മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ‘സ്വാഭാവിക’ പുറന്തള്ളലുകളെ അഭിസംബോധന ചെയ്തു എന്നതാണ് ഉത്തരാധുനിക രീതിശാസ്ത്രം നമ്മുടെ രാഷ്ട്രീയ ഭാവനയിൽ കൊണ്ട് വന്ന പ്രധാന മാറ്റം. ബൃഹത്താഖ്യാനങ്ങളുടെ നിഷേധം യഥാർത്ഥത്തിൽ അനേകം ഉപ വർഗ്ഗങ്ങളെ കാണാനുള്ള ശ്രമങ്ങളുടെ കൂടി തുടർച്ചയായിരുന്നു. ഉത്തരാധുനിക സമീപനങ്ങളിൽ സ്വത്വത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ വികാസങ്ങൾ ഇന്ത്യയിൽ/കേരളത്തിൽ പുതിയതും മൗലികവുമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. പുതിയ പ്രത്യയശാസ്ത്ര സങ്കല്പത്തിന്റെ ഉദയമോ ആശയപരമായ സ്ഥാപനമോ അല്ല ഇവ മുന്നോട്ട് വെക്കുന്നത്. മറിച്ച് നിലനിൽക്കുന്ന രാഷ്ട്ര ഘടനയുടെയും, ഭരണപരമായ ഉള്ളടക്കത്തിന്റെയും, സാമൂഹിക വിഭാവനയുടെയും പ്രശ്നങ്ങളോടുള്ള വിമർശനമാണ്. ആ നിലക്ക് ജനാധിപത്യം, ദേശീയത, മതേതരത്വം തുടങ്ങിയവയോടുള്ള വിമർശനം പ്രസ്തുത സങ്കൽപ്പങ്ങൾ ആന്തരികവൽക്കരിച്ചിട്ടുള്ള പുറന്തള്ളൽ ആശയത്തോടുള്ള വിമർശനമാണ്, അവയുടെ പുനഃസ്ഥാപനമല്ല. ബൃഹത്താഖ്യാനങ്ങളുടെ നിഷേധം എല്ലാത്തിന്റെയും നിഷേധമാണ് എന്നത് തെറ്റായ വായനയാണ്. ബൃഹത്താഖ്യാനത്തിൽ നിന്ന് മാറി വീക്ഷിക്കുന്നതിലൂടെ അരികിന്റെയും അപരത്വത്തിന്റെയും ഉള്ളറകളെയും മാറ്റിനിർത്തലുകളെയും വെളിവാക്കുമെന്നതാണ് ഈ വീക്ഷണത്തിന്റെ പ്രസക്തി. നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള വിമർശനം എന്ന നിലക്കാണ് ഇവ സ്ഥാനപ്പെടുന്നത് എന്നത് കൊണ്ട് തന്നെ നിലവിലെ സാമൂഹിക ഘടനയുടെ തകർച്ചക്ക് ഇത് കാരണമാവും എന്ന വിമർശനവും യുക്തിരഹിതമാണ്.

ഉത്തരാധുനികത വിമർശനം നിലനിൽക്കുന്ന വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ‘ശൂന്യത’ സംഘ്പരിവാർ പോലുള്ള മതേതര വിരുദ്ധ ആശയങ്ങളുടെ കടന്നുവരവിനാണ് കാരണമാവുക എന്ന വാദം പല നിലക്ക് പ്രശ്നകരമാണ്. ഒന്ന്, ഈ ശൂന്യതാ വാദത്തിന്റെ പ്രധാന പ്രശ്നം ഹിന്ദുത്വ ഒരു സ്വാഭാവിക തെരെഞ്ഞെടുപ്പായി മാറുന്നു എന്ന അപകടകരമായ മനസിലാക്കലാണ്. രണ്ട്, അധികാരത്തിന്റെയും വ്യവഹാരത്തിന്റെയും ഇടയിലെ സങ്കീർണതകളെ അത് ഒട്ടുമേ പരിഗണിക്കുന്നുമില്ല. ആശയാടിത്തറ, ഭരണകൂട അധികാരം, സാമ്പത്തിക മാറ്റങ്ങൾ, സാംസ്കാരിക ഏകീകരണം തുടങ്ങിയ സൂക്ഷ്മവും ബഹുമുഖവുമായ പദ്ധതിയിലൂടെയാണ് ഹിന്ദുത്വ അവയുടെ പ്രവേശനം സാധ്യമാക്കുന്നത്. ആശയപരമായി തന്നെ ആധുനിക ഫ്രെയിംവർക്കിനകത്താണ് ഹിന്ദുത്വയുടെ സങ്കൽപ്പങ്ങൾ വികസിക്കുന്നത്. ഏകീകൃത സാംസ്കാരിക സ്വത്വം, ശക്തമായ ദേശീയ രാഷ്ട്രം, ചരിത്രത്തിന്റെ കേന്ദ്രീകൃത ആഖ്യാനങ്ങൾ തുടങ്ങിയ ഉത്തരാധുനികത വ്യവഹാരത്തിന്റെ വിരുദ്ധ സമവാക്യങ്ങളിലാണ് ഇത് രൂപപ്പെടുന്നത്. ഇന്ത്യൻ ഭരണകൂടത്തിൽ നവ ലിബറൽ മൂലധന താല്പര്യങ്ങൾ കൂടി സൃഷ്‌ടിച്ച സാധ്യതകളിലേക്കാണ് ഹിന്ദുത്വ രാഷ്ട്രീയം കയറി വന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ രാഷ്ട്രീയ ഭാവനകളിലും സാമ്പത്തിക നയനിലപാടുകളിലും ഉണ്ടായ മാറ്റമാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ ഹിന്ദുത്വക്ക് വളരാൻ മണ്ണൊരുക്കിയത്. ഹിന്ദുത്വ സ്വയമേയും, ഗ്രാൻഡ് നരേറ്റീവുകളായ മതേതരത്വം, ജനാധിപത്യം തുടങ്ങിയവക്കകത്തെ പ്രശ്നങ്ങളുമാണ് യഥാർത്ഥത്തിൽ സംഘ്പരിവാരത്തിന്റെ വളർച്ചക്ക് ഇന്ധനമായത്.
സ്വത്വ രാഷ്ട്രീയം, ഇടതുപക്ഷം, മുസ്‌ലിം രാഷ്ട്രീയം
ദലിത്, ആദിവാസി, മുസ്‌ലിം, സ്ത്രീ തുടങ്ങിയവരുടെ പ്രശ്നങ്ങൾ 1970-കളോടെ സവിശേഷമായ രാഷ്ട്രീയ സങ്കൽപ്പങ്ങളായി വികസിക്കുകയും പിന്നീട് സ്വത്വ രാഷ്ട്രീയം എന്ന നിലക്ക് ഉത്തരാധുനിക വ്യവഹാരങ്ങളുടെ ഭാഗമായി അവ മനസിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുന്നേയും സ്വത്വപരമായ ഉള്ളടക്കങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. മണ്ഡൽ – ബാബരി അനന്തര സാമൂഹിക ഭൂമിക ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് രാഷ്ട്രീയമായ പുതിയ തുറവികൾ സാധ്യമാക്കി. ഇതിലൂടെ, നിഷ്കാസനം ചെയ്യപ്പെട്ടു എന്ന് സങ്കല്പിക്കപ്പെട്ട ജാതി പ്രാക്റ്റീസുകളുടെ നവീനമായ മാതൃകകളെ തുറന്ന് കാണിക്കാൻ ഉത്തരാധുനിക വ്യവഹാരങ്ങൾക്ക് സാധിച്ചു. ആ മാതൃക അതാത് ജാതി വിഭാഗങ്ങളുടെ ‘സ്വാഭാവികമായ’ ശ്രേണീബോധം എന്നതിനേക്കാൾ നമ്മുടെ സാമൂഹിക പൊതുബോധത്തിനകത്തും പുരോഗമന പ്രസ്ഥാനങ്ങൾക്കകത്തും എങ്ങനെയാണ് സ്വാധീന ശക്തിയായി പ്രവർത്തിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിച്ചത്. ഇതിന്റെ തുടർച്ചയിലാണ് ഇടതുപക്ഷത്തോടുള്ള വിമർശനവും രൂപപ്പെടുന്നത്. ഇന്ത്യൻ സാമൂഹിക മണ്ഡലത്തിലെ സവിശേഷ സാന്നിധ്യമായ ജാതിയെ കേവല വർഗ്ഗാടിസ്ഥാനത്തിൽ മനസിലാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വർഗ്ഗ അസമത്വം അവസാനിക്കുന്നതോടെ ഇല്ലാതാകുന്ന ഒരു ഉപരിഘടനയായിട്ടാണ് പലപ്പോഴും ജാതിയെ ഇന്ത്യയിലെ ഇടതുപക്ഷം കണക്കാക്കുന്നത്. ഒരു ദലിത് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം, അടിച്ചമർത്തൽ എന്നത് സാമ്പത്തിക ചൂഷണം മാത്രമല്ല, സാമൂഹികമായ വിവേചനവും പൊതുവിൽ നിന്നുള്ള പുറന്തള്ളലും കൂടിയാണ്. തൊഴിലാളിയായ ഒരു ഹിന്ദു പുരുഷനിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളിയായ ഒരു മുസ്‌ലിം സ്ത്രീയുടെ പ്രശ്നം ഒരേസമയം മുസ്‌ലിം, സ്ത്രീ, തൊഴിലാളി എന്ന വർഗ, മത, ലിംഗങ്ങളുടെ സങ്കീർണമായ തലങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ കേവല വർഗ വീക്ഷണത്തിൽ ഇരുകൂട്ടരുടെയും പ്രശ്നം ഒന്നാണ്.
അഥവാ വർഗ്ഗസിദ്ധാന്തത്തിന്റെ സാർവലൗകിക മാനങ്ങൾ കൊണ്ട് ഇത് മനസിലാക്കുക സാധ്യമല്ല എന്നതാണ് ഉത്തരാധുനിക വ്യവഹാരാങ്ങൾ ഉന്നയിക്കുന്ന പ്രധാന വിമർശനം. ഇത്തരം വിമർശനങ്ങളെ കേവല ഇടതുപക്ഷ വിരുദ്ധ ഗൂഢാലോചനയിലേക്ക് ചുരുക്കുന്നതിലൂടെ ഉന്നയിക്കപ്പെട്ട വിമർശനങ്ങളുടെ മെറിറ്റിനെ നിഷേധിക്കുകയും അവരുടെ കർതൃത്വത്തെ റദ്ദ് ചെയ്യുകയുമാണ് സംഭവിക്കുന്നത്. വർഗ്ഗരാഷ്ട്രീയത്തിന്റെ ക്ലാസിക്കൽ സമവാക്യങ്ങളെ സ്വീകരിക്കുകയോ ഹിന്ദുത്വയെ സഹായിക്കുകയോ ചെയ്യുക എന്ന പ്രശ്നകരമായ ദ്വന്ദ്വത്തിലേക്ക് ഇത് നയിക്കുന്നു. ഉത്തരാധുനിക വ്യവഹാരങ്ങളോ സ്വത്വ രാഷ്ട്രീയത്തിന്റെ ചോദ്യങ്ങളോ പ്രത്യയശാസ്ത്ര സങ്കല്പമായി അവയെ സ്ഥാനപ്പെടുത്താത്തത് കൊണ്ട് തന്നെ സ്വീകരണത്തിന്റെയോ നിരാകരണത്തിന്റെയോ മാനങ്ങൾക്കപ്പുറം കൊടുക്കൽ വാങ്ങലുകളുടെ സാധ്യതയെയാണ് അത് തുറന്നിടുന്നത്. സംവാദാത്മകമായ വിമർശനമാണ് ഇടതുപക്ഷത്തോട് ഉയർത്തുന്നത് എന്ന് സാരം. ഉത്തരാധുനികത സാധ്യമാക്കിയ പ്രസ്തുത സംവാദത്തെ വർഗ്ഗ രാഷ്ട്രീയത്തിന്റെ എതിർപക്ഷത്ത് കൊണ്ട് നിർത്തി വിശകലനം ചെയ്യുന്നതിലെ പ്രശ്നത്തെ അതിനാൽ തന്നെ തിരിച്ചറിയേണ്ടതുണ്ട്.

വ്യത്യസ്ത വർഗ്ഗ വിഭാഗങ്ങളെ ഇവിടത്തെ ജാതി ഘടന എങ്ങനെയാണ് നിർമിച്ചത് എന്ന വർഗ്ഗ രാഷ്ട്രീയത്തിന്റെ ചരിത്രവൽക്കരണ യുക്തി നിരാകരിക്കപ്പെട്ടു എന്നുകൂടി ഇവിടെ കാണേണ്ടതുണ്ട്. ജാതിയെ വർഗ്ഗത്തിന്റെ ഉപരിഘടനയായി മാത്രം കാണുന്നതിലൂടെ ഇന്ത്യയിൽ വർഗ്ഗ ബന്ധങ്ങളെ ഉല്പാദിപ്പിക്കുന്ന ജാതി ഘടനയുടെ ചരിത്രപരതയോടുള്ള നിഷേധം കൂടി ഇതിലൂടെ സംഭവിക്കുന്നു. വർഗ്ഗത്തെ ചരിത്രവൽക്കരിക്കുന്നതിന് പകരം ജാതി മത ലിംഗ പ്രശ്നങ്ങളെ സ്വത്വ രാഷ്ട്രീയത്തിന്റെ പ്രശ്നമായും സോഷ്യലിസ്റ്റ് സമൂഹത്തിൽ അവ അലിഞ്ഞുപോകുമെന്ന ധാരണയിലും ഇന്ത്യയിലെ ഇടതുപക്ഷം നിലകൊണ്ടു. എന്നാൽ ഈ പ്രശ്നങ്ങൾ ഇല്ലാതായില്ലെന്ന് മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളിൽ പോലും ദലിത്, ആദിവാസി ഇതര വിഭാഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തു. വർഗ്ഗത്തിന്റെ സർവത്രികതക്ക് പകരം ജാതി, മതം, ലിംഗം എന്നിവയിലൂടെ ചരിത്രത്തെ പുനർനിർമ്മിക്കേണ്ടതുണ്ട് എന്നതാണ് ഉത്തരാധുനികതയുടെ ഇടതുപക്ഷ വിമർശനത്തിന്റെ ഉള്ളടക്കം.
സാമൂഹികമായും സാംസ്കാരികമായും ഒരേ പ്രതലത്തിലും, രാഷ്ട്രീയമായും ദൈവശാസ്ത്രപരമായും സംവാദ ബന്ധത്തിലുമാണ് എന്നതാണ് മുസ്‌ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടിയും മറ്റ് മുസ്‌ലിം സംഘടനകളും തമ്മിലുള്ള മുസ്‌ലിം സമൂഹത്തിന്റെ സമുദായ സൂത്രവാക്യം. അതിനകത്ത് പരസ്പരം ഇടകലർന്നും ദൈവശാസ്ത്ര ചോദ്യങ്ങൾ രാഷ്ട്രീയത്തിലും, രാഷ്ട്രീയ ചോദ്യങ്ങൾ ദൈവശാസ്ത്രത്തിലും മാറിയും മറിഞ്ഞും ഉണ്ടായിക്കൊണ്ടേയിരുന്നിട്ടുണ്ട്. സ്വാതന്ത്രത്തിന് മുമ്പും ശേഷവുമുള്ള മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടിയുടെ നിലപാടും, രാഷ്ട്രീയവും, പ്രസക്തിയും എല്ലാകാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സമുദായത്തിനകത്ത് നിന്നും പുറത്ത് നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പരമാവധി മുഖ്യധാരയിൽ ലയിക്കാനുള്ള ശ്രമങ്ങൾ നിരന്തരം തുടരുമ്പോഴും തങ്ങളുടെ പേര് കാരണം മാത്രം ലീഗ് അപരസ്ഥാനത്ത് നിർത്തപ്പെട്ടിട്ടുണ്ട്. അതിന്റൊരു തുടർച്ചയിലാണ് യഥാർത്ഥത്തിൽ മുസ്‌ലിം ലീഗിനെ ജമാഅത്തെ ഇസ്‌ലാമി ഹൈജാക്ക് ചെയ്യുന്നു എന്ന വിമർശനത്തെയും കാണേണ്ടത്. സമുദായ താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് സാമാന്യമായി സങ്കല്പിക്കപ്പെടുമ്പോഴും മുസ്‌ലിം ലീഗ് സമുദായത്തിനെതിരെ പ്രവർത്തിച്ചു എന്നതടക്കമുള്ള വിമർശനങ്ങളും ഒരു ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. സാങ്കേതികമായി സുന്നികളിലെ ഒരു വിഭാഗവും മുജാഹിദ് പ്രസ്ഥാനവുമാണ് ലീഗിന്റെ അടിത്തറ എന്നാണെങ്കിലും സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചോദ്യങ്ങളും വാദങ്ങളും ലീഗിൽ ഏറിയും കുറഞ്ഞും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. സമുദായ രാഷ്ട്രീയത്തിലെ സമ്മർദ്ദങ്ങളും തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളും എങ്ങനെ ഒരുപോലെ കൈകാര്യം ചെയ്യാം എന്നതാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ കാതൽ. തൽഫലമായി മുസ്‌ലിം സമുദായത്തിന്റെ പല നിർണായക ചോദ്യങ്ങളും ആവശ്യങ്ങളും ലീഗ് ഏറ്റെടുക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിൽ നിന്ന് വിച്ഛേദിച്ചു കൊണ്ട് മുസ്‌ലിം ലീഗിനെയോ അതിനകത്തെ വ്യത്യസ്ത മുസ്‌ലിം സംഘടനാ സ്വാധീനങ്ങളെയോ മനസിലാക്കുക സാധ്യമല്ല. അധികാര രാഷ്ട്രീയത്തിന്റെയും സാമുദായിക താല്പര്യങ്ങളുടെയും ഭാഗമായി തന്നെ ലീഗിനകത്തെ സുന്നി മുജാഹിദ് വിഭാഗങ്ങൾ തമ്മിലെ സംഘർഷങ്ങളും ഏറിയും കുറഞ്ഞുമുള്ള പ്രാതിനിധ്യ തർക്കങ്ങളും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ അന്തർധാരാ സംഘർഷങ്ങളാണ്. അത്തരം സംവാദങ്ങളിൽ നിന്ന് വേറിട്ട ഒരു സാധ്യത നിലവിലെ ‘ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീന’ വാദത്തിനില്ല. മുസ്‌ലിം സമുദായത്തിന്റെ പലതരം രാഷ്ട്രീയ ചോദ്യങ്ങളെ സമകാലിക രാഷ്ട്രീയ ബോധ്യത്തിൽ അഭിസംബോധന ചെയ്യുന്നു എന്നതാണ് യഥാർത്ഥത്തിൽ ലീഗ് ഇപ്പോൾ ചെയ്യുന്നത്. അങ്ങനെയുള്ള ലീഗിനെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനവലയത്തിൽ കൊണ്ട് കെട്ടുന്നതിന്റെ യുക്തി ജമാഅത്തെ ഇസ്‌ലാമിയെ പൈശാചികവൽക്കരിക്കാൻ ഉപയോഗിച്ച അതേ യുക്തി തന്നെയാണ്.

അതേസമയം ഇപ്പോൾ രൂപപ്പെട്ടു വന്ന മുസ്‌ലിം ലീഗ് വിമർശനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. ഭരണകൂടത്തിന്റെ ഭാഗമായി പല നിലക്ക് സംഘ്പരിവാറുമായി നടത്തുന്ന നീക്കുപോക്കുകളും നേതാക്കൾക്കുള്ളിലെ സ്വാഭാവിക മുസ്‌ലിം വിരുദ്ധതയും സിപിഎമ്മിനെ മുസ്‌ലിം സമുദായത്തിൽ നിന്നും അകറ്റാൻ കാരണമായി. മുസ്‌ലിങ്ങളുടെ അകൽച്ചയുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ പങ്കുപറ്റാം എന്നാണ് സിപിഎം ഇപ്പോൾ കരുതുന്നത്. സമീപകാല സിപിഎം ആഖ്യാനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫി പ്രസ്ഥാനങ്ങളും അബുൽ നാസർ മഅദനി അടക്കമുള്ള നേതാക്കളും തുടങ്ങി എല്ലാ മുസ്‌ലിം വിഭാഗങ്ങളും വർഗീയതയുടെ ഭാഗമായി മാറിയിട്ടുണ്ട്. മുസ്‌ലിം വർഗീയതയെ മുൻനിർത്തി ഭൂരിപക്ഷ വോട്ടിന്റെ സമാഹരണം മാത്രമാണ് ഇതിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. ലീഗിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വര്‍ഗീയ ആരോപണങ്ങള്‍ അതിന്റെ സ്വാഭാവിക പരിണിതഫലം മാത്രമാണ്. ഏറെകാലം ജമാഅത്തെ ഇസ്‌ലാമി എന്നതിൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഇപ്പോൾ ലീഗിനെ കേന്ദ്രീകരിചുള്ള വിമർശനങ്ങളുടെ ആകെത്തുക.
ഇടതുപക്ഷത്തോടുള്ള വിമർശനങ്ങളിലെ മെറിറ്റിനെ തിരിച്ചറിയാതിരിക്കുകയും അവയെ വർഗീയതയായും ഇടതു വിരുദ്ധ ഗൂഢാലോചനയായും മാത്രം കാണുന്ന പ്രവണതയാണ് ഇന്ന് സിപിഎം നേതൃത്വം സ്വീകരിച്ചു പോരുന്നത്. അതിനെ ന്യായീകരിക്കാൻ സിദ്ധാന്തം ചമയ്ക്കുന്നതിലൂടെ ചരിത്രപരവും സാമൂഹികവുമായ ധൈഷണിക സംവാദങ്ങളുടെ നിഷേധം കൂടി സംഭവിക്കുന്നു.








