Campus Alive

രണജിത് ഗുഹ: സാമ്പ്രദായികതകളോട് കലഹിച്ച ചരിത്രകാരൻ

“താങ്കളുടെ ‘ബാബുത്തര’ത്തെ പരിഹസിക്കുന്നതിലൂടെ ജന്മദോഷത്തെ മായ്ക്കാമെന്ന് കരുതിയോ”? ഫ്രൻ്റിയറിൻ്റെ പത്രാധിപനായ സമർ സെൻ ‘ബാബു ബ്രിട്ടാൻ്റ’ (ഒരു ബാബുവിൻ്റെ കഥ) എന്ന തൻ്റെ ഓർമകുറിപ്പുകളുടെ ഒരു പ്രതി രണജിത് ഗുഹക്ക് സമ്മാനിച്ചപ്പോൾ, ഗുഹ പത്രപ്രവർത്തകനും കവിയുമായ തൻ്റെ സുഹൃത്തിനെ അധിക്ഷേപിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണിത്. പിന്നീട് ഈ പരാമർശത്തെ കുറിച്ച് ഗുഹ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. “ഞാനൊരു ബാബുവായിട്ടാണ് ജനിച്ചത് (ബ്രിട്ടീഷ് സേവകരായ ഇന്ത്യക്കാരുടെ വിളിപ്പേരായിരുന്നു ബാബു), പക്ഷെ ബാബുവായിട്ടുള്ള ജീവിതം എനിക്ക് അസഹ്യമായിരുന്നു” എന്ന് പറയാൻ കഴിയുന്നൊരാൾ. അന്യവത്കരണത്തിന്റെ വക്കിലേക്കെത്തുന്ന ഈ ജീവിതമായിരുന്നു യഥാര്‍ത്ഥത്തിൽ അദ്ദേഹത്തിന്റെ വിമര്‍ശനാത്മക ഭാവനകളുടെ സ്രോതസ്. തീർച്ചയായും, ഗുഹ സ്വയം തന്നെ തൻ്റെ ഓർമക്കുറിപ്പുകളില്‍ കുട്ടിക്കാലത്തെ ചില അനുഭവങ്ങളെ ഓര്‍ത്തെടുത്ത് കൊണ്ട് ഇതേ അന്യവൽകരണത്തെ പറ്റി സൂചിപ്പിക്കുന്നത് കാണാം.

കുടുംബത്തിലെ മുതിർന്നവർ തൻ്റെ കളിക്കൂട്ടുകാരായ ഗ്രാമീണരെ ‘പ്രജ’ (കുടിയാൻ) യുടെ മക്കൾ എന്നും അവർ തിരിച്ച് തന്നെ ‘മുനിബിന്റെ’ (യജമാനൻ) മകൻ എന്നും വിളിച്ചിരുന്നതായി അദ്ദേഹം ഓർമിക്കുന്നുണ്ട്. ‘പ്രജ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ഗ്രാമീണർ തങ്ങളുടെ വീട്ടിലേക്ക് വന്നാൽ അവിടെ ഇരിക്കുമായിരുന്നില്ല. മാത്രമല്ല, യജമാനന്റെ വീട്ടിലെ കുട്ടികളുടെ പോലും കാല് തൊട്ടു വന്ദിക്കുക കൂടി ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ശ്രേണീ ബദ്ധമായ ഒരു സമൂഹത്തിലെ ഇത്തരം ആചാരങ്ങളുടെ പ്രസക്തിയെ കുറിച്ച് ഗുഹ ആ പ്രായത്തിലേ ആലോചിക്കുമായിരുന്നു.

 

പ്രശസ്ത ചരിത്രകാരനായ രണജിത് ഗുഹ, അദ്ദേഹത്തിന് നൂറ് വയസ്സാവാൻ ഒരു മാസം ബാക്കി നിൽക്കെ വിയന്നയിൽ വെച്ച് 2023 ഏപ്രിൽ 18 നാണ് അന്തരിക്കുന്നത്. കിഴക്കൻ ബംഗാളിലെ ഒരു ഗ്രാമത്തിൽ ജനിച്ച ഗുഹ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്താം വയസ്സിൽ കൊൽക്കത്തയിലേക്ക് പോയി. ആ സമയത്ത് അദ്ദേഹത്തിൻ്റെ മുത്തച്ഛനായിരുന്നു സംസ്കൃത വ്യാകരണത്തിൻ്റെ അടിസ്ഥാന പാഠങ്ങളും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ എഴുത്തുകളും അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. സ്കൂളിൽ വെച്ചാണ് അദ്ദേഹം ടാഗോറിൻ്റെ കൃതികളുമായി അടുക്കുന്നത്. പിൽക്കാലത്തുടനീളം ഇവ അദ്ദേഹത്തിൻ്റെ ബൗദ്ധികാടിത്തറയായി വർത്തിച്ചു.

1938 ൽ ചരിത്ര പഠനത്തിനായി അദ്ദേഹം പ്രസിഡൻസി കോളേജിൽ ചേർന്നു. ചരിത്ര പഠനത്തിൽ പുതിയ പാത വെട്ടിയ ചരിത്രകാരൻ എന്ന നിലയിലാണ് ലോകം അദ്ദേഹത്തെ അറിയുന്നതെങ്കിലും ഒരു ചരിത്രകാരനാവാനായിരുന്നില്ല അദ്ദേഹം തൻ്റെ യാത്ര ആരംഭിച്ചിരുന്നത്. മറിച്ച് ചരിത്രം സൃഷ്ടിക്കാനായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ അണി ചേർന്ന് ശ്രദ്ധേയനായ സംഘാടകനായി അദ്ദേഹം മാറി. പിന്നീട് മുഴുസമയ പാർട്ടി പ്രവർത്തകനാവാൻ വേണ്ടി അദ്ദേഹം വീടുതന്നെ വിട്ടിറങ്ങി. “കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിലെ എൻ്റെ ജീവിതശൈലി കുടുംബത്തോട് ഒത്തുപോവുമായിരുന്നില്ല” എന്ന് പിന്നീടൊരിക്കൽ ഗുഹ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ പഠനമൊക്കെ അവതാളത്തിലായി. 1942 ൽ ബി. എ പരീക്ഷ എഴുതിയ അദ്ദേഹത്തിന് ഹോണേഴ്‌സ് ഡിഗ്രി കരസ്ഥമാക്കാൻ കഴിയാതെ ഒരു വിധത്തിൽ പാസ് മാർക് നേടാനെ സാധിച്ചുള്ളൂ. പാർട്ടി ദിനപത്രമായ ‘സ്വാതിനാധ’യുടെ ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന് എം.എ ക്ലാസ്സുകളിൽ ഹാജരാവാൻ മതിയായ സമയം ലഭിച്ചിരുന്നില്ല. അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പി.സി ജോഷി വിഷയത്തിൽ ഇടപെടുകയും ഗുഹയോടും മറ്റു ചില യുവ സഖാക്കളോടും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെടുകയും ചെയ്തു. 1944 ൽ എം.എ ഹിസ്റ്ററി പരീക്ഷ അദ്ദേഹം ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി.

നിർണായകമായ ആ വർഷങ്ങളിൽ കൊൽൽക്കത്തയിൽ താമസിച്ചിരുന്ന ഗുഹ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായി. 1942 ൽ പട്ടണത്തെ തകർത്തു കളഞ്ഞ ജപ്പാൻ ബോംബുവർഷം, 1943 ലെ ക്ഷാമത്തെ തുടർന്ന് തെരുവുകളിൽ അവശേഷിച്ച ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ, 1946 ലെ ഭീതിദമായ വർഗീയ സംഘർഷങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. വൈകാതെ സ്വാതന്ത്ര്യ പുലരിയുണ്ടാവുമെന്നത് ഒരു പൊള്ളയായ വാഗ്ദാനം പോലെ തോന്നിക്കുന്ന സാഹചര്യം. പാരീസിൽ വെച്ച് നടക്കുന്ന വേൾഡ് യൂണിയൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിൻ്റെ സെക്രട്ടറിയേറ്റിൽ സി.പി.ഐ യെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ ഗുഹ ആ വർഷം തിരഞ്ഞെടുക്കപ്പെട്ടു. നാസി അധിനിവേശത്തിൽ നിന്ന് വിമോചനം നേടുന്ന സമയത്ത് പാരീസിന്റെ തുറന്ന പട്ടണത്തിൽ ജീവിക്കുവാനും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാനും അദ്ദേഹത്തിന് അവസരമുണ്ടായി. വിപ്ലവത്തിനുശേഷം ചൈന സന്ദർശിക്കുന്ന ആദ്യ വിദേശ പ്രതിനിധി സംഘങ്ങളിലൊന്നിൽ ഉൾപ്പെടുവാനും റഷ്യ ഒട്ടാകെ ട്രെയിൻ യാത്ര ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. ഇത്തരം അനുഭവങ്ങളിലൂടെ ലോകത്ത് വിവിധ ഭാഗങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചലനങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച അനന്യമായ ഒരു ഭാഗ്യമായിരുന്നു ഇത്. ശിഷ്ട ജീവിതത്തിൽ ഇതദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട പാഠമായി വർത്തിച്ചു.

1953ൽ കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം കോളേജ് അധ്യാപകൻ എന്ന ഉദ്യോഗവും കമ്മ്യൂണിസ്റ്റ് പാർട്ടി ദിനപത്രത്തിൻ്റെ പത്രാധിപസമിതിയിലെ ഉത്തരവാദിത്തങ്ങളും സമന്വയിപ്പിച്ച് തൻ്റെ യാത്ര തുടർന്നു. 1956 ൽ സോവിയറ്റ് ടാങ്കറുകൾ ഹംഗറിയിലെ ജനകീയ സമരങ്ങൾ അടിച്ചമർത്താൻ ഇരച്ചുകയറിയപ്പോൾ ഗുഹ തൻ്റെ പാർട്ടി പ്രതിബദ്ധതകൾ ഉപേക്ഷിക്കുകയും ചരിത്ര ഗവേഷണത്തിലേക്ക് തിരിയുകയും ചെയ്തു. തുടർന്ന്, 1958 ൽ അദേഹത്തിൻ്റെ മുൻ അധ്യാപകൻ സുസോഭൻ സർക്കാരിൻ്റെ നേതൃത്വത്തിൽ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ പുതുതായി സ്ഥാപിക്കപ്പെട്ട ഹിസ്റ്ററി ഡിപ്പാർട്ട്മെൻറിൽ ചേർന്നു.

അദ്ദേഹത്തിൻ്റെ ഗവേഷണ രീതികൾ ചരിത്ര വിജ്ഞാന ശാഖയിലെ സമ്പ്രദായികതകളെ പിന്തുടരുന്നതായിരുന്നില്ല. നിരവധി രചനകൾ പുറത്തിറക്കപ്പെട്ടു കഴിഞ്ഞിരുന്ന ബംഗാളിലെ ശാശ്വത ഭൂനികുതി വ്യവസ്ഥയെ (Permanent Settlement) സംബന്ധിച്ച് തനിക്ക് മുൻപ് ആരും ചോദിച്ചിട്ടില്ലാത്ത ചോദ്യകൾ ഗുഹ ഉന്നയിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ കണ്ടുപിടിച്ച ഒരു സാമ്പത്തിക സിദ്ധാന്തം ആയിരുന്നു ഫിസിയോക്രസി. ദേശീയ സമ്പത്തിന്റെ ഉറവിടം വിദേശ വ്യാപാരത്തിലാണെന്ന മെർകന്റലിസ്റ്റുകളുടെ വാദത്തിന് എതിരായി ഭൂവുൽപ്പന്നങ്ങളിലാണ് ദേശീയ സമ്പത്തിന്റെ ഉറവിടം എന്ന് ഈ സിദ്ധാന്തം വാദിച്ചു. യൂറോപ്പിൽ ഫ്യൂഡൽ സമ്പ്രദായത്തെ തകർക്കുന്നതിൽ പ്രധാനപ്പെട്ട ഉപകരണമായി ഈ സിദ്ധാന്തം വർത്തിച്ചിരുന്നു. സംരംഭകരായ കർഷകരെ തയ്യാറാക്കുവാൻ വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥർ ബംഗാളിൽ നടപ്പിലാക്കിയ ഈ സിദ്ധാന്തം എങ്ങനെയാണ് നവ-ഫ്യൂഡൽ ഭീകരതകളിലൊന്നായ സമീന്ദാരി സമ്പ്രദായത്തിലേക്ക് തന്നെ അവസാനം എത്തിച്ചേരുന്നത്? പതിനെട്ടാം നൂറ്റാണ്ടിലെ സംവാദങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഗുഹ, ഈ അപ്രതീക്ഷിത പരിണതിയുടെ കാരണം കണ്ടെത്തുന്നത് കൊളോണിയൽ ഉദ്യോഗസ്ഥരുടെ കഴിവുകേടിലോ ബംഗാളിലെ സമീന്ദാർമാരുടെ വ്യാജ വാദങ്ങളിലോ അല്ല. മറിച്ച്, ബ്രിട്ടീഷ് കൊളോണിയൽ ചരിത്രയുക്തിയുടെ തന്നെ അനിവാര്യ പരിണിത ഫലമായിരുന്നു അത്. ഗുഹ പറയുന്നു: “ഒരു അർധ ഫ്യൂഡൽ സമൂഹത്തിലെ അധികാര ബന്ധങ്ങളുമായി പൊരുത്തപ്പെടാൻ ഒരു സാമ്പ്രദായിക ബൂർഷ്വാ വിജ്ഞാന രൂപത്തിൻ്റെ മുതുക് പിന്നിലേക്ക് വളയുകയായിരുന്നു.”

അദ്ദേഹത്തിൻ്റെ പുതിയ സമീപനം ബംഗാളിലെ സാമ്പത്തിക ചരിത്രകാരന്മാർക്ക് രസിച്ചില്ല. ഈ വിഷയത്തിൽ ഡോക്ടറൽ തീസിസ് തയ്യാറാക്കുന്നതിൽ നിന്ന് അവർ അദ്ദേഹത്തെ നിരുത്സാഹപ്പെടുതി. തൻ്റെ കണ്ടെത്തലുകൾ അദ്ദേഹം സി.പി.ഐ യുടെ മേൽനോട്ടത്തിലുള്ള ബംഗാളി ജേണൽ ‘പരിചയ് ‘ ൽ പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. പരമ്പര ഒരുപാട് നീണ്ടു പോകുന്നതിനാൽ കുറച്ച് ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം അദ്ദേഹത്തോട് നിർത്തുവാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്. എല്ലായിടത്തും നിരാശനായ അദ്ദേഹം തൻ്റെ ഗവേഷണ പ്രബന്ധം പൂർത്തീകരിക്കാൻ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് 1959ൽ ഫെലോഷിപ്പ് സ്വീകരിച്ചു. ആ പഠനം ഡോക്ടറൽ ബിരുദത്തിനായി പാരിസിലെ സോർബോണിൽ സമർപ്പിച്ചുവെങ്കിലും നിരസിക്കപ്പെട്ടു. എന്നാൽ അതിൻ്റെ ഒരു പ്രതി യാദൃശ്ചികമായി അമേരിക്കൻ സാമ്പത്തിക ചരിത്രകാരനായിരുന്ന ഡാനിയൽ തോർണറിൻ്റെ കയ്യിൽ ലഭിച്ചു. ‘മക്കാർത്തി കുറ്റാന്വേഷണങ്ങളു’മായി ബന്ധപ്പെട്ട് ബഹിഷ്കൃതനായി പാരീസിൽ കഴിയുകയായിരുന്നു അദ്ദേഹം. തോർണർ ഗുഹയെ ബന്ധപ്പെടുകയും ‘A Rule of Property for Bengal’ (1963) എന്ന പേരിൽ ആ തിസീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ് നിലവിൽ ഈ പുസ്തകം.

തുടർന്ന് സസെക്സ് യൂണിവേഴ്സിറ്റിയിൽ ഗുഹ ഒരു ജോലി കണ്ടെത്തി. അവിടെയാണ് പിന്നീടുള്ള തൻ്റെ രണ്ട് പതിറ്റാണ്ടുകാലം അദ്ദേഹം ചിലവഴിച്ചത്. സമർപ്പണബോധമുള്ള അധ്യാപകനായിരുന്നു എങ്കിലും അക്കാദമിക് കോൺഫറൻസുകളിൽ നിന്ന് അദ്ദേഹം അകന്നുനിന്നു. അക്കാദമിക് ജേണലുകളിൽ ഒന്നും പ്രസിദ്ധീകരിച്ചിരുന്നുമില്ല. ഗാന്ധിയെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കണമെന്ന ഉദ്ദേശ്യത്തിൽ 1970-71 കാലത്ത് ഒരു വർഷം അദ്ദേഹം ഇന്ത്യയിൽ ചെലവഴിച്ചു. നക്സൽബാരി പ്രസ്ഥാനത്തിൻ്റെ തുടർ ചലനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസുകളെ പിടിച്ചു കുലുക്കുന്ന സന്ദർഭമായിരുന്നു അന്ന്. “അഴിമതി നിറഞ്ഞ പാർലമെന്ററിസത്തിലേക്ക് വ്യതിചലിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് ഒരു താക്കീതായിരുന്നു നക്സൽ ബാരി അക്രമങ്ങൾ, അതിനാലാണ് അതിനെ ഞാൻ പിന്തുണച്ചത്” എന്ന് അദ്ദേഹം പിന്നീട് സ്മരിക്കുന്നുണ്ട്. ഇതിന് ശേഷം പുതിയൊരു പ്രൊജക്ടുമായായിരുന്നു ഗുഹ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്; കർഷക കലാപങ്ങളുടെ ഒരു വിശകലന ചരിത്രം. ഒരു പതിറ്റാണ്ടിനു ശേഷം ‘Elementary Aspects of Peasant Insurgency in Colonial India’ (1983) എന്ന പേരിൽ ഇത് പുസ്തകമായി പുറത്തിറങ്ങി.

ഈ സമയത്ത് തന്നെയാണ് ഇന്ദിര ഗാന്ധി ഭരണത്തിനെതിരെ മൂർച്ചയേറിയ വിമർശനങ്ങൾ ഗുഹ ഉന്നയിക്കുന്നത്. രാഷ്ട്രീയ തടവുകാരെ പീഡിപ്പിക്കൽ, നിയമവ്യവസ്ഥയെ മറികടന്നുള്ള വധങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും വിമർശനങ്ങൾ. ബൗദ്ധിക രംഗത്ത്, അദ്ദേഹം പരിചിതരല്ലാത്ത ഒരു കൂട്ടം യുവ പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഒരു സമിതി രൂപീകരിക്കുകയും ‘സബാൾട്ടേൺ സ്റ്റഡീസ്’ എന്ന പരമ്പര ആരംഭിക്കുകയും ചെയ്തു. അത് ആധുനിക ദക്ഷിണേഷ്യൻ പഠനങ്ങളിൽ ഒരു നാഴികക്കല്ലായി മാറി. 1982 ൽ പ്രസിദ്ധീകരിച്ച അതിന്റെ ആദ്യ വാള്യത്തിൽ ഗുഹ എഴുതി: “ഇന്ത്യൻ ദേശീയതയുടെ ചരിത്ര രചന ഒരുപാട് കാലമായി വരേണ്യത ആധിപത്യം പുലർത്തുന്നതാണ്. ഈ വരേണ്യത കൊളോണിയലിസ്റ്റ് വരേണ്യതയും ബൂർഷ്വാ നാഷണലിസ്റ്റ് വരേണ്യതയും ഉള്ളടങ്ങുന്നതാണ്”. ആദ്യ വിഭാഗത്തിലെ (കൊളോണിയലിസ്റ്റ് വരേണ്യ) ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നത് ബ്രിട്ടൻ ഇന്ത്യക്ക് നൽകിയ ദാനമാണ് ആധുനിക സ്ഥാപനങ്ങളെല്ലാം എന്നായിരുന്നു. ദേശീയ രാഷ്ട്രീയം സർക്കാരിന്റെ അപ്പക്കഷണത്തിനു വേണ്ടി ഇടുങ്ങിയ ചിന്താഗതിയുള്ള ചില നേതാക്കളുടെ കലഹം മാത്രമായിരുന്നു എന്ന് അവർ കരുതി. മറുഭാഗത്ത്, ദേശീയ ചരിത്രകാരന്മാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളാണ് നിഷ്ക്രിയത്വത്തിൽ ആയിരുന്ന ഇന്ത്യൻ ജനതയിൽ ദേശസ്നേഹം സന്നിവേശിപ്പിക്കുകയും അവരെ വിളിച്ചുണർത്തുകയും ചെയ്തത് എന്ന് വാദിച്ചു. രണ്ടു കാഴ്ചപ്പാടുകളെയും വെല്ലുവിളിച്ചുകൊണ്ട് ഗുഹയും സഹപ്രവർത്തകരും മറ്റൊരു വാദം മുന്നോട്ടുവച്ചു. തൊഴിലാളികളും കർഷകരും ആദിവാസികളും മറ്റു മർദ്ദിത വിഭാഗങ്ങളും ഉൾപ്പെടുന്ന കീഴാളവിഭാഗം തങ്ങളുടെ കർതൃത്വത്തിൽ ഒരു രാഷ്ട്രീയ അവബോധം കൈവരിക്കുകയായിരുന്നു എന്നതാണ് അതിൻ്റെ ആകെത്തുക. വരേണ്യ നേതൃത്വം രൂപീകരിച്ച പ്രസ്ഥാനങ്ങളിൽ അണിചേരാനും ചേരാതിരിക്കുവാനും അവർക്ക് തങ്ങളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ അവർ അത്തരം പ്രസ്ഥാനങ്ങളിൽ ചേർന്ന ശേഷം പിന്നീട് പിൻവാങ്ങുകയും ചെയ്തിരുന്നു. കീഴാള ചരിത്രം വരേണ്യ ചരിത്രത്തിന്റെ പുനരുൽപാദനം ആയിരുന്നില്ല. അവർക്ക് തങ്ങളുടേതായ ഘടനയും ചരിത്ര യുക്തികളും ഉണ്ടായിരുന്നു.

 

ഗുഹയുടെ നേതൃത്വത്തിൽ ആരംഭിച്ച സബാൾട്ടേൺ സ്റ്റഡീസ് സീരീസ് ഇന്ത്യൻ ചരിത്രകാരന്മാർക്കിടയിൽ വലിയ ഇളക്കം സൃഷ്ടിച്ചു. മിക്ക പ്രതികരണങ്ങളും നിഷേധാത്മകമായിരുന്നു. ‘നൂറു പൂക്കൾ വിടരട്ടെ, കളകളെ ഞങ്ങൾ കാര്യമാക്കുന്നില്ല’ എന്നായിരുന്നു ഗുഹയുടെ പ്രതികരണം.
ആശ്ചര്യകരമെന്നു പറയട്ടെ, അന്താരാഷ്ട്ര തലങ്ങളിലെ അക്കാദമിക വൃത്തങ്ങളിൽ നിന്നും ഈ പരമ്പരക്ക് ഏറെ സ്വീകാര്യത ലഭിച്ചു. ചരിത്ര പണ്ഡിതന്മാർക്ക് പുറമെ, നരവംശ ശാസ്ത്രജ്ഞന്മാരിൽ നിന്നും ഭാഷാ പണ്ഡിതന്മാരിൽ നിന്നും കൂടിയായിരുന്നു ഈ സ്വീകാര്യത. ദക്ഷിണേഷ്യ തങ്ങളുടെ പഠനത്തിൻ്റെ കേന്ദ്രമാക്കിയവരിലേക്ക് ചുരുങ്ങുന്നതായിരുന്നില്ല ഈ പഠനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചവരിൽ പലരും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പാശ്ചാത്യ ആധുനികതയുടെ രൂപീകരണ ഘടകമെന്ന നിലയിൽ കൊളോണിയലിസത്തിനെതിരെ ഉന്നയിച്ച വിമർശന ചോദ്യങ്ങളുടെ നവീനത കൊണ്ടാണ് സബാൾട്ടേൺ സ്റ്റഡീസ് ചർച്ച ചെയ്യപ്പെട്ടത്. അക്കാലത്തെ പുതിയ പഠന മേഖലയായിരുന്ന കോളനിയാനന്തര പഠനങ്ങളുടെ പ്രധാന സവിശേഷതയായി 1980 കൾ മുതൽ ഇത് വർത്തിച്ചു. കാൻബെറയിലെ ഓസ്ട്രേലിയൻ ദേശീയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫെലോഷിപ്പ് സ്വീകരിക്കാൻ വേണ്ടി 1982 ൽ ഗുഹ സസക്സിൽ നിന്നും വിരമിച്ചു. സബാൾട്ടേൺ സ്റ്റഡീസ് പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത ഗുഹയെ തന്റെ ഉൾവലിയലിൽ നിന്ന് പുറത്തേക്കെത്തിച്ചു. അദ്ദേഹം ലോകത്തുടനീളമുള്ള യൂണിവേഴ്സിറ്റികളിൽ പ്രഭാഷണങ്ങൾ നടത്തുവാനും സമ്മേളനങ്ങളിൽ പങ്കെടുക്കുവാനും തുടങ്ങി. അധീശത്വത്തിന്റെയും കീഴ്‌വഴങ്ങലിന്റെയും ബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനായി ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം അദ്ദേഹവും സഹപ്രവർത്തകരും തങ്ങൾ ഉയർത്തിയ ചോദ്യങ്ങളുടെ പ്രസക്തിയെ വിശദീകരിച്ചു. കൊളോണിയൽ ഭരണം കേവലം അക്രമത്തിൽ മാത്രം അധിഷ്ഠിതമാണെന്ന ലളിതവൽക്കരിക്കപ്പെട്ട വാദത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു ഭരണവ്യവസ്ഥക്കും തങ്ങൾക്ക് കീഴടങ്ങുന്ന ജനതയിൽ നിന്ന് ഒരു നിശ്ചിത അളവ് സമ്മതം ലഭിക്കാതെ അതിജീവിക്കാൻ കഴിയില്ല.

Dominance Without Hegemony’ (1989) എന്ന പ്രബന്ധത്തിൽ രണ്ട് സവിശേഷ രാഷ്ട്രീയ ഭാഷാശൈലികൾ കൊളോണിയൽ ഇന്ത്യയിൽ പരസ്പരം പിണഞ്ഞു കിടന്നിരുന്നു എന്ന് അദ്ദേഹം വാദിക്കുന്നുണ്ട്: ഒന്ന്, ബ്രിട്ടീഷ് രീതിയും മറ്റേത് പൂർവ കൊളോണിയൽ ഇന്ത്യൻ രീതിയും. കൊളോണിയൽ ഭരണകൂടത്തിന്റെ കടുത്ത ശിക്ഷാനിയമങ്ങൾ ബ്രിട്ടീഷ് ക്രമ സങ്കൽപത്തിൻ്റെയും (order) ദണ്ഡ (ശിക്ഷ) എന്ന ഇന്ത്യൻ സങ്കല്പത്തിന്റെയും സങ്കലനമായിട്ടാണ് ന്യായീകരിക്കപ്പെട്ടത്. അതേ സമയം, ഇന്ത്യൻ ‘ധർമ’ സങ്കൽപത്തോട് ലിബറൽ ആശയമായ മെച്ചപ്പെടുത്തൽ (improvement) ചേർന്നായിരുന്നു അനുനയം (persuasion) സാധ്യമായിരുന്നത്. കീഴാള വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അനുസരണം എന്നത് ‘ഭക്തി’യുടെ ഭാഷയിൽ ആയിരുന്നു സൂചിപ്പിക്കപ്പെട്ടിരുന്നത്, ന്യായമായ വിയോജിപ്പുകളാവട്ടെ ‘ധർമ്മ’ ലംഘനത്തിനെതിരായ പ്രതിഷേധത്തിന്റെ രൂപമെടുത്തു. കൊളോണിയൽ ഇന്ത്യയിലെ കർഷക സമരങ്ങൾ ലിബറൽ ആശയമായ അവകാശം എന്നതിൽ നിന്ന് രൂപം കൊണ്ടതല്ല മറിച്ച്, ഭരണാധികാരിയുടെ ‘അധർമ്മ’ത്തിനെതിരെ പൊരുതാനുള്ള ഉത്തരവാദിത്വത്തിൽ നിന്നാണ് എന്നതായിരുന്നു ഗുഹ നടത്തിയ ഒരു പ്രധാന നിരീക്ഷണം. എന്നാൽ, ബ്രിട്ടീഷ് ഇന്ത്യയിൽ ബലപ്രയോഗങ്ങളും നിയന്ത്രണങ്ങളും അനുനയശ്രമങ്ങളെ എപ്പോഴും അതിജയിച്ചു. അതിനാൽ കൊളോണിയൽ ഭരണത്തിന് കേവലാധിപത്യ ശക്തി (dominance) എന്നതിൽ കവിഞ്ഞ് ജനങ്ങളിൽ സ്വാധീനമുള്ള അധികാരശക്തിയായി(hegemony) മാറാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യയിലെ ഭരണശക്തികൾക്ക് ആ തലത്തിലേക്ക് എത്തുവാൻ സാധിച്ചില്ല എന്ന് കൂടി അദ്ദേഹം വാദിച്ചു. കാരണം തങ്ങളുടെ ആധിപത്യം നിലനിർത്തുവാൻ അവർക്ക് കൂടെക്കൂടെ ഹിംസകൾ(violence) പ്രത്യക്ഷമായി തന്നെ നടപ്പിലാക്കേണ്ടി വന്നു.

സബാൾട്ടേൺ സ്റ്റഡീസിൻ്റെ ആറ് വാള്യങ്ങൾ പുറത്തിറക്കിയതിന് ശേഷം 1989-ൽ ഗുഹ പരമ്പരയുടെ പത്രാധിപ സ്ഥാനത്തു നിന്നും പടിയിറങ്ങി. യൂണിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹം വിരമിച്ചു. പത്ത് വർഷത്തിന് ശേഷം, അദ്ദേഹവും ഭാര്യ മെക്‌തിൽഡും വിയന്നയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ താമസമാക്കി. 1990 കളിൽ ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിർവഹിച്ച പ്രഭാഷണങ്ങളിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ചാൾസ് ഡിക്കൻസ്, ആന്റൺ ചെക്കോവ്, ജോസഫ് കോൺറാഡ്, ജോർജ്ജ് ഓർവെൽ എന്നിവരെക്കുറിച്ച് ഉജ്ജ്വലമായ ഭാഷയിൽ പര്യാലോചനകൾ നടത്തുന്നുണ്ട്. അതിനു വേണ്ടി അദ്ദേഹം ചരിത്രത്തിന്റെ അതിരുകൾക്കപ്പുറം സഞ്ചരിച്ചു.

2000-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പ്രഭാഷണ പരമ്പരയിൽ അദ്ദേഹം ഭരണകൂടജീവിതത്തെ ചുറ്റിപറ്റിയുള്ള അനിവാര്യ ചരിത്രനിർമിതിയിൽ കണ്ടെടുക്കാവുന്നതല്ല മനുഷ്യ ജീവിതത്തിൻ്റെ യാഥാർത്ഥ്യം എന്ന് പ്രഖ്യാപിച്ചു. History at the Limit of World History എന്ന പേരിൽ പിന്നീട് ഈ പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. ആ യാഥാർത്ഥ്യം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ മാറ്റങ്ങളെ ചിത്രീകരിക്കുന്ന സാഹിത്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. തത്ത്വചിന്തകനായ മാർട്ടിൻ ഹൈഡെഗറിനെ പിന്തുടർന്ന് കൊണ്ട് ചരിത്രപരത (Historicality) എന്ന് ഗുഹ അതിനെ വിളിക്കുന്നു.

ഭാഷയുടെ സൂക്ഷ്മമായ വ്യത്യാസങ്ങളിലും വൈവിധ്യങ്ങളിലും ഗുഹ അസാമാന്യമായ സംവേദനക്ഷമത കാത്തു സൂക്ഷിച്ചിരുന്നു. രേഖകൾ (Text), അനുഷ്ഠാനം (ritual), നാടോടിക്കഥ (folklore) എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ വിശകലനങ്ങൾ ഘടനാപരമായ ഭാഷ ശാസ്ത്രത്തെ ശക്തമായി സ്വാധീനിക്കുകയുണ്ടായി.
ഇംഗ്ലീഷിലും ബംഗാളിയിലും അദേഹത്തിന് തൻ്റേതായ ശൈലി ഉള്ളപ്പോൾ തന്നെ സൂക്ഷ്മമായ വായനക്കാരനും ശ്രോതാവും കൂടിയായിരുന്നു അദ്ദേഹം. വശ്യമായ ഇംഗ്ലീഷ് ഭാഷ ശൈലി എങ്ങനെയാണ് വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, A rule of property എഴുതാൻ ആരംഭിക്കുന്നതിന് മുമ്പ് തുടർച്ചയായി മൂന്നോ നാലോ പേജുകളിൽ കൂടുതൽ ഇംഗ്ലീഷ് ഗദ്യരചന നടത്തിയിട്ടില്ലന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. “സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ പിതാവിന്റെ ലൈബ്രറിയിൽ നിന്ന് ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചത് കൊണ്ട് കൂടിയാണത്” എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. പക്ഷെ താൻ ഇംഗ്ലീഷിലാണ് എഴുതികൊണ്ടിരുന്നതെങ്കിലും ചിന്തിക്കുന്നത് ബംഗാളിയിൽ തന്നെ ആണെന്ന് അദ്ദേഹം ഊന്നി പറയുന്നു. പ്രായാധിക്യം കാരണം അനാരോഗ്യം അദ്ദേഹത്തെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയപ്പോൾ , വിയന്ന വുഡ്സിന്റെ ഒരറ്റത്ത് ഏകാന്തതയിൽ ശാന്തമായി മുഴുകുകയായിരുന്നു രണജിത് ഗുഹ. താൻ ഭാഗമാണെന്ന് കരുതിയ ഒരു മനോലോകത്തിൽ അദ്ദേഹം വിലയം പ്രാപിച്ചു, അത് ബംഗാളി സാഹിത്യത്തിന്റെ ലോകമായിരുന്നു.

പിന്നീട് ഗുഹ ഇംഗ്ലീഷിലുള്ള എഴുത്ത് നിർത്തി ബംഗാളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആരംഭിച്ചു. 2007നും 2014നും ഇടയിൽ സഹിത്യസംബന്ധിയും തത്വചിന്താപരവുമായ വിഷയങ്ങളിൽ അഞ്ചു പുസ്തകങ്ങളും ഒരു ഡസനോളം പ്രബന്ധങ്ങളും ബംഗാളിയിൽ അദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. ബങ്കിമിനെയും ടാഗോറിനെയും കുറിച്ചും ധാരാളം പുതു കവികളെ കുറിച്ചും അദ്ദേഹം എഴുതി. പല രചനകളിലായി മഹാഭാരതത്തിലെ വിവിധ ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം പുനരാലോചന നടത്തി. എൺപതുകളിൽ ജീവിതം എത്തിനിൽക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം ഇത് അതിശയിപ്പിക്കുന്ന നേട്ടമാണ്. മനുഷ്യ ജീവിതത്തിലെ ക്ലേശങ്ങൾക്കുള്ള വ്യർഥമായ രാഷ്ട്രീയ പരിഹാരങ്ങളെ കുറിച്ച തൻ്റെ ആത്യന്തികമായ തിരിച്ചറിവ് ഈ രചനകളിൽ മിക്കതിലും അലയടിച്ചു. 2013 ൽ രചിച്ച ‘പ്രേം നാ പ്രതാരണ’ ( പ്രേമമോ വഞ്ചനയോ?) യിൽ സീതയുടെ ഭ്രഷ്ടിനെ പുനരാഖ്യാനിക്കുന്ന വിദ്യാസാഗറിലേക്ക് ഗുഹ തിരിഞ്ഞു നോക്കുന്നുണ്ട്. അന്യായമായി സീതയിൽ വഞ്ചന ആരോപിച്ച തൻ്റെ രാജസഭാംഗങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി തൻ്റെ നിരപരാധിയായ ഭാര്യയെ ചതിക്കുന്ന രാമനെ വിദ്യാസാഗർ കുറ്റപ്പെടുത്തുന്നു. പ്രേമഭാജനത്തിനേക്കാൾ രജാധർമ്മത്തിനാണ് രാജാവ് മുൻഗണന നൽകേണ്ടതെന്നും രാമൻ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാസാഗറിന് നൽകുന്ന മറുപടിയിൽ ബങ്കിം ഓർമിപ്പിക്കുന്നത് കാണാം. ഈ സംവാദത്തിൽ ഗുഹ വിദ്യാസാഗറിനെയായിരുന്നു പൂർണമായും പിന്തുണച്ചിരുന്നത്. രാഷ്ട്രീയ വടംവലിയുടെ കഥയില്ലായ്മയെ മറ്റൊരെഴുത്തിൽ ഗുഹ മൂർച്ചയേറിയ വാക്കുകളിൽ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീ പർവയിൽ കുറച്ച് മാത്രം ചർച്ച ചെയ്തിട്ടുള്ള പതിനെട്ട് ദിവസം നീണ്ടു നിന്ന യുദ്ധത്തെ അദ്ദേഹം ഓർത്തെടുക്കുന്നു. യുദ്ധത്തിന്റെ അവസാനം കുരുക്ഷേത്ര ഭൂമിയിലുടനീളം കബന്ധങ്ങൾ ചിതറി കിടക്കുന്നു. കുറുക്കന്മാരും കഴുകന്മാരും അവയിൽ നിന്ന് കൊത്തിവലിക്കുകയും കടിച്ചു കീറുകയും ചെയ്യുന്നുണ്ട്. ശവങ്ങൾക്കിടയിലൂടെ കൗരവ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെയും സഹോദരങ്ങളെയും മക്കളെയും എങ്ങിക്കരഞ്ഞു കൊണ്ട് തിരയുന്നു. അവരെ തങ്ങളിൽ നിന്നും തട്ടിയെടുത്തവരെ ശപിക്കുന്നു. “എല്ലാ യുദ്ധങ്ങളും അവസാനിക്കുന്നു, അവസാനിക്കാത്തത് വിലാപത്തിന്റെയും കുറ്റപ്പെടുത്തലുകളുടേയും അലകളാണ് ” എന്ന് ഗുഹ പറയുന്നു. വിവരണാതീതമായ ക്രൂരതകൾക്കു ശേഷവും കരുണയുടെയും സഹാനുഭൂതിയുടെയും വികാരങ്ങൾ വീണ്ടെടുക്കാനും പരസ്പര സഹകരണത്തിൽ ഉള്ള ഒരു സാമൂഹ്യ ജീവിതത്തിൽ വീണ്ടും വിശ്വാസം ചെലുത്താനും മനുഷ്യർക്ക് കഴിയുമെന്ന് മഹാഭാരതത്തിലെ ആ രംഗം നമ്മെ ഓർമിപ്പിക്കുന്നു.

അവസാന കാല എഴുത്തുകളിൽ, പൂർണ്ണമായും രാഷ്ട്രീയത്തിന് സമർപ്പിച്ച ജീവിതത്തെ കുറിച്ചുള്ള അപരാധ ചിന്തകളിൽ നിന്നും രണജിത് ഗുഹ ഒരുപാട് ദൂരം മുമ്പോട്ട് സഞ്ചരിച്ചതായി കാണാൻ സാധിക്കും. ജീവിതത്തിലെ പല നിർണായക സന്ധികളിലും പഴകിയതും ഉൽപാദനക്ഷമമല്ലാത്തതുമായ സഞ്ചരപാതയിൽ നിന്നും അകലുവാനുള്ള ത്വര അദ്ദേഹത്തിൽ കാണാൻ കഴിയും. 1987 ൽ സമർ സെൻ അന്തരിച്ചപ്പോൾ, തൻ്റെ സുഹൃത്തിനുള്ള ചരമ കുറിപ്പിൽ ഗുഹ എഴുതി: “ഏപ്രിലിലെ കൊടുങ്കാറ്റിനാൽ പ്രക്ഷുബ്ധമാവുമ്പോഴും, ജനങ്ങൾക്കിടയിലെ സംഘർഷങ്ങളുമായി സുദീർഘമായി സംവദിക്കുമ്പോഴും, അന്യവൽക്കരണത്തിന്റെ ചുഴിയിൽ പെട്ടു ഉലയുമ്പോഴുമാണ് ഹതഭാഗ്യയായ നമ്മുടെ രാജ്യത്തെ ഒരു ബൗദ്ധികൻ്റെ ജീവിതം മനുഷ്യത്വത്തിൻ്റെ അന്തസ്സിനാൽ ധന്യമാവുന്നത്. അതിന് സമാധാനം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ എന്ന് മറ്റൊരു രൂപത്തിൽ പറയാം”.

രണജിത് ഗുഹയുടെ നിശിതവും നിർണായകവും തളരാത്തതുമായ വൈജ്ഞാനിക സാന്നിധ്യം ഇനിയില്ല. നമുക്കും വരും കാല ചിന്തകൻമാർക്കും അതിശയിക്കാനും ആശ്രയിക്കാനുമായി അമൂല്യമായ ഒട്ടേറെ ആശയങ്ങൾ അവശേഷിപ്പിച്ച് കൊണ്ട് അദ്ദേഹം അരങ്ങൊഴിഞ്ഞിരിക്കുന്നു.

വിവർത്തനം : അലീൽ അഹ്‌മദ്

കടപ്പാട്: ഫ്രന്റിയർ (കൊൽകത്ത)

പാർത്ഥ ചാറ്റർജി