Campus Alive

നെല്ലി വംശഹത്യയെ മറക്കാതിരിക്കുക

(സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പുറത്തിറക്കിയ ലഘുലേഖ)


പൗര്വത നിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഴത്തിൽ തുറന്നുകാട്ടാൻ ഇന്ത്യയിലെ മുസ്‌ലിം സാമൂഹികാനുഭവങ്ങളുടെ ചരിത്രത്തിലേക്ക് നമുക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. ഇന്ത്യയിൽ മുസ്‌ലിംകളുടെ സാന്നിദ്ധ്യം പോലും അപകടമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുത്വ ദേശീയതാബോധം എല്ലാ ഓരോ പതിറ്റാണ്ടിലും മുസ്‌ലിംകളെ കൂട്ടക്കുരുതിക്കിരയാക്കിയിട്ടുണ്ട്. ഒരു വംശഹത്യക്ക് ശേഷം അതിനെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് മറ്റൊരു വംശഹത്യക്ക് കളമൊരുക്കപ്പെടുമ്പോൾ ഓർമ്മകളെ വീണ്ടെടുത്തുകൊണ്ട് മറവിക്കെതിരെ സംസാരിക്കുന്നത് തന്നെ രാഷ്ട്രീയമായ പ്രതിരോധമാണ്.

ഇന്ത്യയിൽ നടന്നിട്ടുള്ള മുസ്‌ലിം വിരുദ്ധ വംശഹത്യകൾക്ക് നിയമപരമായ പ്രാബല്യവും സാധൂകരണവും നൽകുന്ന പൗര്വത നിയമത്തിനെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾ ഒരേ സമയം വംശഹത്യാ വിരുദ്ധ പ്രക്ഷോഭമായിമാറുന്നത് ഏത് രീതിയിലാണെന്ന് മനസിലാക്കുന്നതിന് ഇന്ത്യൻ മുസ്‌ലിംകളെക്കുറിച്ചുള്ള ചരിത്രാന്വേഷണത്തിന്റെ സഹായം അനിവാര്യമാണ്. വിഭജന ശേഷമുള്ള ഇന്ത്യയിൽ മുസ്‌ലിംകളെ ദേശീയത ഏത് രീതിയിലാണ് പരിചരിച്ചത് എന്ന് പരിശോധിച്ചാൽ, വിശ്വാസത്തെയും സ്വത്വത്തെയും കടന്നാക്രമിക്കുന്ന വംശീയ മുൻവിധികളുടെയും പീഡനങ്ങളുടെയും അനവധി അധ്യായങ്ങളെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. 1987 ലെ ഹാഷിംപുര, 1992 ലെ ബോംബെ, 2002 ലെ ഗുജറാത്ത്, 2013 ലെ മുസ്സഫർ നഗർ, 2020 ലെ ഡൽഹി എന്ന് തുടങ്ങി പൊതുമണ്ഡലത്തിൽ ഓർക്കപ്പെടുന്നതും, പലപ്പോഴും മറക്കപ്പെടുന്നതുമായ അനവധി സംഭവങ്ങളെ അതിന്റെ ഭാഗമായി നമുക്ക് കണ്ടെടുക്കാൻ കഴിയും.

എന്നാൽ ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യകളിൽ നാം പലപ്പോഴും ഓർക്കാതെ പോകുന്ന ഒന്നാണ് നെല്ലി വംശഹത്യ. 1983 ൽ ഫെബ്രുവരി പത്തിനെട്ടിന് അസമിലെ നെല്ലിയടക്കമുള്ള പതിനാല് ഗ്രാമങ്ങളിൽ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകളെ ചുട്ടു ചാമ്പലാക്കി. ബ്രഹ്മപുത്രാ നദിയുടെ കൈവഴികളിൽ ആയിരക്കണക്കിന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കാണാമായിരുന്നു എന്നാണ് അതിനെക്കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങൾ പറഞ്ഞു തരുന്നത്. മുസ്‌ലിംകളോടുള്ള വംശീയ മുൻവിധികളും, വിദ്വേഷവും എല്ലാ ഓരോ സംഭവങ്ങളിലും പൊതുവായ ഘടകമായി നിലനിൽക്കുമ്പോൾ തന്നെ, വംശഹത്യയുടെ കാരണങ്ങളെയും ഘടനയെയും നിർണയിക്കുന്ന, രാഷ്ട്രീയവും പ്രാദേശികവുമായ അനവധി സാഹചര്യങ്ങൾ കൂടി സ്വാധീനിക്കപ്പെടാറുണ്ട്.

1983 ഫെബ്രുവരിയിൽ അസമിൽ നടന്ന സ്റ്റേറ്റ് അസംബ്ലി-ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാറിനോട് ബംഗ്ലാദേശിൽ നിന്നുള്ള മുസ്‌ലിംകളായ “നിയമവിരുദ്ധ കുടിയേറ്റക്കാരെ” അസമിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (AASU) നേതൃത്വത്തിലുള്ള സംഘടനകൾ ആവശ്യം ഉന്നയിച്ചു. ഇതു സംബന്ധമായ തീരുമാനങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ ഇലക്ഷൻ പ്രക്രിയകളുമായി മുന്നോട്ടുപോകുന്നതിനായി ഇന്ദിരാഗാന്ധി സർക്കാർ നടപടികൾ സ്വീകരിക്കുകയും അതിൽ പ്രതിഷേധിച്ചുകൊണ്ട്  എ.എ.എസ്.യുവിന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റിനെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെടുകയും ചെയ്തു. ആൾ അസം സ്റ്റുഡന്റസ് യൂണിയന്റെയും അസം ഗണ സംഗ്രം പരിഷദിന്റയും (AGSP) നേതൃത്വത്തിലുള്ള വിദേശി വിരുദ്ധ പ്രസ്ഥാനം (Anti- Foreigners Movement) 1979 മുതൽ തന്നെ മുസ്‌ലിം “കുടിയേറ്റക്കാരെ” പുറത്താക്കാനുള്ള പദ്ധതികൾ അസമിൽ നടത്തുന്നുണ്ടായിരുന്നു. അത്കൊണ്ട് തന്നെ നൂറുകണക്കിന് കൊലപാതകങ്ങളും ആയിരക്കണക്കിന് ആക്രമണ സംഭവങ്ങളും നെല്ലി വംശത്യക്ക് മുൻപ് തന്നെ അസമിലെ വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം വിദേശികളെ പുറത്താക്കുക എന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ വലിയ മുന്നേറ്റങ്ങൾ നേരത്തെ തന്നെ അസമിൽ നിലനിൽക്കുന്നതിനാൽ, പ്രഖ്യാപിക്കപ്പെട്ട ഇലക്ഷനെ മുൻനിർത്തി കൂടുതൽ ആക്രമണങ്ങൾ മുസ്‌ലിംകൾക്ക് നേരെയുണ്ടാകുമെന്ന് മനസിലാക്കി നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. മാത്രവുമല്ല, ഇലക്ഷൻ പ്രഖ്യാപനത്തോടെ ആരംഭിച്ച മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളും കലാപാഹ്വാനങ്ങളും ഭരണകൂടങ്ങളുടെ ശ്രദ്ധയിൽ ഉണ്ടായിരുന്നിട്ടും നടപടികൾ സ്വീകരിക്കപ്പെട്ടിരുന്നില്ല എന്നാണ് നെല്ലി വംശഹത്യയെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.

എ.എ.എസ്.യുവിന്റെയും എ.ജി.എസ്.പിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഇലക്ഷൻ അട്ടിമറിക്കാനുള്ള പ്രചരണവും നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് അവർ കണക്കാക്കുന്ന മുസ്‌ലിംകളോടുള്ള വിദ്വേഷവും ഫെബ്രുവരി 18ന് രാവിലെ മുതൽ വലിയതോതിലുള്ള മുസ്‌ലിം വംശഹത്യയിലേക്ക് നയിച്ചു. ആസാമിലെ നെല്ലിയടക്കമുള്ള പതിമൂന്ന് ഗ്രാമങ്ങളിൽ ഇലക്ഷൻ തടയുക എന്ന പേരിൽ നടന്നത് മുൻകൂട്ടി നിശ്ചയിച്ച മുസ്‌ലിം വിരുദ്ധ വംശഹത്യ ആയിരുന്നു. “മുസ്‌ലിം വിദേശികളെ കൊന്നുതള്ളൂ” എന്ന് ആക്രോഷിച്ചുകൊണ്ട് തിരഞ്ഞുപിടിച്ചു കൊല്ലാൻ തുടങ്ങി. പോളിങ് ബൂത്തിലേക്കുള്ള പാലങ്ങൾ, റോഡുകൾ, വാഹനങ്ങൾ എന്നിവ ആക്രമിച്ചും മുസ്‌ലിംകളെ അവരുടെ വീടുകളിലിട്ട് തീകൊളുത്തിയും ആക്രമണ സംഭവങ്ങൾ തുടർന്നുകൊണ്ടിരുന്നു. ആറ് മണിക്കൂർ കൊണ്ട് നടന്ന വ്യവസ്ഥാപിതമായ വംശഹത്യയിൽ 2000 പേർ കൊല്ലപ്പെട്ടുവെന്ന “ഔദ്യോഗിക” കണക്കും എന്നാൽ 6000 മുതൽ 10000 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന അനവധി മറ്റു പഠനങ്ങളും നെല്ലി വംശഹത്യയെക്കുറിച്ച് പുറത്തുവന്നിട്ടുണ്ട്.

നെല്ലി വംശഹത്യ നടന്ന സ്ഥലം, Image credit: Telegraph

നെല്ലിയിൽ സംഭവിച്ചതിനെക്കുറിച്ച് പഠിക്കാൻ അസം സർക്കാർ ചുമതലപ്പെടുത്തിയ ടി ടി തിവാരി കമ്മീഷൻ സമർപ്പിച്ച 600 പേജുള്ള റിപ്പോർട്ട് 1984 ൽ തന്നെ സമർപ്പിക്കപ്പെട്ടിട്ടും ഇന്നും ആ പഠനം ഭരണകൂടം പൊതുസമൂഹത്തിന് ലഭ്യമാക്കിയിട്ടില്ല. മാത്രവുമല്ല അസമിലെ വിവിധ കോടതികളിൽ നിന്ന് നെല്ലി വംശഹത്യയുടെ കേസുകൾ തൊട്ടടുത്ത വർഷങ്ങൾ മുതൽക്ക് തന്നെ ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ പകുതിയിലധികം കേസുകളുടെയും ചാർജ്ഷീറ്റ് സമർപ്പിക്കപ്പെടാതിരിക്കുകയും, ചാർജ്ഷീറ്റ് സമർപ്പിച്ച കേസുകളിൽ തെളിവില്ല എന്നപേരിൽ കോടതികളിൽ നിന്ന് തേഞ്ഞുമാഞ്ഞുപോവുകയുമായിരുന്നു. അഭയാർത്ഥി ക്യാമ്പുകളിൽ പുതച്ചുകിടക്കാനുള്ള കമ്പിളിയും, 2000 രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചുകൊണ്ട് ഭരണകൂടം വംശഹത്യക്കിരയായവരെ കയ്യൊഴിഞ്ഞു. അനുസ്മരണങ്ങൾക്കോ മറ്റു പരിപാടികൾക്കോ സാധ്യമല്ലാത്തവിധം ഇപ്പോഴും ഭരണകൂട നിയന്ത്രിതമായ ഓർമയായി അവശേഷിക്കുകയാണ് അസമിലെ 1983 ലെ നെല്ലി സംഭവം.

ഇന്ത്യൻ ഹിന്ദുത്വ ദേശീയതയുടെ മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ നമുക്ക് മറക്കാനാവാത്ത സംഭവമാണ് അസമിൽ നടന്നത്. പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ന് ഇന്ത്യയിലെ മുസ്‌ലിം പൗരത്വം പ്രതിസന്ധിയിലാകുന്നതിന്റെ ചരിത്രവും രാഷ്ട്രീയവും തുറന്നുവെക്കുന്ന അദ്ധ്യായമെന്ന നിലയിൽ നെല്ലി വംശഹത്യക്ക് വലിയ പ്രാധാന്യമുണ്ട്.

ആധുനിക ദേശരാഷ്ട്രങ്ങളിലെ പൗര്വതമെന്ന സങ്കല്പം സാങ്കേതികാർത്ഥത്തിൽ മാത്രം വായിക്കാനും മനസിലാക്കാനും സാധിക്കാത്തവിധം പ്രശ്നകരമായ ഒന്നാണ് എന്ന് ദേശീയതകളുടെ ചരിത്രങ്ങളിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ സാധിക്കും. ദേശത്തിനകത്ത് ആരാണ് തുടരേണ്ടത്, ദേശത്തിന് പുറത്തേക്ക് ആരാണ് പോകേണ്ടത് എന്ന രാഷ്ട്രീയ പ്രശ്നത്തിന് ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ ഉത്ഭവ ചരിത്രത്തോളം പഴക്കമുണ്ട്. അത്കൊണ്ട് തന്നെ പൗര്വത ഭേദഗതി നിയമവും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും വംശീയ മുൻവിധികൾ നിറഞ്ഞ ദേശീയതാ ബോധങ്ങളുണ്ടാക്കുന്ന വംശഹത്യകൾക്കെതിരെയുള്ള പോരാട്ടമാണ്. അസമിലെ പൗരത്വ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ജൈവികത കൈവരിച്ചുകൊണ്ടിരിക്കുന്നതും അക്കാരണത്താലാണ്. ആയതിനാൽ നെല്ലിയെക്കുറിച്ചുള്ള ഓർമ്മകൾ അതിജീവന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെ നിരന്തരം പുതിക്കിപ്പണിഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്