Campus Alive

സിനിയഡ് ഓ കോണർ (ശുഹദ സ്വദഖത്ത്) നെ ഓർമിക്കുമ്പോൾ

(അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എൻ പി ആർ'(നാഷണൽ പബ്ലിക് റേഡിയോ)ന്റെ അവതാരകനായ സ്കോട്ട് ഡെട്രോയ്, അയർലണ്ടിലെ ഇസ്‌ലാമിക് സെന്ററിന്റെ ചീഫ് ഇമാമായ ശൈഖ് ഉമർ ഖാദിരിയുമായി നടത്തിയ സംസാരത്തിന്റെ സ്വതന്ത്ര വിവർത്തനം. അദ്ദേഹം കഴിഞ്ഞയാഴ്ച അന്തരിച്ച സിനിയഡ് ഓ കോണറിന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു)

സ്കോട്ട് ഡെട്രോയ് (അവതാരകൻ): ” സിനിയഡ് ഓ കോണറിനെ ലോകത്തിന് നഷ്ടമായിരിക്കുന്നു. ലോകപ്രശസ്ത ഗായികയും ഗാനരചയിതാവും ഗ്രാമി അവാർഡ് ജേതാവുമായ സംഗീതജ്ഞയായിരുന്നു അവർ. തന്റെ ഗാനങ്ങൾ കൊണ്ടും ആക്ടിവിസം കൊണ്ടും സാധാരണത്വത്തിന്റെ എല്ലാ അതിർവരമ്പുകളേയും ഭേദിക്കാൻ അവർക്ക് സാധിച്ചിരുന്നു. 1992-ൽ ‘സാറ്റർഡേ നൈറ്റ് ലൈവ്’ ഷോയിൽ വെച്ചുണ്ടായ സംഭവം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോപ്പായ ജോൺ പോൾ രണ്ടാമന്റെ ചിത്രം ജനമധ്യേ കീറിയായിരുന്നു അന്ന് കോണർ ഷോ അവസാനിപ്പിച്ചത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളോടുള്ള ചർച്ചിന്റെ മൗനത്തിലുള്ള പ്രതിഷേധമായിരുന്നു അത്.”

(‘സാറ്റർഡേ നൈറ്റ് ലൈവ്’ ഷോയിലെ ഒരു ശബ്ദരേഖ)

സിനിയഡ് ഓ കോണർ പാടുന്നു: “_ ഈവിൾ. ഫൈറ്റ് ദി റിയൽ എനിമി._ (യഥാർത്ഥ ശത്രുവിനെ തുരത്തൂ!)”

സ്കോട്ട് ഡെട്രോയ് തുടരുന്നു: “അയർലണ്ടിൽ ഒരു കത്തോലിക് ചുറ്റുവട്ടത്തിലാണ് കോണർ വളരുന്നത്. ചർച്ചുമായിട്ടുള്ള അവരുടെ ബന്ധം അന്ന് മുതൽക്കുള്ളതാണ്. ഐറിഷ് ടി വി ചാനലായ ‘ആർ ടി ഈ വണ്ണി’ലെ ‘ദ ലെയ്റ്റ് ലെയ്റ്റ് ഷോ’യിൽ വെച്ച് അവരത് വ്യക്തമാക്കുന്നുണ്ട്.”

(‘ദ ലെയ്റ്റ് ലെയ്റ്റ് ഷോ’യിലെ ഒരു ശബ്ദരേഖ)

സിനിയഡ് ഓ കോണർ: “ഇന്നുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അയർലണ്ടിലാണ് ഞാൻ വളർന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഇത് അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു. ജനങ്ങളുടെ അവസ്ഥ ദയനീയം. ആർക്കും ദൈവത്തിൽ സന്തോഷം കണ്ടെത്താനാവാത്ത അവസ്ഥ!”

ഡെട്രോയ്: “കോണറിന്റെ പ്രക്ഷുബ്ധമായ ഈ ആത്മീയ യാത്ര പലപ്പോഴും പൊതുവേദികളിൽ ചർച്ചയാവാറുണ്ടായിരുന്നു. എന്നാൽ, ഈ യാത്ര അവരെ എവിടെയാണ് കൊണ്ടെത്തിച്ചതെന്ന് ചുരുക്കം ചിലർ മാത്രമേ ചർച്ചചെയ്യാറുള്ളൂ. 2018-ലാണ് കോണർ ഇസ്‌ലാം സ്വീകരിക്കുന്നത്.”

(ആർക്കെയ്‌വ്സിലുള്ള ഒരു ശബ്ദരേഖ)

സിനിയഡ് ഓ കോണർ: “നിങ്ങൾ ഖുർആൻ പഠിക്കുകയാണെങ്കിൽ നിങ്ങൾക്കത് മനസ്സിലാവും. നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളൊരു മുസ്‌ലിമായിരുന്നു. നിങ്ങളത് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് മാത്രം. റിവേർട്ട് (മടക്കം) എന്ന പദത്തെ മനസ്സിലാക്കേണ്ടതങ്ങനെയാണ്. എനിക്ക് സംഭവിച്ചതതാണ്.”

ഡെട്രോയ്: “അയർലണ്ടിലെ ഇസ്‌ലാമിക് സെന്ററിന്റെ ചീഫ് ഇമാമാണ് ശെയ്ഖ് ഉമർ ഖാദിരി. അദ്ദേഹം സിനിയഡ് ഓ കോണറിന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. ‘ALL THINGS CONSIDERED’ (‘എൻ പി ആർ’ ചാനലിൽ അവതരിപ്പിക്കുന്ന ഷോകളിൽ പ്രശസ്തമായ ഒന്ന്) ലേക്ക് സ്വാഗതം. താങ്കളോട് സംവദിക്കാനവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. അത് ഇത്തരമൊരു അവസരത്തിലായതിൽ ദുഃഖവുമുണ്ട്.”

ശൈഖ് ഉമർ ഖാദിരി: “എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ നന്ദി. സിനിയഡ് എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഞങ്ങളുടെ സോദരിയും.”

ഡെട്രോയ്: “ഒരു മുസ്‌ലിമെന്ന നിലയിൽ സിനിയഡിനെ നിങ്ങൾക്ക് ആദ്യം തൊട്ടേ അറിയാമായിരുന്നല്ലോ. അവരുടെ ഇസ്‌ലാം ആശ്ലേഷണത്തിലും നിങ്ങൾ സാക്ഷിയായിരുന്നു. നിങ്ങൾക്കിടയിലെ ആദ്യകാല സംഭാഷണങ്ങൾ എങ്ങനെയായിരുന്നെന്ന് ഞങ്ങളോട് പറയാമോ?”

ശൈഖ് ഉമർ ഖാദിരി: “സഹോദരി ഷുഹദാ സിനിയഡ് ആദ്യം ഇസ്‌ലാമിക് സെന്ററിനെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അതിന്റെ ഭാഗമായി ഞങ്ങൾ തമ്മിൽ ഏകദേശം രണ്ട് മൂന്ന് മണിക്കൂർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ വർത്തമാനത്തിൽ തന്നെ ഇതൊരു സാധാരണ സ്ത്രീയല്ലയെന്ന് എനിക്ക് മനസ്സിലായിരുന്നു. സ്വന്തമായി ഒരുപാട് ഗവേഷണങ്ങൾ നടത്തിയതിന് ശേഷമായിരുന്നു അവർ ഞങ്ങളുടെ മുമ്പിൽ വന്നിരുന്നത്. സാധാരണ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളായിരുന്നില്ല അവർ ചോദിച്ചത്. അവയോരോന്നും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടവയായിരുന്നു. ചിലത് ഖുർആനിലെ ചില സൂക്തങ്ങളുമായി ബന്ധപ്പെട്ടതും.”

“ആദ്യത്തെ കൂടിക്കാഴ്ചയിൽ അവർ ആരാണെന്ന് എനിക്കൊരു ധാരണയുമില്ലായിരുന്നു. പിരിയുന്നതിന് മുമ്പ് കൂടിക്കാഴ്ചയെ പറ്റി മാധ്യമങ്ങൾ അറിയരുതെന്ന് അവർ പറഞ്ഞു. ഇത് കേട്ട എന്റെ മുഖഭാവം കണ്ടിട്ടാവണം അവരെന്നോട് തന്നെ കുറിച്ച് ഗൂഗിളിൽ തപ്പാൻ പറഞ്ഞത്. അപ്പോൾ മാത്രമാണ് ഇത്രയും നേരം എന്റെ മുൻപിൽ എളിമയോട് ഇരുന്ന് സംസാരിച്ചത് ലോക പ്രശസ്ത ഗായികയാണെന്ന് ഞാനറിയുന്നത്. അതിന് ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ദീർഘനേരം ചർച്ചയും നടന്നു. അന്നാണ് അവർ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കുന്നത്.”

ഡെട്രോയ്: “നേരത്തെ നിങ്ങളവരെ ഷുഹദാ എന്നാണല്ലോ വിളിച്ചത്. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷമാണ് അവർ പുതിയ പേര് സ്വീകരിക്കുന്നത്. അതോടെ അവർ മറ്റൊരു ആത്മീയപാത തേടുകയായിരുന്നു എന്നത് വ്യക്തം. സിനിയഡിനെ ഇസ്‌ലാമിലേക്ക് ആകർഷിപ്പിച്ചതെന്താണ്?”

ശൈഖ് ഉമർ ഖാദിരി: “അവരെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചതിൽ ഒന്നാമതായി ഞാൻ മനസ്സിലാക്കിയ കാര്യം, ഇസ്‌ലാമിൽ ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുമെന്നതാണ്. നിങ്ങൾക്കും ദൈവത്തിനുമിടയിൽ മറ്റൊരു ഇടനിലക്കാരനില്ല. നിങ്ങൾ നേരിട്ട് ദൈവത്തോട് സംവദിക്കുന്നു. ഒരു വിശ്വാസിയെന്ന നിലക്ക് ഞങ്ങൾക്ക് ഈസയിലും മൂസയിലും ബൈബിളിലുമുള്ള വിശ്വാസം അവരെ നന്നായി സ്വാധീനിച്ചിരുന്നു. കത്തോലിക്കൻ വിശ്വാസത്തിൽ വളർന്നുവന്ന അവർക്ക് അതുൾകൊള്ളാനും കഴിയുമായിരുന്നു. ഇസ്‌ലാം ഒരു വിശ്വാസമാണ്. അത് സ്വീകരിച്ചതോടെ അവർ തേടിയിരുന്നതെന്താണോ അതവർക്ക് കിട്ടി. അവരെ അറിയുന്നവർക്കെല്ലാം അറിയാം, അവർ കൊതിച്ചിരുന്നത് ശാന്തിയായിരുന്നുവെന്ന്.

ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അവർ നടത്തിയ അഭിമുഖങ്ങളിലും പാടിയ ഗാനങ്ങളിലും അത് നിഴലിച്ചിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട് ഞങ്ങളേറെ ചർച്ചകൾ നടത്തിയിരുന്നു. ഒരിക്കൽ അവരെന്നോട് ചോദിച്ചു: “സംഗീതവുമായി ബന്ധപ്പെട്ട് ഞാൻ പല കഥകളും കേൾക്കുന്നുണ്ട്. ചിലർ പറയുന്നു അത് പാടില്ലെന്ന്. ഖുർആൻ ഇതിലെന്ത് പറയുന്നു? പ്രമാണങ്ങളിലുള്ളതെന്താണ്?” അന്ന് ഞാനതവർക്ക് വിശദീകരിച്ചു കൊടുത്തു: നോക്ക്, നിന്റെയീ ശബ്ദമുണ്ടല്ലോ. അത് റബ്ബ് നിനക്ക് കനിഞ്ഞേകിയ കഴിവാണ്. ഈ കഴിവുകൊണ്ടാണ് നീ ജനങ്ങളുമായി സംവദിക്കുന്നത്. ഒരുപക്ഷേ, ആ താളാത്മകതയിൽ അത് പറഞ്ഞില്ലെങ്കിൽ ജനങ്ങളത് കേട്ടെന്ന് വരില്ല.”

ഡെട്രോയ്: “ഇത് ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ കൊതിച്ച ഒരു കാര്യത്തിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. 2018-ൽ അവർ ഇസ്‌ലാം സ്വീകരിച്ചതിന് പിന്നാലെയാണത് നടന്നത്. അവർ ഒരു പള്ളിയിൽ ബാങ്ക് വിളിക്കുകയായിരുന്നു.

(ആർക്കെയ്‌വ്സിലുള്ള ഒരു ശബ്ദരേഖ)

സിനിയഡ് ഓ കോണർ: (ഈണത്തിൽ ബാങ്ക് കൊടുക്കുന്നു.) “അല്ലാഹു അക്ബർ… അല്ലാഹു അക്ബർ”

ഡെട്രോയ്: “നിങ്ങളും ആ ബാങ്കിന് സാക്ഷിയായിരുന്നല്ലോ. അവരെ സംബന്ധിച്ചിടത്തോളം ആ ബാങ്ക് അവർക്കെന്തായിരുന്നു?”

ശൈഖ് ഉമർ ഖാദിരി: “അതവർക്കെല്ലാമായിരുന്നു. ഇസ്‌ലാമിക് സെന്ററിൽ വെച്ച് തനിക്ക് ബാങ്ക് കൊടുക്കാനാകുമോ എന്ന് അവരെന്നോട് ചോദിച്ചിരുന്നു. ബാങ്ക് സാധാരണ പുരുഷന്മാരാണ് കൊടുക്കാറുള്ളതെന്ന് അവർക്കറിയാം. എന്നാൽ, അവർക്ക് ആ ബാങ്ക് എന്തായിരുന്നുവെന്ന് നന്നായി ധാരണയുള്ളതുകൊണ്ട് ഞാൻ പറഞ്ഞു: “ഞാനെന്തിന് നിങ്ങളെ തടയണം?”

അന്ന് ശുഹദ ബാങ്ക് കൊടുത്തു. അത് കേട്ടിരുന്നവരെല്ലാം വികാരഭരിതരായി. അത്രയും ഹൃദ്യമായിരുന്നുവത്.”

ഡെട്രോയ്: “ആ ബാങ്കൊലി ഇപ്പോഴെനിക്കും കേൾക്കാനാകുന്നുണ്ട്. താങ്കളെ സംബന്ധിച്ചിടത്തോളം ഈ ഓർമകളെല്ലാം ഹൃദയഭേദകമാണെറിയാം.

ശൈഖ് ഉമർ ഖാദിരി: “അതെ, തീർച്ചയായും. എന്നാൽ അവർ അനുഗ്രഹീതയായൊരു വ്യക്തിയാണെന്ന് എനിക്കറിയാം. തനിക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി അവരെന്നും ശബ്ദിച്ചിരുന്നു. സമത്വം അവർക്ക് പ്രധാനമായിരുന്നു. മനുഷ്യത്വം അവർക്ക് പ്രധാനമായിരുന്നു. കലയിലൂടെയും സംഗീതത്തിലൂടെ അവർ ജീവിതമുടനീളം കാഴ്ചവെച്ചതും അതുതന്നെ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അയർലണ്ടിലുള്ള എന്റെ ഒരു സുഹൃത്താണ് അവരുടെ വിയോഗവാർത്ത എന്നെ അറിയിച്ചത്. ഞാൻ ശരിക്കും സ്തംഭിച്ചു പോയിരുന്നു.

ഡെട്രോയ്: “താങ്കളോട് ഒരു കാര്യത്തെ കുറിച്ച് ചോദിക്കണമെന്നുണ്ട്. സിനിയഡ് ഓ കോണറിന്റെ മരണത്തെ ചൊല്ലി ഒരുപാട് വർത്തമാനങ്ങൾ ഇന്ന്‌ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ, അടുത്തുണ്ടായ അവരുടെ ഇസ്‌ലാം സ്വീകരണത്തെ പറ്റി പലരും വിരളമായി മാത്രമേ പ്രതിപാദിക്കുന്നു പോലുമുള്ളൂ. ഏതെങ്കിലും അർത്ഥത്തിൽ താങ്കളെ അതലട്ടുന്നുണ്ടോ?

ശൈഖ് ഉമർ ഖാദിരി: “സത്യസന്ധമായി പറഞ്ഞാൽ, ഉണ്ട്. ആളുകൾ അവർക്കിഷ്ടമുള്ള സർവനാമങ്ങളിൽ അറിയപ്പെടാനാഗ്രഹിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവർക്കിഷ്ടമുള്ള കോലത്തിൽ നമ്മളവരെ അഭിസംബോധനം ചെയ്യുന്നുണ്ട് താനും. എന്നാൽ, സഹോദരി ശുഹദാ സിനിയഡിന്റെ കാര്യത്തിലേക്ക് വരുമ്പോൾ മാത്രമാണ് കാര്യങ്ങൾ മാറുന്നത്. അവരുടെ സ്വത്വം ഇസ്‌ലാമാണ്. അവർ തന്റെ പേരും മാറ്റി. ഇനിയാർക്കെങ്കിലും അവരെ ആദരിക്കണമെങ്കിൽ അവർ പൂർണമായി ആദരിക്കട്ടെ. ശുഹദാ സിനിയഡ് ആർജവമുള്ള ഒരു ഐറിഷ് വനിതയായിരുന്നതോടൊപ്പം ഒരു മുസ്‌ലിമും കൂടിയായിരുന്നു. അവരെ അംഗീകരിക്കുന്നവർ അതുകൂടെ അംഗീകരിക്കണം.

ഡെട്രോയ്: “ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും അറിയുകയും ചെയ്ത പ്രാരംഭ ഘട്ടത്തിൽ തന്റെ വിശ്വാസത്തെ അവർ സ്വകാര്യമായി വെച്ചത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ, ഇസ്‌ലാം സ്വീകരിക്കുന്നതോടെ അവർ അതിനെപറ്റി തുറന്നു സംസാരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. എനിക്കറിയാൻ താൽപര്യമുള്ളതിതാണ്. അവരുടെ ഇസ്‌ലാം ആശ്ലേഷണത്തെ അയർലണ്ടിലെ മുസ്‌ലിം കമ്മ്യൂണിറ്റി എങ്ങനെയാണ് നോക്കിക്കണ്ടത്?”

ശൈഖ് ഉമർ ഖാദിരി: “അയർലണ്ടിന് അകത്തും പുറത്തുമുള്ള മുസ്‌ലിം ഉമ്മത്ത് ആഹ്ലാദഭരിതരായിരുന്നു. കാരണം, ലോകത്തിന്റെ നാനാഭാഗത്തുള്ള മുസ്‌ലിംകൾക്ക് ഇഷ്ടമുള്ള ഒരു കലാകാരിയായിരുന്നു അവർ. അവരുടെ സംഗീതത്തിന് അസാമാന്യമായ സ്വാധീനശക്തിയുണ്ടായിരുന്നു. ഇപ്പോൾ അവർ നമ്മെ വിട്ടുപിരിഞ്ഞ ഈ നിമിഷം ജനങ്ങൾ വേദനയിലാണ്. കാരണം, അവർക്ക് നഷ്ടമായത് അവരുടെ ഐകണിനെയാണ്. സഹോദരിയെയാണ്.”

ഡെട്രോയ്: “നന്ദി, ശൈഖ് ഉമർ ഖാദിരി. പരിപാടിയിൽ സംവദിച്ചതിന്.”

ശൈഖ് ഉമർ ഖാദിരി: “വളരെയധികം നന്ദി.”

വിവർത്തനം : സഈദ് ഹാഫിസ്

സ്കോട്ട് ഡെട്രോയ് , ശൈഖ് ഉമർ ഖാദിരി