“ഇത് മനുഷ്യരുടെ കാലഘട്ടമാണ്. ആഫ്രിക്കൻ വംശജരുടേയും അടിമകളുടേയും വേലക്കാരുടേയും കാലമല്ല. മനുഷ്യരുടെ കാലം.” – മാര്‍ക്കസ് ഗാര്‍വി, “Last Speech Before Incarceration”(1923)
“നീ ഓതുന്ന മൗലിദ് പ്രവാചകനെ പിന്തുടർന്ന് ജീവിക്കാനുള്ള പ്രേരണയായി നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ, അതു നിന്റെ പക്കല്‍ തന്നെ വെച്ചുകൊള്ളുക. കാരണം, ഈ കാലഘട്ടത്തിലെ അതിര് വിട്ട് നൃത്തമാടുന്ന ഫറോവകളെ (Pharaohs) മണ്ണ് രുചിപ്പിക്കാത്ത മൗലിദിന് അര്‍ത്ഥമില്ല.” – യൂസുഫ് ജോണ്‍സ്, Algorithmic Abolitionist
ഇന്നത്തെ കാലത്ത് “Spiritual” എന്ന പദം അധികമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അത് ഉൾവഹിക്കുന്ന അർത്ഥത്തിനും മൂല്യത്തിനും അപചയം സംഭവിച്ചിട്ടുണ്ട്. ശൈത്വാനും ദജ്ജാലും ‘Spiritual’ എന്ന് വിളിക്കപ്പെടുന്നത് വിചിത്രമല്ലേ. ഗസ്സൻ അധിനിവേശത്തിന്റെ മുഖ്യആസൂത്രിതനായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലക്ഷക്കണക്കിന് അറബ് കുട്ടികളുടെ രക്തത്തിൽ തന്റെ “ഗ്രേറ്റർ ഇസ്രായേൽ” സ്വപ്നം പണിയുമ്പോൾ, അതിനെയും ‘ആത്മീയ ദർശനം’ എന്ന് (ഒരു കൂട്ടം) പറയുന്നില്ലേ?.
അധികാരവും സാങ്കേതികവിദ്യയും കൈയ്യടക്കിയ ചിലർ പോലും ഇന്നത്തെ “Dark Enlightenment” എന്ന വ്യാജ ‘ആത്മീയ’ വ്യവസായത്തിന്റെ ഭാഗമാണ്. പാലന്റിയർ (Palantir) കമ്പനിയിലൂടെ ഗസ്സയിലെ കൂട്ടക്കൊലയ്ക്ക് AI ആയുധങ്ങൾ നൽകിയ പീറ്റർ തിയേൽ പോലും, സിലിക്കൺ വാലിയിൽ “Antichrist” എന്ന വിഷയത്തിൽ നാലുഭാഗങ്ങളുള്ള ക്ലാസുകൾ നടത്തുന്നു. അദ്ദേഹം ഒരു ‘Antichrist’- നെ കണ്ടെത്താൻ അത്രയും തിടുക്കമുള്ളവനാണെങ്കിൽ, കണ്ണാടി നോക്കണമായിരുന്നു.
ആത്മീയതയുടെ പേരിൽ അധികാരം ദുർവിനിയോഗിക്കുന്നവരുടെ പട്ടിക ഇനിയും നീളുന്നു. ഗസ്സയിൽ കൊലപാതകങ്ങൾ നടത്താൻ സൈനികരെ പ്രോത്സാഹിപ്പിക്കുന്ന സയണിസ്റ്റ് ഗുരുക്കന്മാരും, M-16 തോക്ക് പൊളിഷ് ചെയ്യുന്നതിനിടെ “ഓം” ജപിക്കുന്ന അധിനിവേശവാസികളും, കൊള്ളയടിച്ച ഭൂമിയിൽ കുമ്പൂച (kombucha) ഉണ്ടാക്കുന്ന ഹിപ്സ്റ്റർ കുടിയേറ്റക്കാരും “spiritual” എന്നാണ് തങ്ങളെ തന്നെ വിളിക്കുന്നത്. ഫസ്തീനികളുടെ ഭൂമി ഇല്ലാതാക്കപ്പെടുമ്പോഴാണ് ഇവരുടെ “ചക്രങ്ങൾ” (chakras) പോലും കറങ്ങുന്നത്. ഗാസ്സയിലെ നിരപരാധികൾ വിശപ്പോടെ വലയുമ്പോൾ, അവരുടെ കുട്ടികൾ ഭക്ഷണസഹായം തടയുന്നതിൽ പങ്കെടുക്കുന്നു.
കോച്ചെല്ലയെപ്പോലെ (ഒരു ഫെസ്റ്റിവൽ നാട്) ഫലസ്തീനിൽ നടക്കുന്ന ഒരു സംഗീതോത്സവത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പക്ഷേ അവിടെ സംഗീതമോ നൃത്തമോ ഇല്ല, ബുള്ളറ്റുകളും ചെക്‌പോയിന്റുകളുമാണ് നിറഞ്ഞിരിക്കുന്നത്; ഒരു ആഴ്ചയോളം മരുഭൂമികളിൽ നീണ്ടുനിൽക്കുന്ന ‘The Burning Man’ ആഘോഷത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ— പക്ഷേ, ഇവിടെ ഗസ്സയിൽ കത്തുന്നത് (burn) മറ്റൊരാളുടെ/പലസ്ഥീനികളുടെ ഒലീവ് തോട്ടങ്ങളാണ്.
വ്യസനകരമായ കാര്യം, ലോകത്തെ നിയന്ത്രിക്കുന്ന ഈ ഇരുണ്ട ശക്തികൾക്കുള്ള “ആത്മീയ പ്രതിബദ്ധത”യാണ്. അവരുടേതാണ് പലപ്പോഴും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവർത്തകരുടെ ‘ആത്മീയത’യെക്കാൾ ശക്തമായിരിക്കുന്നത്. പലരും ഫലസ്തീൻ വിഷയത്തെ ഒരു സെക്യുലർ-ഹ്യൂമനിസ്റ്റ് കാരണമായി (Secular-Humanist Cause) മാത്രം കാണുമ്പോൾ, കൂട്ടക്കൊല നടത്തുന്നവർ അത് ദൈവിക നിയമത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് അധിനിവേശം തുടരുന്നു.

22,000-ത്തിലധികം കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ ഇസ്രായേൽ അധിനിവേശ സേന (IOF), അവരെ തന്നെ അഭിമാനത്തോടെയാണ് ഒരു “ജൂത സൈന്യം” എന്നു വിളിക്കുന്നത്. അവരുടെ യുദ്ധപ്രവർത്തനങ്ങൾക്ക് അവർ മതപ്രസക്തിയുള്ള പേരുകൾ തന്നെയാണ് നൽകുന്നത്—ഗിദെയോണിന്റെ രഥങ്ങൾ (Operation Gideon’s Chariots), ദാവീദിന്റെ കവണ (David’s Sling), ജെറിക്കോ Jericho—എന്നിങ്ങനെ. തടവുകാരുടെ ശരീരത്തിൽ പോലും അവർ ദാവീദിന്റെ നക്ഷത്രം (Star of David) കൊത്തിവെയ്ക്കുന്നു.
ലോകം ഇന്ന് ഒരിനം ദൈവവിരുദ്ധ യുദ്ധത്തിന്റെ കാലഘട്ടത്തിലാണ്. എങ്കിലും പല നേതാക്കളും പ്രവർത്തകരും ഇപ്പോഴും അന്താരാഷ്ട്ര നിയമത്തിന്റെ “വ്യാജ ഭാഷ”യിൽ സംസാരിക്കുന്നു. സെക്യുലർ ലോകക്രമം എന്നൊരു ഭ്രമം നിലനിൽക്കുന്നില്ലെന്ന സത്യത്തെ മറികടന്ന്, മുസ്ലിംകൾ പോലും അതിന്റെ ആശയങ്ങളിലേക്ക് തന്നെ ആകൃഷ്ടരാകുന്നത് വിചിത്രമാണ്..
ജെഹാദ് അബു സലീം പറയുന്നതുപോലെ, ഗസ്സയിലും സിറിയയിലും ലബനാനിലുമെല്ലാം ഒരേ തന്ത്രമാണ് സയോണിസ്റ്റ് ഗ്രൂപ്പുകൾ നടപ്പാക്കുന്നത്. ഇസ്രായേൽ എപ്പോഴും തങ്ങളെ ദൈവം ഏൽപ്പിച്ച ചില കാര്യങ്ങൾ നടപ്പിലാക്കാൻ തെരഞ്ഞെടുത്തവരായവരായോ പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഏറ്റവും പ്രശസ്തനുമായ ദാവീദ് ആയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഈ അധിനിവേശത്തിൽ മതപ്രസക്തി ലഭിക്കാനാണ്. ഈ ലോകദർശനം അവരുടെ സോഫ്റ്റ്‌വെയറിലും മിസൈലുകളിലും പ്രചാരണങ്ങളിലും പതിഞ്ഞുകഴിഞ്ഞു. അതിനാൽ തന്നെ, ഇത് മനുഷ്യർക്കെതിരായ യുദ്ധത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതേസമയം അവരുടെ ശത്രുക്കളെ ദൈവ വിരക്തി ലഭിച്ച ദുർമനുഷ്യരായും ചിത്രീകരിക്കുന്നു. അങ്ങനെ ഇന്നത്തെ യുദ്ധങ്ങളെയും സംഘർഷങ്ങളെയും ദൈവത്തിന്റെ നിയമപ്രകാരം നടക്കുന്ന ലീഗൽ യുദ്ധം എന്ന ലേബൽ നൽകി പുതിയ മൊറാലിറ്റി രൂപപ്പെടുത്തി, സ്വന്തം പ്രവർത്തനങ്ങൾക്ക് മതപരമായ പിന്തുണയും ന്യായീകരണവും സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്.
എന്നാൽ, ഒരു മുസ്ലിം സ്വന്തം വിശ്വാസവും വെളിപ്പെടുത്തലും അടിസ്ഥാനമാക്കി അധിനിവേശത്തിനെതിരെ പൊരുതുമ്പോൾ, ലോകം അതിനെ “ജിഹാദിസം” എന്നോ “ടെററിസം” എന്നോ മുദ്രകുത്തുന്നു. ഇതാണ് യഥാർത്ഥ വൈരുദ്ധ്യം. കാരണം, ഈ കാലത്ത് സത്യം പോലും നുണയാണല്ലോ. അതിനാൽ, ആരെങ്കിലും നിങ്ങളോട് “ഞാൻ ‘spiritual’ ആണ്, പക്ഷേ മതപരമല്ല” എന്ന് പറഞ്ഞാൽ, അവരോട് ചോദിക്കേണ്ടത് ഒറ്റ ചോദ്യം മാത്രമാണ്: “നീ ഏത് വശത്താണ്?”. മുസ്ലിം പണ്ഡിതന്മാരും സൂഫികളും ഏറെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യമാണ് ‘ആത്മീയത’യുടെ വ്യാജവൽക്കരണം: “ആത്മീയത” (spirituality) പലപ്പോഴും യഥാർത്ഥ ബോധോദയത്തിന് (true enlightenment) ഒരു മറപടലമായിത്തീരാൻ സാധ്യതയുള്ളതാണെന്നത് പണ്ഡിതന്മാർ മുമ്പേ സൂചിപ്പിച്ചതാണ്. അവരുടെ അഭിപ്രായത്തിൽ രണ്ട് തരം ബോധോദയമാണുള്ളത് —ഒന്ന് ഇരുണ്ട ബോധോദയം (Dark Enlightenment/fatḥ thalmānī), മറ്റൊന്ന് പ്രകാശിത ബോധോദയം (True Enlightenment/fatḥ nurānī). കാണാത്ത ലോകത്തെയും, നിലനിൽപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും മാത്രം തേടുന്ന ചില ഭക്തർ പോലും പലപ്പോഴും “ശൈത്വാന്റെ ഉപായത്തിൽ ” (shabakat al-shayṭān) കുടുങ്ങിപ്പോയേക്കാവുന്ന തരത്തിലുള്ള അപകടത്തിലാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ക്ലാസിക്കൽ സൂഫി ഗ്രന്ഥങ്ങൾ (Sufi texts) പലപ്പോഴും ഇതുപോലുള്ള അനേകം കഥകൾ ഉൾകൊള്ളുന്നതാണ്. അതിൽ ഒരു കഥ ഇങ്ങനെയാണ്:
“ഞങ്ങളുടെ കൂട്ടുകാരിൽ ഒരാൾ ഖുറാസാൻ പ്രദേശത്ത് നിന്നുള്ളവനായിരുന്നു. അവൻ വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ ഒരു ആത്മീയ ഏകാന്തവാസം (Spiritual Retreat) ആരംഭിച്ചു. അപ്പോൾ ശൈത്വാൻ (Satan), ഖുർആനിൽ മൂസയെ സഹായിക്കുന്ന ജ്ഞാനിയായ ഖിദ്റിന്റെ രൂപത്തിൽ അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
ശൈത്വാൻ അവനോട് ചോദിച്ചു: ‘നിനക്കു ദൈവിക ജ്ഞാനം (Knowledge of Divine Sciences/al-ʿulūm al-laduniyya) നേടണമോ?’
അവൻ ഉടനെ ‘അതെ’ എന്നു പറഞ്ഞു. കാരണം, അവന് ആത്മജ്ഞാനം (Gnosis/maʿrifa) സംബന്ധിച്ച കാര്യങ്ങളിൽ സ്വതന്ത്രമായി തന്നെ ഒരാളോട് സംസാരിക്കാൻ താത്പര്യം ഉണ്ടായിരുന്നു.
ശൈത്വാൻ പറഞ്ഞു: ‘നിന്റെ വായ തുറക്കൂ.’ അവൻ വായ തുറന്നു. അപ്പോൾ ഖിദ്റിന്റെ രൂപത്തിൽ വന്നിരുന്ന ശൈത്വാൻ അവന്റെ വായിലേക്ക് തുപ്പി (spat/bazaqa fi fayhi). അതിനുശേഷം, ആ ഭക്തൻ ആത്മജ്ഞാനം സംബന്ധിച്ച അധ്യായങ്ങൾ ഉൾപ്പെടുത്തിയ ഒരു ഗ്രന്ഥം എഴുതി. തന്റെ ഏകാന്തവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, അവൻ എന്റെ അടുത്തുവന്ന് ആ പുസ്തകം കാണിക്കുകയും, സംഭവവും വിവരിക്കുകയും ചെയ്തു.
ഞാൻ മറുപടി നൽകി: ‘ഓ ദുർമനുഷ്യാ, അത് ഖിദ്ർ ആയിരുന്നില്ല, ശൈത്വാനായിരുന്നു. അവൻ നിന്നെ വഞ്ചിച്ചു, അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും, അവനെ ഓർമ്മിക്കുന്നതിൽ നിന്നും നിന്നെ തടഞ്ഞു നിർത്തി. നീ എഴുതിയ പുസ്തകത്തിലെ മഷി കഴുകിക്കളയുകയും, അല്ലാഹുവിനോട് തൗബ (repent) ചെയ്യുകയും ചെയ്‌തു കൊണ്ടിരിക്കണം.”
മുകളിൽ പറഞ്ഞിരിക്കുന്ന ഭാഗം പതിനൊന്നാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ ആഫ്രിക്കയിൽ രചിതമായ ‘Kitāb rimāḥ ḥizb al-raḥīm ʿalā nuḥūr ḥizb al-rajīm’ എന്ന പുസ്തകത്തിൽ നിന്നുള്ളതാണ് (ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം “The Book of the Spears of the League of God the Merciful on the Necks of the League of Satan the Accursed” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥം രചിച്ചത് മഹാനായ യോദ്ധാവും പണ്ഡിതനുമായ ഹജ്ജ് ഉമർ അൽ-ഫുതി താൽ (Hajj ʿUmar al-Futī Tāl, d.1864) ആണ്.

ഈ ഗ്രന്ഥത്തിൽ ആത്മീയ അനുഭവങ്ങളുടെയും Spiritual Phenomenaയുടെയും വഞ്ചനാപരമായ സ്വഭാവത്തെക്കുറിച്ചും, സ്വപ്നങ്ങൾ, ദർശനങ്ങൾ, “അടയാളങ്ങൾ” (Signs) എന്നിവയിൽ അതിവിശ്വാസം വെക്കുന്ന അപകടത്തെക്കുറിച്ചും പ്രത്യേകം ഒരു അധ്യായമുണ്ട്. ഏകദേശം 700 പേജുകൾ വരുന്ന തന്റെ മഹത്തായ ഗ്രന്ഥത്തിൽ (Manuscript), ഞാൻ ഇപ്പോൾ അക്കാദമിക് പുസ്തകമായി പഠനം നടത്തിവരുന്ന കൃതി തന്നെയാണിത്,
ഹജ്ജ് ഉമർ (Hajj ʿUmar) ആത്മീയ യാത്രക്കാരന് (Spiritual Seeker) മുന്നറിയിപ്പു നൽകുന്നത് ഇങ്ങനെയാണ്:
“ശൈത്വാൻ പലവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടും, ധാർമ്മികരായവരുടെ രൂപത്തിൽ പോലും. എന്നാൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ രൂപം ഒരിക്കലും സ്വീകരിക്കുകയില്ല. ഹജ്ജ് ഉമർ പറയുന്നതുപോലെ, ശൈത്വാൻ കൂടുതലായും ഇസ്ലാമിക നിയമശാസ്ത്രത്തിൽ പ്രാവീണ്യമുണ്ടെന്ന് അവകാശപ്പെടുന്ന, എന്നാൽ യഥാർത്ഥ ദൈവബോധമില്ലാത്ത കഠിനാധിപത്യ പണ്ഡിതരുടെ രൂപത്തിലാണ് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതിലൂടെ, പുറംചട്ട നോക്കി മാത്രം വിശ്വാസം സ്ഥാപിക്കരുതെന്നും, യഥാർത്ഥ ആത്മീയതയെ തിരിച്ചറിയാനുള്ള വിവേകം വളർത്തണമെന്നും നമ്മെ അദ്ദേഹം ഓർമ്മിപ്പിക്കുകയാണ്.
വ്യക്തിപരമായി പറയുമ്പോൾ, ഈ ‘Substack’ എഴുത്തിനുള്ള ഏറ്റവും ശക്തമായ എതിർപ്പുകൾ വരുന്നത് മതപണ്ഡിതവിഭാഗത്തിന്റെ കഠിന പ്രതിരോധക്കാരിൽ നിന്നാണ് എന്നത് എനിക്ക് വിചിത്രമായി തോന്നുന്നു. സാധാരണയായി, സമൂഹത്തിൽ മതത്തിന്റെ പ്രതിനിധികളായി അറിയപ്പെടുന്ന ചിലർ സ്വന്തം അധികാരം, സ്വാർത്ഥത, ഭയങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, പുതിയ ആശയങ്ങളെയും ആത്മീയ ചിന്തകളെയും എതിര്‍ക്കാറുണ്ട്. എങ്കിലും, യഥാർത്ഥ വിപ്ലവകാരികളും ദീർഘ വീക്ഷണമുള്ളവരും—എന്നെ അതിൽ ഉൾപ്പെടുത്തുന്നില്ല—എപ്പോഴും “Scribes and Pharisees” എന്ന് വിശേഷിപ്പിക്കപ്പെടുന്നവരിൽ നിന്നാണ് ഏറ്റവും അധികം വിരോധവും പരിഹാസവും നേരിട്ടതെന്ന സത്യത്തിൽ എനിക്ക് ആശ്വാസമുണ്ട്. ചരിത്രം മുഴുവൻ നോക്കിയാൽ, മാറ്റത്തിനായി പോരാടിയവർക്കാണ് അധികാരത്തിന്റെ ഭയം ഏറ്റുവാങ്ങേണ്ടി വന്നത്, അതുകൊണ്ടാണ് യഥാർത്ഥ ആത്മീയവും സാമൂഹികവുമായ വിപ്ലവങ്ങൾക്ക് ശക്തമായ പ്രതിരോധം നേരിടേണ്ടി വരുന്നത്.
ഉപരിസൂചിത ചർച്ചയിലേക്ക് തന്നെ തിരികെ വരാം. “Book of the Spears of the League of God the Merciful Against the Necks of the League of Satan the Accursed” എന്ന പേരാണ് ഈ ഗ്രന്ഥത്തിനുള്ളത്. “Book of Spears? കുന്തങ്ങളുടെ പുസ്തകമോ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. സൂഫികൾ പ്രണയത്തിലുള്ള ഖസീദകളിലും, ദിക്ർ പോലുള്ള ആത്മീയ അഭ്യാസങ്ങളിലും മുഴുകിയിരിക്കുന്നവർ അല്ലേ?” എന്നൊരു സംശയം സ്വാഭാവികമാണ്. എന്നാൽ ഇവിടെ ശീർഷകത്തിൽ ഉപയോഗിച്ചിരിക്കുന്ന കുന്തം എന്ന രൂപകം യഥാർത്ഥ യുദ്ധത്തിന്റെ ഉപകരണത്തെ സൂചിപ്പിക്കുന്നതല്ല, ആത്മീയ പോരാട്ടത്തിന്റെയും മനസ്സിനെ ശുദ്ധീകരിക്കുന്നതിന്റെയും ആഴത്തിലുള്ള പ്രതീകമാണെന്ന നിലയിൽ ഭൂഷണമാണ് കൃതിയുടെ ശീർഷകമെന്ന് തോന്നുന്നു. യുദ്ധപ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം നൽകുന്ന പുസ്തകമല്ല, സൂഫി ചിന്തകളുടെ സാരം, ദൈവത്തെ ഓർത്തു ജീവിക്കുന്ന ജീവിതരീതി, ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രക്രിയകൾ, ദൈവത്തോട് അടുക്കാനുള്ള ശാസ്ത്രീയവും ആത്മീയവുമായ മാർഗ്ഗങ്ങൾ എന്നിവ വ്യക്തമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു സമഗ്ര ഗ്രന്ഥമാണിത്. യഥാർത്ഥ ആത്മീയതയെ കുറിച്ചുള്ള ഗഹനമായ മനസ്സിലാക്കലുകളും, മനസ്സിനെ പരീക്ഷിക്കുന്ന പ്രലോഭനങ്ങൾക്കെതിരായ ജാഗ്രതയും, ആത്മസമാധാനത്തിലേക്ക് നയിക്കുന്ന ഉപദേശങ്ങളും ഉൾക്കൊള്ളുന്ന അതീവ പ്രാധാന്യമുള്ള ഗ്രന്ഥമാണിതെന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ ശീർഷകത്തിലെ കുന്തം എന്ന പ്രതീകത്തിന്റെ ആഴം നമുക്ക് മനസ്സിലാകുക. ഇതിലൂടെ, ആത്മീയ യുദ്ധം എന്നത് അകത്തെ ദുർബലതകളോടുള്ള പോരാട്ടമാണെന്നും, മനസ്സിനെ ശുദ്ധീകരിച്ച് ദൈവത്തോട് അടുക്കാനുള്ള മാർഗ്ഗം തന്നെയാണെന്നും ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു.
എങ്കിലും, 19-ാം നൂറ്റാണ്ടിലെ ഈ ഗ്രന്ഥത്തിലെ “കുന്തങ്ങൾ” എന്ന പ്രതീകം വളരെ അടിസ്ഥാനപരമായ ഒരു കാര്യത്തെയാണ് സൂചിപ്പിക്കുന്നത്, ഇന്നത്തെ സൂഫിസത്തിലും ഇസ്ലാമിക ആത്മീയതയിലും (Islamic Spirituality) നഷ്ടപ്പെട്ടുപോയ ഒന്നിനെയാണ് ആ ടൈറ്റിൽ അർത്ഥമാക്കുന്നത്: “Spiritual Warfare” എന്ന് വിശേഷിപ്പിക്കാവുന്ന ആത്മീയ യുദ്ധമാണ് നഷ്ടപ്പെട്ട് പോയ ആ സത്ത. സ്നേഹത്തോടാണ് ആ യുദ്ധം ബന്ധപ്പെട്ടിരിക്കുന്നത് എന്ന സത്യത്തിനെ നിരാകരിക്കുന്ന ആധുനിക യുദ്ധങ്ങൾ ‘ആത്മീയത’ ഉൾവഹിക്കുന്നില്ലെന്ന് ആലോചിക്കുമ്പോൾ തന്നെ മനസ്സിലാകുന്ന കാര്യമാണ് ആ ജിഹാദ്. അതു തന്നെയാണ് ഫുതി താലിയുടെ ഗ്രന്ഥത്തിന്റെ കാതലും. കുന്തങ്ങളുടെ പ്രതീകം ദ്യോതിപ്പിക്കുന്നതും ആ ആത്മീയ യുദ്ധത്തെയാണ്.
‘dhikr’ എന്നാൽ നമ്മുടെ “Source Code” ഓർത്തെടുക്കലാണ്; നമ്മുടെ ഏകദൈവ വിശ്വാസമാണ് (tawhidic Essence) അതിന്റെ അടിത്തറ. അത് നമ്മെ, ഒരു പ്രതിരോധ കവചമാക്കുന്നു (Metaphysical Fold). സർവ തിന്മകളോടും യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്ന, ഭ്രാന്തഭാവനകളെയും വിഗ്രഹങ്ങളെയും തെറ്റായ ബന്ധങ്ങളെയും ഇല്ലാതാക്കാനുള്ള ഒരു പ്രതീകാത്മക ആയുധമാണ്(Figurative Weapon) ആ കവചം. ‘ശുദ്ധീകരണ’മാണ് (Purification) ആത്മീയ പാതയിലെ മറ്റൊരു ഘട്ടം. സ്വയംകേന്ദ്രിതമായ “ഞാൻ” (egomaniacal self) എന്ന ഭ്രാന്തിനെ നശിപ്പിക്കലാണ് അതിന്റെ കാതൽ. ആത്മാവ് തന്നെ ഒരു “പ്രകാശത്തിന്റെ കുന്തം” (Spear of Light) ആയി രൂപപ്പെടുത്തുക, അധിനിവേശത്തെയും ദുഷ്ടതയെയും (Tyranny, Evil, Falsehood) എതിരിടാൻ ഉതകുന്ന ഒരു ‘ആത്മീയ കുന്തം’. അതുകൊണ്ട് തന്നെ, യഥാർത്ഥ ‘spirituality’ എന്നത് കഠിന പരിശ്രമം (Hard Work) മാത്രമല്ല, ഹൃദയത്തിന്റെ പരിശുദ്ധി (Heart Work)കൂടിയാണ്. അത് നിയന്ത്രണവും , ആരാധനാനുഷ്ഠാനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ, ശരീഅ പാലിക്കുന്നത് തന്നെ ആത്മാവിനെയും ദൈവിക ഉടമ്പടിയെയും (Divine Covenant) ആദരിക്കലാണ്. അത് ആദമിന്റെയും മുഹമ്മദ് നബിയുടെയും മാനവിക മാതൃകയിലേക്കുള്ള തിരിച്ചുപോക്കാണ്. അതിനാൽ, തിരുവെഴുത്തുകളുടെയും (Scripture) ദൈവനിയമങ്ങളുടെയും അധീനത ഇല്ലാത്ത ആത്മീയത വെറും വ്യാജം മാത്രമാണ്. അതുകൊണ്ടാണ് ഖുർആൻ പറയുന്നത്: “നീ അവരോട് പറയുക, പ്രവാചകാ: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കിൽ, എന്നെ അനുസരിക്കൂ” (ഖുർആൻ 3:31).
ഈ മാസം പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനത്തിന് 1500 വർഷം പൂർത്തിയാകുന്നു. അദ്ദേഹം ഉറച്ച, നിയന്ത്രിതമായ ആത്മീയതയുടെ (Disciplined Spirituality) പരകാഷ്ഠയാണ്. തങ്ങളുടെ ഉപദേശം, ദൈവിക സ്നേഹം വെറും വാക്കുകളിൽ പറയുന്ന കാര്യങ്ങളല്ല, ഉള്ളിലെ വിശ്വാസം (inner faith) ഒരാളുടെ വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുമ്പോഴാണ് അത് യഥാർത്ഥമാകുന്നത്. വെളിപ്പെടുത്തലിന്റെ/വഹയിന്റെ (Revelation) പ്രാധാന ലക്ഷ്യവും അതുതന്നെയാണ്: വിശ്വാസത്തെ പ്രവൃത്തിയാക്കുക, ഓരോ പ്രവൃത്തിക്കും ഉത്തരവാദിത്തം വഹിക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട്, മനസ്സിനെ ബോധിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുക. അല്ലെങ്കിൽ, ആത്മീയതയുടെയും വിശ്വാസത്തിന്റെയും അവകാശവാദങ്ങൾക്ക് എന്ത് അർത്ഥമുണ്ട്?. അത് വെറും “Spiritual Narcissism” എന്ന് പറയാവുന്ന ആത്മീയ സ്വാർത്ഥത മാത്രമായിപ്പോകരുതേ?. കാരണം, മൂസ, ഈസ,മുഹമ്മദ് തുടങ്ങിയ എല്ലാ പ്രവാചകന്മാരും ഒരേ പാതയിലൂടെയാണ് നടന്നത്. ഉത്തരവാദിത്തവും (Accountability), ത്യാഗവും (Self-Sacrifice) നിറഞ്ഞ കഠിനമായ പാതയാണ് അത്. അവർ പുറംലോകത്തെ അധിനിവേശത്തിനെതിരെ പോരാടിയത് (Tyranny Outwardly) ഉള്ളിലെ അധിനിവേശത്തോട് (Tyranny of the Self) ഏറ്റുമുട്ടിയാണ്. ഉള്ളിലെ അധിനിവേശത്തോട് പോരാടിയത്, പുറത്തുള്ള അധിനിവേശത്തെ നേരിടാൻ തയാറാകുന്നതിനാലാണ്.
അപ്പോൾ, പ്രവാചക വിശ്വാസത്തിന്റെ (Prophetic Faith) അടയാളം വെറും നിരുപാധിക കരുണയല്ല; അത് സത്യത്തെ പറയാനുള്ള ധൈര്യമാണ്. ഭയത്തെ മാറ്റി വെക്കുക, ലോകബന്ധങ്ങളെ ത്യജിക്കുക, ആരും പറയാൻ തയ്യാറാകാത്ത സമയത്ത് സത്യം പറയുക—അതുതന്നെയാണ് പ്രവാചകീയ പാത. യഥാർത്ഥ വിശ്വാസം ഹൃദയത്തിൽ വേരൂന്നിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള “Litmus Test” അതാണ്: അത് ഫലം തരുന്നുവോ?, അത് പ്രവാചക പ്രവൃത്തിയായി മാറുന്നുവോ? തുടങ്ങിയ ആത്മീയ കാര്യങ്ങൾ പോലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
നൂറ്റാണ്ടുകളായുള്ള ഇസ്ലാം വിരുദ്ധ വൈരാഗ്യം കാരണം, മുസ്ലിം നവീകരണകാരികളും (Muslim Reformers) ഓറിയന്റ്ലിസ്റ്റുകളും ഇസ്ലാമിന്റെ ഒരു അടിസ്ഥാന സത്യത്തെ മായ്ച്ചുകളയാൻ ശ്രമിച്ചതായി കാണാം. ആത്മീയ പോരാട്ടം (Spiritual Warfare) എന്ന് വിളിക്കാവുന്ന ഇസ്ലാമിലെ ജിഹാദ് എന്ന സന്ദേശമാണ് അതെന്നും, ഖുർആൻ മനുഷ്യഹൃദയത്തെ അല്ലാഹുവിലേക്കു തിരിച്ചു നയിക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ് ആണെന്നുമുള്ള തിരിച്ചറിവിൽ നിന്നുള്ള വൈരാഗ്യത്തിന്റെ അപര വിദ്വേഷമാണെന്നും സുവ്യക്തമാണ്. ആ ബോധത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇക്കാലത്തു നടക്കുന്നത്.
ഇന്ന് പല മുസ്ലിംകളും, “War on Terror” എന്ന സാമ്രാജ്യത്വ പ്രചാരണത്തിന്റെ ചിന്താഗതി ഉൾക്കൊണ്ടതിനാൽ, “Good Muslim” ആയിട്ടാണ് പെരുമാറുന്നത്. ക്രൂരമായ സാമ്രാജ്യത്തിന്റെ കല്പനകൾക്ക് കീഴടങ്ങുകയാണ് സത്യത്തിൽ അവർ ചെയ്യുന്നത്. അവരുടെ മതാചരണം സ്വകാര്യവൽക്കരിക്കുകയും (Privatize), നഗരാശ്രിത മദ്ധ്യവർഗീയ രീതികളിൽ ഒതുക്കുകയും (Suburbanize) ചെയ്യുന്നു. വലിയ മൗലിദുകൾ, അലങ്കാരപരമായ Spiritual Retreats എന്നിവ സംഘടിപ്പിച്ച്, അവരുടെ മതപരമായ ലോകദർശനം സാമ്രാജ്യത്വത്തിന് ഭീഷണിയല്ലെന്നു തെളിയിക്കാൻ അവർ ശ്രമിക്കുന്നു. അവരുടെ ഇസ്ലാം, സാമ്രാജ്യത്വ ശക്തികൾക്ക് എതിരായി യാതൊരു പ്രതിരോധവും സൃഷ്ടിക്കാത്തതായിത്തീരുന്നു.
ഇങ്ങനെ, ഇസ്ലാമിന്റെ അടിസ്ഥാന ശാസ്ത്ര-ആസ്തിക പ്രതിജ്ഞകൾ, തന്നെ ഇല്ലാതാക്കപ്പെടാനുള്ള അപകടങ്ങളുടെ സാധ്യത അവർ കാണുന്നില്ല.
എനിക്ക് അടുത്തിടെ ഓർമിക്കാൻ കഴിഞ്ഞത്, മാൽക്കം എക്സും ഈ രോഗത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുള്ള സത്യത്തെയാണ്.അദ്ദേഹം ഇതിനെ “Novocain Religion” (മയക്കുമരുന്ന് പോലുള്ള മതം) എന്നു വിളിച്ചു.
ഇങ്ങനെ മുഖ്യധാരാ ഇസ്ലാം, ഇന്ന് നിയോലിബിറൽ ഇസ്ലാം ആയി മാറിയിരിക്കുകയാണ്.
ഈ ആയിരം വർഷത്തെ മൗലിദ് ഇത്തരം ഭീകരകാലത്ത് (Monstrous Times) ആചരിക്കുമ്പോൾ, Godless Empire (ദൈവരഹിത സാമ്രാജ്യം) ഒരു വിധ്വംസക വേട്ടയിലാണ്: ഫലസ്‌തീൻ മായ്ച്ചുകളയപ്പെടുന്നു, സുഡാൻ ആക്രമിക്കപ്പെടുന്നു, അഫ്‌ഗാനിസ്താനിൽ ഭൂകമ്പത്തിന്റെ വിനാശകരമായ ശേഷഫലങ്ങൾ മുസ്ലിംകൾ അനുഭവിക്കുന്നു. എന്നാൽ, ലോകമെമ്പാടുമുള്ള മുസ്ലിംകൾ പതിവുപോലെ ആഘോഷങ്ങൾ നടത്തുന്നു. പക്ഷേ, നാം ശരിക്കും “ സത്യത്തിന്റെ മുഹമ്മദീയ അനുയായികളാകാൻ എന്താണ് ചെയ്യുന്നത്?. ദുഷ്ടശക്തികൾക്കു മുമ്പിൽ Walking Qur’ans ആയി നിലകൊള്ളാൻ? നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ സ്വഭാവവും സംവിധാനങ്ങളും മനസ്സിലാക്കാൻ?.
ഈ ‘Millennial Mawlid’ ആഘോഷം മധുരവും ദുഃഖവും കലർന്ന ഒന്നാണ്. ഒരു വശത്ത്, അത് അത്ഭുതകരമാണ്: മനുഷ്യർക്കായി വന്ന അന്തിമ വെളിപ്പെടുത്തലിന്റെ/വഹ് യിന്റെ (Final Revelation) സംരക്ഷണം—ബാഗ്ദാദ് മുതൽ ബ്രുണെ വരെ, ജകാർട്ട മുതൽ ജോഹെന്നാസ്ബർഗ് വരെ, കറാച്ചി മുതൽ കശ്മീർ വരെ, കൽക്കട്ട മുതൽ കാലിഫോർണിയ വരെ. അതേസമയം, പ്രവാചക ഉമ്മത്ത് ലോകമെമ്പാടും അസഹ്യമായ വേദനയാണ് അനുഭവിക്കുന്നത്. ‘Neo-Jahiliya’ (പുതിയ ജാഹിലീയ്യ) സംവിധാനങ്ങളും കൂട്ടഹിംസയും നേരിടുന്നത് മുസ്ലിംകളാണ്.
നമ്മൾ സ്വയം ചോദിക്കണം: നാം ഇവിടെ എത്തിയത് എങ്ങനെ? മുസ്ലിംകളുടെ രക്തം ഇത്ര വിലകുറഞ്ഞതായത് എങ്ങനെ? നാം ഈ ‘Demonic Warfare’ സംവിധാനത്തിനൊരു സാധാരണ ഇരയായി മാറിയത് എങ്ങനെ?. ഒരു മുസ്ലിമിന്റെ ജീവനുള്ള പരിശുദ്ധി കഅബയേക്കാൾ അല്ലാഹുവിന് പ്രിയപ്പെട്ടതാണെന്ന് കഅബയെ ചുറ്റുമ്പോൾ പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ:
“എത്ര ശുദ്ധമാണ് നീ, എത്ര സുഗന്ധമാണ് നിന്റെ സുഗന്ധം! എത്ര മഹത്തായതാണ് നീ, എത്ര മഹത്തായതാണ് നിന്റെ പരിശുദ്ധി! അള്ളാഹു തന്നെ സത്യം—ഒരു വിശ്വാസിയുടെ പരിശുദ്ധി അല്ലാഹുവിന് നിന്റെ പരിശുദ്ധിയേക്കാൾ മഹത്താണ്: അവന്റെ സമ്പത്തിൽ, അവന്റെ ജീവത്തിൽ.”
എന്നാൽ, മനുഷ്യരെ മാനിക്കാത്ത, പ്രവാചകരുടെ സന്ദേശത്തെ മാനിക്കാത്ത, മനുഷ്യജീവിതത്തെ പോലും മാനിക്കാത്ത ഒരു സംവിധാനത്തിനടിയിൽ ജീവിക്കുമ്പോൾ മതപരനായോ ആത്മീയനായോ ആയിരിക്കുന്നു എന്ന് പറയുന്നത് എന്താണ് അർത്ഥമാക്കുന്നത്?.
ഇത്തരം കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു മുസ്ലിം തന്റെ നിലപാട് വെറും ഖുർആന്റെ രക്ഷകനായി മാത്രമല്ല, മുൻ പ്രവാചകന്മാർക്കു ലഭിച്ച എല്ലാ വെളിപ്പെടുത്തലുകളുടെ രക്ഷകനായും കാണേണ്ടതുണ്ട്. പ്രവാചക മാർഗത്തിലെ അനുയായികളെന്ന നിലയിൽ അതാണ് നമ്മൾ ചെയ്യേണ്ടത്.
ഫറോവകളുടെ പീഡനത്തെക്കുറിച്ചും, “അഹ്‌ലുൽ ഉഖ്ദൂദ്” (കുഴിയിൽ തീകൊളുത്തി നശിപ്പിക്കപ്പെട്ടവർ) എന്ന ജനതയെക്കുറിച്ചും നാം പഠിക്കുമ്പോൾ, നമ്മുടെ സമൂഹവും അടിമത്തത്തിലൂടെയോ, കൊളോണിയലിസത്തിലൂടെയോ, ഏകാധിപത്യത്തിലൂടെയോ, കൂട്ടവംശഹത്യയിലൂടെയോ അതേ തരത്തിലുള്ള ഭീകരതകൾ നേരിട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നു. അതിനാൽ, മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ നിന്നും ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ പീഡിതരുടെയും സംരക്ഷകരായി നാം തന്നെയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പ്രവാചക മാർഗത്തിൽ നടക്കുന്ന വിശ്വാസികൾ ദുർബലർക്കുള്ള അഭയസ്ഥലങ്ങളും, നിശ്ശബ്ദർക്കുള്ള ശബ്ദങ്ങളും, ശക്തിയറ്റവർക്കുള്ള ശക്തികളുമാണ് ആകേണ്ടത്.
മതാചാരത്തിൽ കുടുങ്ങിയ ഭക്തിഭ്രമത്തിന് പകരം, നാം എങ്ങനെ നമ്മുടെ സ്വയം വെളിച്ചത്തിന്റെ കുന്തങ്ങളായി, ഇസ്ലാമിന്റെ ബഹുമതി വാക്കിലും പ്രവൃത്തിയിലും തിരിച്ചുകൊണ്ടുവരും?, ദൈവരഹിതമായ യന്ത്രമനുഷ്യരുടെ ഹൃദയങ്ങളിൽ എങ്ങനെ ഭയം വിതറും തുടങ്ങിയ കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്.
ഞാൻ ഒരിക്കൽ വായിച്ച ഒരു രസകരമായ ഒരു ഓൺലൈൻ കമെൻറ് നമ്മുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. “ഇസ്ലാമിനെ ഭയക്കുന്നവർ നമ്മെക്കുറിച്ച് കരുതുന്നതിന്റെ പകുതിയെങ്കിലും നമ്മിൽ ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു.”
ഇതാണ് യാഥാർത്ഥ്യം. മുസ്ലിം വിരോധികളാണ് ഇസ്ലാമിന്റെ പ്രതിരോധശേഷിയിൽ മുസ്ലിംകളേക്കാൾ കൂടുതൽ വിശ്വാസം കാണിക്കുന്നത്.
അതാണ് ദൗർബല്യത്തിന്റെ നിർവചനം, തകർന്ന ബോധത്തിന്റെ അടയാളം.
നാം പ്രവാചകൻ മുഹമ്മദ് നബിയുടെ ബഹുമതിയെ സംരക്ഷിക്കാൻ നമ്മുടെ അവസ്ഥ മാറ്റാനുള്ള ധൈര്യം കാണിക്കാതെ, ശഹാദത്തിന്റെ രണ്ടാമത്തെ ഭാഗം എങ്ങനെ അവകാശപ്പെടും?. ഇന്നത്തെ ഗസ്സയിലും, സുഡാനിലുമുള്ള ദിനംപ്രതി നടക്കുന്ന ദൈവരഹിത കൂട്ടക്കൊലയിൽ, യമനിലും,
പ്രവാചകന്റെ പ്രിയപ്പെട്ട സമൂഹം അപമാനിക്കപ്പെടുമ്പോൾ?.
പ്രവാചകൻ തന്റെ സന്ദേശം ഭൂമിയുടെ അറ്റത്തോളം എത്താൻ എല്ലാം ത്യജിച്ചു. ആദ്യകാല സഹാബികൾ നമ്മൾക്ക് ഇസ്ലാം കൈവരിക്കാൻ ചുട്ടുകെട്ടലും പീഡനവും സഹിച്ചു. പക്ഷേ ഇന്നത്തെ മുസ്ലിംകൾക്കുള്ള ഫലമോ?. വെറും “പ്രാതിനിധ്യം,” “ഒരു മേശപ്പീഠത്തിലെ സീറ്റ്,” അമേരിക്കൻ പതാക അടങ്ങിയ ഹിജാബുകളോ? അതോ, സഹോദരങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോഴും, നമ്മുടെ മരവിച്ച ഹൃദയങ്ങളെ ഉണർത്താൻ തയ്യാറാവാതെ, ലക്ഷങ്ങൾ ചിലവഴിച്ച് മക്കയിലെ ഗോപുരത്തിന്റെ നിഴലിൽ ത്വവാഫ് ചെയ്യുന്നതോ?. എന്താണ് ശരിയെന്നത് ഗുഡ് മുസ്ലിമിൽ ചുരുങ്ങിയതിന്റെ പ്രശ്നമാണ് ഇതെല്ലാം.
നമ്മുടെ ഇസ്ലാം കൈകളിലൂടെ ചുവപ്പു നിറഞ്ഞ ചുട്ടു പൊള്ളലുകളായി തോന്നുന്നില്ലെങ്കിൽ, നാം ശരിയായ രീതിയിൽ ജീവിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
അത് മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ സഹാബികളുടെയും ഇസ്ലാം അല്ല.
അത് ഫലസ്തീൻ ജനങ്ങളുടെ ഇസ്ലാം അല്ല, സുഡാനിലെ ജനങ്ങളുടെ ഇസ്ലാം അല്ല. ഇന്ത്യയിലോ കാശ്മീരിലോ മുസ്ലിംകൾ പാലിക്കുന്ന ഇസ്ലാം അല്ല. അമേരിക്ക, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇരുണ്ട ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാർ പാലിക്കുന്ന ഇസ്ലാം അല്ല. ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഇര, ആത്മീയ മരണമാണ്. മരിച്ചവർക്ക് ജീവനുള്ളവരെക്കാൾ കൂടുതലായി ആത്മീയജീവിതമുണ്ടെന്ന് പറയേണ്ടി വരുന്ന അവസ്ഥയിലേക്കാണ് നാം എത്തിയിരിക്കുന്നത്.
“അല്ലാഹുവിന്റെ വഴിയിൽ കൊല്ലപ്പെട്ടവരെ ‘അവർ മരിച്ചവർ’ എന്ന് പറയരുത്. അവർ ജീവനുള്ളവരാണ്. എന്നാൽ നിങ്ങൾ അത് ഗ്രഹിക്കുന്നില്ല.” (ഖുർആൻ 2:154)
അതിനാൽ, ഈ മൗലിദ് കാലത്ത് മരിച്ചവർക്കായി കരയേണ്ടതില്ല. കരയേണ്ടത് നമ്മുടെ ആത്മാവില്ലാത്ത ജീവനുള്ളവർക്കായാണ്.
സുന്നത്ത് നമ്മുടെ ബോധത്തെ വീണ്ടും ഉണർത്തട്ടെ. പ്രവാചകന്റെ വെളിച്ചത്തിന്റെ കുന്തങ്ങളായി മാറട്ടെ.
കാലിക കവിയും ദാർശനികനുമായ ആമിർ സുലൈമാൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നത് നോക്കൂ:
“മരിച്ചവർ നിങ്ങളെക്കാൾ അധികം ജീവിച്ചിരിക്കുന്നവരായി തീരാതിരിക്കുക.”
അതിലേക്ക് ഞാൻ ഇതുകൂടി ചേർക്കുന്നു:
“ശൈത്വാൻ നിങ്ങളെക്കാൾ കൂടുതൽ ആത്മീയനായി തീരാതിരിക്കുക.”
വിവർത്തനം: നാസിം വേങ്ങര









Add comment