Campus Alive

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയവും

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും ഊഴം തേടുമെന്ന് പ്രഖ്യാപിച്ച ജോ ബൈഡന് നേരെ എതിർ കക്ഷികൾ നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ പടച്ച് വിട്ട പ്രോപഗണ്ട പ്രയോഗങ്ങൾ കണ്ട് ലോകം അൽഭുതപെട്ടിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അതേസമയം ഇന്ത്യയിൽ നിർമിത ബുദ്ധിയുടെ വിവരോത്പാദന ഉപയോഗത്തിന് ചട്ടങ്ങൾ കൊണ്ട് വരുന്നത് ആലോചനയിലുണ്ടെന്ന് ഇന്ത്യൻ സാങ്കേതിക കാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയുടെ പ്രസ്താവന കൂടി ഉണ്ടാവുന്നു. 2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിന് തീവ്ര ഹിന്ദുത്വ ശക്തികൾ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം എത്ര മാത്രം ഉപയോഗപ്പെടുത്തുമെന്നത് നോക്കി കാണേണ്ടതാണ്.

ഓപ്പൺ എ.ഐ യുടെ സി.ഇ.ഒ സാം ആൾട്മാൻ പത്രപ്രവർത്തകരോട് സംവദിച്ചപ്പോൾ നിർമിത ബുദ്ധിയുടെ ഉപയോഗം കൊണ്ട് ഏകാധിപതികളെ സൃഷ്ടിക്കാൻ സാധിക്കുമെന്നും മറ്റൊരു നുക്ലിയർ ബോംബ് പോലെ തന്നെ മാരകമായ വിപത്ത് സൃഷിക്കാൻ കഴിയുന്ന വളർച്ച ജനറേറ്റിവ് എ.ഐ ക്ക് സംഭവിക്കുമെന്നും നീരിക്ഷണം നടത്തിയിരുന്നു. അതിനാൽ തന്നെ ത്വരിതഗതിയിൽ മുന്നേറുന്ന നിർമിത ബുദ്ധിയുടെ ഉപയോഗ നിർമാണ പ്രവർത്തനത്തിന് അന്താരാഷ്ട്ര തലത്തിൽ ഒരു മാർഗരേഖ വികസിപ്പിച്ചെടുക്കേണ്ടതിനെ സംബന്ധിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് . യൂറോപ്യൻ യൂണിയൻ പോലെയുള്ളവ എ ഐ ആക്ടിൻ്റെ കരട് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ഇത്തരം സംഭവ വികാസങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയിട്ടാണ്. പക്ഷേ നിലവിൽ ഇന്ത്യയിൽ ഇത്തരം കാര്യങ്ങളിൽ വലിയ മുന്നേറ്റം സംഭവിക്കുന്നില്ല എന്നത് വ്യാപകമായ രാഷ്ട്രീയ ഉന്മൂലന പ്രവർത്തനങ്ങളിലേക്ക് കാര്യങ്ങളെ നയിക്കുന്നതിലേക്കാണ് ചെന്നെത്തുക എന്നതിന് സമകാലിക അനുഭവങ്ങൾ തെളിവാണ്.

ഈയടുത്ത് ട്വിറ്റർ ഇന്ത്യയുടെ മുൻ സി.ഇ.ഒ ജാക്ക് ഡോഴ്‌സിയുടെ വെളിപ്പെടുത്തൽ ഈ പാശ്ചാത്തലത്തിൽ ചേർത്ത് വായിക്കേണ്ട ഒന്നാണ്, ഇന്ത്യയിലെ ട്വിറ്ററിന്റെ പ്രവർത്തനങ്ങൾ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് മുന്നോട്ട് പോയിട്ടില്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്റർ നിരോധിച്ച് കളയുമെന്നും ജീവനക്കാരെ റെയ്ഡ് നടത്തി കുടുക്കുമെന്നുമുള്ള തീവ്രവലതുപക്ഷ സർക്കാരിൻ്റെ ഭീഷണി വളരെ ഗൗരവം നിറഞ്ഞതാണ്.

ന്യൂനപക്ഷങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം ഉൽപാദിപ്പിക്കുന്നതും നുണ പ്രചാരണങ്ങൾ നടത്തികൊണ്ടിരിക്കുന്നതും വിജയിക്കുന്ന കാഴ്ചയാണ് ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം- ദലിത് സ്വതങ്ങൾക്ക് നേരെയുള്ള വർധിച്ചു വരുന്ന വംശീയ ആക്രമണങ്ങൾ അതാണ് കാണിക്കുന്നത്. ഇത് ഹിന്ദുത്വയുടെ 2024 ലേക്കുള്ള ചുവട് വെപ്പിലെ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ ട്വിറ്ററിന്റെ പുതിയ ഉടമസ്ഥൻ എലോൺ മസ്ക്ക് സൂചിപ്പിച്ച ഒരു കാര്യം ഇതിൽ പ്രധാനമാണ്. പ്രാദേശിക സർക്കാറുകളുടെ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ കമ്പനിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന പ്രസ്താവനയായിരുന്നു അത്. ഇത് മുഖവിലക്കെടുത്താൽ, ഇന്ത്യയിൽ ഇനിയുള്ള ദിവസങ്ങളിൽ ഏകപക്ഷീയമായ വിദ്വേഷ പ്രചരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂടുകയേ ഉളളൂ എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും.

ചാറ്റ് ജിപിടി പ്രോംപ്ട്ടുകളെയും ഇത്തരത്തിൽ വരുതിയിൽ നിർത്താൻ ഭരണകൂട ശക്തികൾക്ക് സാധ്യമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇത്തരം നിർമിത ബോട്ടുകൾ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കൊടുക്കുന്ന റിസൽട്ടുകളിൽ വലിയ രീതിയിൽ തന്നെയുള്ള പക്ഷപാതം കാണിക്കുന്നത് ഹാർവാർഡ് ബിസിനസ് റിവ്യൂ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന വിവിധ ആളുകളുടെ മനോഭവങ്ങളും പ്രവർത്തനങ്ങളും നീരീക്ഷിച്ച് അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്ന വിധത്തിൽ നിർമിത ബുദ്ധിയെ ഉപയോഗിക്കാൻ കഴിയുന്നതായി വ്യക്തമാക്കുന്നുണ്ട്.

ചാറ്റ് ജിപിടിയും അതുപോലെയുള്ള മറ്റു ബോട്ടുകളും ഉപയോഗിക്കുന്ന ലാർജ് ലാംഗ്വേജ് മോഡൽ ( എൽ.എൽ.എം ) വരുത്തുന്ന രാഷ്ട്രീയ മുൻവിധികളും പക്ഷപാതപരമായ റിസൾട്ടുകളും ഉദാഹരണ സഹിതം ചുണ്ടികാണിച്ചുകൊണ്ട് അതിനെ രാഷ്ട്രീയ വിഷയങ്ങളിൽ ഏത് വിധത്തിൽ മറുപടി നൽകുന്ന മോഡലിലും വികസിപ്പിച്ച് അവതരിപ്പിക്കാൻ കഴിയുമെന്ന് വ്യത്യസ്ത ചാറ്റ് പ്രോംപ്റ്റ് കൾക്ക് ലഭ്യമായ മുൻവിധികൾ നിറഞ്ഞ ഔട്ടുകൾ കാണിച്ച് കൊണ്ട് ഇതേ പഠനത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ബോട്ടുകളുടെ ഉപയോഗം വെറുപ്പ് കലർന്ന വിവരങ്ങളുടെ വിനിമയമാണ് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത് എന്നത് കാണാനാവും. തങ്ങൾക്ക് ഇഷ്ടമുള്ള വിധത്തിൽ എതിരാളികളെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന തരത്തിൽ വ്യാജ വീഡിയോകളും ചിത്രങ്ങളും കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരുടെ മനസ്സിൽ വംശീയ മുൻവിധികളും , ഇസ്‌ലാമോഫോബിയ പടർത്തുന്നതുമായ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ അനുദിനം കാണുന്നതിന് പിന്നിൽ ഇത്തരം നിർമിത ബുദ്ധിയുടെ ഉപയോഗം കൂടിയുണ്ട് എന്നത് വ്യക്തമാണ്. ഉദാഹരണത്തിന് ഈയിടെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്ത പാശ്ചാത്തലത്തിൽ, സമീപ പ്രദേശത്ത് ഉള്ള ക്ഷേത്രത്തിൻ്റെ ചിത്രം എ.ഐ ഉപയോഗിച്ച് മസ്ജിദ് ആക്കി മാറ്റി കൊണ്ട് വംശവെറിയുടെ പ്രചരണം നടത്തിയതായി കാണാം. അതോടൊപ്പം തന്നെയാണ് മുസ്‌ലിം എഞ്ചിനീയറാണ് ഇതിന് പിന്നിലെന്ന് ഉള്ള സാമുഹിക മാധ്യമങ്ങളിലെ പ്രചരണവും.

അത്തരം പ്രചരണ മോഡലുകൾ ആദ്യ കാലത്ത് ഉപയോഗിച്ച രീതിയേക്കാൾ മാറ്റമുള്ളതായും, നിർമിത ബുദ്ധിയുടെ മോഡലുകൾ അവയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുമുള്ള നീരിക്ഷണങ്ങൾ കാണാനാവും. നിർമിത ബുദ്ധിയെ നിയന്ത്രിക്കുന്ന ഒരു നിയമവും നിലവിൽ വേണ്ടതില്ല എന്ന സൂചന കൂടിയാവുമ്പോൾ 2024 തിരഞ്ഞെടുപ്പ് മുന്നിൽ നിർത്തി തന്നെയാണ് ഇത് എന്ന നിരീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്. ഒരേ സമയം നിർമിത ബുദ്ധിയുടെ വികാസത്തിൽ ലോകത്ത് തന്നെ നിക്ഷേപം കൊണ്ട് അഞ്ചാമത് നിൽക്കുന്ന ഈ രാജ്യത്തെ അനുഭവങ്ങൾ അത്ര സുതാര്യമായല്ല നടക്കുന്നത് എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ ഇതിനിടക്ക് തന്നെ ഉണ്ടായിട്ടുണ്ട്. വ്യാജമായി നിർമിച്ചെടുത്ത ശബ്ദങ്ങളും , ചുണ്ട് അനക്കങ്ങൾ കൃത്യമായി വരുന്ന രീതിയിലുള്ള വീഡിയോകളും എതിരാളിയുടെ നേരെ പ്രയോഗിച്ച് കൊണ്ടുള്ള പ്രചരണം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ പരീക്ഷിച്ചു പോരുന്നത് വിവിധ സന്ദർഭങ്ങളിൽ നാം വായിച്ചറിഞ്ഞവയാണല്ലോ. അവയുടെ സത്യം തിരിച്ചറിയാൻ പോലും ആവാത്ത വിധത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ ഇവക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിവിധ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

ഉദാഹരണമായി ഈയിടെ തമിഴ്നാട് ധനമന്ത്രി പി.ടി.ആർ ത്യാഗരാജൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഴിമതി നടത്തുന്നു എന്ന തരത്തിൽ അദ്ദേഹത്തിൻ്റെ സ്വരത്തിൽ പറയുന്ന ഒരു ഓഡിയോ ബിജെപി കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രചരണം നേടിയിരുന്നു. അവ എ.ഐ ടൂളുകൾ ഉപയോഗിച്ച് നിർമിച്ചെടുത്തതാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. അത് സൂചിപ്പിക്കാൻ കഴിഞ്ഞ വർഷം ബിജെപി ഡൽഹി പ്രസിഡൻ്റ് മനോജ് തിവാരിയുടെ പ്രസംഗം അദ്ദേഹം സംസാരിക്കുന്ന ഭാഷയിൽ നിന്നും AI ഉപയോഗിച്ച് മാറ്റി ഇംഗ്ലീഷിലും മറ്റും പ്രസംഗിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങൾക്കിടയിലേക്ക് കടത്തിവിട്ടതിൻ്റെ അനുഭവം അദ്ദേഹം ചൂണ്ടി കാണിക്കുന്നുണ്ട്.

ഒരു ജനാധിപത്യ തെരഞ്ഞെടുപ്പുകളും ഇനി നിർമിത ബുദ്ധിയുടെ സ്വാധീനത്തിൽ നിന്ന് മുക്തമായതായി ഉണ്ടാവില്ല എന്ന മുൻ ഗൂഗിൾ സി.ഇ.ഒ എറിക് സ്മിടത്തിൻ്റെ മുന്നറിയിപ്പ് ഈ അവസരത്തിൽ എടുത്ത് വായിക്കേണ്ട ഒന്നാണ്. നിർമിത ബുദ്ധിയുടെ ഉപയോഗ നിർമാണ പ്രവർത്തനത്തിന് കൃത്യമായ മാർഗ നിർദ്ദേശവും നിയമവും ഇല്ലാതിരിക്കുക എന്നത് ഹിന്ദുത്വവാദികളെ കൂടുതൽ സഹായിക്കുന്നതാണ്. ജനങ്ങളുടെ കാഴ്ചപ്പാടുകളെ നിയന്ത്രിക്കാൻ നിർമിത ബുദ്ധി ഉപയോഗിച്ച് സാധിക്കുന്നെണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ ഈ കഴിഞ്ഞ ജനുവരിയിൽ പറഞ്ഞത് ശ്രദ്ധേയമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ നിർമിത ബുദ്ധിയുടെ പങ്ക് ദ്രംഷ്ടയായി ജനാധിപത്യ സംവിധാനത്തിന് മേൽ ആഴ്ന്നിറങ്ങും എന്ന ഭീതിയാണത് ബാക്കിയാക്കുന്നത്.

പോഡ്കാസ്റ്റ് വോയ്‌സ് : ഹസനുല്‍ ബന്ന

സ്വലീൽ ഫലാഹി