Campus Alive

ഇസ്ലാം: പ്രത്യാശയും പ്രതിസന്ധിയും

ഇസ്ലാമികപ്രസ്ഥാനവും കഴിഞ്ഞ കാലത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും തമ്മിൽ രസകരമായ ഒരു സാദൃശ്യമുണ്ട്. രണ്ടിന്റെയും പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നു, തങ്ങളുടെ പരിശ്രമങ്ങളല്ല സാമൂഹിക മാറ്റത്തിനുള്ള യഥാർത്ഥഹേതു എന്ന് വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും അസന്ദിഗ്ധമായി സിദ്ധാന്തിക്കുന്നുണ്ട്, മനുഷ്യസമൂഹം സ്വാഭാവികമായും നിർബന്ധിതമായും വർഗരഹിതവും ഭരണകൂടമില്ലാത്തതുമായ ഒരു കമ്യൂണിസ്റ്റ് സ്വർഗത്തിലേക്ക് പരിണമിക്കുമെന്ന്. വ്യക്തികളോ ആദർശങ്ങളോ അല്ല മറിച്ച് സമൂഹത്തെയും സമ്പത്തിനെയും രാഷ്ട്രീയത്തെയും കുറിച്ച് മാറ്റമില്ലാത്ത നിയമങ്ങളാണ് മാനവസമുദായത്തിന്റെ പരിണതി നിർണയിക്കുന്നതെന്നാണ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് മതം. തത്വം ഇങ്ങനെയാണ് എന്നതുകൊണ്ട് ലോകത്തൊരിടത്തും കമ്യൂണിസ്റ്റുകൾ കൈയും കെട്ടി അടങ്ങിയിരുന്നില്ല. തങ്ങളുടെ മതത്തിന്റെ മാർഗത്തിൽ -കമ്യൂണിസം അതിനേ്റതായ രീതിയിൽ ഒരു മതമാണല്ലോ- അവരിൽ ചിലർ സർവവും ത്യജിച്ചു. ത്യാഗങ്ങളനുഷ്ഠിചു. തൊഴിലാളിവർഗത്തിന്റെ ഭാഗധേയം തങ്ങളുടെ ചുമലിലാണെന്ന ഉറച്ച ബോധത്തോടെ ഒളിവിലും തെളിവിലും പണിയെടുത്തു. കമ്യൂണിസ്റ്റുകളുടെ സിദ്ധാന്തവും അവരുടെ പ്രവർത്തനവും ഈ തരത്തിൽ പൂർവാപരവിരുദ്ധമാണെന്നാണ് ഞാൻ പറഞ്ഞത്.

അല്ലാഹു അനുഗ്രഹിച് മുസ്‌ലിംകളുടെ കാര്യത്തിലും ഇതേ രസകരമായ വൈരുധ്യം കാണാം. നമുക്ക് ഉറച ബോധ്യമുണ്ട് ഒരാൾക്കും സന്മാർഗദർശനം –ഹിദായത്ത്- നൽകാൻ നമുക്കാവില്ലെന്ന് അല്ലാഹുവിന്റെ കഴിവിൽപെട്ട കാര്യമാണത്. (അറബി) നമ്മൾ സാധാരണക്കാർ മാത്രമല്ല, നമ്മുടെ പ്രവാചകനും ഇക്കാര്യത്തിൽ നിസ്സഹായനായിരുന്നു. അദ്ദേഹമത് തുറന്നുസമ്മതിക്കുകയും ചെയ്തിട്ടുണ്ട് ഒരു ഭാഗത്ത് കവിയെന്നും, ഭ്രാന്തനെന്നും ആൾമാറാട്ടക്കാരനെന്നും അധികാര മോഹിയെന്നും ഖുറൈശികളാൽ ആക്ഷേപിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന് എത്രമാത്രം ഇച്ഛാഭംഗം ഉണ്ടായിരിക്കണം? മറുഭാഗത്ത് അമാനുഷിക വേലകൾ കാണിക്കാൻ വെല്ലുവിളിക്കപ്പെട്ടപ്പോൾ-അന്യാദൃശമായ അമാനുഷികദൃഷ്ടാന്തമായ ഖുർആൻ കൈയിലുണ്ടായിരുന്നെങ്കിലും- അദ്ദേഹം എത്രമാത്രം നിരാശനായിരിക്കണം. ദൈവേഛക്ക് പൂർണമായും കീഴ്വഴങ്ങിക്കൊണ്ടോ അഥവാ വിവേകംനൽകി അനുഗ്രഹിക്കപ്പെട്ടതുകൊണ്ടോ അല്ലെങ്കിൽ ആ രണ്ടു കാരണങ്ങളും ചേർന്നിട്ടോ (അറബി) എന്നു പ്രഖ്യാപിക്കാൻ സാധിക്കുംവരെ അദ്ദേഹം എത്രമാത്രം പ്രയാസപ്പെട്ടിരിക്കും?

പ്രവാചകൻ അനുഭവിച ഈ സംഘർഷം നമ്മളും പലപ്പോഴും അനുഭവിക്കാറില്ലേ? ആകാശഗോളങ്ങളുടെയും പ്രകൃതിയുടെയുമൊക്കെ സംവിധാനത്തെ കുറിച് വിവരിചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെ കുറിച് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച് പരാജയപ്പെടുമ്പോൾ നാം ഖിന്നരായിപ്പോകാറില്ലേ. അല്ലെങ്കിൽ ഖുർആനിലേക്ക് ഒരു സുഹൃത്തിന്റെ ശ്രദ്ധക്ഷണിക്കാൻ ശ്രമിചിട്ട്, അത് ബോറാണെന്നും പൂർവാപരവിരുദ്ധമാണെന്നും ആവർത്തന വിരസമാണെന്നും യുക്തിയുക്തമല്ലെന്നുമൊക്കെ അയാൾ ഒട്ടൊരു ഗൗരവത്തിൽ മറുപടി പറയുമ്പോൾ, തൗഹീദിന്റെ മാഹാത്മ്യവും ഇസ്ലാമിന്റെ ആത്മീയതയെകുറിച്ചുമൊക്കെ ബോധ്യപ്പെടുത്താൻ ശ്രമിചിട്ടും അയാൾ മദ്യത്തിലും മദിരാക്ഷിയിലും സുഖഭോഗങ്ങളിലും മുഴുകുന്നതുകാണുമ്പോൾ നമുക്കും പ്രവാചകൻ അനുഭവിച മാനസികാവസ്ഥ തോന്നാറില്ലേ.

പക്ഷേ, ഈയവസ്ഥയിലും അല്ലാഹുവാണ് ‌സത്യമെന്നും അവന് മാത്രമേ ഒരാൾക്ക് സന്മാർഗദർശനം നൽകാനാവൂ എന്നും നാം ഉള്ളുറച് മനസ്സിലാക്കുന്നു. വിസ്മയകരമായ ഒരു സംഭവം പറയട്ടെ. സാൻഫ്രാൻസിസ്കോയിൽ ഒരു ഗണിതശാസ്ത്രവിദ്യാർഥിയായിരുന്ന ജെഫ്രി ലാംഗിന്റെ കഥ. തന്നോട് ഒരിക്കൽ പോലും ഇസ്ലാമിനെകുറിച് പറഞ്ഞിട്ടില്ലാത്ത എന്നാൽ സർവ ഇസ്ലാമിക മര്യാദകളും പാലിചു ജീവിച ഒരു സഊദി അറേബ്യക്കാരൻ സഹപാഠിയാൽ അദ്ദേഹം ഇസ്ലാമിലേക്ക് ആകൃഷ്ടനായ കഥ. അങ്ങനെ ഈ ആകർഷണം മൂലം ഒരു നാൾ അദ്ദേഹം വിശുദ്ധ ഖുർആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ വായിചു  തുടങ്ങി. തനിക്കുവേണ്ടി എഴുതപ്പെട്ടതെന്ന് തോന്നും വിധം ഖുർആൻ അദ്ദേഹത്തെ ആകർഷിചു. ഖുർആൻ വായന ആത്മഭാഷണത്തിന്റേതും അനുരാഗത്തിന്റേതുമായ ഒരു സവിശേഷബന്ധം അല്ലാഹുമായി സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിചു. അങ്ങനെ ഒരു ദിവസം പതുങ്ങിപ്പതുങ്ങി യൂനി. കാമ്പസിലെ ഒരു നമസ്കാരപ്പള്ളിയിലേക്ക് അദ്ദേഹം കടന്നുചെന്നു. അവിടെയുള്ളവർ കാര്യമന്വേഷിച്ചപ്പോൾ എനിക്കു മുസ്ലിമാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇസ്ലാമിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്നന്വേഷിച്ചപ്പോൾ ഖുര്‍ആൻ വായിച്ച അനുഭവം മാത്രേമയുള്ളൂ എന്നായിരുന്നു ഉത്തരം. സ്വാഭാവികമായും നബിചര്യയെക്കുറിച്ചുകൂടി പഠിക്കേണ്ടതിന്റെ ആവശ്യകത അവരദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. എനിക്കവിടെ പ്രധാനമായി തോന്നിയത് അദ്ദേഹത്തിന്റെ മറുപടിയാണ്. ‘ഖുര്‍ആൻ വായിച്ച അനുഭവമേ എനിക്കുള്ളൂ’. ഈ മറുപടി അങ്ങേയറ്റം ഹൃദയസ്പൃക്കാണ്, മര്‍മ പ്രധാനവും. ഖുര്‍ആൻ ആ പരിവര്‍ത്തനം സൃഷ്ടിച്ചു.

എന്റേതും ജഫ്രിയുടേതിന്‌ സമാനമായ അനുഭവമാണ്. അള്‍ജീരിയയിലെ സ്വാതന്ത്ര്യസമരക്കാലത്ത് അള്‍ജിയേഴ്സിലെ ജര്‍മന്‍കോൺസുലേറ്റിൽ വൈസ്കോൺസുലറായി ഞാന്‍ നിയമിതനായി. അവിടെ വെച്ച് അള്‍ജീരിയൻ ജനതക്കെതിരായ, ഭാവനാതീതമായ, തുല്യതയില്ലാത്ത അതിക്രമങ്ങള്‍ക്ക് ഞാൻ ദൃക്സാക്ഷിയായി. കൂട്ടക്കൊല, തീവെപ്പ്, ഒരു മാസം ആയിരം പേര്‍ എന്ന തോതില്‍ അള്‍ജിയേഴസ് നഗരത്തില്‍മാത്രം മുസ്ലിംകൾ കൊലെ ചയ്യപ്പെട്ടു. അത്യന്തം ഭീഷണമായ ഈ ദുരവസ്ഥയിലും അവര്‍ കാട്ടിയ അച്ചടക്കം എന്നെ അത്ഭുതപ്പെടുത്തി. അള്‍ജീരിയൻ മുസ്ലിംകളുടെ സംയമനം, ക്ഷമ, ത്യാഗമനസ്സ്, മരിക്കാൻ പോലുമുള്ള സന്നദ്ധത. ഒരു യുവ നയതന്ത്ര ഉദ്യോഗസ്ഥനായ എന്നിൽ അവരെക്കുറിച്ച് ആകാംക്ഷ വളര്‍ത്തി. അവരുടെ പ്രചോദനകേന്ദ്രമായ, അവരെ നിയ്രന്തിക്കുന്ന ആദര്‍ശത്തെക്കുറിച്ച്, വേദ്രഗന്ഥത്തെക്കുറിച്ച് മനസ്സിലാക്കാന്‍വേണ്ടി ഞാന്‍ ഖുര്‍ആന്റെ ഒരു ഫ്രഞ്ച് പരിഭാഷ വായിക്കാനാരംഭിച്ചു. പലതും എന്നെ ആകര്‍ഷിച്ചു. മനുഷ്യ്രപകൃതിയുമായുള്ള അതിന്റെ താളപ്പൊരുത്തം അടക്കം പലതും. എങ്കിലും ഒരു വഴിത്തിരിവായത് ഖുര്‍ആന്റെ ‘ഒരാളും മറ്റൊരാളുടെയും ഭാരം ചുമക്കുന്നതല്ല’ എന്ന പ്രസ്താവന മാത്രമാണ്. ഒരു ക്രിസത്യാനിയായിരുന്ന എന്നെ ഈ പ്രസ്താവം പിടിച്ചുകുലുക്കി. വ്യക്തിബന്ധങ്ങളെക്കുറിച്ച ഒരു പ്രഖ്യാപനമാണ് അതെന്ന് ഞാൻ ആദ്യം തെറ്റിദ്ധരിക്കുകയും ചെയ്തു. അല്ലാഹു അനുഗ്രഹിച്ച് ഒരു മുസ്ലിം സഹോദരൻ തിരുത്തിത്തരുന്നതുവരെ. അദ്ദേഹം പറഞ്ഞു. ഇതിന് രണ്ടു വിവക്ഷയുണ്ടെന്ന് ഒന്നാമതായി, അത് ജന്മപാപം എന്ന ക്രൈസ്തവതത്വത്തെ നിരാകരിക്കുന്നു, രണ്ടാമതായി ഒരു പുരോഹിതനോ ദിവ്യനോ ഒരാളെയും വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ നിര്‍വഹിക്കുന്നതില്‍നിന്നും ഒഴിവാക്കിക്കൊടുക്കാനാവില്ലെന്നും. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവായിരുന്നു. ജന്മപാപം എന്നൊന്നില്ലെങ്കിൽ മനുഷ്യന് മോക്ഷം ആവശ്യമില്ല. മോക്ഷം വേണെങ്കിൽ പിന്നെ വിമോചകൻ എന്തിനാണ്? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ‘ഒരാളും മറ്റൊരാളുടെയും പാപം പേറേണ്ടതില്ല’ എന്ന ഈ തിരിച്ചറിവിനുമുന്നിൽ ക്രൈസ്തവ ജീവിതവീക്ഷണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നതായിട്ടാണ് എനിക്ക് തോന്നിയത് ഇതേ വചനത്തിന്റെ രണ്ടാമത്തെ വിവക്ഷയും എന്നെ സംബന്ധിച്ചേടത്തോളം സുപ്രധാനമായിരുന്നു. അവനവന്റെ കാര്യത്തിൽ അവനവൻ മാത്രമാണ് ഉത്തരവാദിയെങ്കിൽ, സങ്കല്‍പിക്കാനാവുന്നതിൽ ഏറ്റവും സ്വത്രന്തമായ ആധുനിക  മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാലും ഏറ്റവും വിമോചിതനായ ദൈവദാസൻ ഒരു മുസ്ലിമാണെന്നും എനിക്കു മനസ്സിലായി. യാതൊരു ഒളിച്ചുകളിയുമില്ലാതെ ഇടയാളനില്ലാതെ മുസ്ലിംകൾ അവരുടെ ദൈവത്തെ നേര്‍ക്കുനേരെ അഭിമുഖീകരിക്കുന്നു. അങ്ങനെ മുസ്ലിംകളില്‍നിന്നും നേരിട്ട് യാതൊരു സ്വാധീനവും ഇല്ലാതെ തന്നെ, ഖുര്‍ആൻ എന്നെ അല്ലാഹുവിന്റെ വഴിയിലേക്ക് -ഫീ സബീലില്ലാഹ്- ആനയിച്ചു. എന്റെ മകൻ പതിനെട്ടാം വയസ്സായപ്പോൾ അവന് ജന്മദിന ഉപഹാരമെന്ന നിലയിൽ ഞാനൊരു പ്രബന്ധം എഴുതി. എനിക്ക്‌ യുക്തിയുക്തമെന്ന് തോന്നിയ കാര്യങ്ങൾ കാര്യകാരണ ബന്ധിതമായി ക്രമ്രപവൃദ്ധമായി എഴുതുകയായിരുന്നു. 14 പേജ് മാത്രം ദൈര്‍ഘ്യമുള്ള ആ പ്രബന്ധം കൊളോണിലെ ഒരു ഈജിപഷ്യൻ ഇമാമിന് ഞാൻ കാട്ടിക്കൊടുത്തപ്പോൾ അദ്ദേഹം ഉടന്‍ പറഞ്ഞു: ‘ഇതില്‍ എഴുതിയ കാര്യങ്ങളിൽ താങ്കള്‍ വിശ്വസിക്കുന്നുവെങ്കിൽ താങ്കളൊരു മുസ്ലിമാണ്’. എന്റെ മറുപടി ഇതായിരുന്നു: ‘ഞാനെഴുതിയത് വളരെ ബോധപൂര്‍വമാണ്. ഞാനിതിൽ വിശ്വസിക്കുന്നു. അതെ, ഞാനൊരു മുസ്ലിമാണെന്നുതന്നെയാണ് എന്റെയും വിചാരം’. ഈ സംഭാഷണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ഞാന്‍ ഔപചാരികമായി ശഹാദത്ത് കലിമ ചൊല്ലി.

ഇതുവരെ പറഞ്ഞുവന്നത്‌ സന്മാര്‍ഗദര്‍ശനം അല്ലാഹുവിനുമാത്രം സാധിക്കുന്ന കാര്യമാണെന്നാണ്. എന്നാൽ അല്ലാഹുമാത്രമാണ് ‌സന്മാര്‍ഗദര്‍ശനം നല്‍കുന്നത് എന്നതുകൊണ്ട് മുസ്ലിംകള്‍ക്ക് ദൈവേച്ഛയുടെ വാഹകരാകാൻ സാധിക്കുകയില്ല എന്നുവരുന്നില്ല. തെറ്റായ ഒരു സമീപനം അസംഖ്യം തെറ്റായ രീതികളിലേക്ക് നയിച്ചേക്കാം. അതെ അല്ലാഹുവിന്റെ സൃഷ്ടികളെന്ന നിലയ്ക്ക്, ഭൂമിയിലെ അവന്റെ പ്രതിനിധി എന്ന നിലയക്ക്, അവന്റെ ഇച്ഛയുടെ വാഹകരെന്ന നിലയക്ക് ആത്മവിശ്വാസത്തോടെ നാം കര്‍മനിരതരാവണം. ഇങ്ങനെ പറയുമ്പോൾ ഒരു സാമ്പ്രദായിക ക്രിസ്ത്യൻ സുവിശേഷകനെപ്പോലെ നാം ആയിത്തീരണം എന്നല്ല അർഥം. നമ്മുടെ രീതി തികചും വ്യത്യസ്തമാണ്. വിദ്യാഭ്യാസം, സാമ്പത്തികസഹായം, ആശുപത്രി, സാമൂഹ്യസേവനം തുടങ്ങി പ്രീണനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും ക്രിസത്യൻ സുവിശേഷകൻ അവലംബിക്കുന്നുണ്ട്. മറുവശത്ത് തങ്ങളുടെ പ്രവാചകനുണ്ടായിരുന്ന അതേ ദൃഢബോധ്യമാണ് മുസ്ലിംകളെ മുന്നോട്ട് നയിക്കുന്നത്. തങ്ങളുടെ ബാധ്യത ഇസ്‌ലാമിനെ സാധ്യമാവുംവിധം ആവിഷ്‌കരിച് കാണിക്കലും ഇസ്‌ലാമിലേക്ക് ക്ഷണിക്കലും മാത്രമാണെന്നവർക്കറിയാം. അടിചേൽപിക്കലോ ബലപ്രയോഗമോ പ്രലോഭനമോ തങ്ങൾക്ക് ചേർന്നതല്ലെന്നും ഇസ്‌ലാമിൽ അനുവദനീയമല്ലെന്നും മുസ്‌ലിംകൾക്കറിയാം. ഒരു വ്യാവസായിക ഉൽപന്നമെന്ന  പോലെ 50 സെക്കന്റ് ടി.വി. പരസ്യത്തിലൂടെ, ബംബർ ടിക്കറ്റിലൂടെ, ഖുർആൻ പരിഭാഷകൾ സൗജന്യമായി വാരിക്കോരി വിതറിക്കൊണ്ട് ആശയപ്രചാരണം നടത്തുന്നത് ഇസ്ലാമിന്റെ അന്തസ്സിന് ചേർന്നതല്ല. ലഭ്യം പോലെ നമുക്ക് മാർഗവും സുപ്രധാനമാണ്. മാധ്യമങ്ങൾക്ക് അവരുടേതായ നിയമങ്ങളും ശരിതെറ്റുകളുമുണ്ടെന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. നല്ല കാര്യങ്ങൾക്ക് അവരുടെ രീതിയനുസരിച് വാർത്താമൂല്യം ഉണ്ടാകണമെന്നില്ല. മ്ലേഛമായ കാര്യങ്ങളിൽ അവർക്ക് ‌സവിശേഷമായ താൽപര്യം തന്നെയുണ്ടുതാനും. മാധ്യമവ്യവസ്ഥയ്ക്കുള്ളിൽ കടന്നുചെന്ന് പരിവർത്തനം സാധിചെടുക്കാൻ കഴിഞ്ഞാലേ കാര്യമുള്ളൂ. ഇതെല്ലാം തിരിചറിഞ്ഞ് വളരെ സൂക്ഷ്മതയോടെ പ്രവർത്തിചാൽ മാത്രമേ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടാനാവൂ.

ഇസ്ലാമിന്റെ കലാപരവും വൈജ്ഞാനികവുമായ പാരമ്പര്യം സംരക്ഷിക്കലും പ്രബോധനത്തിന്റെ താൽപര്യത്തിൽ പെടുന്നു. വിശ്രുതമായ ഇസ്ലാമിക ഗ്രന്ഥങ്ങൾ നമ്മുടെ പ്രാദേശിക ഭാഷകളിൽപോലും ലഭ്യമാക്കണം. ഇംഗ്ലീഷിൽ ഇന്ന് പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഇംഗ്ലീഷ് ഇസ്ലാമിന്റെ രണ്ടാം ഭാഷയായിരിക്കുന്നു എന്നുതന്നെ പറയാം. അന്തലൂസിയയുടെയും ബാഗ്ദാദിന്റെയുമൊക്കെ മഹത്തായ പാരമ്പര്യത്തെക്കുറിചുള്ള ആവേശത്തെക്കാളേറെ പ്രധാനമാണ് നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ സംരക്ഷണമെന്നതിൽ സംശയമില്ല.

യുക്തിവാദവും പ്രത്യക്ഷവാദവും ശാസ്ത്രവാദവുമൊക്കെ ഇസ്ലാമിക പ്രബോധനത്തിനുമുന്നിൽ ഉയർത്തുന്ന ചോദ്യങ്ങളെക്കുറിചും ചിലത് പറയേണ്ടതുണ്ട്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഇവ പ്രബലമാകുന്നതുവരെ ലോകജനത മതത്തിന്റെയടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരുന്നത്. ഓരോ മതക്കാരും വ്യത്യസ്തങ്ങളായ ദൈവസങ്കൽപ്പങ്ങൾ വചുപുലർത്തിയെങ്കിലും ആരും ദൈവത്തെ നേർക്കുനേരെ നിഷേധിചില്ല. വേദ്രഗന്ഥങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ആരും ദൈവിക വെളിപാട് എന്ന സങ്കൽപത്തെ ചോദ്യം ചെയ്തില്ല. എന്നാൽ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ സ്ഥിതിമാറി. നാസ്തികതയും അജ്ഞേയവാദവും അടിത്തറ തന്നെയാക്കിക്കൊണ്ടുള്ള ഒരു ലോകം, ഒരു നാഗരികത പാശ്ചാത്യലാകത്ത് ഉദയംകൊണ്ടു. ക്രൈസ്തവലോകം യഥാർഥത്തിൽ ഇപ്പോൾ ഒട്ടും തന്നെ ക്രൈസ്തവമല്ല. ഭൗതിക വാദമാണവിടത്തെ ആദർശം. ഇന്ദ്രിയാതീതമായ എന്തും ജീവിതത്തിൽ നിന്ന് അറുത്തുമാറ്റപ്പെട്ടിരിക്കുന്നു. മതനിരാസമാണ് പുതിയ മതം. ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യൻ സ്വയം പ്രതിഷ്ഠിചുണ്ടാക്കിയ മതം. എല്ലാ മൂല്യങ്ങളുടെയും കേന്ദ്രം താൻ തന്നെയാണെന്നായി മനുഷ്യന്റെ വിചാരം. പ്രാപഞ്ചിക യാഥാർഥ്യങ്ങൾക്ക് പകരം വ്യക്തിനിഷ്ഠമായ യാഥാർഥ്യങ്ങൾ സ്ഥാനം പിടിചു. കാന്റും മാർക്സും ഡാർവിനും ഫ്രോയിഡും നീഷേയും ഐൻസ്റ്റീനും പുതിയ പ്രവാചകരായി. അവരുടെ വീക്ഷണങ്ങൾ ചിലപ്പോൾ അവർ തന്നെ വിവക്ഷിക്കാത്ത തരത്തിൽ ലോകത്തിന്റെ വേദമായി. പ്രകൃതിയിൽ നിന്നോ യുക്തിയുടെ വഴിയിലൂടെയോ ദൈവാസ്തിക്യം തെളിയുന്നില്ലെന്ന് കാന്റിൽനിന്ന് അവർ പഠിചു. ഭൗതിക സാഹചര്യങ്ങളുടെ കേവലം പ്രതിഫലനമാണ് ആശയങ്ങൾ എന്ന് മാർക്സ്. മനുഷ്യന്റെ ഉത്ഭവം കേവലം യാദൃശ്ചികമാണെന്ന് ഡാർവിൻ. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് അവൻ ഉത്തരവാദിയല്ലെന്നും പ്രാകൃതമായ ഇച്ഛകൾക്ക് ‌വഴങ്ങിക്കൊടുക്കുകയാണ് വേണ്ടതെന്നുമുള്ള സുവിശേഷമായിരുന്നു ഫ്രോയിഡിന്റേത്. ദൈവം മരിചതായി നീഷേ അസന്ദിഗ്ധമായി പ്രഖ്യാപിചു. എല്ലാം ആപേക്ഷികമാണെന്നും അതുകൊണ്ട് തന്നെ എന്തുമാകാമെന്നും ഐൻസ്റ്റീൻ. ഈ രൂപത്തിൽ ഇവരുടെ സിദ്ധാന്തങ്ങളെ പാശ്ചാത്യൻനാഗരികത അതിന്റെ വാർപ്പുമാതൃകകളാക്കിമാറ്റി.

ഒരു മതവിശ്വാസിക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതിൽ നിന്നും തികചും ഭിന്നമാണ് ഒരു നാസ്തികന്റെ കാര്യത്തിൽ ചെയ്യാനുള്ളത്. ഖുർആൻ ദൈവികമാണെന്ന് നമുക്കൊരു മതവിശ്വാസിയോട് പറയാം. ദൈവാസ്തിക്യത്തെയോ വെളിപാടിനെയോ അവർ നിഷേധിക്കുന്നില്ലല്ലോ. ഖുർആന്റെ ആധികാരികത അയാൾക്ക് ബോധ്യപ്പെടേണ്ട പ്രശ്നമേയുള്ളൂ. എന്നാൽ ഒരു അജ്ഞേയ വാദിയെ നിങ്ങൾക്കങ്ങനെ സമീപിക്കാനാവില്ല. ദൈവാസ്തിക്യം തന്നെ ആദ്യം സമർഥിക്കണം. കാര്യകാരണവാദമോ ജീവതത്വശാസ്ത്രമോ ചരിത്രമോ പറഞ്ഞതുകൊണ്ട് മാത്രം ഇത്തരക്കാരെ സംബന്ധിചേടത്തോളം തെളിവാകുന്നില്ല. ഓക്‌സ്‌ഫോർഡ് പ്രഫസ റിചാർഡ് ‌സ്വിൻബേണിന്റെ ‘ഓൺ ദ എക്സിസ്റ്റൻസ് ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ സമീപനമാണ് എനിക്ക് കരണീയമായി തോന്നുന്നത്. എല്ലാ ഭൗതിക-ജീവശാസ്ത്ര സങ്കേതങ്ങളെയും സമഗ്രമായി പരിശോധിച ശേഷം അദ്ദേഹം ഉപസംഹരിക്കുന്നു: ‘ദൈവം ഇല്ല എന്നത് വളരെ അസാധ്യമാണ്. അതായത് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് തന്നെ ദൈവമുണ്ട് എന്നത്‌ വിശ്വാസ യോഗ്യവുമാണ്’. ഖുർആനിലും ഇതേ സമീപനം കാണാം. എന്നാൽ ദൈവവിശ്വാസിയുടെ വിശ്വാസത്തെ പ്രകൃതിനിരീക്ഷണം അരക്കിട്ടുറപ്പിക്കുന്നുണ്ട്. പ്രകൃതി നിരീക്ഷണം ദൈവവിശ്വാസത്തെ അനിവാര്യമാക്കുന്നില്ല. ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് കണിശമായി അറിഞ്ഞിരിക്കേണ്ടത് പ്രബോധനത്തിന്റെ മുന്നുപാധിയാണ്. അവരുടെ സംസ്കാരത്തെക്കുറിച്ചും വീക്ഷണത്തെക്കുറിചും മിത്തുകളെക്കുറിചും നാഗരികമായ പൊതുബോധത്തെക്കുറിചുമൊക്കെ വിശ്വാസിക്ക് കണിശമായ അവബോധം വേണ്ടതുണ്ട്. അഥവാ പ്രാദേശികമായ തലത്തിൽ പരസ്പരം അറിയുന്നവർ തമ്മിലേ ഫലപ്രദമായ ദഅ്്വത്ത് ‌സാധ്യമാകൂ. ഏത് ഇറക്കുമതിയും കയറ്റുമതിയും തിരിചടിക്കുമെന്ന തിരിച്ചറിവും നാം ആർജിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക പ്രബോധനത്തിന്റെ ശൈലിയെക്കുറിചാണ് ഇതുവരെ നമ്മൾ സംസാരിചത്. എന്തായിരിക്കണം അതിന്റെ ഉള്ളടക്കം? മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന ഒരു വിനാശത്തിൽ നിന്ന് രക്ഷനൽകുന്ന എന്ത് വാഗ്ദാനമാണ് നമുക്ക് ക്രിയാത്മകമായി നൽകാനുള്ളത്? എന്റെ ഉത്തരം ഇക്കാര്യത്തിൽ നമ്മൾ ധന്യരാണെന്നതാണ്. ഭൗതികപ്രധാനമായ ഒരുജീവിത സംസ്കാരത്തിന് മികച്ച ഒരു ബദല്‍തന്നെ നമുക്ക്

സമര്‍പ്പിക്കാനുണ്ട്. കെട്ടിക്കുടുക്കില്ലാത്ത നമ്മുടെ ദൈവസങ്കല്‍പം വിചാരശീലരെ തീര്‍ച്ചയായും സംതൃപതരാക്കും. കുടുംബ സംവിധാനത്തോടും പരിപാവനമായ പരസ്പരബന്ധങ്ങളോടുമുള്ള നമ്മുടെ പ്രതിബദ്ധത ആരെയും ആകര്‍ഷിക്കാതിരിക്കില്ല. ഗര്‍ഭഛിദ്രത്തോടും സ്വവര്‍ഗരതിയോടും അശ്ലീലതയോടുമുള്ള നമ്മുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം ശ്രദ്ധേയമാണ് മാധ്യമങ്ങളുടെ അശ്ലീലവല്‍ക്കരണത്തെക്കുറിച്ച് നമ്മെപ്പോലെ ജാഗരൂകരായ ഒരു സമുദായമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതില്‍നിന്നും ലോകത്തെ രക്ഷിക്കാനും അത്തരം ശക്തികളെ ചെറുത്തുതോല്‍പിക്കാനും നമുക്കേ കഴിയൂ.

ഒരുസമുദായമെന്നനിലയിൽ ഇക്കാര്യത്തിൽ മുസ്ലിംകളോളം സുരക്ഷിതരും കരുത്തുള്ളവരുമായി മറ്റാരുമില്ല. വംശീയമേധാവിത്വത്തിനും ആഢ്യത്വങ്ങള്‍ക്കും അറുതിവരുത്തി ലോകത്തെ എല്ലാതരം വെറികളില്‍നിന്നും മോചിപ്പിക്കാൻ ഇസ്‌ലാമിന് അതുല്യമായ കരുത്തുണ്ട്. മനുഷ്യര്‍ക്കിടയിലെ എല്ലാതരം വിവേചനങ്ങളും ഇസ്ലാം ശക്തമായി നിരാകരിക്കുന്നു. പുരോഹിതനോ ദിവ്യനോ ഇടയാളനോ ഇല്ലാതെ ദൈവവുമായി ഓരോവ്യക്തിയും നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഇസ്ലാമിക സമീപനത്തോളം വ്യക്തിപ്രധാനവും ആധുനികത തികഞ്ഞതുമായ തത്വം മറ്റേതെങ്കിലും മതത്തിലുണ്ടോ? സ്ത്രീയെ കേവലം ലൈംഗികോപാധിയാക്കുന്നതിനെ ചെറുത്ത് അവര്‍ക്ക് ‌സ്ത്രീത്വവും അന്തസ്സും നല്‍കുന്ന, ഇസ്‌ലാമിനോളം ഫെമിനിസത്തിന്റെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റേതെങ്കിലും ആശയമുണ്ടോ? ലൈംഗികതയെ അതിന്റേതായ പരിധിക്കുള്ളിലായിരിക്കുമ്പോൾ കാരുണ്യത്തിന്റെയും ആരാധനയുടെയും പദവിനല്‍കി ആദരിച്ച ഇസ്‌ലാമിനോളം ലൈംഗികാതിപ്രസരത്തെ ചെറുക്കാൻ മറ്റാര്‍ക്കുകഴിയും? അമിതമായ ഉപഭോഗത്വരയെ റമദാന്‍ വ്രതത്തിന്റെ സംസ്‌കാരത്തിലൂടെ പ്രതിരോധിക്കുന്ന ഇസ്‌ലാമിന്റെ കരുത്ത് മറ്റേത് പ്രത്യയശാസ്ത്രത്തിനാണുള്ളത്? ആധുനികജീവിതം സമ്മാനിച്ച വിഷാദ രോഗവും സമ്മര്‍ദങ്ങളും വ്യക്തികളുടെ ഒറ്റെപ്പടലും മറികടക്കാൻ ഇസ്ലാമിന്റെ ആത്മീയതയോളം പോന്ന ഔഷധമുണ്ടോ? മുസ്‌ലിംകളോളം സൗഭ്രാത്രവും സാഹോദര്യവും മറ്റേത് സമുദായത്തിലുണ്ട്? സാമ്പത്തിക രംഗത്ത് എല്ലാ ഇടപാടുകളിലും ലാഭചേതങ്ങളിലെ പങ്കും പങ്കാളിത്തവും അടിസ്ഥാനമാക്കിയ ഇസ്ലാമിക സാമ്പത്തിക സമീപനത്തോളം ഉല്‍പാദ നക്ഷമവും സുരക്ഷിതവും വളര്‍ച്ചോന്മുഖവും സമ്പത്തിന്റെ വിതരണം ഉറപ്പുവരുത്തുന്നതുമായ ഏത് ആശയമാണുള്ളത്?

ഇനി എനിക്ക് പങ്കുവയ്ക്കാനുള്ളത് ഇസ്ലാമിന്റെ ഭാവിയെക്കുറിച്ച് ചില വിചാരങ്ങളാണ്. ഇക്കാര്യത്തിൽ ഒരു സമ്മിശ്രചിത്രമാണുള്ളത്. മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത വേഗത്തിലാണ് ഇന്ന് ഇസ്‌ലാം വ്യാപിക്കുന്നത്. അതിന്റെ സാര്‍വലൗകികതയും സാര്‍വജനീനതയും അനുദിനം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനം പോലെയുള്ള കേവലം സാങ്കേതികമായ അര്‍ഥത്തിലല്ല ഇസ്ലാം വളരുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇസ്ലാമാണ് വളരുന്ന ഏകമതം. അവിടങ്ങളിൽ ഇപ്പോള്‍ തന്നെ അത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. ആസ്ട്രിയയും ബെല്‍ജിയവും സ്പെയിനും പോലെയുള്ള ഏക മതാധിഷ്ഠിത രാജ്യങ്ങളില്‍പോലും ഇസ്‌ലാമിന് ഔദ്യോഗികമായ പദവി കിട്ടിയിരിക്കുന്നു. എന്റെ നാടായ ജര്‍മനിയിലും ഇസ്‌ലാമിലേക്ക് അനുദിനം ആളുകള്‍ വളരെ ബോധപൂര്‍വം കടന്നുവരുന്നു. ഫ്രാന്‍സിലെയും ബ്രിട്ടനിലെയും സ്ഥിതിയും വ്യത്യസ്തമല്ല. അമേരിക്കൻ സൈന്യത്തിൽ പോലും ഇന്ന് 8000 മുസ്ലിംകളുണ്ട്. മൂന്ന് ഇമാമുകള്‍ അവര്‍ക്കായി നിയമിക്കപ്പെട്ടിരിക്കുന്നു.മുസ്ലിം തുര്‍ക്കിയിൽ പോലും സൈന്യത്തിൽ ഇമാമുമാരില്ലെന്നോര്‍ക്കുക. അതേസമയം തന്നെ ഇസ്ലാമിനുനേരെയുള്ള വെറുപ്പും വിരോധവും പ്രതിരോധവും വളരുക തന്നെയാണ്. ലോകമാധ്യമരംഗത്തെ സയണിസ്റ്റ് സ്വാധീനം ഇതിന്റെ ഒരു കാരണം തന്നെയാണ്. ഇസ്ലാം ദുര്‍ബലമാകേണ്ടത് ഇസ്രയേലിന്റെ നിലനില്‍പിന് അനുപേക്ഷണീയമാണെന്ന് അവര്‍ക്കറിയാം. ഇസ്ലാമിനെ അറബ്‌സംസ്കാരത്തോട് ചേര്‍ത്തുകാണുന്നതും ആ നിലയിൽ അതിനോടുള്ള അകല്‍ച്ചയും മറ്റൊരു കാരണം തന്നെയാണ്. മുസ്‌ലിംലോകം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണെന്നുമുള്ള തെറ്റിദ്ധാരണ മറ്റൊരു കാരണമാണ്. ഈ തെറ്റിദ്ധാരണയാണ് ഇസ്ലാമിനു മുന്നിലുള്ള യഥാര്‍ഥ തടസ്സം. ആശയപരമായി ഇസ്ലാമിന്റെ ആകര്‍ഷണീയത അന്യാദൃശമാണെങ്കിലും ചൂണ്ടിക്കാണിക്കാൻ മാതൃകാസമൂഹമോ രാഷ്ട്രമോ സമ്പദ്മാതൃകയോ ഇല്ലാത്തതും തടസ്സമാകുന്നുണ്ട്.

ആദ്യമായും അവസാനമായും നമുക്കുണ്ടാകേണ്ട ബോധ്യം അനിസ്ലാമികമായ സാഹചര്യത്തിൽ ഇസ്ലാമിനെ ജീവിത്തിൽ പൂർണമായും ആവിഷ്കരിക്കുന്നതിനോളം ഫല്രപദമായ പ്രബോധന രീതി വേറെയില്ല എന്ന തിരിച്ചറിവാണ് ഇന്നോ നാളെയോ നമ്മുടെ അയൽക്കാർ നമ്മിലേക്ക് ശ്രദ്ധ തിരിക്കും. നമ്മുടെ വിശുദ്ധി, സൗഹാർദം, വിശ്വസ്തത, സദാചാരനിഷ്ഠ, ഐക്യബോധം ഇതെല്ലാം അവരിൽ ആകാംക്ഷയുണർത്താതിരിക്കില്ല. അവർ നമ്മിലേക്ക് നോക്കുമ്പോൾ നമ്മിലെ പ്രബോധകൻ ഉണരാതെ വയ്യ പ്രതിസന്ധികളിൽ നിന്നും പ്രത്യാശയിലേക്ക് നമുക്ക് മുന്നേറാതിരിക്കാനും ആവില്ല.

 

(എസ് ഐ ഒ സംഘടിപ്പിച്ച(2000,ഫെബ്രുവരി) ദക്ഷിണ കേരള സമ്മേളനത്തിൽ മുറാദ് ഹോഫ്മൻ നടത്തിയ പ്രഭാഷണം)

മുറാദ് ഹോഫ്മൻ