Campus Alive

‘ദ സൈലന്റ് കൂ’ ഇന്ത്യൻ ഡീപ്പ് സ്റ്റേറ്റിനെക്കുറിച്ച്

രാജ്യത്തെ പ്രബല അധികാര വ്യവസ്ഥക്കുള്ളിലെ വരേണ്യ കേന്ദ്രത്തിന്റെ പ്രൊപഗണ്ട ടൂളായും മർദ്ദകോപരണമായും നിലനിൽക്കുന്ന നിഗൂഢ അധികാര കേന്ദ്രങ്ങളെയാണ് ഡീപ്സ്റ്റേറ്റ് എന്നതുകൊണ്ട് ഇന്ത്യൻ കോണ്ടസ്റ്റിൽ അർത്ഥമാക്കുന്നത്. അധികാര വർഗത്തിന്റെ പ്രതികാരദാഹ ശമനവും അപരവത്കരണവും മുഖമുദ്രയാക്കി പ്രവർത്തനാതിർത്തികൾ നിശ്ചയിക്കുന്ന എൻ.ഐ.എ, ഐബി, ഇഡി തുടങ്ങിയ സുരക്ഷാ എജൻസികളും തീവ്രവാദവിരുദ്ധ വിഭാഗവും രഹസ്യ എജൻസികളുമടങ്ങുന്ന വിശാലമായ അധികാര ഇടനായിയാണ് ഇന്ത്യൻ ഡീപ് സ്റ്റേറ്റ് എന്ന് തന്നെ പറയാം. തീവ്ര വംശീയതയും ചോരമണവും അധികാരാർത്തിയും തീവ്രവാദ സ്വഭാവങ്ങളും കൊണ്ട് ചാലിച്ചെടുത്ത് ഇന്ത്യൻ അധികാര വ്യവസ്ഥയുടെ ഇരുണ്ടമറക്കുള്ളിൽ പതുങ്ങിയിരിന്നുകൊണ്ട് രാജ്യത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഈ നിഗൂഢ അധികാര ശക്തികൾ അഴിച്ചുവിട്ട ഇന്ത്യൻ “വാർ ഓൺ ടെറർ ” പതിപ്പിന്റെ ഭീകരമുഖത്തെ കശ്മീർ മുതൽ പൗരത്വസമരം വരെയുള്ള അനീതിയുടെ നീണ്ട ക്യാൻവാസിൽ തെളിവുകൾ സഹിതം നിരത്തി ഏക്സ്പോസ് ചെയ്യുന്ന കൃതിയാണ് പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫിന്റെ ‘ദ സൈലന്റ കൂ എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’

ഭരണകൂട അനീതിയുടെ ജീവിക്കുന്ന നേർസാക്ഷിയായ അബ്ദുൽ വാഹിദ് ശൈഖിന്റെ കഥയിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. 9/11 ഭീകരാക്രമണത്തിനു ശേഷം നിരോധിക്കപ്പെട്ട സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് വ്യാജേനെ ആരോപിച്ചു കൊണ്ടാണ് വാഹിദിനെ പൊലീസ് ആദ്യമായി അറസ്സ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് ഓരോ ഭീകരാക്രമണങ്ങൾ നടക്കുമ്പോഴും അബ്ദുൽ വാഹിദ് ശൈഖിനെ തേടി പൊലീസെത്തി. നീണ്ടവർഷക്കാലം ജയിലിൽ കഴിഞ്ഞ അദ്ദേഹത്തെ 2013 ലാണ് കോടതി വെറുതെ വിടുന്നത്. ഓരോ ഭീകരാക്രമണങ്ങൾ നടക്കുമ്പോഴും ഓരോ സംഘടനകൾ നിരോധിക്കപ്പെടുമ്പോഴും രാഷ്ട്രീയ സമ്മർദ്ദത്തെ തൃപ്തിപ്പെടുത്താൻ നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു തീവ്രവാദികളാക്കി അവതരിപ്പിച്ചു കൊണ്ട് പല ഉന്നതരും പ്രമോഷൻ വാങ്ങുകയും ധീരതക്കും മികച്ച പ്രകടനത്തിനുമുള്ള മെഡലുകൾ നേടുകയും ചെയ്തു. ഇത്തരത്തിൽ സുരക്ഷാ എജൻസികളുടെ സ്തംഭിപ്പിക്കുന്ന പലവിധ ജനാധിപത്യവിരുദ്ധ പ്രവണതകളെയും ഉള്ളുകളികളെയും നേർസംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇഴകീറി പരിശോധിക്കുന്നുണ്ട് ജോസി ജോസഫ്.

 

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ചുമതലയേൽപ്പിക്കപ്പെട്ട സുരക്ഷാ ഏജൻസികൾ തീർത്തും കുറ്റമറ്റതും പ്രൊഫഷണൽ സ്വഭാവം വെച്ചുപുലർത്തുന്നതാവലും രാജ്യസുരക്ഷക്ക് അത്യാന്തേപേക്ഷിതമാണെന്നതിൽ സംശയമില്ല. വിവരദാതാക്കൾ കൈമാറുന്ന വിവരങ്ങളുടെ ഉത്ഭവങ്ങളെ രണ്ടാമതൊന്ന് അന്വേഷിക്കാതെ സ്വീകരിക്കുന്ന ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികളുടെ തീർത്തും പ്രൊഫഷണലല്ലാത്ത ചില സമീപനങ്ങളേയും അവ ഉണ്ടാക്കിതീർത്ത ഭീകരമായ അനുരണനങ്ങളെയും ഗ്രന്ഥകാരൻ അടിവരയിടുന്നുണ്ട്. 26/11 അടക്കമുള്ള പല ഭീകരാക്രമണങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ എജൻസികൾ പരാജയപ്പെട്ടത് പഴകി തുരുമ്പു പിടിച്ച ഈ വ്യവസ്ഥയുടെ ഫലമായിട്ടായിരുന്നു. റാഫിദ് അഹ്മദ് അൽവാൻ എന്ന സ്വബോധമില്ലാത്ത ഒരു മദ്യപാനിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലക്ഷകണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും ചരിത്രത്തിൽ സമാനതകളില്ലാത്ത പീഡനങ്ങൾക്കിരയാക്കുകയും ചെയ്ത ഇറാഖിലെ അമേരിക്കൻ അധിനിവേശം നടന്നത് എന്നോർക്കണം. രഹസ്വാന്വേഷണ എജൻസികളുടെ വിവരദാതാക്കളായി നിയമിക്കപ്പെട്ട പലരെയും കള്ള കേസിൽ കുടുക്കി പിന്നീടവരെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്ന ഏർപ്പാടും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പുസ്തകത്തിൽ സുചിപ്പിക്കുന്ന ഇർഷാദ് അലിയുടെ കഥ.

“1990 കളിൽ ഡൽഹിയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള റിത്താലയിലെ ഒരു ഒറ്റമുറി ചേരി വീട്ടിലാണ് ഇർഷാദ് അലി താമസിച്ചിരുന്നത്. ആറ് സഹോദരിമാരുള്ള അദ്ദേഹത്തിന്റെ എക സഹോദരൻ കൊലക്കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. കുടുംബം പോറ്റാൻ അലി ടാക്സി ഓടിച്ചെങ്കിലും പണം തികഞ്ഞിരുന്നില്ല. ജയിലിൽ കഴിയുന്ന സഹോദരനെ സന്ദർശിക്കുമ്പോൾ കണ്ടുമുട്ടിയ ചില പോലീസുകാർ അവരുടെ വിവരദാതാവായാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് അലിയോട് നിർദ്ദേശിക്കുകയുണ്ടായി. അലി തന്റെ സഹോദരന്റെ സഹായത്തോടെ മറ്റ് അന്തേവാസികളുടെ കത്തുകൾ മോഷ്ടിക്കുകയും ചാരപ്പണി നടത്തുകയും വിശദാംശങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു. ഇതിനായി അദ്ദേഹത്തിന് പ്രതിമാസം 7,000 രുപയും ലഭിച്ചു. ക്രമേണ, ഇന്റലിജൻസ് ബ്യൂറോയ്ക്കും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിനുമായി മറ്റ് വിവരദാതാക്കളെ റിക്രൂട്ട് ചെയ്യുന്നതുൾപ്പെടെയുള്ള ജോലികളിലേക്ക് അദ്ദേഹം നീങ്ങി. എന്നാൽ 2005 ഡിസംബറിലെ ഒരു ദിവസം, തന്റെ ഐബി ഹാൻഡ്ലറുമായി ഒരു പതിവ് മീറ്റിംഗിന് ഇർഷാദ് ചെന്നപ്പോൾ, അദ്ദേഹത്തെ ഏജന്റുമാർ തട്ടിക്കൊണ്ടുപോവുകയുണ്ടായി. രണ്ട് മാസത്തെ അനധികൃത തടങ്കലിനുശേഷം, അലിയെയും ബന്ധുവായ ഖമ്രാനെയും വിവരദാതാവായി റിക്രൂട്ട് ചെയ്ത പോലീസ് മാധ്യമങ്ങൾക്ക് മുന്നിൽ കൊടും ഭീകരരായ അൽബദർ തീവ്രവാദികളായി അവതരിപ്പിച്ചു. പിന്നീട് ഒരു പതിറ്റാണ്ടോളം അവർക്ക് ജയിലിൽ കഴിയേണ്ടി വന്നു”.

സ്തംഭിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് പുസ്തകത്തിന്റെ ഓരോ അധ്യായങ്ങളിലും അടങ്ങിയിട്ടുള്ളത്. ‘കശ്മീരിലെ തീവ്രവാദം ‘ എന്ന വ്യവഹാരത്തിന്റെ വളർച്ചയുടെ വേരുകൾ അന്വേഷിക്കുന്ന ഗ്രന്ഥകാരൻ എത്തിപ്പെടുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ ആശിർവാദത്തോടെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ്‌ സഖ്യം അട്ടിമറിച്ച മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് വിജയമുറപ്പിച്ചിരുന്ന 1987 ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും, കൂനൻ പോഷ്പറ കുട്ടക്കൊലകളടക്കമുള്ള സുരക്ഷാ എജൻസികൾ കശ്മീരി പൗരന്മാർക്കു നേരെ നടപ്പിലാക്കിയ കിരാതനടപടികളിലുമാണ്.

പിന്നീട് ഹിസ്ബുൽ മുജാഹിദീന്റെ സുപ്രധാന നേതാവായി മാറിയ മുഹമ്മദ്‌ യൂസുഫ് ഷായും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് രൂപം കൊടുത്ത യാസീൻ മാലിക്കും 1987 ലെ മുസ്ലിം യുണൈറ്റഡ് ഫ്രണ്ടിന്റെ നേതാക്കന്മാരിൽ പെട്ടവരായിരുന്നു. ആയുധം കയ്യിലെടുക്കൽ മാത്രമാണ് ഇനി പരിഹാരമെന്ന് മനസ്സിലാക്കി അന്നത്തെ നേതാക്കളിൽ പലരും പല തീവ്രവാദ സംഘടനകൾക്കും പിന്നീട് രൂപം കൊടുക്കുകയുണ്ടായി എന്നതാണ് വസ്തുത. ഇവകളെല്ലാം വിരൽചൂണ്ടുന്നത് അധികാര വ്യവസ്ഥയും ഡീപ് സ്റ്റേറ്റും ഉണ്ടാക്കിതീർത്ത നെറികേടുകൾക്കു നേരെയാണ്. തീവ്രവാദത്തെ നേരിടാനിറങ്ങിയവർ തന്നെ തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുന്നവരായി മാറുന്ന ഒരു ഡീപ് സ്റ്റേറ്റിന്റെ കഥയാണ് ജോസി ജോസഫിന്റെ ദ സൈലന്റെ കുപ് എന്ന പുസ്തകമെന്നു തന്നെ പറയാം.

കാലങ്ങളായി അന്വേഷണ എജൻസികൾ മനഃപൂർവം വെച്ചുപുലർത്തികൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ചില അബദ്ധധാരണകളേയും മുൻവിധികളെയും കുടി ജോസി ജോസഫ് പുസ്തകത്തിൽ തെളിവുസഹിതം വെളിപ്പെടുത്തുന്നുണ്ട്. തീവ്രവാദവും ഭീകരവാദ പ്രവർത്തനങ്ങളുമെല്ലാം മുസ്‌ലിം വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചു നിൽക്കുന്ന സംഗതിയാണെന്നതാണ് അതിൽ ഒന്ന്. പ്രഗ്യാ ഠാകൂർ അടക്കമുള്ള ഹിന്ദുത്വ തീവ്രവാദികളും അഭിനവ് ഭാരത് അടക്കമുളള തീവ്രവാദ സംഘങ്ങളും പടച്ചുവിട്ട തീവ്രവാദ ആക്രമണങ്ങളിലെല്ലാം പോലീസ് ആദ്യം തേടിയെത്തിയത് മുസ്‌ലിം യുവാക്കളെയായിരുന്നു. മുസ്‌ലിം തീവ്രവാദത്തിനു തടയിടാനെന്നോണം രഹസ്യാന്വേഷണ എജൻസികളുടെ മൗനസമ്മതത്തോടെ പല ഹിന്ദു തീവ്രവാദ സംഘങ്ങളും തഴച്ചുവളർന്നുവെന്ന ഗൗരവതരമായ വാദവും ജോസി ജോസഫ് പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്. ഹിന്ദുത്വ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ച കർക്കരയാവട്ടെ സംശയാസ്പദമായ രീതിയിൽ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. എതിരാളികളെ തുരത്താൻ വേണ്ടി നിർമിക്കപ്പെടുകയും പിന്നീട് നിരപരാധികളുടെ മേൽ ചോരപ്പുഴ ഒഴിക്കുകയും ചെയ്ത ചത്തീസ്ഗഢിലെ സാൽവാ ജൂദൂം പോലുള്ള സ്റ്റേറ്റ് സ്പോൺസേർഡ് തീവ്ര സംഘങ്ങളുടെ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.

വ്യാജ ഏറ്റുമുട്ടൽ കൊലകൾ എക്കാലത്തും ഇന്ത്യയുടെ ജനാധിപത്യ മനസ്സാക്ഷിക്ക് പരിക്കേൽപ്പിച്ചിട്ടുള്ളവയാണ്. ഭരണകൂടങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങി പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലകൾ പലതും ഹീറോ പരിവേഷത്തോടെ സ്വീകരിക്കപ്പേടുകയുണ്ടായി, എന്നാൽ സത്യം മറക്കപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കു കുപ്രസിദ്ധിയാർജിച്ചിരുന്ന സംസ്ഥാനമായിരുന്നു. സൊഹ്റാബുദ്ദീൻ, തുളസിറാം, സാദിഖ് ജമാൽ, ഇശ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഇത്തരത്തിൽ ഭരണകൂടത്തിന്റെ പൂർണ ആശിർവാദത്തോടെ നടത്തപ്പെട്ട ചില ഏറ്റുമുട്ടൽ കൊലകളുടെ ഉദാഹരണങ്ങൾ മാത്രം. നിയമവ്യവസ്ഥകൾ സൃഷ്ടിച്ച നിയന്ത്രണ രേഖകളുടെ അതിർത്തികളെ തരണം ചെയ്ത് കുറ്റബോധം തെല്ലുമില്ലാതെ ഇരുളിന്റെ മറവിൽ നടത്തപ്പെടുന്ന ഏറ്റുമുട്ടൽ കൊലകൾക്കു പിന്നിലെ പൊലീസിന്റെ കൊലയാളിപരിവേഷത്തെ വ്യത്യസ്ത സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണാത്മക പത്രപ്രവർത്തകൻ കൂടിയായ ജോസി ജോസഫ് തുറന്നുകാട്ടുന്നുണ്ട്.

മുസ്ലിം വിരുദ്ധതയുടെയും വെറുപ്പുൽപാദനത്തിന്റെയും ഫാക്ടറിയായുള്ള സുരക്ഷാ-രഹസ്യാന്വേഷണ എജൻസികളുടെ പരിണാമവും അതിലേക്കു നയിച്ച ഘടകങ്ങളും ഏറെ ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്. പുസ്തകത്തിൽ ഗ്രന്ഥകാരൻ നിരത്തിയ ചില ഡാറ്റകൾ ആ പരിണാമത്തിന്റെ മൂലകാരണമായ പ്രാതിനിധ്യം എന്ന ഘടകത്തെ അഡ്രസ്സ് ചെയ്യുന്നുണ്ട്. ഭീകരവിരുദ്ധ നിയമങ്ങളെന്ന പേരിൽ പല നിയമനിർമാണങ്ങൾക്കും ചുക്കാൻ പിടിച്ച മഹാരാഷ്ട്ര സംസ്ഥാന പോലീസിൽ 1 ശതമാനം മുസ്‌ലീങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ സബ് ഇൻസ്പെക്ടർമാരിൽ 2.3 ശതമാനം മാത്രമാണ് മുസ്‌ലീങ്ങൾ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ്, ഇന്ത്യൻ പോലീസ് സർവീസസ് എന്നീ എലൈറ്റ് സർവീസുകളിലെ മുസ്ലിംകളുടെ എണ്ണവും യഥാക്രമം 3 ശതമാനവും 4 ശതമാനവുമാണ്. അർദ്ധസൈനിക വിഭാഗത്തിന്റെ കാര്യമെടുത്താലും മുസ്ലിം പ്രാതിനിധ്യം വെറും മൂന്ന് ശതമാനം മാത്രമാണ്. ഇന്ത്യൻ രഹസ്യാന്വേഷണ എജൻസിയായ റോയിലാവട്ടെ ഉന്നതസ്ഥാനങ്ങളിൽ ഇപ്പോഴും മുസ്‌ലിം വിഭാഗത്തിനു പ്രവേശനം അപ്രാപ്യമാണെന്നതാണ് വസ്തുത. ഇത്തരത്തിൽ നിരവധി കണക്കുകൾ ഇന്ത്യൻ ഡീപ് സ്റ്റേറ്റിനെതിരെ വിരൽചൂണ്ടുന്നതായിട്ടുണ്ട്.

ജോസി ജോസഫിന്റെ ദ സൈലന്റ കൂ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി മോദി സർക്കാർ ലോകത്തിനു മുമ്പിൽ പ്രൊജക്ട് ചെയ്യാൻ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തിൽ, ജനാധിപത്യ ഇന്ത്യയുടെ ജനാധിപത്യവിരുദ്ധ വൈരുദ്ധ്യാത്മക ഭാവങ്ങളെയും അധികാരവർഗം അനീതികളാൽ വേട്ടക്കിറക്കിയ നിഗൂഢ അധികാര കേന്ദ്രങ്ങളുടെ നീതിരാഹിത്യത്തെയും തുറന്നുകാട്ടുന്ന ഒരു പുസ്തകം തന്നെയെന്ന് പറയാം.

സഹല്‍ പി അര്‍ഷക്ക്‌