Campus Alive

ഫുട്ബോളും ഹൂളിഗാനിസവും; സ്പാനിഷ് മൈതാനങ്ങളിലെ വംശീയത

സാമുദായിക ചുറ്റുപാടുകളിലെ കാലോചിത ചലനങ്ങളും സാമൂഹിക നാഡീസ്പന്ദനങ്ങളും വിവിധങ്ങളായ രൂപഭാവങ്ങളിലൂടെ അതാത് കാലങ്ങളിലെ മൈതാനങ്ങളെയും ഗാലറിസംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക സ്വാധീന ഘടകങ്ങളായി വർത്തിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസുമടക്കമുളള അധിനിവേശ ശക്തികളുടെ സാമ്രാജ്യത്വ പ്രൊജക്റ്റിൽ അത്യധികം പരിഗണന നൽകപ്പെട്ട സംഗതിയായിരുന്നു കാൽപന്തുകളി. ലക്ഷ്യം അധിനിവിഷ്ട ദേശങ്ങളിലെ ജനങ്ങളെ യൂറോപ്യൻ സാമൂഹികഘടനയുടെ മാതൃകയിൽ ചിട്ടയും അനുസരണശീലവുമുള്ള പ്രജകളാക്കിത്തീർക്കുക എന്നുള്ളതും. എന്നാൽ ദേശാന്തരങ്ങളെ ഭേദിച്ചുള്ള കാൽപന്തിന്റെ വികാസം രേഖീയമായ ഒന്നായിരുന്നില്ല. സങ്കീർണമായ മാറ്റങ്ങളിലൂടെ വിവിധങ്ങളായ സാമൂഹിക രൂപീകരണങ്ങളിലും നിർമാണപ്രക്രിയകളിലും നിർണായക സ്വാധീനശക്തിയായി ഫുട്ബോൾ പരിണമിക്കുകയുണ്ടായി. ഉപയോഗപ്പെടുത്തുന്നവരുടെ ലക്ഷ്യങ്ങൾക്കും പദ്ധതികൾക്കുമനുസരിച്ച് അതിന്റെ ഉപയോഗവും വ്യത്യസ്തമായി. അധികാരിവർഗം അധികാരസ്ഥിരതയെ ഭദ്രമാക്കാൻ പല ഘട്ടങ്ങളിലും ഫൂട്ബോളിനെ അവലംബിച്ചപ്പോൾ അടിച്ചമർത്തപ്പെട്ടവർ അധികാരവർഗത്തിനെതിരെയുളള സൗന്ദര്യാത്മക പ്രതിരോധ മുറയായി കാൽപന്തുകളിയെ ആവിഷ്കരിക്കുകയും അധിനിവിഷ്ട ദേശങ്ങളിൽ ഫുട്ബോളിനെ ആഴത്തിൽ വേരുറപ്പിക്കുകയും ചെയ്തു.

സാമ്രാജ്യത്വത്തിന്റെ പതനത്തോടെ കാൽപന്തിന് വിശാലമായ മാനങ്ങൾ കൈവരികയും ആഗോളീകരണ പ്രക്രിയയുടെ ഭാഗമായി കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയുമുണ്ടായി. ആഗോള കാൽപന്തിന്റെ വ്യാപനം വിശ്വമാനവികതയുടെ എറ്റവും മികച്ച ഉദാഹരണമായി പരക്കെ വാഴ്ത്തപ്പെട്ടു. ദേശ-ഭാഷാ-വർണ ഭേദങ്ങളേതുമില്ലാതെ ഫുട്ബോൾ കൂടുതൽ ജനകീയവും വൈവിധ്യവുമായി പരിണമിക്കുകയുണ്ടായി. അതേസമയം തന്നെ ആഗോളീകരണം സൃഷ്ടിച്ചെടുത്ത സാർവ്വലൗകികതയുടെ മാനങ്ങളെ തച്ചുടക്കുന്ന രീതിയിൽ വംശീയതയും വിദ്വേഷവും ഹൂളിഗനിസവും കുടിയേറ്റവിരുദ്ധതയുമെല്ലാം യൂറോപ്യൻ കാൽപന്തുകളിയുടെ ചുറ്റുപാടിനെ സ്വാധീനിക്കുകയും പുതിയ ഗാലറി സംസ്കാരത്തിന്റെ ഭാഗമായി സാമാന്യവത്കരിക്കപ്പെടുകയും ചെയ്തുപോന്നു. ഇത്തരം പ്രവണതകളെ കൗണ്ടർ കൊസ്മോപൊളിറ്റനിസമെന്ന സംജ്ഞയുടെ വിശേഷണങ്ങളായി ലാർസ് റെൻസ്മാൻ Gaming the world എന്ന പുസ്തകത്തിൽ വിലയിരുത്തുന്നുണ്ട്. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ശക്തികളായ ഇറ്റലിയും ഇംഗ്ലണ്ടും സ്പെയിനും ഇത്തരത്തിൽ കളിക്കളത്തിലെ വംശീയതയുടെ വിളവുനിലങ്ങളായി മാറി. ഇറ്റലിയിലെ അർദ്ധ-ഫാസിസ്റ്റ് സംഘങ്ങളായി പരിണമിച്ച അൾട്രാസ് ആരാധക സംസ്കാരവും കൂടിയേറ്റ വിരുദ്ധതയും വംശീയ വിദ്വേഷങ്ങളുമടങ്ങുന്ന തീവ്രവലതുപക്ഷ സമീപനങ്ങളും പിന്നീട് ഇംഗ്ലണ്ടിലെയും സ്പെയിനിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ആരാധകസംസ്കാരത്തെയും സ്വാധീനിക്കുകയുണ്ടായി എന്നതാണ് യാഥാർത്ഥ്യം.

ആഗോള തലത്തിലും സ്ഥാപനതലത്തിലും ഇത്തരം സംഭവങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും വംശീയതാ നിർമാർജനത്തിനുതകുന്ന പലവിധ നടപടികൾ കൈകൊള്ളാൻ ഫെഡറേഷനുകൾ നിർബന്ധിതരാവുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങളും ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള വംശീയതയുടെ വളർച്ചയും അതിൽ ഇഴപിരിഞ്ഞിരിക്കുന്ന ഘടകങ്ങളുമെല്ലാം അക്കാദമികതലത്തിൽ ചർച്ചചെയ്യപ്പെട്ടത് പ്രധാനമായും ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെ ഫൂട്ബോൾ സംസ്കാരത്തെ റഫറൻസായി എടുത്തുകൊണ്ടായിരുന്നു. ഇതര യൂറോപ്യൻ രാജ്യങ്ങളിലെ ഫൂട്ബോൾ തലങ്ങളിൽ നടക്കുന്ന വംശീയത ഇതിൽ ബോധപൂർവമോ അല്ലാതെയോ അവഗണിക്കപ്പെടുകയുണ്ടായി എന്നതാണ് യാഥാർത്ഥ്യം.

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരവും നിലവിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമായ വിനീഷ്യസ് ജൂനിയറിന് വലൻസിയക്കെതിരെയുള്ള എവേ മാച്ചിൽ മൈതാനത്തിൽ നിന്നും പരക്കെ കുരങ്ങൻ വിളികളും വംശീയാധിക്ഷേങ്ങളും ഏൽക്കേണ്ടി വന്നത് സ്പാനിഷ് ഫൂട്ബോളിൽ കാലങ്ങളായി നിലനിൽക്കുന്ന എന്നാൽ അത്യധികം ചർച്ചചെയ്യപ്പെടാതെ പോയ വംശീയതയെ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടാനും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാനും ഹേതുവായ സംഭവമായി മാറുകയുണ്ടായി. മുമ്പും പലതവണകളിലായി വ്യത്യസ്ത ടീമുകളുടെ ആരാധകരിൽ നിന്നും നിരന്തരം വംശീയാക്രമണങ്ങൾ നേരിട്ട വിനീഷ്യസ് ജൂനിയർ വലൻസിയ സംഭവത്തോടെ സ്പാനിഷ് ഫൂട്ബോൾ ഫെഡറേഷൻ വംശീയപ്രശ്നങ്ങളിൽ സ്വീകരിക്കുന്ന ബോധപൂർവമായ അജ്ഞതയെയും ഇത്തരം വിഷയങ്ങളെ ഗൗരവതരമായി സമീപിക്കുന്നതിൽ കാണിക്കുന്ന വിമുഖതയെയും പരസ്യമായി വിമർശിക്കുകയുണ്ടായി. ഈ സീസണിൽ മാത്രമായിട്ട് തന്നെ വിനീഷ്യസിനു നേരെ പത്തോളം തവണ ഇത്തരം വംശീയാധിക്ഷേപങ്ങൾ അത്ലറ്റിക്കോ മാഡ്രഡിന്റെയും ബാഴ്സലോണയുടെയും ആരാധകരിൽ നിന്നടക്കം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ രാജ്യമായ ബ്രസീലിൽ സ്പെയിൻ ഒരു റേസിസ്റ്റ് രാജ്യമായിട്ടാണ് അറിയപ്പെടുന്നതെന്ന വിനീഷ്യസ് ജൂനിയറുടെ പ്രസ്താവനയെ സാധൂകരിക്കാൻ വിവിധങ്ങളായ സംഭവങ്ങൾ സ്പാനിഷ് ഫൂട്ബോളിന്റെ സമീപകാല ചരി്ത്രത്തിൽ തന്നെ ചൂണ്ടിക്കാണിക്കാനുണ്ട്. മേജർ ഡിവിഷനിലെ വംശീയാതിക്രമങ്ങൾ മാത്രമേ മാധ്യമങ്ങളിലും സ്ഥാപനതലത്തിലുമെല്ലാം ചർച്ചചെയ്യപ്പെടുന്നുള്ളൂ. താഴെ തട്ടിൽ നടക്കുന്നതൊന്നും ചർച്ചാ വിഷയം തന്നെയാകുന്നില്ലെന്ന യാഥാർത്ഥ്യവും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

സ്പാനിഷ് ഫൂട്ബോളും വംശീയതയും

യൂറോപ്യൻ രാജ്യങ്ങളിലെ വംശീയതയുടെ പ്രവർത്തന സ്വഭാവവും അതിനോടുള്ള സാമ്പ്രദായിക പ്രതികരണങ്ങളുടെ രീതികളും അതാത് ദേശങ്ങളിൽ നിലനിൽക്കുന്ന വംശീയ ചുറ്റുപാടിനെയും വംശീയവിരുദ്ധ സാമൂഹികാവബോധത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഫൂട്ബോളിലെ വംശീയതയുടെ പ്രകടനം ആദ്യമായി കണ്ടുതുടങ്ങിയ ഇടങ്ങളിൽപെട്ട ദേശങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടും ജർമനിയും ഇറ്റലിയുമെല്ലാം. ഇതിന്റെ പ്രാഥമിക കാരണമായി എണ്ണപ്പെടുന്നത് ഇതരയൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടിയേറ്റക്കാരും അഭയാർത്ഥികളും ആദ്യമായി അധിനിവേശാനന്തര യുഗത്തിൽ എത്തിച്ചേർന്നത് ഇവിടങ്ങളിലേക്കാണ് എന്നതാണ്. കൂടിയേറ്റക്കാർ തങ്ങളുടെ ജോലികൾ തട്ടിയെടുക്കുന്നു, അവസരങ്ങൾ കുറക്കുന്നു, സംസ്കാരത്തെ നശിപ്പിക്കുന്നു, സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയ തീവ്രവലതുപക്ഷ നരേറ്റിവുകൾ സൃഷ്ടിച്ചെടുക്കുകയും ഇതിന്റെ അനുരണനങ്ങൾ പിന്നീട് കളിക്കളത്തിലെ കറുത്തവരും കൂടിയേറ്റ വംശജരുമായ കളിക്കാർക്കെതിരെ തിരിയുന്ന തരത്തിൽ എത്തിച്ചേരുകയുമായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ വംശീയവിരുദ്ധ പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും നേരത്തെ ചലനാത്മകമായതും ഈ രാജ്യങ്ങളിലായിരുന്നു.
സ്പെയിനിന്റെ കാര്യമെടുത്താൽ ഇംഗ്ലണ്ടിനെയും ഇറ്റലിയെയും ജർമനിയെയും ഫ്രാൻസിനെയുമപേക്ഷിച്ച് കൂടിയേറ്റക്കാരുടെ ഒഴുക്ക് തുടങ്ങിയിട്ട് കൂടുതൽ കാലങ്ങളായിട്ടില്ല. നിലവിൽ കുടിയേറ്റ വിരുദ്ധ വലതുപക്ഷ നരേറ്റിവുകൾ സ്പെയിനിൽ ശക്തമായിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ ഇത്തരത്തിൽ വംശീയതയുടെ നിലനിൽപ്പിനെയും അതിന്റെ പ്രവർത്തനങ്ങളെയും ബോധപൂർവം മറച്ചുപിടിച്ച് സ്പെയിൻ ഒരു റേസിസ്റ്റ് രാജ്യമല്ല എന്ന വാക്യത്തിലൂന്നിയുള്ളതാണ് വംശീയ പ്രശ്നങ്ങളോടുള്ള സ്പാനിഷ് പ്രതികരണങ്ങളിലെല്ലാം കാണാൻ സാധിക്കുക.

സർവ്വ ദേശങ്ങളിലെയും സാമൂഹികഘടനയിൽ നിലനിൽക്കുന്ന അടിസ്ഥാന വംശീയതയുടെ പ്രകടനങ്ങളോ അടയാളപ്പെടുത്തലുകളോ ആണ് അതത് ദേശങ്ങളിലെ കളിക്കളങ്ങളിലും ഗാലറികളിലും പ്രകടമാകുന്ന വംശീയതയും. സ്പാനിഷ് സാമൂഹികഘടനയിൽ കാലങ്ങളായി നിലനിൽക്കുന്ന ഈ അടിസ്ഥാന വംശീയതാ പ്രവണതയാണ് സ്പെയിനിലെ കളിക്കളങ്ങളിലും ഗാലറികളിലും പ്രകടമാകുന്നതെന്ന് പറയാം.
സ്പാനിഷ് ഫുട്ബോളുമായി ബന്ധപ്പെട്ട് ആഗോളശ്രദ്ധ നേടാനിടയായ ചില വംശീയാധിക്ഷേപ സംഭവങ്ങൾ പരിശോധിക്കാം. സ്പെയിൻ ജേതാക്കളായ 2008-ലെ യൂറോ ചാംമ്പ്യൻഷിപ്പിലടക്കം വർഷങ്ങളോളം നാഷണൽ ടീമിന്റെ പരിശീലകനായിരുന്ന അരാഗോണസ് 2004-ൽ ഫ്രാൻസുമായുളള മത്സരത്തിനു തയ്യാറെടുക്കവേ ട്രയ്നിംഗ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ ഒരു പരാമർശം എറെ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. സ്പാനിഷ് ടീമിലെ ആഴ്സണൽ താരം ഹോസെ അന്റോണിയോ റെയസിനോട് സംസാരിക്കവേ തന്റെ ആഴ്സണലിലെ സഹകളിക്കാരനായ ഫ്രാൻസ് താരം തിയറി ഹെൻറിയെ ബ്ലാക്ക് ഷിറ്റ് എന്നുപമിച്ചുകൊണ്ട് നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്കു കാരണമാകുകയുണ്ടായി. ഈ സംഭവം നടന്ന് കുറച്ചുകാലങ്ങൾക്കു ശേഷം സാന്റിയാഗോ ബെർണബ്യുവിൽ വെച്ചു നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടീമിലെ കറുത്തവർഗക്കാരായ ആഷ്ലി കോളിനും റിയോ ഫെർഡിനാണ്ടിനെതിരെയും കാണികൾ പരക്കേ വംശീയാധിക്ഷേപം നടത്തുകയും സംഭവത്തിൽ യുവേഫ സ്പാനിഷ് ഫെഡറേഷന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ബാഴ്സലോണയുടെ മികച്ച താരങ്ങളിലൊരാളായിരുന്ന സാമുവൽ ഏറ്റു നിരന്തരം വംശീയാധിക്ഷേപങ്ങളേൽക്കേണ്ടി വന്നിരുന്ന കളിക്കാരിൽ ഒരാളായിരുന്നു. 2011-ലെ എൽക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മായ്സെലോയെ ബാർസലോണയുടെ സ്പാനിഷ് താരം ബുസ്കെറ്റസ് കുരങ്ങൻ എന്ന് വിളിച്ചാക്ഷേപിച്ചതായി റയൽ പരാതിപ്പെടുകയും വീഡിയോക്ലിപ്പ് പുറത്തുവിടുകയും ചെയ്തത് മറ്റൊരു വിവാദം. ബ്ലാക്ക് ഷിറ്റ് എന്ന് വിളിച്ചുകൊണ്ട് തന്നെ അധിക്ഷേപിച്ചതായി മറ്റൊരു സംഭവത്തിൽ സെൽറ്റവിഗോയുടെ സ്പാനിഷ് താരമായ ഇകാഗോ ആസ്പാസിനെതിരെ ലെവന്റെ മിഡ്ഫീൽഡറായിരുന്ന ജെഫേർസൺ ലെർമ ആരോപണവുമായി മുമ്പോട്ടു വന്നിരുന്നു. 2014-ൽ വില്ലാ റയലിനെതിരെയുള്ളയുള്ള മത്സരത്തിൽ ബാർസലോണയുടെ ബ്രസീലിയൻ താരമായിരുന്ന ഡാനി ആൽവസിനെതിരെ കാണികൾ വംശീയാധിക്ഷേപം നടത്തുകയും കുരങ്ങനെന്ന് വിളിച്ചധിക്ഷേപിച്ച് പഴങ്ങളെറിഞ്ഞുകൊടുത്തതും വിവാദമായ മറ്റൊരു സംഭവമാണ്. നെയ്മർ ജൂനിയറടക്കമുള്ള മറ്റു ബ്രസീലിയൻ കളിക്കാർ അദ്ദേഹത്തിനു പിന്തുണയുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി വിനീഷ്യസ് ജൂനിയെറിനെതിരെ നടക്കുന്ന നിരന്തര വംശീയാധിക്ഷേപങ്ങൾ ഒരിടവേളക്കു ശേഷം സ്പാനിഷ് ഫൂട്ബോളിന്റെ വംശീയ വശങ്ങളെ വീണ്ടും ചർച്ചാവിഷയമായി മാറ്റിയിരിക്കുകയാണ്.

മുകളിൽ സൂചിപ്പിച്ച സംഭവങ്ങളൊക്കെ തന്നെയും മാധ്യമശ്രദ്ധ ലഭിക്കപ്പെട്ട മേജർ തലത്തിലുള്ള മൈതാനങ്ങളെയും ഗാലറികളെയും ചുറ്റിപ്പറ്റി നടന്ന ചില സംഭവവികാസങ്ങൾ മാത്രമാണ്. ആഗോള ഫൂട്ബോൾ മേഖലയിൽ നിലനിൽക്കുന്ന സ്ഥാപനവത്കൃത വംശീയ മനോഭാവങ്ങളും വംശീയാധിക്ഷേപങ്ങളെ സാമാന്യവത്കരിക്കുന്ന പ്രവണതയും ഇതിൽ കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതായിട്ടുണ്ട്.

ഹൂളിഗാനിസവും വംശീയപഠനങ്ങളിലെ സങ്കീർണതയും

ആക്രമണോത്സുകതയോടെ നടത്തുന്ന ആരാധനപ്രകടനങ്ങൾക്കും തങ്ങളുടെ ടീമിന് നൽകുന്ന തീവ്രപിന്തുണയുടെ വിവിധങ്ങളായ മാർഗങ്ങളേയുമാണ് ഹൂളിഗാനിസം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. വംശീയ മുൻവിധികളും ആൽക്കഹോളും കൊടിതോരണങ്ങളും സംഗീത ഉപകരണങ്ങളുമെല്ലാം ഇതിലെ അടിസ്ഥാന ചേരുവകളാണ്. എതിർ ടീമിനെയും കളിക്കാരെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് അവരെ മാനസികമായി തളർത്തുക എന്നത് ഹൂളിഗാനിസത്തിലെ ഒരു പ്രധാന ഘടകമാണ്. ഫൂട്ബോൾ ഗാലറികളെയും ആരാധകവൃന്ദങ്ങളെയും ബന്ധപ്പെട്ടു നിരന്തരം പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വംശീയാധിക്ഷേപങ്ങളെ തീവ്ര ആരാധന സംസ്കാരത്തിന്റെയും ഗാലറികളിലെ ഹൂളിഗാനിസ്റ്റ് സ്വഭാവത്തിന്റെയും സ്വഭാവിക പരിണിതിയായി മാത്രം കണ്ട് ഇത്തരം കാര്യങ്ങളെ സാമാന്യവത്കരിക്കുന്ന പ്രവണത ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള വംശീയതാപഠനങ്ങളിൽ കാണാൻ സാധിക്കും.
സാമൂഹ്യശാസ്ത്രപരമായി ഫുട്ബോളിലെ വംശീയതയെയും കുടിയേറ്റവിരുദ്ധതയെയും വിശകലനം ചെയ്യുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങളെ പരിഗണിക്കാം. ഒന്നാമത്, കേവലം കായികയിനമെന്നതിനേക്കാൾ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെയും പുറന്തള്ളലുകളെയും വംശീയതയെയും നിർമാർജനം ചെയ്യാനുതകുന്ന രീതിയിലുള്ള ഒരു സാമൂഹികോദ്ഗ്രഥന വാഹനമെന്ന രീതിയിലുള്ള കാൽപന്തിന്റെ പ്രാധാന്യവും അതോടൊപ്പം തന്നെ നിലനിൽക്കുന്ന വിവേചനത്തിന്റെ സ്വഭാവം പേറുന്ന ഫൂട്ബോളിന്റെ മറ്റൊരു മുഖവുമെന്ന വൈരുദ്ധ്യം. ഒരേ സമയം തന്നെ സാമൂഹികോദ്ഗ്രഥനത്തിന്റെ ഉറവിടവും സാമൂഹിക വിവേചനങ്ങളുടെ മാധ്യമവുമായുമുള്ള വൈരുദ്ധ്യാത്മക യാഥാർത്ഥ്യമാണ് ഫുട്ബോൾ പ്രതിനിധാനം ചെയ്യുന്നതർത്ഥം. രണ്ടാമത്, ഫുട്ബോളിലെ വംശീയതയെന്നുള്ളത് കളിയിലുടനീളം അതിന്റെ പ്രകടനത്തിൽ എറ്റക്കുറച്ചിലുകളുള്ള ഒരു സങ്കീർണ പ്രതിഭാസമാണ് എന്നതാണ്. അതായത് ഏതിർടീമിലെ കറുത്ത വർഗക്കാരനായ കളിക്കാരനെതിരെ വംശീയാധിക്ഷേപം നടത്തുമ്പോഴും തന്റെ ഇഷ്ട ടീമിൽ കളിക്കുന്ന കറുത്ത വർഗക്കാരനെതിരെ അതേ രീതിയിലുള്ള അധിക്ഷേപങ്ങൾ നടത്തുന്നില്ല. ഇത്തരത്തിൽ നിലനിൽക്കുന്ന ഫുട്ബോളിലെ വംശീയതയുടെ വൈരുദ്ധ്യസ്വഭാവം അതിലെ സാമൂഹികഘടകങ്ങളുടെ വ്യപ്തിയെ നേരാംവണ്ണം മനസ്സിലാക്കിന്നതിൽ വിലങ്ങുതടിയായിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ ഇത്തരം വൈരുദ്ധ്യാത്മക സമീപനം സ്വീകരിക്കുന്ന ആരാധകരിലും വംശീയതയെ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുമെന്ന് സ്ഥാപിച്ച പലവിധ സമീപകാല സംഭവങ്ങളും എടുത്തുകാണിക്കാൻ സാധിക്കും. സ്വന്തം ടീമിലെ കറുത്തവർഗ-കുടിയേറ്റ വംശജർക്കെതിരെ ഇക്കൂട്ടർ വംശീയാധിക്ഷേപം നടത്തുന്നത് തങ്ങളുടെ ടീമിന്റെ വിജയത്തിലെയും മുന്നേറ്റങ്ങളിലെയും പ്രധാന ഘടകങ്ങളായി ഇവർ മാറുമ്പോൾ മാത്രമാണ്. മറുപുറത്ത് കറുത്ത വർഗക്കാരും കുടിയേറ്റ വംശജരുമായ കളിക്കാരിൽ നിന്നും സംഭവിക്കുന്ന തെറ്റുകൾ സ്വന്തം ആരാധകരിൽ നിന്നു തന്നെ അതിതീവ്രമായ വംശീയാധിക്ഷേപങ്ങൾക്കു കാരണമാവുകയും ചെയ്യും. 2020-ലെ യൂറോ ചാമ്പ്യൻഷിപ്പിൽ ഇറ്റലിക്കെതിരായ ഫൈനൽ മത്സരത്തിൽ പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതിനു റാഷ്ഫോഡിനും സാക്കക്കും ജാഡൻ സാഞ്ചോക്കും ഇംഗ്ലണ്ട് ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്ന വംശീയാധിക്ഷേപങ്ങളുടെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണം. മൂന്നാമത്, ഗാലറികളിലെയും മൈതാനങ്ങളിലെയും നിലനിൽക്കുന്ന സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങളുടെയും ഹൂളിഗാനിസത്തിന്റെയും ഭാഗമായിട്ട് മാത്രം വംശീയതയെ നോക്കിക്കാണുന്ന സമീപനമാണ്. ഇത്തരം ഒരു ആശയത്തിൽ നിന്നും ഉരിത്തിരിഞ്ഞാണ് കളിക്കളത്തിലെ വംശീയതയും കുടിയേറ്റവിരുദ്ധതയുമെല്ലാം ആരാധകസംസ്കാരത്തിന്റെയും ഹൂളിഗാനിസം എന്ന സംജ്ഞയുടെയും ഭാഗമായുമെല്ലാം സാമാന്യവത്കരിക്കപ്പെടുന്ന പ്രവണതയായി ഉയർന്നു വന്നത്.

ഇത്തരം വംശീയതാ പഠനങ്ങളിലും ചർച്ചകളിലുമെല്ലാം തന്നെ പലവിധ മാർഗങ്ങളിലായി യഥാർത്ഥത്തിൽ നിലനിന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന വംശീയത മറക്കപ്പെട്ടു എന്ന വാദവും ഗൗരവമായി തന്നെ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഗാലറികളിലും മൈതാനങ്ങളിലും നടക്കുന്ന റേസിസ്റ്റ് പ്രകടനങ്ങളും വംശീയാധിക്ഷേപങ്ങളും മാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുക. ഇത്തരം വംശീയാധിക്ഷേപങ്ങളെ തീവ്രവലതുപക്ഷ പ്രവണതയായും ഹൂളിഗാനിസ്റ്റ് സ്വഭാവമായും അതിന്റെ പ്രത്യക്ഷസ്വഭാവം കൊണ്ട് തരംതിരിക്കാൻ സാധിക്കുമെങ്കിലും പരോക്ഷമായി സ്ഥാപനതലത്തിൽ നിലനിൽക്കുന്ന കറുത്തവർഗക്കാരുടെയും കുടിയേറ്റ ജനതയുടെയും തുഛമായ പ്രാതിനിധ്യം ഏറെ ചർച്ചചെയ്യപ്പെട്ടില്ല എന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ് . മാനേജ്മെന്റ് തലത്തിലും ഫുട്ബോളിന്റെ ഭരണകാര്യനിർവഹണങ്ങളുടെ തലപ്പത്തും എത്രത്തോളം കറുത്തവർഗക്കാരുടെ പ്രാതിനിധ്യമുണ്ടെന്നതന്വേഷിക്കുമ്പോഴാണ് ഫൂട്ബോളിലെ സ്ഥാപനവത്കൃത വംശീയതയുടെ ആഴം മനസ്സിലാകുക. ഇത്തരത്തിലുള്ള സ്ഥാപന തലത്തിലും അർദ്ധ സ്ഥാപന തലത്തിലും വേണ്ട വിധം ഗൗനിക്കപ്പെടാതെ നടക്കുന്ന വംശീയതയെ സ്ഥാപനവത്കൃത വംശീയത എന്ന നിലയിൽ തരംതിരിക്കാം.
എന്നാൽ കുടിയേറ്റക്കാരുടെ കടന്നുവരവിനെ തുടർന്നുണ്ടാകുന്ന വ്യത്യസ്ത തരം ആശങ്കകളിൽ നിന്നും അരക്ഷിതബോധത്തിൽ നിന്നും ഉടലെടുക്കുന്ന ഉൾപ്രേരക വംശീയത (impulsive racism), മുമ്പ് പ്രതിപാദിച്ചതുപോലെയുള്ള തങ്ങളുടെ ഇഷ്ട ടീമിലെ കറുത്തകളിക്കാരനെ അധിക്ഷേപിക്കാതിരിക്കുകയും എതിർടീമിലെ കറുത്തവർഗക്കാരനായ അല്ലെങ്കിൽ കുടിയേറ്റ വംശജനായ താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള വംശീയതാ പ്രതിഭാസമായ യാന്ത്രിക വംശീയത (instrumental racism) തുടങ്ങിയ വംശീയതാ രീതികളാണ് ഫുട്ബോളിലെ വംശീയതയുമായി ബന്ധപ്പെട്ട് അക്കാദമിക തലത്തിലും മറ്റും പഠനവിഷയങ്ങളും ചർച്ചകളുമായിട്ടുളളത്. ഗാലറികളിലെ വംശീയതയോടൊപ്പം തന്നെ സ്ഥാപനവത്കൃത വംശീയതയും പഠനവിധേയമാക്കേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതും വംശീയവിരുദ്ധ പ്രവർത്തനങ്ങളുടെയും പഠനങ്ങളുടെയും വ്യാപനത്തിന് അത്യന്താപേക്ഷിതമാണ്.

REFERENCE
1-Llopis-Goig, Ramon. “Racism and Xenophobia in Spanish Football: Facts, Reactions, and Policies” Physical Culture and Sport. Studies and Research, vol.47, no.1, 3910, pp.35-43.
2-Markovits, Andrei & Rensmann, Lars. (2010). Gaming the World: How Sports Are Reshaping Global Politics and Culture. 10.1515/9781400834662.
3-Brown, Adam. “Fanatics! : power, identity, and fandom in football.” Canadian Journal of Sociology-cahiers Canadiens De Sociologie 26 (1998): 192.
4-https://thewire.in/sport/why-it-is-time-to-accept-that-racism-in-european-football-goes-beyond-bad-fans
5-https://bleacherreport.com/articles/2755921-why-spanish-football-needs-to-do-more-to-combat-racism
6-https://theathletic.com/4552275/2023/05/26/racism-spain-football-vinicius-jr/

സഹല്‍ പി അര്‍ഷക്ക്‌