Campus Alive

ഷർമൺ ജാക്സണും ദൈവശാസ്ത്രത്തിന്റെ വ്യാഖ്യാന ഭൂമികയും

“ഏതൊരു സമൂഹത്തിലും മതത്തിന് ഏറ്റവും വലിയ ഭീഷണി പീഡനമല്ല, മറിച്ച് അപ്രസക്തതയിൽ ജനിച്ച നിസ്സംഗതയാണ്”

– ഷർമൺ ജാക്സൺ

വിമോചനപരതയെ ഉള്ളടക്കമായി കണ്ടുകൊണ്ടുള്ള ഇസ്‌ലാം വായന ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.വ്യത്യസ്ത കാരണങ്ങളാലുള്ള വിവേചനങ്ങളും അടിച്ചമർത്തലുകളും അതിന്റെ ഏറ്റവും മൂർത്തന്യതയിൽ നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇത്തരമൊരു ഘട്ടത്തിൽ വിമോചനാംശത്തെ വീണ്ടെടുത്തുകൊണ്ടുള്ള നവീനമായ ധാരകൾ ഇതിനോടകം ഒരുപാട് രംഗത്ത് വന്നു. ഇതിൽ ഏറ്റവും പ്രാഥമികമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ക്രിസ്തുമതങ്ങൾക്കിടയിലുള്ള വിമോചന ദൈവശാസ്ത്ര ചിന്തകളാണ്. അപ്പാർത്തീഡിൽ നിന്നുള്ള മോചനത്തിന് മതത്തെ ആശ്രയിച്ചുകൊണ്ട് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതാണ് വിമോചന ദൈവശാസ്ത്രത്തിന്റെ പ്രധാന ഉള്ളടക്കം. ഇതിൽ നിന്ന് മാതൃക സ്വീകരിച്ചുകൊണ്ട്, ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ മുൻനിർത്തി ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തെ രൂപപ്പെടുത്താൻ ഉള്ള ശ്രമങ്ങളും ധാരാളം ഉണ്ടായി. അലി ശരീഅത്തി, അസ്ഗർ അലി എൻജിനിയർ, ഷർമൺ ജാക്സൺ, ഫരീദ് ഇസാക്ക്, സൽമാൻ സയ്യിദ്, ഹമീദ് ദബാഷി, മുസ്തഫ അലി തുടങ്ങി ഒട്ടനവധി ചിന്തകർ നമ്മുടെ കാലഘട്ടത്തിൽ ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തിന്റെ വേരുകൾ അന്വേഷിച്ചവരാണ്. അതിൽ തന്നെ പലരും അതാത് സന്ദർഭങ്ങളുടെയും(context) അവിടെയുള്ള സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതിയുടെയും വ്യത്യാസങ്ങളെ മുൻനിർത്തി പല രീതിയിലാണ് വിമോചന ദൈവശാസ്ത്രത്തെ മനസിലാക്കാൻ ശ്രമിച്ചത്.

ഷർമൺ ജാക്സൺ

അമേരിക്കയുടെ കറുത്തവരോടുള്ള നൂറ്റാണ്ടുകളായി തുടരുന്ന വംശീയതയുടെ പശ്ചാത്തലത്തിലാണ് ഷർമൺ ജാക്സണെയും അദ്ദേഹത്തിന്റെ ചിന്തകളെയും മനസിലാക്കേണ്ടത്. വിവിധ സന്ദർഭങ്ങളിലുള്ള സവിശേഷ പ്രശ്‌നത്തോട് സംവദിച്ചുകൊണ്ട് വികസിക്കുന്നു എന്നതിനാൽ ഇവർ ഓരോരുത്തരും പങ്കുവെക്കുന്ന ഇസ്‌ലാമിക വിമോചന ദൈവശാസ്ത്ര സമീപനങ്ങൾ വ്യത്യസ്തമാണ്. പലരും ഇസ്‌ലാമിന്റെ വ്യത്യസ്ത ഊന്നലുകളിൽ നിന്നുകൊണ്ടാണ് തങ്ങളുടെ സമീപനങ്ങളെ വികസിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്നുള്ളതിന്റെ പ്രധാന കാരണം അതത് സന്ദർഭങ്ങളുടെ(context) വൈവിധ്യതയാണ്. ഇതിലൂടെ ഇസ്‌ലാമിനെ കുറിച്ച് തന്നെയുള്ള വായനയാണ് പ്രാഥമികമായി വികസിക്കുന്നത്. ഈ അടുത്ത് മലയാളത്തിൽ പ്രസിദ്ധികരിക്കപ്പെട്ട എൻ.മുഹമ്മദ് ഖലീൽ എഴുതിയ ഷർമൺ ജാക്‌സന്റെ ജീവചരിത്ര രചനയെ മുൻനിർത്തി അദ്ദേഹത്തിന്റെ ചിന്തകളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണിത്.

അഞ്ച് അധ്യായങ്ങളിലായി സുപ്രധാനമായ മൂന്ന് സമീപനങ്ങളെയാണ് പ്രസ്തുത പുസ്തകം പരിചയപെടുത്തുന്നത്. ജാക്‌സണെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ചിന്തകൾ വികസിക്കുന്നത് ഇസ്‌ലാമിന്റെ വിശ്വാസശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാണ്. കറുത്തവരുടെ സാമൂഹിക അടിച്ചമർത്തലുകൾക്ക് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന് പങ്കില്ലെന്നും ദൈവശാസ്ത്രപരമല്ല, മറിച്ച് നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമാണ് വിവേചനങ്ങളുടെ കാരണം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തുടർന്ന് ഇസ്‌ലാമിന്റെ വിവിധ വിശ്വാസധാരയെ(അഖീദ) ഉദ്ധരിച്ച് ഇസ്‌ലാമിൽ അത്തരമൊരു വിവേചനത്തിനുള്ള സാധ്യത ഇല്ലെന്ന് പ്രാമാണികമായി തെളിയിക്കുന്നു. ഇസ്‌ലാമിന്റെ അഖീദാപരമായ മാനങ്ങളെ താൻ ജീവിക്കുന്ന ബ്ലാക്ക്‌ അമേരിക്കൻ സന്ദർഭത്തിൽ മനസിലാക്കാനുള്ള ശ്രമങ്ങളാണ് ഷർമൺ ജാക്സന്റെ പ്രധാന സവിശേഷത. ഇതിലൂടെ ഇസ്‌ലാമിന്റെ വിമോചന ദൈവശാസ്ത്ര സമീപനത്തെ മുന്നോട്ട് വെക്കുന്നതോടപ്പം ഇസ്‌ലാമിക വിശ്വാസശാസ്ത്ര പാരമ്പര്യത്തിൽ തന്റെ സ്ഥാനത്തെ അടയാളപ്പെടുത്താൻ കൂടി അദ്ദേഹത്തിന് സാധിക്കുന്നു. സുന്നി ദൈവശാസ്ത്രത്തിന്റെ പ്രകടമായ പ്രതിനിധാനം ജാക്‌സണിൽ കാണാം. ഇത് ഒരേസമയം വിവേചനത്തിനെതിരെയുള്ള ഇസ്‌ലാമിക  പ്രതിരോധത്തെ രൂപപ്പെടുത്തുന്നതോടൊപ്പം ശക്തമായ ഇസ്ലാമിക വിശ്വാസ പാരമ്പര്യത്തിന്റെ പ്രതിനിധിയായി കൂടി അദ്ദേഹത്തെ മാറ്റുന്നു.

വ്യത്യസ്തങ്ങളായ വിശ്വാസധാരയിൽ നിന്നുകൊണ്ടുള്ള ജാക്സന്റെ വായനകൾ ദൈവശാസ്ത്ര ബഹുസ്വരതയെ(Theological ecumenism) പ്രതിനിധാനം ചെയ്യുന്നു എന്ന് പുസ്തകം പറഞ്ഞു വെക്കുന്നു. ഈ ഒരു പശ്ചാത്തലമാണ് പുസ്തകത്തിന്റെ തുടർഘട്ടത്തെ വ്യക്തമാക്കുന്നത്. തക്ക്ഫീറുമായി (ഒരു വിശ്വാസിയെ കുറിച്ച് ഇസ്ലാമിൽ നിന്ന് പുറത്ത് പോയവൻ എന്ന് ആരോപിക്കൽ) ബന്ധപ്പെട്ട്  നടത്തുന്ന നിരീക്ഷണങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്ന ദൈവശാസ്ത്ര ബഹുസ്വരതയുടെ സാധ്യതയെ തന്നെയാണ് പ്രകടമാക്കുന്നത്. തുടക്കത്തിൽ കറുത്തവരുടെ പ്രശ്‌നത്തെ മനസിലാക്കുമ്പോഴും അതിന് പരിഹാരമായി ഇസ്‌ലാമിനെ മുന്നോട്ട് വെക്കുമ്പോഴുമൊക്കെ ഇസ്‌ലാമിന്റെ ഏതേലും ഒരു തലത്തെ പ്രതിനിധാനം ചെയ്യുക എന്നതിനപ്പുറം വിശാലമായ ഒരു ഇസ്‌ലാമിക പ്രതലത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ജാക്സൺ നടത്തുന്നത്. വിവിധ മുസ്ലിം സമൂഹത്തിനിടയിൽ പലപ്പോഴും കാണപ്പെട്ടിരുന്ന തങ്ങളുടെ ചിന്താസരണിയോട് വിയോജിച്ച് നിൽക്കുന്ന ആളുകളെ, സംഘങ്ങളെ കാഫിർ ആക്കാനുള്ള പ്രവണതകളെ ജാക്സൺ ശക്തമായി വിമർശന വിധേയമാക്കുന്നു. ഇമാം ഗാസലിയുടെ ചിന്തകളെ മുൻനിർത്തി ദൈവത്തിന്റെ ഉണ്മ, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം, പരലോക വിശ്വാസം എന്നിവയെ അംഗീകരിച്ച ആളുകൾക്കെതിരെ തക്ക്ഫീർ നടത്താൻ പാടില്ല എന്ന തത്വത്തെ അദ്ദേഹം തന്റെ സാമൂഹിക സന്ദർഭത്തിലേക്ക് വിവർത്തനം ചെയ്യുന്നു. ഇത് ഒരേ സമയം ഇസ്‌ലാമിന്റെ ദൈവശാസ്ത്ര വ്യാഖ്യാനവും കറുത്ത മതക്കാർ(Black religion) ഇസ്‌ലാമിലേക്ക് വരുമ്പോൾ അവരെ അവരുടെ സ്വത്വത്തിൽ(കറുത്തവരുടെ സംഘടിത സ്വത്വം) തന്നെ നിലനിർത്താനുള്ള സാമൂഹിക ഇടപെടൽ കൂടിയായി മാറുന്നു.

മൂന്നാമത്തെ ചർച്ചാ വിഷയം ഇസ്‌ലാമിന്റെ രാഷ്ട്രീയ ചിന്തകളുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളാണ്. ആധുനിക ദേശരാഷ്ട്രം/ഇസ്ലാമിക രാഷ്ട്രീയ സങ്കൽപ്പം എന്ന ദ്വന്ദ്വത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഇസ്‌ലാമിക രാഷ്ട്രീയത്തിലെ വ്യത്യാസത്തെ കൂടി അഭിമുഖീകരിക്കാൻ ജാക്സൺ തയ്യാറാവുന്നുണ്ട്. ഇസ്‌ലാമിക നിയമവ്യവസ്ഥയും വിവിധ മദ്ഹബീ ധാരയിലുള്ള ഭിന്നാഭിപ്രായവും പക്ഷപാതിത്വവും  ഈജിപ്തിലെ പ്രമുഖ പണ്ഡിതനായ  ശിഹാബുദ്ധീൻ അൽ ഖറാഫിയുടെ രചനയെ മുൻനിർത്തി അന്വേഷിക്കുന്നു. ഒരു ഭരണകൂടത്തിനകത്ത് ഉണ്ടാക്കുന്ന മദ്ഹബീ അപ്രമാദിത്വം എങ്ങനെയാണ് ഒരു രാഷ്ട്ര സംവിധാനത്തെ ബാധിക്കുന്നത് എന്ന് മനസിലാക്കുകയും അങ്ങനെയുള്ള നിയമസാമജികരുടെ മദ്ഹബി ആധിപത്യത്തെ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് എങ്ങനെ പ്രതിരോധിക്കാം എന്ന ആലോചനയും ഖറാഫിയെ വായിക്കുന്നതിലൂടെ ജാക്സൺ നിർവഹിക്കുന്നു. മദ്ഹബീ പക്ഷാപാതിത്വത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിർദ്ദേശമായി ഖറാഫിയെ ഉദ്ധരിച്ചുകൊണ്ട് ജാക്സൺ പറയുന്നത് അതാത് ഭരണകൂടങ്ങളുടെ ചീഫ് ജസ്റ്റിസുമാർ ഇജ്തിഹാദിനുള്ള യോഗ്യതയുള്ളവർ ആകുക എന്നതാണ് അങ്ങനെ വരുമ്പോൾ ഏതേലും മദ്ഹബിൽ കേന്ദ്രികരിച്ച വിധി പ്രസ്താവത്തിനപ്പുറം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുൻനിർത്തിയുള്ള വിധിയായിരിക്കും ഉണ്ടാകുക ഇത് രാഷ്ട്രത്തിലെ ന്യൂനപക്ഷ മദ്ഹബുകളെ കൂടി ഉൾക്കൊള്ളുന്നതായിരിക്കുകയും ചെയ്യും. ഇനി മുജ്ത്തഹിദുകൾ ചീഫ് ജസ്റ്റിസുകൾ അല്ലാത്ത ഒരു ഘട്ടത്തിലെ അവസ്ഥയെ കുറിച്ചുകൂടിയുള്ള ചർച്ച നമ്മൾക്ക് കാണാം മുഖല്ലിദായ ജസ്റ്റിസ് ആണ് രാജ്യത്തിലേതെങ്കിൽ നേരിട്ട് പ്രമാണങ്ങളിൽ നിന്ന് ഇജ്തിഹാദ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ അത്തരം ഗവേഷണങ്ങൾ മുമ്പ് നടത്തിയ വിവിധ മദ്ഹബി ചിന്തകരെ മുൻനിർത്തി മുഖല്ലിദുകൾ വിധി കണ്ടെത്തേണ്ടതുണ്ട് എന്ന നിരീക്ഷണത്തെ ജാക്സൺ മുന്നോട്ട് വെക്കുന്നു.

അദ്ദേഹത്തെ സംബന്ധിച്ച് വിവിധ വിശ്വാസസംഹിതയിലുള്ള ഇടപെടലും ദൈവശാസ്ത്ര ബഹുസ്വരതയുടെ പ്രതിനിധാനവുമൊക്കെ ഒരു മതത്തിന്റെ വിശ്വാസധാരയിൽ നടത്തുന്ന കേവല സംവാദങ്ങൾ അല്ല മറിച്ച് കറുത്തവരുടെ പ്രശ്‌നത്തെ മുൻനിർത്തി അവരുടെ അസ്തിത്വത്തെ ചോദ്യം ചെയാത്ത സ്വത്വ പ്രതിസന്ധികൾ സൃഷ്ടിക്കാത്ത ഒരു ഇസ്‌ലാമിനെ സാധ്യമാക്കുക എന്നതാണ്. കാരണം വെളുത്തവനായ ഒരു അമേരിക്കക്കാരനോട് സംസാരിക്കാനുള്ളതല്ല തീർച്ചയായും ഒരു കറുത്ത അമേരിക്കനോട് ഇസ്ലാമിനുള്ളത്. വെളുത്തവന്റെ വീക്ഷണകോണിൽ നിന്നുകൊണ്ടല്ല കറുത്തവൻ മതത്തെ മനസിലാക്കുന്നത് അതിന് രണ്ടുപേരെയും അഭിസംബോധന ചെയ്യുന്ന രീതിശാസ്ത്രത്തെ ഇസ്ലാമിൽ വികസിപ്പിക്കേണ്ടതുണ്ട് പ്രസ്തുത ശ്രമങ്ങൾ ആണ് ജാക്സൺ നടത്തുന്നത്.

“എന്ത്‌കൊണ്ട് അവര്‍ കറുത്തവരെ അവഗണിച്ചു? ഈ ചോദ്യത്തിന്റെ ഉത്തരം എന്നത് ഇന്നത്തെ യുറോ അമേരിക്കൻ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുന്‍ഗണനയുടെ പ്രശ്‌നം ആയാണ് ജാക്‌സൺ വിശദീകരിക്കുന്നത്. മാത്രമല്ല സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണ് മുസ്‌ലിംകളെ ഒരു വംശം എന്ന രീതിയില്‍ ഉന്നമിട്ടു കൊണ്ട് നടന്ന കാമ്പയിനുകള്‍ക്കെതിരെ ഇരു വിഭാഗവും ഒന്നിച്ചു നടത്തിയ ചെറുത്തുനില്‍പുകൾ പുതിയൊരു സംവാദം തുടങ്ങുന്നതിലേക്കു നയിച്ചത്. ഇതുകൂടി കൊണ്ടാണ് കറുത്തവരുടെ സാമൂഹിക അനുഭവം ഒരു പ്രായോഗിക പ്രശ്‌നം എന്നതിനപ്പുറം ഒരു വിശ്വാസ രാഷ്ട്രീയ പ്രശ്‌നം ആയുള്ള സൈദ്ധാന്തിക സമീപനം ആയി വികസിക്കാതെ പോയത്” (ഇസ്‌ലാമിന്റെ വിമോചനരാഷ്ട്രീയവും കറുത്ത വർഗ്ഗക്കാരും: ഷർമൺ ജാക്സന്റെ സമീപനങ്ങൾ- കെ അഷ്‌റഫ്‌)

എൻ.മുഹമ്മദ് ഖലീൽ

ജാക്സൺ മനസിലാക്കുന്ന പ്രധാന സംഗതി ഇതുതന്നെയാണ്. ലോകത്തിലുള്ള വെളുത്തവനോടും കറുത്തവനോടും ഒരുപോലെയല്ല മതങ്ങൾ സംവദിക്കുന്നത്. അതിന്റെ കാരണം രണ്ട് കൂട്ടരുടെയും സാമൂഹിക പശ്ചാത്തലം വ്യത്യസ്തമാണ് എന്നതാണ്. ഈ തിരിച്ചറിവ് ജാക്‌സണിൽ ഉള്ളതുകൊണ്ട്  ഇസ്‌ലാമിനെ ഒരു വിമോചന സാധ്യതയായി മുന്നിൽ വെക്കുമ്പോൾ തന്നെ അത് വെളുത്തവനോട് സംവദിച്ച ഇസ്‌ലാം ആകരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കുടിയേറ്റ മുസ്ലിങ്ങളും ഇതര ജനവിഭാഗങ്ങളും തമ്മിലുള്ള സംവാദത്തിന്റെ പരിമിതി മനസിലാക്കിയ ജാക്സൺ അത് കറുത്തവനോട് സംവദിക്കുന്നില്ല എന്ന ബോധ്യത്തിൽ നിന്നാണ് കറുത്ത മതത്തെ(black religion) ഉൾകൊള്ളാൻ സാധിക്കുന്ന ഇസ്‌ലാമിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ നടത്തുന്നത്.

ആത്തിഫ് ഹനീഫ്