Campus Alive

വംശം, രാഷ്ട്രം, പരമാധികാരം: ഫ്രഞ്ച് വംശീയതയെ സംബന്ധിച്ച ആലോചനകൾ

I lived Mainly among les Misérables- and in Paris, les misérables are Algerians- James Baldwin

എതാനും ദിവസങ്ങൾക്കു മുമ്പ്, അൾജീരിയൻ വംശജനായ നാഹേൽ എന്ന 17 വയസ് മാത്രം പ്രായമുളള യുവാവ്, ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിൽ വച്ച ഫ്രഞ്ച് പോലിസിൻ്റെ വെടിയേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നു കൊണ്ടാണ് ഫ്രഞ്ച് പോലീസുദ്യോഗസ്ഥൻ നാഹേലിനെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് പിന്നീട് പുറത്തു വന്ന, കൊലപാതകത്തിൻ്റെ വീഡിയോ ഫൂട്ടേജിലൂടെ ലോകം കണ്ടു. നാഹേലിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്, നൂറ്റാണ്ടുകളായി ഫ്രഞ്ച് ദേശ രാഷ്ട്രം ആഫ്രിക്കൻ വംശജർക്കെതിരെയും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷ-തദ്ദേശീയ വിഭാഗങ്ങൾക്കെതിരെയും നിരന്തരമായി തുടരുന്ന വംശീയാതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ആഫ്രിക്കൻ-മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർ ഫ്രാൻസിലുടനീളം വലിയ പ്രക്ഷോഭങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

പ്രസ്തുത പ്രക്ഷോഭങ്ങൾ  പല തരത്തിലുള്ള ചർച്ചകളെയും ഉൽപാദിപ്പിക്കുന്നുണ്ട്. വംശീയതയുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ ചർച്ചകളുടെയും മൗലികമായൊരു പരിമിതി, അത്തരം ചർച്ചകൾ പ്രത്യക്ഷപ്പെടുന്നത് വംശീയമായ ‘ചില’ ആക്രമണങ്ങളെയും, അവ ഉണ്ടാക്കുന്ന പ്രതികരണങ്ങളെയും മുൻനിറുത്തി മാത്രമാണ് എന്നുള്ളതാണ്. ചില സംഭവങ്ങളെ മാത്രം ആസ്പദമാക്കി നടക്കുന്ന ഇത്തരം ചർച്ചകൾ സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഒരു അപകടം,  വംശീയതയെ ഒരു ദൈനംദിന യാഥാർത്ഥ്യമായി അംഗീകരിക്കുകയും, അത്മപരിശോധന നടത്തുകയും, മറികടക്കപ്പെടുകയും ചെയപ്പെടേണ്ട ഒരു പ്രവണതയായി മനസിലാക്കുന്നതിന് പകരം, വളരെ ആകസ്മികവും, ദുഖകരവും ഒറ്റപ്പെട്ടതുമായ ഒരു ആക്രമണം സംഭവിച്ചു, അതിനെ ചില വിഭാഗങ്ങൾ രാജ്യത്തെ സമാധാന അന്തരീക്ഷത്തെ അട്ടിമറിക്കാൻ ദുരുപയോഗം ചെയുന്നു എന്ന് സ്വയം വിശ്വസിക്കാൻ ഒരു ദേശ രാഷ്ട്രത്തിൻ്റെ  വംശീയമായ പ്രവണതകളുടെ സ്വാഭാവിക ഗുണഭോക്താക്കൾക്കും  വിശേഷാധികാരമുള്ള സാമൂഹ്യ രാഷ്ട്രീയ വിഭാഗങ്ങൾക്കും അത് മതിയായ അവസരങ്ങൾ ഒരുക്കി കൊടുക്കുന്നു എന്നുള്ളതാണ്‌.

നാഹേലിൻ്റെ കൊലപാതകവും തുടർന്നുണ്ടായ അക്രമാസക്തമായ  പ്രക്ഷോഭങ്ങളെയും സംബന്ധിച്ച  ഫ്രഞ്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളെയും ഫ്രഞ്ച് ഭരണാധികാരികളുടെ പ്രതികരണങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ, മേൽ സൂചിപ്പിച്ചതു പോലെ വംശീയതയെ ഒരു ദൈനംദിന യാഥാർത്ഥ്യമായും, ഫ്രഞ്ച് ദേശ രാഷ്ട്രം ആഴത്തിൽ അന്തരികവൽക്കരിച്ച ഹിംസാത്മകമായ പ്രവണതായും അംഗീകരിക്കാൻ വിസമതിക്കുന്ന, യൂറോപ്പിലെ വെള്ളക്കാരല്ലാത്ത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി പല രീതിയിൽ അനുഭവിക്കുന്ന വംശീയമായ അനുഭവങ്ങളെ റദ്ദുചെയാനും അവയോടുള്ള സുദീർഘമായ ചെറുത്തു  നിൽപ്പുകളെ അദൃശ്യപ്പെടുത്താനും വേണ്ടി സവിശേഷമായി രൂപകൽപന ചെയ്ത പ്രത്യേകമായ ഒരു ഘടനയും ഭാഷയും (Pattern & language) നമ്മുക്ക് കാണാൻ സാധിക്കും.

നാഹേലിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ഉടനീളം അരങ്ങേറിയ പ്രക്ഷുബ്ധമായ സമരങ്ങളെ കുറിച്ച് ഉള്ള റിപോർട്ടിന് പല ഫ്രഞ്ച് ദേശീയ- അന്തർദേശീയ മാധ്യമങ്ങളും നൽകിയ തലക്കെട്ട് France Faces George Floyd Moment എന്നായിരുന്നു. ഫ്രഞ്ച് ദേശ രാഷ്ട്രം നടത്തിയ വംശീയാക്രമങ്ങൾക്കെതിരെ, എറെ ചരിത്ര പ്രസിദ്ധമായ അനവധിയായ പ്രക്ഷോഭങ്ങൾ ഫ്രാൻസിൻ്റെ തന്നെ ചരിത്രം പരിശോധിച്ചാൽ കാണാമെന്നിരിക്കെ, എന്തിനാണ് അമേരിക്കയിൽ സമീപകാലത്ത് നടന്ന, എറെ മാധ്യമ ശ്രദ്ധ കിട്ടിയ ജോർജ് ഫ്ളോയിഡിൻ്റെ കൊലപാതകവും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെയും മുൻനിര്‍ത്തി നിലവിലെ ഫ്രഞ്ച് വിഷയത്തെ അടയാളപ്പെടുത്തുന്നത് എന്ന് ചിന്തിക്കുമ്പോഴാണ്, ഫ്രഞ്ച് വംശീയതയെയും പ്രസ്തുത വംശീയതയ്ക്കെതിരായ ചെറുത്തു നിൽപ്പുകളുടെയും നൂറ്റാണ്ടുകൾ നീണ്ട അനുഭവങ്ങളെ അദൃശ്യമാക്കാനാണ് ദേശീയ-അന്തർദേശീയ മാധ്യങ്ങൾ   ഈ തലവാചകം രൂപകൽപന ചെയ്യുന്നതിലൂടെ ശ്രമിച്ചത് എന്ന് കാണാം. യൂറോപ്പിലെ വംശീയാതിക്രമങ്ങളെ റിപ്പോർട്ട് ചെയുമ്പോൾ എപ്പോഴും അവയെ  അമേരിക്കൻ അനുഭവങ്ങളുമായി താരതമ്യം ചെയുന്ന മാധ്യമ രീതി, ഒരു വംശീയ സമൂഹം എന്ന നിലയിലുള്ള അമേരിക്കയുടെ കുപ്രസിദ്ധിയെ ചൂണ്ടിക്കാണിക്കുക വഴി, യൂറോപ്പിലെ വംശീയതയെ അദൃശ്യമാക്കാനും യൂറോപ്യൻ ദേശ രാഷ്ട്രങ്ങൾ കറുത്ത വംശജർക്കെതിരെയും അഭയാർത്ഥികൾക്കെതിരെയും യൂറോപ്പിൻ്റെ അപരങ്ങൾക്കെതിരെയും നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന വംശീയ വിവേചനങ്ങളെ വലിയ ഒരളവോളം നിരാകരിക്കാനും വേണ്ടിയാണെന്ന് Resurrecting slavery: Racial legacies and white supremacy in France എന്ന പുസ്തകത്തിൽ crystal M Flemming നിരീക്ഷിക്കുന്നുണ്ട്.

നാഹേലിൻ്റെ കൊലപാതകത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രസ്താവനയും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത സംഭവത്തെ  “Inexplicable and unforgivable” എന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ്‌ വിശേഷിപ്പിച്ചത്. ഈ രണ്ടു പ്രയോഗങ്ങളും സവിശേഷമായി തന്നെ വിശകലനം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. അതിൽ ആദ്യത്തേത് “ വിശദീകരിക്കാനാകാത്ത” എന്ന പ്രയോഗം ആണ്. നാഹേലിൻ്റെ കൊലപാതകം ഫ്രഞ്ച് പ്രസിഡൻറ് വിശേഷിപ്പിച്ച പോലെ ‘വിശദീകരിക്കാനാവാത്ത’ ഒന്നല്ല എന്നുള്ളത് വളരെ പ്രാഥമികമായ വിശകലനത്തിൽ തന്നെ വ്യക്തമാകുന്ന കാര്യമാണ്.  Defender of Rights എന്ന ഫ്രാൻസിലെ ഭരണഘടന സ്ഥാപനം തന്നെ പുറത്തു വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ആഫ്രിക്കൻ വംശജരായ യുവാക്കൾ ദേശീയ ശരാശരിയേക്കാൾ 20 മടങ്ങ് അതികം ഫ്രഞ്ച് പോലീസിൻ്റെ വ്യക്തിഗത പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്. മാത്രമല്ല ആഫ്രിക്കൻ വംശജർക്കെതിരായ പോലീസ് അതിക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും പ്രസ്തുത സ്ഥാപനം പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 2016-ൽ, വർദ്ധിച്ചു വരുന്ന Racial Profiling – നെതിരെ ഫ്രഞ്ച് കോടതി മുന്നോട്ടു വരികയും അവ തടയാൻ നിയമ നിർമ്മാണമടക്കമുള്ള മുൻകരുതലുകളും സ്വീകരിക്കാൻ ഫ്രഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എതെങ്കിലും തരത്തിലുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നതിനു പകരം, 2017-ൽ വ്യക്തികൾക്കെതിരെ വെടിയുതിർക്കാനുള്ള മാനദണ്ഡങ്ങളെ ലഘൂകരിച്ചു കൊണ്ടുള്ള ഒരു നിയമം പാസാക്കുകയാണ് ഫ്രഞ്ച് ഗവൺമെൻ്റ് ചെയ്തത്. Sebastian Roché എന്ന ഗവേഷകൻ്റെ ഗവേഷണം വ്യക്തമാക്കുന്നത്, 2017-ലെ പ്രസ്തുത നിയമം പാസാക്കപ്പെട്ടതോടു കൂടി, പോലീസ് വെടിയുതിർക്കുന്ന സംഭവങ്ങൾ അഞ്ച് മടങ്ങായി വർദ്ധിച്ചു എന്നാണ്, അവയിൽ 80 % വെടിവെപ്പുകളും അഫ്രിക്കൻ വംശജർക്കെതിരെയോ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയോ ആയിരുന്നു എന്നാണ് പ്രസ്തുത പഠനത്തിൽ വ്യക്തമായത്.

ഇതിൽ നിന്ന് വ്യക്തമാക്കുന്നത് നാഹേലിൻ്റെയൊ ഫ്രഞ്ച് പോലീസിനാൽ കൊലപ്പെടുന്ന മറ്റ് അപര ജീവിതങ്ങളുടെയൊ കൊലപാതകം ഫ്രഞ്ച് പ്രസിഡൻ്റ് പ്രസ്താവിച്ചതു പോലെ ‘വിശദീകരിക്കാനാവാത്ത’ ഒന്നല്ല എന്നതാണ്. മറിച്ച വളരെ വ്യക്തമായും വിശദീകരിക്കാനാവുന്നതാണ്. അവർ ഫ്രഞ്ച് ദേശ രാഷ്ട്രത്തിൻ്റെ വംശീയമായ പ്രവണതകളാൽ ഹിംസിക്കപ്പെട്ടവരാണ്. നാഹേലിൻ്റെ കൊലാപാതകത്തെ വിശദീകരിക്കാനാവാത്ത ഒന്നാണെന്ന്  പറയുന്നതിലൂടെ, യൂറോപ്പിലെ അപര വിഭാഗങ്ങൾ, പ്രത്യേകിച്ച് ആഫ്രിക്കൻ- അൾജീരിയൻ-മുസ്ലിം വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ഫ്രഞ്ച് ദേശ രാഷ്ട്രത്താലും ഫ്രഞ്ച് പൗര സമൂഹത്തിൽ നിന്നും നേരിടുന്ന വംശീയാതിക്രമങ്ങളെ നിരാകരിക്കുകയും വംശീയതയെയും ഫ്രഞ്ച് സമൂഹത്തിൽ രൂഢമൂലമായ ഇസ്ലാമോഫോബിയയെയും  നിരാകരിക്കുകയാണ് ഫ്രഞ്ച് പ്രസിഡൻ്റ് ചെയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ പ്രസ്താവനയിൽ എറ്റവും അധികം പ്രാധാന്യം അർഹിക്കുന്നത് ‘മാപ്പർഹിക്കാത്തത്’ എന്ന പ്രയോഗത്തിനാണ്. അതിനു കാരണം, നാഹേലിനെ കൊലപ്പെടുത്തിയത് മാപ്പർഹിക്കാത്ത ഒരു കുറ്റകൃത്യമാണെന്ന ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ പ്രസ്താവന ശരിവെക്കുന്നതുകൊണ്ടല്ല, മറിച്ച, ഒരു കുറ്റകൃത്യം മാപ്പർഹിക്കുന്നതാണൊ അല്ലയൊ എന്നും മാപ്പർഹിക്കുന്നതാണെങ്കിൽ മാപ്പ് നൽകാനും മാപ്പർഹിക്കുന്നതലെങ്കിൽ മാപ്പ് നൽകാതിരിക്കാനും ഫ്രഞ്ച് പ്രസിഡൻ്റിന്, അഥവാ ഒരു ദേശ രാഷ്ട്രത്തിൻ്റെ തലവന്, എന്ത് അടിസ്ഥാനത്തിലാണ്, ചരിത്രത്തിൻ്റെ എത് ഘട്ടത്തിൽ നിന്നാണ് അതിനുള്ള അധികാരം കൈവരുന്നത് എന്ന ചോദ്യം ചോദിക്കാനും വിശകലനം ചെയ്യാനും ഉള്ള ഒരു സാധ്യത അത് തുറക്കുന്നുണ്ട് എന്നതിനാലാണ്.

മാപ്പ് നൽകാനുള്ള അവകാശം (The right to pardon), ദേശ രാഷ്ട്രത്തിന് കൈ വരുന്നത്, ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരവുമായി (Sovereignty) ബന്ധപ്പെട്ടാണ്. നിയമം നിർമ്മിക്കാനും, വ്യാഖ്യാനിക്കാനും,നടപ്പിലാക്കാനും സംരക്ഷിക്കാനുമുള്ള അധികാരം ദേശ രാഷ്ട്രത്തിന് ഉണ്ട് എന്ന യുക്തിയെ അടിസ്ഥാനപ്പെടുത്തിയാണ് ദേശ രാഷ്ട്രത്തിൻ്റെ  പരമാധികാരം സ്ഥാപിക്കപ്പെടുന്നത്. ദേശ രാഷ്ട്രം അതിൻ്റെ അധികാരം പ്രദർശിപ്പിക്കുന്നതും സ്ഥാപിക്കുന്നതും ഹിംസയെ നിയമവൽക്കരിച്ചു കൊണ്ടാണ്; അഥവാ നിയമത്തെ മുൻനിറുത്തി കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടാണ്. എന്നാൽ ദേശ രാഷ്ട്രത്തിൻ്റെ തന്നെ നിയമങ്ങളും വ്യാഖ്യാനങ്ങളും അടിസ്ഥാനപ്പെടുത്തി ഒരു പ്രവൃത്തി കുറ്റകരമായിരിക്കുമ്പോൾ തന്നെ, പ്രസ്തുത കുറ്റം ചെയ്ത വ്യക്തിക്ക് മാപ്പ് നൽകാനുള്ള ദേശ രാഷ്ട്രത്തിൻ്റെ അധികാരം, ദേശ രാഷ്ട്രം പരമാധികാരിയാണെന്നും ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരം ദേശത്തിൻ്റെ നിയമങ്ങൾക്ക് കീഴിലോ അവക്ക് വിധേയപ്പെട്ടതോ അല്ല എന്ന് വ്യക്തമാക്കുന്നുണ്ട്, അതെ സമയം തന്നെ ദേശ രാഷ്ട്രത്തിൻ്റെ വ്യവസ്ഥകുള്ളിൽ വരുന്ന എല്ലാവരും തന്നെ ദേശ രാഷ്ട്രം നിർമ്മിക്കുന്ന നിയമങ്ങൾക്ക്  വിധേയരും അവയോട് ഭക്തിയും ആത്മാർത്ഥമായ അനുസരണവും ഉള്ളവരായിരിക്കണമെന്ന് ദേശ രാഷ്ട്രം നിഷ്കർഷിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുത, നാഹേൽ എന്ന അൾജീരിയൻ യുവാവിനെ വെടിവെച്ചുകൊന്ന ഫ്രഞ്ച് പോലിസിൻ്റെ പ്രവൃത്തി, മാപ്പർഹിക്കുന്നില്ല എന്ന പരാമർശത്തിലൂടെ, ഫ്രഞ്ച് നിയമ പ്രകാരം പോലീസുകാരൻ കുറ്റവാളിയാകുമെങ്കിലും, അതിന് മാപ്പ് നൽകാനുള്ള പരമാധികാരം തനിക്കുണ്ടെന്നും, അതുവഴി കൊല്ലപ്പെട്ട  നാഹേലിൻ്റെയും കൊലപാതകം ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ്റെയും നിയമത്തിൻ്റെയും പരമാധികാരി താനാണെന്നു കൂടിയാണ് ഫ്രഞ്ച് പ്രസിഡൻ്റ് വ്യക്തമാക്കുന്നത്. ഇവിടെ, ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ പ്രസ്താവനയായ “Inexplicable and unforgivable” എന്ന, അഥവാ “വിശദീകരിക്കാനാകാത്തതും മാപ്പർഹിക്കാത്തതും” എന്ന പ്രസ്താവനയെ ചേർത്തു വായിക്കുമ്പോൾ, ഫ്രഞ്ച് വംശീയതയെയൊ ആഫ്രിക്കൻ വംശജരും മുസ്ലിങ്ങളുമടക്കമുള്ള വിഭാഗങ്ങൾ നൂറ്റണ്ടുകളായി നേരിട്ടു കൊണ്ടിരിക്കുന്ന വംശീയമായ അനുഭവങ്ങളെയോ ഫ്രഞ്ച് ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരിയായ താൻ അംഗീകരിക്കിലെന്നും ഇപ്പോഴത്തെ സംഭവത്തിൽ കുറ്റവാളിയായ പോലീസ് ഉദ്യോഗസ്ഥനു മാപ്പ് നൽകാത്തത് ഫ്രഞ്ച് പരമാധികാരത്തിൻ്റെ ദാക്ഷണ്യം ആണെന്നുമാണ് ഫ്രഞ്ച് പരമാധികാരി പറഞ്ഞതിൻ്റെ അർത്ഥം. അതല്ലാതെ ഒരു തരത്തിലും കരുണയെയോ നീതിയെയോ ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നില്ല.

ഒരു ദേശ രാഷ്ട്രത്തിൻ്റെ വ്യവസ്ഥക്കുള്ളിൽ സ്ഥാനപ്പെടുത്തപ്പെട്ട മനുഷ്യർ തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനും തങ്ങളുടെ ജീവിതത്തിനു മേൽ തീരുമാനമെടുക്കാനും വേണ്ടി ദേശ രാഷ്ട്രത്തെ അധികാരപ്പെടുത്തുകയും തങ്ങളുടെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്യുന്നു; പ്രസ്തുത പരമാധികാരത്തിനു മേൽ തങ്ങൾക്കു യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല എന്ന് തിരിച്ചറിയുവാൻ വേണ്ടി മാത്രം, ഈ ഒരു സാഹചര്യത്തെയാണ്  Susan Buck Morss “The Wild Zone of sovereign power” എന്ന് വിശേഷിപ്പിച്ചത്.

ഇവിടെ സവിശേഷമായി മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. വംശീയതയെ ചരിത്രപരവും രാഷ്ട്രീയപരവും നിയമപരവുമായ ഒരു യാഥാർത്ഥ്യമായി അംഗീകരിക്കാനുള്ള പരമാധികാര ദേശ രാഷ്ട്രങ്ങളുടെ വിമുഖതയുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്, വംശീയത എന്നത്, ഒരു പരമാധികാര സങ്കൽപത്തിൽ അനിവാര്യമായതും ഒഴിച്ചുകൂടാനാകാത്തതും ആയ ഒരു പ്രവണതയാണ് എന്നതുകൊണ്ടാണ്. അതിനാൽ തന്നെ പരമാധികാരിയായ ദേശ രാഷ്ട്രം എപ്രകാരം ആണ്  വംശീയതയെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും എത് ഭാഷയിലൂടെയാണ് വംശീയതയെ സാധൂകരിക്കുന്നതെന്നും സൂക്ഷമമായി മനസിലാക്കുന്നതിലൂടെ മാത്രമെ ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരത്തെയും വംശീയമായ പ്രവണതകളെയും  ചോദ്യം ചെയ്യാനും പ്രതിരോധിക്കാനും സാധിക്കുകയുള്ളു.

പരമാധികാര ദേശ രാഷ്ട്രത്തിനകത്ത് വംശീയത എപ്രകാരം പ്രവർത്തിക്കുന്നു എന്നത് തിരിച്ചറിയാൻ ഏറ്റവും പ്രാഥമികമായി മനസിലാക്കേണ്ട വസ്തുതകളിലൊന്ന്, വളരെ സവിശേഷവും സങ്കീർണവുമായ ഒരു പ്രത്യേക ഭാഷയിലൂടെയും ഭാവനയിലൂടെയുമാണ് ദേശ രാഷ്ട്രം വംശീയതയെ നിരന്തരം നിർമ്മിച്ചു കൊണ്ടിരിക്കുന്നതെന്നാണ്. മുമ്പ് സൂചിപ്പിച്ചത് പോലെ, ദേശ രാഷ്ട്രത്തോടുള്ള പരിപൂർണമായ ഭക്തിയും (Absolute loyalty) അനുസരണവും (absolute obedience)ആണ് ദേശ രാഷ്ട്രത്തെ ഒരു പരമാധികാരിയാകുന്നത്. അതു കൊണ്ട് തന്നെ ദേശ രാഷ്ട്രവും വ്യക്തിയും തമ്മിലുള്ള എത് തരത്തിലുള്ള ബന്ധത്തിൻ്റെയും അടിസ്ഥാന മാനദണ്ഡങ്ങളിലൊന്ന്, പ്രസ്തുത ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരത്തെ പൂർണമായി അനുസരിക്കുകയും സംരക്ഷിക്കുകയും ചെയ്യാമെന്ന് വ്യക്തി, ദേശ രാഷ്ട്രത്തിന് നൽകുന്ന ഉറപ്പാണ്. ഈ ഉറപ്പ്, രേഖാമൂലവും, നിരന്തരമായി ഉരുവിട്ടു കൊണ്ടും, ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും പാലിച്ചുകൊണ്ടുമാണ് ഓരോ വ്യക്തിയും പരമാധികാര ദേശ രാഷ്ട്രത്തോടുള്ള തങ്ങളുടെ loyalty തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഈ loyalty ഉടമ്പടിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്, വ്യക്തി അയാളുടെ തിരിച്ചടിക്കാൻ ഉള്ള അധികാരങ്ങൾ ( Retaliatory Powers) ദേശ രാഷ്ട്രത്തിൻ്റെ പരമാധികാരത്തിനു അധീനപ്പെടുത്തി കൊള്ളണമെന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട വ്യവസ്ഥ, പരമാധികാരിയായ ദേശ രാഷ്ട്രത്തിൻ്റെ ഭാവനക്കും (Idea ) സൗന്ദര്യബോധത്തിനും ( Aesthatics) നിയമങ്ങൾക്കുമനുസരിച്ച് സ്വന്തത്തെ പരിഷ്ക്കരിപ്പിക്കാനുള്ള (Domesticate) അധികാരം ദേശ രാഷ്ട്രത്തിനു സമർപ്പിക്കാമെന്നതുമാണ് (surrender). ഈ വ്യവസ്ഥയുടെ നിരന്തരമായ സ്ഥിരീകരണത്തിലൂടെ മാത്രമേ ദേശ രാഷ്ട്രത്തിന് പരമാധികാരം കൈവരികയുള്ളു. ഇവിടെ, ഈ രാഷ്ട്രീയ-സാമൂഹ്യ ഉടമ്പടിയെ (Political and social contract) എതെങ്കിലും തരത്തിൽ ചോദ്യം ചെയുന്ന, പരമാധികാരത്തെയും കർത്യത്ത്വത്തെയും സംബന്ധിച്ച ഭിന്ന ഭാവനകളും ആശയങ്ങളും മുന്നോട്ടുവെക്കുന്ന പ്രത്യേയ ശാസ്ത്രങ്ങളും ജീവിത രീതികളും പാരമ്പര്യങ്ങളും പിന്തുടരുന്ന വിഭാഗങ്ങൾ ദേശ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം, loyalty നിരന്തരമായി സംശയ ദൃഷ്ടിയോടെ ചോദ്യം ചെയ്യപ്പെടേണ്ട വിഭാഗങ്ങളാണ്. Loyalty – യെ സംബന്ധിച്ച ഇത്തരം ചോദ്യങ്ങൾക്ക്, തീർച്ചയായും ഭൂമിശാസ്ത്രപരമായ പശ്ചാത്തലവും സന്ദർഭങ്ങളും (contextualise) ഉണ്ട്. യൂറോപ്യൻ യൂണിയൻ്റെ മുതിർന്ന വിദേശകാര്യ – സുരക്ഷ വകുപ്പ്  പ്രതിനിധിയായ ജോസഫ് ബോറൽ (Josep Borrell), അടുത്തിടെ നടത്തിയ പ്രസ്ഥാവന, പരമാധികാരത്തോടുള്ള കൂറിൻ്റെ ഭൂമി ശാസ്ത്രപരമായ ,( Geographical) സന്ദർഭ ബന്ധിതമായ പ്രായോഗികതയെ മനസിലാക്കാൻ സഹായകരമാണ്.

Europe is a garden. We have built a garden. Everything works. It is the best combination of political freedom, economic prosperity and social cohesion that the humankind has been able to build – the three things together,

The rest of the world is not exactly a garden. Most of the rest of the world is a jungle, and the jungle could invade the garden. A nice small garden surrounded by high walls in order to prevent the jungle from coming in is not going to be a solution. Because the jungle has a strong growth capacity, and the wall will never be high enough in order to protect the garden. Europeans have to be much more engaged with the rest of the world. Otherwise, the rest of the world will invade us, by different ways and means.

യൂറോപ്പ് എന്ന പൂന്തോട്ടത്തെ യൂറോപ്പിനു പുറത്തുള്ള വന്യമായ വനങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിനെ ആവശ്യകതയെ പറ്റിയും അല്ലാത്തപക്ഷം വന്യമായ വനത്തിൻ്റെ അതിവേഗത്തിൽ ഉള്ള വളർച്ചയുടെ ഒരു ഘട്ടത്തിൽ പൂന്തോട്ടം തകർക്കപ്പെടുന്നതിനെ സംബന്ധിച്ച ആകുലതകളും ആശങ്കകളും ആണ് ബോറൽ പങ്കുവച്ചത്.

ഇവിടെ യൂറോപ്പിനെയും യൂറോപ്യേതരമായ പ്രദേശങ്ങളെയും സൂചിപ്പിക്കാൻ ബോറൽ ഉപയോഗിച്ച പദങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അതിൽ പൂന്തോട്ടം എന്ന വിശേഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേക രീതിയിൽ, സവിശേഷമായ ഒരു സൗന്ദര്യബോധത്തെയും കാഴ്ച്ചയെയും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി രൂപകൽപന ചെയത് ക്രമീകരിക്കപ്പെട്ട ഒരിടം ആണ് പൂന്തോട്ടം എന്നത്. മുതലാളിത്ത ലോകബോധത്തിനകത്ത്, ദേശ രാഷ്ട്രങ്ങളുടെ സ്വാർത്ഥമായ ഭൗതിക താൽപര്യങ്ങൾക്കും സർവാധികാരിയായി തുടരുന്നതിനു വേണ്ടി, പരിശീലനവും ശീക്ഷണവും നൽകി ക്രമപ്പെടുത്തിയെടുത്ത യൂറോപ്പിലേക്ക്, മുതലാളിത്ത ലോക ബോധത്തിനകത്തേക്ക് പൂർണ്ണമായി ഇഴകി ചേർന്നിട്ടില്ലാത്ത, യൂറോപ്യൻ സങ്കൽപങ്ങൾക്കനുസരിച്ച് പരുവപ്പെടുത്തപ്പെട്ടിട്ടില്ലാത്ത യൂറേപ്യേതർ കടന്നു വന്ന്, യൂറോപ്യൻ ദേശ രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു കീഴൊതുങ്ങാതെ, വ്യവസ്ഥയുടെ അപനിർമാണത്തിനും പരമാധികാരത്തിനെതിരെയും കർതൃത്വത്തിനു വേണ്ടിയും സായുധമായ പ്രക്ഷോഭങ്ങൾ നടത്തി, പരമാധികാരത്തെ ഭംഗപ്പെടുത്തുകയും പരമാധികാരം സൃഷ്ടിക്കുന്ന ദിനചര്യകളുടെ നൈരന്തര്യത്തെ അലങ്കോലപ്പെടുകയും ചെയുന്ന  അപരർ, പരമാധികാരിയായ ദേശ രാഷ്ട്രം സൃഷ്ടിച്ച പ്രകടഭാവങ്ങളുടെ മണ്ഡലങ്ങളെ ( Realm of Appearencess) ചോദ്യം ചെയുന്ന സാഹചര്യം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും പരമാധികാരത്തിൻ്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളിലേക്കുമാണ് ബോറലിൻ്റെ പ്രസ്താവന വിരൽ ചൂണ്ടുന്നത്. അതു കൊണ്ടു തന്നെയാണ് അല്ലാഹുവിൻ്റെ പരമാധികാരം എന്ന സകലപം  മുന്നോട്ടുവക്കുന്ന  മുസ്ലിങ്ങളും യൂറോപ്പിൻ്റെ അധീശത്വവും പരമാധികാരവും അംഗീകരിക്കാത്ത ആഫ്രിക്കൻ വംശജരും എല്ലാം യൂറോപ്പിൽ നിരന്തരമായി വംശീയമായ ആക്രമണങ്ങൾക്ക് വിധേയമാകുന്നത്. കാരണം അവർ എല്ലാം തന്നെ, പരമാധികാരത്തോട് പൂർണമായും വിധേയപ്പെടണമെന്ന, സമ്പൂർണമായും കുറു പ്രഖ്യാപിക്കണമെന്ന ദേശ രാഷ്ട്രത്തിൻ്റെ നിബന്ധനയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. അവർ നിയമം കൈയിലെടുക്കുന്നവരാണ്. പരമാധികാരത്തെ വെല്ലുവിളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവർ പരമാധികാരത്തിൻ്റെ സുരക്ഷക്ക് ഭീക്ഷണി ഉയർത്തുന്നുണ്ട്. അതുകൊണ്ടാണ് വംശീയമായ ആക്രമണങ്ങൾ ദേശ രാഷ്ട്രത്തിൻ്റെ കണ്ണിൽ സുരക്ഷ നടപ്പടികൾ ആകുന്നത്. ഹിജാബ് ഒരു സുരക്ഷ പ്രശ്നമാകുന്നത്, അത് പരമാധികാരത്തെ വെല്ലുവിളിക്കുന്നതു കൊണ്ടാണ്. അതു കൊണ്ട് തന്നെ പരമാധികാരത്തെ സംബന്ധിച്ച ആധുനിക ദേശ രാഷ്ട്രത്തിൻ്റെ ഭാവനകളെ അപനിർമ്മിച്ചുകൊണ്ടും, ബഹുത്വത്തെ ഉൾകൊള്ളുന്ന നവ സാമൂഹ്യ രാഷ്ട്രീയ ഉടമ്പടികളിലൂടെ മാത്രമെ ഇത്തരം വംശീയ പരമാധികാരത്തെ തോൽപ്പിക്കാനും അതിജീവിക്കാനും നമ്മുക്ക് സാധിക്കുകയുള്ളു

മുഹമ്മദ് റാഷിദ്