുന്നു ഇത്തരം ചർച്ചകൾക്ക് ഊക്ക്‌ കൂടുതൽ. അത് കൊണ്ട് തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പൂർണമായല്ലെങ്കിലും അതിന് ഒരുപാട് ഫലങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ കഴിഞ്ഞ് പോയിട്ടുണ്ടെങ്കിലും വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം (Islamisation of knowledge) അതിലെ പുതിയ ഒന്നായിട്ടാണ് പരിചയപ്പെടുത്തുന്നത്. അത്കൊണ്ട് തന്നെയാണ് ചില ആധുനിക വിജ്ഞാന നിരീക്ഷകർ “ഇതിൽ തന്നെ ഒരുപാട് ചർച്ചകൾ ആദ്യമേ കഴിഞ്ഞ് പോയിട്ടുണ്ടെന്നും വിജ്ഞാനത്തെ പല നിലക്കും ഇസ്‌ലാമികവൽകരിച്ചിട്ടുണ്ട് എന്നും, പക്ഷേ ഇത്തരം ഒരു പദാവലി (Islamisation of knowledge) ഇരുപതാം നൂറ്റാണ്ടിൽ പുതുതായി വന്നു എന്നത് മാത്രമാണ് ഇതിലെ പ്രത്യേകത” എന്നും പറയുന്നത്.

വിജ്ഞാനത്തിന്റെ ഉറവിടത്തെ കുറിച്ചും അതിലെ കൈമാറ്റ പ്രക്രിയയെ കുറിച്ചും ആ ഒരു കൈമാറ്റ ശൃംഖലയെ കുറിച്ചുമുള്ള ദീർഘ ചർച്ചകൾക്കാണ് ലളിതമായി പൊതുവേ ജ്ഞാനശാസ്ത്രംം (Epistemology) എന്ന് പറയുന്നത്. ദൈനംദിന പ്രക്രിയയുമായി ബന്ധപ്പെട്ട ഒന്നായത് കൊണ്ട് തന്നെ ഫിലോസഫിയിലെ ഒരു പ്രധാന പദമായി ഇതിനെ ഉപയോഗിക്കാറുണ്ട്. 1931 ൽ ഇന്തോനേഷ്യയിൽ ജനിച്ച സയ്യിദ് നഖീബ് അൽ അതാസാണ് ‘വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം’ എന്ന പേരിലുള്ള ഒരു ആശയം റജി അൽ ഫാറൂഖിക്ക് ശേഷം കൊണ്ട് വരുന്നത്. ഇന്തോനേഷ്യയിലാണ് അതാസിന്റെ ജനനം എന്നുണ്ടങ്കിലും പഠനവും തുടർന്നുള്ള ജീവിതവും മലേഷ്യയിൽ ആയതിനാൽ തന്നെ മലേഷ്യൻ ഫിലോസഫർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഏകദേശം എല്ലാ ഇസ്‌ലാമിക വിഷയത്തിനും ഒരു റഫറൻസ് എന്ന നിലക്ക് തന്നെ രണ്ട് ഡസനോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അതാസ്‌.

സയ്യിദ് നഖീബ് അൽ അതാസ്

അതാസിനോടൊപ്പം ഇസ്മാഈൽ റജി അൽ ഫാറൂഖിയും (1921- 1986) വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രധാനമായും ഇവരെ രണ്ട് പേരെയുമാണ്‌ ചർച്ച ചെയ്യാറുള്ളത്. ഹളർ മൗതിലെ ബാ അലവി സയ്യിദ് കുടുംബത്തിൽ പെട്ട അതാസാണ് ഈ വിഷയത്തിൽ കൂടുതൽ വിശ്വാസ്യയോഗ്യമായി സംസാരിച്ചത് എന്നുള്ളത് കൊണ്ട് തന്നെ ‘വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം’ എന്നതിന്റെ സ്ഥാപകനായി അതാസിനെയാണ് കണക്കാക്കാറുള്ളത്.

മനുഷ്യരും വിജ്ഞാനത്തിന്റെ ഉറവിടവും

പുരാതന ഗ്രീക്കിലെ അന്തെനിയൻ ഫിലോസഫറായ പ്ലാറ്റോയുടെ വിശദീകരണം അനുസരിച്ച് ദീർഘ നേരമുള്ള ചിന്തയും യുക്തിയും കൊണ്ടാണ് അറിവ് കരസ്ഥമാകുന്നത്. അത് പോലെ നമ്മുടെ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ് അതിലുള്ള വിശ്വാസ ദൃഢത ഉണ്ടായി തീരുന്നത് എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നുണ്ട്. പക്ഷേ ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം വിജ്ഞാനത്തിന്റെ ഉറവിടം വഹിയ്‌ (revelation) ആണ്.

അതാസിന്റെ അഭിപ്രായം അനുസരിച്ച് ഇസ്‌ലാമിക കാഴ്ചപാടിൽ ജ്ഞാനം മൂന്ന് നിലക്കാണ് മനുഷ്യരിലേക്ക് എത്തുന്നത്. ഒന്ന്, നേരിട്ട് അല്ലാഹു മനുഷ്യർക്ക് അറിയിച്ച് കൊടുക്കുന്നത് (മൂസ (അ) നബിയോട് അല്ലാഹു നേരിട്ട് സംസാരിച്ചത് പോലെ). രണ്ട്, ഒരു മലക്ക് വഴി (റസൂലിന് വഹിയ്‌ ഇറങ്ങുന്നത് ഉദാഹരണം). മൂന്ന്, ഇൽഹാം വഴി. ഇവിടെ ഇൽഹാം എന്നത് കൊണ്ട് അള്ളാഹു പ്രവാചകൻമാർക്കും ഔലിയാക്കൾക്കും തോന്നിപ്പിച്ച്‌ കൊടുത്തത് പോലെ ‘ തോന്നിപ്പിക്കൽ’ ആയിരിക്കും ഇത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് അനുമാനിക്കാം. അതിനാൽ തന്നെ അല്ലാഹുവിൽ വിശ്വാസം ഇല്ലാതെ ഒരുപാട് നേരം വെറുതെ ചിന്തിച്ചിരുന്നിട്ട്‌ മാത്രം കാര്യം ഇല്ല എന്നാണ് ഇസ്‌ലാമിന്റെ നിലപാട് എന്ന് അതാസ് പറയുന്നു. എല്ലാ വിജ്ഞാനവും അല്ലാഹുവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നും അല്ലാഹുവുമായി ബന്ധിപ്പിക്കാത്ത സർവ്വ അറിവുകളും അടിസ്ഥാന രഹിതമാണ് എന്നുമാണ് അതാസ് ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്.

ഇസ്മാഈൽ റജി അൽ ഫാറൂഖി

പലസ്തീനിയൻ – അമേരിക്കൻ ഫിലോസഫറായ ഇസ്മാഈൽ റജി അൽ ഫാറൂഖിയുടെ ‘വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം’ എന്ന ആശയം അർത്ഥമാക്കുന്നത് ഇത് വരെ നടന്ന മൊത്തം പഠനങ്ങളെയും എഴുത്തുകളെയും ഇസ്‌ലാമികവത്കരിക്കുക എന്നതാണ്. അതിനെ പുനർനിർമിക്കുന്നതിലൂടെയാണ് അത് സാധ്യമാവുക എന്നും അദ്ദേഹം പറയുന്നു. അതേ സമയം അതാസിന്റെ അഭിപ്രായം അനുസരിച്ച് വെരിഫിക്കേഷൻ, ഇൻഫ്യൂഷൻ (പിഴിഞ്ഞ് എടുക്കുക) എന്നീ രണ്ട് പ്രക്രിയയിലൂടെയാണ് വിജ്ഞാനത്തെ ഇസ്‌ലാമികവത്കരിക്കേണ്ടത് എന്നും പറയുന്നു. അത് തന്നെ ഈ സമീപ കാലത്ത് നടന്ന പഠനങ്ങളെ മാത്രം ഇസ്‌ലാമികവത്കരിച്ചാൽ മതി എന്നാണ് അതാസിന്റെ അഭിപ്രായം.

ജ്ഞാനശാസ്ത്രപരമായ വിപ്ലവം എന്ന് വരെ പറഞ്ഞ ഈ മുന്നൊരുക്കത്തിന് അറബിയിൽ ഇസ്‌ലാമിയ്യ മഅ്’രിഫിയ്യ എന്ന് പറയുന്നതിനേക്കാളും ഇസ്‌ലാമിയ്യ ഇൽമുൽ മആസിറ (Islamisation of contemporary/ present day knowledge) എന്ന് പറയലാണ് ഉചിതം എന്ന് അതാസ്‌ നിർദേശിക്കുന്നുണ്ട്.

ഇസ്‌ലാമികവത്കരണത്തിന്റെ വിമർശനങ്ങൾ

ഏതൊരു പുതിയ കാര്യങ്ങൾക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. അത് തന്നെ ഇവിടെയും സംഭവിക്കുന്നുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പബ്ലിഷ് ചെയ്ത Islamic philosophy: Beginners’ Guide (2009) എന്ന 200 പേജുകളുള്ള പുസ്തകത്തിന്റെ എഴുത്തുകാരനായ മാജിദ് ഫക്‌രി തന്റെ ഒരു എഴുത്തിൽ “ഒരു പരിധിയും കടന്ന് അതാസിന്റെ കാഴ്ച്ചപ്പാടുകൾ ഇസ്‌ലാമിനോ ക്രിസ്റ്റ്യാനിറ്റിക്കോ യാതൊരു സംഭാവനയും നൽകാതെ കേവലം വാദപ്രതിവാദം മാത്രമായി ചുരുങ്ങിയിരിക്കുന്നു” എന്ന് പറഞ്ഞ് നിഷിദ്ധമായി അതാസിനെ തുറന്ന് വിമർശിക്കുന്നുണ്ട്. Major themes of Quran (1980) എന്ന കൃതിയുടെ ഗ്രന്ഥ കർത്താവായ ഫസലു റഹ്മാൻ മാലികും (1919-1989) ‘വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണ’ത്തെ വിമർശിക്കുന്നുണ്ട്. വിജ്ഞാനത്തിൽ ഒന്നും തന്നെ തെറ്റായി ഇല്ലാത്തതിനാൽ തന്നെ ഇങ്ങനെ ഇസ്‌ലാമികവത്കരിക്കാൻ മാത്രം ഒന്നും തന്നെ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ചില പരമ്പരാഗത പണ്ഡിതന്മാരും “എല്ലാ വിജ്ഞാനങ്ങളും അല്ലാഹുവിൽ നിന്നാണ്, അത് കൊണ്ട് തന്നെ എല്ലാ ജ്ഞാനങ്ങളും ആദ്യമേ തന്നെ ഇസ്‌ലാമികവത്കൃതമാണ്” എന്നും പറയുന്നു. അതിനാൽ ഇനി പുതിയ ഒരു ഇസ്‌ലാമികവത്കരണം ആവശ്യം ഇല്ല എന്നാണ് അവരും പറയുന്നത്.

What is Islam എന്ന പുസ്തകത്തിന്റെ രചയിതാവും പാകിസ്ഥാനി – അമേരിക്കൻ പണ്ഡിതനുമായ ശഹാബ് അഹ്മദ് (1966-2015) തന്റെ പുസ്തകത്തിൽ ഇബ്നു സീനയെ ചർച്ച ചെയ്യുന്നിടത്ത് പ്രതിപാദിച്ച ഇസ്‌ലാമിക് ഫിലോസഫിയുടെ ആവശ്യകത ഉണ്ടോ എന്ന പോലെ (ശഹാബ്‌ അഹ്മദിന്റെ വാദം അല്ല) ഇസ്‌ലാമിക് സയൻസിന്റെ ആവശ്യകതയെയും ചില അക്കാദമിക പണ്ഡിതന്മാർ ചോദ്യം ചെയ്യുന്നുണ്ട്. അതിൽ പ്രധാനിയാണ് പാകിസ്ഥാനി നൂക്ലിയർ ഫിസിസ്റ്റ് ആയ പർവേസ് അമീർ അലി ഹുഡ്ബോയും (1950- ) പാകിസ്ഥാനി തിയററ്റിക്കൽ ഫിസിസ്റ്റായ മുഹമ്മദ് അബ്ദു സലാമും (1926-1996). എല്ലാ കാര്യങ്ങളെയും ഇസ്‌ലാമികവത്കരിക്കേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നതോടപ്പം പ്രത്യേകിച്ച്, സയൻസിനെ ഇസ്‌ലാമികവത്കരിക്കേണ്ട ആവശ്യം ഇല്ല എന്നും അവർ പറയുന്നു. മുസ്‌ലിംകൾ പറയുന്ന പോലെ സയൻസിന് ഇസ്‌ലാമിന്റെ വിശ്വാസവുമായി ബന്ധം ഇല്ല എന്ന് ഹുഡ്ബോയ് പറയുന്നു. അതേ സമയം “യൂണിവേഴ്സൽ സയൻസ് ഒന്ന് മാത്രമേ ഉള്ളൂ എന്നും  ജൂവിഷ് സയൻസ് എന്നോ ഹിന്ദു സയൻസ് എന്നോ ക്രിസ്ത്യൻ സയൻസ് എന്നോ കൺഫ്യൂഷൻ സയൻസ് എന്നോ പറയുന്ന ഒന്ന് ഇല്ലാത്ത പോലെ ഇസ്‌ലാമിക് സയൻസും ഉണ്ടാവില്ല” എന്ന് അബ്ദു സലാം പറയുന്നു. ഇങ്ങനെ ഒരുപാട് വിമർശനങ്ങൾ പല നിലക്കും പലരിൽ നിന്നായും അതാസും ഫാറൂഖിയും നേരിട്ടിട്ടുണ്ടങ്കിലും ISTAC (International Institute of Islamic Thought and Civilization)  എന്ന സംഘടന സയ്യിദ് നഖീബ് അൽ അതാസും IIIT (Islamic Institute of Islamic Thought) എന്ന സംഘടന ഇസ്മാഈൽ റജി അൽ ഫാറൂഖിയും സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ കീഴിൽ ഇന്നും പല പ്രവർത്തനങ്ങളും ചെറിയ തോതിൽ ആണെങ്കിൽ പോലും നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

അതാസിന് പുറമേയും ഒരുപാട് പണ്ഡിതന്മാർ ഇതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ആ പാരമ്പര്യ പണ്ഡിതന്മാർ ഒക്കെ ഇസ്‌ലാമൈസേഷൻ ഓഫ് നോളജ്‌ എന്നതിന് പകരം ഡിസെക്യുലറൈസേഷൻ, ഡിവെസ്റ്റേണൈസേഷൻ എന്നൊക്കെയുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷേ ലക്ഷ്യം ഒന്ന് തന്നെ.

 

ജുറൈസ് പൂതനാരി